This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാണ്ഡേക്കര്‍, വി.എം. (1920 - 95)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ദാണ്ഡേക്കര്‍, വി.എം. (1920 - 95) ഭാരതീയ സാമ്പത്തിക ശാസ്ത്രജ്ഞന്‍. പൂര്‍ണമായ ...)
അടുത്ത വ്യത്യാസം →
10:29, 25 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദാണ്ഡേക്കര്‍, വി.എം. (1920 - 95)
ഭാരതീയ സാമ്പത്തിക ശാസ്ത്രജ്ഞന്‍. പൂര്‍ണമായ പേര് വിനായക് മഹാദേ ദാണ്ഡേക്കര്‍ എന്നാണ്. 1920-ല്‍ മറാത്തി ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് 1944-ല്‍ സ്റ്റാറ്റിസ്റ്റിക്സില്‍ ബിരുദാനന്തരബിരുദം നേടി. സ്റ്റാറ്റിസ്റ്റിക്സില്‍ ഗവേഷണത്തിനായി ലണ്ടന്‍ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചുവെങ്കിലും, യാത്ര ഒരുക്കിയ കപ്പല്‍ക്കമ്പനിയുടെ ഇന്ത്യന്‍ വിദ്യാര്‍ഥികളോടുള്ള മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് യാത്ര ബഹിഷ്കരിച്ചു. തുടര്‍ന്ന് ഒരു വര്‍ഷം ബോംബേ സര്‍ക്കാരിന്റെ കീഴില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ ആയി ജോലി നോക്കിയശേഷം 1945-ല്‍ പൂനായിലെ ഗോഖലേ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സില്‍ ദൊറാബ്ജി ടാറ്റയുടെ സഹായത്തോടെ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഷിക-സാമ്പത്തികശാസ്ത്രവിഭാഗത്തില്‍ ചേര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ പ്രൊഫസര്‍ ഡി.ആര്‍. ഗാഡ്ഗിലുമായുള്ള ബന്ധം ദാണ്ഡേക്കര്‍ ജീവിതാവസാനംവരെ നിലനിര്‍ത്തി. 1966-68, 1970-80 കാലത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം ദാണ്ഡേക്കര്‍ വഹിച്ചു. 1981-ല്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി അവിടെത്തന്നെ എമിററ്റസ് പ്രൊഫസര്‍ ആയി തുടര്‍ന്നു.
സാമ്പത്തികശാസ്ത്രം സ്വയം പഠിച്ച് സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ എന്ന ഖ്യാതി നേടിയ ദാണ്ഡേക്കര്‍, തന്റെ ഗവേഷണ പഠനങ്ങള്‍ക്ക് തിരഞ്ഞെടുത്ത വിഷയങ്ങളാണ് ദേശീയവരുമാന നിര്‍ണയം, ജനസംഖ്യാപ്രശ്നങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസം, ആന്ത്രോപ്പോമെട്രി, ഗ്രാമസമ്പദ്വ്യവസ്ഥ, ഗ്രാമതലത്തിലെ തൊഴിലില്ലായ്മ, കാര്‍ഷിക പരിഷ്കാരം, ഭക്ഷ്യമിച്ചം ഉപയോഗിച്ചുള്ള സാമ്പത്തിക വികസനം, ധാന്യങ്ങളുടെ പൊതുവിതരണവും അതിന് സ്റ്റേറ്റ് നല്കുന്ന സബ്സിഡിയും, വിള ഇന്‍ഷുറന്‍സ്, ചെറുകിട ജലസേചനം, വരള്‍ച്ചപ്രദേശത്തിലെ കൃഷി, ഇന്ത്യയിലെ കാലിസമ്പത്ത്, പ്രാദേശിക സാമ്പത്തിക അസന്തുലിതാവസ്ഥ, അധികാര വികേന്ദ്രീകരണം, മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം, ദ്വൈതസമ്പദ്ഘടന (ഊമഹശശെേര ലര്യീിീാ) എന്നിവ.
ഇന്ത്യയിലെ ദാരിദ്യ്രനില ആദ്യമായി വസ്തുനിഷ്ഠമായി കണക്കാക്കിയത് ദാണ്ഡേക്കറും ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപ്രവര്‍ത്തകനായ നീലകണ്ഠ റാത്തും കൂടിയാണ്. പ്രതിശീര്‍ഷ ഉപഭോഗച്ചെലവ്, പ്രതിശീര്‍ഷ കലോറി ഉപഭോഗം എന്നീ സൂചികകള്‍ ഉപയോഗിച്ച് 1971-72-ല്‍ ഇന്ത്യയില്‍ 220 ദശലക്ഷം പേര്‍ ദാരിദ്യ്രരേഖയ്ക്ക് കീഴിലാണെന്ന് അവര്‍ കണക്കാക്കി. തുടര്‍ന്ന് നിരവധി പഠനങ്ങളും വിവാദങ്ങളും അതു സംബന്ധിച്ചുണ്ടായി. ഗ്രാമതലത്തില്‍ ധാരാളം ഫീല്‍ഡ് സര്‍വേകള്‍ നടത്തി. സാമ്പത്തികശാസ്ത്രം പഠിപ്പിക്കുക മാത്രമല്ല കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ദാണ്ഡേക്കര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. സാമ്പത്തികശാസ്ത്ര അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നിരവധി റിഫ്രഷര്‍ കോഴ്സുകള്‍ ഇദ്ദേഹം സംഘടിപ്പിച്ചു.
ഇന്ത്യന്‍ കൌണ്‍സില്‍ ഒഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് (ഐ.സി.എസ്.എസ്.ആര്‍.) ഫെലോ (1981-83); പൂനെയിലെ ലൊണാവാലായിലെ ഇന്ത്യന്‍ സ്കൂള്‍ ഒഫ് പൊളിറ്റിക്കല്‍ ഇക്കോണമിയുടെ ഓണററി ഡയറക്ടര്‍ (1970-85); നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്.ഒ.) ചെയര്‍മാന്‍ (1970-80) എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു. ദേശീയവരുമാനക്കണക്ക് സംബന്ധിച്ച വിദഗ്ധസമിതി, ഇന്ത്യന്‍ സൊസൈറ്റി ഒഫ് അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിക്സ്, ഇന്ത്യന്‍ സൊസൈറ്റി ഒഫ് ലേബര്‍ ഇക്കണോമിക്സ് എന്നീ ഏജന്‍സികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദാണ്ഡേക്കറുടെ നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകൃതമായിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്: റിപ്പോര്‍ട്ട് ഒഫ് ദ് പൂനെ ഷെഡ്യൂള്‍സ് ഒഫ് നാഷണല്‍ സാമ്പിള്‍ സര്‍വേ (1953), യൂസ് ഒഫ് ഫുഡ് സര്‍പ്ളസസ് ഫോര്‍ ഇക്കണോമിക് ഡെവലപ്മെന്റ് (1956), വര്‍ക്കിങ് ഒഫ് ദ് ബോംബെ ടെനന്‍സി ആക്റ്റ് 1948 (1957), പോവര്‍ട്ടി ഇന്‍ ഇന്‍ഡ്യ (സഹപ്രവര്‍ത്തകനായ നീലകണ്ഠ റാത്തും ചേര്‍ന്ന്).
ദാണ്ഡേക്കര്‍ 1995 ജൂല. 30-ന് നിര്യാതനായി.
(പ്രൊഫ. കെ. രാമചന്ദ്രന്‍ നായര്‍)