This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെക്സ്റ്റൈല്‍ പ്രിന്റിംഗ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടെക്സ്റ്റൈല്‍ പ്രിന്റിംഗ് ഠലഃശേഹല ുൃശിശിേഴ തുണിയില്‍ ഡിസൈനുകള്‍ മു...)
അടുത്ത വ്യത്യാസം →
04:45, 6 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്സ്റ്റൈല്‍ പ്രിന്റിംഗ്
ഠലഃശേഹല ുൃശിശിേഴ
തുണിയില്‍ ഡിസൈനുകള്‍ മുദ്രണം ചെയ്യുന്ന വിദ്യ. തുണിയെ നിറപ്പകിട്ടുള്ളതാക്കാന്‍ ആദ്യകാലത്ത് ചായം മുക്കിയ നൂലുകള്‍ ഉപയോഗിക്കുകയായിരുന്നു പതിവ്. അതു പിന്നീട് ഡിസൈനുകള്‍ നെയ്തെടുക്കുന്ന രീതിയിലേക്കു വളര്‍ന്നു. സങ്കീര്‍ണമായ ഡിസൈനുകള്‍ നെയ്തെടുക്കുക സുസാധ്യമല്ലാത്തതിനാല്‍ തുണിയില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്ന രീതിയാണ് തുടര്‍ന്നു നിലവില്‍ വന്നത്. ഒരേ ഡിസൈന്‍ തന്നെ പല തുണികളില്‍ ആവര്‍ത്തിക്കപ്പെടേണ്ടി വന്നതോടെയാകണം ഡിസൈനുകള്‍ തുണിയില്‍ അച്ചുകളുപയോഗിച്ച് മുദ്രണം ചെയ്യുന്നതിനെപ്പറ്റി അതിന്റെ പ്രയോക്താക്കള്‍ ചിന്തിച്ചുതുടങ്ങിയത്. തടികൊണ്ടോ ലോഹം കൊണ്ടോ അല്ലെങ്കില്‍ അവ രണ്ടുമുപയോഗിച്ചോ ഡിസൈനിന്റെ ബ്ളോക്ക് ഉണ്ടാക്കാമെന്നും അതു ചായത്തില്‍ മുക്കിയശേഷം തുണിയില്‍ അമര്‍ത്തിപ്പതിപ്പിച്ചാല്‍ ഡിസൈന്‍ അതില്‍ പതിയുമെന്നും ഉള്ള കണ്ടെത്തലിലേയ്ക്ക് ആ ചിന്ത എത്തപ്പെട്ടതോടെയാണ് ടെക്സ്റ്റൈല്‍ പ്രിന്റിംഗ് എന്ന പ്രായോഗിക കലയും സാങ്കേതികവിദ്യയും ആവിര്‍ഭവിച്ചത്. തുണിയില്‍ ഡിസൈനുകള്‍ പതിപ്പിക്കുന്നതിനുള്ള ഏറ്റവും വേഗതയാര്‍ന്നതും ചെലവുകുറഞ്ഞതുമായ ഉപാധിയെന്ന നിലയില്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗ് തുണിവ്യവസായരംഗത്തെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി.
ടെക്സ്റ്റൈല്‍ പ്രിന്റിംഗിന്റെ ഉത്പത്തി ചൈനയിലാണെന്ന വാദം നിലനിന്നിരുന്നുവെങ്കിലും ഇന്ന് ഇന്ത്യയും ഈജിപ്തുമാണ് ഇതിന്റെ ഈറ്റില്ലങ്ങള്‍ എന്നത് നിസ്സംശയമായും തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നാണ് ഈ വിദ്യ പേര്‍ഷ്യയിലേക്കും ഏഷ്യാമൈനറിലേക്കും തുടര്‍ന്ന് ഇംഗ്ളണ്ടിലേക്കും എത്തിച്ചേര്‍ന്നത്. യൂറോപ്പില്‍ 17-ാം ശതകത്തോടെ ഈ വിദ്യ വ്യാപകമായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയതായി കരുതുന്നു. ഇപ്പോള്‍ പ്രാരംഭകാലത്തെ പരിമിതികളെയെല്ലാം മറികടക്കാന്‍ പോന്ന അത്യാധുനിക യന്ത്രങ്ങള്‍ എല്ലാ രാജ്യങ്ങളിലും വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും പരമ്പരാഗത കരകൌശലമേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്നും പ്രിയമേറെയാണ്.
സങ്കേതങ്ങളെ ആസ്പദമാക്കി ടെക്സ്റ്റൈല്‍ പ്രിന്റിംഗിനെ ബ്ളോക്ക് പ്രിന്റിംഗ്, റോളര്‍ പ്രിന്റിംഗ്, സ്ക്രീന്‍ പ്രിന്റിംഗ്, ട്രാന്‍സ്ഫര്‍ പ്രിന്റിംഗ് എന്നിങ്ങനെ നാലായി വിഭജിക്കാം. ഈ സങ്കേതങ്ങളില്‍ ഏതുപയോഗിക്കുമ്പോഴും മുദ്രണം നിര്‍വഹിക്കപ്പെടുന്ന രീതി ഡയറക്ട്, ഡിസ്ചാര്‍ജ്, റെസിസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നായിരിക്കും. അതിനാല്‍ മുദ്രണ സ്വഭാവത്തെ ആസ്പദമാക്കി ടെക്സ്റ്റൈല്‍ പ്രിന്റിംഗിനെ ഡയറക്ട് പ്രിന്റിംഗ്, റെസിസ്റ്റ് പ്രിന്റിംഗ്, ഡിസ്ചാര്‍ജ് പ്രിന്റിംഗ് എന്നിങ്ങനെയും വിഭജിച്ചിട്ടുണ്ട്.
തടികൊണ്ടോ അനുയോജ്യമായ മറ്റെന്തെങ്കിലും വസ്തുകൊണ്ടോ ഉണ്ടാക്കിയ അച്ചുകള്‍ (ബ്ളോക്കുകള്‍) ചായത്തില്‍ മുക്കി മുദ്രണം നിര്‍വഹിക്കുന്നതാണ് ബ്ളോക്ക് പ്രിന്റിംഗ് എന്നറിയപ്പെടുന്നത്. തുണിയില്‍ പതിപ്പിക്കുമ്പോള്‍ ബ്ളോക്കിലെ ഡിസൈന്‍ മാത്രം പതിയത്തക്കവിധമാണ് ബ്ളോക്ക് തയ്യാറാക്കുക. അതിനായി ഡിസൈന്‍ ബ്ളോക്കിന്റെ പ്രതലത്തില്‍ നിന്ന് 6 മി.മീ. ഉയര്‍ന്നു നില്‍ക്കത്തക്ക വിധമായിരിക്കും കൊത്തി
യെടുക്കുന്നത്. ചെറിയ ബ്ളോക്കുകള്‍ ഉണ്ടാക്കി അവ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പതിപ്പിച്ച് വലിയ ഡിസൈനുകളുണ്ടാക്കുകയാണ് ബ്ളോക്ക് പ്രിന്റിംഗില്‍ ചെയ്യുന്നത്. ഇത് തുണിയിന്മേലുള്ള
മുദ്രണകലയുടെ ആദിമ മാതൃകയാണ്. എങ്കിലും ഏറെ സമയമെടുക്കുന്ന ഒന്നാകയാല്‍ വന്‍തോതിലുള്ള വ്യവസായങ്ങളുടെ ഇക്കാലത്ത് ഇതിനെ അപ്രസക്തമായ ഒന്നായിട്ടാണ് കണ
ക്കാക്കുന്നത്. എന്നാല്‍ പരമ്പരാഗത കരകൌശലരംഗത്ത് ഈ മട്ടിലുള്ള മുദ്രണം ഇന്നും നിലനിന്നുപോരുന്നുണ്ട്. ബ്ളോക്ക്
പ്രിന്റിംഗിന് സഹായകമായ യന്ത്രമാണ് പിറോട്ടിന്‍ മെഷീന്‍.
പിറോട്ട് എന്ന ഇംഗ്ളീഷുകാരന്‍ കണ്ടെത്തിയ ആ യന്ത്രമുപയോഗിച്ച് മൂന്നു ചായങ്ങളില്‍ ഒരേ സമയം പ്രിന്റു ചെയ്യാം.
കൂടുതല്‍ വേഗതയിലുള്ള മുദ്രണത്തിന്, റോളര്‍ പ്രിന്ററുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ അച്ചുകള്‍ സിലിണ്ടര്‍ ആകൃതിയിലുള്ളവ ആയിരിക്കും. ഡിസൈനുകള്‍ ആലേഖനം ചെയ്തശേഷം ആവശ്യമുള്ള ചായം പുരട്ടി യന്ത്രസഹായത്തോടെയോ അല്ലാതെയോ അവ കറക്കുകയും അതുമായി ഗാഢമായി ബന്ധപ്പെടത്തക്കവിധം തുണി അതിനടിയിലൂടെ കടത്തിവിടുകയും ചെയ്യും. അപ്പോള്‍ അച്ചിലുള്ള ഡിസൈന്‍ അതിവേഗം തുണിയില്‍ പതിയും. ഒരു 'റോളറില്‍' നിന്ന് ഡിസൈനുള്ള മറ്റൊരു റോളറിലേക്ക് തുണി കടത്തിവിട്ടുകൊണ്ട് വ്യത്യസ്ത ഡിസൈനുകള്‍, വ്യത്യസ്ത ചായത്തില്‍ ഒരേ തുണിയില്‍ അതിവേഗം മുദ്രണം ചെയ്യാം എന്ന സവിശേഷത ഈ സംവിധാനത്തിനുണ്ട്. റോളര്‍ പ്രിന്റിംഗിന്റെ വരവോടെ വസ്ത്രമുദ്രണകലയില്‍ വന്‍ കുതിപ്പുകളുണ്ടായി. 1783-ല്‍ ബെല്‍, റോളര്‍ പ്രിന്റിംഗ് മെഷീന്‍ കണ്ടുപിടിച്ചതോടെ വ്യാവസായികാടിസ്ഥാനത്തില്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗ് പ്രചരിക്കാന്‍ തുടങ്ങി.
സില്‍ക്ക്, നൈലോണ്‍ തുടങ്ങിയ, ചായം വാര്‍ന്നു വീഴാന്‍ സാധിക്കുന്ന സുഷിരങ്ങളുള്ള തുണി ഒരു ഫ്രെയിമില്‍ ഉറപ്പിച്ചശേഷം, മുദ്രണം ചെയ്യേണ്ട ഡിസൈന്‍ ഒഴികെയുള്ള ഭാഗത്തെ സുഷിരങ്ങള്‍ ഏതെങ്കിലും ഒരു മാര്‍ഗത്തിലൂടെ അടച്ചശേഷം അത് തുണിയോട് ചേര്‍ത്തുവച്ച് ചായം തേച്ച് നടത്തുന്ന മുദ്രണമാണ് സ്ക്രീന്‍ പ്രിന്റിംഗ്. ഇതിനും വ്യാവസായികരംഗത്ത് നല്ല സ്വീകരണമാണു ലഭിച്ചത്. റോളര്‍ സ്ക്രീന്‍ പ്രിന്റിംഗിന്റെ കണ്ടുപിടിത്തമാണ് അതിനു കളമൊരുക്കിയത്. കൈകൊണ്ട് മണിക്കൂറില്‍ 320 മീ. വരെ തുണിയില്‍ മുദ്രണം നടത്താമെന്നിരിക്കെ, റോളര്‍ സ്ക്രീന്‍ പ്രിന്ററിലൂടെ മണിക്കൂറില്‍ 2,200 മീ. തുണിയില്‍ ഡിസൈനുകള്‍ അച്ചടിക്കാം.
ട്രാന്‍സ്ഫര്‍ പ്രിന്റിംഗിനെ താപപ്രേഷണമുദ്രണവിദ്യ എന്നു വിളിക്കാം. ഇതില്‍ തുണികളിലുപയോഗിക്കുന്ന ചായം കൊണ്ട് ഡിസൈനുകള്‍ കടലാസില്‍ പ്രിന്റു ചെയ്യുകയാണ് ആദ്യഘട്ടം. പിന്നീട് മുദ്രണം ചെയ്യേണ്ട തുണി ഏതാണ്ട് 160-210ത്ഥഇ ചൂടില്‍ പ്രസ്തുത കടലാസുമായി ചേര്‍ത്തുവയ്ക്കും. അപ്പോള്‍ അതിലെ ഡിസൈന്‍ അതേ ചായത്തില്‍ തുണിയില്‍ പതിയും. താപ
ത്തിന്റെ സഹായത്തോടെ മുദ്രണം നിര്‍വഹിക്കുന്ന ഈ വിദ്യ 1965 മുതലാണ് നടപ്പിലായത്.
ഈ നാലു രീതികള്‍ക്കുപുറമേ മറ്റു ചില രീതികളിലൂടെയും തുണിയില്‍ ഡിസൈനുകള്‍ മുദ്രണം ചെയ്യുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ബേണ്‍-ഔട്ട് പ്രിന്റിംഗ്, ഡ്യൂപ്ളെക്സ് പ്രിന്റിംഗ്, ഓവര്‍ പ്രിന്റിംഗ് എന്നിവയാണ്. രണ്ടു സ്വഭാവമുളള രണ്ടു തരം നൂലുകൊണ്ട് നെയ്ത തുണിയില്‍ പ്രത്യേക രാസവര്‍ണം നിയത ഡിസൈനില്‍ പതിപ്പിച്ചാണ് ബേണ്‍-ഔട്ട് പ്രിന്റിംഗ് നടത്തുക. രാസപദാര്‍ഥം ഒരു നൂലിനെ കത്തിച്ചുകളയുന്നതിലൂടെയാണ് ഡിസൈനുകള്‍ തുണിയില്‍ ആലേഖനം ചെയ്യുന്നത്. വെല്‍വെറ്റ് തുണിയില്‍ ശില്പസമാനമായ ചിത്രങ്ങള്‍ മുദ്രണം ചെയ്യുന്നതിന് ഈ രീതിയാണ് ഉപയോഗിക്കുന്നത്. തുണിയുടെ രണ്ടുവശത്തും ഒരേ ഡിസൈന്‍ മുദ്രണം ചെയ്യുന്ന രീതിയാണ് ഡ്യൂപ്ളക്സ് പ്രിന്റിംഗ് അഥവാ രജിസ്റ്റര്‍ പ്രിന്റിംഗ് എന്നറിയപ്പെടുന്നത്. ഒരിക്കല്‍ ഒരു ഡിസൈന്‍ മുദ്രണം ചെയ്തശേഷം അതിനു മുകളില്‍ വീണ്ടും മറ്റൊന്നോ പലതോ മുദ്രണം ചെയ്യുന്ന രീതിയാണ് ഓവര്‍ പ്രിന്റിംഗ്.
മുദ്രണം ഡയറക്ട്, ഡിസ്ചാര്‍ജ്, റെസിസ്റ്റ് എന്നിങ്ങനെ മൂന്നു രീതിയിലാണ് സംഭവിക്കുക. തുണിയിലേയ്ക്ക് നേരിട്ട് ചായം പതിപ്പിക്കുന്നതാണ് ഡയറക്ട് രീതി. ഒരു ചായത്തില്‍ മുക്കിയെടുത്ത തുണിയില്‍, രാസപ്രക്രിയയിലൂടെ പ്രസക്തഭാഗങ്ങളിലെ ചായം നീക്കം ചെയ്ത് ഡിസൈന്‍ പതിപ്പിക്കുന്നതാണ് ഡിസ്ചാര്‍ജ് രീതി. തുണിയില്‍ 'റെസിസ്റ്റു'കള്‍ ഉപയോഗിച്ച് മുദ്രണം ചെയ്യുന്നതാണ് റെസിസ്റ്റ് പ്രിന്റിംഗ്. റെസിസ്റ്റ് പതിഞ്ഞ ഭാഗത്ത് പിന്നെ ഒരു ചായവും പതിയില്ല. ഡിസൈന്‍ റെസിസ്റ്റുകൊണ്ട് പതിപ്പിച്ചശേഷം ആ തുണി ചായത്തില്‍ മുക്കുമ്പോള്‍ ഡിസൈനൊഴികെയുള്ള ഭാഗത്തു മാത്രമേ ചായം പതിയുകയുള്ളൂ.
ടെക്സ്റ്റൈല്‍ പ്രിന്റിംഗ് ഭാരതത്തില്‍. പരുത്തിത്തുണിയില്‍ ചായക്കൂട്ടുകള്‍ മുദ്രണം ചെയ്യുന്ന കലയില്‍ ഭാരതം വളരെ മുമ്പുതന്നെ വൈദഗ്ധ്യം നേടിയിരുന്നു. ടെക്സ്റ്റൈല്‍ പ്രിന്റിംഗ് രംഗത്തെ ആദ്യമാതൃകയായ ബ്ളോക്പ്രിന്റിംഗ് ബി.സി. 5-ാം ശ. മുതല്‍ തന്നെ ഇന്ത്യയില്‍ നിലവിലിരുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത്തരം തുണികളുടെ മാതൃകകള്‍ ഇന്നവശേഷിച്ചിട്ടില്ലെങ്കിലും ആ കാലഘട്ടത്തെ പ്രസ്തുത സാങ്കേതികവിദ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന സാഹിത്യഗ്രന്ഥങ്ങള്‍ ധാരാളമുണ്ട്. ബ്ളോക് പ്രിന്റിംഗ് ചെയ്തിട്ടുള്ള ഇന്ത്യന്‍ തുണികളുടെ ഏറ്റവും പഴക്കമുള്ള മാതൃക ലഭിച്ചിട്ടുള്ളത് ഈജിപ്തിലെ കെയ്റോയിലുള്‍പ്പെട്ട ഫൊസ്റ്റാറ്റില്‍ നിന്നാണ്. അവയിലേറെയും 15-ാം ശ. -ത്തിലോ അതിനുശേഷമോ ഉള്ളവയാണെങ്കിലും കുറേക്കൂടി പ്രാക്തനമായവയും അക്കൂട്ടത്തില്‍ ലഭ്യമായിട്ടുണ്ട്. അടുത്ത കാലത്ത് അവയിലൊരെണ്ണം 11-ാം ശ. -ത്തിലേതാണെന്ന് വ്യക്തമായിട്ടുണ്ട്. ചെങ്കടല്‍ തീരത്ത് അടുത്ത കാലത്തു നടന്ന ഖനനം ഏ.ഡി. 800-ലേതെന്നു കരുതപ്പെടുന്ന മാതൃകകള്‍ ലഭ്യമാക്കിയിട്ടുണ്ട്. പുരാവസ്തു ഖനനങ്ങളിലൂടെ ഈജിപ്തില്‍ നിന്നു ലഭിച്ച മാതൃകകള്‍ ഗുജറാത്തിലോ പശ്ചിമഭാരതദേശങ്ങളിലോ നിര്‍മിച്ചവയാണെന്നു കരുതപ്പെടുന്നു. അവയില്‍ പുഷ്പചിത്രങ്ങളോ ജ്യാമിതീയ രൂപങ്ങളോ ആണ് മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത്. അപൂര്‍വമായി പക്ഷികളുടെയും മൃഗങ്ങളുടെയും ആള്‍രൂപങ്ങളുടെയും ചിത്രങ്ങള്‍ കാണാം. സാങ്കേതികമായി ആ ആദ്യമാതൃകകള്‍ രണ്ടു വിഭാഗങ്ങളില്‍പെടുന്നവയാണ് എന്നു പറയാം - മെഴുക്, കളിമണ്ണ് എന്നിവയിലേതെങ്കിലുമൊന്ന് 'റെസിസ്റ്റ്' ആക്കിക്കൊണ്ട് ബ്ളോക്കുകള്‍ ഉപയോഗിച്ച് മുദ്രണം നടത്തിയിട്ടുള്ളവയാണ് ഒരു വിഭാഗം. അവയില്‍ ഒറ്റ നിറത്തിലുള്ള, വിശേഷിച്ചും അമരിനീലയിലോ ചുവപ്പിലോ ഉള്ള ആലേഖനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ വിഭാഗം ഒന്നോ അതിലധികമോ പശകള്‍ കൂടെ ഉപയോഗിച്ച് ബ്ളോക് പ്രിന്റിംഗ് നടത്തിയിട്ടുള്ളവയാണ്. അവയില്‍ റെസിസ്റ്റുപയോഗിച്ച് ഡിസൈനിന്റെ ബാഹ്യരേഖകള്‍ വ്യക്തമാക്കുന്ന രീതിയും ഉണ്ടായിരുന്നു. പശകളും റെസിസ്റ്റുകളും ഉപയോഗിച്ചുകൊണ്ടുള്ള ഈ രീതികള്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗിന്റെ തുടക്കവും തുണികളിലെ ചായം മുക്കുന്ന വിദ്യയുടെ തുടക്കവും ഭാരതത്തില്‍ ഏതാണ്ടൊരേ കാലത്താണ് സംഭവിച്ചതെന്ന അനുമാനത്തിന് വക നല്‍കുന്നുണ്ട്.
18-ാം ശ. മുതല്‍ ഇന്ത്യയില്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗ് ഏറെ പ്രചാരത്തിലിരുന്നു എന്നതിന് ഒട്ടനവധി ഭൌതികസാക്ഷ്യങ്ങള്‍ ഉണ്ട്. 'ക്വനാറ്റു'കള്‍ എന്നറിയപ്പെടുന്ന ആവരണങ്ങള്‍, മേല്‍ക്കട്ടികള്‍, കുപ്പായങ്ങള്‍, അരക്കച്ചകള്‍ തുടങ്ങിയ ചിത്രമുദ്രിത വസ്ത്രങ്ങളുടെ വന്‍കയറ്റുമതി അക്കാലം മുതല്‍ നടന്നിരുന്നു. ദക്ഷിണ-പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ജപ്പാനിലേക്കുമായിരുന്നു ഏറെയും കയറ്റുമതി ചെയ്യപ്പെട്ടിരുന്നത്. വിദേശവിപണിയെ ലക്ഷ്യം വയ്ക്കുന്ന മുദ്രിതതുണിത്തരങ്ങളില്‍ അതീവ വൈവിധ്യമാര്‍ന്ന ഡിസൈനുകളാണ് പരീക്ഷിക്കപ്പെട്ടിരുന്നത്. അതേസമയം ആഭ്യന്തര വിപണിയെ ലക്ഷ്യം വച്ചവയില്‍ മുഗള്‍ ചിത്രകലാശൈലിക്കായിരുന്നു പ്രാധാന്യം. അക്കാലത്തെ പ്രധാന ടെക്സ്റ്റൈല്‍ പ്രിന്റിംഗ് കേന്ദ്രങ്ങള്‍ മധ്യേന്ത്യയിലും പശ്ചിമേന്ത്യയിലുമായിരുന്നു നിലവിലിരുന്നത്. അവയില്‍ ഗുജറാത്തിലെ അഹമ്മദാബാദും മധ്യഭാരതത്തിലെ ബര്‍ഹാന്‍പൂരുമായിരുന്നു മുഖ്യകേന്ദ്രങ്ങള്‍.
മുഗള്‍ഭരണത്തിന്റെ തകര്‍ച്ചയും ബ്രിട്ടീഷ് കോളനിവത്ക്കരണവും ടെക്സ്റ്റൈല്‍ കലാരംഗത്തെ തളര്‍ത്തി. നെയ്ത്തിനെയും തുണികളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന കലയെയും അത് ഏതാണ്ട് അസ്തമിപ്പിച്ചുകളയുകപോലും ചെയ്തു. പക്ഷേ ആ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലെ ടെക്സ്റ്റൈല്‍ പ്രിന്റിംഗ് രംഗം കാര്യമായ പോറലുകളൊന്നുമേല്‍ക്കാതെ നിലനിന്നുപോന്നിരുന്നു എന്നാണ് ചരിത്രം തെളിയിക്കുന്നത്. 19-ാം ശ.-ത്തിന്റെ അന്ത്യപാദങ്ങളില്‍ ഉപഭൂഖണ്ഡത്തിലുടനീളം ഈ കലാവ്യവസായം വന്‍തോതില്‍തന്നെ നടന്നിരുന്നു. 1902-03 കാലഘട്ടത്തില്‍ ജോര്‍ജ് വാട്ട് ഡല്‍ഹി എക്സിബിഷനുവേണ്ടി തയ്യാറാക്കിയ കാറ്റലോഗില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗിന്റെ ആസ്ഥാനങ്ങളായിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട് - അഹമ്മദാബാദ്, സൂററ്റ്, ദാറൂച്, ബറോഡ, ഡീസ, രാജ്കോട്ട്, ജാംനഗര്‍, ഭവ്നഗര്‍, ജേത്പൂര്‍, ഭുജ്, മുന്ദ്ര, ധമാഡ്ക, ഖാവ്ദ (ഗുജറാത്ത്), സംഗനര്‍, ബഗ്രു, ജോധ്പുര്‍, ബിക്കാനര്‍, ബാര്‍മെര്‍, ബലോട്ര, ഉദയ്പുര്‍, അജ്മീര്‍, പിപാഡ്, കോട്ട, ചിറ്റോര്‍ഗാഢ് (രാജസ്ഥാന്‍), ഗ്വാളിയോര്‍, റാറ്റ്ലം മാന്‍ഡ്ഡോര്‍, ഇന്‍ഡോര്‍, ഉജ്ജയിനി, ബുര്‍ഹാന്‍സുര്‍ (മധ്യപ്രദേശ്), ലക്നൌ, കനൌജ്, ഫറൂഖാബാദ്, ഫത്തേപുര്‍, ആഗ്ര, അലാഹാബാദ്, കാണ്‍പുര്‍, മിറാസ്പുര്‍, വാരാണസി, തണ്ടാമഥുര (ഉത്തര്‍പ്രദേശ്) മുംബൈ, ധാര്‍വാര്‍, നാസിക്, നാഗ്പുര്‍, ഖന്‍ഡേഷ് (മഹാരാഷ്ട്ര), തിരുപ്പൂര്‍, മംഗലാപുരം, മച്ചിലിപട്ടണം, ചിരാല, വിജയവാഡ, റ്റുനി, കുംഭകോണം, കൊഡാലിക്കരിപ്പൂര്‍, പൊന്നേരി, ചെന്നൈ, തഞ്ചാവൂര്‍ (ദക്ഷിണേന്ത്യ). 20-ാം ശ.-ത്തില്‍ ഇവയില്‍ പലതും നിലവിലില്ലാത്തവയായി. എന്നാല്‍ സംഗനര്‍ പോലുള്ള സ്ഥലങ്ങള്‍ മുമ്പത്തേതിലുമേറെ വളര്‍ച്ച പ്രാപിക്കുകയും ചെയ്തു.
പരുത്തിത്തുണിയിലോ സില്‍ക്കുതുണിയിലോ ആണ് പൊതുവേ ഇന്ത്യയില്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗ്് നടത്താറുള്ളത്. ഡയറക്ട് പ്രിന്റിംഗ് റെസിസ്റ്റ് പ്രിന്റിംഗ് എന്നീ രീതികളാണ് ഇവിടെ അവലംബിച്ചുപോരുന്നത്. ഇന്ത്യന്‍ ബ്ളോക്ക് പ്രിന്റിംഗിന്റെ ഒരു പ്രത്യേകത അതില്‍ ഡിസൈനിന്റെ ബാഹ്യരേഖകള്‍ മാത്രം ആദ്യം മുദ്രണം ചെയ്യുകയും പിന്നീട് അതിനകത്ത് മറ്റൊരു ബ്ളോക്കുപയോഗിച്ച് ചായം നിറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. റെസിസ്റ്റ് പ്രിന്റിംഗിനുമുണ്ട് ഒരു പ്രത്യേകത. അതില്‍ ചായം പതിയേണ്ടാത്ത സ്ഥലത്ത് ഒരു റെസിസ്റ്റും കളിമണ്ണും മുദ്രണം ചെയ്തു പിടിപ്പിക്കും. പിന്നീട് ആ തുണി ചായത്തില്‍ മുക്കും. തുടര്‍ന്ന് അത് ഒഴുക്കുവെള്ളത്തിലിട്ട് നദിയിലും മറ്റും കഴുകും. ഈ പ്രക്രിയ റെസിസ്റ്റും മറ്റും നീക്കം ചെയ്യാന്‍ വേണ്ടിയുള്ളതാണെങ്കിലും അതിലൂടെ മറ്റൊരു കാര്യം കൂടെ സംഭവിക്കും. ചായം ഡിസൈനിന്റെ അരികിലേക്കെല്ലാം അല്പാല്പമായി പടരും. അങ്ങനെ ബ്ളോക്ക് പ്രിന്റിംഗിലെന്നപോലെ നിശ്ചിത വടിവിലല്ലാത്ത, അരികുകള്‍ അലിഞ്ഞില്ലാതാകുംവിധമുള്ള മൃദുവായ ഡിസൈനുകളായിരിക്കും റെസിസ്റ്റ് രീതിയില്‍ പ്രിന്റു ചെയ്ത തുണികളിലുണ്ടാവുക. ഈ സവിശേഷമായ സ്വഭാവം കാരണം ഇന്ത്യന്‍ റെസിസ്റ്റ് പ്രിന്റിംഗിന്റെ വികസിതരൂപമാണ് 'ബാത്തിക്' എന്ന് കണക്കാക്കപ്പെടുന്നുണ്ട്.
ഇന്ത്യന്‍ റെസിസ്റ്റ് പ്രിന്റിംഗിലെ മറ്റൊരു പ്രത്യേകത രാജസ്ഥാനിലും മറ്റുമുള്ള പരമ്പരാഗത മുദ്രണരംഗത്തു കാണാം. 'തപൈ' എന്നറിയപ്പെടുന്ന പ്രത്യേകരീതിയിലൂടെ മുദ്രണം ചെയ്ത ചായങ്ങളെ കൂടുതല്‍ ദീപ്തമാക്കുന്ന പ്രക്രിയയാണത്. പുഴയോരത്തെ മണല്‍ത്തിട്ടകളില്‍ മുദ്രണം ചെയ്തു കഴിഞ്ഞ തുണി വിരിച്ചിട്ട് സൂര്യപ്രകാശത്തില്‍ ഉണക്കുന്ന കര്‍മമാണ് തപൈ. നേരിട്ടു പതിക്കുന്നു എന്ന പോലെ മണല്‍ത്തിട്ടകള്‍ പ്രതിഫലിപ്പിക്കുന്ന സൂര്യതാപമേറ്റും ചായം തിളക്കമാര്‍ന്നതാവുകയാണിവിടെ. കട്ടിയുള്ള പരുത്തിത്തുണിയെ ചായത്തിളക്കത്താല്‍ മിനുമിനുത്ത സില്‍ക്കുതുണിപോലെ തോന്നിപ്പിക്കുവാന്‍ 'തപൈ'യ്ക്കു കഴിയുന്നു.
ദേശ്യഭേദമാണ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ പ്രിന്റിംഗിന്റെ മുഖ്യ സവിശേഷത. അത് എല്ലായിടങ്ങളിലും ഏതെങ്കിലും തരത്തിലുള്ള മൌലികത പ്രദര്‍ശിപ്പിച്ചുപോരുന്നുണ്ട്. ഉപയോഗിക്കുന്ന തുണി, ആലേഖനം ചെയ്യുന്ന ചിത്രാവലി, വര്‍ണങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങളിലും വൈജാത്യം കാണാം. അതാതിടങ്ങളിലെ സൌന്ദര്യബോധത്തിന്റെയും പ്രതിഭാശേഷിയുടെയും ഫലം എന്നതിനപ്പുറം അതാതിടങ്ങളിലെ പാരിസ്ഥിതിക സവിശേഷതകളും ഇതിനു കാരണമാകുന്നുണ്ട്. ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണവ്യത്യാസം തന്നെ ചായങ്ങളെ സ്വാധീനിക്കും. മുദ്രണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തുക്കളുടെ തദ്ദേശീയസ്വഭാവവും ഓരോ അച്ചടികേന്ദ്രത്തെയും മൌലികമാക്കുന്നതിനു കാരണമാകുന്നുണ്ട്. ഉദാഹരണത്തിന് ജയ്പുര്‍, മാന്‍ഡ്സര്‍, നാസിക്, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ മറ്റെങ്ങുമില്ലാത്ത മട്ടില്‍ ലോഹവസ്തുക്കള്‍ കൂടി മുദ്രണത്തിനുപയോഗിക്കാറുണ്ട്. സ്വര്‍ണ-രജത ധൂളികളോ തകിടുകളോ ഉപയോഗിച്ച് ഇവിടങ്ങളില്‍ മുദ്രിതമാതൃകയെ തിളക്കമാര്‍ന്നതാക്കുന്നു. ഇത്തരം ഉത്പന്നങ്ങളോട് വിദേശവിപണിയെക്കാള്‍, ആഭ്യന്തരവിപണിക്കാണ് ഏറെ താത്പര്യം.
ഡിസൈനുകള്‍ അച്ചടിച്ചിട്ടുള്ള കിടക്കവിരികള്‍ മീററ്റിലെ ഏറ്റവും ശ്രദ്ധേയമായ ഉത്പന്നങ്ങളിലൊന്നാണ്. വളരെ കുറച്ചു തൊഴിലാളികള്‍ മാത്രമേ ഇവിടെ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരി
ക്കുന്നുള്ളു. എങ്കിലും അവരുടെ നിരന്തര നിരീക്ഷണാത്മകത അതിനൂതനമായ സൃഷ്ടികള്‍ക്കു കാരണമാകുന്നു. കൃത്രിമചായങ്ങളുപയോഗിച്ചുള്ള സ്ക്രീന്‍ പ്രിന്റിംഗാണ് ഇപ്പോള്‍ അവിടെ ഏറെ പ്രചാരത്തിലുള്ളത്. നിരവധി പക്ഷികളുടെ ചിത്രങ്ങളുള്ള ആകര്‍ഷകമായ ആലേഖനങ്ങളാണ് ഇവരുടെ ഏറ്റവും ശ്രദ്ധേയമായ ഡിസൈന്‍ പരീക്ഷണം.
ചെന്നൈയിലെ സ്ക്രീന്‍പ്രിന്റു ചെയ്ത പാനലുകള്‍ അവയിലെ ഹാഫ്ടോണുകള്‍ കൊണ്ടും ക്വാര്‍ട്ടര്‍ ടോണുകള്‍ കൊണ്ടും പെയിന്റിംഗിന്റെ ഭാവം കൈവരിക്കുന്നു.
മൃഗങ്ങളുടെ ചിത്രങ്ങള്‍ ബ്ളോക്കു പ്രിന്റിംഗിലൂടെയും സ്ക്രീന്‍ പ്രിന്റിംഗിലൂടെയും മുദ്രണം ചെയ്ത് വിജയകരമാക്കുന്നു എന്നതാണ് കാഞ്ചീപുരത്തിന്റെ സവിശേഷത.
പരുത്തി ഊടും സില്‍ക്കു പാവും ഉപയോഗിച്ചു നെയ്ത ശേഷം സ്ക്രീന്‍ പ്രിന്റു ചെയ്യുന്ന ചന്തേരി സാരികള്‍ ഇന്‍ഡോറിലെ ആകര്‍ഷകമായ ഉത്പന്നങ്ങളിലൊന്നാണ്.
അഹമ്മദാബാദില്‍ കാര്‍ബോര്‍ഡ് സ്റ്റെന്‍സില്‍ ഉപയോഗിച്ച് പ്രിന്റു ചെയ്യുന്ന 'പട്ടോള'കളാണ് ഇന്നും ബാലിയിലെയും ഇന്തോനേഷ്യയിലെയും ആചാരവസ്ത്രങ്ങള്‍. സവിശേഷമായ ജയ്പൂര്‍ മുദ്രിതശീലകള്‍ രാജകൊട്ടാരത്തിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. ജയ്പൂര്‍ കൊട്ടാരത്തിന് പ്രിന്റിംഗ്് വിഭാഗം തന്നെ ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടാക്കുന്ന തുണിത്തരങ്ങളില്‍ കൊട്ടാരമുദ്ര പതിപ്പിക്കുക പതിവായിരുന്നു.
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സവിശേഷമായ ഒരു ഡിസൈന്‍ പ്രിന്റു ചെയ്തുകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ സ്ഥലമാണ്. ഏതാണ്ട് നൂറ്റിയന്‍പത് വര്‍ഷമായി, ഇംഗ്ളണ്ടിലേക്കും അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റി അയച്ചുകൊണ്ടിരിക്കുന്ന ആ സവിശേഷ ഡിസൈന്‍ 'ട്രീ ഒഫ് ലൈഫ്' ആണ്. ഏതാണ്ട് ഇരുപതോളം ട്രീ ഒഫ് ലൈഫ് മാതൃകകള്‍ അവിടെ മുദ്രണം ചെയ്യപ്പെടുന്നുണ്ട്.
മസൂലിപ്പട്ടണം (ആന്ധ്ര) കലംകരി എന്ന പ്രത്യേക രീതിക്കുടമയാണ്. റെസിസ്റ്റ്, ബ്ളോക്ക്, ബാത്തിക് എന്നിവയാണ് അവിടത്തെ മറ്റു മാതൃകകള്‍.
തഞ്ചാവൂര്‍ കലംകരി, അച്ചടി, കസവുനൂലുവച്ചുള്ള നെയ്ത് എന്നിവയ്ക്കു പ്രസിദ്ധമാണ്. വീവേഴ്സ് സര്‍വീസ് സൊസൈറ്റിയും അടുത്തകാലത്ത് തഞ്ചാവൂര്‍ ശൈലി നവീകരിക്കുകയുണ്ടായി.