This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ജുന്‍ദേവ്, ഗുരു (1563 - 1606)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അര്‍ജുന്‍ദേവ്, ഗുരു (1563 - 1606)= അഞ്ചാമത്തെ സിക്കുഗുരു; സിക്കുഗുരു...)
അടുത്ത വ്യത്യാസം →

08:05, 3 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അര്‍ജുന്‍ദേവ്, ഗുരു (1563 - 1606)

അഞ്ചാമത്തെ സിക്കുഗുരു; സിക്കുഗുരുവായ രാമദാസിന്റെ (1534-81) യും ബീബിഭാനിയുടെയും ഇളയ പുത്രനായി 1563-ല്‍ ജനിച്ചു. രാമദാസിന്റെ കാലം മുതലാണ് ഗുരുസ്ഥാനം പരമ്പരാഗതമായത്. ഗുരുവായി പ്രഖ്യാപിച്ച ഉടനെ അര്‍ജുന്റെ മൂത്തസഹോദരനായ പ്രീതിചന്ദ് ഇദ്ദേഹത്തിന്റെ എതിരാളിയായി മാറി. ബുദ്ധഭായി, ഗുരുദാസ് എന്നിവരുടെ സഹായത്തോടെ സിക്കുമതത്തിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ അര്‍ജുന് കഴിഞ്ഞു.

കാക്ക്റാംദാസില്‍ ഒരു ക്ഷേത്രം നിര്‍മിക്കുന്നതിലായിരുന്നു ആദ്യമായി അര്‍ജുന്റെ ശ്രദ്ധ പതിഞ്ഞത്. ഈ ദേവാലയമായ 'ഹരിമന്ദിര'ത്തിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചത് മുസ്ലിം വിശുദ്ധനായ ലാഹോറിലെ മിയാന്‍മീര്‍ ആയിരുന്നു. ഹിന്ദുക്ഷേത്ര നിര്‍മിതിക്ക് വിരുദ്ധമായി സമനിരപ്പില്‍നിന്ന്, താഴെയായിട്ടാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഈ മന്ദിരത്തിനു നാലു ഭാഗത്തും പ്രവേശനകവാടങ്ങളും പണിചെയ്യിച്ചു. ഇങ്ങനെ ക്ഷേത്രം നിര്‍മിക്കാന്‍ വേണ്ട തുക പിരിച്ചെടുത്തത്, ഓരോ സിക്കുകാരന്റെയും വരവിന്റെ പത്തിലൊരംശം (ദശ്വന്ത്) സംഭാവന ചെയ്യണം എന്ന വ്യവസ്ഥ അടിസ്ഥാനമാക്കി ആയിരുന്നു. ക്ഷേത്രവും അതിന് ഒരു കുളവും നിര്‍മിച്ചതോടുകൂടി ക്ഷേത്രത്തിന്റെ പേര് അമൃതസരസ്സ് എന്നാക്കി മാറ്റി. തുടര്‍ന്ന് ഗുരു പഞ്ചാബിലുടനീളം സഞ്ചരിച്ചു. അമൃതസരസ്സിന് 17 കി.മീ. തെക്കായി 1590-ല്‍ പുതിയൊരു കുളം-തരന്‍താരന്‍-ഗുരു സ്ഥാപിച്ചു. തരന്‍താരന്‍ എന്നാല്‍ 'മോക്ഷസരസ്സ്' എന്നാണര്‍ഥം. അധികം താമസിയാതെ ഇവിടത്തെ ജലത്തിനു രോഗനിവാരണശക്തിയുണ്ട് (പ്രത്യേകിച്ചു കുഷ്ഠരോഗം മാറ്റാന്‍) എന്ന വിശ്വാസം ദൃഢമായതിനാല്‍ അതുമൊരു തീര്‍ഥാടനകേന്ദ്രമായി മാറി. പിന്നീട് അര്‍ജുന്‍ഗുരു ജലന്ധര്‍ ദോആബ്തീരത്ത് ഒരു നഗരം-കര്‍താര്‍പൂര്‍-സ്ഥാപിച്ചു. തുടര്‍ന്ന് ഗുരു ബിയാസ് നദീതീരത്തെത്തി. അവിടെ തന്റെ പുത്രനായ ഹര്‍ഗോബിന്ദിന്റെ സ്മാരകമായി, ശ്രീഹര്‍ഗോബിന്ദ്പൂര്‍ എന്ന നഗരവും സ്ഥാപിച്ചു. 1595-ല്‍ ഗുരു അമൃതസരസ്സില്‍ തിരിച്ചെത്തി. ഈ കാലത്ത് വിശുദ്ധവാക്യങ്ങളുടെ ഒരു സമാഹാരം ഇദ്ദേഹം തയ്യാറാക്കി. ഈ സമാഹാരത്തില്‍ ഇസ്ലാംമതത്തെ പ്രകീര്‍ത്തിക്കുന്ന ചില ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അത് ഗുരു അക്ബര്‍ചക്രവര്‍ത്തിക്ക് അയച്ചുകൊടുത്തു. ഇതില്‍ സന്തുഷ്ടനായ അക്ബര്‍ ഉത്തരേന്ത്യയില്‍നിന്നും തിരിച്ചു വരുംവഴി (1598 ന. 24) അര്‍ജുന്‍ ഗുരുവിനെ സന്ദര്‍ശിച്ച്, 51 സ്വര്‍ണ മൊഹറുകളും ഒരു പൊന്നാടയും സമ്മാനിച്ചു. 1604 ആഗ.-ല്‍ ഈ സമാഹാരം പൂര്‍ത്തിയാക്കി അമൃതസരസ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഗ്രന്ഥസാഹിബ് വായിക്കാന്‍ പ്രത്യേകിച്ചൊരു വായനക്കാരന്‍ (ഗ്രന്ഥി) നിയമിതനായി. ബുദ്ധഭായിയായിരുന്നു ആദ്യത്തെ ഗ്രന്ഥി. ഗുരുനാനാക്കിന്റെ ആശയങ്ങള്‍ പ്രതിഫലിച്ചിരുന്ന ഈ കൃതിയെ അക്ബര്‍ ചക്രവര്‍ത്തിയും ആദരിച്ചു. സിക്കുക്ഷേത്രങ്ങളുടെ പ്രശസ്തി ഇക്കാലം മുതല്‍ ഉയരാന്‍ തുടങ്ങി. ദേശീയ പ്രാമാണ്യം കിട്ടിയ ഗുരുവിനെ 'സകാപാദ്ഷാ' (യഥാര്‍ഥ ചക്രവര്‍ത്തി) എന്നു സംബോധന ചെയ്യാന്‍ തുടങ്ങി.

ജഹാംഗീറിന്റെ പുത്രനായ ഖുസ്രു പിതാവുമായി കലഹിച്ച് അര്‍ജുന്‍ഗുരുവിനെ അഭയം പ്രാപിച്ചു. ഗുരു ഖുസ്രുവിനെ ഹാര്‍ദമായി സ്വീകരിച്ചു. ഖുസ്രുവിന്റെ നേതൃത്വത്തില്‍ നടന്ന ലഹള അമര്‍ച്ച ചെയ്തശേഷം, ജഹാംഗീര്‍, സ്വപുത്രന്റെ അനുയായികളെയെല്ലാം കഠിനമായി ശിക്ഷിച്ചു. ഖുസ്രുവിന് അഭയം നല്‍കിയ അര്‍ജുന്‍ഗുരുവിന് രണ്ടുലക്ഷം രൂപ പിഴയിട്ടു. അതു നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ അദ്ദേഹത്തെ തടവുകാരനാക്കി ലാഹോറിലേക്കു കൊണ്ടുപോയി. അവിടെ ശാരീരികപീഡനങ്ങളേറ്റ ഗുരു, അന്തരിക്കുന്നതിനു മുന്‍പ് 11 വയസ്സായ തന്റെ പുത്രന്‍ ഹര്‍ഗേന്‍പ്ബിന്ദിനെ (1595-1645) ഗുരുവായി നിര്‍ദേശിച്ചു.

1606 മേയ് 30-ന് അര്‍ജുന്‍ഗുരു നിര്യാതനായി. ഇദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ശവശരീരം രവിനദിയില്‍ നിക്ഷേപിച്ചു. ഇദ്ദേഹം അന്ത്യശ്വാസം വലിച്ചസ്ഥലത്ത് (ലാഹോര്‍) ഒരു ശവകുടീരം പണികഴിപ്പിക്കപ്പെട്ടു. നല്ലൊരു കവികൂടിയായിരുന്ന അര്‍ജുന്‍ഗുരുവിന്റെ കൃതിയാണ് സുഖ്മണി (ശാന്തിഗീതം). ഉദ്ധാരണാര്‍ഹമായ പഞ്ചാബി കവിതകളില്‍ ഈ കൃതിയിലെ കവിതകളും ഉള്‍പ്പെടുന്നു. അര്‍ജുന്റെ മരണം പഞ്ചാബ് ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. ഗുരുഅര്‍ജുന്റെ രക്തസാക്ഷിത്വം പഞ്ചാബിദേശീയതയുടെയും സിക്കുമതത്തിന്റെയും വിത്തായിത്തീര്‍ന്നുവെന്നു ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നോ: പഞ്ചാബ്-ചരിത്രം; സിക്കുഗുരുക്കന്മാര്‍; സിക്കുമതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍