This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിബാങ് വാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ദിബാങ് വാലി= Dibang valley അരുണാചല്‍പ്രദേശിലെ ഏറ്റവും വിസ്തൃതി കൂടിയ ജില്ല. 19...)
അടുത്ത വ്യത്യാസം →

09:00, 28 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ദിബാങ് വാലി

Dibang valley


അരുണാചല്‍പ്രദേശിലെ ഏറ്റവും വിസ്തൃതി കൂടിയ ജില്ല. 1980 ജൂണ്‍ വരെ ദിബാങ് വാലി ലോഹിത് ജില്ലയുടെ ഭാഗമായിരുന്നു. ജില്ലയിലൂടെ ഒഴുകുന്ന ദിബാങ് നദിയാണ് ജില്ലാനാമത്തിന് ആധാരം. വിസ്തീര്‍ണം: 13,029 ച.കി.മീ.; ജനസംഖ്യ: 57,543 (2001); ആസ്ഥാനം അനീനി (Anini); അതിരുകള്‍: വ.ചൈന, തെ.ലോഹിത് ജില്ലയും അസമും, കി.ലോഹിത് ജില്ലയും ചൈനയും, പ.-ഉം കി.പ.-ഉം സിയാങ്ജില്ല.

പര്‍വതങ്ങളും കാടുകളും നിറഞ്ഞ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി ദിബാങ് വാലി ജില്ലയുടെ സവിശേഷതയാണ്. 1950-ല്‍ ഉണ്ടായ വന്‍ ഭൂചലനം ദിബാങ് നദിയുടെ ഗതിക്ക് മാറ്റം വരുത്തുകയും ജില്ലയില്‍ കനത്ത നാശം വിതയ്ക്കുകയും ചെയ്തു. ജില്ലാ വിസ്തൃതിയുടെ 63 ശതമാനത്തോളം വ്യാപിച്ചിരിക്കുന്ന വനങ്ങളും വനവിഭവങ്ങളും ജില്ലയുടെ സമ്പദ്ഘടനയില്‍ മുഖ്യ പങ്കുവഹിക്കുന്നു. പ്രധാന നദിയായ ദിബാങ് ഈ ജില്ലയിലൂടെ ഒഴുകി ലോഹിത് നദിയില്‍ സംഗമിക്കുന്നു. ദ്രി (Dri), മാതുന്‍ (Mathun), ഇതുന്‍ (Ithun), ടാലന്‍ (Talen), എംബ്ര (Embra), അഹൂലി (Ahuli), സിസേരി (Sisseri) എന്നിവയാണ് ദിബാങ്ങിന്റെ പ്രധാന പോഷകനദികള്‍. ഇവയുടെ നീര്‍വാര്‍ചാതടങ്ങള്‍ അനേകം ചെറു താഴ്വരകള്‍ സൃഷ്ടിച്ചിട്ടുണ്ട്. സു. 2 ച. കി.മീ. വിസ്തൃതിയുള്ള മായു ആണ് പ്രധാന തടാകം.

കൃഷിയാണ് ജനങ്ങളുടെ മുഖ്യ തൊഴില്‍. ആഭ്യന്തരോപയോഗത്തിനുവേണ്ടി മാത്രമേ ഇവിടെ കൃഷിചെയ്യുന്നുള്ളൂ. നെല്ല്, ചോളം, മുതിര, മധുരക്കിഴങ്ങ് എന്നിവയാണ് പ്രധാന വിളകള്‍.

ജനസംഖ്യയിലും വിദ്യാഭ്യാസത്തിലും പിന്നോക്കമായിരുന്ന ദിബാങ് വാലി ജില്ല വിദ്യാഭ്യാസമേഖലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 1991-ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 46.88% സാക്ഷരരായിരുന്നു. 2001-ല്‍ ഇത് 59.45% ആയി വര്‍ധിച്ചു. ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. അസമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകള്‍ക്കാണ് ജില്ലയില്‍ കൂടുതല്‍ പ്രചാരം.

കളിമണ്ണ്, മാര്‍ബിള്‍, ചുണ്ണാമ്പുകല്ല്, ഗ്രാഫൈറ്റ്, പൈറൈറ്റ് എന്നിവയാണ് ദിബാങ് വാലി ജില്ലയിലെ മുഖ്യ ഖനിജങ്ങള്‍. വന്‍ വ്യവസായങ്ങള്‍ ഒന്നുമില്ലാത്ത ഇവിടെ അനേകം ചെറുകിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാവസായികോത്പന്നങ്ങളില്‍ വസ്ത്രങ്ങള്‍, മുളയുത്പന്നങ്ങള്‍, ആഭരണങ്ങള്‍, പണിയായുധങ്ങള്‍ എന്നിവ മുഖ്യ സ്ഥാനം നേടിയിരിക്കുന്നു. ജില്ലയിലെ ഗതാഗത-വാര്‍ത്താവിനിമയ സൌകര്യങ്ങളുടെ അപര്യാപ്തത വ്യവസായ-വാണിജ്യ മേഖലകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ അനീനിയെ വ്യോമമാര്‍ഗം മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് ഇതും ദുഷ്കരമാകുന്നു.

ദിബാങ് ജില്ലയിലെ ഭിസ്മാക് നഗര്‍ (Bhismak Nagar), പാഡും പുഖുരി (Padum Pukhuri), രുക്മിണി നാട്ടി (Rukmini Nati), അഹം പുഖുരി (Ahom Pukhuri)എന്നിവയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്. ഇദൂസ് (Idus) ആദിവാസികളുടെ റേ (Reh) ഉത്സവം പ്രസിദ്ധമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍