This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഷ്ടാവക്രഗീത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അഷ്ടാവക്രഗീത= അഷ്ടാവക്രമഹര്‍ഷിയും ജനകരാജാവും തമ്മില്‍ നടന...)
അടുത്ത വ്യത്യാസം →
06:37, 8 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അഷ്ടാവക്രഗീത
അഷ്ടാവക്രമഹര്‍ഷിയും ജനകരാജാവും തമ്മില്‍ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന ഒരു അദ്വൈതവേദാന്തകൃതി. അനുഷ്ടുപ്പു വൃത്തത്തില്‍ 298 ശ്ളോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (21 അധ്യായങ്ങളെന്നും മതഭേദമുണ്ട്). ഇരുപതില്‍ 13 അധ്യായങ്ങള്‍ അഷ്ടാവക്രന്റെയും ഏഴധ്യായങ്ങള്‍ ജനകന്റെയും വാക്കുകളെന്നാണു സങ്കല്പം. ഈ കൃതിയില്‍ 100 ശ്ളോകങ്ങള്‍ ഉള്ള ഒരു വലിയ അധ്യായവും (18) 4 ശ്ളോകങ്ങള്‍ മാത്രമുള്ള മൂന്നു ചെറിയ അധ്യായങ്ങളും (6, 8, 14) ഉണ്ട്.
മഹാഭാരതാന്തര്‍ഗതമായ ഭഗവദ്ഗീതയുടെ രീതിയില്‍ ഗുരുശിഷ്യസംവാദരൂപത്തിലാണ് അഷ്ടാവക്രഗീത നിബദ്ധമായിട്ടുള്ളത്. ജനകമഹാരാജാവ് ശിഷ്യനെന്ന നിലയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അഷ്ടാവക്രന്‍ ഗുരുവെന്ന നിലയില്‍ നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേര്‍ന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയില്‍ ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം കലര്‍പ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.
'സാകാരമനൃതം വിദ്ധി
നിരാകാരന്തു നിശ്ചലം'. (അധ്യാ. 1. 18)
ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹര്‍ഷി നല്കുന്ന ഉപദേശം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കില്‍ ഈ ജന്‍മത്തില്‍ത്തന്നെ ആര്‍ക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്.
അദ്വൈതവേദാന്തഗ്രന്ഥകാരന്‍മാര്‍ തത്ത്വപ്രകാശനത്തിനു വേണ്ടി സ്വീകരിക്കാറുള്ള ചമത്കാരഭാസുരങ്ങളായ കല്പനകള്‍ അഷ്ടാവക്രഗീതയിലും കാണാം. ഉദാ.
'മയ്യനന്തമഹാംഭോധൌ
ചിത്തവാതേ പ്രശാമ്യതി
അഭാഗ്യാജ്ജീവവണിജോ
ജഗത്പോതോ വിനശ്വരഃ' (അധ്യാ. 2. 24)
ജീവനെ ജഗത്താകുന്ന കപ്പല്‍കൊണ്ട് സംസാരസമുദ്രത്തില്‍ സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരനായും മനസ്സാകുന്ന കൊടുങ്കാറ്റ് അടങ്ങി സാര്‍വത്രികമായ പ്രശാന്തിയുണ്ടാകുമ്പോള്‍ അയാളുടെ ഭാഗ്യദോഷത്തിന് ആ യാനപാത്രം പൊളിഞ്ഞുപോകുന്നതായും രൂപണം ചെയ്യുന്ന ഒരു വിചിത്ര കല്പനയാണ് പ്രസ്തുത ശ്ളോകത്തില്‍ കാണുന്നത്. സാധാരണ സമുദ്രത്തില്‍ കൊടുങ്കാറ്റും തിരമാലകളും ഉള്ളപ്പോഴാണ് കപ്പല്‍ മുങ്ങിപ്പോകുന്നത്. എന്നാല്‍ ചിദാനന്ദസമുദ്രത്തിലെ സ്ഥിതി ഭിന്നമാണ്. എല്ലാം പ്രശാന്തമാകുമ്പോളത്രെ അവിടെ കപ്പല്‍ തകര്‍ന്നുപോകുന്നത്. ഇപ്രകാരമുള്ള കല്പനകള്‍കൊണ്ട് ചിന്തോദ്ദീപകവും ഹൃദയഹാരിയും ആണ് ഈ കൃതി. ഇതിന്റെ രചനാകാലം ശങ്കരാചാര്യര്‍ക്കു ശേഷം ആയിരിക്കാനാണ് സാധ്യത എന്നു ഗവേഷകന്‍മാര്‍ അഭ്യൂഹിക്കുന്നു. ജനകസദസ്സില്‍വച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദിയുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തില്‍ ആരണ്യപര്‍വത്തിലെ ഒരു ഉപവിഭാഗമായ തീര്‍ഥയാത്രാപര്‍വത്തില്‍ (132-134 അധ്യായങ്ങള്‍) അഷ്ടാവക്രീയം എന്ന പേരില്‍ ചേര്‍ത്തിട്ടുണ്ട്.
നോ: അഷ്ടാവക്രന്‍