This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആക് ലന്‍ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =ആക് ലന്‍ഡ്= Auckland ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ തുറമുഖനഗരം. ന്യൂ...)
അടുത്ത വ്യത്യാസം →
05:13, 16 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ആക് ലന്‍ഡ്
Auckland
ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ തുറമുഖനഗരം. ന്യൂസിലന്‍ഡ് ഉത്തരദ്വീപിലെ കടലിലേക്കിറങ്ങിക്കിടക്കുന്ന ചെറിയ മുനമ്പിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഇരുവശങ്ങളിലുമായി വെയ്തിമാതാ, മാനുകാവ് എന്നിങ്ങനെ രണ്ടു തുറമുഖങ്ങളുണ്ട്. ഉത്തരദ്വീപിന്റെ പകുതിയിലധികം ഭാഗം ഉള്‍ക്കൊള്ളുന്ന ആക് ലന്‍ഡ് പ്രവിശ്യയുടെ തലസ്ഥാനവും ഈ നഗരം തന്നെ; വിസ്തീര്‍ണം 246 ച.കി.മീ. ജനസംഖ്യ: 3,77,382 (2001).
സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ നഗരം ആടുവളര്‍ത്തലിനും ഗവ്യോത്പന്നങ്ങള്‍ക്കും പ്രശസ്തിയാര്‍ജിച്ച ഒരു മേഖലയുടെ കവാടമായി സ്ഥിതിചെയ്യുന്നു. ന്യൂസിലന്‍ഡിന്റെ കയറ്റുമതിയില്‍ 1/3 ഭാഗവും ഇറക്കുമതിയുടെ പകുതിയിലധികവും ആക്ലന്‍ഡിലൂടെ നടക്കുന്നു. ആസ്റ്റ്രേലിയയുമായുള്ള വ്യാപാരം മാനുകാവ് തുറമുഖത്തിലൂടെയാണ്. വെയ്തിമാതാ ഒരു നാവികസങ്കേതംകൂടിയാണ്. അന്താരാഷ്ട്രവിമാനത്താവളമായ വീനുപായ് നഗരമധ്യത്തുനിന്നും 35 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. തീരദേശകപ്പല്‍ഗതാഗതത്തിന്റെ ആസ്ഥാനവും ആക് ലന്‍ഡ് ആണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി റോഡ്-റെയില്‍-വ്യോമസമ്പര്‍ക്കം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മോട്ടോര്‍വാഹനങ്ങള്‍, രാസദ്രവ്യങ്ങള്‍, ഭക്ഷ്യപദാര്‍ഥങ്ങള്‍, ഗവ്യസാധനങ്ങള്‍, പഞ്ചസാര, തുകല്‍, തുണിത്തരങ്ങള്‍, പ്ളാസ്റ്റിക്, സിമന്റ് തുടങ്ങിയവയുടെയൊക്കെ നിര്‍മാണം ഇവിടെ വിപുലമായി നടന്നുവരുന്നു.
നഗരത്തിന്റെ ഉള്‍ഭാഗം വിപണികളുടെ കേന്ദ്രമാണ്; ഇതരഭാഗങ്ങള്‍ വലിയ ഉദ്യാനങ്ങളും കാഴ്ചബംഗ്ളാവുകളുമൊക്കെച്ചേര്‍ന്ന് മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവിടത്തെ കാഴ്ചബംഗ്ളാവുകളില്‍ മവോറി സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൈയെഴുത്തു ശേഖരങ്ങള്‍ക്കു വിശ്വപ്രസിദ്ധിയാര്‍ജിച്ച ഒരു ഗ്രന്ഥശാലയും ഈ നഗരത്തിലുണ്ട്. ലോകമെമ്പാടുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും നടത്തുന്ന കലാമേള ഈ നഗരത്തിലെ സവിശേഷതകളിലൊന്നാണ്.
സര്‍ ജോണ്‍ ലോഗന്‍ കാംപ്ബെല്‍ 1840-ല്‍ സ്ഥാപിച്ച ഈ നഗരം 1865 വരെ ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായിരുന്നു. 1959-ല്‍ നിര്‍മിച്ച പുതിയ ആക് ലന്‍ഡ് ഹാര്‍ബര്‍ ബ്രിഡ്ജ് നഗരത്തെ ഉത്തര തീരവുമായി ബന്ധിപ്പിച്ചു. 1998-ല്‍ അരങ്ങേറിയ ആക് ലന്‍ഡ് ഊര്‍ജപ്രതിസന്ധി നഗര ജീവിതത്തെ ഏറെനാള്‍ താറുമാറാക്കി. 2006-ലെ ആക് ലന്‍ഡ് ബ്ലാക്ക് ഔട്ടും അവിടത്തെ വൈദ്യുതി വിതരണത്തിനു വെല്ലുവിളിയായിമാറി. എങ്കിലും വ്യാവസായികമായി വളരെയേറെ മുന്നേറിയ ആക്ലന്‍ഡിലെ ആയിരം പേരില്‍ 578 പേരും സ്വന്തമായി വാഹനമുള്ളവരാണ്. 2006-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ പട്ടണങ്ങളില്‍ 23-ാം സ്ഥാനം ആക്ലന്‍ഡിനാണ്.