This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധാരാസിംഹ്, ജി. എസ്. (1918 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ധാരാസിംഹ്, ജി. എസ്. (1918 - 2000)= സ്വാതന്ത്യ്രസമരസേനാനിയും ഹിന്ദി പ്രചാരകനും ...)
അടുത്ത വ്യത്യാസം →

06:54, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധാരാസിംഹ്, ജി. എസ്. (1918 - 2000)

സ്വാതന്ത്യ്രസമരസേനാനിയും ഹിന്ദി പ്രചാരകനും കോണ്‍ഗ്രസ് നേതാവും. കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ 1918-ല്‍ ജനിച്ചു. രജപുത്രവംശജനായ ഇദ്ദേഹത്തിന്റെ പിതാമഹന്‍ ദേവ്ജി ഭീംജി ആണ് 1865-ല്‍ കേരളത്തില്‍ ആദ്യമായി ഒരു അച്ചുകൂടവും കേരളമിത്രം എന്ന ആദ്യത്തെ മലയാള പത്രവും ആരംഭിച്ചത്. ദേവ്ജി ഭീംജിയുടെ ദത്തുപുത്രനായ ശ്രീഗണപതി സിംഹിന്റെ മകനായി ധാരാസിംഹ് ജനിച്ചു. 1935-ല്‍ സേവാദള്‍ വാളന്റിയറായിട്ടാണ് ധാരാസിംഹ് ദേശീയപ്രസ്ഥാന പ്രവര്‍ത്തനങ്ങളിലേക്കു പ്രവേശിച്ചത്. 1937-ല്‍ ടി.ഡി. ഹൈസ്കൂളില്‍നിന്ന് പത്താംക്ളാസ് ജയിച്ചു. തുടര്‍ന്ന് ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ അന്തേവാസിയായി. പിന്നീട് കേരളത്തില്‍ തിരിച്ചെത്തിയ ഇദ്ദേഹം എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായി. 1940-ല്‍ നെഹ്റുവിനെ അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് മഹാരാജാസില്‍ നടന്ന ചരിത്രപ്രസിദ്ധമായ വിദ്യാര്‍ഥിപ്രകടനത്തിനും പണിമുടക്കിനും നേതൃത്വം നല്കി. ആ വര്‍ഷംതന്നെ കൊച്ചി വിദ്യാര്‍ഥി കോണ്‍ഗ്രസ്സിന്റെ സ്ഥാപക പ്രസിഡന്റായി. 1941-ല്‍ വി.ആര്‍.കൃഷ്ണനെഴുത്തച്ഛനുമായി ചേര്‍ന്ന് കൊച്ചി പ്രജാമണ്ഡലം സ്ഥാപിച്ചു. ഈ അവസരത്തിലാണ് കെ. കരുണാകരനുമായി പരിചയമായത്. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. ജയില്‍ വിമുക്തനായശേഷം കേരള ദേശീയ തൊഴിലാളി കോണ്‍ഗ്രസ്സിന്റെ സെക്രട്ടറിയായി. 1945-ല്‍ കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ സ്ഥാനാര്‍ഥിയായി മട്ടാഞ്ചേരി നിയോജകമണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ വോട്ടു നേടി ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗം എന്ന നിലയ്ക്ക് ധാരാസിംഹ് ചെയ്ത ഏറ്റവും വലിയ സേവനം രാഷ്ട്രഭാഷയായ ഹിന്ദി അഞ്ചാം ക്ളാസ്സുമുതല്‍ എല്ലാ സ്കൂളുകളിലും നിര്‍ബന്ധവിഷയമായി പഠിപ്പിക്കണമെന്ന പ്രമേയം പാസ്സാക്കിച്ചതാണ്. 1947-ല്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് ആരംഭിച്ചപ്പോള്‍ അതിന്റെ കേരളഘടകം സ്ഥാപിച്ച നേതാക്കളില്‍ ബി.കെ.നായര്‍, കെ. കരുണാകരന്‍ എന്നിവര്‍ക്കൊപ്പം ധാരാസിംഹും ഉണ്ടായിരുന്നു. തൊഴിലാളികളില്‍ ചുമതലാബോധം വളര്‍ത്താനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും വേണ്ടി രൂപമെടുത്ത നാഷണല്‍ പ്രൊഡക്റ്റിവിറ്റിയുടെ കേരളഘടകം സ്ഥാപിക്കുന്നതിന് പദ്മശ്രീ പോള്‍ പോത്തനും ധാരാസിംഹുമാണ് നേതൃത്വം നല്കിയത്.

1952 മുതല്‍ ഇദ്ദേഹം പോര്‍ട്ട് ട്രസ്റ്റിലെ ട്രേഡ് യൂണിയന്‍ നേതാവായി പ്രവര്‍ത്തിച്ചു. 1958-ല്‍ ഇദ്ദേഹം അന്താരാഷ്ട്ര തൊഴില്‍ സംഘടനയില്‍ ഇന്ത്യന്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്തു. രാഷ്ട്രീയത്തോടൊപ്പം ദേശീയോദ്ഗ്രഥനത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായിരുന്നു ധാരാസിംഹ്. ഹിന്ദിസാഹിത്യ രചനയില്‍ കേരളീയര്‍ക്ക് പ്രചോദനം നല്കാന്‍വേണ്ടി രൂപവത്കരിക്കപ്പെട്ട കേരള ഹിന്ദി സാഹിത്യപരിഷത്തിന്റെ പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കേരള ഹിന്ദിസാഹിത്യമണ്ഡലത്തിന്റെയും പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്തകേരള സാഹിത്യപരിഷത്ത്, സംസ്കൃതപരിഷത്ത്, കൊങ്കണി സാഹിത്യ അക്കാദമി എന്നിവയിലും പ്രവര്‍ത്തിച്ചു. പ്രേംചന്ദിന്റെ നാല് കഥകളുടെ മലയാളം വിവര്‍ത്തനം ജയില്‍ എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ ഒന്നാം വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ 2000-ാമാണ്ടില്‍ ധാരാസിംഹ് നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍