This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ധകാരയുഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.253 (സംവാദം)
(New page: = അന്ധകാരയുഗം = ഉമൃസ അഴല മധ്യകാലയൂറോപ്യന്‍ ചരിത്രത്തില്‍ 5-ാം ശ. മുതല്‍...)
അടുത്ത വ്യത്യാസം →
10:04, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്ധകാരയുഗം
ഉമൃസ അഴല
മധ്യകാലയൂറോപ്യന്‍ ചരിത്രത്തില്‍ 5-ാം ശ. മുതല്‍ 11-ാം ശ. വരെയുള്ള കാലഘട്ടത്തിന് നവോത്ഥാനകാലത്തെ ഹ്യൂമനിസ്റ്റുകള്‍ നല്കിയിരുന്ന പേര്. 5-ാം ശ. മുതല്‍ 15-ാം ശ. വരെയുള്ള മധ്യകാലഘട്ടത്തെയും ചില ചരിത്രകാരന്മാര്‍ അന്ധകാരയുഗം എന്നു വിശേഷിപ്പിച്ചിരുന്നു. റോമന്‍ സാമ്രാജ്യത്തെ പ്രാകൃതന്മാര്‍ (ആമൃയമൃശമി) ആക്രമിച്ച് ആധിപത്യം സ്ഥാപിച്ച് സാംസ്കാരിക വളര്‍ച്ചയെ തളച്ചിട്ട കാലമായിരുന്നു അത്.
എ.ഡി. 4-ാം ശ.-ത്തില്‍ റോമന്‍ സാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു: കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമായി പൌരസ്ത്യ റോമാസാമ്രാജ്യവും, (ബൈസാന്തിയന്‍) റോം തലസ്ഥാനമായി പശ്ചിമ റോമാസാമ്രാജ്യവും. രണ്ടായിത്തീര്‍ന്ന റോമാസാമ്രാജ്യങ്ങള്‍ക്ക് വിദേശീയാക്രമണങ്ങളെ ചെറുത്തു നില്ക്കുവാനുള്ള ആഭ്യന്തരശക്തി നഷ്ടപ്പെട്ടു. ഡാന്യൂബ്-റൈന്‍ നദികളായിരുന്നു ഇവയുടെ വടക്കേ അതിര്‍ത്തി. ഈ അതിര്‍ത്തിക്കു വടക്കുനിന്നും വിവിധ പ്രാകൃത വര്‍ഗക്കാര്‍ റോമാസാമ്രാജ്യത്തെ ആക്രമിച്ചിരുന്നു. അവിഭക്തറോമാസാമ്രാജ്യം ഈ ആക്രമണങ്ങളെ അതിജീവിച്ചു.
നാലാം ശതകാന്ത്യത്തോടുകൂടി വ.പടിഞ്ഞാറന്‍ അതിര്‍ത്തികള്‍ ഭേദിച്ച് പ്രാകൃതന്മാര്‍ ആക്രമണവും കൊള്ളയും കവര്‍ച്ചയും ആരംഭിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളെ ചെറുക്കുവാന്‍ റോമാചക്രവര്‍ത്തിമാര്‍ക്കു കഴിഞ്ഞില്ല. കൊള്ളയും കവര്‍ച്ചയും നടത്തി കടന്നുവന്ന പ്രാകൃതന്മാര്‍ പശ്ചിമയൂറോപ്പില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പശ്ചിമറോമാ സാമ്രാജ്യം നിലംപതിച്ചു (എ.ഡി. 476). അതോടൊപ്പം റോമാ സംസ്കാരത്തിന്റെയും ദീര്‍ഘകാല ശ്രമഫലമായി പടുത്തുയര്‍ത്തിയിരുന്ന സ്ഥാപനങ്ങളുടെയും അപചയ ഇതോടുകൂടി ആരംഭിച്ചു. ഇവര്‍ കൃഷിയും വ്യവസായവും സ്തംഭിപ്പിച്ചു; വാണിജ്യം നിലച്ചു. അഗ്നിക്കിരയാക്കിയ പട്ടണങ്ങള്‍ വിജനമായി. റോമന്‍ വിദ്യാലയങ്ങളും കലാകേന്ദ്രങ്ങളും അപ്രത്യക്ഷമായി. ഭാഷയും, കലയും ശാസ്ത്രവും പരിലാളനം ലഭിക്കാതെ ക്ഷയിച്ചു തുടങ്ങി. ഒരു സാംസ്കാരികാന്ധകാരം യുറോപ്പിനെ ഗ്രസിച്ചു. നിയമവാഴ്ചയ്ക്കും സുരക്ഷിതത്വത്തിനും പകരം കിരാതത്വവും അരക്ഷിതാവസ്ഥയും സ്ഥാനം പിടിച്ചു. ഈ കാലഘട്ടമാണ് അന്ധകാരയുഗം എന്നറിയപ്പെടുന്നത്. പ്രാകൃതന്മാര്‍ പ്രധാനമായും രണ്ടു വിഭാഗക്കാരായിരുന്നു-ജര്‍മന്‍വര്‍ഗക്കാരും മംഗോളിയന്‍ വര്‍ഗക്കാരും. ജര്‍മന്‍വര്‍ഗക്കാര്‍ റൈന്‍ നദീതട പ്രദേശങ്ങളിലും മംഗോളിയന്‍മാര്‍ മധ്യ ഏഷ്യയിലും വസിച്ചിരുന്നു. ഗോത്തുകള്‍, വാന്‍ഡലുകള്‍, ഫ്രാങ്കുകള്‍, ലൊംബാര്‍ഡുകള്‍ തുടങ്ങിയവര്‍ ജര്‍മന്‍കാരും, ഹൂണന്മാര്‍ മംഗോളിയരുമായിരുന്നു.
ഗോത്തുകള്‍. റോമിനെ ഭീഷണിപ്പെടുത്തിയ ആദ്യത്തെ പ്രാകൃതന്മാരായിരുന്നു ഗോത്തുകള്‍. ഇവര്‍ക്കിടയില്‍ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു: വിസിഗോത്തുകള്‍ അഥവാ പശ്ചിമഗോത്തുകള്‍, ഓസ്റ്റ്രോ ഗോത്തുകള്‍ അഥവാ പൂര്‍വഗോത്തുകള്‍. യൂറോപ്പിന്റെ വടക്കുനിന്നും തെക്കു ഭാഗത്തേക്കു തള്ളിക്കയറിയ വിസിഗോത്തുകള്‍ മൂന്നാം ശ. മുതല്‍ റോമിന് ഒരു ഭീഷണിയായി. ഇവര്‍ കരിങ്കടലിന്റെ ഉത്തരഭാഗത്ത് ഒരു രാജ്യം സ്ഥാപിച്ചിരുന്നു. ഇവരെ എ.ഡി. 376-ല്‍ ഹൂണന്മാര്‍ പരാജയപ്പെടുത്തിയപ്പോള്‍ റോമാസാമ്രാജ്യത്തിനുള്ളില്‍ ഇവര്‍ തള്ളിക്കയറി. എഡ്രിയാനോപ്പോളില്‍വച്ച് എ.ഡി. 378-ല്‍ നടന്ന യുദ്ധത്തില്‍ ഇവര്‍ വാലന്‍സ് ഫ്ളേവിയസ് ചക്രവര്‍ത്തിയെ (328-378) വധിച്ചു. അടുത്ത റോമന്‍ ചക്രവര്‍ത്തി തിയഡോഷ്യസ് (346-395) അവരുമായി നയപരമായി പെരുമാറി. അദ്ദേഹത്തിന്റെ മരണശേഷം അലാറിക്കിന്റെ (370-410) നേതൃത്വത്തില്‍ റോമാസാമ്രാജ്യത്തിനെതിരായി വിസിഗോത്തുകള്‍ ആക്രമണം അഴിച്ചുവിട്ടു. റോമാപ്പട്ടണം പിടിച്ചടക്കാന്‍ കഴിയാതെ കൊള്ളയും കവര്‍ച്ചയുമായി ഗ്രീസിലേക്കു കടന്ന് ആഥന്‍സ്, കോറിന്ത്, സ്പാര്‍ട്ട തുടങ്ങിയ പുരാതനഗ്രീക്കു പട്ടണങ്ങളെ ആക്രമിച്ച് ആധിപത്യം സ്ഥാപിച്ചു. ഗ്രീസില്‍നിന്നും അലാറിക് ഇറ്റലിയില്‍ മൂന്നു പ്രധാന ആക്രമണങ്ങള്‍ നടത്തി. എ.ഡി. 410-ല്‍ അലാറിക് റോമാപ്പട്ടണം ആക്രമിച്ച് കൊള്ളയടിക്കുകയും പൊതുസ്ഥാപനങ്ങളും ക്രൈസ്തവദേവാലയങ്ങളുമൊഴികെ മറ്റെല്ലാം അഗ്നിക്കിരയാക്കി നശിപ്പിക്കുകയും ചെയ്തു. അലാറിക്കിന്റെ മരണശേഷം വിസിഗോത്തുകള്‍ റോമില്‍നിന്നും പിന്‍വാങ്ങി. ആല്‍പ്സ് പര്‍വതനിര കടന്ന് ദക്ഷിണ ഗാള്‍ (ഏമൌഹ) കൈവശപ്പെടുത്തി. അവിടെ ടുലൂസ് (ഠീൌഹീൌലെ) ആസ്ഥാനമാക്കി ഒരു രാജ്യം സ്ഥാപിച്ചു. റോമന്‍ ചക്രവര്‍ത്തിക്ക് ഈ രാജ്യത്തെ അംഗീകരിക്കേണ്ടിവന്നു.
വാന്‍ഡലുകള്‍. റോമാസാമ്രാജ്യത്തിനെ ശിഥിലമാക്കിയ മറ്റൊരു ജര്‍മന്‍ പ്രാകൃതവര്‍ഗക്കാരായിരുന്നു വാന്‍ഡലുകള്‍. സ്പെയിനില്‍ ആധിപത്യം സ്ഥാപിച്ച ഇവര്‍ ജന്‍സറിക്കിന്റെ നേതൃത്വത്തില്‍ ഉത്തര ആഫ്രിക്കയില്‍ കടന്നു. ജന്‍സറിക് കഴിവുറ്റ ഒരു സൈന്യാധിപനായിരുന്നു. കാര്‍ത്തേജ് തലസ്ഥാനമാക്കി ഒരു സാമ്രാജ്യം സ്ഥാപിച്ചശേഷം (429) നാവികശക്തി സംഭരിച്ച് പശ്ചിമ മെഡിറ്ററേനിയനില്‍ ആധിപത്യം നിലനിര്‍ത്തി. റോമിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഇറ്റലിയിലും സിസിലിയിലും കടന്നുകയറി ആക്രമണങ്ങള്‍ നടത്തി. വാന്‍ഡലുകള്‍ റോമാപ്പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. റോമില്‍ ആധിപത്യം സ്ഥാപിച്ച ഇവരെ ജസ്റ്റീനിയന്‍ (483-565) ചക്രവര്‍ത്തി തോല്പിച്ചോടിച്ചു.
ഹൂണന്മാര്‍. മധ്യ-ഏഷ്യ അധിവസിച്ചിരുന്ന മംഗോള്‍ വര്‍ഗക്കാരായിരുന്നു ഹൂണന്മാര്‍. ഇവര്‍ അശ്വാരൂഢരായി മിന്നലാക്രമണംകൊണ്ട് ശത്രുക്കളെ കിടിലംകൊള്ളിച്ചു വന്നു. യൂറോപ്യന്‍മാര്‍ക്ക് ഇവര്‍ ഒരു ഭീഷണിയായിത്തീര്‍ന്നു. ഹൂണന്മാര്‍ തോല്പിച്ചോടിച്ച ജര്‍മന്‍ വര്‍ഗങ്ങളായിരുന്നു റോമന്‍ സാമ്രാജ്യത്തെ മൂന്നാം ശ. മുതല്‍ ആക്രമിച്ചുകൊണ്ടിരുന്നത്. നാലാം ശ.-ാന്ത്യത്തില്‍ മധ്യേഷ്യയില്‍നിന്ന് ജീവിതസൌകര്യങ്ങള്‍ തേടി ഇവര്‍ കരിങ്കടല്‍ പ്രദേശത്തു കടന്നു. അവിടെ കുടിയേറിപ്പാര്‍ത്തിരുന്ന പ്രാകൃതരെ തുരത്തിയോടിച്ചു. അഞ്ചാം ശ.-ത്തില്‍ അറ്റില (406-53) ഇവരെ റോമന്‍ സാമ്രാജ്യത്തിലേക്കു നയിച്ചു. ഭീതനായ റോമാചക്രവര്‍ത്തി കപ്പം നല്കി തല്‍ക്കാലം രക്ഷപ്രാപിച്ചു. പക്ഷേ, എ.ഡി. 451-ല്‍ പശ്ചിമ റോമാചക്രവര്‍ത്തി കപ്പം മുടക്കിയപ്പോള്‍ ഹൂണന്മാര്‍ ഗാളില്‍ കടന്ന് ആക്രമണം നടത്തി. റോമന്‍ ചക്രവര്‍ത്തി വിസിഗോത്തുകളുടെ സഹായത്തോടുകൂടി ഹൂണന്മാരെ തോല്പിച്ചോടിച്ചെങ്കിലും അവര്‍ അടുത്തവര്‍ഷം ഇറ്റലി ആക്രമിച്ചു. റോമാനഗരം അഗ്നിക്കിരയാകുമെന്നു ഭയന്ന് മാര്‍പാപ്പയായ ലിയോ ക (390-461) അറ്റിലയെ നേരില്‍ കണ്ട് റോമാനഗരം നശിപ്പിക്കരുതെന്ന് അപേക്ഷിച്ചു. റോമിനെ നശിപ്പിക്കാതെ അറ്റില പിന്‍വാങ്ങി. അറ്റിലയുടെ മരണശേഷം ഹൂണന്മാര്‍ പിന്നീട് റോം ആക്രമിക്കുകയുണ്ടായില്ല.
ഒസ്റ്റ്രോഗോത്തുകള്‍. ജര്‍മന്‍ പ്രാകൃതവര്‍ഗത്തില്‍പെട്ട സൈന്യാധിപനായ ഒടോവാക്കര്‍ (434-493) ഇറ്റലിയില്‍ ഭരണം സ്ഥാപിച്ചതോടെ പശ്ചിമറോമാസാമ്രാജ്യം തിരോഭവിച്ചു (476). ഒസ്റ്റ്രോഗോത്തുകള്‍ ഡാന്യൂബ് നദി കടന്ന് റോമന്‍ പ്രദേശങ്ങളിലേക്ക് തള്ളിക്കയറി. തിയോഡോറിക് (454-526) ഒസ്റ്റ്രോഗോത്തുകളുടെ സേനാനിയായിരുന്നു, പൌരസ്ത്യ റോമാചക്രവര്‍ത്തിയുടെ സഹായത്തോടെ തിയോഡോറിക് ഒടോവാക്കറെ പരാജയപ്പെടുത്തി. തിയോഡോറിക് 526-ല്‍ അന്തരിച്ചു. ഇറ്റലിയെ വീണ്ടും നിരവധി പ്രാകൃതന്മാര്‍ ആക്രമിച്ചുകൊണ്ടിരുന്നു. അവരില്‍ നിന്നും ഇറ്റലിയെ മോചിപ്പിച്ചത് ഫ്രാങ്കുകളായിരുന്നു.
ഫ്രാങ്കുകള്‍. ജര്‍മന്‍ വര്‍ഗത്തില്‍പ്പെട്ട ഇവര്‍ റൈന്‍ നദീതടപ്രദേശങ്ങളിലായിരുന്നു വസിച്ചിരുന്നത്. റോമാക്കാരുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നതുകൊണ്ട് റോമന്‍ സംസ്കാരം അവരില്‍ സ്വാധീനത ചെലുത്തിയിരുന്നു. അവര്‍ ഗാളില്‍ കുടിയേറിപ്പാര്‍ത്തു. പശ്ചിമ റോമാസാമ്രാജ്യത്തിന്റെ പതനത്തോടെ ക്ളോവിസ് (465-511) ഒരു ഫ്രാങ്കുരാജ്യം സ്ഥാപിച്ചു (481). ക്ളോവിസ് സ്ഥാപിച്ച ഈ രാജ്യം ഏഴാം ശ.-ത്തില്‍ പലതായി വിഭജിക്കപ്പെട്ടു. അറബികള്‍ സ്പെയിന്‍ പിടിച്ചടക്കി, ഗാളില്‍ പ്രവേശിച്ചപ്പോള്‍ ചാള്‍സ് മാര്‍ട്ടല്‍ (688-741) അവരെ തോല്പിച്ചോടിച്ചതോടുകൂടി അദ്ദേഹം ഗാളില്‍ പരമാധികാരിയായെങ്കിലും കിരീടധാരണം നടത്തിയില്ല. അദ്ദേഹത്തിന്റെ പുത്രന്‍ പൈപ്പിന്‍ കകക ഗാളിലെ രാജാവായതോടുകൂടി (741) വീണ്ടും ഫ്രാങ്കുരാജ്യം രൂപംകൊണ്ടു. ഷാര്‍ലമെയിന്‍ രാജാവായിരുന്ന കാലവും (768-814) അനന്തരം വിശുദ്ധറോമാ ചക്രവര്‍ത്തിയാകുന്ന കാലവും ആണ് ഫ്രാങ്കുകളുടെ പ്രതാപകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. പ്രാകൃതന്മാര്‍ സ്ഥാപിച്ച രാജ്യങ്ങളെല്ലാം താമസം വിനാ തകര്‍ന്നുപോയെങ്കിലും ഫ്രാങ്കുകള്‍ ഗാളില്‍ സ്ഥാപിച്ച രാജ്യം ഒന്നര ശതാബ്ദക്കാലത്തോളം നിലനിന്നു. ഷാര്‍ലമെയിന്‍ പശ്ചിമ യൂറോപ്പിനെ ഗ്രസിച്ചിരുന്ന അന്ധകാരത്തില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒമ്പതും പത്തും ശ.-ങ്ങളിലുണ്ടായ പ്രാകൃതന്മാരുടെ ആക്രമണങ്ങള്‍ ആ യത്നത്തെ വിഫലമാക്കി. ഫ്രാങ്കു രാജ്യവും അധഃപതിച്ചു. ഷാര്‍ലമെയിനിന്റെ നിര്യാണത്തോടെ യൂറോപ്പ് വീണ്ടും അന്ധകാരത്തില്‍ പതിച്ചു.
ഈ അന്ധകാരത്തില്‍ നിന്നും പശ്ചിമയൂറോപ്പിനെ മോചിപ്പിക്കുന്നത് ക്രിസ്തുമതമാണ്. റോമന്‍ പ്രദേശങ്ങളെയാകെ തകര്‍ത്ത പ്രാകൃതന്മാര്‍ വിവിധ പ്രദേശങ്ങളില്‍ ക്രമേണ താമസം ഉറപ്പിച്ചപ്പോള്‍ അവരിലുള്‍ക്കൊണ്ടിരുന്ന കാടത്തം മെല്ലെ വിട്ടകന്നു. ക്രൈസ്തവസംസ്കാരം അവരെ സ്വാധീനിച്ചപ്പോള്‍ പ്രാകൃതന്മാരും റോമാസംസ്കാരത്തിന്റെ അതിപ്രസരത്തില്‍ അമര്‍ന്നു. ക്രിസ്തുമതത്തില്‍ അഭയം തേടിയ അവര്‍ മതപുരോഹിതന്മാരുടെ സ്വാധീനവലയത്തിലായി. പ്രാകൃതന്മാരുടെ രാജ്യങ്ങള്‍ അധഃപതിച്ചപ്പോള്‍ രാജ്യഭരണവും പുരോഹിതഹസ്തങ്ങളില്‍ വന്നമര്‍ന്നു. ക്രൈസ്തവദേവാലയങ്ങള്‍ പെരുകി ഏകീകൃത ഭരണത്തിന്‍കീഴില്‍ വന്നതോടൊപ്പം പശ്ചിമയൂറോപ്പും അന്ധകാരത്തില്‍ നിന്നും മോചനം നേടി. മാടമ്പി വാഴ്ചയും (എലൌറമഹശാ) രാജവാഴ്ചയും കൂടി പുനഃസ്ഥാപിതമായതോടെ യൂറോപ്പില്‍ നിന്നു രാഷ്ട്രീയ അരാജകത്വം വിട്ടകന്നു; അതോടെ അന്ധകാരകാലഘട്ടവും.
ലോകചരിത്രത്തിലോ യൂറോപ്യന്‍ ചരിത്രത്തിലോ ഒരു കാലത്തും പൂര്‍ണമായ അന്ധകാരം വ്യാപിച്ചിട്ടില്ലാതിരുന്നതിനാല്‍, 5-ാം ശ. മുതല്‍ 11-ാം ശ. വരെയുള്ള ഈ കാലഘട്ടത്തെ അന്ധകാരയുഗമെന്നു വിശേഷിപ്പിക്കുന്നതിനെ ആധുനികചരിത്രകാരന്മാര്‍ അംഗീകരിക്കുന്നില്ല. തന്മൂലം അന്ധകാരയുഗമെന്ന പ്രയോഗം ആധുനികചരിത്രത്തില്‍ ലുപ്തപ്രചാരമായിത്തീര്‍ന്നിട്ടുണ്ട്. നോ: ഒസ്റ്റ്രോഗോത്തുകള്‍, ഗോത്തുകള്‍, ഫ്രാങ്കുകള്‍, മധ്യകാലയുഗം, ഹൂണന്മാര്‍
(ജി. പ്രഭാകരന്‍ നായര്‍)