This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരണമരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: =അരണമരം= Polyalthia അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹ...)
അടുത്ത വ്യത്യാസം →
09:32, 1 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അരണമരം
Polyalthia
അനോനേസീ (Annonaceae) സസ്യകുടുംബത്തില്‍പ്പെടുന്ന നിത്യഹരിതവൃക്ഷം. ശാ.നാ.: പോളിയാല്‍ത്തിയ ലോന്‍ജിഫോളിയ (Polyalthia longifolia). ഇതിന്റെ ജന്മദേശം ശ്രീലങ്കയാണ്. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും അരണമരം കാണപ്പെടുന്നു.
വളരെയധികം ഉയരത്തില്‍ വളരുന്ന അരണമരത്തിന്റെ തടിക്ക് അധികം വണ്ണം വയ്ക്കാറില്ല. ഇലകള്‍ക്ക് 7.5-22.5 സെ.മീ. നീളവും 2-3.75 സെ.മീ. വീതിയും ഉണ്ടായിരിക്കും. കുന്താകാരത്തിലുള്ള ഇലകള്‍ തിളക്കമുള്ളതും അരികുകള്‍ തരംഗിതവുമായിരിക്കും. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവാണ് പുഷ്പകാലം. പുഷ്പങ്ങള്‍ വളരെ ചെറുതാണ്. നക്ഷത്രാകൃതിയിലുള്ള പുഷ്പങ്ങള്‍ക്ക് വിളറിയ പച്ചനിറമായിരിക്കും. പുഷ്പവൃന്തം 2.5 സെ.മീറ്ററിലധികം നീളമുള്ളതാണ്. മൂന്നു ചെറിയ ബാഹ്യദളങ്ങളും അസമങ്ങളായ ആറു ദളങ്ങളും മുപ്പതിലധികം കേസരങ്ങളുമുണ്ടായിരിക്കും. ഒരു ഞെട്ടില്‍ കൂട്ടമായിട്ടാണ് അണ്ഡാകാരത്തിലുള്ള കായ്കളുണ്ടാകുന്നത്. 1.75 സെ.മീറ്ററോളം നീളമുള്ള കായ്കളുടെ രണ്ടഗ്രങ്ങളും ഉരുണ്ടതും മിനുസമുള്ളതുമാണ്. പഴുത്ത കായ്കള്‍ക്ക് കറുപ്പു നിറമാണ്. വിത്തിന് ജീവനക്ഷമത കുറവായതിനാല്‍ കായ് പഴുത്തു പാകമായാലുടനെ വിത്തു പാകുന്നു.
തണല്‍ വൃക്ഷമായും അലങ്കാര വൃക്ഷമായും നട്ടുവളര്‍ത്തുന്ന അരണമരത്തിന്റെ തടിക്ക് മഞ്ഞ കലര്‍ന്ന വെള്ളനിറമാണ്. തടി കനവും ഈടും കുറഞ്ഞതാണ്. 'ഡ്രം' സിലിണ്ടര്‍, പെന്‍സില്‍, പെട്ടി, തീപ്പെട്ടി മുതലായവയുണ്ടാക്കാനുപയോഗിക്കുന്നു.
(ഡോ. പി.എന്‍. നായര്‍; മറിയാമ്മ മാത്യു; സ.പ.)