This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോട്ടവിളകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തോട്ടവിളകള്‍= Plantation crops തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷി...)
അടുത്ത വ്യത്യാസം →

05:03, 16 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

തോട്ടവിളകള്‍

Plantation crops


തോട്ടം അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന കാര്‍ഷികവിളകള്‍. ഇവയെ വാണിജ്യവിളകള്‍ എന്നും വിളിക്കുന്നു. തോട്ടവിളകള്‍ വിപണിവിളകളാണ്. സ്വന്തം ഉപഭോഗത്തെ ലക്ഷ്യമിട്ടല്ല, മറിച്ച് വിപണിയില്‍ വിറ്റഴിക്കാനുദ്ദേശിച്ച് കൃഷിചെയ്യുന്നവയാണ് ഇവ. സാധാരണഗതിയില്‍ ഒന്നിലധികംപേര്‍ ഒന്നിച്ച് അധ്വാനിക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കുകയും ചെയ്യുന്ന കൃഷിരീതിയാണ് നിലവിലുള്ളത്.


വിസ്തൃതവും തനിവിള മാത്രം കൃഷിചെയ്യുന്നതും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പന്നം സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതുമായ കൃഷിസ്ഥലത്തെയാണ് പൊതുവേ 'തോട്ടം' എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്. വീട്ടുവളപ്പിലോ സമീപത്തോ ക്രമീകരിക്കുന്ന ചെറുതോട്ടങ്ങള്‍ (അടുക്കളത്തോട്ടം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം തുടങ്ങിയവ) ഈ നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല. പൊതുവേ ധാന്യവിളകള്‍, മേച്ചില്‍പ്പുറങ്ങള്‍ (grazing land / pasture) എന്നിവ തോട്ടവിളകളുടെ പരിധിയില്‍ വരുന്നില്ല. വിവിധ രീതികളിലാണ് തോട്ടവിളകളെ നിര്‍വചിച്ചിട്ടുള്ളത്. കാപ്പി, തേയില, റബ്ബര്‍ എന്നിവയ്ക്കു പുറമേ തെങ്ങ്, കമുക്, കൊക്കോ തുടങ്ങിയവയെക്കൂടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ തോട്ടവിളകളായി നിര്‍വചിച്ചിരിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതുകളില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണനിയമപ്രകാരം റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമാണ് തോട്ടവിളകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റബ്ബര്‍, കാപ്പി, തേയില, കമുക്, തെങ്ങ്, കൊക്കോ, കശുമാവ് തുടങ്ങിയ ഒട്ടേറെ വിളകളെ ദേശീയാടിസ്ഥാനത്തില്‍ തോട്ടവിളകളായി പരിഗണിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ റബ്ബര്‍, കാപ്പി, തേയില, ഏലം എന്നിവ മാത്രമേ തോട്ടവിള എന്ന അംഗീകാരം നേടിയിട്ടുള്ളൂ. ഏലം ചിരസ്ഥായിയായ വൃക്ഷ വിളയല്ലാത്തതിനാല്‍ ചില കാര്‍ഷികവിദഗ്ധര്‍ ഇതിനെ വനവൃക്ഷങ്ങളുടെ തണലില്‍ വളരുന്ന ഒരു ഇടവിളയായി മാത്രം കണക്കാക്കുന്നു. എന്നാല്‍ പ്ളാന്റേഷന്‍ ലേബര്‍ ആക്റ്റ് അനുസരിച്ച് ഇന്നത്തെ സവിശേഷതകള്‍ കണക്കിലെടുത്ത് തെങ്ങ്, കമുക്, എണ്ണപ്പന, റബ്ബര്‍, തേയില, കാപ്പി, കൊക്കോ, കശുമാവ്, കുരുമുളക്, ഏലം, ഗ്രാമ്പൂ, വാനില, കൈതച്ചക്ക, കരിമ്പ്, മുന്തിരി, ആപ്പിള്‍, ഓറഞ്ച്, വാഴ, പുഷ്പങ്ങള്‍ എന്നിവയെ എല്ലാം തോട്ടം അടിസ്ഥാനത്തിലുള്ള കൃഷികളായി നിര്‍ണയിച്ചിട്ടുണ്ട്. മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പുകയിലയെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, മുളക് എന്നിവ പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളായി കരുതപ്പെടുന്നുവെങ്കിലും ചിലര്‍ ഇവയെ ചെറുകിട തോട്ടവിളകളായി പരിഗണിക്കുന്നു.


തോട്ടവിളകള്‍ തനിവിളയായി മാത്രമേ കൃഷി ചെയ്യുകയുള്ളൂ. മിശ്രവിളകള്‍ തോട്ടങ്ങള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ പ്രധാന വിളയ്ക്ക് ഇടവിളയായി മറ്റു വിളകള്‍ കൃഷിചെയ്യാറുണ്ട്. ഉദാ. റബ്ബര്‍ത്തോട്ടങ്ങളില്‍ നടത്തുന്ന ഇടവിളകള്‍. എന്നാല്‍ ഈ പ്രവണത ഭൂമി പരമാവധി ഉപയോഗിക്കുന്ന കര്‍ഷകതന്ത്രത്തിന്റെ ഫലമാണ്. ശാസ്ത്രീയമായി പഠനം നടത്തി, ഇടവിളകള്‍ പ്രധാന വിളയ്ക്ക് ദോഷം ചെയ്യുകയില്ലെന്നു മാത്രമല്ല അവ ഉപകാരം ചെയ്യുമെന്നുകൂടി ഉറപ്പുവരുത്തിയതിനുശേഷമാണ് കര്‍ഷകര്‍ ഇതിനു തയ്യാറാകുന്നത്.


വനംകൃഷി തോട്ടക്കൃഷിയില്‍നിന്ന് വ്യത്യസ്തമാണ്. വനംകൃഷിയില്‍ ഒരേ ഇനത്തിലുള്ള ഒന്നിലധികം വൃക്ഷങ്ങള്‍ ശാസ്ത്രീയമായി നട്ടുവളര്‍ത്തുന്നു. ഉദാ. തേക്കുവനങ്ങള്‍. ഇതിന്റെ പ്രധാന ലക്ഷ്യം പ്രായമായ തടി വെട്ടി വില്ക്കുകയെന്നതാണ്. പൊതുവേ സ്റ്റേറ്റിന്റെ വനംവകുപ്പാണ് ഇതു ചെയ്യുന്നത്. എന്നാല്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടുകൂടി സ്വകാര്യവ്യക്തികളും അവരുടെ തോട്ടങ്ങളില്‍ ചെറിയ തോതില്‍ തേക്ക് കൃഷിചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടുതാനും. ഇതില്‍ നിന്ന് വിഭിന്നമാണ് യഥാര്‍ഥത്തില്‍ തോട്ടവിളകളുടെ കൃഷി.


ഇന്ന് വനം നശിക്കുന്നതില്‍ ആശങ്ക നിലനില്ക്കുന്നു. അതുണ്ടാക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാണ്. വന നശീകരണത്തെ നേരിടാന്‍ 'പാരിസ്ഥിതിക തോട്ടവിളകള്‍' (Environmental plantation) എന്ന ആശയം എല്ലാ രാജ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.


യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ ഒരു ഉപോത്പന്നമായാണ് തോട്ടവിളകള്‍ എന്ന സങ്കല്പം വികസിച്ചത്. 1624-ല്‍ വെര്‍ജീനിയ ദ്വീപുകളിലും കരീബിയന്‍ ദ്വീപുകളടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് പ്രദേശങ്ങളിലും മറ്റും ബ്രിട്ടീഷുകാര്‍ ആദ്യമായി പുകയില പ്ളാന്റേഷനുകള്‍ തുടങ്ങി. 19-ാം ശ.-ത്തിലെ വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ തോട്ടവിളകളുടെ കൃഷിയും വ്യാപനവും വര്‍ധിച്ചു. കാപ്പിയാണ് ആദ്യമായി കൃഷിചെയ്ത തോട്ടവിള.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍