This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധനികന്‍ (10 - 11 ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ധനികന്‍ (10 - 11 ശ.) സംസ്കൃത കവിയും വ്യാഖ്യാതാവും. ദശരൂപകം എന്ന പ്രശസ്ത നാട...)
അടുത്ത വ്യത്യാസം →

06:56, 6 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ധനികന്‍ (10 - 11 ശ.)

സംസ്കൃത കവിയും വ്യാഖ്യാതാവും. ദശരൂപകം എന്ന പ്രശസ്ത നാട്യശാസ്ത്രഗ്രന്ഥത്തിന്റെ വ്യാഖ്യാനമായി രചിച്ച അവലോകം (ദശരൂപകാവലോകം) എന്ന ഗ്രന്ഥമാണ് ധനികന് കാവ്യശാസ്ത്രരംഗത്ത് പ്രശസ്തി നല്കിയത്. ദശരൂപക രചയിതാവായ ധനഞ്ജയന്റെ സഹോദരനാണ് ധനികന്‍. ധ്വനികന്‍ എന്നും പേര് പരാമര്‍ശിക്കപ്പെടുന്നു. മുഞ്ജരാജാവായ ഉത്പലരാജന്റെ മഹാസാധ്യപാലന്‍ (ഒരു പ്രധാന കാര്യസ്ഥന്‍) ആയിരുന്നു ഇദ്ദേഹമെന്നും പരാമര്‍ശമുണ്ട്. പിതാവ് വിഷ്ണുവും പുത്രന്‍ വസന്താചാര്യനും ആയിരുന്നു. വസന്താചാര്യന് മുഞ്ജരാജാവ് പാരിതോഷികമായി 974-ല്‍ ഭൂമി പതിച്ചുനല്കിയതായി രേഖ കാണുന്നു. പദ്മഗുപ്തന്‍ 995-ല്‍ രചിച്ച ഒരു കൃതിയിലെ ഭാഗങ്ങള്‍ ദശരൂപകാവലോകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. 11-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തില്‍ ഭോജന്‍ സരസ്വതീകണ്ഠാഭരണത്തില്‍ ധനികന്റെ കൃതിയില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ധനികന്റെ കാലം 10-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 11-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധത്തിലും ആണ് എന്നു വ്യക്തമാകുന്നു. കാവ്യനിര്‍ണയം ആണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന കൃതി. ഉദാത്തരാഘവം, ഛലിതരാമം, പാണ്ഡവാനന്ദം, രാമാഭ്യുദയം, തരംഗദത്തം, പുഷ്പദൂഷിതകം എന്നിവയും ധനികന്‍ രചിച്ചതാകാം എന്നു പരാമര്‍ശമുണ്ട്.

  ദശരൂപകവും അവലോകവും ഏകകര്‍തൃകമാണെന്ന് ചില നിരൂപകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദശരൂപകവും ധനികരചിതമാകാമെന്ന് ഇവരില്‍ ചിലര്‍ കരുതുന്നു. എന്നാല്‍ വിദ്യാനാഥന്‍ എന്ന പില്ക്കാല കാവ്യശാസ്ത്രകാരന്‍ ധനഞ്ജയന്റെ ദശരൂപകത്തെ വിലയിരുത്തുന്ന സന്ദര്‍ഭത്തില്‍ അവലോക

ത്തെപ്പറ്റി പരാമര്‍ശിക്കാതിരിക്കുന്നതും ശാര്‍ങ്ഗധരന്‍ എന്ന പണ്ഡിതന്‍ അവലോകത്തില്‍ നിന്ന് ഉദ്ധരിക്കുകയും ആ ഭാഗം ധ്വനികകൃതമാണെന്നു പറയുകയും ചെയ്യുന്നതും ദശരൂപകവും അവലോകവും ഏകകര്‍തൃകമല്ല എന്ന ഭൂരിഭാഗം പണ്ഡിതന്മാരുടെയും മതത്തെ സാധൂകരിക്കുന്നു.

  കാവ്യാസ്വാദനത്തെ വിശകലനം ചെയ്യുന്ന ധനികന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. താത്പര്യശക്തി എന്ന ഘടകമാണ് കാവ്യാസ്വാദനത്തിന്റെ പ്രധാന തത്ത്വമായി അവതരിപ്പിക്കുന്നത്. ശ്രോതാവിന് അഥവാ നാടകാദികളുടെ ആസ്വാദകന് വാക്യാര്‍ഥജ്ഞാനവും വിഭാവാദികളുടെ ഗ്രഹണവും മാത്രമല്ല, അതിനനുസരിച്ച് പ്രവര്‍ത്തനത്തിനു പ്രചോദനവും ലഭിക്കുന്നു എന്നതാണ് ഈ തത്ത്വത്തിന്റെ കാതല്‍. ധ്വനിതത്ത്വത്തിന്റെ പ്രഭാവം കാവ്യശാസ്ത്രരംഗത്തെ കീഴടക്കിയ കാലത്തും ധനികന്റെ താത്പര്യ ശക്തിയുടെ പര്യാലോചനയ്ക്ക് സഹൃദയശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. താത്പര്യശക്തിയിലൂടെ ഭാവകമായി മാറുന്ന കാവ്യവും രസവും തമ്മില്‍ ഭാവകഭാവ്യഭാവമാണ്, വ്യംഗ്യവ്യഞ്ജക ഭാവമല്ല എന്നാണ് ധനികന്‍ നിര്‍ദേശിക്കുന്നത്. അവലോകത്തില്‍ സ്വന്തം കൃതിയായ കാവ്യനിര്‍ണയത്തില്‍നിന്ന് പദ്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍