This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഷ്ടാംഗഹൃദയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അഷ്ടാംഗഹൃദയം)
(പ്രചാരം)
വരി 71: വരി 71:
ഇത്രയും മഹത്ത്വമുള്ള അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് ഋഷിപരമ്പരയില്‍പ്പെട്ട ആളല്ലാത്തതു കൊണ്ടും, പോരെങ്കില്‍ ഒരു ബുദ്ധഭിക്ഷുവായതുകൊണ്ടും അതിനെ അംഗീകരിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യാത്ത ഉത്തരേന്ത്യന്‍ വൈദ്യപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. ഋഷികള്‍ എഴുതാത്ത ഒരു ശാസ്ത്രവും അംഗീകാരയോഗ്യമല്ലെന്നാണ് ചിലരുടെ വാദം. വാഗ്ഭടന്‍ ഈ തെറ്റായ ചിന്താഗതിക്ക് അഷ്ടാംഗഹൃദയത്തില്‍ സയുക്തികം സമാധാനം പറയുന്നുണ്ട്.  
ഇത്രയും മഹത്ത്വമുള്ള അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് ഋഷിപരമ്പരയില്‍പ്പെട്ട ആളല്ലാത്തതു കൊണ്ടും, പോരെങ്കില്‍ ഒരു ബുദ്ധഭിക്ഷുവായതുകൊണ്ടും അതിനെ അംഗീകരിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യാത്ത ഉത്തരേന്ത്യന്‍ വൈദ്യപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. ഋഷികള്‍ എഴുതാത്ത ഒരു ശാസ്ത്രവും അംഗീകാരയോഗ്യമല്ലെന്നാണ് ചിലരുടെ വാദം. വാഗ്ഭടന്‍ ഈ തെറ്റായ ചിന്താഗതിക്ക് അഷ്ടാംഗഹൃദയത്തില്‍ സയുക്തികം സമാധാനം പറയുന്നുണ്ട്.  
-
'വാതേ പിത്തേ ശ്ളേഷ്മ ശാന്തൌചപഥ്യം
+
'വാതേ പിത്തേ ശ്ളേഷ്മ ശാന്തൗചപഥ്യം
തൈലം സര്‍പ്പിര്‍മാക്ഷികഞ്ചക്രമേണ
തൈലം സര്‍പ്പിര്‍മാക്ഷികഞ്ചക്രമേണ
വരി 91: വരി 91:
(ഋഷിപ്രണീതങ്ങളായ ചരകസുശ്രുതാദി ഗ്രന്ഥങ്ങള്‍ പഠിക്കുന്നതുപോലെ ഋഷിപ്രോക്തങ്ങളായ ഭേളാദിസംഹിതകളെ എന്തുകൊണ്ടു നിങ്ങള്‍ പഠിക്കുന്നില്ല) എന്ന് അദ്ദേഹം ചോദിക്കുന്നു. ഭേളാദിസംഹിതകള്‍, ചരകസുശ്രുതാദി സംഹിതകള്‍പോലെ ശരിയായി എഴുതപ്പെട്ടവയല്ല. അതുകൊണ്ടാണ് പഠിക്കാത്തത്. അപ്പോള്‍ സുഭാഷിതങ്ങളേ ഗ്രഹിക്കാവു എന്നു നിങ്ങളും സമ്മതിക്കുന്നു. അതുപോലെ അഷ്ടാംഗഹൃദയവും സുഭാഷിതമാണോ എന്നു പരിശോധിച്ചു പഠിക്കാതെ 'അനാര്‍ഷം' എന്നു പറഞ്ഞു നിഷേധിക്കുന്നത് ഉചിതമല്ല. ഇതില്‍നിന്നും ഗ്രന്ഥകര്‍ത്താവിന്റെ കാലത്തുതന്നെ യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉണ്ടായിരുന്നതായി കാണാം. എന്നാല്‍ നിര്‍മത്സരബുദ്ധികളായ പല ഭിഷഗ്വരന്‍മാരുടെയും ആയുര്‍വേദപ്രചാരണപ്രവര്‍ത്തനങ്ങള്‍കൊണ്ടു ഈ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.  
(ഋഷിപ്രണീതങ്ങളായ ചരകസുശ്രുതാദി ഗ്രന്ഥങ്ങള്‍ പഠിക്കുന്നതുപോലെ ഋഷിപ്രോക്തങ്ങളായ ഭേളാദിസംഹിതകളെ എന്തുകൊണ്ടു നിങ്ങള്‍ പഠിക്കുന്നില്ല) എന്ന് അദ്ദേഹം ചോദിക്കുന്നു. ഭേളാദിസംഹിതകള്‍, ചരകസുശ്രുതാദി സംഹിതകള്‍പോലെ ശരിയായി എഴുതപ്പെട്ടവയല്ല. അതുകൊണ്ടാണ് പഠിക്കാത്തത്. അപ്പോള്‍ സുഭാഷിതങ്ങളേ ഗ്രഹിക്കാവു എന്നു നിങ്ങളും സമ്മതിക്കുന്നു. അതുപോലെ അഷ്ടാംഗഹൃദയവും സുഭാഷിതമാണോ എന്നു പരിശോധിച്ചു പഠിക്കാതെ 'അനാര്‍ഷം' എന്നു പറഞ്ഞു നിഷേധിക്കുന്നത് ഉചിതമല്ല. ഇതില്‍നിന്നും ഗ്രന്ഥകര്‍ത്താവിന്റെ കാലത്തുതന്നെ യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉണ്ടായിരുന്നതായി കാണാം. എന്നാല്‍ നിര്‍മത്സരബുദ്ധികളായ പല ഭിഷഗ്വരന്‍മാരുടെയും ആയുര്‍വേദപ്രചാരണപ്രവര്‍ത്തനങ്ങള്‍കൊണ്ടു ഈ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.  
-
  അഷ്ടാംഗഹൃദയം കേരളീയ വൈദ്യന്‍മാര്‍ക്കു മൂലഗ്രന്ഥവും പ്രമാണഗ്രന്ഥവുമായി ഇന്നും നിലനില്ക്കുന്നു. അഷ്ടാംഗഹൃദയത്തെ ഉപജീവിച്ച് അനേകം ഗ്രന്ഥങ്ങള്‍ സമര്‍ഥരായ വൈദ്യപണ്ഡിതന്‍മാര്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്. മലയാളനിദാനം, യോഗാമൃതം, സുഖസാധകം, വൈദ്യസാരസംഗ്രഹം, ബാലചികിത്സ, സര്‍വരോഗചികിത്സാരത്നം, വിഷചികിത്സാസംഗ്രഹം, പ്രയോഗസമുച്ചയം, ജ്യോത്സ്നിക, ലക്ഷണാമൃതം, നേത്രരോഗചികിത്സ, മസൂരിമാല, മര്‍മചികിത്സ, ദ്രവ്യഗുണപാഠം മുതലായ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതാണ്. അപ്രകാശിതങ്ങളായ പല ഗ്രന്ഥങ്ങളും അഷ്ടവൈദ്യാഗാരങ്ങളിലും മറ്റു വൈദ്യകുടംബങ്ങളിലുമായി ഈടുവയ്പായി ഇരുപ്പുണ്ട്.  
+
അഷ്ടാംഗഹൃദയം കേരളീയ വൈദ്യന്‍മാര്‍ക്കു മൂലഗ്രന്ഥവും പ്രമാണഗ്രന്ഥവുമായി ഇന്നും നിലനില്ക്കുന്നു. അഷ്ടാംഗഹൃദയത്തെ ഉപജീവിച്ച് അനേകം ഗ്രന്ഥങ്ങള്‍ സമര്‍ഥരായ വൈദ്യപണ്ഡിതന്‍മാര്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്. മലയാളനിദാനം, യോഗാമൃതം, സുഖസാധകം, വൈദ്യസാരസംഗ്രഹം, ബാലചികിത്സ, സര്‍വരോഗചികിത്സാരത്നം, വിഷചികിത്സാസംഗ്രഹം, പ്രയോഗസമുച്ചയം, ജ്യോത്സ്നിക, ലക്ഷണാമൃതം, നേത്രരോഗചികിത്സ, മസൂരിമാല, മര്‍മചികിത്സ, ദ്രവ്യഗുണപാഠം മുതലായ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതാണ്. അപ്രകാശിതങ്ങളായ പല ഗ്രന്ഥങ്ങളും അഷ്ടവൈദ്യാഗാരങ്ങളിലും മറ്റു വൈദ്യകുടംബങ്ങളിലുമായി ഈടുവയ്പായി ഇരുപ്പുണ്ട്.
==മലയാളവ്യാഖ്യാനങ്ങള്‍==  
==മലയാളവ്യാഖ്യാനങ്ങള്‍==  

06:15, 8 സെപ്റ്റംബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

അഷ്ടാംഗഹൃദയം

ബുദ്ധഭിക്ഷുവായ വാഗ്ഭടാചാര്യന്‍ രചിച്ച പ്രസിദ്ധമായ ആയുര്‍വേദഗ്രന്ഥം.

ആമുഖം

ആയുര്‍വേദശാസ്ത്രത്തിന്റെ വികാസചരിത്രം പരിശോധിച്ചാല്‍ അത് ഉപദേശകാലം, സംഹിതാകാലം, സംഗ്രഹകാലം എന്നു മൂന്നു കാലഘട്ടങ്ങള്‍ കടന്നുപോന്നിട്ടുള്ളതായി കാണാം: ഗുരു ശിഷ്യന് ഉപദേശരൂപത്തില്‍ പറഞ്ഞുകൊടുത്തുവന്നിരുന്നത് ഉപദേശ (ദൈവ) കാലവും, ശിഷ്യന്റെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്കുന്ന രീതിയില്‍ ഗ്രന്ഥം നിര്‍മിച്ചിരുന്നതു സംഹിതാ (ആര്‍ഷ) കാലവും, ക്രമീകരണങ്ങളോടുകൂടി വിഷയവിശകലനം ചെയ്തു സംഗ്രഹിച്ച് ഗ്രന്ഥനിര്‍മാണം ചെയ്തിരുന്നതു സംഗ്രഹ (സംസ്കാര) കാലവും ആണ്. അഷ്ടാംഗഹൃദയം സംഗ്രഹകാലഘട്ടത്തില്‍ നിര്‍മിച്ച ഗ്രന്ഥമാണ്. അഗ്നിവേശ പ്രഭൃതികളാണ് സംഹിതാകാലത്തെ ഗ്രന്ഥരചയിതാക്കള്‍; അവര്‍തന്നെയാണ് ആദ്യഗ്രന്ഥകര്‍ത്താക്കളും. അവര്‍ വൈദ്യശാസ്ത്രത്തിനുവേണ്ട എല്ലാ കാര്യങ്ങളും തങ്ങളുടെ സംഹിതകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ, സംഗ്രഹകാലത്തെ ഗ്രന്ഥങ്ങളില്‍ കാണുന്ന ക്രമമോ പരസ്പരബന്ധമോ ഒന്നും അവയില്‍ കാണുകയില്ല; മാത്രമല്ല, പുനരുക്തി, അതിവിസ്തരം മുതലായ ചില ദോഷങ്ങള്‍ കടന്നുകൂടുകയും ചെയ്തിരുന്നു. ശിഷ്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. കൂടാതെ സംഹിതകളിലെ സംസ്കൃതഭാഷയുടെ പ്രൌഢിയും ദുരവഗാഹതയും തത്ത്വപ്രതിപാദനസാരള്യത്തെ ഗ്രസിച്ചിരുന്നു. അതിവിസ്തരങ്ങളായ സംഹിതാഗ്രന്ഥങ്ങളെ പഠനമനനാഭ്യാസങ്ങള്‍കൊണ്ടു സ്വായത്തമാക്കുവാനും പ്രയാസമായിരുന്നു. പ്രതിപാദനത്തില്‍ പ്രകീര്‍ണതയും അതിവിസ്തൃതിയും പരിഹരിച്ച് ശിഷ്യര്‍ക്കു കൂടുതല്‍ സൗകര്യമായി അഭ്യസിക്കുവാന്‍ വേണ്ടിയാണ് വാഗ്ഭടാചാര്യന്‍ അഷ്ടാംഗഹൃദയം നിര്‍മിച്ചത്. വിഷയങ്ങള്‍ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന ആ അഗ്നിവേശാദി ഗ്രന്ഥങ്ങളില്‍നിന്ന് മിക്കവാറും സാരതരങ്ങളായവയെ ഒന്നിച്ചുചേര്‍ത്ത് തീരെ ചുരുക്കാതെയും അധികം വിസ്തരിക്കാതെയും അഷ്ടാംഗഹൃദയം നിര്‍മിക്കുന്നു എന്നാണ് ആചാര്യന്‍തന്നെ ആരംഭത്തില്‍ ഗ്രന്ഥനിര്‍മാണോദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. അവഗാഢങ്ങളായ ശാസ്ത്രതത്ത്വങ്ങളെ ഇത്രയും ലളിതപദാവലികള്‍കൊണ്ട് 'സാരതരോച്ചയ'മായി പ്രതിപാദിച്ചിട്ടുള്ള ഒരു ആയുര്‍വേദഗ്രന്ഥം വേറെയില്ല. സംസ്കൃത ഭാഷയിലുള്ള ജ്യോതിശ്ശാസ്ത്രത്തില്‍ ഹോരയും ശബ്ദകോശഗ്രന്ഥങ്ങളില്‍ അമരകോശവും, വേദാന്തഗ്രന്ഥങ്ങളില്‍ ഭഗവദ്ഗീതയും മാത്രമേ പ്രതിപാദനത്തിലും ആസൂത്രണത്തിലും ഇതിനു സമമായിട്ടുള്ളു. സര്‍വാംഗസുന്ദരമായ ആകൃതിയും അവഗാഹപ്രൌഢിയും അഷ്ടാംഗഹൃദയത്തിനുണ്ട്. ആചാര്യന്റെ അപ്രതിമമായ സംസ്കൃതഭാഷാപ്രയോഗസാമര്‍ഥ്യവും അപാരമായ ശാസ്ത്രജ്ഞാനവും അഷ്ടാംഗഹൃദയത്തില്‍ സര്‍വത്ര തെളിഞ്ഞു കാണുന്നു. അഷ്ടാംഗഹൃദയ വ്യാഖ്യാതാവായ അരുണദത്തന്‍ തന്റെ വ്യാഖ്യാനത്തിനു സര്‍വാംഗസുന്ദരി എന്നു നാമകരണം ചെയ്തിട്ടുള്ളത് അന്വര്‍ഥമാണ്. കേരളീയ വൈദ്യന്മാര്‍ക്കിടയില്‍ ഈ വ്യാഖ്യാനം സുന്ദരി എന്ന പേരില്‍ അറിയപ്പെടുന്നു.

ഉള്ളടക്കം

കായചികിത്സ, ബാലചികിത്സ, ഊര്‍ധ്വാംഗ ചികിത്സ, ശല്യചികിത്സ (ശസ്ത്രക്രിയാവിഭാഗം), ദംഷ്ട്ര (വിഷ) ചികിത്സ, ജരാ (രസായന) ചികിത്സ, വൃഷ (വാജീകരണ) ചികിത്സ എന്നിങ്ങനെ എട്ട് അംഗങ്ങളോടുകൂടിയതാണ് ആയുര്‍വേദം. ഇപ്രകാരം എട്ടു വിഭാഗങ്ങളായി തിരിച്ചു ചികിത്സകള്‍ വിവരിക്കുന്നതുകൊണ്ട് ആയുര്‍വേദ ചികിത്സയ്ക്ക് അഷ്ടാംഗചികിത്സ എന്നും പേരുണ്ട്. ശരീരത്തില്‍ ഹൃദയത്തിനുള്ള പ്രാധാന്യം ആയുര്‍വേദത്തില്‍ അഷ്ടാംഗഹൃദയത്തിനുണ്ട്; അതുകൊണ്ട് അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥനാമം അന്വര്‍ഥമാണ്.

മേല്‍ക്കാണിച്ച കായചികിത്സാദികളായ എട്ടു വിഭാഗങ്ങളും ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്നു; ഓരോ വിഭാഗത്തിലും പ്രശസ്തങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അഗ്നിവേശാദിസംഹിതകളില്‍ത്തന്നെ എട്ടു വിഭാഗങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ അതിവിസ്തൃതങ്ങളും സങ്കീര്‍ണങ്ങളുമായിരുന്നു. ഇത്തരം പ്രശസ്തങ്ങളും പ്രാമാണികങ്ങളുമായ ഗ്രന്ഥങ്ങളെ അവലംബിച്ചുതന്നെയാണ് കായചികിത്സ തുടങ്ങിയ ഓരോ ഭാഗവും അഷ്ടാംഗഹൃദയത്തില്‍ വിവരിച്ചിട്ടുള്ളത്. സംഹിതാഗ്രന്ഥങ്ങളോടു താരതമ്യപ്പെടുത്തി അഷ്ടാംഗഹൃദയം പഠിക്കുന്നവര്‍ക്ക് ഇതു മനസ്സിലാക്കാം. അഗ്നിദേവന്‍, സുശ്രുതന്‍, ദേളന്‍, ചരകന്‍ മുതലായ പൂര്‍വാചാര്യന്മാരുടെ ഗ്രന്ഥങ്ങളില്‍നിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ വാഗ്ഭടന്‍തന്നെ പ്രസ്താവിച്ചിട്ടുണ്ട്.

പ്രതിപാദനം

ആര്‍ഷകാലത്തെ ആയുര്‍വേദചികിത്സ പ്രായോഗികരംഗത്തു രണ്ടായിത്തിരിഞ്ഞു പ്രവര്‍ത്തിച്ചിരുന്നു. മൂലികകളും മറ്റും ഉപയോഗിച്ച് ആത്രേയ പരമ്പരയും, ശസ്ത്രക്രിയ പ്രധാനമായി കൈകാര്യം ചെയ്തു ധന്വന്തരി പരമ്പര(സുശ്രുതപരമ്പര)യും ചികിത്സ നടത്തിവന്നു. ഈ രണ്ടു വിഭാഗത്തിലും പ്രശസ്തരായ ചികിത്സകരും പ്രാമാണികങ്ങളായ ഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ട്. ആത്രേയപരമ്പരയോടാണ് വാഗ്ഭടാചാര്യനു കൂടുതല്‍ ആഭിമുഖ്യം. ചരകമഹര്‍ഷിയുടെ കാലത്തിനു മുന്‍പു തന്നെ ഈ രണ്ടു വിഭാഗങ്ങളും പ്രത്യേകം ചികിത്സാവൃത്തി നടത്തിയിരുന്നതായി കാണാം. ഒരു രോഗത്തിനു ശസ്ത്രക്രിയ ചെയ്യേണ്ടിവരുമ്പോള്‍ ചരകത്തില്‍ പറയുന്നത് 'തത്രധന്വന്തരീയാണാമധികാരഃ ക്രിയാവിധൌ' (ഇവിടെ-ഈ രോഗത്തില്‍ ചികിത്സയ്ക്ക് അധികാരം ധന്വന്തരീയന്‍മാര്‍ക്കാണ്). എന്നാണ്; ശസ്ത്രക്രിയയാണ് ചെയ്യേണ്ടതെന്നു സാരം. ആത്രേയപരമ്പരയോടുണ്ടായിരുന്ന അമിതമായ ഭക്ത്യാദരങ്ങള്‍ക്കു തെളിവാണ് അഷ്ടാംഗഹൃദയത്തിലെ 'ഇതിഹസ്മാഹുരാത്രേയാദയോമഹര്‍ഷയഃ (ആത്രേയാദി മഹര്‍ഷികള്‍ ഇങ്ങനെ പറഞ്ഞു) എന്ന ഉപക്രമം. വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങളും ചികിത്സാക്രമങ്ങളും മറ്റും സ്വന്തമായ അഭിപ്രായങ്ങളല്ലെന്നും, അവ ആത്രേയാദി മഹര്‍ഷികള്‍ പറഞ്ഞിട്ടുള്ളവയാണെന്നും ആസൂത്രണം മാത്രമേ തന്റെ വകയായിട്ടുള്ളുവെന്നും സമര്‍ഥിക്കാനാണ് ഈ പ്രസ്താവം. എന്നാല്‍ ഈ വിനയമര്യാദകളോടൊപ്പംതന്നെ, ഓരോ വിഷയത്തിലും ഇതരാചാര്യന്മാരുടെ അഭിപ്രായങ്ങളെ പ്രതിപാദിച്ചശേഷം അവയില്‍ യുക്തിരഹിതങ്ങളായവയെ ഖണ്ഡിച്ചും, യുക്തിസഹമായവയെ സ്വീകരിച്ചും, അതതു സ്ഥാനങ്ങളില്‍ സ്വപക്ഷസ്ഥാപനം ചെയ്തിട്ടുമുണ്ട്. സുശ്രുതസംഹിതയെ പ്രമാണമാക്കി അതതു രോഗങ്ങളില്‍ ചെയ്യേണ്ട ശസ്ത്രക്ഷാരാഗ്നികര്‍മങ്ങളെയും വിസ്തരിച്ചിരിക്കുന്നു. വമനവിരേചനവസ്ത്യാദിശോധനചികിത്സാക്രമവിവരണങ്ങളിലും, ശമനപ്രയോഗനിര്‍ദേശങ്ങളിലും ഔഷധങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നതിലും കാണിച്ചിട്ടുള്ള 'സാരതരോച്ചയത്വം' അദ്ഭുതകരമാണ്. ചുരുക്കം ചില സന്ദര്‍ഭങ്ങളൊഴിച്ചാല്‍, ചികിത്സയ്ക്കു സസ്യൌഷധവര്‍ഗത്തെയാണു പ്രാധാന്യേന സ്വീകരിച്ചുകാണുന്നത്; പാരദാദികളായ പാര്‍ഥിപൌഷധങ്ങളുടെ സംസ്കാരക്രമങ്ങള്‍ വിവരിക്കപ്പെട്ടിട്ടില്ല.

ചികിത്സാവിഭജനക്രമം

കായ-ബാല-ഗ്രഹാദികളായ എട്ട് അംഗങ്ങളാണ് ആയുര്‍വേദത്തിലെ മുഖ്യവിഭാഗങ്ങളെന്നു പറഞ്ഞുവല്ലോ. ഈ എട്ട് അംഗങ്ങളെയും പൂര്‍വസംഹിതകളില്‍നിന്നു സമാഹരിച്ചു ഭംഗിയായും ക്രമാനുസൃതമായും അഷ്ടാംഗഹൃദയത്തില്‍ വിവരിച്ചിട്ടുണ്ട്. ശരീരോത്പത്തിവിവരണത്തിന് പഞ്ചഭൂതസിദ്ധാന്തവും രോഗജ്ഞാനത്തിനും ചികിത്സയ്ക്കുമായി ത്രിദോഷസിദ്ധാന്തവും അഭിപ്രായവ്യത്യാസം കൂടാതെ ഇവിടെ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

കായചികിത്സ

ശരീരത്തില്‍ പൊതുവേ ബാധിച്ചുവരുന്ന ജ്വരാദിരോഗങ്ങളും അവയുടെ ചികിത്സകളും.

ബാലചികിത്സ

ശിശുസംരക്ഷണവും ശിശുക്കള്‍ക്കുണ്ടാകുന്ന പ്രത്യേക രോഗങ്ങളും അവയുടെ ചികിത്സകളും.

ഗ്രഹചികിത്സ

ഭൂതപ്രേതാദിബാധോപദ്രവങ്ങളും പ്രതിവിധികളും മാനസികരോഗങ്ങളായ ഉന്മാദാപസ്മാരാദിരോഗങ്ങളും ചികിത്സകളും.

ഊര്‍ധ്വാംഗചികിത്സ

കണ്ഠത്തിനു മുകളില്‍ ശിരസ്സിനെയും നേത്രം, ശ്രോത്രം, നാസിക മുതലായ പ്രത്യംഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളെ പ്രത്യേകം പ്രത്യേകം വിവരിച്ചു ചികിത്സാനിര്‍ണയനം ചെയ്യുന്നരീതി.

ശല്യചികിത്സ അഥവാ ശസ്ത്രക്രിയാചികിത്സ

ഈ വിഭാഗത്തില്‍ ശസ്ത്രങ്ങളുടെയും യന്ത്രങ്ങളുടെയും ലക്ഷണഭേദങ്ങളും അവ കൈകാര്യം ചെയ്യേണ്ട വിധങ്ങളും ശരീരത്തില്‍ നിന്ന് മാരകവസ്തുക്കളെ നീക്കം ചെയ്യേണ്ട മാര്‍ഗങ്ങളും അനന്തരോപചാരങ്ങളും അംഗഭംഗങ്ങളില്‍ അനുഷ്ഠിക്കേണ്ട ക്രമങ്ങളും വ്രണശമനോപായങ്ങളും വ്രണസീവനം ചെയ്യേണ്ട (തുന്നിക്കെട്ടേണ്ട) രീതികളും, ശസ്ത്രക്രിയ ചെയ്യുന്ന ഭിഷഗ്വരന്‍ അറിഞ്ഞിരിക്കേണ്ട മറ്റു പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതതു രോഗങ്ങളില്‍ (അര്‍ശസ്സ്, അശ്മരി, മഹോദരം, നേത്രരോഗങ്ങള്‍ ഇത്യാദിയില്‍) ചെയ്യേണ്ട ശസ്ത്രക്രിയാക്രമങ്ങളെ അതതിടങ്ങളില്‍ത്തന്നെ ചികിത്സാവിഭാഗങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ദംഷ്ട്രചികിത്സ അഥവാ വിഷചികിത്സ

സ്ഥാവരജംഗമവിഷങ്ങള്‍കൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങള്‍, തത്പരിഹാരങ്ങള്‍, സര്‍പ്പഭേദം, സര്‍പ്പദംശകാരണങ്ങള്‍, ദംശഭേദങ്ങള്‍, സര്‍പ്പദംശംമൂലം വരാവുന്ന വികാരങ്ങള്‍, സദ്യഃകരണീയങ്ങള്‍ (പ്രഥമശുശ്രൂഷ), വേഗവേഗാന്തര ചികിത്സകള്‍, സര്‍പ്പദംശം ഏല്ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍, ക്ഷുദ്രവിഷങ്ങള്‍, തത്പരിഹാരങ്ങള്‍, ലുതാഭേദങ്ങള്‍ (ചിലന്തികള്‍), ലുതാദംശജവികാരങ്ങള്‍, തത്പരിഹാരങ്ങള്‍, വൃശ്ചിക (തേള്‍) വിഷചികിത്സ, മൂഷിക (എലി) വിഷചികിത്സ, അളര്‍ക്ക (പേപ്പട്ടി) വിഷചികിത്സ ഇങ്ങനെ സാര്‍വത്രികമായി കാണുന്നതും വിഷജന്തുക്കളില്‍നിന്നും സംക്രമിക്കുന്നതും വിഷപാനം മുതലായവ കൊണ്ടുവരുന്നതുമായ വിഷവികാരങ്ങള്‍ക്കു ശാസ്ത്രീയമായ പ്രതിവിധികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ജരാചികിത്സ അഥവാ രസായനചികിത്സ

രസരക്താദിധാതുക്കള്‍ക്കു പുഷ്ടിയും ബലവും ഉണ്ടാക്കുന്നതിനും ഓജസ്സും യൌവനവും നിലനിര്‍ത്തുന്നതിനും ക്ഷീണിച്ചുപോകുന്ന യൌവനത്തെ വീണ്ടെടുക്കുന്നതിനും രോഗാക്രമണങ്ങള്‍ മൂലം അപചയം വരുന്ന ശരീരത്തിന്റെ ഉപചയത്തിനും ആരോഗ്യപരിരക്ഷയ്ക്കും വേണ്ടിയുള്ള കുടീപ്രാവേശികം, വാതാതപികം എന്നീ രണ്ടു വിഭാഗം പ്രയോഗക്രമങ്ങളും രസായനങ്ങളായ ഔഷധയോഗങ്ങളും ഇതില്‍ വിവരിക്കുന്നു. ഓജസ്കരങ്ങളും രോഗഘ്നങ്ങളുമായ യോഗങ്ങള്‍ ഇതില്‍ കൊടുത്തിട്ടുണ്ട്.

വൃഷചികിത്സ അഥവാ വാജീകരണചികിത്സ

ശരീരക്ഷീണം മാറ്റി ധാതുപുഷ്ടിയും സംഭോഗശക്തിയും ഉണ്ടാക്കി സന്തത്യുത്പാദനത്തിനു സഹായിക്കുന്ന ചികിത്സാക്രമമാണ് ഇതിലെ പ്രതിപാദ്യം. ഇവയ്ക്കു പുറമേ, ആരോഗ്യസംരക്ഷണത്തിനുതകുന്ന ദിനചര്യ, ആചാരപദ്ധതി, ആഹാരവ്യവസ്ഥകള്‍, ദ്രവ്യോത്പത്തി, രസവീര്യാദിപഞ്ചദ്രവ്യഘടകധര്‍മങ്ങള്‍ എന്നിവയും, ഗര്‍ഭോത്പത്തി, ഗര്‍ഭവൃദ്ധിക്രമം, ഗര്‍ഭിണി അനുഷ്ഠിക്കേണ്ട ചര്യകള്‍, പ്രസവകാലശുശ്രൂഷ, ഗര്‍ഭവൈകൃതികള്‍, പ്രസവവൈഷമ്യങ്ങള്‍, തത്പരിഹാരങ്ങള്‍ എന്നിവയും വിവരിക്കപ്പെട്ടിരിക്കുന്നു. ശാരീരവിഭാഗത്തില്‍ അംഗപ്രത്യംഗ വിവരണങ്ങളും അന്നപചനപ്രക്രിയയും ധാതുപരിണാമം, രക്തചംക്രമണം, മര്‍മവിജ്ഞാനം മുതലായവയും അടങ്ങിയിരിക്കുന്നു; ദോഷധാതുമലങ്ങളുടെ ധര്‍മകര്‍മങ്ങളെ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്.

സ്ഥാനങ്ങള്‍

വിഷയവിവേചനത്തിലെന്നപോലെ, ഗ്രന്ഥത്തെ സമുച്ചയിച്ചു രചിക്കുന്നതിലും വിവിധ ഭാഗങ്ങളെ സമന്വയിപ്പിക്കുന്നതിലും ഹൃദയകാരന്‍ വിജയം കൈവരിച്ചിട്ടുണ്ട്. സംഹിതാഗ്രന്ഥങ്ങളില്‍ കാണാവുന്ന വൈകല്യങ്ങള്‍ ഇവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പഠിതാവിനു വസ്തുഗ്രഹണത്തില്‍ വലിയ ആയാസമോ സംശയമോ വരാതിരിക്കുവാനും ഗ്രന്ഥകാരന്‍ പ്രത്യേകം മനസ്സിരുത്തിയിരിക്കുന്നു. അതിനുവേണ്ടി യഥാക്രമം സൂത്രസ്ഥാനം, ശാരീരസ്ഥാനം, നിദാനസ്ഥാനം, ചികിത്സാസ്ഥാനം, കല്പസ്ഥാനം, ഉത്തരസ്ഥാനം എന്ന് ആറു 'സ്ഥാന'ങ്ങളായി തിരിച്ച് ആകെ 120 അധ്യായങ്ങളായി ഗ്രന്ഥത്തെ ആസൂത്രണം ചെയ്തിരിക്കുകയാണ്. നേരത്തെ വിവരിച്ചിട്ടുള്ള കായരോഗാദി എട്ട് അംഗങ്ങളെയും ഇതില്‍ അടുക്കായും ചിട്ടയായും പ്രതിപാദിക്കുകയും അവ തമ്മിലുള്ള ബന്ധത്തെ ശരിയായി ദൃഢപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സൂത്രസ്ഥാനം

(30 അധ്യായങ്ങള്‍; 1,491 ശ്ലോകങ്ങള്‍). ഒരു വൈദ്യവിദ്യാര്‍ഥി അറിഞ്ഞിരിക്കേണ്ട ശാസ്ത്രതത്ത്വങ്ങളെ സൂത്രരൂപേണ, സംവിധാനകൗശലത്തോടുകൂടി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ തത്ത്വങ്ങളുടെ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ മാത്രമാണ് പിന്നീടുള്ള സ്ഥാനങ്ങളിലുള്ളതെന്നു പറയാം. ആയുര്‍വേദമൂലസിദ്ധാന്തങ്ങളെ ക്രോഡീകരിച്ചു സമന്വയിപ്പിച്ചിട്ടുള്ള സ്ഥാനമാണിത്.

ശാരീരസ്ഥാനം

(6 അധ്യായങ്ങള്‍; 557 ശ്ളോകങ്ങള്‍) ഗര്‍ഭോത്പത്തി, ഗര്‍ഭവ്യാപത്തുകള്‍, അംഗപ്രത്യംഗവിഭാഗം, അംഗധര്‍മവിഭാഗം, മര്‍മവിഭാഗം, വികൃതിവിജ്ഞാനം, (ഓരോ രോഗത്തിലെയും മരണലക്ഷണങ്ങള്‍), ദൂതവിജ്ഞാനം (നിമിത്ത ശകുനങ്ങള്‍) ഇവ വിവരിച്ചിരിക്കുന്നു.

നിദാനസ്ഥാനം

(16 അധ്യായങ്ങള്‍; 784 ശ്ലോകങ്ങള്‍). ജ്വരാദികായികരോഗങ്ങള്‍, നിദാനപൂര്‍വരൂപ-രൂപ-ഉപശയ-സംപ്രാപ്തികളോടുകൂടി വിവരിക്കപ്പെട്ടിരിക്കുന്നു. സര്‍വരോഗസാധാരണമായ നിദാനാദി പഞ്ചകങ്ങളെ സാമാന്യമായി വിവരിച്ചുകൊണ്ടാണ് ഈ സ്ഥാനം തുടങ്ങിയിരിക്കുന്നത്.

ചികിത്സാസ്ഥാനം

(22 അധ്യായങ്ങള്‍; 1,961 ശ്ലോകങ്ങള്‍) ഇതില്‍ നിദാനസ്ഥാനത്തില്‍ വിവരിക്കപ്പെട്ടിട്ടുള്ള ജ്വരാദിരോഗങ്ങളുടെ ചികിത്സകള്‍ യഥാക്രമം വിവരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ക്രിയാക്രമങ്ങളും ഔഷധങ്ങളുമാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

കല്പസ്ഥാനം

(6 അധ്യായങ്ങള്‍; 312 ശ്ലോകങ്ങള്‍) വമനകല്പം, വിരേചനകല്പം, വസ്തികല്പം എന്നിവയും ഇവയുടെ വ്യാപത്സിദ്ധികളും (പിഴച്ചാല്‍ വേണ്ട പ്രതിവിധികള്‍) ഭേഷജകല്പവും മാനപരിഭാഷയും സമഗ്രമായി വിവരിച്ചിരിക്കുന്നു. ഭേഷകല്പത്തില്‍ മൂലികകളെ സംഭരിച്ചു സൂക്ഷിച്ചു രസ-കഷായ-ചൂര്‍ണ-ലേഹ്യ-സ്നേഹ-ഗുളികാദികളാക്കി സംസ്കരിക്കാനുള്ള കല്പനാവിശേഷങ്ങളും മാനപരിഭാഷയും (അളവുകളും മാത്രകളും) ആണ് പറയപ്പെട്ടിട്ടുള്ളത്. രസം, സ്വര്‍ണം, താമ്രം മുതലായ ധാതുദ്രവ്യങ്ങളുടെ സംസ്കരണക്രമം വിവരിച്ചിട്ടില്ല.

ഉത്തരസ്ഥാനം

(40 അധ്യായങ്ങള്‍; 2,179 ശ്ലോകങ്ങള്‍) എട്ടംഗങ്ങളുള്ള ആയുര്‍വേദത്തിന്റെ കായരോഗചികിത്സ ഒഴിച്ചുള്ള ബാലരോഗചികിത്സാദി 7 വിഭാഗങ്ങളും ഈ സ്ഥാനത്തിലാണ് പറഞ്ഞിരിക്കുന്നത്. ബാലഗ്രഹാവേശം, ഉന്‍മാദം, അപസ്മാരം എന്നീ മാനസികരോഗങ്ങള്‍, ശസ്ത്രക്രിയ-ദംഷ്ട്രാ (വിഷ) വിഭാഗം, ജരാചികിത്സ (രസായന ചികിത്സ), വാജീകരണ ചികിത്സാവിധികള്‍ എന്നിവ ഈ സ്ഥാനത്തില്‍ യഥോചിതം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

സംവിധാനപാടവം

വാഗ്ഭടന്‍ തന്റെ ആസൂത്രണപാടവം മുഴുവന്‍ സൂത്രസ്ഥാനത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റു വൈദ്യഗ്രന്ഥങ്ങളിലും സൂത്രസ്ഥാനങ്ങളുണ്ടെങ്കിലും, ഇത്രയും സാരതരമായി തത്ത്വാവിഷ്കരണം അവയില്‍ നടത്തിയിട്ടില്ല. അധികം ശ്ളോകങ്ങളും അനുഷ്ടുപ്പു വൃത്തത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. സന്ദര്‍ഭത്തിന് അനുഗുണമായി ചുരുക്കം ചിലേടത്ത് മറ്റു വൃത്തങ്ങളും പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ സംഹിതാഗ്രന്ഥങ്ങളിലും അഷ്ടാംഗസംഗ്രഹത്തിലും കാണുന്നമാതിരി ഗദ്യത്തിലുള്ള പ്രതിപാദനങ്ങള്‍ അഷ്ടാംഗഹൃദയത്തില്‍ ഒരിടത്തുമില്ല. 'പ്രയോജനമനേകാര്‍ഥ സിദ്ധ്യൈപദനിവേശനം' എന്ന തന്ത്രയുക്തിയനുസരിച്ച് ഒരു പദംപോലും, അര്‍ഥപുഷ്ടിയോടുകൂടിയല്ലാതെ ആചാര്യന്‍ പ്രയോഗിച്ചിട്ടില്ല. ചികിത്സാകാര്യത്തില്‍ അദ്ഭുതഫലപ്രദങ്ങളായ ഔഷധങ്ങളും ക്രിയാക്രമങ്ങളും തിരഞ്ഞെടുത്തു പറഞ്ഞിട്ടുമുണ്ട്. അഷ്ടാംഗഹൃദയം വേണ്ടവിധം പഠിച്ചാല്‍ ദീര്‍ഘജീവിതവും ആരോഗ്യവും ധര്‍മാര്‍ഥകാമമോക്ഷങ്ങളും യശസ്സും തീര്‍ച്ചയായും ഉണ്ടാകുമെന്നത്രെ ഗ്രന്ഥകാരസൂചിതമായ ഫലശ്രുതി.

ഗ്രന്ഥകാരന്‍

അഷ്ടാംഗഹൃദയ കര്‍ത്താവായ വാഗ്ഭടാചാര്യന്‍ ഒരു ബുദ്ധഭിക്ഷുവാണ്. ഇന്ത്യയുടെ വ.പ. ഭാഗത്തുള്ള സിന്ധുദേശമാണ് ഇദ്ദേഹത്തിന്റെ ജന്‍മഭൂമി. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റി അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇദ്ദേഹം അഷ്ടാംഗഹൃദയം രചിക്കുന്നതിനുമുന്‍പ് അഷ്ടാംഗസംഗ്രഹം എന്ന വൈദ്യഗ്രന്ഥം എഴുതി; അഷ്ടാംഗസംഗ്രഹം ഒന്നുകൂടി പരിഷ്കരിച്ചു ചുരുക്കിയാണ് അഷ്ടാംഗഹൃദയം രചിച്ചിട്ടുള്ളത്. അഷ്ടാംഗസംഗ്രഹം ഗദ്യപദ്യസമ്മിശ്രമാണ്; അഷ്ടാംഗസംഗ്രഹകര്‍ത്താവ് വേറൊരു വാഗ്ഭടന്‍ (വൃദ്ധ വാഗ്ഭടന്‍) ആണെന്നും ചിലര്‍ പറയുന്നുണ്ട്. പക്ഷേ, പ്രതിപാദനരീതി, ഭാഷാശൈലി, പക്ഷാന്തരമില്ലായ്മ മുതലായവ നോക്കുമ്പോള്‍, അഷ്ടാംഗസംഗ്രഹകാരന്‍ തന്നെയാണ് അഷ്ടാംഗഹൃദയകര്‍ത്താവെന്നു ബോധ്യപ്പെടും. പ്രസ്തുത വാഗ്ഭടനെ കൂടാതെ രസതന്ത്രവിഭാഗത്തില്‍പ്പെടുന്ന രസരത്നസമുച്ചയ (13-ാം ശ.) കര്‍ത്താവായ ഒരു വാഗ്ഭടാചാര്യനുമുണ്ട്. എന്നാല്‍ അഷ്ടാംഗഹൃദയത്തില്‍ പാരദാദിധാതുദ്രവ്യങ്ങള്‍കൊണ്ടുള്ള പ്രയോഗങ്ങള്‍ പറയാതിരുന്നതു രസരത്നസമുച്ചയമെന്ന പേരില്‍ ധാതുദ്രവ്യങ്ങളെക്കൊണ്ടുമാത്രം ചികിത്സിക്കാനുതകുന്ന ഒരു ഗ്രന്ഥം വാഗ്ഭടാചാര്യന്‍ നിര്‍മിച്ചതുകൊണ്ടാണെന്നും, അഷ്ടാംഗഹൃദയകര്‍ത്താവായ വാഗ്ഭടാചാര്യനും രസരത്നസമുച്ചയ കര്‍ത്താവായ വാഗ്ഭടനും ഒരാളാണെന്നും വാദിക്കുന്നവരുമുണ്ട്. അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിലെ ലളിതമായ ഭാഷാരീതിയും രസരത്നസമുച്ചയത്തിലെ ഭാഷാരീതിയും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുന്നവര്‍ക്ക് ഈ അഭിപ്രായത്തോടു യോജിക്കാന്‍ നിവൃത്തിയില്ല. ഏതായാലും അഷ്ടാംഗഹൃദയകര്‍ത്താവ് വാഗ്ഭടാചാര്യനാണെന്നുള്ളതില്‍ രണ്ടു പക്ഷമില്ല.

വാഗ്ഭടാചാര്യന്‍ ബുദ്ധമതപ്രചരണാര്‍ഥം ഇന്ത്യയില്‍ പല ഭാഗത്തും സഞ്ചരിക്കുകയും അക്കൂട്ടത്തില്‍ കേരളത്തിലും വരികയും ദീര്‍ഘകാലം ഇവിടെ ജീവിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്. ബുദ്ധമതപ്രചാരകാലത്തു കേരളത്തില്‍ പല ബുദ്ധവിഹാരങ്ങളും ഭിക്ഷുണീസങ്കേതങ്ങളും ഉണ്ടായിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ചേര്‍ത്തല താലൂക്കിലെ തിരുവിഴ ബുദ്ധഭിക്ഷുസങ്കേതവും, കാര്‍ത്ത്യായനീക്ഷേത്രം ഭിക്ഷുണീസങ്കേതവുമായിരുന്നുവെന്നു പറയപ്പെടുന്നു. ബുദ്ധമതക്കാരാണ് ധര്‍മാശുപത്രിപ്രസ്ഥാനം ആദ്യം നടപ്പിലാക്കിയത്. 'അവൃത്തിവ്യാധിശോകാര്‍ത്താനനുവര്‍ത്തേതശക്തിതഃ' എന്ന സേവനമന്ത്രം വ്രതമാക്കിയിരുന്നവരാണ് ശരണത്രയീധനരായ ബുദ്ധഭിക്ഷുക്കള്‍. തിരുവിഴയില്‍ ഇന്നും നടപ്പിലിരിക്കുന്ന കൈവിഷത്തിനുള്ള വമനപ്രയോഗം പണ്ട് ബുദ്ധഭിക്ഷുക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന ചികിത്സകളുടെ നഷ്ടാവശിഷ്ടമാണെന്നുവരാം. വാഗ്ഭടാചാര്യന്‍ തിരുവിഴ ബുദ്ധവിഹാരത്തില്‍ ജീവിക്കുന്ന സമയത്താണ് അഷ്ടാംഗഹൃദയം രചിച്ചതെന്നു വൃദ്ധവൈദ്യന്മാര്‍ വിശ്വസിച്ചിരുന്നു; ഈ അഭിപ്രായം സ്ഥാപിക്കുവാന്‍ രേഖകളില്ല. എന്നാല്‍ കേരളത്തിലെ അഷ്ടവൈദ്യന്മാര്‍ വാഗ്ഭടപരമ്പരയില്‍പ്പെട്ടവരാണെന്നും അഷ്ടവൈദ്യന്മാര്‍ എന്ന പേര്‍ 'അഷ്ടവൈദ്യകുടുംബക്കാര്‍' എന്ന അര്‍ഥത്തിലല്ല അഷ്ടാംഗഹൃദയ വൈദ്യന്മാര്‍ എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അഷ്ടാംഗപൂര്‍ണമായ ആയുര്‍വേദത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് 'അഷ്ടവൈദ്യന്‍മാര്‍' എന്ന അഭിപ്രായക്കാരുമുണ്ട്. ഇവര്‍ ബുദ്ധമതപരമ്പരയില്‍പ്പെട്ടവരായതുകൊണ്ടാണത്രെ യാഥാസ്ഥിതിക നമ്പൂതിരിമാര്‍ ഇവര്‍ക്കു പാതിത്യം കല്പിച്ചുവന്നത്. അഷ്ടാംഗഹൃദയമാണ് കേരളത്തില്‍ ഗുരുകുലസമ്പ്രദായപ്രകാരം, ഗുരുശിഷ്യപരമ്പരയാ, അഷ്ടവൈദ്യന്മാരും മറ്റു വൈദ്യകുടുംബങ്ങളും പാഠ്യഗ്രന്ഥമായും പ്രമാണഗ്രന്ഥമായും സ്വീകരിച്ചുപോന്നിട്ടുള്ളത്. അതുകൊണ്ട് കേരളീയ വൈദ്യന്മാരുടെ ശാസ്ത്രജ്ഞാനത്തിനും ചികിത്സയ്ക്കും ഐകരൂപ്യം ഉണ്ട്. ആയുര്‍വേദവൈദ്യത്തില്‍ കേരളത്തിനുള്ള പ്രശസ്തിക്ക് ഇതും ഒരു പ്രധാന കാരണമാണ്. കേരളത്തിലെപ്പോലെ അഷ്ടാംഗഹൃദയത്തിനു ഇന്ത്യയില്‍ ഒരിടത്തും പ്രചാരം കാണുന്നില്ല. ഉത്തരേന്ത്യക്കാര്‍ക്ക് ഇന്നും ചരകസുശ്രുതാദി ഗ്രന്ഥങ്ങളാണ് അവലംബം. വാഗ്ഭടാചാര്യനും അഷ്ടാംഗഹൃദയത്തിനും കേരളത്തോട് ഒരു അഭേദ്യബന്ധമാണുള്ളത്. കേരളത്തില്‍ സര്‍വസാധാരണമായിരുന്ന ആഹാരക്രമങ്ങളെയാണ് അഷ്ടാംഗഹൃദയത്തില്‍ കൂടുതലും വിവരിച്ചിട്ടുള്ളത്. പ്രസിദ്ധമായ പേയാദിക്രമം (പേയ = കഞ്ഞിത്തെളി) പഥ്യാഹാരവുമാണല്ലോ. 'ദാക്ഷിണാത്യഃ പേയാസാത്മ്യഃ' എന്നു ചരകന്‍ കേരളീയരെപ്പറ്റി പറഞ്ഞിട്ടുമുണ്ട്. ഇതും മേല്‍ സൂചിപ്പിച്ച അഭേദ്യബന്ധത്തിനു ഒരു സൂചനയാണ്. കേരളത്തില്‍ അഷ്ടവൈദ്യഗൃഹങ്ങളിലും മറ്റു വൈദ്യകുടുംബങ്ങളിലും ആയുര്‍വേദപാഠശാലകളിലും അഷ്ടാംഗഹൃദയത്തെ അടിസ്ഥാനമാക്കിയുള്ള അഭ്യസനവും ചികിത്സയുമാണ് ഇന്നും നടപ്പിലിരിക്കുന്നത്.

പ്രചാരം

ഇത്രയും മഹത്ത്വമുള്ള അഷ്ടാംഗഹൃദയത്തിന്റെ രചയിതാവ് ഋഷിപരമ്പരയില്‍പ്പെട്ട ആളല്ലാത്തതു കൊണ്ടും, പോരെങ്കില്‍ ഒരു ബുദ്ധഭിക്ഷുവായതുകൊണ്ടും അതിനെ അംഗീകരിക്കുകയോ, ബഹുമാനിക്കുകയോ ചെയ്യാത്ത ഉത്തരേന്ത്യന്‍ വൈദ്യപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. ഋഷികള്‍ എഴുതാത്ത ഒരു ശാസ്ത്രവും അംഗീകാരയോഗ്യമല്ലെന്നാണ് ചിലരുടെ വാദം. വാഗ്ഭടന്‍ ഈ തെറ്റായ ചിന്താഗതിക്ക് അഷ്ടാംഗഹൃദയത്തില്‍ സയുക്തികം സമാധാനം പറയുന്നുണ്ട്.

'വാതേ പിത്തേ ശ്ളേഷ്മ ശാന്തൗചപഥ്യം

തൈലം സര്‍പ്പിര്‍മാക്ഷികഞ്ചക്രമേണ

ഏതത് ബ്രഹ്മാ ഭാഷതേബ്രഹ്മജോവാ

കാനിര്‍മന്ത്രേ വക്തൃഭേദോക്ത ശക്തിഃ'

(വാതപിത്തകഫങ്ങളുടെ വികാരത്തിനു യഥാക്രമം എണ്ണ, നെയ്യ്, തേന്‍ എന്നിവ ശമനൌഷധങ്ങളാണെന്നു ബ്രഹ്മാവു പറഞ്ഞാലും ബ്രഹ്മജന്‍ പറഞ്ഞാലും ഫലം ഒന്നുതന്നെ. പറഞ്ഞയാളിന്റെ വ്യത്യാസംകൊണ്ട് ഗുണങ്ങള്‍ക്കു വ്യത്യാസം വരുന്നില്ല). വക്താവിനെ നോക്കി ഗുണദോഷനിരൂപണം ചെയ്യുന്നതു ശരിയല്ല; ആരു പറഞ്ഞുവെന്നല്ല, എന്തു പറഞ്ഞു എന്നാണ് നോക്കേണ്ടത്. ഇനി ഋഷികള്‍ പറഞ്ഞവയെ മാത്രമേ ബഹുമാനിക്കാവൂ എന്നാണെങ്കില്‍,

'ഋഷിപ്രണീതേ പ്രീതിശ്ചേത്

മുക്ത്യാചരക സുശ്രുതൌ

ഭേളാത്യാഃ കിംന പഠ്യന്തേ

തസ്മാദ്ഗ്രാഹ്യം സുഭാഷിതം.'

(ഋഷിപ്രണീതങ്ങളായ ചരകസുശ്രുതാദി ഗ്രന്ഥങ്ങള്‍ പഠിക്കുന്നതുപോലെ ഋഷിപ്രോക്തങ്ങളായ ഭേളാദിസംഹിതകളെ എന്തുകൊണ്ടു നിങ്ങള്‍ പഠിക്കുന്നില്ല) എന്ന് അദ്ദേഹം ചോദിക്കുന്നു. ഭേളാദിസംഹിതകള്‍, ചരകസുശ്രുതാദി സംഹിതകള്‍പോലെ ശരിയായി എഴുതപ്പെട്ടവയല്ല. അതുകൊണ്ടാണ് പഠിക്കാത്തത്. അപ്പോള്‍ സുഭാഷിതങ്ങളേ ഗ്രഹിക്കാവു എന്നു നിങ്ങളും സമ്മതിക്കുന്നു. അതുപോലെ അഷ്ടാംഗഹൃദയവും സുഭാഷിതമാണോ എന്നു പരിശോധിച്ചു പഠിക്കാതെ 'അനാര്‍ഷം' എന്നു പറഞ്ഞു നിഷേധിക്കുന്നത് ഉചിതമല്ല. ഇതില്‍നിന്നും ഗ്രന്ഥകര്‍ത്താവിന്റെ കാലത്തുതന്നെ യാഥാസ്ഥിതികരുടെ എതിര്‍പ്പ് ഉണ്ടായിരുന്നതായി കാണാം. എന്നാല്‍ നിര്‍മത്സരബുദ്ധികളായ പല ഭിഷഗ്വരന്‍മാരുടെയും ആയുര്‍വേദപ്രചാരണപ്രവര്‍ത്തനങ്ങള്‍കൊണ്ടു ഈ മനോഭാവത്തിനു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.

അഷ്ടാംഗഹൃദയം കേരളീയ വൈദ്യന്‍മാര്‍ക്കു മൂലഗ്രന്ഥവും പ്രമാണഗ്രന്ഥവുമായി ഇന്നും നിലനില്ക്കുന്നു. അഷ്ടാംഗഹൃദയത്തെ ഉപജീവിച്ച് അനേകം ഗ്രന്ഥങ്ങള്‍ സമര്‍ഥരായ വൈദ്യപണ്ഡിതന്‍മാര്‍ മലയാളത്തില്‍ എഴുതിയിട്ടുണ്ട്. മലയാളനിദാനം, യോഗാമൃതം, സുഖസാധകം, വൈദ്യസാരസംഗ്രഹം, ബാലചികിത്സ, സര്‍വരോഗചികിത്സാരത്നം, വിഷചികിത്സാസംഗ്രഹം, പ്രയോഗസമുച്ചയം, ജ്യോത്സ്നിക, ലക്ഷണാമൃതം, നേത്രരോഗചികിത്സ, മസൂരിമാല, മര്‍മചികിത്സ, ദ്രവ്യഗുണപാഠം മുതലായ ഗ്രന്ഥങ്ങള്‍ അവയില്‍ ചിലതാണ്. അപ്രകാശിതങ്ങളായ പല ഗ്രന്ഥങ്ങളും അഷ്ടവൈദ്യാഗാരങ്ങളിലും മറ്റു വൈദ്യകുടംബങ്ങളിലുമായി ഈടുവയ്പായി ഇരുപ്പുണ്ട്.

മലയാളവ്യാഖ്യാനങ്ങള്‍

അഷ്ടാംഗഹൃദയത്തിനു മലയാളത്തില്‍ പല വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. കൈക്കുളങ്ങര രാമവാര്യരുടെ ഭാവപ്രകാശം, ഉപ്പോട്ടു കണ്ണന്റെ ഭാസ്കരവ്യാഖ്യാനം, കായിക്കര പി.എം. ഗോവിന്ദന്‍ വൈദ്യരുടെ അരുണോദയം എന്നിവ പ്രസിദ്ധങ്ങളാണ്. ടി.സി. പരമേശ്വരന്‍ മൂസ്സതും അഷ്ടാംഗഹൃദയത്തിനു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ആദ്യം പറഞ്ഞവ രണ്ടും പഴയ ശൈലിയിലും പാരമ്പര്യത്തിലുമുള്ള വ്യാഖ്യാനങ്ങളാണ്. ഗോവിന്ദന്‍ വൈദ്യരുടെ അരുണോദയം വ്യാഖ്യാനം (ഉത്തരസ്ഥാനം വ്യാഖ്യാനിക്കുന്നതിനുമുന്‍പ് അദ്ദേഹം അന്തരിച്ചുപോയി) ആധുനികസിദ്ധാന്തങ്ങള്‍ കഴിയുന്നതും താരതമ്യപ്പെടുത്തി നിരൂപണപരമായി എഴുതിയിട്ടുള്ളതാണ്. ആധുനികശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന അധ്യേതാക്കള്‍ക്ക് ഏറ്റവും പ്രയോജനകരമായ ഒരു വ്യാഖ്യാനമാണതെന്നു തീര്‍ത്തുപറയാം. കേരളത്തിലെ ആയുര്‍വേദപാഠശാലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏകാവലംബം ഇന്ന് ഈ വ്യാഖാനമാണ്. ഇതിനുപുറമേ വൈദ്യര്‍ അഷ്ടാംഗഹൃദയം മുഴുവനും മലയാളത്തില്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്. അഷ്ടാംഗഹൃദയഭാഷ എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്.

അഷ്ടാംഗഹൃദയത്തിന് ഒരു തിബത്തന്‍ പാഠഭേദമുണ്ട്. ഇതിന്റെ ഏതാനും ഭാഗങ്ങള്‍ സി. വോജന്‍ ജര്‍മന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത് 1965-ല്‍ പ്രസിദ്ധീകരിച്ചു. നോ: അഷ്ടാംഗസംഗ്രഹം; ആയുര്‍വേദം; വാഗ്ഭടന്‍

(വി. ഭാര്‍ഗവന്‍ വൈദ്യന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍