This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തെലുഗു ഭാഷയും സാഹിത്യവും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: തെലുഗു ഭാഷയും സാഹിത്യവും ദക്ഷിണേന്ത്യയിലെ പ്രമുഖ ദ്രാവിഡ ഭാഷകളില്‍...)
അടുത്ത വ്യത്യാസം →
06:33, 5 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
തെലുഗു ഭാഷയും സാഹിത്യവും
ദക്ഷിണേന്ത്യയിലെ പ്രമുഖ ദ്രാവിഡ ഭാഷകളില്‍ ഒന്ന്. ദ്രാവിഡഭാഷാഗോത്രത്തില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ഭാഷയാണ് തെലുഗു. ഭാരതീയ ഭാഷകളില്‍ ഹിന്ദിക്കു പുറമേ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന ഭാഷയും തെലുഗുവാണ്. പുലിക്കോട്ടു മുതല്‍ ചിക്കാക്കോള്‍ വരെയുള്ള കിഴക്കന്‍ സമുദ്രതീരപ്രദേശങ്ങളിലും ഉള്ളിലേക്ക് മഹാരാഷ്ട്രയുടെയും മൈസൂറിന്റെയും കിഴക്കേ അതിരോളം ബല്ലാരിയില്‍ വടക്കുകിഴക്കന്‍ അതിര്‍ത്തിയും അനന്തപ്പൂരിന്റെ കിഴക്കുവശത്തു ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന സ്ഥലത്തും നാഗപ്പൂരിലും ഗോണ്ടിവനത്തിലും ഉള്ള ഏതാനും പ്രദേശങ്ങളിലും തെലുഗു സംസാരിക്കുന്നവര്‍ അധിവസിക്കുന്നു. കൃഷ്ണദേവരായരുടെ കാലത്തും അതിനുശേഷവും കുടിയേറിപ്പാര്‍ത്തവരുടെ പിന്‍തലമുറക്കാരായിരിക്കാം തമിഴ്നാട്ടില്‍ പലയിടത്തും തെലുഗു സംസാരിക്കുന്നവരായി കാണപ്പെടുന്നവര്‍. വടക്ക് ഒറിയ, ഹല്‍സി, ഗോണ്ടി, മറാഠി എന്നിവയും പടിഞ്ഞാറ് മറാഠി, കന്നഡ എന്നിവയും തെക്ക് തമിഴും ആണ് ഭാഷാപരമായ അതിരുകള്‍.
ആന്ധ്രപ്രദേശില്‍ 370 ലക്ഷവും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ 80 ലക്ഷവും തെലുഗു സംസാരിക്കുന്നവരുണ്ട്. മലേഷ്യയില്‍ ഒന്നര ലക്ഷവും മൌറീഷ്യസ്സിലും ഫിജിയിലും അരലക്ഷം വീതവും ബര്‍മ(മ്യാന്‍മര്‍)യില്‍ 17,000 വും തെലുങ്കരുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും ധാരാളം തെലുങ്കര്‍ വസിക്കുന്നു.
ലേഖനസംവിധാനം
ക. ഭാഷ
1. ഉത്പത്തിയും വികാസവും
2. പ്രാചീന ലിഖിതങ്ങള്‍
3. ലിപി
4. വര്‍ണവ്യവസ്ഥ
5. വ്യാകരണ പ്രത്യേകതകള്‍
6. ഉപഭാഷകള്‍
7. മാനകഭാഷ
കക. സാഹിത്യം
1. പ്രാചീനഘട്ടം
ശ. പുരാണേതിഹാസകാലം
ശശ. ശ്രീനാഥകാലം
2. മധ്യഘട്ടം
ശ. പ്രബന്ധകാലം
ശശ. ദക്ഷിണകാലം
3. ആധുനികഘട്ടം
ശ. കവിത
കാല്പനികകവിത
വിലാപകാവ്യങ്ങള്‍
ദേശാഭിമാനകവിതകള്‍
പുരോഗമനകവിത
നാടോടിപ്പാട്ടുകള്‍
ശശ. ചെറുകഥ
ശശശ. നോവല്‍
ശ്. നാടകം
്. ഗദ്യസാഹിത്യം
്ശ. ജീവചരിത്രം-ആത്മകഥ
്ശശ. ഉപന്യാസം - സാഹിത്യനിരൂപണം
്ശശശ. ബാലസാഹിത്യം
ശഃ. പത്രങ്ങളും ആനുകാലികങ്ങളും
ഃ. പ്രസ്ഥാനങ്ങളും സംഘടനകളും
ക. ഭാഷ
1. ഉത്പത്തിയും വികാസവും. സംഘകാല തമിഴ് സാഹിത്യത്തില്‍ വഡഗു/വഡുഗ (വടക്ക്) എന്ന പദമാണ് തെലുഗുവിനെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നത്. തെലുഗുവിന് തെനൂഗു, തെനുങ്ക, തെലുഗ്, തെലുഗു, തെലുങ്ക് എന്നെല്ലാം രൂപഭേദങ്ങളുണ്ട്. ഇവയില്‍ തെനൂഗു, തെലുഗു എന്നിവ ചില പണ്ഡിതന്മാര്‍ സംസ്കൃതത്തിലെ ത്രിനഗം (മൂന്ന് മലകള്‍), ത്രിലിംഗം (മൂന്ന് ലിംഗങ്ങള്‍) എന്നീ പദങ്ങളില്‍നിന്ന് വ്യുത്പാദിപ്പിക്കുന്നുണ്ട്. 'ത്രിലിംഗ' എന്ന സംസ്കൃതപ്രകൃതിയുടെ തത്ഭവമാണ് തെലുങ്ക് എന്നാണ് പൊതുവേയുള്ള അഭിപ്രായം. ത്രിലിംഗ എന്നത് കാലേശ്വരം, ത്രിശൈലം, ഭീമേശ്വരം എന്നിവിടങ്ങളില്‍ ആവിര്‍ഭവിച്ച മൂന്ന് ശൈവലിംഗങ്ങളെ ആസ്പദമാക്കി ഉണ്ടായ ദേശനാമമാണ്. അനുനാസിക വ്യഞ്ജനത്തിന്റെ സാന്നിധ്യം കൊണ്ട് 'ല'കാരത്തിനു 'ന'കാരാദേശം ഉണ്ടാകാം എന്നതിനാല്‍ തെലുഗു, തെനുഗു എന്നിവയില്‍ പൂര്‍വരൂപം തെലുഗു ആയിരിക്കാനാണ് സാധ്യത. 'ഇന്ന് തെലുഗു എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്ന രൂപം 'തെലുംഗു' എന്നതില്‍ ഉകാരത്തിന് അനുനാസിക്യം വന്ന് അനുനാസിക വ്യഞ്ജനം ലോപിച്ചുള്ള 'തെലുഗു' എന്ന രൂപത്തില്‍ ഉകാരത്തിന്റെ അനുനാസിക്യം കൂടി ഇല്ലാതായി പ്രചാരത്തില്‍ വന്നിട്ടുള്ളതാണ്' എന്നാണ് ഡോ. ഗോദവര്‍മയുടെ അഭിപ്രായം. പോര്‍ച്ചുഗീസുകാര്‍ ആന്ധ്രക്കാരെ 'ജന്തിയോ' എന്നും അവരുടെ ഭാഷയെ 'ജന്തു' എന്നും വിളിച്ചിരുന്നു. ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ രൂപവത്കരിച്ച പ്രഥമ സൈന്യത്തെ 'തെലംഗ' എന്നു വിളിച്ചുവന്നു.
മൂലഭാഷയായ പൂര്‍വദ്രാവിഡം 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്ന് ഉപഭാഷാ കുടുംബങ്ങളായി വേര്‍പിരിയുകയുണ്ടായി. ദക്ഷിണദ്രാവിഡം, മധ്യദ്രാവിഡം, ഉത്തരദ്രാവിഡം എന്നിവയാണവ. ഇവയില്‍ മധ്യദ്രാവിഡ ശാഖയില്‍ ഉള്‍പ്പെടുന്ന ഭാഷയാണ് തെലുഗു. ഈ ശാഖയില്‍ നിന്നു ആദ്യം സ്വതന്ത്രമായ ഭാഷ തെലുഗുവാണ്. ബി.സി. 6-ാം ശ.-ത്തിനു മുമ്പുതന്നെ തെലുഗു സ്വതന്ത്രഭാഷയായി മാറിയതിനു സൂചനകളുണ്ട്. സാംസ്കാരികമായി തെലുഗുവിന് ദക്ഷിണ ഭാഷകളായ തമിഴിനോടും കന്നഡയോടും അടുപ്പമുണ്ടെങ്കിലും ജനിതകമായി മധ്യദ്രാവിഡഭാഷകളായ ഗോണ്ടി, കൊണ്ട, കുയി മുതലായ ഭാഷകളുമായാണ് കൂടുതല്‍ അടുപ്പമുള്ളത്. ഇന്ത്യയില്‍ ആദി മുതല്‍ക്കേ ഉള്ള ഭാഷയല്ല, മൂലദ്രാവിഡത്തിന്റെ പുത്രിയാണ് തെലുഗു എന്നാണ് താരതമ്യഭാഷാശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം.
2. പ്രാചീന ലിഖിതങ്ങള്‍. ബി.സി. 200 മുതല്‍ എ.ഡി. 500 വരെയുള്ള ആന്ധ്രയിലെ സംസ്കൃത ശിലാലിഖിതങ്ങളിലും സപ്തശതി എന്ന പ്രാകൃത പദ്യസമാഹാരത്തിലും കുമാരിലഭട്ടന്റെ തന്ത്രവാര്‍ത്തികത്തിലും മറ്റു പല പുരാരേഖകളിലും തെലുഗു ഭാഷയിലുള്ള സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും മാത്രമേ കാണുന്നുള്ളൂ. ഭരണകര്‍ത്താക്കളുടെ ഭാഷ മറ്റൊന്നായിരുന്നെങ്കിലും ജനങ്ങളുടെ ഭാഷ തെലുഗുവായിരുന്നുവെന്ന് ഇതില്‍നിന്ന് ഊഹിക്കാം. കഡപ്പ ജില്ലയില്‍ കണ്ടെടുത്ത എ.ഡി. 575-ലെ ശിലാലിഖിതത്തിലാണ് തെലുഗുഭാഷ വാക്യരൂപത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നന്നയയുടെ കാലമായപ്പോള്‍ (എ.ഡി. 1020) ജനങ്ങളുടെ ഭാഷ സാഹിത്യഭാഷയില്‍നിന്നു വളരെ വ്യത്യസ്തമായി മാറി. ബി.സി. 3-ാം ശ. മുതല്‍ തന്നെ സംസ്കൃതത്തിന്റെയും പ്രാകൃതത്തിന്റെയും സ്വാധീനം തെലുഗുവില്‍ പ്രകടമായിരുന്നു. വാക്യഘടനയിലും പദപ്രയോഗത്തിലും മറ്റും സംസ്കൃതത്തിന്റെ ഗണ്യമായ സ്വാധീനം കാണുന്നുണ്ട്.
3. ലിപി. എ.ഡി. 5-ാം ശ.-ത്തില്‍ ബ്രാഹ്മിയില്‍നിന്നു വേര്‍തിരിഞ്ഞ 'ഭട്ടിപ്രോലു' ലിപിയാണ് ആദ്യകാല ശിലാലിഖിതമായ അമരാവതി രേഖയില്‍ കാണുന്നത്. എ.ഡി. 4-ാം ശ.-ത്തിനുശേഷം തെലുഗു-കന്നഡ ലിപിയെന്നു പരക്കെ അറിയപ്പെടുന്ന വേങ്കിചാലുക്യ ലിപി രൂപാന്തരപ്പെട്ടു. തെലുഗു-കന്നഡ ലിപികള്‍ 1300 മുതല്‍ രണ്ടായി വേര്‍പിരിഞ്ഞു എന്നു കരുതപ്പെടുന്നു. വേങ്കിചാലൂക്യ ലിപികള്‍ താഴെനിന്നു മുകളിലേക്കു വളഞ്ഞവയായിരുന്നു. തെലുഗുലിപികള്‍ക്ക് ചില മാറ്റങ്ങള്‍ വന്നുചേര്‍ന്നുവെങ്കിലും ലിപിപരിഷ്കരണത്തിനുള്ള നടപടികള്‍ വളരെ വൈകിയാണ് സ്വീകരിക്കപ്പെട്ടത്.
4. വര്‍ണവ്യവസ്ഥ. തെലുഗുവില്‍ സംസ്കൃതത്തിലേതുള്‍പ്പെടെ 33 വ്യഞ്ജനങ്ങളും 11 സ്വരങ്ങളും ഉണ്ട്.
ക, ഖ, ഗ, ഘ, ച, ഛ, ജ, ഝ, ട, ഠ, ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ള, ബ, ഭ, മ, യ, ര, ല, ള, വ, ശ, ഷ, സ, ഹ
അ, ആ, ഇ, ഈ, മല, ഉ, ഊ, എ, ഏ, ഒ, ഓ
ഇവയില്‍ ള, സ, ഷ, ഹ എന്നീ ഊഷ്മാക്കള്‍ കടമെടുത്തവയാണ്. റ, ഴ എന്നിവ പിന്നീട് സ്വനിമങ്ങളല്ലാതായിട്ടുണ്ട്. മല,ള എന്നിവ പുതുതായി വന്നുചേര്‍ന്നവയാണ്. ങ, ഞ, , റ്വ എന്നിങ്ങനെ ചില അക്ഷരങ്ങളും ഉണ്ടായിട്ടുണ്ട്.
5. വ്യാകരണ പ്രത്യേകതകള്‍. പ്രാചീനകാലത്ത് തെലുഗുവിനെ മറ്റു ദ്രാവിഡ ഭാഷകളില്‍നിന്നു വ്യത്യസ്തമായിട്ടാണ് പരിഗണിച്ചിരുന്നത്. ആധുനിക തെലുഗുവില്‍ മലയാളത്തിലെന്നതുപോലെ സംസ്കൃതത്തിന്റെ സമാവേശം വളരെ കൂടുതലാണ്. പദാരംഭത്തില്‍ ഘോഷവ്യഞ്ജനങ്ങളെ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു ദ്രാവിഡഭാഷകളില്‍ പൂര്‍വ ദ്രാവിഡത്തിലെ 'ഡ'കാരം 'ഴ'കാരമായോ 'ള'കാരമായോ 'യ'കാരമായോ മാറിയിട്ടുണ്ടെങ്കിലും തെലുഗുവില്‍ 'ഡ'കാരമായിത്തന്നെ അവശേഷിക്കുന്നു. ഉദാ. ഏഴ് (എടു), കഴ്ക് (കടുക്). പദാരംഭത്തിലുള്ള 'ക'വര്‍ഗം അതിനെ തുടര്‍ന്നുവരുന്ന താലവ്യസ്വരത്തിന്റെ സാമീപ്യംകൊണ്ട് 'ച'വര്‍ഗമാകുന്ന സമ്പ്രദായം തമിഴിലും മലയാളത്തിലുമെന്നതുപോലെ തെലുഗുവിലുമുണ്ട്. പദാരംഭത്തിലെ 'അയ്'കാരം മലയാളത്തിലെന്നതുപോലെ 'അ'കാരം മാത്രമായി പരിണമിച്ചിട്ടുണ്ട്. തെലുഗു വൈകയാകരണന്മാര്‍ 'ശകടരേഫം' എന്നു പറയുന്ന വര്‍ണം പല തെലുഗു പദങ്ങളിലും കാണാം. ഈ വര്‍ണത്തിന്റെ സ്ഥാനത്ത് മറ്റു ദ്രാവിഡ ഭാഷകളില്‍ കേവലം 'റ'കാരമാണുള്ളത്. ഉദാ. അറ (അര്‍റ), ചീറുക (ചിര്‍റു). ജിഹാമൂലിയായ ദീര്‍ഘസ്വരം ആദ്യക്ഷരത്തില്‍ മാത്രമേ കാണൂ. ദീര്‍ഘസ്വരത്തിനുശേഷം ദ്വിത്വം വരുന്നത് രക്തബന്ധമുള്ള പദങ്ങളില്‍ മാത്രമാണ്. ഉദാ. ബാമ്മ (മുത്തശ്ശി). ണ, ള, യ എന്നിവ പദാദിയില്‍ വരില്ല. 'ട'കാരം അപൂര്‍വമായി വരും. മലയാളത്തിലെന്നതുപോലെ കര്‍ത്താവ്, കര്‍മം, ക്രിയ എന്ന വാക്യഘടനയാണ് തെലുഗുവിലുമുള്ളത്. ഇന്‍ഡോ-ആര്യന്‍ ഭാഷയില്‍ നിന്നു കടമെടുത്ത കര്‍മണിപ്രയോഗവും ആപേക്ഷികവാക്യരീതിയും മറ്റും അപൂര്‍വമാണ്. 'ആണ്' എന്ന ക്രിയ കൂടാതെ ആഖ്യാനസ്ഥാനത്ത് നാമപദം ഉപയോഗിക്കുന്ന രീതി തികച്ചും സാധാരണമാണ്.
6. ഉപഭാഷകള്‍. തെലുഗു എല്ലായിടത്തും ഒന്നുപോലെയല്ല സംസാരിക്കപ്പെടുന്നത്. ഇതിനു പ്രധാനമായി കലിംഗ, കോസ്താ, തെലംഗാണ, റായലസീമ എന്നിങ്ങനെ നാല് പ്രാദേശിക ഭാഷകള്‍ കൂടിയുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ദേശ്യഭാഷകള്‍ കലര്‍ന്നും കാണാം. വിദ്യാഭ്യാസമില്ലാത്തവരുടെ ഭാഷയില്‍ മഹാപ്രാണശബ്ദങ്ങള്‍ അപൂര്‍വമാണ്. കര്‍ണാടകത്തിലെയും മഹാരാഷ്ട്രയിലെയും ചില ജാതിക്കാരുടെ വ്യവഹാര ഭാഷയായ ബേരഡി, ദാസരി, കാമാഠി, വഡരി എന്നിവയില്‍ ഒരല്പം വ്യത്യാസം ഉണ്ട്. സാധാരണ തെലുഗുവില്‍ 'ച' എന്നത് 'ഝ' എന്ന് ഉച്ചരിക്കപ്പെടുമ്പോള്‍ കാമാഠിയില്‍ അത് 'സ' എന്നാണ് ഉച്ചരിക്കുന്നത്. ദാസരിയില്‍ 'രു' എന്നത് 'ളു' എന്നോ 'ലു' എന്നോ ആയിത്തീരുന്നുണ്ട്. ക്രിയാപദങ്ങളില്‍ ഉത്തമപുരുഷ സര്‍വനാമത്തെയും മധ്യമപുരുഷ സര്‍വനാമത്തെയും കറിക്കുന്ന പ്രത്യയങ്ങള്‍ വഡരിയില്‍ നഷ്ടപ്പെട്ടിരിക്കുന്നതും കാണാം. ഔപചാരികവും അല്ലാത്തതുമായ ഭാഷാശൈലികളും തെലുഗുവിനുണ്ട്.
7. മാനകഭാഷ. 1966-ലാണ് തെലുഗു ആന്ധ്രപ്രദേശിലെ ഔദ്യോഗികഭാഷ ആയത്. 1968-ല്‍ സര്‍വകലാശാലാതലത്തില്‍ പഠനമാധ്യമവുമായി. ശാസ്ത്രീയ സാങ്കേതിക പദങ്ങള്‍ ഇംഗ്ളീഷില്‍നിന്നും മറ്റും കടമെടുത്തു. പുതിയ പദങ്ങള്‍ സംസ്കൃതത്തെ ആധാരമാക്കി ഉണ്ടാക്കുകയും ചെയ്തു. ആധുനിക ശാസ്ത്രീയ സാഹിത്യ രചനകളില്‍ ഉപയോഗിക്കുന്ന തെലുഗു തീരദേശഭാഷയുടെ ഒരു വികസിത രൂപമാണ്. ഇതില്‍ ഇംഗ്ളീഷില്‍നിന്നുള്ള തദ്ഭവങ്ങളും തത്സമങ്ങളും കാണാം. തീരദേശഭാഷ ചില പരിഷ്കാരങ്ങളോടെ ആധുനികകാലത്തെ മാനകഭാഷയായി മാറി.
കക. സാഹിത്യം. പാണ്ഡരംഗന്റെ അദ്ദങ്കി രേഖയിലും (848) ചാലൂക്യഭീമന്റെ ധര്‍മാവരം രേഖയിലും പദ്യങ്ങള്‍ കാണാം. യതിയും പ്രാസവും ഒക്കെ ഈ പദ്യങ്ങളിലുണ്ട്. കൊറവി ശിലാശാസനത്തിലെ ഗദ്യം പില്ക്കാലത്ത് നന്നയഭട്ടന്‍ രചിച്ച ആന്ധ്രമഹാഭാരതത്തിലെ ഗദ്യത്തോടു കിടപിടിക്കുന്നതാണ്. 9-ാം ശ.-ത്തിലെ ഈ ശാസനം ചാലൂക്യഭീമന്റേതാണ്. കന്ദുകൂരു ധര്‍മാവരം ലിഖിതങ്ങളിലും യുദ്ധമല്ലന്റെ (934) ബജവാഡ ലിഖിതത്തിലും പദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗുണ്ടുരു ലിഖിതത്തിലും (1000) ചില പദ്യങ്ങള്‍ കാണാം. 9,10 ശ.-ങ്ങളിലെ പദ്യങ്ങളിലധികവും ദേശിരീതിയിലുള്ളവയാണ്. ഇവയിലധികവും വീരപരുഷന്മാരുടെ പരാക്രമങ്ങളും രാജാക്കന്മാരുടെയും മന്ത്രിമാരുടെയും ഗാനങ്ങളുമാണ് വിവരിക്കുന്നത്. അതിനാല്‍ അവയ്ക്ക് സാഹിത്യഗുണമുണ്ടെന്നു പറയാനാവില്ല. ഇക്കാലത്ത് ചില ജൈന കവികള്‍ നല്ല കാവ്യങ്ങള്‍ രചിച്ചിട്ടുണ്ടെന്നാണ് നിരൂപകരുടെ അഭിപ്രായം. ഇതില്‍നിന്ന് നന്നയനു മുമ്പുതന്നെ ഒന്നാന്തരം സാഹിത്യശൈലി തെലുഗുവില്‍ രൂപമെടുത്തുകഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കാം. എന്നാല്‍ ഇപ്രകാരം എഴുതപ്പെട്ട സാഹിത്യകൃതികളൊന്നുംതന്നെ ലഭിച്ചിട്ടില്ല. തെലുഗുസാഹിത്യത്തെ പ്രാചീനഘട്ടം, മധ്യഘട്ടം, ആധുനികഘട്ടം എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം.
1. പ്രാചീനഘട്ടം. പുരാണേതിഹാസകാല(1020-1400)വും ശ്രീനാഥകാല(1400-1510)വും ചേര്‍ന്നതാണ് പ്രാചീനഘട്ടം.
ശ. പുരാണേതിഹാസകാലം. പുരാണേതിഹാസകാലത്തെ വിവര്‍ത്തനകാലമെന്നും വിളിക്കാം. മഹാഭാരതത്തിന്റെ തെലുഗു പരിഭാഷ നിര്‍വഹിച്ച നന്നയഭട്ടന്‍, തിക്കന, എര്‍റാപ്രഗഡ എന്നിവര്‍ 'കവിത്രയം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇക്കാലത്ത് സംസ്കൃതത്തില്‍ നിന്ന് ഹിന്ദുമതതത്ത്വങ്ങള്‍ അടങ്ങിയ പുരാണങ്ങളും വേദങ്ങളും വിവര്‍ത്തനം ചെയ്യപ്പെട്ടു. വൈദികമതത്തില്‍ അഭിനിവിഷ്ടനായിരുന്ന ചാലൂക്യരാജാവായ രാജരാജനരേന്ദ്രന്‍ (1022-63) ആവശ്യപ്പെട്ടതനുസരിച്ചാണ് നന്നയഭട്ടന്‍ ആന്ധ്രമഹാഭാരതത്തിന്റെ രചന തുടങ്ങിയത്. നന്നയഭട്ടന്‍ രാജരാജനരേന്ദ്രന്റെ സഭയില്‍ ആസ്ഥാനകവിയായി കഴിയുമ്പോഴാണ് വ്യാസഭാരത വിവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദേശമുണ്ടായത്. സംസ്കൃത മഹാഭാരതം ആലപിച്ചുകേള്‍ക്കുമ്പോഴെല്ലാം മഹാരാജാവിന് അനുഭവപ്പെട്ട ആനന്ദമാണ് ആ നിര്‍ദേശത്തിനു പിന്നിലുണ്ടായിരുന്നത്. മഹാഭാരതത്തിലെ ആദിപര്‍വവും സഭാപര്‍വവും ആരണ്യപര്‍വത്തിന്റെ ഒരു ഭാഗവും മാത്രമാണ് നന്നയന്‍ പരിഭാഷപ്പെടുത്തിയത്. തെലുഗുവിലെ ആദികവിയായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു. കവി അകാലത്തില്‍ അന്തരിച്ചതുകൊണ്ട് പരിഭാഷ മുടങ്ങി.
ഹിന്ദുധര്‍മപ്രചരണതത്പരനായ നന്നയഭട്ടന്‍ വ്യാസഭാരതത്തിന്റെ അന്തസ്സത്ത ശരിക്കും ഗ്രഹിച്ചുകൊണ്ടാണ് പരിഭാഷ നിര്‍വഹിച്ചത്. അദ്ദേഹം വേദജ്ഞനായ ബ്രാഹ്മണനായിരുന്നു. സംസ്കൃതത്തിന്റെയും തെലുഗുവിന്റെയും സമഞ്ജസമായ സമ്മേളനരംഗമാണ് ആന്ധ്രമഹാഭാരതം. ഭക്തനായ നന്നയന്‍ മൂലകൃതിയിലെ ചില ഭാഗങ്ങള്‍ വിട്ടുകളയുകയും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ദ്രൌപദി വിജയശ്രീലാളിതനായ അര്‍ജുനനെ വരണമാല്യമണിയിക്കുന്ന രംഗം പരിഭാഷയില്‍ അതീവ ഹൃദ്യമാണ്, ഒപ്പം മൂലാതിശായിയുമാണ്. ദുര്യോധനന്‍ പാഞ്ചാലീവസ്ത്രാക്ഷേപത്തിനൊരുങ്ങുമ്പോള്‍ അയാളെ നാടുകടത്തണമെന്ന് ഗാന്ധാരി ധൃതരാഷ്ട്രരോട് ആവശ്യപ്പെടുന്ന രംഗം മൂലകൃതിയിലുള്ളതാണ്. നന്നയന്‍ ആ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നു. അങ്ങനെ പരിഭാഷയില്‍ ഗാന്ധാരിയുടെ നീതിബോധം ചോര്‍ന്നുപോകുന്നു. വേദ ധര്‍മ പ്രകാശകങ്ങളായ ചില ഭാഗങ്ങള്‍ പരിഭാഷയില്‍ നന്നയന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. നന്നയന്റെ കാലംതൊട്ട് അഞ്ഞൂറുവര്‍ഷത്തോളം പുരാണേതിഹാസ കൃതികളുടെ വിവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നതായി കാണാം. തികഞ്ഞ ആദരവോടെയാണ് തെലുഗര്‍ നന്നയന്റെ രചനയെ നോക്കിക്കാണുന്നത്. ആദിപര്‍വത്തിലെ കചദേവയാനീകഥയും സഭാപര്‍വത്തിലെ ശിശുപാലവധവും ആരണ്യ പര്‍വത്തിലെ നളചരിതവും മറ്റും വളരെ ആനന്ദത്തോടെയാണ് തെലുഗര്‍ പാരായണം ചെയ്യുന്നത്.
നന്നയന്റെ ആന്ധ്രമഹാഭാരതം പിന്നെയും രണ്ടുശതാബ്ദകാലത്തോളം പൂര്‍ത്തിയാക്കാന്‍ ആരും തുനിഞ്ഞില്ല. 13-ാം ശ.-ത്തില്‍ ആരണ്യപര്‍വം ഒഴിച്ചുള്ള ഭാഗം തിക്കനയും 14-ാം ശ.-ത്തില്‍ ആരണ്യപര്‍വം എര്‍റനയയും പരിഭാഷപ്പെടുത്തി. അങ്ങനെ ഈ കവിത്രയം-നന്നയ, തിക്കന, എര്‍റന-പല കാലങ്ങളിലായി ആന്ധ്രമഹാഭാരത വിവര്‍ത്തനം പൂര്‍ണമാക്കി. ഈ മഹാകവികള്‍ പില്ക്കാലത്തെ കവികളുടെയും ആസ്വാദകരുടെയും ആരാധനയ്ക്കു പാത്രങ്ങളായി.
വീരശൈവ കവികള്‍. നന്നയയ്ക്കും വിവര്‍ത്തനം തുടര്‍ന്ന് നടത്തിയ തിക്കനയ്ക്കും ഇടയ്ക്കുള്ള കാലം പൊതുവേ വീരശൈവകാലം എന്ന് അറിയപ്പെട്ടു. തെലുഗുവിലെ ആദ്യത്തെ ശൈവകവി 12-ാം ശ.-ത്തിന്റെ പ്രഥമാര്‍ധത്തില്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നന്നിചോഡയാണ് (1150-1220). ചോള ഭരണാധികാരിയായിരുന്ന ചോഡബല്ലിയുടെ പുത്രനായ ഇദ്ദേഹം കുമാരസംഭവം രചിച്ചു. തെലുഗുവിലെ മൌലിക കാവ്യങ്ങളില്‍ ആദ്യത്തേതാണ് ഇത്. ഇതില്‍ 12 സര്‍ഗങ്ങളാണ് ഉള്ളത്. പാര്‍വതീപരമേശ്വരന്മാരുടെ പ്രണയകഥ, കുമാരസ്വാമിയുടെ ജനനം, താരകാസുരന്റെ വധം എന്നിവയാണ് ഈ കാവ്യത്തിലെ മുഖ്യപ്രതിപാദ്യം. കുമാരസംഭവത്തില്‍ നിന്നാണ് ഇതിവൃത്തം സ്വീകരിച്ചുള്ളതെങ്കിലും ഇതിനെ തെലുഗുവിലെ ആദ്യത്തെ മൌലിക കാവ്യമായി കണക്കാക്കുന്നു. വിശദവും സ്വാഭാവികവുമാണ് ഇതിലെ വര്‍ണനകള്‍. സങ്കേതം, ശൈലി, ഭാഷ എന്നിവയെ സംബന്ധിച്ചിടത്തോളം മേന്മ അവകാശപ്പെടാന്‍ യോഗ്യതയുള്ള ഒരു കൃതിയാണ് നന്നിചോഡയുടെ കുമാരസംഭവം. നന്നിചോഡ തനിക്കു മുമ്പുള്ള തെലുഗുകവികളുടെ പേരുകളൊന്നുംതന്നെ കാവ്യാരംഭത്തില്‍ എടുത്തുപറയുന്നില്ല. നന്നിചോഡ ശിവഭക്തനായിരുന്നു. അക്കാലത്തു പ്രശസ്തി നേടിയ ശൈവ സന്ന്യാസിയായ ജംഗമ മല്ലികാര്‍ജുനദേവന്റെ ശിഷ്യനുമായിരുന്നു. ശിവതത്ത്വസാരം രചിച്ച മല്ലികാര്‍ജുനപണ്ഡിതാരാദ്ധ്യ (1120-80), വിലപ്പെട്ട പല ഗ്രന്ഥങ്ങളുടെയും കര്‍ത്താവായ പാല്‍കുരികി സോമനാഥ (1200), സര്‍വേശ്വരശതകരചയിതാവായ അന്നമയ്യ (1240) എന്നിവരായിരുന്നു പ്രസിദ്ധരായ ശൈവകവികള്‍. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പാല്‍കുരികി സോമനാഥ ബസവപുരാണം, പണ്ഡിതാരാധ്യചരിതം തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. നാടന്‍ ഭാഷാശൈലിയിലാണ് സോമനാഥ ബസവപുരാണവും പണ്ഡിതാരാധ്യചരിതവും രചിച്ചത്. ഈ രണ്ട് കാവ്യങ്ങളിലും അദ്ദേഹത്തിന്റെ കവിത്വവും പാണ്ഡിത്യവും പ്രകടമാകുന്നു. സമാകര്‍ഷകങ്ങളായ വര്‍ണനകള്‍ ഈ കൃതികളെ നിറം പിടിപ്പിക്കുന്നു. അനുഭവസാരം, വൃഷാധിപശതകം എന്നീ കൃതികളും സോമനാഥന്റേതാണ്. ലക്ഷണയുക്തമായ ആദ്യത്തെ തെലുഗു ശതകമാണിത്. ഗംഗോത്പത്തിരാഗദ എന്ന കൃതിയില്‍ കവിയുടെ സംഗീത പരിജ്ഞാനം വെളിപ്പെടുന്നു. ദേശിദ്വിപദവൃത്തത്തിലാണ് ഈ ഗ്രന്ഥങ്ങളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. തെലുഗുസാഹിത്യത്തില്‍ സോമനാഥയ്ക്ക് സമുന്നതമായ സ്ഥാനമാണുള്ളത്.
1200-നും 1300-നും ഇടയ്ക്കാണ് തിക്കന ജീവിച്ചിരുന്നത്. മതത്തിന്റെ പേരില്‍ മല്ലടിക്കുന്ന ശൈവവൈഷ്ണവന്മാരെ, ശിവനും വിഷ്ണുവും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നു ധരിപ്പിക്കുന്നതിനായി തന്റെ മഹത്തായ ഭാരതത്തെ ശിവന്റെയും വിഷ്ണുവിന്റെയും സംയുക്തരൂപമായ ഹരിഹരനാണ് സമര്‍പ്പിച്ചിരിക്കുന്നത്. നിര്‍വചനോത്തരരാമായണമാണ് തിക്കനയുടെ പ്രഥമ കൃതി. നന്നയന്റെ മഹാഭാരതത്തില്‍ ഗദ്യഭാഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ തിക്കന ഗദ്യസ്പര്‍ശമില്ലാതെയാണ് ഉത്തരരാമായണമെഴുതിയത്. നെല്ലൂര്‍ രാജാവായ മനുസിദ്ധിയാണ് (1200-58) തിക്കനയ്ക്ക് പ്രോത്സാഹനമരുളിയത്. നന്നയനെ അപേക്ഷിച്ച് കുറേക്കൂടി സ്വതന്ത്രമായ രീതിയിലാണ് തിക്കന മഹാഭാരതം പരിഭാഷപ്പെടുത്തിയത്. ചില കഥകള്‍ തിക്കന വിട്ടുകളഞ്ഞു. സാഹിത്യമേന്മയും കലാമൂല്യവുമുള്ള വിവര്‍ത്തനമായിരുന്നു തിക്കനയുടെ ലക്ഷ്യം. വിരാടപര്‍വം കാല്പനികസുന്ദരമാക്കി. ഉദ്യോഗപര്‍വത്തില്‍ ധീരസാഹസികതയുടെ തിളക്കമാണ് കാണുന്നത്. രസച്ചരടു പൊട്ടാത്ത മട്ടിലാണ് യുദ്ധചിത്രീകരണം. പല ഭാഗങ്ങളും വായിക്കുമ്പോള്‍ പരിഭാഷയാണെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. പുതുമയും അന്തസ്സുമുള്ള ഭാഷയിലാണ് രചന. തെലുഗുഭാഷയും ദേവഭാഷയും രമ്യമായ നിലയില്‍ അലിഞ്ഞുചേര്‍ന്നൊഴുകുന്നു. തെലുഗു പദങ്ങള്‍ക്ക് പ്രാമുഖ്യം നല്കിയിരിക്കുന്നു. ദുര്‍ഗ്രഹങ്ങളായ ആത്മീയ ആശയങ്ങള്‍പോലും ലളിതമായ തെലുഗുപദങ്ങള്‍കൊണ്ട് ശക്തമായി പ്രകാശിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ച കവിയാണ് ഇദ്ദേഹം. ഒരു രാജശില്പിയുടെ കരവിരുതാണ് തിക്കന മഹാഭാരത പരിഭാഷയില്‍ പ്രകടമാക്കുന്നത്.
കേതന എന്ന കവി ബാണഭട്ടന്റെ (1200-50) കാദംബരി കാവ്യമായി രചിച്ചു. മൂലഘടിക കേതന എന്ന മറ്റൊരു കവിയുണ്ട് (1225-90). ഇദ്ദേഹമാണ് വിജ്ഞാനേശ്വരം എന്ന പേരില്‍ യാജ്ഞവല്ക്ക്യ ധര്‍മശാസ്ത്രം പരിഭാഷപ്പെടുത്തിയിട്ടുള്ളത്. അതും ഒരു സ്വതന്ത്ര വിവര്‍ത്തനമാണ്. ആദ്യത്തെ തെലുഗു വ്യാകരണ ഗ്രന്ഥമായ ആന്ധ്രഭാഷാഭൂഷണവും ഈ കേതനന്റെ കൃതിയാണ്. ദണ്ഡിയുടെ ദശകുമാരചരിതം വിവര്‍ത്തനം ചെയ്ത ഇദ്ദേഹം 'അഭിനവദണ്ഡി' എന്ന ബിരുദവും നേടിയിരുന്നു. ഈ സ്വതന്ത്ര പരിഭാഷ തിക്കനയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ലളിതമെങ്കിലും ശക്തവും ഹൃദ്യവുമാണ് ഭാഷാരീതി. മാരണമന്ത്രി എന്ന കവി മാര്‍ക്കണ്ഡേയപുരാണത്തെ അവലംബമാക്കി അതേ പേരില്‍ത്തന്നെ ഒരു കൃതി രചിച്ചു. ഗദ്യപദ്യമയമായ കൃതിയാണ് മാര്‍ക്കണ്ഡേയപുരാണം. ഭാരതം വിരാടപര്‍വം മുതല്‍ വിവര്‍ത്തനം ചെയ്തതായി പറയപ്പെടുന്ന അഥര്‍വണാചാര്യയും (13-ാം ശ.) നീതിസാരമുക്താവലിയുടെ കര്‍ത്താവായ ബദ്ദെഭൂപാല(1220-80)യും ഈ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ കവികളാണ്.
രാമകഥ തെലുഗുസാഹിത്യത്തില്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഈ സ്വാധീനം പ്രകടമാകുന്നു. രംഗനാഥ രാമായണമാണ് ആദ്യത്തെ തെലുഗുരാമായണം (1250). ഗോന ബുദ്ധറെഡ്ഡി(1200-60)യാണ് ഇതിന്റെ രചയിതാവെന്ന് വിശ്വസിക്കപ്പെടുന്നു. ഗോന ബുദ്ധറെഡ്ഡിയാണ് കര്‍ത്താവ് എന്നതിന് ഈ ഗ്രന്ഥം തെളിവു തരുന്നില്ല. രാമായണത്തിന്റെ ഉത്തര കാണ്ഡം രചിച്ചത് റെഡ്ഡിയുടെ പുത്രന്മാരായ കചനും വിത്തലനുമാണെന്നു വിശ്വസിക്കപ്പെടുന്നു. റെഡ്ഡി തന്റെ പിതാവായ വിത്തലന്റെ പേരിലാണ് രാമായണം രചിച്ചതെന്നും പിതാവിന്റെ ചുരുക്കപ്പേര് രംഗനാഥന്‍ എന്നായിരുന്നു എന്നും കരുതപ്പെടുന്നു. രാവണന്‍, കുംഭകര്‍ണന്‍, വിഭീഷണന്‍ എന്നിവരുടെ തിളങ്ങുന്ന ചിത്രങ്ങളാണ് രംഗനാഥ രാമായണത്തിലുള്ളത്. പ്രതാപരുദ്രന്‍ ഒന്നാമന്റെ (വാറംഗല്‍) ഒരു സാമന്തനായിരുന്നു ബുദ്ധറെഡ്ഡി.
രംഗനാഥ രാമായണം ഒരു വിവര്‍ത്തനമല്ല. വാല്മീകിരാമായണത്തെ അവലംബമാക്കി രചിച്ച ഒരു കൃതി എന്നുവേണം പറയേണ്ടത്. വാല്മീകി പറയാത്ത നിരവധി ഉപാഖ്യാനങ്ങള്‍ അതിലുണ്ട്. നാടോടിക്കഥകളില്‍നിന്നു സ്വീകരിക്കപ്പെട്ടവയാണ് അവ. ജംബുമാലി, കാലനേമി, സുലോചന എന്നിവരെക്കുറിച്ചുള്ള ഉപാഖ്യാനങ്ങള്‍ ഉദാഹരിക്കാവുന്നവയാണ്. യഥാര്‍ഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തില്‍ കാണാം. സമാകര്‍ഷകമാണ് ശൈലി. സമുന്നത ചിന്തകള്‍ അവതരിപ്പിക്കുന്ന ഒരു ഉജ്ജ്വല കൃതിയാണ് രംഗനാഥ രാമായണം.
മഹാഭാരത പരിഭാഷയില്‍ ഏര്‍പ്പെട്ട മൂന്നാമത്തെ കവിയാണ് എര്‍റന പ്രഗഡ (14-ാം ശ.). തിക്കന വിവര്‍ത്തനം ചെയ്യാന്‍ ഉദ്യമിക്കാത്ത ആരണ്യകാണ്ഡത്തിന്റെ ഉത്തരഭാഗം ഇദ്ദേഹം പൂര്‍ത്തിയാക്കി. നന്നയയുടെ ശൈലിയില്‍ തുടങ്ങി തിക്കനയുടെ ശൈലിയില്‍ അവസാനിപ്പിച്ചു എന്നതാണ് പ്രത്യേകത. വാല്മീകി രാമായണ വിവര്‍ത്തനമാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതി. അതിപ്പോള്‍ ലഭ്യമല്ല. എര്‍റനയുടെ പ്രതിഭ അതിന്റെ ഉദാത്തതയില്‍ എത്തിനില്ക്കുന്നത് മൂന്നാമത്തെ കൃതിയായ ഹരിവംശത്തിലാണ്. സംസ്കൃതത്തില്‍നിന്നുള്ള വിവര്‍ത്തനമാണ് ഈ കൃതി. ഇതില്‍ ഹരിയുടെ വംശത്തിന്റെ കഥ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ബ്രഹ്മാണ്ഡപുരാണത്തില്‍ നിന്നെടുത്തിട്ടുള്ള ഈ കഥയില്‍ ഉചിതസ്ഥാനങ്ങളില്‍ പല വര്‍ണനകളും കൂട്ടിച്ചേര്‍ത്ത് കൃത്രിമപ്രബന്ധത്തിന്റെ രൂപം നല്കിയിരിക്കുന്നതുകാണാം. സരളവും ശുദ്ധവും നിരര്‍ഗളവുമാണ് ഭാഷാരീതി. പ്രബന്ധരചനയില്‍ സമര്‍ഥനായിരുന്നതിനാല്‍ പ്രബന്ധപരമേശ്വരന്‍ എന്നും ശിവഭക്തനായിരുന്നതിനാല്‍ ശംഭുദാസന്‍ എന്നും അറിയപ്പെടുന്നു.
ഭാസ്കര രാമായണമാണ് അടുത്ത രാമായണം (13-ാം ശ.). ഇതിന്റെ കര്‍ത്തൃത്വവും തര്‍ക്കവിഷയമാണ്. ഭാസ്കരഡു ആരാണ് എന്നതിനെക്കുറിച്ചാണ് തര്‍ക്കം. തിക്കനയുടെ പിതാമഹനായ മന്ത്രിഭാസ്കരയാണെന്നും കൊട്ടാരം കവിയായിരുന്ന ഹുളക്കി ഭാസ്കരഡു ആണെന്നും രണ്ടഭിപ്രായമുണ്ട്. ഭാസ്കര രാമായണ രചനയില്‍ ഒരേ കുടുംബത്തില്‍പ്പെട്ട സമകാലികരായ നാലഞ്ചു കവികള്‍ക്ക് പങ്കുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. പല കാണ്ഡങ്ങള്‍ പലരാണ് രചിച്ചതെന്നു കരുതപ്പെടുന്നു. മന്ത്രിഭാസ്കരഡു ആരണ്യകാണ്ഡം രചിച്ചു എന്ന വിശ്വാസമാണ് ആദ്യമുണ്ടായിരുന്നത്. പിന്നീടുള്ള ഗവേഷണങ്ങളുടെ ഫലമായി ഹൂളക്കിഭാസ്കരഡു, മല്ലികാര്‍ജുന ഭട്ട്, കുമാരരുദ്ര ദേവ അയ്യലാര്യഡു എന്നിവര്‍ പല കാണ്ഡങ്ങളായി രചിച്ചു എന്ന വിശ്വാസം നിലവില്‍വന്നു. ഹുളക്കി ഭാസ്കര ആരണ്യകാണ്ഡം മുഴുവനും യുദ്ധകാണ്ഡത്തില്‍ 1133 പദ്യങ്ങളും എഴുതി. മല്ലികാര്‍ജുന ഭട്ട് ബാലകാണ്ഡവും കിഷ്കിന്ധകാണ്ഡവും സുന്ദരകാണ്ഡവും എഴുതി. കുമാരരുദ്രദേവന്‍ അയോധ്യകാണ്ഡവും അയ്യലാര്യഡു ഭാസ്കര തുടങ്ങിവച്ച യുദ്ധകാണ്ഡവും പൂര്‍ത്തിയാക്കി. ആരണ്യകാണ്ഡമാണ് ഏറ്റവും മെച്ചം. കവികള്‍ മാറുന്നതനുസരിച്ച് ഭാഷാരീതിക്കും മാറ്റമുണ്ടായിട്ടുണ്ട്. നല്ല ഒഴുക്കുള്ള ലളിതമായ ഭാഷയിലാണ് ആരണ്യകാണ്ഡത്തിന്റെ രചന നിര്‍വഹിക്കപ്പെട്ടിട്ടുള്ളത്.
എര്‍റനയുടെ പ്രായംകുറഞ്ഞ ഒരു സമകാലികനായിരുന്നു നാചന സോമനാഥ. ഉത്തരഹരിവംശം, വസന്തവിലാസം എന്നീ കൃതികള്‍ അദ്ദേഹം രചിച്ചതാണ്. ഉത്തരഹരിവംശത്തിലെ ആറു സര്‍ഗങ്ങള്‍ക്ക് മൂലകൃതിയില്‍ നിന്ന് അതിമനോഹരമായ ചില കഥകള്‍ തിരഞ്ഞെടുത്ത് ചില വര്‍ണനകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇത് ഉത്തരഹരിവംശത്തിന് ഒരു സ്വതന്ത്രകൃതിയുടെ രൂപം നല്കി. ഇദ്ദേഹം ശൃംഗാരരസാവിഷ്കരണത്തില്‍ സമര്‍ഥനായിരുന്നു. പില്ക്കാലത്ത് പ്രബലമായിത്തീര്‍ന്ന 'പ്രബന്ധ' സാഹിത്യത്തിന്റെ ലക്ഷണങ്ങള്‍ ഉത്തരഹരിവംശത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചില കാര്യങ്ങളില്‍ നന്നയയേയും തിക്കനയേയും നാചന സോമനാഥ പിന്നിലാക്കുന്നു. ഉഷാപരിണയകഥയും നരകാസുരവധകഥയും നാചന സോമനാഥ അത്യാകര്‍ഷകമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. സര്‍വജ്ഞബിരുദം നേടിയ നാചന സോമനാഥ നല്ല പാണ്ഡിത്യമുള്ള കവിയായിരുന്നു. സകലഭാഷാഭൂഷണന്‍, സാഹിത്യരസപോഷണന്‍, സംവിധാന ചക്രവര്‍ത്തി എന്നിങ്ങനെ പല ബിരുദങ്ങളും അദ്ദേഹം നേടി. അദ്ദേഹത്തിന് വിജയനഗരാധിപതിയായ ബുക്കദേവരായ ഒരു ഗ്രാമം വിട്ടുകൊടുത്തതായി ഒരു രേഖയില്‍ കാണുന്നു. രസകരമായ സന്ദര്‍ഭ സൃഷ്ടിയില്‍ നാചന സോമനാഥന്റെ കവിപാടവത്തിന് ഉദാഹരണം: 'അങ്ങ് ഇന്ദ്രനെ തോല്പിച്ച് അദ്ദേഹത്തിന്റെ സര്‍വസ്വത്തിനും അധിപതിയായി. എല്ലാ ദേവസുന്ദരിമാരും അങ്ങയുടെ ദാസിമാരാണ്. ഞാനും അവരില്‍ ഒരുത്തിതന്നെ. പിന്നെ എങ്ങനെ അങ്ങയില്‍നിന്ന് എനിക്ക് ഒഴിഞ്ഞുപോകാന്‍ കഴിയും? എന്നാല്‍ മഹര്‍ഷിമാര്‍ ചെയ്യുന്ന യാഗകര്‍മങ്ങളുടെ അധിപനല്ലെന്ന കുറ്റം എന്തുകൊണ്ട് അങ്ങയ്ക്കുണ്ടായി?'
വെമുലവാദ ഭീമകവിയുടെ കൃതികളൊന്നുംതന്നെ കിട്ടിയിട്ടില്ലെങ്കിലും ചില സമാഹാരങ്ങളില്‍ അദ്ദേഹത്തിന്റെ കാവ്യഭാഗങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതായി കാണുന്നു. മദികിസിംഗന വസിഷ്ഠരാമായണം, പദ്മപുരാണം എന്നീ കൃതികള്‍ രചിച്ചു. വിക്രമസേനമുവിന്റെ കര്‍ത്താവായ ചിമ്മപുഡി അമരേശ്വര (14-ാം ശ.), കാവ്യാലങ്കാരചൂഡാമണിയുടെ കര്‍ത്താവായ വിന്നകോടപെദ്ദന (14-ാം ശ.), കേയൂനുബാഹുചരിത്ര കര്‍ത്താവായ മഞ്ചന, ത്രിപുരാന്തകോദാഹരണ കര്‍ത്താവായ രഘുപതി എന്നിവരാണ് ഈ കാലത്തു ജീവിച്ച് തെലുഗുസാഹിത്യത്തെ സമ്പന്നമാക്കിയ മറ്റു ചില പ്രമുഖ കവികള്‍.
ശശ. ശ്രീനാഥകാലം. 1400 മുതല്‍ 1510 വരെയാണ് ശ്രീനാഥകാലം. ഈ കാലഘട്ടത്തിലെ അതിപ്രമുഖനായ കവി ശ്രീനാഥ (1365-1441) ആയിരുന്നു. പാണ്ഡിത്യത്തിലും കവിത്വശക്തിയിലും ഉന്നതനായിരുന്നു ഇദ്ദേഹം. സംസ്കൃതം, പ്രാകൃതം, തെലുഗു എന്നീ ഭാഷകളില്‍ ശ്രീനാഥ പ്രാവീണ്യം നേടി. രാജാവായ വേമറെഡ്ഡി (1400-20) ശ്രീനാഥയ്ക്ക് നല്ലൊരു സ്ഥാനം നല്കിയിരുന്നു. അദ്ദേഹം രാജകൊട്ടാരത്തില്‍ത്തന്നെയാണു പാര്‍ത്തിരുന്നത്. പതിമൂന്ന് കൃതികളുടെ രചയിതാവാണ് ശ്രീനാഥ. പ്രസിദ്ധ താര്‍ക്കികനായ ഗൌഡ ഡിണ്ഡിമഭട്ടനെ തോല്പിച്ച പണ്ഡിതനായിരുന്നു ഇദ്ദേഹം. ഹരവിലാസമാണ് ശ്രീനാഥന്റെ മികച്ച കൃതികളിലൊന്ന്. പല്‍നാടി വീരചരിത്ര ശ്രീനാഥയുടെ പരമോത്കൃഷ്ട കൃതിയാണ്. ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനാഥ. അദ്ദേഹം പണ്ഡിതന്മാരെ വാദങ്ങള്‍ കൊണ്ട് അമര്‍ത്താനും സാധാരണക്കാരെ നേരമ്പോക്കുകൊണ്ട് ഉണര്‍ത്താനും വൈദഗ്ധ്യമുള്ള കവി ആയിരുന്നു. പ്രേമത്തിന് പ്രധാന സ്ഥാനമുണ്ടായിരുന്നു ഇദ്ദേഹത്തിന്റെ കൃതികളില്‍. ശിവരാത്രിമാഹാത്മ്യം, ശൃംഗാര നൈഷധം, ദാരുകാവനവിഹാരം, ഹാലാഹലഭക്ഷണം, കിരാതാര്‍ജുനീയം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍.
ശ്രീഹര്‍ഷന്റെ സുപ്രസിദ്ധ സംസ്കൃത മഹാകാവ്യമായ നൈഷധത്തിന്റെ വിവര്‍ത്തനമാണ് ശൃംഗാര നൈഷധം. പില്ക്കാല പ്രബന്ധങ്ങള്‍ക്ക് അതൊരു മാതൃകയായിത്തീര്‍ന്നു. നളന്റെയും ദമയന്തിയുടെയും പരിണയമാണ് അതിലെ ഇതിവൃത്തം. ഗുണ്ടൂര്‍ ജില്ലയിലെ പല്നാടുവിലെ വീരന്മാരുടെ പരാക്രമങ്ങളാണ് ദ്വിപദിവൃത്തനിബദ്ധമായ പല്നാടിവീര ചരിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ തെലുഗുവില്‍ വളരെ പ്രചാരമുള്ള നിരവധി ചാടു (സാന്ദര്‍ഭിക) കവിതകളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാഷാ ശൈലി സംസ്കൃത പ്രചുരമെങ്കിലും നിരര്‍ഗളപ്രവാഹമാണ്. ശ്രീനാഥയുടെ കാവ്യരീതിക്ക് ഒരു ഭാഗം ഉദാഹരിക്കുന്നു. 'മഹാമേരു പര്‍വതത്തില്‍ നിന്നിറങ്ങി സ്വര്‍ഗംഗയില്‍ കുറെനേരം നീന്തിക്കുളിച്ചശേഷം ഞങ്ങള്‍ ശീതളമായ സുവര്‍ണപക്ഷങ്ങള്‍ കൊണ്ട് ഉഷ്ണകാലത്ത് ചാമരം കൊണ്ട് എന്നപോലെ അദ്ദേഹത്തെ വീശി തണുപ്പിക്കുന്നു.'
പോതനയുടെ മുഖ്യകൃതി ഭാഗവതമാണ്. സംസ്കൃതഭാഗവതത്തെ അവലംബമാക്കി നിര്‍മിച്ച കൃതിയാണിത്. മൂലാതിശായിയാണ് പോതനയുടെ ഭാഗവതമെന്നാണ് പണ്ഡിതപക്ഷം. അക്ഷരാഭ്യാസമുള്ളവര്‍ക്കെല്ലാം പോതനയുടെ ഭാഗവതത്തിലെ ചിലഭാഗങ്ങള്‍ കാണാപ്പാഠമാണ്. ചില ഭാഗങ്ങള്‍ പോതന ഭാഗവതത്തില്‍ കൂട്ടിച്ചേര്‍ക്കുകയും ചിലത് വിട്ടുകളയുകയും ചെയ്തിട്ടുണ്ട്. ഓരോ കഥയും രസകരമായി ആവിഷ്കരിച്ചിരിക്കുന്നു. ഓരോ ഭാഗവും സ്വയം പൂര്‍ണവുമാണ്. ഭക്തിഭാവഭരിതമാണ് പോതനയുടെ ഭാഗവതം. ശരിയായ വാക്ക് ശരിയായിടത്ത് പ്രയോഗിക്കപ്പെട്ടിരിക്കുന്നു. കാവ്യാത്മകത നിറഞ്ഞു തുളുമ്പുന്നുണ്ട്. പ്രഹ്ളാദ ചരിത്രവും ഗജേന്ദ്രമോക്ഷവും ധ്രുവോപാഖ്യാനവും മറ്റും വെട്ടിത്തിളങ്ങുന്നു. ഗജേന്ദ്രമോക്ഷം പ്രഭാതവേളകളില്‍ ഭക്തജനങ്ങള്‍ ആലപിക്കാറുണ്ട്. രുക്മിണീകല്യാണം തെലുഗുനാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഹൃദിസ്ഥമാണ്. അവര്‍ ആ ഭാഗം ഹൃദ്യമായി ആലപിക്കുന്നു. ഭാഗവതത്തിന്റെ മിക്കവാറും ഭാഗം പോതനയാണ് രചിച്ചത്. ചില ഭാഗങ്ങള്‍ ചിതല്‍തിന്നുപോയെന്നും ആ ഭാഗങ്ങള്‍ പിന്നീട് ഇദ്ദേഹത്തിന്റെ ശിഷ്യരോ സ്നേഹിതരോ പൂര്‍ത്തിയാക്കിയതായിരിക്കാമെന്നും പറയപ്പെടുന്നു. പോതന ഈ കൃതി തന്റെ ആരാധനാമൂര്‍ത്തിയായ രാമനാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഭോഗിനീദണ്ഡകം, വീരഭദ്രവിജയം എന്നീ കൃതികളും പോതന രചിച്ചതാണെന്നു കരുതപ്പെടുന്നുണ്ട്. തന്റെ ഗുരുക്കന്മാരെക്കുറിച്ച് പോതന ഒന്നും പ്രസ്താവിക്കുന്നില്ല. തന്റേത് 'സഹജപാണ്ഡിത്യ'മാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
ഈ കാലത്തെ മറ്റൊരു ശ്രദ്ധേയനായ കവിയാണ് വിക്രമാര്‍ജുന കര്‍ത്താവായ ജക്കന (14-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം). ആ കാലത്ത് അദ്ഭുത കര്‍മങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന താത്പര്യമാണ് ഈ ആഖ്യാനകാവ്യം ചൂണ്ടിക്കാണിക്കുന്നത്. ഇതിലെ ഋതുവര്‍ണന, ശ്രീകൈലാസ ക്ഷേത്രവര്‍ണ, ആഖ്യാനം എന്നിവ സ്തുത്യര്‍ഹമാണ്. രസാഭരണം, അസന്തുനിഛന്ദസ്സ്, ഭോജരാജീയം എന്നിവയാണ് അന്നമചാര്യയുടെ (1400-55) പ്രധാന കൃതികള്‍. ഭോജരാജീയത്തില്‍ ഭോജരാജാവിനെപ്പറ്റിയുള്ള പല കഥകളും ഉണ്ട്. ആന്ധ്രയില്‍ വളരെ പ്രചാരമുള്ളതാണ് ഇതിലെ ഗോവ്യാഘ്രസംവാദം. കരുണരസം നിറഞ്ഞതും സരള മധുരവുമാണ് ഇതിലെ ഭാഷാരീതി. ഹരിശ്ചന്ദ്രോപാഖ്യാനം, നവനാഥചരിത്രം എന്നിവയാണ് ഗൌരനയുടെ (15-ാം ശ.-ത്തിന്റെ പൂര്‍വാര്‍ധം) പ്രധാന കൃതികള്‍. തെലുഗുവില്‍ ആദ്യമായി ഹരിശ്ചന്ദ്രചരിതം രചിച്ചത് ഇദ്ദേഹമാണ്. ദ്വിപദവൃത്തനിബദ്ധവും മനോഹരമായ വര്‍ണനകള്‍കൊണ്ട് മോടിപിടിപ്പിച്ചതുമാണ് ഈ കൃതി. സുപ്രസിദ്ധ മീനനാഥനനുള്‍പ്പെയുള്ള ശിവയോഗികളുടെ ചരിതമാണ് നവനാഥത്തിലെ പ്രതിപാദ്യം. പഴഞ്ചൊല്ലുകള്‍ രൂഢിപ്രയോഗങ്ങള്‍, ഫലിതപ്രയോഗങ്ങള്‍ എന്നിവ ഗൌരനയുടെ കൃതിയില്‍ ധാരാളം കാണാം. കാലകൌശികയുടെയും വഞ്ചകപുരോഹിതന്റെയും കഥകള്‍ കവിയുടെ ഫലിതപ്രയോഗങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
പില്ലലമര്‍റി പിനവീരഭദ്ര 15-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ഗണനീയനായ ഒരു കവിയാണ്. ശൃംഗാരശാകുന്തളലു, ജൈമിനിഭാരതം എന്നിവ അദ്ദേഹത്തിന്റെ ലഭ്യമായ കൃതികളാണ്. ശൃംഗാരശാകുന്തളലുവില്‍ ദുഷ്യന്തന്റെയും ശകുന്തളയുടെയും വിവാഹമാണ് വര്‍ണിക്കുന്നത്. കവി ചില കൂട്ടിച്ചേര്‍ക്കലുകള്‍ അതില്‍ വരുത്തിയിട്ടുമുണ്ട്. ഈ കൃതിയും പില്ക്കാല പ്രബന്ധങ്ങള്‍ക്ക് ഒരു മാതൃകയായിത്തീര്‍ന്നു. വ്യാസശിഷ്യന്മാരിലൊരാളായ ജൈമിന രചിച്ചതെന്നു വിശ്വസിക്കപ്പെടുന്ന മഹാഭാരതം അശ്വമേധത്തിന്റെ പരിഭാഷയാണ് ജൈമിന ഭാരതം. ഭീമനും അര്‍ജുനനും അശ്വമേധയാഗാശ്വത്തെ അനുഗമിക്കുന്നതും വഴിതടയാന്‍ ശ്രമിച്ച ശത്രുക്കളെ തോല്പിക്കുന്നതുമാണ് ഇതിലെ പ്രതിപാദ്യം. പിനവീരഭദ്രയുടെ കാവ്യശൈലി ഈ കൃതിയില്‍ പരിപാകം പ്രാപിച്ചിരിക്കുന്നതു കാണാം. അസാധാരണ സിദ്ധിയുള്ള ഒരു കവിയാണിദ്ദേഹം. തെലുഗുവിലെ ആദ്യത്തെ യുഗ്മകവികളായ നന്ദിമല്ലയയും അദ്ദേഹത്തിന്റെ സഹോദരീപുത്രന്‍ ഘണ്ഡസിംഗന(15-ാം ശ.-ത്തിന്റെ ഉത്തരാര്‍ധം)യും ചേര്‍ന്ന് കൃഷ്ണമിശ്രന്റെ പ്രതിരൂപാത്മക നാടകമായ പ്രബോധചന്ദ്രോദയം ചമ്പൂരൂപത്തിലാക്കി (1480). മനുഷ്യമനസ്സിലെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും ഒടുവില്‍ തിന്മയ്ക്കു നേരിടുന്ന പരാജയവും ഇതില്‍ വര്‍ണിച്ചിട്ടുണ്ട്. അത്യന്തം സങ്കീര്‍ണമായ ദാര്‍ശനിക ചിന്തകള്‍പോലും വളരെ ലളിതവും വ്യക്തവുമായാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. വരാഹപുരാണമാണ് ഇവരുടെ മറ്റൊരു പ്രധാന കൃതി. ദുര്‍ജയ രാജാവിന്റെയും ഒരു ഭില്ലവനിതയായ അര്‍ജുനികിയുടെയും ഗൌതമമുനിയുടെയും ഗൌരിപരിണയത്തിന്റെയും കഥകള്‍ വളരെ ആകര്‍ഷകമാണ്. ഘണ്ഡസിംഗനയ്ക്ക് മലയമാരുത കവി എന്ന സ്ഥാനപ്പേരും ലഭിച്ചിട്ടുണ്ട്.
വാസിഷ്ഠ രാമായണത്തിന്റെയും സകല നീതിസമ്മതത്തിന്റെയും കര്‍ത്താവായ മഡികിസിംഗന (15-ാം ശ.), ശ്രീനാഥന്റെ ശിഷ്യനും നാചികേതോപാഖ്യാനത്തിന്റെ കര്‍ത്താവും ആയ ദുഗ്ഗുപ്പള്ളി ദുഗ്ഗന, ദ്വാത്രിംശികയുടെ കര്‍ത്താവായ കൊരവി ഗോപരാജു (1430-80), ചമ്പൂരൂപത്തില്‍ സുപ്രസിദ്ധ പഞ്ചതന്ത്രം വിവര്‍ത്തനം ചെയ്ത ദുബഗുണ്ട നാരായണ കവി, വിഷ്ണുപുരാണം തര്‍ജുമ ചെയ്ത വെന്നലകണ്ഡിസൂരണ എന്നിവരാണ് ഈ കാലത്തെ മറ്റു പ്രധാന കവികള്‍.
2. മധ്യഘട്ടം. പ്രബന്ധകാലവും (1510-1600) ദക്ഷിണകാലവും (1600-1820) ചേര്‍ന്നതാണ് മധ്യഘട്ടം.
ശ. പ്രബന്ധകാലം. തെലുഗുവിലെ ഒരു പ്രധാന സാഹിത്യരൂപമാണ് പ്രബന്ധം. സംസ്കൃതത്തില്‍ നിന്നു വ്യത്യസ്തമായി മറ്റൊരര്‍ഥമാണ് തെലുഗുവില്‍ പ്രബന്ധത്തിനുള്ളത്. കഥാവസ്തു പ്രഖ്യാതവും നായകന്‍ ധീരോദാത്തനും പ്രധാനരസം ശൃംഗാരവുമായുള്ള ഒരു പ്രത്യേകതരം കാവ്യമാണിത്. ഗതാനുഗതികമായ 18 വര്‍ണനകള്‍, അഞ്ചോ ആറോ സര്‍ഗങ്ങള്‍, അത്യന്തം പ്രശോഭിതമായ ശൈലി എന്നിവ അതിനുണ്ടായിരിക്കും. കൃഷ്ണദേവരായ(1485-1530)ന്റെ കാലമാണ് പ്രബന്ധകാലഘട്ടമെന്ന് അറിയപ്പെടുന്നത്. അത്യുത്കൃഷ്ടങ്ങളായ പ്രബന്ധങ്ങള്‍ രചിക്കപ്പെട്ട ഈ കാലമാണ് തെലുഗു സാഹിത്യത്തിന്റെ സുവര്‍ണകാലം.
ശ്രീകൃഷ്ണദേവരായ. ഇദ്ദേഹം സംസ്കൃതത്തിലും തെലുഗു ഭാഷയിലും നല്ല പാണ്ഡിത്യം നേടിയിരുന്നു. അനേകം കവികളെ ഇദ്ദേഹം പ്രോത്സാഹിപ്പിക്കുകയുണ്ടായി. കവികളുടെ രക്ഷാധികാരിയായതിനാല്‍ ആന്ധ്രഭോജന്‍ എന്ന പേരില്‍ അറിയപ്പെട്ടു. നല്ലൊരു കവിയായിരുന്ന ഇദ്ദേഹത്തിന്റെ കൃതികള്‍ ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. സംസ്കൃതത്തിലും തെലുഗുവിലും കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രധാന കൃതിയാണ് ആമുക്തമാല്യദ. ആന്ധ്ര നായകനായ കൃഷ്ണദേവരായന് മഹാവിഷ്ണു സ്വപ്നത്തില്‍ ദര്‍ശനം നല്കിയെന്നും സ്വപ്നവേളയില്‍ ആമുക്തമാല്യദ രചിക്കാനാവശ്യപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. വിഷ്ണുചിത്തീയം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ സര്‍വോത്കൃഷ്ടത സ്ഥാപിക്കുന്ന പല മനോഹര കഥകളും ഇതിലുണ്ട്. വര്‍ണനയിലും കഥാകഥനത്തിലും ആശയാവിഷ്കരണത്തിലും ഇദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന സാമര്‍ഥ്യം അനിതരസാധാരണമാണ്.
കൃഷ്ണദേവരായരുടെ സഭയില്‍ അഷ്ടദിഗ്ഗജങ്ങള്‍ എന്ന പേരില്‍ എട്ട് കവികളുണ്ടായിരുന്നു.
1. മനുചരിത്രം എഴുതിയ അല്ലസാനി പെദ്ദന
2. പാരിജാതാപഹരണ കര്‍ത്താവായ നന്ദിതിമ്മന
3. രാമാഭ്യുദയ കര്‍ത്താവായ അയ്യലരാജുരാമഭദ്രഡു
4. കാളഹസ്തീശ്വര ശതക കര്‍ത്താവായ ധൂര്‍ജടി
5. രാജശേഖര ചരിത രചയിതാവായ മദയഗാരിമല്ലന
6. വാസുചരിതം എഴുതിയ ഭട്ടുമൂര്‍ത്തി (രാമരാജ ഭൂഷണ)
7. കലാപൂര്‍ണോദയം രചിച്ച പിംഗളിസൂരണ
8. പാണ്ഡുരംഗ മാഹാത്മ്യം എഴുതിയ തെനാലി രാമകൃഷ്ണ
പിംഗളിസുരനയും രാമരാജഭൂഷണയും കൃഷ്ണദേവരായരുടെ സഭയില്‍ ഉണ്ടായിരുന്നില്ലെന്നും ചിന്തലപൂഡി യെല്ലനയും (രാധാമാധവകര്‍ത്താവ്) കന്ദുകുറിരുദ്രകവി(നിരങ്കുശോപാഖ്യാന കര്‍ത്താവ്)യുമാണ് ഉണ്ടായിരുന്നതെന്നും അഭിപ്രായമുണ്ട്.
പഞ്ചമഹാകാവ്യങ്ങളില്‍ ഏറ്റവും മികച്ച കൃതിയായ മനുചരിത്രം (സ്വരോചിഷമനുസംഭവം) രചിച്ച കവിയാണ് പെദ്ദന. 'തെലുഗു കവിതയുടെ പിതാമഹന്‍' എന്നാണ് കൃഷ്ണദേവരായര്‍ കവിയെ വിശേഷിപ്പിച്ചിരുന്നത്. പ്രായവും പാണ്ഡിത്യവും മഹത്വശക്തിയുമാണ് ഈ പ്രാമുഖ്യങ്ങള്‍ക്കു കാരണം. മാര്‍ക്കണ്ഡേയ പുരാണത്തെ അവലംബമാക്കിയാണ് പെദ്ദന മനുചരിത്രം എഴുതിയത്. മൂലകഥ വിപുലീകരിച്ച് ആറുകാണ്ഡങ്ങളിലായി പെദ്ദന മനുചരിത്രം രചിച്ചു. അലങ്കാരഭരിതമായ ഒരു കൃതിയാണ് മനുചരിത്രം. ഓരോ ശ്ളോകത്തിലും കല്പനകളുണ്ട്. ഭാരതവും ഭാഗവതവും കഴിഞ്ഞാല്‍ ആന്ധ്രയില്‍ ഏറെ പ്രചാരം നേടിയിട്ടുള്ള കൃതിയാണിത്. പെദ്ദന ഹരികഥാസാരം എന്ന വേറൊരു കൃതിയും രചിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
ഹരിവംശത്തെ അവലംബമാക്കി രചിക്കപ്പെട്ട മനോഹരകൃതിയാണ് നന്ദിതിമ്മനയുടെ പാരിജാതാപഹരണം. കൃഷ്ണനോട് സത്യഭാമ പാരിജാതപുഷ്പം വേണമെന്നു ശഠിക്കുന്നതും കൃഷ്ണന്‍ സ്വര്‍ഗത്തിലെത്തി ഇന്ദ്രനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പാരിജാതവൃക്ഷം കൊണ്ടുവരുന്നതുമാണ് കാവ്യപ്രമേയം. ശൃംഗാരഭരിതവും സുഖപാരായണക്ഷമവുമാണ് ഇതിലെ ആദ്യകാണ്ഡം. കോമളവും മധുരവും സുഖപ്രവാഹവുമാണ് തിമ്മനയുടെ ഭാഷാരീതി. 'മുക്തതിമ്മനര്‍യു മുദ്ദു പലകു' (തിമ്മനയുടെ വാക്കുകള്‍ ഹൃദയാവര്‍ജകമാണ്) എന്ന് തെലുഗുവില്‍ ഒരു ചൊല്ലുതന്നെ ഉണ്ടായിട്ടുണ്ട്.
മദയഗാരിമല്ലന 1515-ന് അടുപ്പിച്ച് രചിച്ച രാജശേഖരചരിതം ഒരു ശ്രേഷ്ഠകൃതിയാണ്. യുദ്ധരംഗങ്ങളിലേക്കു പോകുന്ന കൃഷ്ണദേവരായനെ മല്ലന, അല്ലസ്സാനി പെദ്ദന, നന്ദിതിമ്മന എന്നീ കവികള്‍ അനുഗമിച്ചിരുന്നു. ഹേമധന്വാവിന്റെ മകന്‍ രാജശേഖര രാജകുമാരനും സിന്ധ് രാജാവിന്റെ മകള്‍ കാന്തിമതിയും തമ്മിലുള്ള വിവാഹമാണ് രാജശേഖരചരിതത്തിലെ പ്രതിപാദ്യം. ഹ്രസ്വവും സമിചീനവുമാണ് മല്ലനയുടെ വര്‍ണനകള്‍. സരളമാണ് രചനാരീതി. ധൂര്‍ജടിയുടെ കാളഹസ്തിമാഹാത്മ്യവും കാളഹസ്തീശ്വരശതകവും രസഭാവ ചിത്രീകരണത്തില്‍ മികച്ചു നില്‍ക്കുന്നു. കാളഹസ്തീശ്വരശതകത്തില്‍ അദ്ദേഹം തന്റെ കഴിഞ്ഞ ജീവിതത്തെപ്പറ്റി പശ്ചാത്തപിക്കുകയും രാജാക്കന്മാരുടെ ഗര്‍വത്തെയും വിഷയലമ്പടതയെയും ഭര്‍സിക്കയും ചെയ്യുന്നു. ശിവന് തന്റെ രണ്ടു കണ്ണും സമര്‍പ്പിച്ച തിണ്ണയുടെ കഥയും ശിവന്‍തന്നെ രചിച്ച കവിതയ്ക്കു കുറ്റം കണ്ടെത്തിയ നക്തീരയുടെ കഥയും ധൂര്‍ജടി ഇതില്‍ സമര്‍ഥമായി അവതരിപ്പിച്ചിട്ടുണ്ട്. ധൂര്‍ജടിയുടെ ശൈലി അതീവ ഹൃദ്യവും വര്‍ണന സ്വഭാവസുന്ദരവുമാണ്. അയ്യലരാജുരാമഭദ്രകവിയുടെ രാമാദ്യുദയവും മികച്ച കൃതിയാണ്. രാമായണകഥ അടിസ്ഥാനമാക്കി പ്രബന്ധാനുരൂപമായ പരമ്പരാഗത വര്‍ണനകളോടുകൂടിയാണ് ഇത് രചിച്ചിരിക്കുന്നത്.
സൂരണ (1520-80) തെലുഗു കവിതയ്ക്ക് ഏറെ നേട്ടങ്ങളുണ്ടാക്കിയ മഹാകവിയാണ്. തെലുഗു കവികളില്‍ അഗ്രഗണ്യന്‍തന്നെയാണ് അദ്ദേഹം. സംസ്കൃതത്തിലും തെലുഗുവിലും സുരനയ്ക്ക് അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു കലാപൂര്‍ണോദയം എന്ന കൃതി കവിതയില്‍ എഴുതപ്പെട്ട മനോഹരമായ ഒരു നോവല്‍ തന്നെയാണ്. ഹരിവംശത്തെ അവലംബമാക്കി രചിച്ച പ്രഭാവതീപ്രദ്യുമ്നം സുരനയുടെ മറ്റൊരു കൃതിയാണ്. അദ്ദേഹത്തിന്റെ ആദ്യകാല കൃതിയാണ് രാഘവപാണ്ഡവീയം. അതേപേരിലുള്ള സംസ്കൃതകൃതിയുടെ ചുവടുപിടിച്ച് രചിച്ച ഒരു മഹാകാവ്യമാണിത്. സൂരണയുടെ പാത്രസൃഷ്ടി, രസാവിഷ്കരണം, മനുഷ്യ മനഃശാസ്ത്രചിത്രണം എന്നിവ കിടയറ്റതാണ്. കാവ്യരീതിക്ക് കലാപൂര്‍ണോദയത്തിലെ ഒരു ഭാഗം ഉദാഹരിക്കുന്നു.
'ശീതളമായ ചന്ദ്രികയുടെ സൌന്ദര്യത്തിന് സൌരഭ്യമുണ്ടെങ്കില്‍, ശീതളവും സുരഭിലവുമായ കര്‍പ്പൂരഖണ്ഡങ്ങള്‍ക്ക് മാര്‍ദവം കൂടിയുണ്ടെങ്കില്‍, ശീതളവും സുരഭിലവും മൃദുലവുമായ മലയാനിലന് മാധുര്യംകൂടിയുണ്ടെങ്കില്‍ - എങ്കില്‍ നമുക്കു വിചാരിക്കാം ഈ കവിയുടെ വാക്കിന് കിടനില്ക്കുന്ന മറ്റൊരു വസ്തുവുണ്ടെന്ന്'.
അവധാന കവിതകളിലും നിമിഷകവിതകളിലും വിദഗ്ധനായിരുന്നു രാമരാജഭൂഷണ എന്നുകൂടി പേരുള്ള ഭട്ടുമൂര്‍ത്തി (1500-70). കാവ്യാനുശാസന ഗ്രന്ഥമായ നരസഭൂപാലീയം, നളോപാഖ്യാനം, വാസുചരിത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ഒന്നാംകിട പ്രബന്ധങ്ങളില്‍ ഉള്‍പ്പെടുന്ന കൃതിയാണ് വാസുചരിത്രം. പിന്നീട് വന്ന പല കവികളും വാസുചരിത്രത്തെ അനുകരിച്ച് ചിന്നവാസുചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. നളന്റെയും ഹരിശ്ചന്ദ്രന്റെയും കഥ ഒരേസമയം അവതരിപ്പിക്കുന്ന ഈ കാവ്യം കവിയുടെ അതിവിപുലമായ പാണ്ഡിത്യമാണ് വ്യക്തമാക്കുന്നത്. സുപ്രസിദ്ധ കവിയായ തെന്നാലി രാമകൃഷ്ണ ഘടികാചല മഹാത്മ്യം, പാണ്ഡുരംഗ മാഹാത്മ്യം എന്നിങ്ങനെ രണ്ടു മഹാകാവ്യങ്ങള്‍ രചിച്ചു. ശൈവമതത്തെ അനുകരിച്ചുള്ള ഉദ്ഭടാരാധ്യചരിത്രവും ഇദ്ദേഹത്തിന്റേതാണെന്നു പറയപ്പെടുന്നു. ഫലിതമയവും സാന്ദര്‍ഭികവുമാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ആശയ ഗാംഭീര്യത്തിനും രസഭാവാവിഷ്കരണത്തിനും പാത്രചിത്രണത്തിനും വിശ്രുതനാണ് രാമകൃഷ്ണ.
അഷ്ഠദിഗ്ഗജങ്ങള്‍ക്കു പുറമേ മറ്റു നിരവധി കവികളും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നു. താള്ളപാക വംശത്തില്‍പ്പെട്ട വെങ്കടേശ്വകവികള്‍ അനേകം പദ്യകൃതികളും അന്നമാചാര്യ നിരവധി ഭാവഗീതങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ പുത്രന്‍ തിരുമലാചാര്യന്‍ അനേകം കീര്‍ത്തനങ്ങളും ദണ്ഡകങ്ങളും രചിച്ചു. തിമ്മക്ക ദ്വിപദവൃത്തത്തില്‍ സുഭദ്രാകല്യാണം എന്ന മനോഹര കാവ്യം എഴുതി. തിരുമലാചാര്യന്റെ പുത്രന്മാരും കവികളായിരുന്നു. ചിന്നണ്ണ, ചിന്നതിരുമലാചാര്യ എന്നിവരായിരുന്നു മറ്റുചില കവികള്‍. സങ്കുസാല നൃസിംഹകവി (16-ാം ശ.) ആറുസര്‍ഗത്തിലുള്ള കവികര്‍ണരസായനം എന്ന പ്രബന്ധം രചിച്ചു. സാര്‍ഥകവും ഗംഭീരവുമാണ് ഇതിലെ വര്‍ണനകള്‍. ഈ കാലഘട്ടത്തിലെ പ്രമുഖ തെലുഗു കവയിത്രിയാണ് ആതുകൂരിമൊല്ല. ശ്രീരാമഭക്തയായ ഇവര്‍ കാവ്യരൂപത്തില്‍ രാമായണസംഗ്രഹം രചിച്ചു. വെഗലപുഡി വെങ്കയാമാത്യ (ശ്രീകൃഷ്ണ കര്‍ണാമൃതം), കന്ദുകൂരി രുദ്രകവി (നിരങ്കുശോപാഖ്യാനം, ജനാര്‍ദനശതകം, ശൃംഗാരവിജയം), ഛരിഗൊണ്ഡ ധര്‍മന്ന (ചിത്രഭാരതം), ഹരിഭട്ടന്‍ (വരാഹപുരാണം, മത്സ്യപുരാണം), അദ്ദങ്കിഗംഗാധരകവി (തപതീസംവരണോപാഖ്യാനം), സാരംഗു തമയ്യ (വൈജയന്തീവിലാസം), മല്ലാറെഡ്ഡി (സചക്രവര്‍ത്തി ചരിതം, പദ്മപുരാണം) എന്നിവരും ഈ കാലഘട്ടത്തിലെ ശ്രദ്ധേയരായ കവികളാണ്. അച്ചതെനുഗുവില്‍ യയാതി ചരിത്രം രചിച്ച തെലഗന്നയാണ് മറ്റൊരു പ്രധാന കവി.
ശശ. ദക്ഷിണകാലം. 1600 മുതല്‍ 1820 വരെയുള്ള കാലമാണ് ദക്ഷിണകാലമായി അറിയപ്പെടുന്നത്. ഈ കാലത്ത് മധുര, തഞ്ചാവൂര്‍, പുതുക്കോട്ട, ചെഞ്ചി, മൈസൂര്‍ എന്നീ പ്രദേശങ്ങളില്‍ തെലുഗു സാഹിത്യം പുഷ്ടിപ്രാപിച്ചു. ഇവയില്‍ മധുരയും തഞ്ചാവൂരും ആയിരുന്നു സര്‍വപ്രധാനം. ഈ രാജ്യങ്ങളിലെ ഭരണാധികാരികളായ നായകന്മാര്‍ കവികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് തെലുഗു സാഹിത്യം ഇവിടെ പുഷ്ടി പ്രാപിച്ചത്.
നായകന്മാരില്‍ സര്‍വപ്രധാനിയായ രഘുനാഥനായകനാണ് തഞ്ചാവൂര്‍ കവികളില്‍ ശ്രേഷ്ഠന്‍. രാമായണം, വാല്മീകിചരിത്രം, രണ്ടു ദ്വിപദകാവ്യങ്ങള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനം. രാമായണത്തിലെ നാലു സര്‍ഗങ്ങളേ ലഭിച്ചിട്ടുള്ളൂ. വാല്മീകിചരിത്രത്തില്‍ വാല്മീകി മുനി കവിയായതെങ്ങനെ എന്ന് വിവരിച്ചിട്ടുണ്ട്. നളചരിത്രവും അച്യുതാഭ്യുദയവുമാണ് ദ്വിപദകാവ്യങ്ങള്‍. പിതാവിന്റെ ചരിത്രമാണ് അച്യുതാഭ്യുദയത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. രഘുനാഥന്റെ സദസ്യകവികളിലെ അഗ്രഗണ്യനാണ് ചേമകൂരി വേങ്കടകവി. സാരംഗനാഥചരിത്രം, വിജയവിലാസമു എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യങ്ങള്‍. സാരംഗനാഥചരിത്രത്തില്‍ കവിയുടെ നൈസര്‍ഗിക മഹത്ത്വം തെളിഞ്ഞു കാണാം. പഞ്ചമഹാകാവ്യങ്ങളുടെ നിലവാരം പുലര്‍ത്തുന്ന പ്രബന്ധങ്ങളിലൊന്നാണ് വിജയവിലാസം. മഹാഭാരതത്തില്‍ നിന്നെടുത്തിട്ടുള്ള ഈ കഥയില്‍ മനോഹരവര്‍ണനകളും ഉന്നത ആശയങ്ങളും ചേര്‍ത്ത് വിപുലപ്പെടുത്തിയിട്ടുണ്ട്.
രഘുനാഥന്റെ രക്ഷാധികാരത്തില്‍ കഴിയുന്ന മറ്റു രണ്ടു കവികളാണ് കൃഷ്ണധ്വരിയും (1590-1660), കാളകവിയും (1633-73), നൈഷധപാരിജാതം, രഘുനാഥ ഭൂപാലീയം എന്നിവയാണ് കൃഷ്ണധ്വരിയുടെ കാവ്യങ്ങള്‍. അഞ്ചുസര്‍ഗങ്ങളിലുള്ള രാജഗോപാലവിലാസമാണ് കാളകവിയുടെ കൃതി. നിരൂപകര്‍ നന്നയയ്ക്കു സമാനമായ സ്ഥാനമാണ് ഇദ്ദേഹത്തിനും നല്കിയിട്ടുള്ളത്. അന്‍പതു കൃതികളുടെ കര്‍ത്താവാണ് വിജയരാഘവന്‍. ഇവയില്‍ ദ്വിപദികളും ഖണ്ഡകാവ്യങ്ങളും യക്ഷഗാനങ്ങളും ഉള്‍പ്പെടുന്നു. പാദകസഹസ്രം, ലഘുനാഥഭ്യുദയം, ഗോപികാഭ്രമരഗീതം എന്നിവ പ്രധാനമാണ്. വിജയരാഘവ സദസ്സിലെ കവയിത്രിയാണ് രംഗാജമ്മ. എട്ട് ഭാഷകളില്‍ ഇവര്‍ കാവ്യരചന നടത്തിയിരുന്നു. സംഗ്രഹഭാഗവതം, സംഗ്രഹഭാരതം, സംഗ്രഹ രാമായണം, ഉഷാപരിണയം എന്നിവയാണ് പ്രധാന കൃതികള്‍. കുവലാശ്വചരിത്രത്തിന്റെ കര്‍ത്താവായ സവരമുചിന്ന നാരായണയാണ് (1600-60) മറ്റൊരു പ്രധാന കവി. ആഖ്യാനസങ്കേതം, വര്‍ണനയുടെ സ്വാഭാവികത, സംഭാഷണത്തിന്റെ ഔചിത്വം എന്നീ കാര്യങ്ങളില്‍ കലാപൂര്‍ണോദയത്തിനു തുല്യമാണ് ഈ കൃതി. മാധുര്യവും ഒഴുക്കും ഉള്ളതാണ് രചനാരീതി.
മുദ്ദളഗിരിയുടെ സദസ്യ കവിയായ ലിംഗനമഖി കാളേശ്വരകവി (1673-70 - സത്യഭാമാ സാന്ത്വനം, സേനു മാഹാത്മ്യം), പല ശാസ്ത്രങ്ങളിലും വിശാരദനായ ഗണപരവു വേങ്കട കവി (17-ാം ശ. - രാജാവെങ്കടേശ്വര വിലാസം, സര്‍വലക്ഷണ ശിരോമണി), സമുഖം വെങ്കട കൃഷ്ണപ്പനായക (1704-31 - അഹല്യാസംക്രന്തനം, ജൈമിനി ഭാഗവതം), മുദ്ദുപളനി (രാധികാ സാന്ത്വനം), ശേഷം വേങ്കിടപതി (താരാശശാങ്കവിജയം), കുണ്ടൂര്‍ത്തി വെങ്കടാചലപതി (1704-32, മിത്രാവിന്ദപരിണയം) എന്നിവയാണ് മധുരയിലെ പ്രധാന കവികള്‍. സത്യഭാമാ സാന്ത്വനമാണ് സാന്ത്വനകാവ്യങ്ങള്‍ക്കു തുടക്കം കുറിച്ചത്. എല്ലാ ലക്ഷണങ്ങളുടെയും ഒരു വിജ്ഞാനകോശമാണ് പത്ത് ഉല്ലാസങ്ങളുള്ള സര്‍വലക്ഷണ ശിരോമണി. പുതുക്കോട്ട രാജാവായ വിജയരഘുനാഥന്റെ (1730-69) മകന്‍ രായരഘുനാഥനാണ് പുതുക്കോട്ടയിലെ പ്രധാന കവി. അത്യുത്കൃഷ്ട പ്രബന്ധങ്ങളിലൊന്നായ പാര്‍വതീ പരിണയമാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതി. നവീനാശയങ്ങളും മനോഹര വര്‍ണനകളും കൊണ്ട് ഉത്കൃഷ്ടമാണ് ഈ കാവ്യം. മൈസൂര്‍ രാജാവായ പാലവേകരി കദരീപതി (17-ാം ശ.) രചിച്ച ശുകസപ്തതി വളരെ പ്രസിദ്ധമാണ്. സമകാലിക ജീവിതം വളരെ വിശദമായി ചിത്രീകരിച്ചിട്ടുള്ള ഈ കൃതി പാഴ്സി, ഉര്‍ദു എന്നീ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ആന്ധ്ര, തെലുങ്കാന പ്രദേശങ്ങളിലെ ചില കവികളും ഇക്കാലത്ത് ശ്രദ്ധേയമായ പല കൃതികളും രചിച്ചു. 17-ാം ശ.-ത്തിന്റെ മധ്യത്തില്‍ ജീവിച്ചിരുന്ന വെങ്കല നായകന്റെ കൃഷ്ണചരിത്രം, ബഹുലാശ്വരചരിത്രം എന്നിവ പ്രസിദ്ധമാണ്. ബഹുലാശ്വ ചരിത്രത്തില്‍ കൃഷ്ണന്റെ അഭാവത്തില്‍ ഗോപികമാര്‍ക്കുണ്ടാകുന്ന ദുഃഖം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അന്ദുഗുല വെങ്കയ്യയുടെ നരപതിവിജയം, കുമാരധൂര്‍ജടിയുടെ കൃഷ്ണരായവിജയ എന്നിവയാണ് പ്രധാന ചരിത്രകാവ്യങ്ങള്‍. കൃഷ്ണരായവിജയത്തില്‍ വിജയനഗരസാമ്രാജ്യസ്ഥാപനം, ശ്രീകൃഷ്ണരായ നേടിയ വിജയങ്ങള്‍ എന്നിവ വര്‍ണിച്ചിരിക്കുന്നു. കവി സാര്‍വഭൌമനായ കൂചിമഞ്ചി തിമ്മകവി (1700-56) രുഗ്മിണീസ്വയംവരം, ശിവലീലാവിലാസം, രാജശേഖരവിലാസം തുടങ്ങിയ പ്രബന്ധങ്ങളും നിലാസുന്ദരീപരിണയം, രാമായണം എന്നീ 'അച്ചതെനുഗു' കാവ്യങ്ങളും രചിച്ചു. സുഭദ്രാഹരണം, ചന്ദ്രരേഖാവിലാസം എന്നിവയാണ് അദ്ദേഹത്തിന്റെ സഹോദരനായ ജഗ്ഗകവിയുടെ പ്രധാന കൃതികള്‍. എന്നഗു ലക്ഷ്മണ കവി, എലകൂചി ബാലസരസ്വതി, പുഷ്പഗിരി തിമ്മന എന്നിവര്‍ ഭര്‍തൃഹരിയുടെ സുഭാഷിത തൃശതി തെലുഗുവിലേക്കു പരിഭാഷപ്പെടുത്തി. അദിദം സുരകവി കവിജനരഞ്ജനം, രാമലിംഗേശ്വരശതകം, കവിസമസ്യാവിച്ഛേദം തുടങ്ങിയ കൃതികള്‍ രചിച്ചു. മൂന്നു സര്‍ഗങ്ങളില്‍ ചന്ദ്രമതി പരിണയം പ്രതിപാദിച്ചിട്ടുള്ള കവിജനരഞ്ജനമാണ് ഇവയില്‍ പ്രധാനം. ശുദ്ധവും ഹൃദ്യവുമാണ് സുരകവിയുടെ ഭാഷാരീതി.
കനുപര്‍ത്തി അബ്ബയാമാത്യ, കങ്കണ്ടി പാപരാജു, ദിട്ടകവി നാരായണ കവി എന്നിവരാണ് 18-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ ജീവിച്ചിരുന്ന ചില പ്രധാന കവികള്‍. കങ്കണി പാപരാജു (1750-1800)വിന്റെ ഉത്തരരാമചരിത്രം, വാല്മീകിയുടെ ഉത്തരകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ചെയ്തിട്ടുള്ളത്. ദിട്ടകവിയുടെ രംഗരായചരിത്രത്തില്‍ റാവുരംഗറാവുവിന്റെ സൈന്യങ്ങളും വിജയരാമരാജുവിന്റെ സൈന്യങ്ങളും തമ്മിലുള്ള തീവ്രമായ യുദ്ധം വര്‍ണിക്കുന്നു. ക്രിസ്തുവുമായി ബന്ധപ്പെട്ടവയാണ് മംഗലകവി ആനന്ദകവിയുടെയും (വേദാന്തരസായനം) പിംഗളി എല്ലാനാര്യയുടെയും (തോദ്യചരിത്രം) കൃതികള്‍. ക്രിസ്തുദേവചരിതവും ഉപദേശങ്ങളുമാണ് വേദാന്തരസായനത്തിലെ ഉള്ളടക്കം. ഈ കാലഘട്ടത്തിലെ പ്രസിദ്ധനായ സന്ന്യാസ കവിയാണ് ശതക കര്‍ത്താവായ വേമന. പല അവസരങ്ങളിലായി അദ്ദേഹം ചൊല്ലിയ കവിതകള്‍ അദ്ദേഹത്തിന്റെ ശിഷ്യരാണ് സഞ്ചയിച്ചിട്ടുള്ളത് (വേമനപദ്യമുലു). രാവണദമ്മീയം അഥവാ ലങ്കാവിജയം എന്ന ദ്വയാര്‍ഥകാവ്യം രചിച്ച പിന്നിപ്രോലു ലക്ഷ്മണ കവിയാണ് മറ്റൊരു പ്രധാന കവി. നിസ്തൂല കൃഷ്ണമൂര്‍ത്തി ശാസ്ത്രി (സര്‍വകാമദാപരിണയമു), മണ്ഡപാകപാര്‍വതീശ്വര ശാസ്ത്രി (വെങ്കട ശൈലനാഥ ദ്വിശതി), ഗോപിനാഥം വെങ്കിട കവി (ഗോപീനാഥ രാമായണം) എന്നിവരാണ് 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 19-ാം ശ.-ത്തിന്റെ ആരംഭത്തിലും ജീവിച്ചിരുന്ന ചില പ്രധാന കവികള്‍. തരിഗൊണ്ഡ വെങ്കമാംബയാണ് ഈ കാലത്തെ പ്രമുഖ കവയിത്രി. വെങ്കടഗിരി ക്ഷേത്ര മാഹാത്മ്യം വര്‍ണിച്ചിട്ടുള്ള വെങ്കടാചല മാഹാത്മ്യമാണ് ഇവരുടെ പ്രധാന കൃതി. തത്ത്വശാസ്ത്രം പ്രതിപാദിക്കുന്ന ജ്ഞാനവാസിഷ്ടം, രാജയോഗം പ്രതിപാദിക്കുന്ന രാജയോഗസാരമു എന്നിവയാണ് ഇവരുടെ മറ്റു കൃതികള്‍. സരളവും സാധാരണ ഭാഷയോട് അടുക്കുന്നതുമാണ് ഇവരുടെ ഭാഷാരീതി.
ജാതപ്രോലു എസ്റ്റേറ്റുകാരനായ സുരഭി മാധവരായലു, വാരംഗലിലെ പരശുരാമപന്തലുവിരഹമൂര്‍ത്തി എന്നിവരാണ് ഈ കാലത്ത് തെലുങ്കാനയില്‍ ജിവിച്ചിരുന്ന പ്രധാന കവികള്‍. സുരഭി മാധവരായലുവിന്റെ ചന്ദ്രികാപരിണയത്തില്‍ ചന്ദ്രികയുടെയും സുചന്ദ്രന്റെയും പ്രേമകഥയാണ് വര്‍ണിച്ചിരിക്കുന്നത്. ഇത് ചിന്നവാസു ചരിത്രം എന്ന പേരിലും അറിയപ്പെടുന്നു. സീതാരാമഞ്ജനേയ സംവാദം എന്ന ദാര്‍ശനിക കൃതിയാണ് ലിംഗമൂര്‍ത്തിയുടെ അറിയപ്പെടുന്ന കൃതി. ആത്മീയ കാര്യങ്ങള്‍ പോലും അനായാസവും നിപുണവുമായി ആഖ്യാനം ചെയ്യാനുള്ള ലിംഗമൂര്‍ത്തിയുടെ വൈദഗ്ധ്യം ഈ കൃതിയില്‍ നിന്നു മനസ്സിലാക്കാം. 1750 മുതല്‍ 1850 വരെയുള്ള കാലത്തെ തെലുഗു സാഹിത്യത്തിന്റെ അപചയകാലമായി നിരൂപകര്‍ കണക്കാക്കുന്നു. ഈ കാലത്ത് കവിതയുടെ സ്വാഭാവിക സൌന്ദര്യം നഷ്ടപ്പെട്ട് അത് വെറും കൃത്രിമമായിത്തീര്‍ന്നു എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
3. ആധുനികഘട്ടം. ഇംഗ്ളീഷ് സാഹിത്യം പഠിച്ച തെലുഗു സാഹിത്യകാരന്മാര്‍ പല പരീക്ഷണങ്ങളും നടത്തിനോക്കി. ഇംഗ്ളീഷ് അറിഞ്ഞുകൂടാത്ത എഴുത്തുകാരാകട്ടെ പഴയ രീതിതന്നെ തുടര്‍ന്നു. വീരേശലിംഗം പന്തുലു പുതിയ രീതിയില്‍ നോവല്‍, കഥ, നാടകം, ഉപന്യാസം, ലഘുകവിത, സാഹിത്യ നിരൂപണം, ജീവചരിത്രം, ആത്മകഥ, തുടങ്ങിയവയെല്ലാം രചിച്ചു. എന്നാല്‍ പഴയ രീതി പാടേ ഉപേക്ഷിച്ചതുമില്ല. ഇരുപതാം നൂറ്റാണ്ടില്‍ തെലുഗുവില്‍ ലഘുകവിതകളും ദീര്‍ഘ കവിതകളും രചിക്കപ്പെട്ടു. കാല്പനിക കൃതികള്‍, ഭാവഗീതങ്ങള്‍, കഥാകവിതകള്‍, സങ്കീര്‍ത്തനങ്ങള്‍, വിലാപഗീതങ്ങള്‍, ഹാസ്യാനുകരണങ്ങള്‍, ദേശഭക്തി ഗാനങ്ങള്‍, ആദര്‍ശാധിഷ്ഠിത കവിതകള്‍, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കവിതകള്‍, അധ്യാത്മിക കവിതകള്‍ എന്നിവ കവിതാരംഗത്തെ സമ്പന്നമാക്കി. നോവല്‍, ചെറുകഥ, ചിത്രീകരണങ്ങള്‍, ഉപന്യാസങ്ങള്‍, സാഹിത്യനിരൂപണങ്ങള്‍, യാത്രാവിവരണങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, ശാസ്ത്രകൃതികള്‍, ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, കവികളുടെ ജീവചരിത്രങ്ങള്‍ എന്നിവ രചിക്കപ്പെട്ടു. നാടകം, നാടകശാസ്ത്രം, ഹരികഥ എന്നീ ശാഖകള്‍ വളര്‍ന്നു. ബാലസാഹിത്യം, പത്രസാഹിത്യം, നാടോടി സാഹിത്യം എന്നിവയും വളര്‍ച്ച നേടി. കവയിത്രികള്‍ പലരും രംഗപ്രവേശം ചെയ്തു.
ശ. കവിത. ആംഗലസാഹിത്യ പരിചയമാണ് തെലുഗു സാഹിത്യത്തില്‍ പല പുതുമകളും വരുത്തിയത്. പുതിയ സാഹിത്യരൂപങ്ങളില്‍ ജീവിതാവിഷ്കരണം നടത്തുന്നതിന് ഈ പരിചയം സഹായകമായി. ഇന്ത്യയിലെ മറ്റു സാഹിത്യങ്ങളിലും ഇത്തരം മാറ്റങ്ങള്‍ ഇതേകാലത്തുതന്നെ കണ്ടുതുടങ്ങി. വീരേശലിംഗം (1848-1919) കാവ്യങ്ങളില്‍ കാവ്യഭാഷതന്നെ സ്വീകരിച്ചു. സാമൂഹികാനാചാരങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാഹിത്യത്തെ ഉപയോഗിച്ച ആദ്യത്തെ വിഖ്യാതകവിയായിരുന്നു ഇദ്ദേഹം. സാഹിത്യത്തെ ഗൌരവമായി കണ്ടു. ആര്‍ഭാടപൂര്‍ണമായ ശൈലിയുടെയും ഭാഷാപരമായ അഭ്യാസപ്രകടനങ്ങളുടെയും വ്യര്‍ഥത മനസ്സിലാക്കി. എന്നാല്‍ ഒരു പുതിയ കവിതാരൂപവും സൃഷ്ടിച്ചില്ല. ആധുനികവീക്ഷണഗതിയുള്ള പാരമ്പര്യവാദിയായ കവിയായിരുന്നു ഇദ്ദേഹം. സി.ആര്‍. റെഡ്ഡിയുടെ മുസലമ്മമരണമുവിലും ആധുനിക കവിതയുടെ ലാഞ്ഛനകള്‍ കാണാന്‍ കഴിയും.