This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധര്‍മസൂത്രങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ധര്‍മസൂത്രങ്ങള്‍ കല്പസൂത്രങ്ങളുടെ മൂന്നാമത്തെ വിഭാഗം. ശിക്ഷ, കല്പം, ...)
അടുത്ത വ്യത്യാസം →
09:26, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധര്‍മസൂത്രങ്ങള്‍
കല്പസൂത്രങ്ങളുടെ മൂന്നാമത്തെ വിഭാഗം. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയാണ് പ്രാചീന കാലത്തെ ആറ് ശാസ്ത്രങ്ങള്‍. ഇവയില്‍ കല്പം സൂത്രരൂപത്തിലാണ് രചിക്കപ്പെട്ടത്. യാഗസംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രാഹ്മണങ്ങളില്‍നിന്നാണ് കല്പസൂത്രങ്ങള്‍ രൂപംകൊണ്ടത്. യാഗവിധികളെ ആധാരമാക്കിയുള്ള ക്രിയാപദ്ധതികളാണ് കല്പസൂത്രത്തിന്റെ വിഷയം. ശ്രൌതസൂത്രം, ഗൃഹ്യസൂത്രം, ധര്‍മസൂത്രം എന്നീ മൂന്ന് വിഭാഗങ്ങള്‍ അതിനുണ്ട്. ശ്രൌതസൂത്രത്തില്‍ യാഗങ്ങളുടെ വിവരണവും വിധി നിയമങ്ങളും അടങ്ങിയിരിക്കുന്നു. ഇതിന് അടിസ്ഥാനം ബ്രാഹ്മണങ്ങളാണ്. ആശ്വലായനം, സാംഖ്യായനം, ഖാദിരം, ഗോഫിനം തുടങ്ങി ശ്രൌതസൂത്രങ്ങള്‍ പലതുണ്ട്. ഗൃഹകര്‍മവിധികളാണ് ഗൃഹ്യസൂത്രത്തില്‍. കല്പസൂത്രങ്ങളുടെ മൂന്നാമത്തെ വിഭാഗമായ ധര്‍മസൂത്രത്തില്‍ ആചാരം, വ്യവഹാരം, പ്രായശ്ചിത്തം തുടങ്ങിയ വിവിധ വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു. ധര്‍മസൂത്രങ്ങളുടെ രചയിതാക്കള്‍ ആപസ്തംബന്‍, ബോധായനന്‍, ഗൌതമന്‍, വസിഷ്ഠന്‍, വൈഖാനസന്‍ തുടങ്ങിയ ആചാര്യന്മാരാണ്. ധര്‍മസൂത്രങ്ങള്‍ ക്രിസ്തുവിനുമുമ്പ് ആറാം ശതകത്തിനും രണ്ടാം ശതകത്തിനും മധ്യേ ആണ് രചിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുധര്‍മ നിയമങ്ങളുടെ ആധികാരിക രേഖകളായി ഇവയെ കണക്കാക്കുന്നു. ഗൌതമസൂത്രം, ബൌധായനസൂത്രം, വസിഷ്ഠസൂത്രം എന്നിവയ്ക്ക് ബുദ്ധമത ഗ്രന്ഥങ്ങളെക്കാള്‍ പഴക്കമുണ്ടെന്ന് എ.എല്‍. ബാഷാം എന്ന ഗവേഷകന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭാരതത്തിന്റെ പശ്ചിമഭാഗത്താണ് ഇവയുടെ രചന നടന്നിട്ടുള്ളത്. ആപസ്തംബസൂത്രം വടക്കന്‍ ഡക്കാനിലാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം അനുമാനിക്കുന്നു. ഗദ്യരൂപത്തിലുള്ള സൂത്രഗ്രന്ഥങ്ങളുടെ പദ്യരൂപത്തിലുള്ള വ്യാഖ്യാനമാണ് മാനവധര്‍മശാസ്ത്രം എന്നുകൂടി വിളിക്കപ്പെടുന്ന മനുസ്മൃതി. ഇതിന്റെ കാലം എ.ഡി. മൂന്നാം ശതകമാണ്. പില്ക്കാലത്ത് യാജ്ഞവല്ക്യന്‍, വിഷ്ണു, നാരദന്‍ തുടങ്ങിയവരും ഇത്തരം സ്മൃതിഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
ധര്‍മസൂത്രഗ്രന്ഥങ്ങളില്‍ ധര്‍മാചരണത്തിന്റെ വിവിധ രീതികള്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ഉപനയനം, വിവാഹം, ശ്രാദ്ധം, പഞ്ചമഹായജ്ഞങ്ങള്‍ എന്നിവ മാത്രമല്ല, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും ദാര്‍ശനികവുമായ വിഷയങ്ങളും ഇവയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളെ വര്‍ണ ധര്‍മം, ആശ്രമ ധര്‍മം, നൈമിത്തിക ധര്‍മം എന്നിങ്ങനെ മുഖ്യമായി മൂന്നായി തിരിക്കാം.
1. വര്‍ണ ധര്‍മം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ നാല് വര്‍ണങ്ങള്‍, മറ്റു ജാതികള്‍, ഉപജാതികള്‍, ഓരോ ജാതിയിലുള്ളവരുടെയും കടമകളും ജോലികളും എന്നിവയുടെ ആകെത്തുകയാണ് വര്‍ണധര്‍മം. പൌരോഹിത്യം, വേദാധ്യയനം, മന്ത്രതന്ത്രങ്ങള്‍, പൂജാവിധികള്‍ എന്നിവയാണ് ബ്രാഹ്മണന് വിധിച്ചിരുന്നത്. ശിക്ഷാക്രമം, നികുതി ചുമത്തല്‍, നീതിന്യായം, ഭരണ സമ്പ്രദായം, യുദ്ധതന്ത്രങ്ങള്‍ എന്നിവയാണ് ക്ഷത്രിയര്‍ക്കു വിധിച്ചിരുന്ന വകുപ്പുകള്‍. വൈശ്യന് കച്ചവടവും കൃഷിയും ശൂദ്രന് സേവാവൃത്തിയും വിധിക്കപ്പെട്ടിരുന്നു.
2. ആശ്രമ ധര്‍മം. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് ആശ്രമങ്ങള്‍. ഉപനയനം, ഇന്ദ്രിയ നിഗ്രഹം, അധ്യയനം, വ്രതാനുഷ്ഠാനം എന്നിവയാണ് ബ്രഹ്മചര്യ ധര്‍മങ്ങള്‍. ഗുരുകുലത്തില്‍ താമസിച്ചാണ് ബ്രഹ്മചാരികള്‍ വേദപുരാണാദികള്‍ അഭ്യസിച്ചിരുന്നത്. അച്ചടക്കം നിര്‍ബന്ധമായിരുന്നു അക്കാലത്ത്. ഗുരുവിനെ ധിക്കരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷകളും വിധിക്കപ്പെട്ടിരുന്നു.
സമാവര്‍ത്തനം കഴിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ സ്നാതകരാവുകയും ഗുരുദക്ഷിണ നല്കി സ്വഗൃഹങ്ങളിലേക്കു മടങ്ങുകയും ചെയ്യുന്നു. പിന്നീട് യഥാവിധി വിവാഹം കഴിച്ച് ഗൃഹസ്ഥ ജീവിതം നയിക്കാം. ദാനധര്‍മങ്ങള്‍ നടത്തുക ഗൃഹസ്ഥന്റെ കടമയാണ്. വിവാഹനിയമങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ ചുമതലകള്‍, പുത്രധര്‍മം, പിന്‍തുടര്‍ച്ചാവകാശം, പിതൃകര്‍മാനുഷ്ഠാനങ്ങള്‍ എന്നിവയെപ്പറ്റി ധര്‍മസൂത്രങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. രാജ്യഭരണം, ഗൃഹഭരണം എന്നിവ പുത്രനെ ഏല്പിച്ചിട്ട് തനിച്ചോ ഭാര്യാസമേതനായിട്ടോ വനത്തില്‍ ചെന്ന് ശാന്തവും ഏകാന്തവും പ്രാര്‍ഥനാനിരതവുമായ ജീവിതം നയിക്കലാണ് വാനപ്രസ്ഥം. വാനപ്രസ്ഥ ജീവിതത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ധര്‍മസൂത്രത്തില്‍ വിവരിക്കുന്നുണ്ട്. ഒടുവില്‍ ലൌകിക ജീവിതം ഉപേക്ഷിച്ച് സര്‍വസംഗപരിത്യാഗിയായി കഴിയുന്ന കാലമാണ് സന്ന്യാസം. സന്ന്യാസികളുടെ കര്‍മങ്ങളെയും ധര്‍മങ്ങളെയും പറ്റി ധര്‍മസൂത്രങ്ങള്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്കുന്നുണ്ട്.
3. നൈമിത്തിക ധര്‍മം. പാപപുണ്യങ്ങളെ ഇവിടെ സനിഷ്
കര്‍ഷം തരംതിരിച്ചിരിക്കുന്നു. പാപപരിഹാരക്രിയകള്‍, ആശൌചനിയമങ്ങള്‍, അനാചാരങ്ങള്‍, ഭക്ഷണവിധികള്‍ തുങ്ങിയവയാണ് ഈ വകുപ്പില്‍പ്പെടുന്നത്. മരണാനന്തരജീവിതം, ആത്മസ്വരൂപം, മോക്ഷോപായങ്ങള്‍ എന്നിവയും ഇവിടെ ചര്‍ച്ചാവിഷയങ്ങളാണ്. വേദങ്ങളുടെയും ബ്രാഹ്മണങ്ങളുടെയും വിശദീകരണങ്ങളോ പൂരണങ്ങളോ ആണ് ധര്‍മസൂത്രങ്ങളില്‍ ഏറിയകൂറും.
പ്രധാനപ്പെട്ട ധര്‍മസൂത്രങ്ങള്‍.
ശ. ആപസ്തംബസൂത്രം. സ്മാര്‍ത്തധര്‍മങ്ങള്‍ അഥവാ സമയാ
ചാരികധര്‍മങ്ങള്‍ എന്നാണ് ആപസ്തംബന്‍ തന്റെ സൂത്രങ്ങളെ വിളിക്കുന്നത്. ഇദ്ദേഹം ദാക്ഷിണാത്യനാണെന്ന് ഡോ. ബ്യൂളര്‍ അഭിപ്രായപ്പെടുന്നു. ഇതിലെ ആചാരങ്ങള്‍ ദക്ഷിണദേശീയരാണ് കൂടുതലായി അനുഷ്ഠിക്കുന്നത് എന്നതാണ് കാരണം. ഉത്തരദേശീയരുടെ ആചാരങ്ങളെ ആപസ്തംബന്‍ അല്പം താഴ്ത്തിപ്പറയുന്നുണ്ട് എന്നത് മറ്റൊരു കാരണമാണ്. മറ്റു ചിലര്‍ പറയുന്നത് അദ്ദേഹം കുരുപാഞ്ചാല ദേശീയനാണെന്നാണ്. ഈ ദേശങ്ങള്‍ സൂത്രകാരന് കൂടുതല്‍ പരിചിതമാണെന്നതിന് ഗ്രന്ഥത്തില്‍ തെളിവുകളുണ്ട്.
ശശ. ബൌധായനസൂത്രം. ബൌധായനകൃതമായ ഈ ഗ്രന്ഥം, കൃഷ്ണയജുര്‍വേദത്തെ ആധാരമാക്കി രചിച്ച മറ്റു സൂത്ര സമാഹാരങ്ങളെക്കാള്‍ പ്രാചീനമാണ്. എങ്കിലും മറ്റു ചില ആചാര്യന്മാരെപ്പറ്റി ഇതില്‍ പരാമര്‍ശമുള്ളതിനാല്‍ പ്രാചീനതയില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഇതില്‍ വര്‍ണാശ്രമധര്‍മം, തപോവിധികള്‍, ശുഭകര്‍മങ്ങള്‍, ദണ്ഡനീതി, സാക്ഷിധര്‍മം തുടങ്ങി പൊതുപ്രാധാന്യമുള്ള പല കാര്യങ്ങളും ചര്‍ച്ചചെയ്യപ്പെടുന്നു. ഇതില്‍ കാണുന്ന പദ്യമയമായ ഭാഗം പില്ക്കാലത്ത് ആരോ കൂട്ടിച്ചേര്‍ത്തതാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
ശശശ. വസിഷ്ഠധര്‍മസൂത്രം. വസിഷ്ഠന്‍ എന്ന ആചാര്യന്‍ രചിച്ച ഗദ്യപദ്യമയമായ ഈ ഗ്രന്ഥത്തിന് മുപ്പത് അധ്യായങ്ങളുണ്ട്. പില്ക്കാലത്തുണ്ടായ ധര്‍മശാസ്ത്രങ്ങള്‍ ഈ ആചാര്യന്റെ പ്രാമാണികതയെ സര്‍വാത്മനാ അംഗീകരിച്ചിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും ആചാരങ്ങളിലും നിയമങ്ങളിലും മാറ്റമുണ്ടായതാണ് പുതിയ സൂത്രകാരന്മാരുടെ രംഗപ്രവേശത്തിനു കാരണം. ഋഗ്വേദത്തിന്റെ അനുയായികളാണ് വസിഷ്ഠധര്‍മസൂത്രത്തെ കൂടുതലായി അനുവര്‍ത്തിക്കുന്നത് എന്ന് പ്രസിദ്ധ മീമാംസകനായ കുമാരിലഭട്ടന്‍ തന്ത്രവാര്‍ത്തികത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാജ്ഞവല്ക്യനും തന്റെ സ്മൃതിയില്‍ വസിഷ്ഠനെ ആദരപൂര്‍വം അനുസ്മരിക്കുന്നു. ആചാരമാണ് പരമമായ ധര്‍മമെന്നും ആചാരഹീനന്മാര്‍ക്ക് ഇഹത്തിലും പരത്തിലും ശാന്തിയുണ്ടാവുകയില്ലെന്നും വസിഷ്ഠന്‍ തറപ്പിച്ചു പറയുന്നുണ്ട്.
ശ്. വൈഖാനസധര്‍മസൂത്രം. വൈഖാനസന്‍ രചിച്ച ഈ ധര്‍മസൂത്രം, വൈഖാനസ ധര്‍മപ്രശ്നം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ കൃതിയില്‍ നിന്നുള്ള ഉദ്ധരണങ്ങള്‍ മനുസ്മൃതിയിലും മറ്റും ദൃശ്യമാണ്. വാനപ്രസ്ഥാശ്രമധര്‍മങ്ങളാണ് മുഖ്യമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. അതിനാലാകാം വൈഖാനസന്‍ എന്ന വാക്കിന് വാനപ്രസ്ഥന്‍ എന്ന് ചില നിഘണ്ടുക്കള്‍ അര്‍ഥം കൊടുത്തിരിക്കുന്നത്. അനുലോമ പ്രതിലോമ വിവാഹങ്ങള്‍, മിശ്രജാതിയില്‍ ജനിച്ച കുട്ടികള്‍ക്ക് നല്കേണ്ട ജോലികള്‍, അനാചാരങ്ങള്‍ എന്നിവയെപ്പറ്റിയും ഇതില്‍ വിവരണങ്ങള്‍ കാണാം.
്. വിഷ്ണുധര്‍മസൂത്രം. വിഷ്ണു എന്ന പേരില്‍ വിശ്രുതനായ ആചാര്യന്‍ രചിച്ച ഒരു ധര്‍മസംഹിതയാണിത്. ഇതില്‍ നൂറ് അധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു. സൂത്രങ്ങളും പദ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മനുസ്മൃതിയില്‍നിന്ന് 160 പദ്യങ്ങള്‍ ഇതില്‍ എടുത്തു ചേര്‍ത്തതായി കാണുന്നു.
്ശ. ഗൌതമധര്‍മസൂത്രം. സൂത്രസാഹിത്യരംഗത്ത് പ്രഥമസ്ഥാനാര്‍ഹമാണ് ഈ കൃതി. കൂടുതല്‍ പഴക്കവും പ്രാമാണ്യവും ഇതിന് അവകാശപ്പെട്ടതാണ്. സാമവേദാനുയായികള്‍ക്ക് അത്യന്തം ആരാധ്യമാണ് ഈ ഗ്രന്ഥം. ആകെ 28 അധ്യായങ്ങളുള്ള ഈ കൃതിയിലെ 26-ാം അധ്യായം മുഴുവന്‍ സാമവിധാന ബ്രാഹ്മണത്തില്‍നിന്ന് ഉദ്ധരിച്ചതാണ്. സാമവേദീയമായ രാണായനീയശാഖയുടെ ഒമ്പതു ചരണങ്ങളില്‍ ഒന്ന് ഗൌതമചരണം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗൌതമധര്‍മസൂത്രത്തിന് സാമവേദവുമായുള്ള ഗാഢബന്ധം മൂലം സാമവേദാനുയായികള്‍ക്ക് ഇത് ഒരു നിത്യപാരായണ ഗ്രന്ഥമായിത്തീര്‍ന്നു.
വൈദികസാഹിത്യത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന നെടുംതൂണുകളാണ് മേല്‍പരാമൃഷ്ടങ്ങളായ ധര്‍മസൂത്രഗ്രന്ഥങ്ങളെല്ലാം. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും അനുഷ്ഠിക്കേണ്ട ആചാരങ്ങളും അനുസരിക്കേണ്ട നിയമവ്യവസ്ഥകളുംകൊണ്ട് സമ്പന്നവും സര്‍വാദൃതവുമാണ് ധര്‍മസൂത്രസാഹിത്യം. ധര്‍മസൂത്രവ്യാഖ്യാതാവായ ഭൃഗുമുനി ധര്‍മത്തിനു നല്കുന്ന നിര്‍വചനം ഇപ്രകാരമാണ്:
'ധൃതിഃ ക്ഷമാ ദമോസ്തേയം ശൌചമിന്ദ്രിയനിഗ്രഹഃ
ധീര്‍വിദ്യാസത്യമക്രോധോ ദശകം ധര്‍മലക്ഷണം'
മനുസ്മൃതി: ഢക92
(ധൈര്യം, ക്ഷമ, അച്ചടക്കം, മോഷ്ടിക്കാതിരിക്കല്‍, ശരീരശുദ്ധി, ഇന്ദ്രിയനിഗ്രഹം, ബുദ്ധി, ജ്ഞാനം, സത്യം, കോപിക്കാതിരിക്കല്‍ എന്നീ പത്തിന്റെ ആകെത്തുകയത്രെ ധര്‍മം.)
(ഡോ. മാവേലിക്കര അച്യുതന്‍)