This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലപ്പുഴ സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അമ്പലപ്പുഴ സഹോദരന്മാര്‍= നാഗസ്വരകലയില്‍ കേരളത്തിന്റെ പ്രാ...)
അടുത്ത വ്യത്യാസം →

08:23, 1 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പലപ്പുഴ സഹോദരന്മാര്‍

നാഗസ്വരകലയില്‍ കേരളത്തിന്റെ പ്രാവീണ്യം പ്രകടമാക്കിയ കലാകാരന്മാര്‍. തെക്കേ ഇന്ത്യയിലെ മികച്ച നാഗസ്വര കലാകാരന്മാരുടെ കൂട്ടത്തില്‍ അപ്രധാനമല്ലാത്ത സ്ഥാനമാണ് ഇവര്‍ക്കുള്ളത്.

ശങ്കരനാരായണപ്പണിക്കര്‍, ഗോപാലകൃഷ്ണപ്പണിക്കര്‍, രാമകൃഷ്ണപ്പണിക്കര്‍ എന്നിവരാണ് ഈ സഹോദരന്മാര്‍. അമ്പലപ്പുഴ സഹോദരന്മാര്‍ എന്ന പേരില്‍ ആദ്യം അറിയപ്പെട്ടിരുന്നതു ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരുമാണ്. എന്നാല്‍ ശങ്കരനാരായണപ്പണിക്കരുടെ നിര്യാണാനന്തരം (1967 ഡി. 5) ഗോപാലകൃഷ്ണപ്പണിക്കരും രാമകൃഷ്ണപ്പണിക്കരുമാണ് ഈ പേരില്‍ അറിയപ്പെട്ടത്.

പ്രസിദ്ധ നാഗസ്വരവിദ്വാനായിരുന്ന വൈക്കം കുട്ടപ്പപ്പണിക്കരും ക്ളാസ്സിക്കല്‍ സംഗീതത്തില്‍ നല്ല ജ്ഞാനമുണ്ടായിരുന്ന തോട്ടയ്ക്കാട്ടു കുട്ടിയമ്മയുമാണ് ഇവരുടെ അച്ഛനമ്മമാര്‍. 1911 ജനു. 9-ന് ശങ്കരനാരായണപ്പണിക്കരും 1914 ന. 11-ന് ഗോപാലകൃഷ്ണപ്പണിക്കരും 1917 മാ.-ല്‍ രാമകൃഷ്ണപ്പണിക്കരും ജനിച്ചു. ശങ്കരനാരായണപ്പണിക്കര്‍ വര്‍ക്കല ശങ്കുപ്പണിക്കരുടെ കീഴില്‍ നാഗസ്വരം പഠിക്കാന്‍ തുടങ്ങി. അതിനുശേഷം മാന്നാര്‍ രാമപ്പണിക്കരുടെ അടുത്തും ചിദംബരം വൈദ്യനാഥന്റെ അടുത്തും അഭ്യസനം നടത്തി. ഒരു വര്‍ഷത്തോളം വൈദ്യനാഥന്റെ കീഴില്‍ പഠിച്ചതിനുശേഷം തിരുവിടമരുതൂര്‍ വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. ഈ സമയം ഗോപാലകൃഷ്ണപ്പണിക്കര്‍ മാന്നാര്‍ രാമപ്പണിക്കരുടെ അടുത്തുനിന്നു വേണ്ട പരിശീലനം നേടിക്കഴിഞ്ഞിരുന്നു. അനന്തരം അദ്ദേഹവും വീരസ്വാമിപ്പിള്ളയുടെ ശിഷ്യത്വം സ്വീകരിച്ചു. വീരസ്വാമിപ്പിള്ളയുടെ അടുത്തു താമസിക്കുന്ന കാലത്തുതന്നെ ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരും അമ്പലപ്പുഴ സഹോദരന്‍മാരെന്നനിലയില്‍ അറിയപ്പെട്ടുതുടങ്ങി.

1946-ല്‍ മുംബൈയില്‍ നടന്ന അഖിലേന്ത്യാ സംഗീത സമ്മേളനം ഈ സഹോദരന്മാര്‍ക്കു പാരിതോഷികങ്ങളും കീര്‍ത്തിമുദ്രയും നല്കി. 1963-ല്‍ കേരള സംഗീതനാടക അക്കാദമിയുടെ സംഗീതത്തിനുള്ള അവാര്‍ഡ് ശങ്കരനാരായണപ്പണിക്കര്‍ക്കും ഗോപാലകൃഷ്ണപ്പണിക്കര്‍ക്കും ലഭിച്ചു. അതേ വര്‍ഷംതന്നെ നൃത്തത്തിനുള്ള അവാര്‍ഡ് രാമകൃഷ്ണപ്പണിക്കര്‍ക്കും നല്കപ്പെട്ടു. തിരുവിതാംകൂര്‍ മഹാരാജാവില്‍നിന്നും ഒട്ടേറെ പാരിതോഷികങ്ങളും രാമനാഥപുരം രാജാവില്‍നിന്നും പൊന്നാടയും കീര്‍ത്തിമുദ്രയും ഇവര്‍ നേടി. ചെന്നൈയില്‍വച്ച് 'കീര്‍ത്തനാലങ്കാര നാഗസ്വരഭൂഷണം' എന്ന ബഹുമതി ശങ്കരനാരായണപ്പണിക്കര്‍ക്കു നല്കപ്പെട്ടു. ഇദ്ദേഹം കേരള സംഗീതനാടക അക്കാദമിയുടെ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്.

രാമകൃഷ്ണപ്പണിക്കര്‍ നൃത്തം, സംഗീതം, കഥകളി, പുല്ലാങ്കുഴല്‍, വാദ്യമേളങ്ങള്‍ തുടങ്ങി മിക്ക കലകളിലും പ്രാവീണ്യംനേടിയിട്ടുണ്ട്. ചെമ്പകശ്ശേരി നടനകലാമണ്ഡലം, നാട്യകലാനിലയം തുടങ്ങിയ നൃത്തകലാസങ്കേതങ്ങളുടെ സ്ഥാപകന്‍ രാമകൃഷ്ണപ്പണിക്കരാണ്. രാമുണ്ണി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഗോപാലകൃഷ്ണപ്പണിക്കര്‍ 1976 ന. 28-നും രാമകൃഷ്ണപ്പണിക്കര്‍ 1980 ജൂല. 5-നും നിര്യാതരായി.

(അമ്പലപ്പുഴ ഗോപകുമാര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍