This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള (1705 - 63)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള (1705 - 63) മുന്‍ തിരുവിതാംകൂര്‍ രാജ...)
അടുത്ത വ്യത്യാസം →

09:52, 31 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള (1705 - 63)

മുന്‍ തിരുവിതാംകൂര്‍ രാജ്യത്തിലെ സേനാനായകനും മന്ത്രിയും. വിളവങ്കോട് മുഞ്ചിറദേശത്തുള്ള ഉള്ളിരിപ്പു വീട്ടില്‍ 1705-ല്‍ ജനിച്ചു. മാര്‍ത്താണ്ഡവര്‍മ യുവരാജാവിന്റെ അംഗരക്ഷകനായി സേവനം ആരംഭിച്ചു. മാര്‍ത്താണ്ഡവര്‍മ (1706-58) രാജാവിന്റെ വിശ്വസ്ത മന്ത്രിയായിരുന്ന രാമയ്യന്‍ 1756-ല്‍ മാവേലിക്കരവച്ച് അന്തരിച്ചു. അതേത്തുടര്‍ന്ന് അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയെ ദളവയുടെ ചുമതലകള്‍ വഹിക്കാന്‍ നിയോഗിച്ചു. ഇദ്ദേഹം സമരകലയിലും ഭരണകലയിലും ഒന്നുപോലെ വൈദഗ്ധ്യം പ്രദര്‍ശിപ്പിച്ചിരുന്നു. കുഞ്ചന്‍നമ്പ്യാര്‍, ഇദ്ദേഹത്തെ 'ആര്‍ത്താവനോദാരശീലനാമയ്യപ്പമാര്‍ത്താണ്ഡമന്ത്രി' എന്നു പ്രശംസിച്ചിട്ടുണ്ട്.

  മാര്‍ത്താണ്ഡവര്‍മയ്ക്കുശേഷം ഏറ്റവുമധികം കാലം തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തികതിരുനാള്‍ രാമവര്‍മ (ഭ.കാ. 1758-98) അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയെ ദളവയായി സ്ഥിരപ്പെടുത്തി (1758). സൈന്യബലം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരിലേക്കു കിട്ടേണ്ട നികുതി ശരിയായി പിരിച്ചെടുക്കുന്നതിനും ആണ് ദളവ ആദ്യം ശ്രദ്ധ പതിപ്പിച്ചത്. ഭരണസൌകര്യത്തിനുവേണ്ടി സംസ്ഥാനത്തെ വടക്കുംമുഖം, പടിഞ്ഞാറുംമുഖം, തെക്കുംമുഖം എന്നിങ്ങനെ മൂന്നായി വിഭജിച്ച് ഓരോന്നും ഭരിക്കുന്നതിന് ഓരോ സര്‍വാധികാര്യക്കാരെ നിയമിച്ചു.  സര്‍വാധികാര്യക്കാരുടെ കീഴില്‍ അനേകം കാര്യക്കാരന്മാരെയും, അവരുടെ കീഴില്‍ പാര്‍വത്യകാരന്മാര്‍, ചന്ത്രക്കാരന്മാര്‍, തുറക്കാര്‍ മുതലായവരെയും നിയമിക്കുകയുണ്ടായി. സമാധാനസംരക്ഷണാര്‍ഥം ഓരോ കാര്യക്കാരുടെയും കീഴില്‍ ഏതാനും പട്ടാളക്കാരെയും വിട്ടുകൊടുത്തു. നികുതിപിരിവിനു പുറമേ നീതിന്യായനിര്‍വഹണവും കാര്യക്കാരന്മാരുടെ കര്‍ത്തവ്യമായിരുന്നു. 
  അക്കാലത്തു കോഴിക്കോട്ടു സാമൂതിരി കൊച്ചിയുടെ മിക്കഭാഗങ്ങളും കൈവശപ്പെടുത്തിയിരുന്നു. ശേഷിച്ച ഭാഗങ്ങളും കൈക്കലാക്കാന്‍ സാമൂതിരി ശ്രമം തുടങ്ങിയപ്പോള്‍ ഭീതനായ കൊച്ചി രാജാവ് തിരുവിതാംകൂറിന്റെ സഹായം അഭ്യര്‍ഥിച്ചു. 1760-ല്‍ ചേര്‍ത്തലവച്ചു കൊച്ചിയും തിരുവിതാംകൂറും തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കി. 1762-ല്‍ ശുചീന്ദ്രത്തുവച്ച്, ഉടമ്പടിപ്രകാരം പ്രവര്‍ത്തിക്കുന്നതാണെന്നു സത്യം ചെയ്തതിനുശേഷം മാത്രമേ തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ളയുടെയും വലിയ കപ്പിത്താന്‍ ഡിലനായിയുടെയും കീഴില്‍ ഒരു സൈന്യത്തെ കൊച്ചിയിലേക്കയച്ചുള്ളൂ. തിരുവിതാംകൂര്‍ സൈന്യം സാമൂതിരിയെ പരാജിതനാക്കി. സാമൂതിരിയുടെ സൈന്യം പറവൂര്‍, കൊടുങ്ങല്ലൂര്‍, വരാപ്പുഴ എന്നീ മൂന്നു ദിക്കുകളിലായി പാളയമടിച്ചു കിടക്കുകയായിരുന്നു. അതുകൊണ്ട് ദളവ തിരുവിതാംകൂര്‍ സൈന്യത്തെ മൂന്നായി വിഭജിച്ചാണ് ആക്രമണം നടത്തിയത്. സാമൂതിരിയെ വടക്കോട്ട് ഓടിച്ചശേഷം സൈന്യം രണ്ടായിപ്പിരിഞ്ഞ് ഒരു ഭാഗം ദളവയുടെ നേതൃത്വത്തില്‍ പടിഞ്ഞാറുവഴി ചാവക്കാട്ടേക്കു തിരിച്ചു. ദളവ മാപ്രാണത്ത് എത്തുന്നതിനു മുന്‍പേ സാമൂതിരി കൊച്ചി വിടാനൊരുങ്ങിക്കഴിഞ്ഞിരുന്നു.
  ദളവയും സൈന്യവും തൃശ്ശൂരെത്തി സാമൂതിരിയെയും സൈന്യത്തെയും അവിടെനിന്നോടിച്ചു. കോഴിക്കോട്ടു പട്ടാളം ചേലക്കര തങ്ങി. ദളവയും വലിയ കപ്പിത്താനും അവിടെയും എത്തി. അവിടെവച്ചുണ്ടായ യുദ്ധത്തില്‍ സാമൂതിരിയുടെ സൈന്യം തോറ്റു. തുടര്‍ന്ന് ദളവയും വലിയ കപ്പിത്താനും സാമൂതിരിയുടെ രാജ്യത്തു പ്രവേശിച്ചു. അപ്പോഴേക്കും സാമൂതിരി സമാധാനത്തിന് അപേക്ഷിച്ചതുകൊണ്ട് യുദ്ധം നിര്‍ത്തിവച്ചു. കൊ. വ. 938 ഇടവം 26-നു പദ്മനാഭപുരം കൊട്ടാരത്തില്‍ വച്ചു സാമൂതിരി തിരുവിതാംകൂറുമായി ഉടമ്പടി ചെയ്തു. യുദ്ധച്ചെലവിനു സാമൂതിരി ഒരുലക്ഷത്തി അന്‍പതിനായിരം രൂപ കൊടുത്തു. 
  തന്റെ രാജ്യം വീണ്ടെടുത്തുകൊടുത്തതില്‍ സന്തുഷ്ടനായ കൊച്ചിരാജാവ് ഉടമ്പടിപ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു വിട്ടുകൊടുത്തു. സാമൂതിരിയെ കൊച്ചി രാജ്യത്തിന്റെ വടക്കേ അതിര്‍ത്തി കടത്തുന്ന കാര്യത്തില്‍ തിരുവിതാംകൂര്‍ സര്‍വസൈന്യാധിപനായ അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള ദളവ ചെയ്ത പ്രയത്നത്തിനു പ്രതിഫലമായി പുത്തന്‍ചിറ എന്ന ദേശം ഇദ്ദേഹത്തിനു സമ്മാനിച്ച് തിട്ടൂരം കൊടുത്തു. രാജഭക്തനായ ദളവ ആ പ്രദേശം തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ചു. ഇപ്രകാരം അതു തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഒരു ഭാഗമായിത്തീര്‍ന്നു. 
  അനന്തരം ദളവയുടെ ശ്രദ്ധപതിഞ്ഞത് തിരുവിതാംകൂറിനെ പുറമേനിന്നുള്ള ശല്യങ്ങളില്‍ നിന്നു ഒഴിവാക്കുന്നതിനു വേണ്ട സംരക്ഷണ നടപടികള്‍ നടത്തുന്നതിലാണ്. പെരിയാറിന്റെ മുഖത്തു സ്ഥിതിചെയ്തിരുന്ന ആയിക്കോട്ട, കൊടുങ്ങല്ലൂര്‍ കോട്ട എന്നിവ തുടങ്ങി സഹ്യാദ്രിവരെ ഒരു വലിയ പ്രാകാരം നിര്‍മിച്ചു. ഏകദേശം 9 മീ. വണ്ണത്തിലും 4 മീ. പൊക്കത്തിലും 50 കി.മീ. നീളത്തിലും അവിടവിടെ കൊത്തളങ്ങളോടും വടക്കോട്ടകളോടും കൂടി നിര്‍മിക്കപ്പെട്ട ഈ പ്രാകാരമാണ് ചരിത്രപ്രസിദ്ധമായ നെടുങ്കോട്ട. അതിനുശേഷം ആലങ്ങാട്-പറവൂര്‍ താലൂക്കുകളിലും തിരുവിതാംകൂറിലെ ഭരണസമ്പ്രദായം നടപ്പില്‍ വരുത്തി. അത്യാവശ്യമുള്ള കേന്ദ്രങ്ങളിലെല്ലാം കോട്ടകള്‍ പണിയിച്ചു. നീണ്ടകരയ്ക്കടുത്തു പാഴായിക്കിടന്ന സ്ഥലത്തെ നല്ലൊരു തോട്ടമാക്കി. അതിനെ ജനങ്ങള്‍ ദളവാപുരമെന്നു വിളിച്ചു. അതുകണ്ട്  അവിടങ്ങളില്‍ ഉണ്ടായിരുന്ന പാഴ്നിലങ്ങളെല്ലാം ജനങ്ങള്‍ വിളനിലമാക്കി മാറ്റി. ഗതാഗതസൌകര്യം വര്‍ധിപ്പിച്ച ദളവ വര്‍ക്കലയെ പലപ്രകാരത്തില്‍ പരിഷ്കരിച്ച് നല്ലൊരു തീര്‍ഥാടന കേന്ദ്രമാക്കി. ഇദ്ദേഹം സാഹിത്യകാരന്മാരെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. 1763-ല്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡപിള്ള നിര്യാതനായി. 

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍