This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നഗേന്ദ്ര (1915 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നഗേന്ദ്ര (1915 - 99)= ഹിന്ദി നിരൂപകന്‍. 1915 മാ. 22-ന് അലിഗഢില്‍ ജനിച്ചു. ഇ...)
അടുത്ത വ്യത്യാസം →
07:34, 14 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
നഗേന്ദ്ര (1915 - 99)
ഹിന്ദി നിരൂപകന്‍. 1915 മാ. 22-ന് അലിഗഢില്‍ ജനിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും ബിരുദാനന്തരബിരുദങ്ങളും ഡി.ലിറ്റും നേടി. എണ്‍പതോളം കൃതികള്‍ രചിച്ചു.
രസസിദ്ധാന്തത്തിന് ആധുനിക യുഗത്തില്‍ പ്രതിഷ്ഠ നല്കിയ നിരൂപകനെന്ന നിലയില്‍ നഗേന്ദ്ര ഭാരതീയ സാഹിത്യത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്നു. ഭാരതീയ - പാശ്ചാത്യ കാവ്യശാസ്ത്ര വിശാരദന്മാരുടെ ആശയങ്ങള്‍ മനസ്സിലാക്കി അത് ഹിന്ദിലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തു എന്നതാണ് നഗേന്ദ്രയുടെ മുഖ്യ സംഭാവന.
ഡല്‍ഹി സര്‍വകലാശാലയില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചുകൊണ്ട് ഇദ്ദേഹം നടത്തിയ പഠനഗവേഷണങ്ങള്‍ ഹിന്ദി നിരൂപണശാഖയ്ക്ക് വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്. മഹാകവിയായ സുമിത്രാനന്ദന്‍ പന്തിന്റെ കാവ്യസവിശേഷതകള്‍ വിശകലനം ചെയ്തുകൊണ്ടായിരുന്നു നഗേന്ദ്രയുടെ നിരൂപണസപര്യയുടെ തുടക്കം. മൈഥിലീ ശരണ്‍ ഗുപ്തയുടെ മഹാകാവ്യമായ സാകേതിന്റെ നിരൂപണത്തില്‍ കാവ്യശാസ്ത്രമാനദണ്ഡങ്ങള്‍ ഇദ്ദേഹം നിപുണമായി പ്രയോഗിച്ചു. അരിസ്റ്റോട്ടലിന്റെ അനുകരണ സിദ്ധാന്തത്തിനുശേഷം ലോംജിനസിന്റെ ഉദാത്തതാസിദ്ധാന്തത്തിന്റെ ഉള്ളറകളിലേക്ക് നഗേന്ദ്രയുടെ പഠനങ്ങള്‍ വെളിച്ചം വീശി. പ്രാചീനകാല ഹിന്ദി കവികളില്‍ രീതികാലത്തെ ദേവ് നഗേന്ദ്രയുടെ സവിശേഷ പഠനത്തിന് വിധേയമായി.
സുമിത്രാനന്ദന്‍ പന്ത്, സാകേത്: ഏക് അധ്യയന്‍, ആധുനിക് ഹിന്ദി നാടക്, വിചാര്‍ ഔര്‍ വിവേചന്‍, രീതികാവ്യ് കീ ഭൂമിക, അരസ്തു കാ കാവ്യശാസ്ത്ര്, കാവ്യ് മേം ഉദാത്ത് തത്ത്വ്, അനുസന്ധാന്‍ ഔര്‍ ആലോചന, രസസിദ്ധാന്ത്, ആലോചക് കീ ആസ്ഥ, കാവ്യബിംബ്, ചേതനാ കേ ബിംബ്, ആസ്ഥാ കേ ചരണ്‍, തന്ത്ര് ലോക് സേ യന്ത്ര് ലോക് തക് എന്നിവയാണ് നഗേന്ദ്രയുടെ പ്രധാന കൃതികള്‍. യാത്രാവിവരണം, സ്മരണ എന്നീ ശാഖകളിലുംകൂടി ഇദ്ദേഹം കൃതികള്‍ രചിച്ചിട്ടുണ്ട്. കൂടാതെ ഭാരതീയ കാവ്യശാസ്ത്രം, ഹിന്ദി സാഹിത്യചരിത്രം, താരതമ്യ സാഹിത്യം, ഭാരതീയ സാഹിത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരവധി കൃതികള്‍ എഡിറ്റ് ചെയ്തിട്ടുമുണ്ട്. അവയെല്ലാം ആ വിഷയങ്ങളിലെ ഈടുറ്റ റഫറന്‍സ് ഗ്രന്ഥങ്ങളായി അംഗീകാരം നേടി. പാശ്ചാത്യ സാഹിത്യ പ്രവണതകളിലേക്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടത് പ്രകാശ് ചന്ദ്രഗുപ്ത, ഗുലാബ് റായ് എന്നീ നിരൂപകരായിരുന്നു. ഐ.എ. റിച്ചാര്‍ഡ്സ്, ക്രോച്ചേ എന്നിവരുടെ കാവ്യചിന്തകളില്‍ നഗേന്ദ്ര വലിയ മതിപ്പ് പ്രകടിപ്പിച്ചു. സംസ്കൃത കാവ്യാചാര്യന്മാരില്‍ ഭട്ടനായകനും അഭിനവഗുപ്തനും നഗേന്ദ്രയ്ക്ക് കൂടുതല്‍ അഭിമതരായിരുന്നു.
സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പല അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1999 ഒ. 26-ന് നഗേന്ദ്ര അന്തരിച്ചു.
(ഡോ. എം.കെ. പ്രീത)