This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്യാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ധ്യാനം പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തില്‍ ശ്രദ്ധയര്‍പ്പിച്...)
അടുത്ത വ്യത്യാസം →

12:40, 11 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധ്യാനം

പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തില്‍ ശ്രദ്ധയര്‍പ്പിച്ച് നടത്തുന്ന ഉപാസന. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളില്‍ നിന്നു മുക്തമാക്കി, മനസ്സിനെ പൂര്‍ണമായും വിധേയമാക്കി, സര്‍വം പരമാത്മ സ്വരൂപമായി ഭാവന ചെയ്ത്, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാല്‍, ആത്മാനുഭവ ലക്ഷ്യത്തില്‍ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അതീതമായി അത്യുന്നതമായി ഉയര്‍ന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ഇത്. ആത്മസ്വരൂപവുമായി സല്ലയനവും യോഗിഗമ്യവും യോഗലഭ്യവുമായ ഒരു അലൌകികാനുഭൂതിയും മനോവാചാമഗോചരവും ആണ് ധ്യാനം. ഈ ധ്യാനം സമാധിയിലേക്കു നയിക്കുന്നു. സത്യോന്മുഖമായ ഒരവ്യാഹതപ്രവാഹകമെന്ന് ഇതിനെ ഋഷികള്‍ വിശേഷിപ്പിക്കുന്നു. ധ്യാനം എന്ന് അര്‍ഥംവരുന്ന മെഡിറ്റേഷന്‍ (ാലറശമേശീിേ) എന്ന് ഇംഗ്ളീഷ് പദം ലാറ്റിന്‍ഭാഷയിലെ മെഡിറ്റാറി (ാലറശമൃേശ) എന്ന വാക്കില്‍നിന്നാണ് നിഷ്പന്നമായത്. ഇതിന്റെ അര്‍ഥം ആഴത്തിലുള്ള തുടര്‍ച്ചയായ വിചിന്തനം അല്ലെങ്കില്‍ എതെങ്കിലും ഒരു ചിന്തയിലുള്ള ശ്രദ്ധാപൂര്‍വമായ വാസം എന്നാണ.് ഇതിന്റെ ലളിതമായ അര്‍ഥം മനസില്‍ ആലോചിച്ച് ഉറപ്പിക്കുക എന്നോ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു മാത്രം തുടര്‍ച്ചയായി ചിന്തിക്കുക എന്നോ ആണ്.

  ധ്യാനത്തിന്റെ പ്രത്യേകതയായി കരുതപ്പെടുന്നത് ഇതിന്റെ പൂര്‍ണതയാണ്. പരിശീലനത്തിലൂടെയും അനുഭവത്തിലൂടെയും മാത്രമാണ് ഇത് കടന്നുവരുന്നത്. ഒരു സാധന എന്ന നിലയില്‍ ധ്യാനം ലക്ഷ്യം വയ്ക്കുന്നത് സര്‍വം നിറഞ്ഞുനില്ക്കുന്ന ദൈവത്തെയാണ്. ഇവിടെത്തന്നെയാണ് സമഗ്രമായ ഇതിന്റെ ശക്തി സ്ഥിതി ചെയ്യുന്നത്. അപ്രകാരം ധ്യാനം മനുഷ്യന്റെ ശക്തികളായ ഓര്‍മ, ബുദ്ധി, മനസ്സ്, ഭാവന, ഇന്ദ്രിയങ്ങള്‍, വികാരങ്ങള്‍ എന്നിവയെ പരിശീലനം വഴി ഉദ്ദീപിപ്പിക്കുവാനും നിയന്ത്രിക്കുവാനും ശാന്തമാക്കുവാനും സഹായിക്കുന്നു.
  സത്യാഭിമുഖമായ വിചാരത്തിന്റെ അനുസ്യൂത പ്രവാഹമാണ് ധ്യാനം. ഏകാഗ്രത ഈ നിരന്തരമായ ബോധപ്രവാഹത്തെ സൃഷ്ടിക്കുന്നു. ബാഹ്യവിജ്ഞാനം അപര്യാപ്തമെന്നും അന്തര്‍ജ്ഞാനം മുഖ്യമെന്നും തോന്നുമ്പോള്‍ മനുഷ്യമനസ്സ് അന്തരാത്മാവിലേക്ക് ആത്മാനുഭവത്തിനായി ശ്രമിക്കുന്നു. കേന്ദ്രീയ സീമകളെ അതിലംഘിച്ചാലേ, മനസ്സിനെ ജയിച്ചാലേ, ലക്ഷ്യത്തിലെത്തുകയുള്ളൂ. അറിവ് ഉള്ളിലാണ്. അത് സാക്ഷാത്കരിക്കണം. അതിന് നിരന്തരമായ ധ്യാനം വേണം. ഏകാഗ്രത കാറ്റില്ലാത്തിടത്തു കത്തുന്ന ദീപം പോലെ തെളിഞ്ഞു കത്തണം. ചപലമായ അന്തഃകരണം ശാന്തമാകണം. ഇന്ദ്രിയങ്ങള്‍ പ്രാപഞ്ചിക വിഷയഭോഗങ്ങള്‍ക്കു വിധേയമായി നാദ രൂപ രസ ഗന്ധ സ്പര്‍ശാദികളാല്‍ വശീകരിക്കപ്പെടുന്നു. ഇവിടെ മനസ്സ് പ്രഗ്രഹമായി (കടിഞ്ഞാണായി) ഇന്ദ്രിയങ്ങളാകുന്ന അശ്വങ്ങളെ നേര്‍വഴിക്ക് നയിക്കുകതന്നെ വേണം. ഭഗവദ്ഗീതയില്‍ അര്‍ജുനന്‍ ഇപ്രകാരം പറയുന്നു:

'ചഞ്ചലം ഹി മനഃ കൃഷ്ണ

പ്രമാഥി ബലവദ് ദൃഢം

തസ്യാഹം നിഗ്രഹം മന്യേ

വായോരിവ സുദുഷ്കരം'

(മനസ്സ് സദാ ചഞ്ചലം. സദാഗതിയായ വായുവിനെ ബന്ധിക്കുന്നതുപോലെ ദുഷ്കരം. വായുവിനെപ്പോലെ പ്രബലമാണ് മനോവൃത്തികളും).

  ഈ മനസ്സംയമ യോഗത്തെക്കുറിച്ച് ഗീതയും ഉപനിഷത്തുകളും ഉറപ്പിച്ചു പറയുന്നു. കഠോപനിഷത്തിലെ രഥരൂപകം അതിപ്രസിദ്ധമാണ്.
  	'ആത്മാനം രഥിനം വിദ്ധി

ശരീരം രഥമേവച

ബുദ്ധിം തു സാരഥിം വിദ്ധി

മനഃ പ്രഗ്രഹമേവ ച

ഇന്ദ്രിയാണി ഹയാന്യാഹുഃ

വിഷയാംസ്തേഷു ഗോചരാന്‍'

(ശരീരം രഥം. ആത്മാവാണ് രഥി. ബുദ്ധി സാരഥി. മനസ്സ് കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങള്‍ കുതിരകള്‍. ലൌകികവിഷയങ്ങള്‍ രഥവീഥികളാണ്. മനോജയമാണ് മഹാ ജയം. ചപലമായ അന്തഃകരണത്തെ ജയിക്കുക ക്ഷിപ്രസാധ്യമല്ല. ഇക്കാണുന്ന സമസ്തവും നശ്വരം എന്നു മനസ്സിനെ പഠിപ്പിക്കണം). അധ്യാത്മയാത്രയില്‍ മനോജയവും ഇന്ദ്രിയനിഗ്രഹവും അത്യന്താപേക്ഷിതമാണ്.

  ധ്യാനം ചെയ്യണ്ടേത് ഇപ്രകാരമാണ്: 'രഹസിസ്ഥിത'നായി (രഹസ്യമായി ഇരുന്ന്) ഏകാന്തമായി ധ്യാനം ചെയ്യുക. ശുചിയായ സ്ഥലം. സ്ഥിരവും സുഖകരവുമായ ആസനം. നിവര്‍ന്നിരിക്കണം-ഉള്ളിലെ മഹാശക്തി തടസ്സമില്ലാതെ മേലോട്ടുയരണമെങ്കില്‍. 'സമം കായ ശിരോ ഗ്രീവം ധാരയന്നചലം സ്ഥിരഃ' എന്നാണ്. നേരെ നോക്കണം. ദൃഷ്ടി നാസികാഗ്രത്തില്‍ നിര്‍ത്തണമെന്നു പറയുന്നത് പരമാത്മ ചിന്തയില്‍ മനസ്സ് ഏകാഗ്രമാക്കണം എന്ന അര്‍ഥത്തിലാണ്. അസ്ഥിരമായി ഓടുന്ന മനസ്സിനെ പിന്‍വലിച്ച് പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരണം. 
  ധ്യാനം അധ്യാത്മ സാധനയാണ്. സാധകന്‍ ധ്യാനസപര്യയിലേക്കു തിരിയുമ്പോള്‍, സഗുണരൂപം ധ്യാനവിഷയമെങ്കില്‍ അത് ഉള്ളിലുറപ്പിക്കാന്‍ ഭാവനാപ്രവാഹം ആ രൂപത്തിലേക്ക് ഒഴുകിയെത്തണം. പ്രാരംഭത്തില്‍ ധ്യാനാനുഭൂതി ലഭ്യമാകണമെന്നില്ല. നിരന്തര പ്രയ്തനത്തിലൂടെ മാത്രമേ അതു കൈവരികയുള്ളൂ. ബലാത്കാരമായിരിക്കരുത് ധ്യാനം. മനസ്സിനെ ഒരു ഉറ്റബന്ധുവാക്കണം. ആദ്യമാദ്യം പ്രയാസകരമെന്നു തോന്നുന്ന ധ്യാനം പിന്നെ അനായാസമാകും. മനുഷ്യന്റെ ഉള്ളില്‍ ശക്തി സംഭൃതമാണ്. അദ്ഭുതകരമായ പ്രജ്ഞാപ്രഭാവവുമുണ്ട്. അത് വേണ്ടവിധത്തില്‍ സാധ്യമാക്കണം. അവനവന്‍ തന്നെയാണ് അതു ചെയ്യേണ്ടത്. ധ്യാനം പ്രീതിപൂര്‍വകമായിരിക്കണം. ധ്യാനം ഭാരമാകരുത്. ഏകാന്ത ധ്യാനപരിശീലനം ബുദ്ധിയെ തേജോജ്ജ്വലമാക്കും- 'ബുദ്ധ്യാ ധൃതിഗൃഹീതയാ'- ധൈര്യത്തോടു

കൂടിയ ബുദ്ധികൊണ്ട് മനസ്സിനെ സ്വാധീനമാക്കി അന്തരാത്മാവില്‍ ബന്ധിക്കണം. ബലഹീനനായവന് ഈ അവസ്ഥ അപ്രാപ്യമാണ്. അഭ്യാസ യോഗത്താല്‍ മനസ്സിനെ ഒരേ ഒരു ലക്ഷ്യത്തില്‍ നിരന്തര പ്രയ്തനം കൊണ്ട് ഉറപ്പിക്കണം. ചിത്തവൃത്തിനിരോധവും തീവ്രതരമായ പ്രയത്നവും ചിത്തം ശുദ്ധമാക്കും. ധ്യാനാനുകൂല്യം കൈവരുത്തും. അതുകൊണ്ടാണ്, ബുദ്ധിയുടെ അവ്യാഹതപ്രവാഹം എന്ന് ധ്യാനത്തിനു പതഞ്ജലി മഹര്‍ഷി നിര്‍വചനം നല്കുന്നത്.

  മനുഷ്യനിലുള്ള അതിശയകരമായ അപരിമിതിയുടെ അനുഭവമാണ് അതീന്ദ്രിയ ധ്യാനത്തിലൂടെ കരഗതമാകുന്നത്. ഈ ജീവിതത്തില്‍ത്തന്നെ ഉള്ളിലുള്ള പരമോന്നത സത്യത്തെ വികസിപ്പിക്കുന്ന ധ്യാനമാണിത്. ബുദ്ധിയുടെ അനുഗ്രഹത്തിലുപരി, നിഗൂഢമായ അന്തരംഗത്തില്‍ സുപ്തമായി കിടക്കുന്ന ഈ ഊര്‍ജപ്രവാഹഗതിയെ ഉണര്‍ത്തി ഈ പ്രപഞ്ചത്തിലൊരംശമാണ് മനുഷ്യനെന്ന ബോധം ധ്യാനത്തിലൂടെ കൈവരിക്കുന്നു. 
  മനനത്തിന് പുസ്തകങ്ങള്‍ പലപ്പോഴും സഹായകമാണ്. വായിക്കുന്നതിനെപ്പറ്റി ധ്യാനിക്കുന്നത് അതിനെ സ്വാംശീകരിച്ച് പ്രാവര്‍ത്തികമാക്കുന്നതിലേക്കു നയിക്കുന്നു. ഇവിടെ മറ്റൊരു പുസ്തകം തുറക്കപ്പെടുന്നു-ജീവിതമാകുന്ന പുസ്തകം. ചിന്തകളില്‍നിന്ന് യഥാര്‍ഥ്യങ്ങളിലേക്കു കടക്കുന്നു. നമ്മുടെ വിനയത്തിന്റെയും വിശ്വാസത്തിന്റെയും തോതനുസരിച്ച് ഹൃദയത്തെ ഇളക്കുന്ന ചലനങ്ങള്‍ കണ്ടെത്താനും അവയെ വിവേചിച്ചറിയാനും സാധിക്കും. എത്ര ആധ്യാത്മിക ഗുരുക്കന്മാരുണ്ടോ അത്രയും വൈവിധ്യമാര്‍ന്ന ധ്യാനരീതികളുമുണ്ട്. പക്ഷേ ഒരു രീതി, ഒരു വഴികാട്ടി മാത്രമാണ്.
   ക്രിസ്തുമതത്തിന്റെ ഉദ്ബോധനപ്രകാരം യേശുവാകുന്ന ഏകമാര്‍ഗത്തിലൂടെ പരിശുദ്ധാത്മാവിനോടൊപ്പം മുന്നേറുക എന്നതാണ് സര്‍വപ്രധാനം. ചിന്ത, ഭാവന, വികാരം, അഭിലാഷം എന്നിവയ്ക്ക് ധ്യാനത്തില്‍ പങ്കുണ്ടായിരിക്കണം. ഇവയുടെ സമന്വയം നമ്മുടെ വിശ്വാസബോധ്യങ്ങളെ ആഴപ്പെടുത്താനും ഹൃദയങ്ങള്‍ പരിവര്‍ത്തനവിധേയമാക്കാനും ഈശ്വരനെ പിന്തുടരുവാനുമുള്ള നമ്മുടെ തീരുമാനത്തെ ബലപ്പെടുത്തുവാനും അവശ്യമാണ്.
  ധ്യാനയോഗ പ്രാര്‍ഥന(ഇീിലാുേഹമശീിേ)യെപ്പറ്റി വിശുദ്ധ അമ്മത്രേസ്യ പറയുന്നു: 'മാനസിക പ്രാര്‍ഥന സൌഹൃദത്തിന്റെ പങ്കുവയ്ക്കലല്ലാതെ മറ്റൊന്നുമല്ല'. എന്റെ ആത്മാവ് സ്നേഹിക്കുന്നവനെ തേടുന്നതാണ് ധ്യാനാത്മക പ്രാര്‍ഥന'. ധ്യാനയോഗ പ്രാര്‍ഥനയുടെ സമയവും ദൈര്‍ഘ്യവും ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന മനസ്സിന്റെ ഉറച്ച തീരുമാനത്തെ ആശ്രയിച്ചിരിക്കുന്നു.
  മനസ്സിനെ ഏകാഗ്രമാക്കിവയ്ക്കാനും ചിന്തിക്കാനും കഴിവുണ്ടാക്കുന്നു എന്നതാണ് ധ്യാനത്തിന്റെ പ്രയോജനം.

(ഫാദര്‍ മാത്യു പുളിക്കല്‍, സുലോചനാ നായര്‍, സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍