This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുറൂസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദുറൂസ്= Druze ഒരു മതവിഭാഗം. സിറിയ, ലെബനന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലാ...)
അടുത്ത വ്യത്യാസം →

07:08, 2 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദുറൂസ്

Druze


ഒരു മതവിഭാഗം. സിറിയ, ലെബനന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലാണ് ഈ വിഭാഗം മുഖ്യമായും നിലവിലുള്ളത്. ജോര്‍ദാന്‍, യു.എസ്., കാനഡ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലും ഈ മതവിഭാഗത്തില്‍പ്പെട്ട ജനങ്ങളുണ്ട്. ഇവര്‍ അറബി ഭാഷ സംസാരിക്കുന്നവരും തമ്മില്‍ ഗാഢബന്ധം പുലര്‍ത്തുന്നവരുമാണ്.

11-ാം ശ.-ത്തിന്റെ ആരംഭത്തിലാണ് ഈ മതവിഭാഗം രൂപം കൊണ്ടത്. മൂന്ന് വ്യക്തികള്‍ ഇതില്‍ പ്രധാന പങ്കു വഹിച്ചു. ഈജിപ്തിലെ ഖലീഫയായിരുന്ന അബൂ അലീ അല്‍-മന്‍സൂര്‍ അല്‍ ഹകീം ബില്‍ അംറുല്ലാ ആണ് ഇവരിലൊരാള്‍. ഇദ്ദേഹം യഹൂദരെയും ക്രിസ്ത്യാനികളെയും സുന്നി മുസ്ലിമുകളെയും ഒരു പോലെ പീഡിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ജെറുസലെമിലെ വിശുദ്ധ കുടീരത്തിന്റെ പള്ളി ഉള്‍പ്പെടെ നിരവധി പള്ളികളും ജൂത ദേവാലയങ്ങളും ഇദ്ദേഹം തകര്‍ത്തു. ഇസ്മാഈലി പാതിരിയായ ഹസന്‍ അല്‍-അഖ്റം (Hasan al Akhram) നയിച്ചിരുന്ന പ്രസ്ഥാനത്തോട് 1017 മുതല്‍ അല്‍-ഹകീം അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി. ഈ പ്രസ്ഥാനം അല്‍-ഹകീമിന്റെ ദിവ്യത്വം ഉദ്ഘോഷിച്ചിരുന്നു.

1018-ല്‍ അല്‍-അഖ്റം കൊല്ലപ്പെട്ടു. തുടര്‍ന്ന് പേര്‍ഷ്യന്‍ കംബള നിര്‍മാതാവായിരുന്ന ഹംസ ബിന്‍ അലീ (Hamzah ibn Ali) പ്രസ്ഥാനത്തിന്റെ പുതിയ നേതാവായി. അല്‍-ഹകീമിന്റെ പ്രീതി സമ്പാദിച്ചുകൊണ്ട് ഹംസ ഈ മതപ്രസ്ഥാനം ശക്തിപ്പെടുത്തി. ദുറൂസ് പ്രസ്ഥാനത്തിന്റെ യഥാര്‍ഥ സ്ഥാപകരിലൊരാള്‍ ഹംസയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വകാലത്ത് സിറിയയില്‍ നിരവധി ആളുകള്‍ ഈ മതത്തില്‍ ചേര്‍ന്നു. മറ്റ് ഇസ്മാഈലി സൂക്തങ്ങളില്‍നിന്നു വ്യത്യസ്തമായി ഹംസയുടെ സിദ്ധാന്തങ്ങള്‍ ദൈവത്തിന്റെ ആസന്ന സാന്നിധ്യത്തിന് പ്രാധാന്യം കല്പിക്കുന്നു. ദൈവത്തിനു കീഴിലുള്ള അവതാരങ്ങളുടെ പ്രാധാന്യം കുറച്ചുകാണിക്കുകയും ചെയ്യുന്നു. അല്‍-ഹകീം തന്നെയാണ് ദൈവം എന്നും അദ്ദേഹം തന്റെ ദിവ്യശക്തി ഉപയോഗിച്ച് ഹുദൂദ് എന്നറിയപ്പെടുന്ന അഞ്ച് നേതാക്കന്മാരെ സൃഷ്ടിച്ചു എന്നും ഹംസ ഉദ്ബോധിപ്പിച്ചു. അക് ല്‍ (Aql) അഥവാ വിശ്വമനം (Intellect or Universal mind) ആണ് ഇവരില്‍ പ്രഥമസ്ഥാനത്തു നില്ക്കുന്നത്. ഇത് ഹംസതന്നെ ആണ്. നഫ്സ് (Nafs) അഥവാ വിശ്വാത്മാവ് (the Universal mind), അല്‍-കലിമ (al-kalimah) അഥവാ വാക്ക് (the Word), അല്‍-നൂര്‍ അല്‍-ബാസിത് (al-Nur al Basit) അഥവാ വ്യാപകമായ പ്രകാശം (the Pervading light), അല്‍-താലീ (al-Tali) അഥവാ അനുവാചകന്‍ (the Follower) എന്നിവരാണ് മറ്റു നാലുപേര്‍. പ്രപഞ്ചത്തിലെ നാശനഷ്ടങ്ങള്‍ക്കു കാരണമാകുന്നത് കപട ഹുദൂദ് ആണ്. യഥാര്‍ഥ ഹുദൂദും കപട ഹുദൂദും തമ്മില്‍ നടക്കുന്ന സംഘട്ടനം, അല്‍-ഹകീം പരസ്യമായി യഥാര്‍ഥ ഹുദൂദിനെ പിന്തുണയ്ക്കുന്നതോടുകൂടി അവസാനിക്കുന്നു.


മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അല്‍-ദറസീ എന്ന ഇസ്മാഈലീ പണ്ഡിതനാണ് ദുറൂസ് മതവിഭാഗത്തിന്റെ സ്ഥാപകരില്‍ മൂന്നാമന്‍. ഈ മതത്തിന് ദുറൂസ് എന്ന പേര് ലഭിച്ചത് ഇദ്ദേഹം മൂലമാണ്. 1017-ലോ 18-ലോ ഇദ്ദേഹം ബുക്കാരയില്‍നിന്ന് ഈജിപ്ത്തില്‍ എത്തിയതായി പറയപ്പെടുന്നു. ആദമിലൂടെ അവതരിച്ച ദിവ്യാത്മാവ് അലിയിലേക്കും പിന്നീട് അലിയില്‍നിന്ന് ഇമാമുകളിലൂടെ അല്‍-ഹകീമിലേക്കും ആവേശിച്ചു എന്നാണ് ദറസി പഠിപ്പിച്ചത്. അല്‍-ഹകീമിന്റെ പ്രീതി സമ്പാദിക്കുവാനും അനുവാചകരുടെ സംഖ്യ വര്‍ധിപ്പിക്കുവാനുമായി ഹംസയും ദറസീയും മത്സരിച്ചിരുന്നു. ഇവര്‍ തമ്മില്‍ സിദ്ധാന്തപരമായ തര്‍ക്കങ്ങള്‍ നടത്തുകയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുമായിരുന്നു. ദറസീ മരണമടഞ്ഞത് 1019-ലോ 20-ലോ ആണെന്നു കരുതപ്പെടുന്നു. ഹംസയുടെ ആരോപണംമൂലം ദറസീയെ അല്‍-ഹകീം വധശിക്ഷയ്ക്കു വിധേയനാക്കി എന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ദറസീ മരിച്ചില്ല, സിറിയയിലേക്ക് രഹസ്യമായി പോവുകയാണ് ചെയ്തത് എന്ന് വിശ്വസിക്കുന്നവരുണ്ട്. 1021-ല്‍ അല്‍-ഹകീം അപ്രത്യക്ഷനായി. സഹോദരിയായ സിത്ത് അല്‍-മുലൂക്കിന്റെ താത്പര്യപ്രകാരം ഇദ്ദേഹം കൊല്ലപ്പെടുകയാണുണ്ടായത് എന്നു കരുതപ്പെടുന്നു. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി ആയിരിക്കും സിത്ത് അല്‍-മുലൂക് ഇതിന് ഒരുമ്പെട്ടത് എന്നും അഭിപ്രായമുണ്ട്. ഇതിനുശേഷം ഈ മതവിഭാഗത്തിന്റെ വിശ്വാസികള്‍ ഈജിപ്തില്‍ പീഡിപ്പിക്കപ്പെട്ടു. ആ വര്‍ഷംതന്നെ ഹംസ ഒളിവില്‍പ്പോയി. ഹംസയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ഉടന്‍ തിരിച്ചുവരുമെന്നും പിന്‍ഗാമിയായ ബഹാഅ അല്‍-ദീന്‍ അല്‍-മുക്തനാ പറഞ്ഞിരുന്നു. എന്നാല്‍ ഒളിവില്‍ പോയി അല്പകാലം കഴിഞ്ഞപ്പോള്‍ത്തന്നെ ഹംസ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.


വളരെ ചുരുങ്ങിയ കാലംകൊണ്ട് ദുറൂസ് മതവിഭാഗം രൂപംപ്രാപിക്കുകയും ശക്തി ആര്‍ജിക്കുകയും ചെയ്തു. ഹംസയും ദറസീയും ഉദ്ദേശം മൂന്ന് വര്‍ഷം മാത്രമേ ഈജിപ്തില്‍ മതപ്രവര്‍ത്തനം നടത്തിയിട്ടുള്ളൂ. ഇവരുടെ പ്രഭാഷണങ്ങളും സൂക്തങ്ങളും അല്‍-ഹകീമിനെ ദൈവതുല്യനാക്കി. ദുറൂസ് മതത്തിന്റെ മൂന്ന് സ്ഥാപകരും അപ്രത്യക്ഷരായതോടുകൂടി കാനനൈസേഷന്റെ (Canonization) കാലഘട്ടം ആരംഭിച്ചു. ഇക്കാലത്താണ് ദുറൂസ് യാഥാസ്ഥിതികതയുടെ നിയമങ്ങള്‍ അല്‍-മുക്തനാ നിര്‍മിച്ചത്. ഹംസ, അല്‍-മുക്തനാ, ഇസ്മാഈല്‍ അല്‍-തമീമീ എന്നിവരുടെ 111 തിരുവെഴുത്തുകളുടെ സമാഹാരമാണ് ദുറൂസ് വേദപുസ്തകമായ റസാഇല്‍ അല്‍-ഹിക്മ അഥവാ 'വിവേകത്തിന്റെ ലിഖിതങ്ങള്‍'. 1034-ല്‍ അല്‍-മുക്തനായും പിന്‍വാങ്ങി എങ്കിലും ഉദ്ദേശം 1043 വരെ ഇദ്ദേഹം ലിഖിതങ്ങള്‍ നല്കിക്കൊണ്ടിരുന്നു.

അല്‍-മുക്തനാ പിന്‍വാങ്ങിയ കാലത്ത് ദുറൂസ് അനുയായികള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് സിറിയയിലാണ്. ഇവരില്‍ ഏറിയ പങ്കും ദറസീയുടെ ദൂതന്മാരാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു. 'ദറസീയുടെ സമൂഹം' അഥവാ ദുറൂസ് എന്ന പേരില്‍ ഇവര്‍ അറിയപ്പെടാന്‍ തുടങ്ങി. അല്‍-മുക്തനാ പിന്‍വാങ്ങിയതോടുകൂടി ദുറൂസ് മതത്തിലേക്കു പരിവര്‍ത്തനം നടക്കുന്നത് നിലച്ചു. ഈ മതത്തിലേക്ക് വീണ്ടും വ്യക്തികളെ പ്രവേശിപ്പിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. ഒത്തൊരുമ പ്രഖ്യാപിച്ചിട്ടുള്ളവരും ഏകദൈവത്തില്‍ വിശ്വസിക്കുന്നവരുമാണ് ദുറൂസ് അംഗങ്ങള്‍.

സാമൂഹിക ഘടന. ദുറൂസ് സമൂഹത്തില്‍ ക്രമേണ രണ്ട് വ്യത്യസ്ത തലങ്ങള്‍ നിലവില്‍ വന്നു. ഉക്കാല്‍ (Uqqual), ജുഹ്ഹാല്‍ (Juhhal) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി ദുറൂസ് അംഗങ്ങളെ തിരിക്കാം. ദുറൂസ് മതത്തിന്റെ നിയമങ്ങളെക്കുറിച്ചും സിദ്ധാന്തങ്ങളെക്കുറിച്ചും അവഗാഹമുള്ളവരും പണ്ഡിതന്മാരുമാണ് ഉക്കാല്‍. ഇതിനെക്കുറിച്ചൊന്നും അറിവില്ലാത്ത സാധാരണക്കാരാണ് ജുഹ്ഹാല്‍. ഉക്കാല്‍ പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും വെള്ള തലപ്പാവും ധരിക്കുന്നു. ഇവരില്‍ത്തന്നെ ഏറ്റവും ഭക്തിയും പാണ്ഡിത്യവും ഉള്ളവര്‍ 'ഷെയ്ഖ്' എന്ന പേരില്‍ അറിയപ്പെടുന്നു. ഇവരെയാണ് നേതാക്കളായി അംഗീകരിക്കുന്നത്. ഇവര്‍ പ്രത്യേക വിദ്യാലയങ്ങളില്‍നിന്ന് പരിശീലനം നേടിയവരായിരിക്കും. ഇവരില്‍ ചിലര്‍ ഖല്‍വാകള്‍ എന്നു പറയുന്ന ആത്മീയ സങ്കേതങ്ങളില്‍ സമയം ചെലവഴിക്കുന്നു. ഓരോ ജില്ലയിലും ഷെയ്ഖ്മാരില്‍ ഒരാളെ പരമോന്നത മതാധിപനായ റഈസ് ആയി തിരഞ്ഞെടുക്കുന്നു. ഉക്കാലിന്റെ ജീവിതരീതി വിശുദ്ധി നിറഞ്ഞതായിരിക്കണം. മദ്യവും മയക്കുമരുന്നും മറ്റും ഇവര്‍ ഉപയോഗിക്കുവാന്‍ പാടില്ല. അസത്യം പറയുകയോ മോഷ്ടിക്കുകയോ പ്രതികാരേച്ഛ വച്ചുപുലര്‍ത്തുകയോ ചെയ്യുവാന്‍ പാടില്ല. മജ്ലിസില്‍ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ നടക്കുന്ന ആരാധനയില്‍ ഇവര്‍ പങ്കെടുക്കുന്നു. ദുറൂസിന്റെ രഹസ്യ ഗ്രന്ഥങ്ങള്‍ വായിക്കുവാനും രഹസ്യ ചടങ്ങുകളില്‍ പങ്കെടുക്കുവാനും ഉക്കാലിനു മാത്രമേ അധികാരമുള്ളൂ. ജുഹ്ഹാല്‍ ഇത്രയും കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിധേയരല്ല.

നിയമങ്ങളും സിദ്ധാന്തങ്ങളും. ഹംസ നിര്‍മിച്ച നിയമങ്ങള്‍ ദുറൂസ് മതം ഇന്നും പാലിക്കുന്നു. വിവാഹത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും തുല്യസ്ഥാനം നല്കണമെന്ന് ദുറൂസ് നിയമം അനുശാസിക്കുന്നു. മുസ്ലിം ശരീഅത്ത് നിയമത്തില്‍നിന്ന് ഒരു പ്രധാന വ്യതിചലനമാണിത്. സാരവും വ്യക്തവുമായ കാരണങ്ങളില്ലാതെ വിവാഹമോചനം സാധ്യമല്ല. അതിനാല്‍ യാഥാസ്ഥിതിക മുസ്ലിം സമുദായത്തില്‍ നിലനില്ക്കുന്നതിലും ഭേദപ്പെട്ട സ്ഥാനമാണ് സ്ത്രീകള്‍ക്ക് ദുറൂസ് സമൂഹത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്നത്.

ഇസ് ലാമിന്റെ 'പഞ്ചസ്തംഭങ്ങള്‍' എന്നറിയപ്പെടുന്ന നിയമങ്ങള്‍ക്കു പകരമായി ഹംസയും മുക്തനായും ഏഴ് കല്പനകള്‍ നല്കി. മറ്റുള്ളവരോട് അസത്യം പറയാമെങ്കിലും ദുറൂസ് അംഗങ്ങള്‍ തമ്മില്‍ സത്യം മാത്രമേ പറയാവൂ എന്നതാണ് ഇവയില്‍ പ്രഥമ കല്പന. പരസ്പരം സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആയുധമേന്താന്‍പോലും തയ്യാറായിരിക്കണമെന്നതാണ് രണ്ടാമത്തെ കല്പന. ദൈവത്തിന്റെ ഏകത്വത്തെ ചോദ്യം ചെയ്യുന്ന എല്ലാ മുന്‍ ധാരണകളും വിശ്വാസങ്ങളും ഉപേക്ഷിക്കണം, അവിശ്വാസികളില്‍നിന്ന് അകന്നുനില്ക്കണം, അല്‍-ഹകീമിലൂടെ അവതാരമെടുത്ത ദൈവത്തിന്റെ ഏകത്വത്തെ അംഗീകരിക്കണം, ദൈവത്തിന്റെ ഏതു പ്രവൃത്തിയിലും സംതൃപ്തരായിരിക്കണം, ദൈവത്തിന്റെ ഇച്ഛയ്ക്കും കല്പനകള്‍ക്കും പൂര്‍ണമായും വിധേയരായിരിക്കണം എന്നിവയാണ് മറ്റ് അഞ്ച് കല്പനകള്‍.

അല്‍-ഹകീമും ഹംസയും വീണ്ടും പ്രത്യക്ഷപ്പെടുമെന്നും, ലോകം കീഴടക്കിയതിനുശേഷം നീതി നടപ്പിലാക്കുമെന്നും ദുറൂസ് വിശ്വസിക്കുന്നു. ആ കാലഘട്ടത്തില്‍ ദുറൂസ് ആയിരിക്കും വിശ്വത്തിന്റെ അധിപര്‍. ആത്മാവുകളുടെ സംഖ്യ നിശ്ചിതമാണെന്നും മരണശേഷം ഉടന്‍തന്നെ പുനര്‍ജന്മം നടക്കുന്നുവെന്നും ദുറൂസ് വിശ്വസിക്കുന്നു. അതിനാല്‍ ജീവിച്ചിരിക്കുന്ന ദുറൂസുകളുടെ എണ്ണം സ്ഥിരമാണ് എന്നും ഇവര്‍ വിശ്വസിക്കുന്നു. 'തക്കീയാ' അഥവാ കാപട്യം എന്ന വിശ്വാസവും ഇവര്‍ വച്ചുപുലര്‍ത്തുന്നു. തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി ദുറൂസ് ഇവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷത്തിന്റെ വിശ്വാസം പങ്കിടുന്നതായി അഭിനയിക്കുന്നു. പലപ്പോഴും ദുറൂസ് താമസിക്കുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷ വിഭാഗം ജനങ്ങളും സുന്നി മുസ്ലിങ്ങളായിരിക്കും.

മറ്റു മതവിശ്വാസികളില്‍നിന്ന് അകന്നു നില്ക്കുവാന്‍ ദുറൂസ് ശ്രദ്ധിക്കുമെങ്കിലും, മറ്റു മതങ്ങളുടെ പുണ്യവാളന്മാരില്‍ ചിലരെ ദുറൂസും ആരാധിക്കുന്നു. മോശയുടെ ഭാര്യാപിതാവായ ജെത്റൊ ബുദ്ധിയുടെയും വിശ്വമനത്തിന്റെയും അവതാരമായിരുന്നു എന്ന് ദുറൂസ് വിശ്വസിക്കുന്നു. ഗലീലിയിലെ ഹിത്തീനിനു സമീപമുള്ള ഇദ്ദേഹത്തിന്റെ ശവകുടീരം യഹൂദന്മാരെപ്പോലെതന്നെ ദുറൂസും സന്ദര്‍ശിക്കുന്നു.

പില്ക്കാല ചരിത്രം. ഒട്ടോമന്‍ കാലഘട്ടത്തില്‍ ദുറൂസിന് വളരെയധികം സ്വാതന്ത്യ്രം ലഭിച്ചിരുന്നു. എമിറുകള്‍ നയിച്ചിരുന്ന തദ്ദേശീയ ഭരണകൂടങ്ങളാണ് ദുറൂസിന് അക്കാലത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഇടയ്ക്കെല്ലാം തുര്‍ക്കികളെ ആക്രമിക്കുകയും പരാജയം സംഭവിക്കുമ്പോള്‍ ഒരിക്കലും പിടിച്ചടക്കാനാവാത്ത പര്‍വത ഗ്രാമങ്ങളിലേക്കു പിന്‍വാങ്ങുകയും ചെയ്തിരുന്നു.

ലെബനീസ് ദുറൂസ് നേതാക്കളില്‍ പ്രധാനിയാണ് എമിര്‍ ഫഖ്റുദ്ദീന്‍ അല്‍-മ ആനീ കക. തക്കീയാ സിദ്ധാന്തം അനുവര്‍ത്തിച്ചുകൊണ്ട് ഇദ്ദേഹം സ്വന്തം ജനങ്ങളുടെ മുന്നില്‍ ദുറൂസ് മതവും ഒട്ടോമന്‍ അധികാരികള്‍ക്കു മുന്നില്‍ ഇസ് ലാം മതവും അംഗീകരിച്ചു. ക്രിസ്തുമതത്തോടും അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഇദ്ദേഹം ഫ്ലോറന്‍സില്‍ അഭയാര്‍ഥിയായി അല്പകാലം ചെലവഴിച്ചിരുന്നു എന്നും ആ കാലത്ത് ജ്ഞാനസ്നാനം ചെയ്യിപ്പിക്കപ്പെട്ടു എന്നും വിശ്വാസമുണ്ട്. 1624-ല്‍ അലപ്പൊ മുതല്‍ ഈജിപ്ത്തിന്റെ അതിര്‍ത്തി വരെയുള്ള അറബിസ്ഥാന്‍ പ്രദേശത്തിന്റെ അധിപനായി പോര്‍ട്ടെ ഇദ്ദേഹത്തെ അംഗീകരിച്ചു. ഇദ്ദേഹത്തിന്റെ വിശ്വസ്തതയില്‍ സന്ദേഹം ജനിച്ച തുര്‍ക്കികള്‍ ഇദ്ദേഹത്തെ തടവിലാക്കുകയും വധിക്കുകയും ചെയ്തു.

പരസ്പരം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന കല്പന ഉണ്ടായിട്ടുപോലും കയാസീ വിഭാഗവും യമനീ വിഭാഗവും തമ്മില്‍ 17-18 ശ.-ങ്ങളില്‍ നടന്ന സംഘട്ടനങ്ങളില്‍ ദുറൂസും ഉള്‍പ്പെട്ടിരുന്നു. ഇതേ കാലഘട്ടത്തില്‍ത്തന്നെ ദുറൂസ് തുര്‍ക്കികളുമായും മറൊണൈറ്റ് ക്രിസ്ത്യന്‍ അറബികളുമായും സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു.

18-19 ശ.-ങ്ങളില്‍ ദുറൂസ് ദക്ഷിണ ലെബനനില്‍നിന്ന് തെക്കു പടിഞ്ഞാറന്‍ സിറിയയിലെ ജബല്‍ ഹവ്റാനിലേക്ക് കുടിയേറ്റം നടത്തി. ഇവര്‍ ജബല്‍ ഹവ്റാനിലെ യഥാര്‍ഥ നിവാസികളെ അവിടെനിന്നു പുറത്താക്കുന്നതില്‍ വിജയിച്ചു. 1860-നു ശേഷം ജബല്‍ ഹവ്റാനില്‍ ദുറൂസ് മാത്രം അവശേഷിച്ചു. ജബല്‍ ഹവ്റാന്‍ പിന്നീട് ജബല്‍ ദുറൂസ് എന്ന പേരില്‍ അറിയപ്പെട്ടു. അവിടെ അവര്‍ ഏറെക്കുറെ സ്വതന്ത്രരായിരുന്നു.

അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ തുര്‍ക്കികളെ അവരുടെ ശത്രുക്കളെ നേരിടുവാന്‍ ദുറൂസ് സഹായിച്ചിട്ടുണ്ട്. 1810-ല്‍ ഡമാസ്കസ് ആക്രമിച്ച വഹ്ഹാബീകളെ ചെറുക്കുവാന്‍ ദുറൂസ് തുര്‍ക്കികളെ സഹായിച്ചു. ഒന്നാം ലോകയുദ്ധത്തിന്റെ അവസാനംവരെ മറൊണൈറ്റ് ക്രിസ്ത്യാനികളുമായും തുര്‍ക്കികളുമായും ദുറൂസ് സംഘട്ടനങ്ങളില്‍ ഏര്‍പ്പെട്ടു. ഈ സംഘട്ടനങ്ങള്‍ ചിലപ്പോള്‍ കൂട്ടക്കൊലയില്‍ അവസാനിച്ചിരുന്നു. 1825-ല്‍ ദുറൂസ് ക്രിസ്ത്യാനികളെ ജബല്‍ ദുറൂസില്‍ കൂട്ടക്കൊല ചെയ്തു. 1845-ല്‍ ലെബനനിലെ മാറ്റ്ന്‍(Matn)-ല്‍ മറൊണൈറ്റുകള്‍ ദുറൂസിനെ കൂട്ടക്കൊലയ്ക്കു വിധേയരാക്കി. അതേവര്‍ഷംതന്നെ ദുറൂസ് അബീലെയും സുലൈമായിലെയും സന്ന്യാസാശ്രമങ്ങള്‍ ആക്രമിച്ചു. 1860-ല്‍ ദുറൂസ് 150 ഗ്രാമങ്ങള്‍ ചുട്ടു ചാമ്പലാക്കുകയും ഉദ്ദേശം 11,000 ക്രിസ്ത്യാനികളെ വധിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ യൂറോപ്പിന്റെ ഇടപെടലിനും ലെബനനില്‍ ഫ്രഞ്ച് പട്ടാളത്തിന്റെ താവളമുറപ്പിക്കലിനും കാരണമായി. 1879-ല്‍ ദുറൂസുകള്‍ ജബല്‍ ദുറൂസിന്റെ തലസ്ഥാനമായ സുവായ്ധ (Suwaydah) ആക്രമിക്കുകയും തുര്‍ക്കികള്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തു. 1893-ല്‍ റുവലാ ഗോത്രവുമായി ദുറൂസ് സംഘട്ടനത്തിലേര്‍പ്പെട്ടു. 1920-ലും 25-ലും സിറിയയിലെ ഫ്രഞ്ച് അധികൃതര്‍ക്കെതിരെ ദുറൂസ് പോരാട്ടം നടത്തി. 1970-കളിലെ ലെബനീസ് ആഭ്യന്തരയുദ്ധത്തിലും ദുറൂസ് പങ്കാളികളായിരുന്നു.

ദുറൂസ് സ്വന്തം മതത്തിന്റെ സിദ്ധാന്തങ്ങളിലും കല്പനകളിലും അടിയുറച്ചു വിശ്വസിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മറ്റു മതവിശ്വാസികളെയെല്ലാം ദുറൂസ് ശത്രുക്കളായാണ് കണക്കാക്കുന്നത്. ഇസ്രയേലില്‍ ദുറൂസും ഇസ്ലാംമത വിശ്വാസികളും ക്രിസ്തുമത വിശ്വാസികളും തുല്യ സ്വാതന്ത്യ്രം അനുഭവിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%81%E0%B4%B1%E0%B5%82%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍