This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാസ്മേനിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: ടാസ്മേനിയ ഠമാമിശമ ആസ്റ്റ്രേലിയയിലെ ഏറ്റവും ചെറിയ സംസ്ഥാനം. ടാസ്മേന...)
അടുത്ത വ്യത്യാസം →
10:23, 26 സെപ്റ്റംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാസ്മേനിയ
ഠമാമിശമ
ആസ്റ്റ്രേലിയയിലെ ഏറ്റവും ചെറിയ സംസ്ഥാനം. ടാസ്മേനിയ ദ്വീപിനു പുറമേ ഫര്‍നോക്സ് ദ്വീപസമൂഹം ഉള്‍പ്പെടെ 50-ല്‍ അധികം ചെറുദ്വീപുകള്‍ ഇതില്‍പ്പെടുന്നു. വിസ്തീര്‍ണം: ദീപുകള്‍ ഉള്‍പ്പെടെ, 68,114 ച. കി.മീ., ജനസംഖ്യ: 459659 (1996).
ആസ്റ്റ്രേലിയന്‍ വന്‍കരയുടെ തെക്കുകിഴക്കന്‍ തീരത്തുനിന്ന് 240 കി. മീ. അകലെ ടാസ്മന്‍ കടലിനും ഇന്ത്യന്‍ സമുദ്രത്തിനും മധ്യേയാണ് ടാസ്മേനിയയുടെ സ്ഥാനം. 225 കി. മീ. വീതിയുള്ള ബാസ് കടലിടുക്ക് ഇതിനെ പ്രധാന കരയില്‍ നിന്ന് വേര്‍തിരിക്കുന്നു. ആബെല്‍ യാന്‍സൂണ്‍ ടാസ്മനാണ് 1642 ന. 24-ന് ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത്.
നിരനിരയായുള്ള ഹിമാവൃതകൊടുമുടികളും കുന്നുകളും ഹരിതാഭയാര്‍ന്ന താഴ്വരകളും ടാസ്മേനിയന്‍ ഭൂപ്രകൃതിയെ ആകര്‍ഷകമാക്കുന്നു. ഇവിടത്തെ സ്ഫടിക സദൃശങ്ങളായ തടാകങ്ങള്‍, തീരപ്രദേശം, കൃഷിനിലങ്ങള്‍, ഉദ്യാനങ്ങള്‍, പഴത്തോട്ടങ്ങള്‍ എന്നിവയെല്ലാം അതിമനോഹരങ്ങളാണ്. ആസ്റ്റ്രേലിയയിലെ പൂര്‍വ ഉന്നത തടങ്ങളില്‍ നിന്നും വേറിട്ടുപോയ ഒരു ഭൂഭാഗമാണ് ടാസ്മേനിയ എന്നു കരുതപ്പെടുന്നു. ഓസ കൊടുമുടിയാണ് (1617 മീ.) ഏറ്റവും പൊക്കം കൂടിയ പ്രദേശം. മധ്യപീഠഭൂമി, പടിഞ്ഞാറന്‍ തീരത്തിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന ഉന്നതതടങ്ങള്‍, തെക്കന്‍ ഉന്നത തടങ്ങള്‍, വടക്കന്‍ പീഠഭൂമി എന്നിവ പ്രധാന ഭൂവിഭാഗങ്ങളാകുന്നു.
വര്‍ഷം മുഴുവനും മിതമായ കാലാവസ്ഥയാണ് ടാസ്മേനിയയിലനുഭവപ്പെടുന്നത്. വര്‍ഷപാതം ഭൂപ്രകൃതിക്കനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു.
ജലസമ്പന്നമാണ് ടാസ്മേനിയ. താമര്‍, ഡെര്‍വെന്റ്, ഹുവോണ്‍, ആര്‍തര്‍ എന്നിവയാണ് പ്രധാന നദികള്‍. തലസ്ഥാന നഗരമായ ഹോബര്‍ട്ട്, ഡെര്‍വന്റ് നദിയുടെ അഴിമുഖത്തായി സ്ഥിതി ചെയ്യുന്നു. ടാസ്മേനിയന്‍ നദികളില്‍ നിന്നും ജലവൈദ്യുതി ധാരാളമായുത്പാദിപ്പിക്കുന്നുണ്ട്. ആസ്റ്റ്രേലിയയിലെ ജലവൈദ്യുതിയുടെ പകുതിയോളം ലഭിക്കുന്നത് ടാസ്മേനിയയില്‍ നിന്നാണ്. ധാരാളം തടാകങ്ങള്‍ ടാസ്മേനിയയിലുണ്ട്. ഗ്രേറ്റ്ലേക് ആണ് ഇവയില്‍ മുഖ്യം. സോറല്‍, സെന്റ് ക്ളയര്‍, ആര്‍തര്‍, എക്കെ എന്നിവ മറ്റു പ്രധാന തടാകങ്ങളാകുന്നു. മിക്ക പ്രധാന നദികളുടെയും ഉദ്ഭവസ്ഥാനങ്ങള്‍ തടാകങ്ങളാണ്.
കാലാവസ്ഥയ്ക്കനുസൃതമാണ് സസ്യജാലം. ഈര്‍പ്പഭരിതപ്രദേശങ്ങളില്‍ മിതോഷ്ണമഴക്കാടുകളും, മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ യൂക്കാലിപ്റ്റസ് വനങ്ങളും, വരണ്ട പ്രദേശങ്ങളില്‍ താണയിനം യൂക്കാലിപ്റ്റസ് വനങ്ങളും, സാവന്നാ പുല്‍മേടുകളും കാണപ്പെടുന്നു. ടാസ്മേനിയന്‍ ഡെവിള്‍, ടാസ്മേനിയന്‍ ടൈഗര്‍ എന്നീ മൃഗങ്ങള്‍ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.
വൈവിധ്യമാര്‍ന്ന ഒരു സമ്പദ്ഘടനയാണ് ടാസ്മേനിയയുടേത്. രണ്ടാം ലോകയുദ്ധാനന്തരം ആസ്റ്റ്രേലിയയിലെ മറ്റു പ്രദേശങ്ങള്‍ക്കൊപ്പം ഈ പ്രദേശവും സമൂലമായ സാമ്പത്തിക വികസനത്തിനു വിധേയമായി. ഉത്പാദനമേഖലയില്‍ ഇലക്ട്രോ-മെറ്റലര്‍ജിക്കല്‍, ഇലക്ട്രോ-കെമിക്കല്‍ വ്യവസായങ്ങള്‍ക്കാണ് മുന്‍തൂക്കം. ഇവിടത്തെ കാര്‍ഷികമേഖലയില്‍ പഴങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ ഉത്പാദനത്തിന് ഏറെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ആപ്പിളാണ് മുഖ്യപഴവര്‍ഗം. പെയര്‍, റാസ്ബെറീസ്, ബ്ളാക് കറന്റ്സ് എന്നിവ മറ്റു പ്രധാന പഴവര്‍ഗങ്ങളാകുന്നു. ബാര്‍ലി, ഓട്സ്, ഹോപ്, ഗോതമ്പ് എന്നിവയാണ് മറ്റു വിളകള്‍. കാലാവസ്ഥയോടൊപ്പം ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം എന്നീ ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് ടാസ്മേനിയയ്ക്ക് വ്യത്യസ്തമായ ഉപജീവനശൈലി
പ്രദാനം ചെയ്യുന്നു. വ. പ്രദേശങ്ങളില്‍ കന്നുകാലി വളര്‍ത്തലും വെണ്ണയുത്പാദനവും, മധ്യഭൂപ്രദേശങ്ങളില്‍ ആടുവളര്‍ത്തലും
കമ്പിളിയുത്പാദനവവും, തെ. കി. താഴ്വാരങ്ങളില്‍ പഴങ്ങള്‍,
ഹോപ്സ് എന്നിവയുടെ ഉത്പാദനവും മുഖ്യ ഉപജീവനമാര്‍ഗങ്ങളാണ്. ടാസ്മേനിയയുടെ മൊത്തം ഭൂവിസ്തൃതിയുടെ 46 ശ.മാ. വും വനങ്ങളാണ്. യൂക്കാലിപ്റ്റസും പൈന്‍ വര്‍ഗത്തില്‍പ്പെട്ട
മരങ്ങളുമാണ് പ്രധാന വൃക്ഷങ്ങള്‍. വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് വനവിഭവങ്ങള്‍ ഉപയുക്തമാവുന്നു. മത്സ്യബന്ധനം പ്രധാനമായും തീരപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. വളരെ വികാസം പ്രാപിച്ചതാണ് ടാസ്മേനിയയിലെ ഖനനവ്യവസായം. നിക്ഷേപങ്ങളില്‍ ടിന്‍, ടങ്സ്റ്റന്‍, ചെമ്പ്, വെള്ളി, ലെഡ്, സിങ്ക് എന്നിവയ്ക്കാണ് മുന്‍തൂക്കം. ശുദ്ധീകരിച്ച ലോഹങ്ങള്‍, ലോഹോത്പന്നങ്ങള്‍, തുണിത്തരങ്ങള്‍, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, കടലാസ് (പ്രധാനമായും ന്യൂസ്പ്രിന്റ്) തുടങ്ങിയവ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു.
റിസ്ഡണിലെ ഇലക്ട്രോലിറ്റിക് സിങ്ക് റിഫൈനറി, ബെല്‍റ്റ് ബേയിലെ അലൂമിനിയം, ഫെറോ മാങ്ഗനീസ് വ്യവസായം, സ്നഗിലെ കാര്‍ബൈഡ് ഉത്പാദനം എന്നിവ പ്രധാന വ്യവസായങ്ങളാണ്. റിസ്ഡണിലെ സിങ്ക് റിഫൈനറി ലോകത്തിലെ ഏറ്റവും വലുപ്പമേറിയ റിഫൈനറികളില്‍ ഒന്നാകുന്നു. ആസ്റ്റ്രേലിയയുടെ മൊത്തം ഉപയോഗത്തിന്റെ 40 ശ. മാ.-ത്തോളം ന്യൂസ്പ്രിന്റ് ടാസ്മേനിയയിലെ ബോയറിലാണ് ഉത്പാദിപ്പിക്കുന്നത്.
1998-ല്‍ ഗതാഗതയോഗ്യമായ 24,000 കി. മീ. റോഡുകള്‍ ടാസ്മേനിയയിലുണ്ടായിരുന്നു. വേണ്ടുവോളം റെയില്‍ പാതകളും ഈ പ്രദേശത്തുണ്ട്. അനേകം നൈസര്‍ഗിക തുറമുഖങ്ങളാല്‍ സമ്പന്നമാണ് ടാസ്മേനിയന്‍ തീരപ്രദേശം. ഹോബര്‍ട്ട്, ബര്‍ണി, ലാന്‍സെസ്റ്റണ്‍, ഡെവണ്‍പോര്‍ട്ട് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന തുറമുഖങ്ങള്‍. പ്രവര്‍ത്തനക്ഷമമായ വ്യോമഗതാഗത ശൃംഖല ടാസ്മേനിയയെ ആസ്റ്റ്രേലിയന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്നു.
ആസ്റ്റ്രേലിയയിലെ ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് ടാസ്മേനിയ. ആസ്റ്റ്രേലിയന്‍ വന്‍കരയിലേക്കുള്ള കുടിയേറ്റം ഇവിടത്തെ ജനസംഖ്യാവര്‍ധനവിനെ നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിന് പുറത്തുള്ള മേഖലകളില്‍ നിന്നും ജനങ്ങള്‍ ടാസ്മേനിയയിലേക്കു കുടിയേറിയിട്ടുണ്ട്. 1856 വരെ ഈ പ്രദേശം വാന്‍ ഡീമെന്‍സ് ലാന്‍ഡ്' എന്നാണറിയപ്പെട്ടിരുന്നത്.
ആസ്റ്റ്രേലിയയുടെ വിദ്യാഭ്യാസ വികസനത്തിന് ടാസ്മേനിയ നിര്‍ണായക പങ്കുവഹിക്കുന്നു. നിര്‍ബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിച്ച ആദ്യത്തെ ബ്രിട്ടീഷ് കോളനി ടാസ്മേനിയയാണ് (1869). ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രായപരിധി 16 ആക്കി ഉയര്‍ത്തിയ ആദ്യത്തെ സംസ്ഥാനവും ടാസ്മേനിയയാകുന്നു. 6-16 വയസ്സുവരെ ഇവിടെ നിര്‍ബന്ധിത വിദ്യാഭ്യാസം ലഭിക്കുന്നു.
ചരിത്രം. ഡച്ച് നാവികനായിരുന്ന ആബെല്‍ ടാസ്മനാണ് ടാസ്മേനിയ കണ്ടെത്തിയത് (1642 ന. 24). ടാസ്മന്റെ പര്യടനത്തിന് അനുമതി നല്‍കിയ ഈസ്റ്റിന്‍ഡീസ് ഗവര്‍ണര്‍ ജനറല്‍ അന്റോണിയോ വാന്‍ ഡീമെനിന്റെ (അിീിശീ ്മി ഉശലാലി) ബഹുമാനാര്‍ഥം ഈ ദ്വീപുകള്‍ക്ക് വാന്‍ ഡീമെന്‍സ് ലാന്‍ഡ് എന്ന് ഇദ്ദേഹം പേരു നല്‍കി. തുടര്‍ന്ന് ഫ്രഞ്ചുനാവികരും ഇംഗ്ളീഷ് നാവികരും ഇവിടെ പര്യടനം നടത്തുകയുണ്ടായി. 1777-ല്‍ ജെയിംസ് കുക്ക് ഈ പ്രദേശം സന്ദര്‍ശിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ 1803-ല്‍ ഈ ഭൂവിഭാഗം കൈവശപ്പെടുത്തി ഒരു പീനല്‍ കോളനി സ്ഥാപിച്ചു. ബ്രിട്ടിഷ് കുറ്റവാളികളെ താമസിപ്പിച്ചതിനോടൊപ്പം ഇവിടെ സ്വതന്ത്രപൌരന്മാര്‍ക്കുള്ള കുടിയേറ്റവും അനുവദിച്ചിരുന്നു. ആദ്യകാല ബ്രിട്ടിഷ് അധിവാസം 1804-ഓടെയാണ് ആരംഭിച്ചത്. ഈ ദ്വീപുകളുടെ ഭരണം 1825 വരെ നടത്തിയിരുന്നത് ന്യൂ സൌത്ത് വെയ്ല്‍സായിരുന്നു. പിന്നീട് പ്രത്യേക കോളനിയാക്കിയതിനെ തുടര്‍ന്ന് ഭരണ നടത്തിപ്പിനായി നാമനിര്‍ദേശം ചെയ്യപ്പെട്ട നിയമനിര്‍മാണസഭയും കാര്യനിര്‍വഹണ സമിതിയും ഉണ്ടായി. 1840-കളുടെ ഉത്തരാര്‍ദ്ധത്തില്‍ ഇവിടെ സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു. പ്രാതിനിധ്യ ഗവണ്‍മെന്റിനുവേണ്ടിയും ബ്രിട്ടനിലെ കുറ്റവാളികളെ നാടുകടത്തി പാര്‍പ്പിക്കുന്നത് അവസാനിപ്പിക്കുന്നതിനുവേണ്ടിയും ജനങ്ങള്‍ ശബ്ദമുയര്‍ത്തി. നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നരീതി 1851-ല്‍ നിലവില്‍ വന്നു; കുറ്റവാളികളെ നിവസിപ്പിക്കുന്നത് 1853-ല്‍ നിര്‍ത്തല്‍ ചെയ്തു. ഭരണഘടനയും ദ്വിമണ്ഡല നിയമസഭയും ഉത്തരവാദഭരണവും നിലവില്‍വന്നത് 1856-ലാണ്. ദ്വീപിന് വാന്‍ ഡീമെന്‍സ് ലാന്‍ഡ് എന്നതിനു പകരം 1856-ല്‍ ടാസ്മേനിയ എന്നു പേരു നല്‍കി. 1857 മുതല്‍ അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യം ദീര്‍ഘകാലം നീണ്ടുനിന്നു; രാഷ്ട്രീയ അസ്ഥിരതയും ഉണ്ടായി. 1880-നുശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വികസനമുണ്ടായി. ആസ്റ്റ്രേലിയന്‍ ഫെഡറേഷനുവേണ്ടിയുള്ള മുന്നേറ്റം ആരംഭിച്ചത് 1890-കളിലാണ്. 1901-ല്‍ ആസ്റ്റ്രേലിയന്‍ കോമണ്‍വെല്‍ത്തിലെ ഒരു സംസ്ഥാനമായി ടാസ്മേനിയ മാറി.
ടാസ്മേനിയ സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ഗവര്‍ണറാണെങ്കിലും പാര്‍ലമെന്റിനോടുത്തരവാദിത്വമുള്ള പ്രധാനമന്ത്രിയും ക്യാബിനറ്റുമാണ് യഥാര്‍ഥഭരണം നടത്തുന്നത്. സംസ്ഥാന നിയമസഭയ്ക്ക് രണ്ടു മണ്ഡലങ്ങളുണ്ട്; അധോമണ്ഡലം ഹൌസ് ഒഫ് അസംബ്ളിയും (35 അംഗങ്ങള്‍), ഉപരിമണ്ഡലം ലെജിസ്ളേറ്റീവ് കൌണ്‍സിലും (19 അംഗങ്ങള്‍) ആണ്. ആസ്റ്റ്രേലിയന്‍ പാര്‍ല മെന്റിലെ ഹൌസ് ഒഫ് റെപ്രസെന്റേറ്റിവില്‍ സംസ്ഥാനത്തിന്
5 അംഗങ്ങളുടെയും സെനറ്റില്‍ 10 അംഗങ്ങളുടെയും പ്രാതിനിധ്യമുണ്ട്. നോ: ആസ്റ്റ്രേലിയ.