This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധൃതരാഷ്ട്രര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ധൃതരാഷ്ട്രര്‍= മഹാഭാരതത്തിലെ കഥാപാത്രം. കുരുവംശത്തിലെ രാജാവായ ഇദ്ദ...)
അടുത്ത വ്യത്യാസം →

10:47, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധൃതരാഷ്ട്രര്‍

മഹാഭാരതത്തിലെ കഥാപാത്രം. കുരുവംശത്തിലെ രാജാവായ ഇദ്ദേഹത്തിന്റെ നൂറ് പുത്രന്മാരാണ് കൌരവര്‍ എന്നറിയപ്പെടുന്ന ദുര്യോധനന്‍, ദുശ്ശാസനന്‍ തുടങ്ങിയവര്‍. അന്ധനായിരുന്നു ധൃതരാഷ്ട്രര്‍. പത്നിയായ ഗാന്ധാരിയും മഹാഭാരതത്തിലെ തേജസ്സുറ്റ സ്ത്രീകഥാപാത്രമാണ്.

വേദവ്യാസന്റെ മകനായിരുന്നു ധൃതരാഷ്ട്രര്‍. കുരുവംശത്തിലെ പ്രസിദ്ധ രാജാവായ ശന്തനുവിന്റെയും മുക്കുവകന്യകയായ സത്യവതിയുടെയും പുത്രന്മാരായിരുന്നു വിചിത്രവീര്യനും ചിത്രാംഗദനും. ശന്തനുരാജാവിന് ഗംഗാദേവിയില്‍ ജനിച്ച പുത്രനാണ് ഭീഷ്മര്‍ എന്നു പ്രസിദ്ധനായ ഗംഗാദത്തന്‍. ശന്തനു സത്യവതിയില്‍ അനുരാഗബദ്ധനായപ്പോള്‍ ആ വിവാഹം നടക്കണമെങ്കില്‍ സത്യവതിയില്‍ ജനിക്കുന്ന പുത്രന് രാജ്യഭാരം നല്കണമെന്ന് നിബന്ധന വച്ചു. താന്‍ രാജാവാകാനാഗ്രഹിക്കുന്നില്ല എന്നും നിത്യബ്രഹ്മചാരിയായിരിക്കുമെന്നും ഗംഗാദത്തന്‍ ശപഥം ചെയ്തു. ഈ ശപഥത്തിന്റെപേരില്‍ ഭീഷ്മര്‍ എന്നറിയപ്പെട്ട ഇദ്ദേഹം കുരുവംശത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ആജീവനാന്തം പ്രവര്‍ത്തിച്ചു.

ഭീഷ്മര്‍ സ്വയംവരസദസ്സില്‍നിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. വിചിത്രവീര്യനെ സ്വയംവര വിവരം അറിയിക്കാഞ്ഞതായിരുന്നു കാരണം. എന്നാല്‍ വിചിത്രവീര്യന്‍ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാല്‍ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. ചിത്രാംഗദന്‍ മുമ്പുതന്നെ ഒരു ഗന്ധര്‍വനാല്‍ വധിക്കപ്പെട്ടിരുന്നു. ചീരജടാധാരിയായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേര്‍പ്പെട്ടു എന്നും അതിനാല്‍ ധൃതരാഷ്ട്രര്‍ അന്ധനും പാണ്ഡു പാണ്ഡുവര്‍ണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂര്‍വം വേദവ്യാസനെ സ്വീകരിച്ചു. ഇവര്‍ക്കു ജനിച്ച പുത്രനാണ് വിദുരര്‍. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭര്‍ത്താവ് അന്ധനായതിനാല്‍ രാജ്ഞിയായി കൊട്ടാരത്തില്‍ വന്നപ്പോള്‍ മുതല്‍ സ്വയം കണ്ണ് മൂടിക്കെട്ടി ഭര്‍ത്താവിന്റെ ശുശ്രൂഷയില്‍ നിരതയാവുകയായിരുന്നു ഗാന്ധാരി. ഗാന്ധാരിയുടെ സഹോദരനായ ശകുനി സഹോദരിയോടുള്ള സ്നേഹംമൂലം ധൃതരാഷ്ട്രരെ ഭരണകാര്യത്തില്‍ സഹായിക്കുന്നതിന് ഹസ്തിനപുരത്തിലെത്തി ശിഷ്ടകാലം അവിടെ നിവസിക്കുകയാണുണ്ടായത്. എന്നാല്‍ ദുഷ്ടകഥാപാത്രമായ ശകുനി സഹോദരീപുത്രന്മാരായ ദുര്യോധനാദികളുടെ സ്വഭാവരൂപീകരണത്തിലും പാണ്ഡവരോട് ശത്രുതാമനോഭാവം വളര്‍ത്തുന്നതിലും മുഖ്യമായ പങ്കു വഹിക്കുകയും തന്മൂലം ദുര്യോധനാദികളുടെ നാശത്തിനു വഴിയൊരുക്കുകയുമാണ് ചെയ്തത്.

ജ്യേഷ്ഠന്‍ ധൃതരാഷ്ട്രരായിരുന്നെങ്കിലും അന്ധതകാരണം പാണ്ഡുവായിരുന്നു രാജാവായത്. പത്നീസ്പര്‍ശനത്താല്‍ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോള്‍ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തില്‍ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദര്‍ഭത്തില്‍ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിര്‍വഹിച്ചത്. പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രര്‍ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തില്‍ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.

ഗാന്ധാരി ഗര്‍ഭിണിയായിട്ട് രണ്ടുവര്‍ഷം തികഞ്ഞിട്ടും പ്രസവിച്ചില്ല. താന്‍ ഗര്‍ഭിണിയായശേഷം ഗര്‍ഭിണിയായ കുന്തി പ്രസവിച്ചത് അറിഞ്ഞതോടെ നിരാശപൂണ്ട ഗാന്ധാരി വയറില്‍ ശക്തിയായി മര്‍ദിച്ചപ്പോള്‍ ഒരു മാംസപിണ്ഡമാണ് ജനിച്ചത്. അവിടെ എത്തിയ വ്യാസമുനി ഈ മാംസപിണ്ഡം നൂറ്റിയൊന്നായി മുറിച്ച് പ്രത്യേകം തയ്യാറാക്കിയ കുടങ്ങളില്‍ നിക്ഷേപിച്ചു. ഈ കുടങ്ങളില്‍ വളര്‍ച്ചനേടി പുറത്തുവന്നവരാണ് ദുര്യോധനന്‍, ദുശ്ശാസനന്‍ തുടങ്ങിയ നൂറുപുത്രന്മാരും ദുശ്ശള എന്ന പുത്രിയും. സിന്ധുരാജാവായ ജയദ്രഥനായിരുന്നു ദുശ്ശളയെ വിവാഹം ചെയ്തത്. ധൃതരാഷ്ട്രര്‍ക്ക് ഒരു ദാസിയില്‍ ജനിച്ച യുയുത്സു ധര്‍മിഷ്ഠനും പാണ്ഡവപക്ഷപാതിയുമായിരുന്നു.

യുവരാജാവായ യുധിഷ്ഠിരനും പാണ്ഡവര്‍ക്കും തന്റെ പുത്രന്മാരെക്കാള്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതില്‍ ധൃതരാഷ്ട്രര്‍ ദുഃഖിതനായിരുന്നെങ്കിലും പ്രകടമായി ധര്‍മമാര്‍ഗം വെടിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനു തുനിഞ്ഞില്ല. എന്നാല്‍ പരോക്ഷമായി ദുര്യോധനാദികളുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്ക്കേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. അസത്യത്തിനും ദുഷ്ടതയ്ക്കും വിജയമുണ്ടാകില്ല എന്ന് ധൃതരാഷ്ട്രരും കുന്തിയും പുത്രന്മാരെയും ശകുനിയെയും ഉപദേശിച്ചിരുന്നു എങ്കിലും പാണ്ഡവര്‍ക്കെതിരെ ദുര്യോധനാദികള്‍ ചെയ്ത ചതിപ്രയോഗങ്ങളും അനീതിയും കണ്ടുനില്ക്കുന്നതിനേ അവര്‍ക്കു സാധിച്ചുള്ളൂ. വാരണാവതത്തില്‍ അരക്കില്ലത്തില്‍ താമസിക്കുന്നതിന് പാണ്ഡവരെ ധൃതരാഷ്ട്രര്‍ അയയ്ക്കുന്നതും ദുര്യോധനാദികളുടെ പ്രേരണയാലായിരുന്നു. പാണ്ഡവര്‍ അരക്കില്ലത്തില്‍ ദഹിച്ചില്ല എന്നും പാഞ്ചാലിയെ വിവാഹം ചെയ്തുവെന്നും അറിഞ്ഞ് ധൃതരാഷ്ട്രര്‍ അവരെ കൊട്ടാരത്തില്‍ വരുത്തുകയും അര്‍ധരാജ്യം ധര്‍മപുത്രര്‍ക്കു നല്കുകയും ചെയ്തു.

ദുര്യോധനാദികള്‍ക്ക് പാണ്ഡവരോട് വൈരം കൂടിവരികയും അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ധൃതരാഷ്ട്രര്‍ പാണ്ഡവരെ ചൂതിനു ക്ഷണിക്കുന്നതിനു സമ്മതിക്കുകയും ചെയ്തു. ശകുനിയുടെ നേതൃത്വത്തില്‍ നടത്തിയ കള്ളച്ചൂതില്‍ ധര്‍മപുത്രര്‍ക്ക് സര്‍വവും നഷ്ടമായി. രാജസഭാമധ്യത്തില്‍ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തടയുന്നതിന് ധൃതരാഷ്ട്രര്‍ക്കു കഴിഞ്ഞില്ല. ധൃതരാഷ്ട്രര്‍ പാഞ്ചാലിയോട് എന്തു വരം വേണമെന്നു ചോദിച്ചപ്പോള്‍ പാഞ്ചാലി തന്റെയും തന്റെ ഭര്‍ത്താക്കന്മാരുടെയും മോചനമാണ് വരമായി അഭ്യര്‍ഥിച്ചത്.

പന്ത്രണ്ടുവര്‍ഷക്കാലം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും ചൂതില്‍ തോറ്റതിനു വ്യവസ്ഥപ്രകാരം അനുഭവിച്ചശേഷം തിരികെ ചെല്ലുന്നതിന് ദുര്യോധനാദികള്‍ സമ്മതം നല്കിയില്ല. പകുതിരാജ്യമോ അഞ്ചുദേശമോ ഒരുദേശമോ അഞ്ചുഗ്രാമമോ ഒരുഗ്രാമമോ ഒരുവീടോ പോലും നല്കില്ല എന്ന ദുര്യോധനന്റെ നിശ്ചയത്തിനു സമ്മതമരുളാന്‍ മാത്രമായിരുന്നു ധൃതരാഷ്ടര്‍ക്കു കഴിഞ്ഞത്. ദൂതുമായെത്തിയ ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാന്‍ ദുര്യോധനന്‍ തുനിഞ്ഞെങ്കിലും ധൃതരാഷ്ട്രരും മറ്റും ഇതിനെ എതിര്‍ത്തു. ശ്രീകൃഷ്ണന്‍ വിശ്വരൂപ പ്രദര്‍ശനത്തിലൂടെ തന്റെ ഈശ്വരഭാവം എല്ലാവര്‍ക്കും കാട്ടിയപ്പോള്‍ ധൃതരാഷ്ട്രര്‍ക്കും താത്കാലികമായി കാഴ്ച പ്രദാനം ചെയ്തു.

ദുര്‍നിവാരമായ കുരുക്ഷേത്രയുദ്ധത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയുന്നതിന് ഉത്സുകനായിരുന്ന ധൃതരാഷ്ട്രര്‍ക്ക് വിവരണം നല്കുന്നതിനുവേണ്ടി വേദവ്യാസന്‍ സഞ്ജയന് ദിവ്യദൃഷ്ടി പ്രദാനംചെയ്ത് ധൃതരാഷ്ട്രരുടെ സമീപത്തേക്ക് അയച്ചു. ധൃതരാഷ്ട്രരുടെ ചോദ്യത്തിനു മറുപടിയായി യുദ്ധസന്ദര്‍ഭം

വര്‍ണിക്കുന്ന സഞ്ജയന്റെ വാക്കുകളായാണ് ഭഗവദ്ഗീത

ആരംഭിക്കുന്നത്.

'ധര്‍മക്ഷേത്രം കുരുക്ഷേത്രം

പുക്കുപോരിന്നൊരുങ്ങിയോര്‍

എന്‍കൂട്ടരും പാണ്ഡവരും

എന്തേചെയ്തിതു സഞ്ജയ ' (വിവര്‍ത്തനം: കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

എന്ന് ധൃതരാഷ്ട്രര്‍ സഞ്ജയനോടു ചോദിക്കുന്നതാണ് ഗീതയുടെ ആദ്യത്തെ പദ്യം. ജയദ്രഥന്റെയും തന്റെ എല്ലാ പുത്രന്മാരുടെയും അന്ത്യം സഞ്ജയനിലൂടെ അറിയേണ്ടിവന്ന ധൃതരാഷ്ട്രര്‍ക്ക് ദുര്യോധനന്റെയും ദുശ്ശാസനന്റെയും ഘാതകനായ ഭീമനോടായിരുന്നു ഏറ്റവുമധികം ദ്വേഷം. യുദ്ധത്തിനുശേഷം മറ്റു പാണ്ഡവരെല്ലാം ധൃതരാഷ്ട്രരെ ബഹുമാനിച്ചപ്പോള്‍ ഭീമന്‍ ധൃതരാഷ്ട്രരെ ദ്വേഷിച്ചു സംസാരിച്ചിരുന്നു. ഭീമനൊഴികെ മറ്റെല്ലാവരും സ്നേഹത്തോടും ബഹുമാനത്തോടുംധൃതരാഷ്ട്രരോട് പെരുമാറിയിരുന്നെങ്കിലും അദ്ദേഹം കൊട്ടാരത്തിലെ വാസം ഇഷ്ടപ്പെടാതെ ഗാന്ധാരിയുമൊത്ത് യാത്രതിരിച്ച് ഗംഗാതീരത്ത് ഒരു ആശ്രമത്തിലും പിന്നീട് ശതയൂപാശ്രമത്തിലും നിവസിച്ചു. കുന്തീദേവിയും ഇവരോടൊപ്പം ഇവരെ ശൂശ്രൂഷിച്ചുകൊണ്ട് സമീപമുണ്ടായി. ഇവിടെ ഇവരെ വേദവ്യാസനും മറ്റു ബന്ധുക്കളും സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നിവസിച്ച വനത്തില്‍ കാട്ടുതീ ഉണ്ടായപ്പോള്‍ അതില്‍ അകപ്പെട്ട് ഇവര്‍ മൂന്നുപേരും സ്വര്‍ഗപ്രാപ്തരായി.

ധൃതരാഷ്ട്രര്‍ എന്നു പേരുണ്ടായിരുന്ന വേറെയും കഥാപാത്രങ്ങള്‍ പുരാണങ്ങളിലുണ്ട്. ചന്ദ്രവംശ രാജാവായ കുരുവിന്റെ പൌത്രനും ജനമേജയന്റെ പുത്രനുമായ ഒരു രാജാവ്, വാസുകിയുടെ പുത്രന്മാരില്‍ ഒരാള്‍, കശ്യപപ്രജാപതിക്ക് കദ്രുവില്‍ ജനിച്ച ഒരു സര്‍പ്പം, ഒരു ദേവഗന്ധര്‍വന്‍ തുടങ്ങിയവര്‍ ധൃതരാഷ്ട്രര്‍ എന്നു പേരുള്ളവരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍