This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധര്‍മരാജാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ധര്‍മരാജാ മലയാള ചരിത്രാഖ്യായിക. സി.വി. രാമന്‍പിള്ള(1859-1922)യുടെ ചരിത്രാഖ...)
അടുത്ത വ്യത്യാസം →

09:25, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധര്‍മരാജാ

മലയാള ചരിത്രാഖ്യായിക. സി.വി. രാമന്‍പിള്ള(1859-1922)യുടെ ചരിത്രാഖ്യായികാത്രയത്തിലെ രണ്ടാമത്തെ കൃതിയാണ് ധര്‍മരാജാ. ആദ്യ കൃതിയായ മാര്‍ത്താണ്ഡവര്‍മ പ്രകാശിതമായതിനു ശേഷം 23 വര്‍ഷം കഴിഞ്ഞാണ് ധര്‍മരാജായുടെ പിറവി. ധര്‍മരാജാവ് (1724-1808), ഇളയ രാജാവ്, രാജാകേശവദാസന്‍, ഹൈദര്‍, ജനറല്‍ കുമാരന്‍തമ്പി എന്നിവരും, ഹൈദരാലി തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പുറപ്പെടുന്നുവെന്ന കാര്യവുമാണ് ഈ നോവലിലെ പ്രധാന ചരിത്രാംശം. മാര്‍ത്താണ്ഡവര്‍മയിലെ കഥാപാത്രങ്ങളില്‍ ചിലര്‍ ധര്‍മരാജായിലും, ധര്‍മരാജായിലെ കഥാപാത്രങ്ങളില്‍ ചിലര്‍ രാമരാജാബഹദൂറിലും കാലാനുസൃതമായ മാറ്റത്തോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. 1767-ലും 68-ലും (കൊ.വ. 942-ലും 943-ലും) നടക്കുന്ന സംഭവങ്ങളാണ് ധര്‍മരാജായിലെ പ്രധാന ചരിത്രാംശങ്ങളെങ്കിലും 1754 മുതലുള്ള തിരുവിതാംകൂര്‍ ചരിത്രം പശ്ചാത്തലമായുണ്ട്.

  എട്ടുവീട്ടില്‍ പിള്ളമാരെ കഴുവേറ്റിയും തൊറകേറ്റിയും 

ഉന്മൂലനം ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തെ നശിപ്പിക്കാനുള്ള ഉഗ്രഹരിപഞ്ചാനന്റെയും ശാന്തഹരിപഞ്ചാനന്റെയും പരിശ്രമങ്ങളുടെ ദയനീയ പരാജയമാണ് ധര്‍മരാജായിലെ പ്രധാന കഥാവസ്തു. അനന്ദമുദ്രമോതിരവുമായി ബന്ധപ്പെട്ടിട്ടുള്ള ഉപജാപങ്ങളില്‍ കുടുങ്ങി നീങ്ങുന്ന കഥ രാഷ്ട്രീയമായ കാരണങ്ങളാലും കലുഷമാകുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ ഖണ്ഗത്തില്‍നിന്നു രക്ഷപ്പെട്ട ത്രിപുരസുന്ദരിക്കുഞ്ഞമ്മ കഴക്കൂട്ടത്തു കുടുംബത്തിലെ ഉഗ്രന്‍പിള്ളയുടെ അനന്തിരവളും തേവന്‍ വിക്രമന്‍പിള്ളയുടെ സഹോദരിയുമാണ്. അവരുടെ ഭര്‍ത്താവായ കുട്ടിക്കോന്തിശ്ശനും മക്കളായ ത്രിവിക്രമന്‍, ജനാര്‍ദനന്‍, സാവിത്രി എന്നിവരും കഴുവേറ്റില്‍നിന്ന് രക്ഷപ്പെട്ടവരില്‍പ്പെടുന്നു. ത്രിവിക്രമനാണ് ഉഗ്രഹരിപഞ്ചാനനാകുന്നത്; ജനാര്‍ദനന്‍ ശാന്തഹരിപഞ്ചാനനും. കുട്ടിക്കോന്തിശ്ശന്റെ ശിക്ഷണത്തില്‍ ഇവര്‍ പ്രതികാരമൂര്‍ത്തികളായി വളര്‍ന്നു. തിരുവിതാംകൂര്‍ ആക്രമിക്കാനുള്ള ഹൈദരുടെ പരിശ്രമത്തില്‍ ഇവരും പങ്കാളികളാവുകയാണ്. ഇവര്‍ക്കൊപ്പം ചേര്‍ന്നവരില്‍ തിരുവിതാംകൂറിന്റെ മന്ത്രിപദം മോഹിക്കുന്ന കാളിഉടയാന്‍ ചന്ത്രക്കാരനും വ്യാമോഹിയായ കളപ്രാക്കോട്ടത്തമ്പിയും ഉണ്ട്. സാവിത്രിയുടെ മകളായ മീനാക്ഷിയുടെ കാമുകന്‍ കേശവന്‍കുഞ്ഞ് ഛിദ്രശക്തികളുടെ ഉപജാപത്തില്‍പ്പെട്ട് കൊലക്കുറ്റത്തിന് ഉത്തരവാദിയായിത്തീരുന്നു. കഴക്കൂട്ടത്തു കുടുംബത്തിന് അവകാശപ്പെട്ട നിധിയില്‍ കൊതിമൂത്ത് ഭൂതാവേശിതനെപ്പോലെയായ ചന്ത്രക്കാരന്‍

ചാമുണ്ഡിവിഗ്രഹംകൊണ്ട് കുപ്പശ്ശാരെ കാലപുരിക്കയച്ചതുപോലെയുള്ള നിരവധി സംഭവങ്ങള്‍ നിറഞ്ഞ കഥ ഇടയ്ക്കിടെ കെട്ടുപിണഞ്ഞും ഇഴപിരിഞ്ഞും അവസാനം രാജപക്ഷത്തിന്റെ ശ്രേയസ്സില്‍ അവസാനിക്കുന്നു.

  കേശവപിള്ളയുടെ തീവ്രപരിശ്രമംകൊണ്ട് ഹരിപഞ്ചാനനന്മാരുടെ രാജദ്രോഹപരിശ്രമങ്ങള്‍ ഫലവത്താകുന്നില്ല. ഉഗ്രന്‍ ശാന്തനെ വധിച്ചു. ശാന്തന്റെ ജഡവുമായി വെടിമരുന്നുപുരയില്‍ കടന്ന് തീകൊളുത്തി ഉഗ്രന്‍ ആത്മഹത്യ ചെയ്തു. മരുത്വാമലയിലെ കല്ലറയില്‍നിന്ന് കേശവന്‍കുഞ്ഞിനെ പവതിക്കൊച്ചിയും വൃദ്ധസിദ്ധനുംകൂടി രക്ഷിച്ചു. കേശവന്‍പിള്ളയുടെ അപേക്ഷയനുസരിച്ച് കളപ്രാക്കോട്ടു കുഞ്ചുത്തമ്പിക്ക് മഹാരാജാവ് മാപ്പു കൊടുക്കുകയും 'കണക്കുതമ്പി ചെമ്പകരാമന്‍' എന്ന പദവി നല്കുകയും ചെയ്തു. ധര്‍മരാജായിലെ കഥാപാത്രങ്ങളെല്ലാം തികഞ്ഞ വ്യക്തിത്വമുള്ളവരാണ്. അനുവാചകഹൃദയങ്ങളില്‍ തങ്ങിനില്ക്കാന്‍ പാകത്തിലുള്ള നാമധേയവും ഭാവഹാവാദികളുമാണ് ഓരോരുത്തര്‍ക്കുമുള്ളത്. അവരുടെ ഭാഷ പോലും വ്യത്യസ്തമാണ്. 

(ഇ. സര്‍ദാര്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍