This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശായി, മൊറാര്‍ജി (1896 - 1995)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: ദേശായി, മൊറാര്‍ജി (1896 - 1995) ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രി. 81-ാം വയസ്സില്‍...)
അടുത്ത വ്യത്യാസം →

09:49, 3 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദേശായി, മൊറാര്‍ജി (1896 - 1995)

ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രി. 81-ാം വയസ്സില്‍ പ്രധാനമന്ത്രി പദത്തിലെത്തിയ മൊറാര്‍ജി ദേശായി ഈ പദവിയിലെത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. തെക്കന്‍ ഗുജറാത്തിലെ ബുല്‍സാറിനു സമീപമുള്ള ഭദേലി ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തില്‍ 1896 ഫെ. 29-ന് ജനിച്ചു. അധ്യാപകനായിരുന്ന രഞ്ചോദ്ജി ദേശായിയുടെയും വിജയാ ബെന്നി(മണി ബെന്‍)ന്റെയും പുത്രനാണ് ഇദ്ദേഹം. ഭദേലിയിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം പിതാവിന്റെ ജോലിസ്ഥലമായ ഭവനഗറിലേക്ക് പഠനം മാറ്റേണ്ടിവന്നു. പിന്നീട് ബുല്‍സാറിലെ സ്കൂളിലെത്തി. അന്നത്തെ നാട്ടുനടപ്പനുസരിച്ച് 15-ാം വയസ്സില്‍ ഇദ്ദേഹം വിവാഹിതനായി. 16-ാം വയസ്സില്‍ മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചു. ഉപരിപഠനത്തിനായി മുംബൈയിലെ വില്‍സന്‍ കോളജില്‍ ചേര്‍ന്ന ഇദ്ദേഹം 1917-ല്‍ ബിരുദം നേടി. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. 1918 മേയില്‍ അഹമ്മദാബാദിലെ ഡെപ്യൂട്ടി കളക്റ്ററായി മൊറാര്‍ജി നിയമിതനായി. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യക്കാരനു ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗങ്ങളിലൊന്നായിരുന്നു ഇത്. ദേശീയ പ്രവര്‍ത്തനങ്ങളിലുള്ള താത്പര്യം മൂലം 1930 മേയില്‍ സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ച് ഇദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങി.

  കോണ്‍ഗ്രസ്സില്‍ അംഗമായി നികുതിനിഷേധ സമരത്തില്‍    പങ്കാളിയായ മൊറാര്‍ജി ഗുജറാത്തിലെ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് കൃഷിക്കാരെ സമരത്തിനു സന്നദ്ധരാക്കാന്‍ യത്നിച്ചു. ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന മൊറാര്‍ജിയെ    അറസ്റ്റ് ചെയ്ത് മൂന്നുമാസത്തെ തടവിനു ശിക്ഷിച്ചു. സബര്‍മതി ജയിലില്‍നിന്നു മോചിതനായ ഇദ്ദേഹം വീണ്ടും കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ഗുജറാത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഇദ്ദേഹം യത്നിച്ചുപോന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയുണ്ടായി.
  മൊറാര്‍ജി 1936-ല്‍ ബോംബെ ലെജിസ്ളേറ്റിവ് അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1937-ല്‍ ബോംബെ സംസ്ഥാനത്തിലെ റവന്യൂ മന്ത്രിയായി. ബി.ജി.ഖെര്‍ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. 1939 ന.-ല്‍ ഈ മന്ത്രിസഭ രാജിവച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനായി ഗുജറാത്തിന്റെ മിക്ക ഭാഗങ്ങളും സന്ദര്‍ശിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ വീണ്ടും ഇദ്ദേഹം അറസ്റ്റിലായി. 1946-ലെ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ഖെര്‍ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ മൊറാര്‍ജി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി നിയമിക്കപ്പെട്ടു. ഇന്ത്യ സ്വതന്ത്രയായ അവസരത്തില്‍ ഇദ്ദേഹം ഖെര്‍ മന്ത്രിസഭയിലെ അംഗമായിരുന്നു.
   1950-കളായപ്പോഴേക്കും മൊറാര്‍ജി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെയും പാര്‍ലമെന്ററി ബോര്‍ഡിലെയും പ്രധാനപ്പെട്ട അംഗങ്ങളിലൊരാളായി ഉയര്‍ന്നുകഴിഞ്ഞിരുന്നു. ഖെര്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറിയശേഷം മൊറാര്‍ജി 1952-ല്‍ ബോംബെ മുഖ്യമന്ത്രിയായി. ഭാഷ അടിസ്ഥാനമാക്കിയുള്ള സംസ്ഥാന പുനഃസംഘടനയെ ഇദ്ദേഹം എതിര്‍ത്തിരുന്നു. 1956-ല്‍ ഇദ്ദേഹം മുഖ്യമന്ത്രിപദം ഒഴിഞ്ഞു. പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ അംഗമാകുവാന്‍ അവസരമുണ്ടായി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മന്ത്രിസഭയില്‍ മൊറാര്‍ജി 1956 ന.-ല്‍ വ്യവസായ-വാണിജ്യ വകുപ്പുകളുടെ മന്ത്രിയായി. 1958 മാ. വരെ ഈ പദവിയില്‍ തുടര്‍ന്നതിനുശേഷം ധനകാര്യമന്ത്രിയായി നിയമിതനായി. 1962-ലെ തെരഞ്ഞെടുപ്പിനുശേഷവും ഇദ്ദേഹത്തിന് ധനമന്ത്രിയായി തുടരാന്‍ കഴിഞ്ഞു. നെഹ്റുവിന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രിപദത്തില്‍ ഇദ്ദേഹം എത്തുമെന്ന പ്രചരണവും ഇക്കാലത്തോടെ പ്രബലമായി. ഭാരതീയര്‍ക്ക് സ്വര്‍ണത്തോടുള്ള അമിത ഭ്രമം നിയന്ത്രിക്കാനുദ്ദേശിച്ച് ഇദ്ദേഹം കൊണ്ടുവന്ന സ്വര്‍ണ നിയന്ത്രണ പരിപാടി അക്കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. കാമരാജ് പദ്ധതിയനുസരിച്ച് മൊറാര്‍ജി 1963-ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. അതിനുശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. പിന്നീട് ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഇദ്ദേഹം ഉപ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായി അധികാരമേറ്റു. പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതമൂലം 1969 ജൂല.-ല്‍ ഇദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. ഇതോടെ കോണ്‍ഗ്രസ്സില്‍ ഭിന്നിപ്പുണ്ടായി. മൊറാര്‍ജി സംഘടനാ കോണ്‍ഗ്രസ്സിലേക്കു മാറി.
  പാര്‍ലമെന്റിലേക്ക് 1971-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മൊറാര്‍ജി തെരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സംഘടനാ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കി. ജയപ്രകാശ് നാരായണ്‍ നേതൃത്വം നല്കിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടാനും മൊറാര്‍ജിക്ക് അവസരം ലഭിച്ചു. ഗുജറാത്തില്‍ രാഷ്ട്രപതിഭരണം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച് വിജയത്തിലെത്തിക്കാന്‍ (1975) മൊറാര്‍ജിക്കു സാധിച്ചു.
   1975-ല്‍ ഇന്ദിരാഗാന്ധിക്കെതിരായുണ്ടായ അലാഹാബാദ് ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അവര്‍ പ്രധാനമന്ത്രിപദം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന്റെ നേതൃനിരയില്‍ മൊറാര്‍ജിയുമുണ്ടായിരുന്നു. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇദ്ദേഹം അറസ്റ്റിലായി. 1977 ജനു.-ല്‍ മോചിപ്പിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ ജനതാപാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയുടെ രൂപവത്കരണത്തിന് മൊറാര്‍ജിയും നേതൃത്വം വഹിച്ചിരുന്നു. 1977 മാ.-ല്‍ നടന്ന 

തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കരസ്ഥമാക്കിയ ജനതാപാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായുണ്ടായ കോണ്‍ഗ്രസ്സേതര മന്ത്രിസഭയായിരുന്നു ഇത്. രണ്ടുവര്‍ഷത്തിനുള്ളില്‍ അന്തഃഛിദ്രംമൂലം ജനതാപാര്‍ട്ടിയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. മൊറാര്‍ജിക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം പാസ്സായതിനെത്തുടര്‍ന്ന് ഇദ്ദേഹം 1979 ജൂല. 19-ന് പ്രധാനമന്ത്രിപദം രാജിവച്ചു. പിന്നീട് രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങിയ മൊറാര്‍ജി ദേശായി മുംബൈയില്‍ വിശ്രമജീവിതം നയിക്കുകയാണുണ്ടായത്. പാകിസ്താനിലെ 'നിഷാന്‍-ഇ-പാകിസ്താന്‍' എന്ന പരമോന്നത ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1991-ല്‍ ഭാരതരത്നം ബഹുമതിയും ലഭിച്ചു.

  വിശ്രമജീവിതം നയിച്ചുവരവേ 1995 ഏ. 10-ന് മുംബൈയില്‍ നിര്യാതനായി.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍