This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്നംഭട്ടന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.253 (സംവാദം)
(New page: = അന്നംഭട്ടന്‍ = ഭാരതീയ ന്യായ-വൈശേഷിക ശാസ്ത്രജ്ഞന്‍. പ്രസിദ്ധമായ തര്‍...)
അടുത്ത വ്യത്യാസം →
10:40, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്നംഭട്ടന്‍
ഭാരതീയ ന്യായ-വൈശേഷിക ശാസ്ത്രജ്ഞന്‍. പ്രസിദ്ധമായ തര്‍ക്കസംഗ്രഹത്തിന്റേയും അതിന്റെ വ്യാഖ്യാനമായ ദീപികയുടേയും രചയിതാവാണ് ഇദ്ദേഹം.
15-ാം ശ. മുതല്‍ 18-ാം ശ. വരെയുള്ള പല കാലഘട്ടങ്ങളിലും അന്നംഭട്ടനെ പ്രതിഷ്ഠിക്കാന്‍ പണ്ഡിതന്മാര്‍ ഒരുമ്പെട്ടിട്ടുണ്ട്. 17-ാം ശ.-ത്തില്‍ അദ്ദേഹം ജീവിച്ചിരുന്നു എന്നനുമാനിക്കാനാണ് കൂടുതല്‍ തെളിവുകളുള്ളത്.
അന്നംഭട്ടന്‍ ആന്ധ്രയിലെ വടക്കന്‍ ആര്‍ക്കാട്ട് (ചിറ്റൂര്‍) ജില്ലയില്‍ ജനിക്കുകയും പിന്നീട് വാരാണസിയില്‍ സ്ഥിരവാസമാക്കുകയും ചെയ്തു എന്ന് ഡോ. സതീശ്ചന്ദ്ര വിദ്യാഭൂഷന്‍ അഭിപ്രായപ്പെടുന്നു. 'അന്നംഭട്ടന്‍' എന്ന ഉപനാമം ഉപയോഗിക്കുന്ന ഒരു കൂട്ടം ഋഗ്വേദി ബ്രാഹ്മണര്‍ ഇന്നും ആന്ധ്രയിലുണ്ട്. അതുകൊണ്ട് ആന്ധ്ര തന്നെയായിരിക്കണം അന്നംഭട്ടന്റെ ജന്മദേശമെന്ന് സത്കാരി ശര്‍മാ വങ്ഗീയന്‍ പ്രസിദ്ധം ചെയ്തിട്ടുള്ള തര്‍ക്കസംഗ്രഹത്തിന്റെ മുഖക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. ആന്ധ്രയാണ് ജന്മദേശമെന്നു പണ്ഡിതന്മാര്‍ പൊതുവേ സമ്മതിക്കുന്നുമുണ്ട്.
അദ്വൈതവിദ്യാചാര്യനായിരുന്ന രാഘവസോമയാജിയുടെ കുലത്തില്‍ പിറന്ന തിരുമലാചാര്യന്‍ ആയിരുന്നു അന്നംഭട്ടന്റെ പിതാവ്. മൂത്ത സഹോദരന്‍ രാമകൃഷ്ണഭട്ടന്‍ സിദ്ധാന്ത കൌമുദി എന്ന വ്യാകരണകൃതിക്ക് സിദ്ധാന്തരത്നം എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്.
കൃതികള്‍. അന്നംഭട്ടന്റെ തര്‍ക്കസംഗ്രഹം, ദീപിക, സിദ്ധാഞ്ജനം (ജയദേവന്റെ മണ്യാലോകം എന്ന ഗ്രന്ഥത്തിനെഴുതിയ പ്രൌഢമായ വ്യാഖ്യാനം) ഇവ മൂന്നും ന്യായവൈശേഷിക ഗ്രന്ഥങ്ങളാണ്. രാണകോജ്ജീവിനി (ഭട്ടസോമേശ്വരന്റെ ന്യായസുധയുടെ ബൃഹത്തായ വ്യാഖ്യാനം) ഒരു പൂര്‍വ മീമാംസാഗ്രന്ഥമാണ്. മിതാക്ഷര (ബ്രഹ്മസൂത്രവ്യാഖ്യാനം) വേദാന്തദര്‍ശനത്തില്‍പ്പെടുന്നു. ഉദ്യോതനം (കൈയടന്റെ ഭാഷ്യപ്രദീപത്തിനു രചിച്ച വ്യാഖ്യാനം), അഷ്ടാധ്യായീ വ്യാഖ്യാനം (പാണിനി രചിച്ച അഷ്ടാധ്യായിയുടെ വ്യാഖ്യാനം) എന്നിവ വ്യാകരണ ഗ്രന്ഥങ്ങളാണ്.
അന്നംഭട്ടന്റെ ഗ്രന്ഥങ്ങളുടെ ഈ പട്ടികയില്‍നിന്ന് ഇദ്ദേഹത്തിന്റെ ബഹുമുഖമായ പാണ്ഡിത്യം വെളിപ്പെടുന്നുണ്ട്. എങ്കിലും ന്യായ-വൈശേഷിക ദര്‍ശനങ്ങളില്‍ ഒരു പ്രാമാണികനായിട്ടാണ് ഇദ്ദേഹത്തെ അധികം അറിയുന്നത്. ഈ രണ്ടു ദര്‍ശനങ്ങളും പഠിക്കാനും പഠിപ്പിക്കാനും ഇദ്ദേഹത്തിന്റെ തര്‍ക്കസംഗ്രഹം ഒഴിച്ചുകൂടാനാകാത്ത പ്രാഥമിക ഗ്രന്ഥമെന്ന സ്ഥാനം നേടിയിരിക്കുന്നു. ഇതിന്റെ വ്യാഖ്യാനമായ ദീപിക കുറച്ചുകൂടി ഗഹനമാണ്. എങ്കിലും സംഗ്രഹവും ദീപികയും ചേര്‍ന്നാല്‍ ന്യായവൈശേഷികങ്ങളുടെ സാരാംശം മുഴുവനുമായി. മുപ്പത്തിനാലോളം വ്യാഖ്യാനങ്ങള്‍ ഈ രണ്ടു കൃതികള്‍ക്കുംകൂടി ഉണ്ടായിട്ടുണ്ട്. അവയ്ക്കു പല ഭാഷകളിലായി വ്യാഖ്യാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അവയുടെ ജനപ്രീതിക്കു മതിയായ തെളിവാണ്.