This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധുത്തക്ഖാണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ധുത്തക്ഖാണ= പ്രാകൃത ഭാഷാകാവ്യം. ഹരിഭദ്രസൂരിയാണ് രചയിതാവ്. ധൂര്‍താഖ്...)
അടുത്ത വ്യത്യാസം →

07:25, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധുത്തക്ഖാണ

പ്രാകൃത ഭാഷാകാവ്യം. ഹരിഭദ്രസൂരിയാണ് രചയിതാവ്. ധൂര്‍താഖ്യാനം എന്ന സംസ്കൃതകാവ്യവും ഉപലബ്ധമാണെങ്കിലും ഹരിഭദ്രസൂരിയുടെ പ്രാകൃത ഭാഷാകാവ്യമാണ് പ്രസിദ്ധമായത്. ധുത്തക്ഖാണഗ എന്ന പേരില്‍ രണ്ടാമതൊരു പ്രാകൃതഭാഷാകാവ്യവും ഉണ്ടായിരുന്നതായി സൂചനയുണ്ട്.

എട്ടാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ചിത്തൌഢില്‍ ജീവിച്ചിരുന്ന ഹരിഭദ്രസൂരി സംസ്കൃതത്തിലും പ്രാകൃതത്തിലും അനേകം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. യാകിനീമഹത്തരയുടെ പുത്രനായിരുന്നു ഇദ്ദേഹം. സംസ്കൃത ഗ്രന്ഥങ്ങള്‍ എല്ലാംതന്നെ ദര്‍ശനനിരൂപണങ്ങളാണ്. തികച്ചും വ്യത്യസ്തമായി ആക്ഷേപഹാസ്യപ്രധാനമായി പ്രാകൃതഭാഷയില്‍ രചിച്ച കഥാഗ്രന്ഥമാണ് ധുത്തക്ഖാണ. ഇദ്ദേഹം പ്രാകൃതത്തില്‍ രചിച്ച മറ്റൊരു കഥാകൃതിയാണ് സമരാഇച്ചകഹാ (സമരാദിത്യകഥ).

485 ഗാഥകളില്‍ അഞ്ച് കഥകളാണ് ധുത്തക്ഖാണയില്‍ മുഖ്യമായി പ്രതിപാദിക്കുന്നത്. അഞ്ച് ധൂര്‍തന്മാര്‍ - നാലു പുരുഷന്മാരും ഒരു സ്ത്രീയും - ഉജ്ജയിനിയിലെ ഒരു ഉദ്യാനത്തില്‍ ഒത്തുകൂടി. മൂലദേവന്‍, കംഡരീകന്‍, ഏലാഷാഢന്‍, ശശന്‍, ഘംഡപാണാ എന്നിവരാണ് ഇവര്‍. മോഷണം തുടങ്ങിയ ദുരാചാരങ്ങളുടെ പ്രതിനിധികളാണിവര്‍. ഇവര്‍ അഞ്ചുപേരും തങ്ങളുടെ കഥ എന്ന നിലയില്‍ ഓരോ കഥ പറയുന്നതിനു തീരുമാനിച്ചു. എത്രയും അവിശ്വസനീയമെന്നു തോന്നുന്ന കഥയായാലും അതിന്റെ സംഭവ്യതയെ മറ്റുള്ളവരിലൊരാള്‍ പുരാണഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് സമര്‍ഥിക്കണം; അല്ലാത്തപക്ഷം എല്ലാവര്‍ക്കും മൃഷ്ടാന്നഭോജനം നല്കണം എന്നാണ് വ്യവസ്ഥ. ആദ്യം കഥ പറയുന്നത് മൂലദേവനാണ്. മൂലശ്രീ, മൂലദഭ്രന്‍, കര്‍ണീസുതന്‍, കലാങ്കുരന്‍ എന്നീ പേരുകളിലും ഈ ആള്‍ സ്വയം പരിചയപ്പെടുത്തുന്നുണ്ട്. ഇയാളുടെ ശിഷ്യന്‍ എന്ന നിലയില്‍ ശശന്‍ എന്ന കഥാപാത്രം ചതുര്‍ഭാണി എന്ന ആക്ഷേപഹാസ്യപ്രധാനമായ സംസ്കൃതകൃതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

താന്‍ യുവാവായിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം എന്നു പറഞ്ഞുകൊണ്ടാണ് മൂലദേവന്‍ കഥ ആരംഭിക്കുന്നത്. ധര്‍മിഷ്ഠനായ താന്‍ പുണ്യലബ്ധിക്കുവേണ്ടി ഗംഗാജലം കുറച്ചുകാലം ശിരസ്സിലേറ്റി നടക്കുന്നതിനു തീരുമാനിച്ച് ഗംഗാജലത്തിനുവേണ്ടി കമണ്ഡലുവും എടുത്ത് ഒരു സ്വാമിയുടെ സമീപത്തേക്കു യാത്രയായി. എന്നാല്‍ ആകസ്മികമായി ഒരു മദയാന തന്റെ പിറകേ എത്തി. ഭയന്നു വിറച്ച താന്‍ മറ്റു മാര്‍ഗമൊന്നും കാണാഞ്ഞതിനാല്‍ കമണ്ഡലുവില്‍ കയറി ഒളിച്ചിരുന്നു. എന്നാല്‍ താന്‍ കയറുന്നത് ആന കണ്ടു. ആനയും തന്റെ പിന്നാലെ കമണ്ഡലുവില്‍ ഓടിക്കയറി തന്നെ ആറുമാസം നിര്‍ത്താതെ കമണ്ഡലുവിനുള്ളില്‍ ഓടിച്ചു. രക്ഷയില്ലാതെ താന്‍ കമണ്ഡലുവിന്റെ വാലില്‍ക്കൂടി പുറത്തുചാടി. ആനയും അതേവഴി പുറത്തുവന്നു. എന്നാല്‍ ആന പുറത്തുവന്നെങ്കിലും ആനയുടെ വാല്‍ കമണ്ഡലുവിന്റെ വാലില്‍ക്കൂടി പുറത്തുവരാന്‍ കഴിയാതെ കുടുങ്ങി. ഈ സമയത്ത് താന്‍ രക്ഷപെട്ട് സ്വാമിയുടെ സമീപത്തേക്കുള്ള യാത്രതുടര്‍ന്നു. മാര്‍ഗമധ്യേ ഗംഗാനദി താന്‍ രണ്ടുകൈകൊണ്ടും വകഞ്ഞുമാറ്റി വഴിയുണ്ടാക്കി അക്കരെയെത്തി സ്വാമിയില്‍നിന്ന് ഗംഗാജലം വാങ്ങി ആറുമാസക്കാലം ശിരസ്സില്‍ ധരിച്ച് പുണ്യം നേടി. പിന്നീട് ഉജ്ജയിനിയിലെത്തിയ താന്‍ ഇപ്പോള്‍ അവിടെ അവരോടൊപ്പം ഇരിക്കുന്നു. ഇതാണ് മൂലദേവന്‍ അവതരിപ്പിച്ച കഥ. ഈ കഥ വിശ്വസിക്കാത്തവരുണ്ടെങ്കില്‍ അവര്‍ എല്ലാവര്‍ക്കും ഭക്ഷണം നല്കാന്‍ തയ്യാറാകണമെന്നും വിശ്വസിക്കുന്നുവെങ്കില്‍ ഈ കഥയെ പുരാണകഥയുടെ പിന്‍ബലത്തോടെ സമര്‍ഥിക്കണമെന്നുമാണ് വ്യവസ്ഥ. കംഡരീകനാണ് മൂലദേവന്റെ കഥ സത്യമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് രാമായണ-മഹാഭാരതാദി പുരാണഗ്രന്ഥങ്ങളില്‍ ഇതിനു സമാനമായ സന്ദര്‍ഭങ്ങള്‍ ഉള്ളതായി സാങ്കല്പികമായി ചൂണ്ടിക്കാട്ടി കഥയ്ക്കു സാധൂകരണം നല്കുന്നത്. അടുത്തതായി കംഡരീകന്‍ ഇതിനു സമാനമായ തന്റെ അനുഭവകഥ വിവരിക്കുന്നു. ഏലാഷാഢന്‍ അതിനെ സാധൂകരിച്ചുകൊണ്ട് പുരാണകഥകള്‍ മെനഞ്ഞ് അവതരിപ്പിക്കുന്നു. അഞ്ചുപേരും ഇങ്ങനെ സ്വന്തം കഥ പറയുകയും അടുത്തയാള്‍ സാങ്കല്പിക പുരാണകഥ പറയുകയും ചെയ്യുന്ന രീതി തുടരുന്നു.

ഇതിലെ കഥകള്‍ പലതും അതിഭാവുകവിലസിതവും ഒപ്പം ആക്ഷേപഹാസ്യപരവുമാണ്. പ്രധാന കഥകളെ സമര്‍ഥിക്കുന്നു എന്ന നിലയില്‍ പുരാണകഥകളായി അവതരിപ്പിക്കുന്ന കഥാംശം ലക്ഷ്യത്തെ സാധൂകരിച്ചിട്ടില്ല എന്നാണ് നിരൂപക മതം. ഈ അഞ്ചുകഥകള്‍ നിശീഥസൂത്രം എന്ന ഗ്രന്ഥത്തിന്റെ ഒരു ഭാഷ്യത്തില്‍ മുമ്പുതന്നെ വന്നിരുന്നതാണെന്നും അവയുടെ പുനരാവിഷ്കരണം മാത്രമാണ് ഇതെന്നും പ്രസ്താവമുണ്ടെങ്കിലും ധുത്തക്ഖാണയാണ് കഥാഗ്രന്ഥമെന്ന നിലയില്‍ പ്രസിദ്ധി നേടിയത്. മഹാരാഷ്ട്രി പ്രാകൃതത്തില്‍ സരളമായ ശൈലിയിലാണ് അവതരണം.

എ.എന്‍. ഉപാധ്യേ പ്രസാധനം ചെയ്ത ധുത്തക്ഖാണ മുംബൈയില്‍ സിന്ധി ജൈനഗ്രന്ഥമാലയില്‍ നിന്ന് 1944-ല്‍ പ്രസിദ്ധീകരിച്ചു. നിശീഥവിശേഷചൂര്‍ണി എന്ന ഗ്രന്ഥത്തില്‍ ധുത്തക്ഖാണയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത് ഹരിഭദ്രസൂരി

ക്കുമുമ്പ് രചിക്കപ്പെട്ടിരുന്ന ഒരു കൃതിയെപ്പറ്റിയാണെന്ന് ചില നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധൂര്‍താഖ്യാന ഇന്‍ ദ് നിശീഥചൂര്‍ണി എന്ന ലേഖനത്തില്‍ എ.എന്‍.ഉപാധ്യേ ഈ രണ്ട് ഗ്രന്ഥങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

നേമിചന്ദ്രശാസ്ത്രി രചിച്ച് വൈശാലി പ്രാകൃത ജൈന സംസ്ഥാന്‍ 1965-ല്‍ പ്രസിദ്ധീകരിച്ച ഹരിഭദ്ര് കെ പ്രാകൃത് കഥാസാഹിത്യ് കാ ആലോചനാത്മക് പരിശീലന്‍ എന്ന കൃതിയില്‍ ധുത്തക്ഖാണയും സമരാഇച്ചകഹയും പഠനവിധേയമാക്കിയിട്ടുണ്ട്. സംഘതിലകാചാര്യ സംസ്കൃതത്തില്‍ രചിച്ച ധൂര്‍താഖ്യാനം ജൈനഗ്രന്ഥപ്രകാശകസഭ 1945-ല്‍ പ്രകാശനം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍