This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അയ്യപ്പപ്പണിക്കര്‍, കെ. (1930 - 2006)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയ്യപ്പപ്പണിക്കര്‍, കെ. (1930 - 2006) മലയാള കവിയും വിമര്‍ശകനും. കുട്ട...)
അടുത്ത വ്യത്യാസം →
09:53, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അയ്യപ്പപ്പണിക്കര്‍, കെ. (1930 - 2006)
മലയാള കവിയും വിമര്‍ശകനും. കുട്ടനാട് ചാലയില്‍ ഓലിക്കല്‍ മീനാക്ഷിയമ്മയുടെയും നാരായണന്‍ നമ്പൂതിരിയുടെയും മകനായി 1930 സെപ്. 12-ന് ജനിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍
നിന്ന് ഇന്റര്‍മീഡിയറ്റും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഇംഗ്ളീഷ് ഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് ബി.എ. ഓണേഴ്സും (1951) പാസായി. 1966-ല്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാങ്ഗ്വേജസ്സില്‍ നിന്ന് സര്‍ട്ടിഫിക്കറ്റു നേടി. അമേരിക്കയിലെ ഇന്ത്യാനാ യൂണിവേഴ്സിറ്റിയില്‍നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ സമ്പാദിച്ചു. വിവിധ കോളജുകളില്‍ അധ്യാപകനായി ജോലിനോക്കി. അമേരിക്കയിലെ യേല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ പിഎച്ച്.ഡി. ബിരുദാനന്തര ഗവേഷണം നടത്തി.
കേരള സര്‍വകലാശാലയിലെ ഇംഗ്ളീഷ് വകുപ്പു മേധാവിയായിരിക്കെ, 1990-ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചു. മിഷിഗണ്‍ സര്‍വകലാശാല പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണല്‍
ഒഫ് സൌത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അസോസിയേറ്റ് എഡിറ്റര്‍, മക്മില്ലന്‍ കമ്പനി പ്രസിദ്ധീകരിച്ച കേരള റൈറ്റേഴ്സ് ഇന്‍
ഇംഗ്ളീഷ് എന്ന പരമ്പരയുടെ ചീഫ് എഡിറ്റര്‍, ഡി.സി. ബുക്സിന്റെ വിശ്വസാഹിത്യമാല എന്ന ഗ്രന്ഥസമുച്ചയത്തിന്റെ ചീഫ് എഡിറ്റര്‍, കേരള കവിതയുടെ സ്ഥാപക പത്രാധിപര്‍, ഇന്ത്യന്‍ ജേര്‍ണല്‍ ഒഫ് ഇംഗ്ളീഷ് സ്റ്റഡീസിന്റെ മുഖ്യ പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന മിഡീവല്‍ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ ചീഫ് എഡിറ്ററും കൊളറാഡോ(യു.എസ്.എ)യില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഹൈ പ്ളെയിന്‍സ് ലിറ്റററി റിവ്യൂ എന്ന ജേര്‍ണലിന്റെ പത്രാധിപസമിതിയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു.
1952-ല്‍ പ്രസിദ്ധീകരിച്ച 'ഒരു സര്‍റിയലിസ്റ്റിന്റെ പ്രേമഗാനം' എന്ന കവിതയോടെയാണ് അയ്യപ്പപ്പണിക്കര്‍ സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. പണിക്കരുടെ ആദ്യകാലകവിതകളില്‍ ചങ്ങമ്പുഴയുടെ സ്വാധീനം പ്രകടമാണ്. ക്രമേണ അതില്‍നിന്ന് മുക്തനാവുകയും നവഭാവുകത്വത്തിനൊത്ത പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കുകയും ചെയ്തു. ആദ്യഘട്ടത്തിലെ കവിതകളില്‍ 'അഗ്നിപൂജ', 'പ്രിയതമേ പ്രഭാതമേ', 'ഹേ ഗഗാറിന്‍', 'മൃത്യുപൂജ', 'കുടുംബപുരാണം' എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. രണ്ടാംഘട്ടത്തില്‍ ആധുനിക മനുഷ്യന്റെ മോഹഭംഗത്തിന്റെയും വിഷാദത്തിന്റെയും തീക്ഷ്ണത, നിത്യജീവിതത്തിലെ സവിശേഷസന്ദര്‍ഭങ്ങളില്‍ക്കൂടി വരച്ചു കാണിക്കാനാണ് ഇദ്ദേഹം ശ്രമിച്ചത്. മനുഷ്യനിലെ കപടനാട്യങ്ങള്‍, വഞ്ചന, അധികാരദുര്‍മോഹം തുടങ്ങിയ വിഷാണുക്കള്‍ക്കെതിരെയുള്ള ഔഷധചികിത്സയാണ് അവ. രണ്ടാം ഘട്ടത്തിന്റെ പ്രാതിനിധ്യസ്വഭാവമുള്ള കൃതി കുരുക്ഷേത്രമാണ്. അക്രമങ്ങളും കാപട്യങ്ങളും മനുഷ്യത്വത്തെ ഗ്രസിക്കുന്നതു കണ്ടു വേദനിക്കുന്ന കവി, പുരാണകഥകളിലെ സദൃശങ്ങളായ ചിത്രങ്ങള്‍ വരച്ച് ആധുനിക നാഗരികജീവിതത്തിന്റെ നരകയാതനകള്‍ വിവരിക്കുന്നു.
അയ്യപ്പപ്പണിക്കരുടെ കാവ്യസപര്യയുടെ മൂന്നാംഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന കൃതി, 1989-ല്‍ പ്രസിദ്ധീകൃതമായ ഗോത്രയാനം ആണ്.
ആക്ഷേപഹാസ്യത്തിന്റെ ലക്ഷ്യവേധിയായ കൂരമ്പുകള്‍ തൊടുക്കുന്നതില്‍ കവിക്കുള്ള വൈദഗ്ധ്യം തെളിയിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ ഹ്രസ്വരചനകള്‍ ഏറിയ പങ്കും. പരിഹാസാത്മക വിമര്‍ശനത്തിന് ഐറണിയെ എത്രമാത്രം ഉപയുക്തമാക്കാമെന്ന് ഇദ്ദേഹം തെളിയിച്ചു. അല്പപ്രാണിയുടെ അഹങ്കാരത്തെ ശരമെയ്തു വീഴ്ത്തുന്ന 'മൂര്‍ത്തി', ബുദ്ധിശൂന്യതയെ പൂജിക്കുന്ന ശൂന്യാത്മാക്കളെ കടിച്ചുകുടയുന്ന 'പൂജ്യം', രാഷ്ട്രീയത്തിലെ നട്ടെല്ലു നഷ്ടപ്പെട്ട അനുയായിവര്‍ഗത്തെ പൊതിരെയടിക്കുന്ന 'കുതിരക്കൊമ്പ്' തുടങ്ങിയവ കുറിക്കുക്കൊള്ളുന്ന കാര്‍ട്ടൂണ്‍ കവിതകളാണ്.
അയ്യപ്പപ്പണിക്കര്‍ക്ക് ഉത്തമകവിതയുടെ ഫലസിദ്ധിയെപ്പറ്റി സുചിന്തിതമായ അഭിപ്രായമുണ്ട്. 'എന്റെ കവിത' എന്ന ലേഖനത്തില്‍ �(പത്തുകവിതകള്‍ പഠനങ്ങള്‍) അദ്ദേഹം എഴുതുന്നു. "ഒരു നല്ല കവിത പിറക്കുമ്പോള്‍ ഒരു ജനതയാകെ പുനര്‍ജനിക്കുന്നു. ഭാഷയൊന്നാകെ നവീകരിക്കപ്പെടുന്നു. സംവേദനത്വം അതിര്‍ത്തിലംഘനം നടത്തുന്നു. കാവ്യപിതൃക്കള്‍ തര്‍പ്പണ
മേറ്റു കൃതാര്‍ഥരാകുന്നു; സത്യത്തിന്റെ ഹിരണ്മയാവരണം
സ്വയം തകരുന്നു. ഒരു നല്ല കവിത പിറക്കുമ്പോള്‍ പ്രകൃതി പുനഃസൃഷ്ടിക്കപ്പെടുന്നു; അന്തഃചോദനകള്‍ക്ക് സര്‍വാഭീഷ്ട
സിദ്ധി ലഭിക്കുന്നു; യുഗാന്തരജനുസ്സുകള്‍ക്കു ശാശ്വതികത്വം കൈവരുന്നു.
അയ്യപ്പപ്പണിക്കരുടെ കൃതികള്‍ എന്ന പൊതുശീര്‍ഷകത്തില്‍ നാലു ഭാഗങ്ങളിലായി ഇദ്ദേഹത്തിന്റെ കവിതകള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പേരിലും ഒരു കൃതി പ്രസിദ്ധീകൃതമായി. അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ ഒന്നാംവാല്യം 1981-ലും രണ്ടാംവാല്യം 1990-ലും മൂന്നാംവാല്യം 2005-ലും പ്രകാശിപ്പിച്ചു. എ ഷോര്‍ട്ട് ഹിസ്റ്ററി ഒഫ് മലയാളം ലിറ്ററേച്ചര്‍ (1978), കെ.എം. പണിക്കര്‍ (1982), മഞ്ചേരി ഈശ്വരന്‍ (1983), വി.കെ. കൃഷ്ണമേനോന്‍ (1983), തകഴി ശിവശങ്കരപ്പിള്ള (1983), ഇന്ത്യന്‍ ഇംഗ്ളീഷ് ലിറ്ററേച്ചര്‍ (1989), എ പേഴ്സ്പെക്ടീവ് ഒഫ് മലയാളം ലിറ്ററേച്ചര്‍ (1990), സ്പോട്ട്ലൈറ്റ് ഓണ്‍ കമ്പാരറ്റീവ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ �(1992) എന്നിവയാണ് ഇദ്ദേഹത്തിന്റെ ഇംഗ്ളീഷ് കൃതികള്‍; അയ്യപ്പപ്പണിക്കരുടെ വിവര്‍ത്തനങ്ങള്‍ (1988), മയക്കോവ്സ്കിയുടെ കവിതകള്‍ �(1987), ക്യൂബെന്‍ കവിതകള്‍ �(1984) എന്നിവ വിവര്‍ത്തനഗ്രന്ഥങ്ങളും. ബോദ്ലെയര്‍, ലിയോപാര്‍ഡി, വോസ്നസെന്‍സ്കി, പാബ്ളോ നെരുദ തുടങ്ങിയവരുടെ കവിതകളും ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ടി.എസ്. എലിയറ്റിന്റെ വേയ്സ്റ്റ് ലാന്‍ഡ് പരിഭാഷയും ശ്രദ്ധേയമാണ്. മലയാളം ഷോര്‍ട്ട് സ്റ്റോറീസ് (1979), ഇന്ത്യന്‍ റിനൈസെന്‍സ് (1980), ആശാന്‍: ദ് മാന്‍ ആന്‍ഡ് ദ് പോയറ്റ് (1987), ഇന്ത്യന്‍ ഇംഗ്ളീഷ് ലിറ്ററേച്ചര്‍ സിന്‍സ് ഇന്‍ഡിപെന്‍ഡന്‍സ് (1991), മെയ്ക്കിങ് ഒഫ് ഇന്ത്യന്‍ ലിറ്ററേച്ചര്‍ (1991), മോഡേണ്‍ ഇന്ത്യന്‍ ഇംഗ്ളീഷ് പോയട്രി (1991) എന്നീ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം എഡിറ്റു ചെയ്തു. കുരുക്ഷേത്രം - ഒരു പഠനം, ഏഴു കവിതകളും പഠനങ്ങളും, പത്തുകവിതകള്‍ പഠനങ്ങള്‍, അയ്യപ്പപ്പണിക്കര്‍: കവിയും വ്യക്തിയും എന്നിവയാണ് ഇദ്ദേഹത്തെക്കുറിച്ചു പ്രസിദ്ധീകൃതമായിട്ടുള്ള പഠനഗ്രന്ഥങ്ങള്‍. ഇദ്ദേഹത്തിന്റെ കവിതകളെപ്പറ്റി ലോകപ്രശസ്ത നിരൂപകര്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെ ഒരു സമാഹാരം ഇന്‍ ദ് സേക്രഡ് നേവല്‍ ഒഫ് അവര്‍ ഡ്രീംസ് എന്ന പേരില്‍ പ്രസിദ്ധീകൃതമായി.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1974), കല്യാണീകൃഷ്ണമേനോന്‍ പ്രൈസ് (1977), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (1984), ഭാരതീയ ഭാഷാ പരിഷത്ത് (ഭില്‍വാര) അവാര്‍ഡ് (1988), കുട്ടമത്ത് അവാര്‍ഡ് (1990), ഉള്ളൂര്‍ സാഹിത്യ അവാര്‍ഡ് (1990), ആശാന്‍ പ്രൈസ് (1992), സമസ്തകേരള സാഹിത്യപരിഷത് അവാര്‍ഡ് (1993), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1984), ഫാ. എബ്രഹാം വടക്കേല്‍ അവാര്‍ഡ് (1987) എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച അധ്യാപകനുള്ള അവാര്‍ഡിനും (1990) അയ്യപ്പപ്പണിക്കര്‍ അര്‍ഹനായിട്ടുണ്ട്. 2005-ലെ സരസ്വതിസമ്മാന്‍ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. ഈ പുരസ്കാരം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ഇദ്ദേഹം. ഇന്ത്യന്‍ പ്രസിഡന്റിന്റെ പദ്മശ്രീ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വയലാര്‍ അവാര്‍ഡ് നിരസിക്കുകയുണ്ടായി (2002).
2006 ആഗ. 23-ന് തിരുവനന്തപുരത്ത് ഇദ്ദേഹം നിര്യാതനായി.