This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലിഗഡ് സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അലിഗഡ് സര്‍വകലാശാല= ഉത്തര്‍പ്രദേശിലെ അലിഗഡ് നഗരത്തില്‍ സ്ഥ...)
അടുത്ത വ്യത്യാസം →

07:09, 22 ഓഗസ്റ്റ്‌ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അലിഗഡ് സര്‍വകലാശാല

ഉത്തര്‍പ്രദേശിലെ അലിഗഡ് നഗരത്തില്‍ സ്ഥിതിചെയ്യുന്ന കേന്ദ്രസര്‍വകലാശാല. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയുടെ മാതൃകയില്‍ സ്ഥാപിതമായിരിക്കുന്ന ഈ വിദ്യാനികേതനത്തിന്റെ സവിശേഷത ഇതൊരു റസിഡന്‍ഷ്യല്‍ യൂണിവേഴ്സിറ്റി ആണെന്നുള്ളതാകുന്നു. 1872-ല്‍ സര്‍ സെയ്യദ് അഹമ്മദ്ഖാന്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്കണമെന്ന ലക്ഷ്യത്തോടുകൂടി സ്ഥാപിച്ച ഒരു സാധാരണ വിദ്യാലയം ക്രമേണ വളര്‍ന്നു വികസിച്ചതാണിത്. കൊല്‍ക്കത്താകമ്മിഷന്റെ ശുപാര്‍ശപ്രകാരം സര്‍വകലാശാലാവിദ്യാഭ്യാസത്തിന്റെ ആദ്യപടിയായി ഒരു ഇന്റര്‍മീഡിയേറ്റ് കോളജ് 1873-ല്‍ സ്ഥാപിതമായി. ഇതു മുഹമ്മദന്‍-ആംഗ്ലോ ഓറിയന്റല്‍ കോളജ് എന്ന പേരില്‍ പിന്നീട് വികസിച്ചു. 1920-ല്‍ ഈ കോളജിന് സര്‍വകലാശാലയുടെ പദവി നല്കിയതിന്റെ ഫലമായി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി രൂപംകൊണ്ടു. 1934-ല്‍ ഒരു യൂനാനി മെഡിക്കല്‍ കോളജും 1938-ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങിനും ടെക്നോളജിക്കും വേണ്ടിയുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടും 1945-ല്‍ ഒരു കാര്‍ഷികകോളജും ഇതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. പ്രസിദ്ധമായ ഒപ്താല്‍മിക് കോളജും ഇതിന്റെ കീഴിലാണ്.

1947-ല്‍ കല, ശാസ്ത്രം, എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി, ദൈവശാസ്ത്രം എന്നിവയ്ക്ക് നാലു ഫാക്കല്‍റ്റികള്‍ ആരംഭിച്ചു. ഇവിടത്തെ അധ്യയന മാധ്യമം ഇംഗ്ലീഷാണ്. എന്നാല്‍ ദൈവശാസ്ത്രവിഷയങ്ങള്‍ പേര്‍ഷ്യന്‍, അറബി, ഉര്‍ദു തുടങ്ങിയ ഭാഷകളിലും പഠിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. 1909-ല്‍ ഇവിടെ എട്ട് യൂറോപ്യന്‍ അധ്യാപകര്‍ ഉണ്ടായിരുന്നു. കുറേക്കാലത്തേക്ക് അറബി പ്രൊഫസര്‍മാരും യൂറോപ്യന്മാരായിരുന്നു. ക്രമേണ ഇന്ത്യാക്കാരല്ലാത്ത അധ്യാപകരുടെ എണ്ണം കുറഞ്ഞു. ഇന്ത്യാവിഭജനത്തെത്തുടര്‍ന്നു കുറെ അധ്യാപകര്‍ പാകിസ്താനിലേക്കു പോയി.

സ്ത്രീ വിദ്യാഭ്യാസവികസനത്തിനുവേണ്ടി വിദ്യാര്‍ഥിനികള്‍ക്കു പ്രത്യേകം സാമ്പത്തികാനുകൂല്യങ്ങള്‍ നല്കിവരുന്നുണ്ട്. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ധാരാളം വിദ്യാര്‍ഥികള്‍ ഇവിടെ അധ്യയനം നടത്തുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദേശവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യവൈദ്യസഹായം ലഭിക്കും. വിവിധതരത്തിലുള്ള യോഗ്യതാ സ്കോളര്‍ഷിപ്പുകളും അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കു നല്കപ്പെടുന്നുണ്ട്.

ഒരു ലക്ഷത്തില്‍പ്പരം ഗ്രന്ഥങ്ങളടങ്ങിയതാണ് സര്‍വകലാശാലയുടെ കീഴിലുള്ള മൗലാനാ ആസാദ് ലൈബ്രറി. മധ്യകാലഭാരതത്തിലെ കല, ലേഖനകല (Calligraphy), നാണയങ്ങള്‍ തുടങ്ങിയവ ഇവിടെ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. സര്‍വകലാശാലയുടെ കീഴില്‍ ഒരു എംപ്ലോയ്മെന്റ് ബ്യൂറോ, അന്ധജനവിദ്യാലയം എന്നിവകൂടാതെ, ക്രിക്കറ്റ്, ഹോക്കി, ഫുട്ബോള്‍, കുതിരസവാരി, സ്കേറ്റിംഗ് എന്നിവയ്ക്കുള്ള ക്ലബ്ബുകളും ഉണ്ട്. വിനോദസങ്കേതങ്ങളും മറ്റു ആധുനികസജ്ജീകരണങ്ങളും ഈ യൂണിവേഴ്സിറ്റിയുടെ മറ്റൊരു പ്രത്യേകതയാണ്. നോ: അലിഗഡ് പ്രസ്ഥാനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍