This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവന്മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ദേവന്മാര്‍ അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്...)
അടുത്ത വ്യത്യാസം →
05:32, 3 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദേവന്മാര്‍
അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താല്‍ അനുഗൃഹീതരുമായ അഭൌമ (ജന)വിഭാഗം. പ്രീണനം എന്നര്‍ഥമുള്ള ദിവി ധാതുവില്‍നിന്നോ ദ്യുതി എന്നര്‍ഥമുള്ള ദിവു ധാതുവില്‍നിന്നോ ദേവശബ്ദം നിഷ്പാദിപ്പിക്കാം. പ്രീണിപ്പിക്കുന്നവര്‍ എന്നോ തേജസ്സുള്ളവര്‍ എന്നോ ദേവന്മാര്‍ക്ക് അര്‍ഥം നല്കാം. സ്വര്‍ഗത്തിനും ദേവന്മാര്‍ക്കും പര്യായങ്ങള്‍ പറഞ്ഞുകൊണ്ടാണ് അമരകോശം തുടങ്ങുന്നത്.
'അമരാ നിര്‍ജ്ജരാ ദേവാ-
സ്ത്രിദശാ വിബുധാസ്സുരാഃ
സുപര്‍വാണസ്സുമനസഃ
ത്രിദിവേശാ ദിവൌകസഃ
ആദിതേയാ ദിവിഷദോ
ലേഖാ അദിതിനന്ദനാഃ
ആദിത്യാ ഋഭവോ സ്വപ്നാ
അമര്‍ത്യാ അമൃതാന്ധസഃ
ബര്‍ഹിര്‍മുഖാഃ ക്രതുഭുജോ
ഗീര്‍വാണാ ദാനവാരയഃ
വൃന്ദാരകാ ദൈവതാനി
പുംസി വാ ദേവതാ സ്ത്രിയാം.'
ആകെ 26 പര്യായങ്ങള്‍ നല്കിയിരിക്കുന്നു.
ദേവന്മാരുടെ അടുത്ത സ്ഥാനമുള്ളവരാണ് ഗണദേവതകള്‍ അഥവാ സംഘദേവതകള്‍. ഇവരുടെ സംഘനാമങ്ങളും സംഖ്യകളും മഹേശ്വരടീകയില്‍ വിവരിക്കുന്നുണ്ട്: ആദിത്യന്മാര്‍ 12, വിശ്വദേവന്മാര്‍ 10, വസുക്കള്‍ 8, തുഷിതന്മാര്‍ 36, ആഭാസ്വരന്മാര്‍ 64, അനിലന്മാര്‍ 49, മഹാരാജികന്മാര്‍ 220, സാധ്യന്മാര്‍ 12, രുദ്രന്മാര്‍ 11 എന്നിങ്ങനെ. ദേവയോനികളെങ്കിലും ദേവത്വത്തിന്റെ താഴേത്തട്ടില്‍ മാത്രം സ്ഥാനം കിട്ടിയ പത്തുകൂട്ടര്‍ ഉണ്ട്. വിദ്യാധരന്മാര്‍, അപ്സരസ്സുകള്‍, യക്ഷന്മാര്‍, രക്ഷസ്സുകള്‍, ഗന്ധര്‍വന്മാര്‍, കിന്നരന്മാര്‍, പിശാചന്മാര്‍, ഗുഹ്യകന്മാര്‍, സിദ്ധന്മാര്‍, ഭൂതങ്ങള്‍ എന്നിവരാണ് ആ പത്തുകൂട്ടര്‍.
സ്വര്‍ഗത്തിന്റെ ആധിപത്യം നേടാനായി ദേവന്മാരും അസുരന്മാരും നിരന്തരം മത്സരിച്ചിരുന്നതായി പുരാണങ്ങള്‍ രേഖപ്പെടുത്തുന്നു. ബ്രഹ്മപുത്രനായ കശ്യപന് ദക്ഷപുത്രികളായ ദിതിയിലും അദിതിയിലും ഉണ്ടായ പുത്രന്മാരാണ് അസുരന്മാരും ദേവന്മാരും. ശുക്രാചാര്യനാണ് അസുരഗുരു; ബൃഹസ്പതി ദേവഗുരുവും. അഷ്ടദിക്പാലകന്മാരായി നിയോഗിക്കപ്പെട്ട എട്ട് ദേവന്മാരുണ്ട്. കിഴക്ക്-ഇന്ദ്രന്‍, തെക്കു കിഴക്ക്-അഗ്നി, തെക്ക്-യമന്‍, തെക്കുപടിഞ്ഞാറ്-നിരൃതി, പടിഞ്ഞാറ്-വരുണന്‍, വടക്കു പടിഞ്ഞാറ്-വായുദേവന്‍, വടക്ക്-കുബേരന്‍, വടക്കുകിഴക്ക്-ശ്രീപരമേശ്വരന്‍ എന്നിവരാണ് അവര്‍. ഒടുവില്‍ പരാമൃഷ്ടനായ ശ്രീ
പരമേശ്വരനെ ഒരു ദിക്കിന്റെ അധിപതി മാത്രമായിക്കരുതിയത് ശരിയാണോ എന്ന് ചിലര്‍ സംശയിക്കുന്നു. എന്നാല്‍ ഈ സ്ഥാന നിര്‍ണയം കേവലം സാങ്കല്പികമാകയാല്‍ ഇവിടെ സംശയത്തിന് പ്രസക്തിയില്ല എന്ന വാദം ഉണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍ സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്ക് ഉത്തരവാദികളായ ലോകനാഥന്മാരായി പുരാണങ്ങളില്‍ മാനിക്കപ്പെടുന്നവരാണ്. സര്‍വവ്യാപിയും പരമചൈതന്യസ്വരൂപനും ഏകനും അദ്വയനുമായ വിരാട്പുരുഷനെ മൂന്ന് കര്‍മങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ മൂന്നായി സങ്കല്പിച്ച് ഭക്തന്മാര്‍ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.
മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൌരാണിക സങ്കല്പം. ഇവര്‍ക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവര്‍ക്ക് സാധിക്കുമത്രെ. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാര്‍ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തില്‍ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.
മിക്ക ലോകമതങ്ങളിലും ദേവന്മാര്‍ക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിട്ടുണ്ട്. പാഴ്സിമതത്തില്‍ ഏഴ് മുഖ്യ ദേവന്മാരെയും അവരുടെ പരിവാരങ്ങളെയും പറ്റി പ്രസ്താവിച്ചിരിക്കുന്നു. അമേഷ സ്പെന്തന്മാര്‍ എന്ന പേരിലാണ് അവര്‍ പൊതുവേ അറിയപ്പെടുന്നത്. ക്രിസ്തുമതത്തില്‍ ദൈവദൂതന്മാരെയാണ് മാലാഖമാര്‍ (മിഴലഹ) എന്നു വിളിക്കുന്നത്. ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ തുടങ്ങിയവരാണ് മുഖ്യ ദേവദൂതന്മാര്‍. സെറാഫുകള്‍, ഖെരുബുകള്‍ എന്നിങ്ങനെ പല വൃന്ദങ്ങളായി മാലാഖമാരെ തിരിച്ചിട്ടുണ്ട്. ഇസ്ലാംമതത്തില്‍ വെളിപാടിന്റെയും രക്ഷയുടെയും മരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും ചുമതലക്കാരായി യഥാക്രമം ജിബ്രീല്‍, അസ്റാഈല്‍, ഇസ്റാഫീല്‍ എന്നീ മലക്കുകളുടെ (മാലാഖമാര്‍) പേര് പറയപ്പെടുന്നുണ്ട്.
ഭാരതീയര്‍ക്ക് ദേവസദസ്സിന്റെ അധ്യക്ഷനായി ദേവേന്ദ്രനുള്ളതുപോലെ ഒളിമ്പസ്സിലെ ദേവസമൂഹത്തിന് അധിപനായി സ്യൂസ് ദേവന്‍ യവനര്‍ക്കുണ്ട്. സ്വര്‍ഗവും ഭൂമിയും പാതാളവും ഭരിക്കുന്ന ത്രിമൂര്‍ത്തികളാണ് സ്യൂസ്-പോസിഡോണ്‍, ഹെയ്ഡസ് ദേവന്മാര്‍. ഹെര്‍ക്കുലീസും യവനകഥകളില്‍ നിറഞ്ഞുനില്ക്കുന്ന ദേവനാണ്. ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച ശേഷം അവരെ വണങ്ങാന്‍ തങ്ങളെ നിര്‍ബന്ധിച്ച ദൈവത്തോടു പകരം വീട്ടാനായി ചെകുത്താന്‍ പാമ്പിന്റെ രൂപം ധരിച്ച് ഏദന്‍ തോട്ടത്തിലെത്തി ആദത്തെക്കൊണ്ട് അറിവിന്റെ കനി തീറ്റിച്ച കഥ ബൈബിളിലുണ്ട്.
ദുര്‍വാസാവിന്റെ ശാപംമൂലം ജരാനരകള്‍ ബാധിച്ച ദേവന്മാര്‍ പാലാഴി കടഞ്ഞ് അമൃത് കരസ്ഥമാക്കി നിത്യയൌവനം നേടിയ കഥ പുരാണത്തിലുണ്ട്. അസുരന്മാരുടെയും രാക്ഷസന്മാരുടെയും ഉപദ്രവത്തില്‍നിന്ന് ഭക്തജനങ്ങളെ രക്ഷിക്കാനായി ദേവന്മാരുടെ അഭ്യര്‍ഥന അനുസരിച്ച് മഹാവിഷ്ണു ഭൂമിയില്‍ പലവട്ടം അവതരിച്ചതായി പുരാണങ്ങളില്‍ വര്‍ണിച്ചിരിക്കുന്നു. നിരവധി ഉപനിഷത്തുകളുടെ തുടക്കത്തിലുള്ള ശാന്തിപാഠത്തില്‍ ദേവന്മാരോടുള്ള വിധേയത്വം പ്രകടമാകുന്നുണ്ട്. പ്രശ്നോപനിഷത്ത്, ഗാരുഡോപനിഷത്ത്, ഗണപത്യുപനിഷത്ത്, സൂരോപനിഷത്ത് അഥവാ ശിരോപനിഷത്ത് തുടങ്ങിയവ ആരംഭിക്കുന്നതിങ്ങനെയാണ്:
'ഓം ഭദ്രം കര്‍ണ്ണേഭിഃ ശൃണുയാമ ദേവാഃ....'.
(അല്ലയോ സംപൂജ്യരായ ദേവന്മാരേ, ഞങ്ങള്‍ കര്‍ണങ്ങളാല്‍ മംഗള വാര്‍ത്തകള്‍ കേള്‍ക്കട്ടെ. കണ്ണുകള്‍കൊണ്ട് നല്ലതു മാത്രം കാണട്ടെ. അംഗങ്ങള്‍കൊണ്ട് നിങ്ങളെ നിരന്തരം സ്തുതിച്ചു കൊണ്ടിരിക്കട്ടെ. ആയുസ്സു മുഴുവന്‍ ദേവഹിതം നടത്തട്ടെ. കീര്‍ത്തിമാനായ ഇന്ദ്രന്‍ തങ്ങള്‍ക്കു മംഗളമരുളട്ടെ. സര്‍വജ്ഞനായ പൂഷാവ് സ്വസ്തിയേകട്ടെ. വേഗവനായ ഗരുഡന്‍ ശുഭദായകനാകട്ടെ. ദേവഗുരു നമ്മള്‍ക്കു നന്മ വരുത്തട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ).
യജ്ഞങ്ങളിലൂടെ ദേവന്മാരെ പ്രീതിപ്പെടുത്തുകയും പ്രീതരായ ദേവന്മാരുടെ അനുഗ്രഹം നേടി ജീവിതം സഫലമാക്കുകയും ചെയ്ത ആസ്തികന്മാരുടെ കഥകള്‍ നിരവധിയുണ്ട്. യാഗത്തിലൂടെ അഗ്നിശുദ്ധി വരുത്തിയ ആ തലമുറയുടെ ദീപ്തമായ മുഖം ഭഗവദ്ഗീതയില്‍ ഇപ്രകാരം വര്‍ണിക്കുന്നു:
'ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തുവഃ
പരസ്പരം ഭാവയന്തഃ ശ്രേയഃ പരമാവാപ്സ്യഥ.'
(ദേവന്മാരെ ആരാധിക്കുന്ന ആ നിങ്ങളെ ദേവന്മാര്‍ അനുഗ്രഹിക്കട്ടെ. ഇങ്ങനെ പരസ്പരം സ്നേഹത്തോടുകൂടി നിങ്ങള്‍ ശ്രേഷ്ഠമായ ശ്രേയസ്സിനെ നേടട്ടെ).
(ഡോ. മാവേലിക്കര അച്യുതന്‍)