This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നങ്ങ്യാര്‍കൂത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നങ്ങ്യാര്‍കൂത്ത്= കൂത്തും കൂടിയാട്ടവുമായി ബന്ധമുള്ള ഒരു ദൃ...)
അടുത്ത വ്യത്യാസം →
08:02, 14 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
നങ്ങ്യാര്‍കൂത്ത്
കൂത്തും കൂടിയാട്ടവുമായി ബന്ധമുള്ള ഒരു ദൃശ്യകല. സുഭദ്രാധനഞ്ജയം നാടകം കുലശേഖര പെരുമാളുടെ നിര്‍ദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലന്‍ രംഗത്ത് അവതരിപ്പിച്ചപ്പോള്‍ അവലംബിച്ച രീതിയാണ് കൂടിയാട്ടം. സംസ്കൃത നാടകാഭിനയമാണ് ഇത്. നമ്പ്യാന്മാരുടെ സഹായത്തോടെ ചാക്യാന്മാരാണ് ഇത് നടത്തിയിരുന്നത്.
കൂടിയാട്ടത്തില്‍ പുരുഷവേഷം ചാക്യാരും സ്ത്രീവേഷം നങ്ങ്യാരുമാണ് കെട്ടിയിരുന്നത്. നാടകാഭിനയത്തിന് ആദ്യകാലത്തു പറഞ്ഞിരുന്ന പേരാണ് കൂത്ത്. ഇത് ഒന്നിലധികം കഥാപാത്രങ്ങള്‍ ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ കൂടിയാട്ടമായി മാറുന്നു. ചാക്യാന്മാരുടെ നാടാകാഭിനയത്തിന് പൊതുവില്‍ കൂടിയാട്ടമെന്നു പറഞ്ഞുവരുന്നു. ചാക്യാരും നങ്ങ്യാരും കൂടിയുള്ള അഭിനയവും കൂടിയാട്ടമാണ്. അഭിനയാംശം തീരെ കുറഞ്ഞ നാടകാവതരണമാണ് കൂത്ത്.
സുഭദ്രാധനഞ്ജയം നാടകത്തില്‍ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാര്‍കൂത്ത്. കൂത്തിന്റെ പ്രധാനാംശം വാചികാഭിനയമാണെങ്കില്‍ നങ്ങ്യാര്‍കൂത്തില്‍ വാചികാഭിനയത്തിനു സ്ഥാനമില്ല. കൂടിയാട്ടത്തില്‍ ഉപയോഗിക്കുന്ന മിഴാവും ഇടയ്ക്കയും തന്നെയാണ് നങ്ങ്യാര്‍കൂത്തിന്റെയും പശ്ചാത്തലം. നാടകാഭിനയചതുരയായ ഒരു നങ്ങ്യാര്‍യുവതിയെ കുലശേഖരവര്‍മന്‍ വിവാഹം കഴിച്ചുവത്രെ. ഇവരുടെ പരമ്പരയില്‍പ്പെട്ട നങ്ങ്യാര്‍മാര്‍ക്ക് ക്ഷേത്രങ്ങളില്‍ കൂത്ത് നടത്താന്‍ അദ്ദേഹം അനുവാദം കൊടുത്തു. അവരുടെ അഭിനയത്തിനുവേണ്ടി സുഭദ്രാധനഞ്ജയംനാടകത്തില്‍ ഒരു ചേടിയെ അവതരിപ്പിച്ചുവെന്നും ഈ ചേടി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണചരിതം ക്ഷേത്രങ്ങളില്‍ സാര്‍വത്രികമായി അദ്ദേഹം നടത്തിച്ചുപോന്നുവെന്നും പറയപ്പെടുന്നു. ഇവരുടെ അഭിനയമികവ് സര്‍വാദൃതമായിരുന്നതുകൊണ്ടുതന്നെയാണ് കൂടിയാട്ടത്തിനൊപ്പം നങ്ങ്യാര്‍കൂത്തിന് പ്രാധാന്യമുണ്ടായത്.
കേരള കലാമണ്ഡലത്തില്‍ കൂത്തും കൂടിയാട്ടവും അഭ്യസിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നങ്ങ്യാര്‍കൂത്തും പഠനവിധേയമായി. ഈ കലാരൂപങ്ങളൊന്നും രംഗകല എന്ന നിലയില്‍ ഇന്ന് സാര്‍വത്രികമല്ല. എങ്കിലും കലാകാരന്മാരുടെയും കലാകാരികളുടെയും അര്‍പ്പണബോധംകൊണ്ട്, കലാമൂല്യം കുറഞ്ഞുപോകാതെ തുടര്‍ന്നുപോകുന്നു.
(ഡോ. ഇ. സര്‍ദാര്‍കുട്ടി)