This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അരക്ക്= Laxquer ലാക്കിഫര്‍ ലാക്ക (Laccifer Lacca) എന്ന ഷഡ്പദം വിസ്രവിപ്പിക...)
അടുത്ത വ്യത്യാസം →

08:48, 23 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അരക്ക്

Laxquer

ലാക്കിഫര്‍ ലാക്ക (Laccifer Lacca) എന്ന ഷഡ്പദം വിസ്രവിപ്പിക്കുന്ന കുഴമ്പുപോലെയുള്ള ഒരു പദാര്‍ഥം ഉറഞ്ഞുണ്ടാകുന്ന വസ്തു. ചിലയിനം വൃക്ഷങ്ങളില്‍ ഇത്തരം ലക്ഷക്കണക്കിനു പ്രാണികള്‍ വന്നു പറ്റിക്കൂടുന്നു. അവിടെയിരുന്ന് വദനസൂചി ഉപയോഗിച്ച് ആതിഥേയവൃക്ഷത്തിന്റെ നീരൂറ്റിക്കുടിച്ചാണ് ഇവ വളരുന്നത്.

അരക്കുപ്രാണികള്‍ക്ക് ആതിഥേയരായ 90-ല്‍പ്പരം വര്‍ഗത്തില്‍പ്പെട്ട വൃക്ഷങ്ങളുണ്ടെങ്കിലും ഇവയില്‍ പ്രധാനം പൂവം, ഇലന്ത, പ്ലാശ് എന്നിവയാണ്. സംസ്കൃതത്തില്‍ ലക്ഷം പ്രാണികളെ പോറ്റുന്ന വൃക്ഷം എന്ന അര്‍ഥത്തില്‍ പ്ലാശിന്നു 'ലക്ഷതരു' എന്നു പേരുണ്ട്. അതില്‍നിന്നാണത്രെ അരക്കിന് 'ലാക്ഷ' എന്നു പേരു ലഭിച്ചത്. ഇംഗ്ലീഷിലെ 'ലാക്' എന്ന പദം സംസ്കൃതത്തിലെ ലക്ഷം എന്ന പദത്തിന്റെ തദ്ഭവമാണ്.

അരക്കുപ്രാണികള്‍ സ്രവിപ്പിക്കുന്ന പദാര്‍ഥം അവയുടെ പുറത്തും മരക്കൊമ്പുകളിലും പറ്റിപ്പിടിച്ചിരിക്കും. പെണ്‍വര്‍ഗത്തില്‍പ്പെട്ടവയാണ് അരക്ക് ഉത്പാദിപ്പിക്കുന്നത്. 6 മി.മീ. മുതല്‍ 12 മി.മീ. വരെ കനത്തില്‍ അരക്കുകൊണ്ട് ഇവയുടെ ദേഹം മൂടിയിരിക്കും. അരക്ക് ഉത്പാദിപ്പിച്ചശേഷം ഇവ മരണമടയുന്നു. ഈ കോലരക്ക് ശേഖരിച്ച് ചൂടുള്ള വെള്ളത്തിലോ സോഡിയം കാര്‍ബണേറ്റ് ലായനിയിലോ ഇട്ട് കുതിര്‍ക്കുമ്പോള്‍ ചുവന്ന അരക്കുചായം വേര്‍തിരിയുന്നു. ഈ മിശ്രിതത്തില്‍നിന്നും കമ്പുകളും മറ്റു മാലിന്യങ്ങളും നീക്കംചെയ്തശേഷം ചായം ഊറ്റി എടുക്കുന്നു. അവശേഷിക്കുന്ന തരിരൂപത്തിലുള്ള അരക്ക്(seed lac) തുണികൊണ്ട് പ്രത്യേകം നിര്‍മിച്ചെടുത്ത സഞ്ചികളിലിട്ട് തീക്കനലിനു മുകളില്‍ പിടിച്ച് ഉരുക്കിയാണ് ശുദ്ധമായ അരക്ക് (shell lac) ഉണ്ടാക്കുന്നത്. ഇത് ഉരുക്കി ചെറിയ ചെറിയ തകിടുകളായോ (അവലരക്ക്), ഉരുണ്ട ആകൃതിയിലോ (ബട്ടണ്‍ അരക്ക്), ഷീറ്റുപോലെയോ തയ്യാറാക്കുന്നു. കടുംചുവപ്പ്, കറുപ്പ്, ഓറഞ്ച് എന്നീ വര്‍ണങ്ങളില്‍ കിട്ടുന്ന ഈ ശുദ്ധമായ അരക്ക് ശ്വേതീകരിക്കാവുന്നതാണ്. ഓറഞ്ചുനിറത്തില്‍ ലഭിക്കുന്നതാണ് ഏറ്റവും വിലപിടിച്ച ഇനം.

പോളി ഹൈഡ്രോക്സി കാര്‍ബോക്സിലിക് ആസിഡുകളുടെ എസ്റ്ററുകള്‍, അലേയമായ മഞ്ഞച്ചായം, വെള്ളത്തില്‍ ലയിക്കുന്ന ചുവന്ന ചായം എന്നിവയുടെ ഒരു മിശ്രിതമാണ് അരക്ക്. രാസപരമായി അരക്കുചായം ലാക്കേയ്ക് ആസിഡ് (Laccaic Acid) എന്ന് അറിയപ്പെടുന്നു. ഫോര്‍മുല C2OH14O11. കോക്കിനീല്‍ എന്ന പ്രാണി ഉത്പാദിപ്പിക്കുന്ന ചായത്തിനോട് ചുവന്ന അരക്കുചായത്തിന് ഘടനാസാദൃശ്യം ഉണ്ട്.

അരക്ക് പ്രധാനമായും (90 ശതമാനത്തോളം) ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 2/3 ഭാഗം ബിഹാര്‍, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഒറീസാ എന്നിവിടങ്ങളില്‍നിന്നു ലഭിക്കുന്നു. ചുരുങ്ങിയ തോതില്‍ കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍ നിന്നും ഇതു ലഭിക്കുന്നുണ്ട്. അരക്ക് ഉത്പാദിപ്പിക്കുന്നതിനു പ്രധാനമായി കുസുമി (പൂവം, പൂവണം എന്ന വൃക്ഷത്തില്‍ വളരുന്നത്), രംഗിണി (പ്ലാശ്, ഇലന്ത എന്നീ മരങ്ങളില്‍ വളരുന്നത്) എന്നീ രണ്ടിനം അരക്കു പ്രാണികളെയാണു വളര്‍ത്തിവരുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇവ ഓരോന്നും കൃഷി ചെയ്യാം. കൃഷിയിറക്കുകയും ആദായം എടുക്കുകയും ചെയ്യുന്ന മാസങ്ങള്‍ക്കനുസരിച്ച് കുസുമിയുടെ കൃഷിക്ക് ജേത്വി, അഘാനി എന്നും രംഗിണിയുടെ കൃഷിക്ക് വൈശാഖി, കാട്കി എന്നും പേരുണ്ട്. ജേത്വി ജനു.-ഫെ.-ല്‍ ആരംഭിച്ച് ജൂണ്‍-ജൂല.-ല്‍ വിളവെടുക്കുന്നു. അഘാനി ജൂണ്‍-ജൂല.-ല്‍ ആരംഭിച്ച് ജനു.-ഫെ.-ല്‍ വിളവെടുക്കുന്നു. വൈശാഖിയുടെ കൃഷിയിറക്കല്‍ ഒ.-ന.-ല്‍ തുടങ്ങുന്നു; വിളവെടുപ്പ് ജൂണ്‍-ജൂല.-യിലും, കാട്കിയുടെ കൃഷി ജൂണ്‍-ജൂല.-ല്‍ തുടങ്ങുന്നു. വിളവെടുപ്പ് ഒ.-ന.-ല്‍ ആണ്. ജൂണ്‍-ന. മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്കു വിളയുന്നത്.

ഉപയോഗം. പെണ്‍വര്‍ഗത്തില്‍പ്പെട്ട അരക്കുപ്രാണികളെ ഉണക്കി വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ കിട്ടുന്ന മഞ്ഞ കലര്‍ന്ന ചുവപ്പു ചായം കാലടികള്‍ ചുവപ്പിക്കുന്നതിനും തുണിത്തരങ്ങള്‍ക്കു ചായം പിടിപ്പിക്കുന്നതിനും എ.ഡി. 250 മുതലേ ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. 1790-ല്‍ ഇത് ഇംഗ്ലണ്ടില്‍ ഇറക്കുമതി ചെയ്തിരുന്നു. തടി, ലോഹം മുതലായവയ്ക്ക് തിളക്കവും കട്ടിയും വര്‍ധിപ്പിക്കുന്നതിന് പൗരാണികകാലംമുതലേ അരക്ക് ഉപയോഗപ്പെടുത്തിയിരുന്നു. 17-ഉം 18-ഉം ശ.-ങ്ങളില്‍ കിഴക്കന്‍ യൂറോപ്പിലും ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും അരക്കു പിടിപ്പിച്ച ഉപകരണങ്ങള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്നു. അരക്കുറസിനില്‍ വര്‍ണങ്ങള്‍ കലര്‍ത്തി മുദ്രയരക്കുമാതിരിയാണ് ഇന്ത്യയില്‍ ഇതു നിര്‍മിച്ചിരുന്നത്. ഏതെങ്കിലും ഒരു പ്രതലത്തില്‍ പതിപ്പിച്ച് പോളിഷ് ചെയ്യുമ്പോള്‍ ഇതിനു നല്ല തിളക്കവും പകിട്ടും കിട്ടും. അനിലിന്‍ ചായങ്ങളുടെ കണ്ടുപിടിത്തം അരക്കുചായങ്ങളുടെ പ്രാധാന്യം കുറയാനിടയാക്കി. എന്നാല്‍ വിലപിടിച്ച പലതരം വാര്‍ണീഷുകളുടെയും പോളീഷുകളുടെയും അടിസ്ഥാനവസ്തു അരക്കാണ്. തറയും ചില ഗാര്‍ഹിക ഉപകരണങ്ങളും പോളിഷ് ചെയ്യുന്നതിനുള്ള വാര്‍ണീഷായി ഉപയോഗിക്കുന്നതു കോലരക്കിന്റെ ആല്‍ക്കഹോള്‍ ലായനിയാണ്. കൂടാതെ മുദ്രയരക്ക്, തലമുടിക്കു കട്ടി നല്കുന്ന ചില വസ്തുക്കള്‍, ഇലക്ട്രിക് ഉപകരണങ്ങളുടെ പിടികള്‍, മൂടികള്‍, ഗ്രാമഫോണ്‍ റെക്കാര്‍ഡുകള്‍, അച്ചടിമഷി മുതലായവ നിര്‍മിക്കുന്നതിനും തോട, കാപ്പ് മുതലായ ആഭരണങ്ങളില്‍ നിറയ്ക്കുന്നതിനും അരക്ക് ഉപയോഗിച്ചുവരുന്നു. ചില ആയുര്‍വേദ ഔഷധങ്ങളിലും എണ്ണകളിലും (ഉദാ. ലാക്ഷാദിതൈലം) ശുദ്ധ അരക്ക് ചേര്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ട്രേ, ഷീല്‍ഡ്, പെട്ടി, കട്ടില്‍ മുതലായ സാധനങ്ങളില്‍ പണ്ടുമുതലേ അരക്കുപണി നടത്തിവന്നിരുന്നു. ഇപ്പോള്‍ പൂപ്പാത്രങ്ങള്‍, വിളക്കുകാലുകള്‍, ഘടികാരം വയ്ക്കുന്നതിനുള്ള ചട്ടങ്ങള്‍, തടികൊണ്ടു നിര്‍മിച്ച കുടക്കാലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലാണ് പ്രധാനമായും അരക്കുപണി നടത്തുന്നത്.

ഇന്ത്യയില്‍ ചെറുകിടവ്യവസായങ്ങളുടെ കൂട്ടത്തില്‍ വളരെ പഴക്കവും പ്രചാരവും അരക്കുപണിക്കുണ്ട്. കേരളത്തിലും ഈ വ്യവസായം വളരെ മുന്‍പുമുതല്‍ക്കേ ഉണ്ടായിരുന്നു. മലബാര്‍ പ്രദേശങ്ങളില്‍ നിര്‍മിച്ചിരുന്ന സാധനങ്ങളായിരുന്നു അരക്കുപണിയില്‍ പ്രസിദ്ധം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍