This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൂമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദൂമ= Duma റഷ്യയില്‍ 1905-ലെ വിപ്ളവത്തിനുശേഷം നിലവില്‍വന്ന പാര്‍ലമെന്റിന്...)
അടുത്ത വ്യത്യാസം →

10:23, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദൂമ

Duma

റഷ്യയില്‍ 1905-ലെ വിപ്ളവത്തിനുശേഷം നിലവില്‍വന്ന പാര്‍ലമെന്റിന്റെ അധോമണ്ഡലം. 1917 വരെയുണ്ടായിരുന്ന ഭരണഘടനാനുസൃത രാജവാഴ്ചക്കാലത്ത് ദൂമ നിലവിലിരുന്നു. 'കാര്യാലോചന' എന്ന അര്‍ഥമാണ് റഷ്യന്‍ ഭാഷയില്‍ 'ദൂമ' എന്ന പദത്തിനുള്ളത്. 1905-ലെ റഷ്യന്‍ വിപ്ളവത്തിനുശേഷം സാര്‍ ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്‍ രാജ്യത്ത് ജനകീയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിതനായി. ഇതിനോടനുബന്ധിച്ച് ഗവണ്മെന്റില്‍ ജനകീയ പ്രാതിനിധ്യം ലക്ഷ്യമിട്ട് സ്ഥാപിതമായതാണ് ദൂമ. രാജ്യത്തിലെ എല്ലാ നിയമനിര്‍മാണങ്ങള്‍ക്കും ദൂമയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. എങ്കിലും പ്രായോഗിക തലത്തില്‍ ഇത് നടപ്പിലായിരുന്നില്ല. സാര്‍ ചക്രവര്‍ത്തിയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ദൂമ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ നിയമങ്ങളെ വീറ്റോ ചെയ്യുവാനും ദൂമയെ പിരിച്ചുവിടുവാനും ഉള്ള അധികാരം ചക്രവര്‍ത്തിക്ക് ഉണ്ടായിരുന്നു. പരിമിതമായ സാമ്പത്തികാധികാരങ്ങളേ ദൂമയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഈ കാരണങ്ങളാല്‍ ദൂമ എന്ന ജനകീയ സംവിധാനം വിജയപ്രദമായില്ല. 1906-നും 17-നും ഇടയ്ക്ക് നാലുതവണ ദൂമ സംഘടിപ്പിക്കപ്പെട്ടു. 1906-ല്‍ രൂപവത്കരിക്കപ്പെട്ട ആദ്യ ദൂമയെ ഏകദേശം പത്ത് ആഴ്ചകള്‍ക്കുശേഷം ജൂലായ് മാസത്തില്‍ ചക്രവര്‍ത്തി പിരിച്ചുവിട്ടു. ഈ സമിതിയിലേക്ക് ഏറെ പ്രതിപക്ഷാംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും അവര്‍ ഗവണ്മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തതിനാലാണ് അത് പിരിച്ചുവിടപ്പെട്ടത്.

1907 മാ. മുതല്‍ ജൂണ്‍ വരെ നിലനിന്ന രണ്ടാമതു ദൂമയും ഗവണ്മെന്റുവിരുദ്ധ നിലപാട് എടുത്തതിനാല്‍ പിരിച്ചുവിടപ്പെട്ടു. പിന്നീട് ചില തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയശേഷം ഗവണ്മെന്റിനനുകൂലമായ മൂന്നാമതു ദൂമ നിലവില്‍ വന്നു. ഇതിന് 1907 മുതല്‍ 12 വരെ മുഴുവന്‍ കാലാവധിയും പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. 1912-ല്‍ നിലവില്‍വന്ന നാലാമതു ദൂമ യാഥാസ്ഥിതിക ഭൂരിപക്ഷമുള്ളതായിരുന്നുവെങ്കിലും ചില കാര്യങ്ങളില്‍ ഗവണ്മെന്റിനോട് അഭിപ്രായവ്യത്യാസം പുലര്‍ത്തിയിരുന്നു. ചക്രവര്‍ത്തി 1917-ല്‍ ഈ ദൂമയെയും പിരിച്ചുവിട്ടു. ഇതോടൊപ്പംതന്നെ റഷ്യന്‍ വിപ്ലവഫലമായി ചക്രവര്‍ത്തിയും സ്ഥാനഭ്രഷ്ടനായി. 1993-ലെ ഭരണഘടനപ്രകാരമുള്ള റഷ്യന്‍ ഫെഡറല്‍ അസംബ്ളിയുടെ അധോമണ്ഡലം 'സ്റ്റേറ്റ് ദൂമ' എന്ന്അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%82%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍