This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പന്‍, എം.പി.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.65.89 (സംവാദം)
(New page: = അപ്പന്‍, എം.പി. (1913 - 2003) = മലയാളകവി. ഗദ്യവും പദ്യവും ഒന്നുപോലെ സ്വാധീനമുള...)
അടുത്ത വ്യത്യാസം →

08:43, 8 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പന്‍, എം.പി. (1913 - 2003)

മലയാളകവി. ഗദ്യവും പദ്യവും ഒന്നുപോലെ സ്വാധീനമുള്ള ഒരു അനുഗൃഹീത സാഹിത്യശില്പിയായിരുന്നു അപ്പന്‍. 'കുമാരനാശാനെ കവിതാഗുരുവായി സ്വീകരിച്ചതിനാലാവാം ഗാനങ്ങളില്‍ ഭാവന ചിന്തയാല്‍ നിയന്ത്രിതവും, ചിന്ത ഭാവനയാല്‍ മധുരിതവും ആയി കാണപ്പെടുന്നത്' എന്ന് ആര്‍. നാരായണപ്പണിക്കര്‍ ഇദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.


1913 (1088 മീനം 16)-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ഗണിതശാസ്ത്രം ഐച്ഛികമായെടുത്ത് തിരുവനന്തപുരം സയന്‍സ് കോളജില്‍ നിന്നും 1934-ല്‍ ബി.എ. (ഓണേഴ്സ്) പാസ്സായി. 1938-ല്‍ എല്‍.ടി. പരീക്ഷ ജയിച്ചു. 1935 മുതല്‍ രണ്ടു വര്‍ഷത്തോളം മൂത്തകുന്നത്തും കാഞ്ഞിരംകുളത്തും സ്വകാര്യ ഹൈസ്കൂളുകളില്‍ അധ്യാപകനായി ജോലിനോക്കി. 1941-ല്‍ സര്‍ക്കാര്‍ വിദ്യാലയ അധ്യാപകനും 1958-ല്‍ പ്രഥമാധ്യാപകനും ആയി. 1962-ല്‍ മലയാളം എന്‍സൈക്ളോപീഡിയ ആഫീസില്‍ എഡിറ്റോറിയല്‍ സ്റ്റാഫില്‍ അംഗമായി നിയമിക്കപ്പെട്ടു. 1964-ല്‍ ഡി.ഇ.ഒ. ആയി പ്രമോഷന്‍ ലഭിച്ചെങ്കിലും എന്‍സൈക്ളോപീഡിയയില്‍ തന്നെ തുടര്‍ന്നു. 1968-ല്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.


പദ്യഗദ്യശാഖകളിലായി നാല്‍പതിലേറെ കൃതികള്‍ എം.പി. അപ്പന്‍ രചിച്ചിട്ടുണ്ട്. സുവര്‍ണോദയം, വെള്ളിനക്ഷത്രം, തരംഗലീല, സൈനികഗാനം, അന്തിമേഘങ്ങള്‍, ബാലികാരാമം, കിളിക്കൊഞ്ചല്‍, പനിനീര്‍പ്പൂവും പടവാളും, ലീലാസൌധം, സ്വാതന്ത്യ്രഗീതം, സൌന്ദര്യധാര, അമൃതബിന്ദുക്കള്‍, ഉദ്യാനസൂനം, പ്രസാദം, ജീവിതസായാഹ്നത്തില്‍, തിരുമധുരം, ഭൂമിയും സ്വര്‍ഗവും എന്നീ കവിതാസമാഹാരങ്ങളും വാടാമലരുകള്‍ എന്ന നിരൂപണ ഗ്രന്ഥവും വീരാത്മാക്കള്‍, ശ്രീബുദ്ധന്‍, ടാഗോര്‍ എന്നീ ബാലസാഹിത്യകൃതികളും ദിവ്യദീപം (ലൈറ്റ് ഒഫ് ഏഷ്യയുടെ ഗദ്യവിവര്‍ത്തനം) വജ്രബിന്ദുക്കള്‍ എന്നിവയും ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രാമുഖ്യം അര്‍ഹിക്കുന്നു.

പ്രേമഗായകനും പ്രകൃത്യുപാസകനും ദേശസ്നേഹിയുമായ കവിയുടെ വ്യക്തിത്വത്തിന്റെ വിഭിന്ന മുഖങ്ങള്‍ ഈ കൃതികളില്‍ അനാവൃതമാകുന്നു. ജീവിതസത്യങ്ങള്‍ പൂര്‍ണമായും വിസ്മരിച്ച് ഭാവനാലോകത്തു മാത്രം സഞ്ചരിച്ചു സുഖിക്കുന്ന കവിയോട്,

  'കുത്തിക്കുറിച്ചുകൊണ്ടിങ്ങിരുന്നാ-
  ലത്താഴമൂണിനിന്നെന്തു ചെയ്യും?'
  എന്നു ചോദിക്കുന്ന ധര്‍മപത്നിയുടെ ചിത്രീകരണത്തിലൂടെ ഒരു സാമൂഹികസമസ്യ അപ്പന്‍ അവതരിപ്പിക്കുന്നു. 

മഹാത്മജിയുടെ ചിതാഭസ്മം കണ്ട്,

  'സച്ചിദാനന്ദത്തിന്റെ വിത്തുകള്‍ കിടക്കയാ-
  ണച്ചിതാഭസ്മത്തിന്റെയോരോരോ തരിയിലും'
  എന്നു പാടിയ കവി ജനനമരണങ്ങള്‍ക്കതീതമായി വര്‍ത്തിക്കുന്ന പ്രപഞ്ചശക്തിയുടെ മാഹാത്മ്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു.
  മലയാള കാവ്യശാഖയിലെ ഗീതകപ്രസ്ഥാനത്തിന് അപ്പന്‍ മികച്ച സംഭാവന നല്കിയിട്ടുണ്ട്. ഒമര്‍ഖയ്യാമിന്റെ റുബായിയാത്തിന് ജീവിതോത്സവം എന്ന പേരില്‍ അപ്പന്‍ തയ്യാറാക്കിയ വിവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. സാരള്യവും പ്രസാദമാധുര്യവും ഒത്തിണങ്ങിയ ഗദ്യലേഖനങ്ങളുടെ രചനയിലും ഇദ്ദേഹം വിജയം കൈവരിച്ചു. അപ്പന്റെ കവിതകള്‍ ഇംഗ്ളീഷ്, സംസ്കൃതം, തമിഴ്, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എം.പി. അപ്പനെക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള പഠനഗ്രന്ഥങ്ങളില്‍ അപ്പന്റെ കാവ്യപ്രപഞ്ചം, മഹാകവി അപ്പന്‍, അപ്പന്റെ പ്രതിഭ എന്നിവ ശ്രദ്ധേയമാണ്.


കേരളസാഹിത്യ അക്കാദമി അംഗം, തിരുവിതാംകൂര്‍ പാഠ്യപുസ്തകകമ്മിറ്റി അംഗം, ശ്രീനാരായണ അക്കാദമി; വള്ളത്തോള്‍ കലാക്ഷേത്രം; തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം; ഉള്ളൂര്‍ സ്മാരകം; ആശാന്‍ അക്കാദമി എന്നിവയുടെ പ്രസിഡന്റ്, സര്‍വവിജ്ഞാനകോശം ഭരണസമിതി അംഗം എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (1979), ആശാന്‍ പ്രൈസ്, മൂലൂര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ഹിന്ദി പ്രചാരസഭ നല്കുന്ന 'സാഹിത്യനിധി' അവാര്‍ഡ് എന്നിവ അപ്പനു ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, കേരള യൂണിവേഴ്സിറ്റിയുടെ ഓണററി ഡി.ലിറ്റ്., കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്ക്കാരം (1999) എന്നീ ബഹുമതികളും അപ്പനെ തേടിയെത്തിയിട്ടുണ്ട്. 2003 ഡിസംബര്‍ 10-ന് എം.പി. അപ്പന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍