This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കേ(ക്കാ)ദിയന്‍ ഭാഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 25: | വരി 25: | ||
അക്കേദിയന്‍ മതസാഹിത്യരചനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പുരാണേതിഹാസങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാകാവ്യങ്ങളും സ്വതന്ത്രരചനകളായ കീര്‍ത്തനങ്ങളും മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി രചിക്കപ്പെട്ട കാവ്യഖണ്ഡങ്ങളും പ്രത്യേകം പ്രസ്താവാര്‍ഹമാണ്. നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഇത്തരം സാഹിത്യ രചനകള്‍ ഒട്ടുമുക്കാലും ബാബിലോണിയ ഭരിച്ചിരുന്ന കസൈറ്റ് രാജവംശത്തിന്റെ കാലത്ത് ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയുണ്ടായി. മന്ത്രവാദം, ഇന്ദ്രജാലം, ചികിത്സാശാസ്ത്രം, നിയമശാസ്ത്രം, ശകുനശാസ്ത്രം, മതസിദ്ധാന്തങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരവധി ഗ്രന്ഥങ്ങള്‍ അക്കേദിയന്‍ ഭാഷയില്‍ രചിച്ചിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പക്ഷേ അവയില്‍ പലതും കണ്ടുകിട്ടിയിട്ടില്ല. എങ്കിലും പില്ക്കാലത്ത് അസീറിയന്‍-ബാബിലോണിയന്‍ സാഹിത്യങ്ങളില്‍ പല ഉത്കൃഷ്ട ഗ്രന്ഥങ്ങളും രചിക്കുന്നതിന് മാതൃകയായി വര്‍ത്തിച്ചിരുന്നത് അക്കേദിയന്‍ ഭാഷയിലെ ഗ്രന്ഥങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല. | അക്കേദിയന്‍ മതസാഹിത്യരചനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പുരാണേതിഹാസങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാകാവ്യങ്ങളും സ്വതന്ത്രരചനകളായ കീര്‍ത്തനങ്ങളും മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി രചിക്കപ്പെട്ട കാവ്യഖണ്ഡങ്ങളും പ്രത്യേകം പ്രസ്താവാര്‍ഹമാണ്. നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഇത്തരം സാഹിത്യ രചനകള്‍ ഒട്ടുമുക്കാലും ബാബിലോണിയ ഭരിച്ചിരുന്ന കസൈറ്റ് രാജവംശത്തിന്റെ കാലത്ത് ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയുണ്ടായി. മന്ത്രവാദം, ഇന്ദ്രജാലം, ചികിത്സാശാസ്ത്രം, നിയമശാസ്ത്രം, ശകുനശാസ്ത്രം, മതസിദ്ധാന്തങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരവധി ഗ്രന്ഥങ്ങള്‍ അക്കേദിയന്‍ ഭാഷയില്‍ രചിച്ചിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പക്ഷേ അവയില്‍ പലതും കണ്ടുകിട്ടിയിട്ടില്ല. എങ്കിലും പില്ക്കാലത്ത് അസീറിയന്‍-ബാബിലോണിയന്‍ സാഹിത്യങ്ങളില്‍ പല ഉത്കൃഷ്ട ഗ്രന്ഥങ്ങളും രചിക്കുന്നതിന് മാതൃകയായി വര്‍ത്തിച്ചിരുന്നത് അക്കേദിയന്‍ ഭാഷയിലെ ഗ്രന്ഥങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല. | ||
- | [[Category:ഭാഷ] | + | [[Category:ഭാഷ]] |
09:47, 19 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്കേ(ക്കാ)ദിയന്‍ ഭാഷ
Akkadian Language
സെമിറ്റിക് ഗോത്രത്തില്‍പ്പെട്ട ഒരു ഭാഷ. ഹീബ്രു, അറബി എന്നിവയുമായി ഇതിനു വളരെ അടുപ്പമുണ്ട്. ബാബിലോണിയന്‍ സംസ്കാരത്തിന്റെ ഉറവിടമായ 'അക്കാദ്' (അഗാദ എന്നു പ്രാചീനനാമം). എന്ന പുരാതന നഗരത്തിലും (ഈ നഗരം ഇന്നത്തെ ഇറാക്കിന്റെ വടക്കുഭാഗത്തായിരുന്നു) മെസൊപ്പൊട്ടേമിയയിലും ബി.സി. 3000-ത്തോടടുത്ത് പ്രചരിച്ചിരുന്നതാണ് ഈ ഭാഷ. ആധുനിക അസീറിയന്‍ ഭാഷ അക്കേദിയന്റെ ഒരു ദേശ്യഭേദം മാത്രമാണ്. അക്കേദിയനും അതുമായി ബന്ധപ്പെട്ട മറ്റു ഭാഷകളും പൊതുവേ 'അസീറിയന്‍ ഭാഷകള്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്. 9-ാം ശ.-ത്തിനുമുമ്പ് മെസൊപ്പൊട്ടേമിയയില്‍ നടന്ന ഭൂഖനനത്തിന്റെ ഫലമായി പ്രാചീന അക്കേദിയന്‍ ഭാഷാലിപികളുടെ സ്വരൂപം മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
അക്കേദിയന്‍ പൂര്‍വസെമിറ്റിക് ഭാഷാ വിഭാഗത്തില്‍പ്പെടുന്നു. ദക്ഷിണ മെസൊപ്പൊട്ടേമിയയിലെ ദേശഭാഷയായ സുമേറിയനില്‍ എഴുതപ്പെട്ട ശിലാലിഖിതങ്ങളില്‍, വ്യക്തിനാമങ്ങളായും തത്സമ-തദ്ഭവങ്ങളായും നിരവധി അക്കേദിയന്‍ പദങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. വളരെ പ്രാചീനകാലം മുതല്ക്കേ ഈ ഭാഷ പ്രചാരത്തിലിരുന്നുവെന്നതിന് ആ ശിലാലിഖിതങ്ങള്‍ മതിയായ തെളിവുകളാണ്. അക്കേദിയന്‍ ഭാഷയുടെ പ്രാചീനരൂപം ഈ ശാസനങ്ങളിലാണ് കണ്ടെത്തുന്നത്. അക്കാദ് വംശത്തില്‍പ്പെട്ട പ്രമുഖ രാജാവായ സര്‍ഗന്റെ കാലത്ത് (ബി.സി. 2400) മെഡിറ്ററേനിയന്‍ കടല്‍ മുതല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വരെ വ്യാപിച്ചുകിടന്ന സാമ്രാജ്യത്തിന്റെ ഔദ്യോഗികഭാഷയെന്ന നിലയില്‍ അക്കേദിയന്‍ വളരെ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ പില്ക്കാലത്ത് ഊര് വംശത്തിന്റെ ഭരണകാലത്തുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി (ബി.സി. 2000) അക്കേദിയന്‍ മെസൊപ്പൊട്ടേമിയയുടെ മാത്രം ഭാഷയായി ചുരുങ്ങിപ്പോവുകയും സുമേറിയന്‍ ഭാഷ മതസാഹിത്യത്തിന്റെ വിശുദ്ധ ഭാഷയായി വ്യാപകമായിത്തന്നെ നിലനിന്നുപോരുകയും ചെയ്തു. സര്‍ഗനിക് വംശത്തിന്റെ പൂര്‍വയുഗം, സര്‍ഗനിക്യുഗം, ഊര്‍വംശത്തിന്റെ മൂന്നു തലമുറകള്‍ എന്നിവ ഉള്‍പ്പെടുന്ന കാലഘട്ടത്തെ, അക്കേദിയന്‍ ഭാഷയുടെ പ്രാചീനകാലമായി കരുതിപ്പോരുന്നു.
ഊറിലെ മൂന്നാം രാജവംശത്തിന്റെ പതനത്തോടുകൂടി അക്കേദിയന്‍ ഭാഷയില്‍ രണ്ടു മുഖ്യപ്രാദേശികരൂപങ്ങള്‍ ആവിര്‍ഭവിച്ചു. ഇതില്‍ ആദ്യത്തേത് മെസൊപ്പൊട്ടേമിയയുടെ ഉത്തരഭാഗത്ത് അസീറിയയില്‍ വ്യാപകമായിത്തീര്‍ന്ന അസീറിയന്‍ഭാഷയാണ്. മെസൊപ്പൊട്ടേമിയയുടെ ദക്ഷിണഭാഗത്തുള്ള ബാബിലോണിയയില്‍ പ്രചരിച്ച ബാബിലോണിയന്‍ ഭാഷയാണ് രണ്ടാമത്തേത്. അക്കേദിയന്റെ ഈ രണ്ട് പ്രാദേശികരൂപങ്ങള്‍ക്കും പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്ന് മൂന്നു ദശകളുള്ളതായും ഓരോ ദശയ്ക്കും ഭാഷാപരമായ സവിശേഷതകളുള്ളതായും ഭാഷാശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നു.
അസീറിയന്‍ ഉപഭാഷ. അക്കേദിയന്‍ ഭാഷയുടെ പ്രാദേശിക രൂപമായ ഇത് പ്രാചീന അസീറിയന്‍ കാലഘട്ടത്തിലെ പ്രധാനഭാഷയായി ഉപയോഗിച്ചുപോന്നിരുന്നു. അസീറിയയിലും ഏഷ്യാമൈനറിലുമുള്ളവര്‍ തമ്മിലുള്ള കത്തിടപാടുകള്‍ക്കും വ്യവസായ സംബന്ധമായ പ്രമാണങ്ങള്‍ക്കും ചരിത്രപരമായ ശാസനങ്ങള്‍ക്കും ഈ ഭാഷ തന്നെയായിരുന്നു മുഖ്യമാധ്യമം. മധ്യകാലമായതോടുകൂടി നിയമം, സമ്മതപത്രം, കത്തുകള്‍ എന്നിവ അസീറിയന്‍ ഉപഭാഷയില്‍ തന്നെ എഴുതപ്പെട്ടിരുന്നുവെങ്കിലും ചരിത്രലിഖിതങ്ങള്‍ക്കു ബാബിലോണിയന്‍ ഭാഷയാണ് പ്രയോഗിക്കപ്പെട്ടുപോന്നത്. ആധുനിക അസീറിയന്‍ യുഗത്തില്‍, അസീറിയന്‍മാരുടെ പ്രതാപം തളര്‍ന്നുതുടങ്ങിയതോടെ അസീറിയന്‍ ഭാഷയും നിഷ്പ്രഭമാകാന് തുടങ്ങി. ഈ കാലഘട്ടത്തില്‍ മതപരവും ഭരണപരവുമായ കാര്യങ്ങള്‍ക്കു ബാബിലോണിയന്‍ ഭാഷ ഉപയോഗിക്കപ്പെട്ടുതുടങ്ങിയെങ്കിലും നിയമപരമായ ഇടപാടുകള്‍ക്ക് അസീറിയന്‍ തന്നെ ഉപയോഗിച്ചുപോന്നിരുന്നു.
ബാബിലോണിയന്‍ ഉപഭാഷ. ബാബിലോണിയന്‍ ഉപഭാഷ, ബാബിലോണിന് വെളിയില്‍ വ്യാപകമായിത്തീര്‍ന്നത് അക്കേദിയന്‍ ഭാഷയുടെ മധ്യകാലഘട്ടത്തിലായിരുന്നു. ഈ കാലഘട്ടത്തില്‍ ബാബിലോണിയന്‍ ഉപഭാഷ പൂര്‍വദേശങ്ങളുടെ അന്താരാഷ്ട്രഭാഷയായി വ്യവഹരിക്കപ്പെട്ടിരുന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. ഈജിപ്തിലെ 'ടെല്‍-എല്‍-അമര്‍ണാ' എന്ന സ്ഥലത്ത് നടന്ന ഉത്ഖനനങ്ങളുടെ ഫലമായി, ഈജിപ്ത്, സിറിയ, പലസ്തീന്, ഏഷ്യാമൈനര്‍, അസീറിയ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കഭാഷ ബാബിലോണിയന്‍ ആയിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. ഏലാം എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്നത്തെ ദക്ഷിണ ഇറാക്കിലും ഈ ഭാഷ പ്രാബല്യത്തിലിരുന്നു. ആധുനിക ബാബിലോണിയന്‍ ഘട്ടമായപ്പോള്‍ അരമായ എന്ന പേരില്‍ മറ്റൊരു സെമിറ്റിക് ഭാഷ രൂപംകൊണ്ടതോടെ സംസാരഭാഷയെന്ന നിലയില്‍ നിന്നും ക്ളാസിക്കല്‍ സാഹിത്യത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും വാനശാസ്ത്രത്തിന്റെയും ഭാഷയായി മാത്രം ബാബിലോണിയന്‍ ഭാഷയുടെ ഉപയോഗം ചുരുങ്ങി. ക്രിസ്തുവര്‍ഷാരംഭത്തോടുകൂടി ബാബിലോണിയന്‍ ഭാഷ പൂര്‍ണമായും മൃതഭാഷയായിക്കഴിഞ്ഞു. 19-ാം ശ.-ത്തില്‍ നടത്തിയ ഭൂഖനനത്തില്‍നിന്നു ലഭിച്ച വസ്തുക്കളില്‍ നിന്നാണ് പിന്നീട് ഈ ഭാഷയെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത്.
അക്കേദിയന്‍ ലിപി. എല്ലാ സെമിറ്റിക് ഭാഷകള്‍ക്കും 22 മുതല്‍ 30 വരെ ധ്വനി ചിഹ്നങ്ങളാണ് ലിപിയുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുപോന്നിരുന്നത്. അക്കേദിയന്‍ ലിപിയുടെ സ്ഥിതി ഇതില്‍നിന്നും വ്യത്യസ്തമാണ്. സുമേറിയന്‍ ലിപിയുടെ രൂപാന്തരമായ 600 ലിപി ചിഹ്നങ്ങള്‍ അക്കേദിയന്‍ ഭാഷ സ്വായത്തമാക്കിയിരുന്നു.
ഭാഷാസ്വരൂപം. പ്രാചീന അക്കേദിയന്‍ ഭാഷയ്ക്ക് എട്ടു സ്വരധ്വനികളും ഇരുപതു വ്യഞ്ജനധ്വനികളും സ്വന്തമായുണ്ടായിരുന്നു. ഇവയില്‍ സ്വരധ്വനികള്‍ സന്ദര്‍ഭമനുസരിച്ച് ഹ്രസ്വമായും ദീര്‍ഘമായും പ്രയോഗിക്കപ്പെട്ടുപോന്നു.
അക്കേദിയനിലെ എല്ലാ നാമങ്ങളെയും പുല്ലിംഗം, സ്ത്രീലിംഗം എന്നു രണ്ടായി വിഭജിച്ചിട്ടുണ്ട്. സംസ്കൃതത്തിലെപ്പോലെ ഏകവചനവും ദ്വിവചനവും ബഹുവചനവും ഈ ഭാഷയില്‍ സാര്‍വത്രികമായിരുന്നു. കാരകങ്ങള്‍ മുഖ്യമായി മൂന്നാണുള്ളത് -- കര്‍തൃകാരകം, കര്‍മകാരകം, സംബന്ധികാകാരകം. മൂലരൂപത്തോട് 'അത്ത്' അല്ലെങ്കില്‍ 'ത്' എന്ന പ്രത്യയം ചേര്‍ത്ത് സ്ത്രീലിംഗരൂപം നിര്‍മിക്കുന്നു. പുല്ലിംഗ സ്ത്രീലിംഗ രൂപങ്ങള്‍ക്കു പൊതുവേ കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും അവയെ വേര്‍തിരിച്ചു കാണിക്കുന്ന മുഖ്യഘടകം ഈ പ്രത്യയങ്ങളാണ്. ദ്വിവചന സമ്പ്രദായം പ്രാചീന കാലത്തു നിലവിലിരുന്നുവെങ്കിലും മധ്യകാലമായപ്പോഴേക്കും ലുപ്തപ്രായമായി. 'ഉം' എന്ന പ്രത്യയം ഏകവചനത്തെയും 'ഇം' സംബന്ധകാരകത്തെയും 'അം' കര്‍മകാരകത്തെയും സൂചിപ്പിക്കുന്ന മുഖ്യ പ്രത്യയങ്ങളാണ്.
ക്രിയകള്‍ക്കു പൊതുവേ രണ്ടു കാലങ്ങളേയുള്ളു -- വര്‍ത്തമാനവും ഭാവിയും. വര്‍ത്തമാനകാലരൂപം ഭൂതകാലമായും പ്രയോഗിക്കപ്പെടുന്നു.
സാഹിത്യം. സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങളെ അധികരിച്ച് രചിച്ചിട്ടുള്ള നിരവധി അക്കേദിയന്‍ ലിഖിതങ്ങള്‍ ലഭിച്ചിട്ടുണ്ട്. മെസൊപ്പൊട്ടേമിയയുടെ പല ഭാഗങ്ങളില്‍ നിന്നും അക്കേദിയന്‍ ഭാഷയുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ലിഖിതങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബി.സി. 18 മുതല്‍ 16 വരെയുള്ള ശ.-ങ്ങളില്‍ ബാബിലോണില്‍ പ്രഖ്യാതമായിരുന്ന ലാര്‍സാരാജവംശത്തിന്റെ കാലത്ത് സാഹിത്യപ്രാധാന്യമുള്ള പല ശിലാലേഖനങ്ങളും വിരചിതമായതായി രേഖകളില്‍ നിന്നു മനസ്സിലാക്കാം.
അക്കേദിയന്‍ ഭാഷയില്‍ എഴുതപ്പെട്ട ചരിത്രലിഖിതങ്ങള്‍ നിരവധിയാണ്. പ്രാചീന അക്കേദിന്റേയും അസീറിയയുടെയും ചരിത്രാംശങ്ങളും രാജാക്കന്മാര് തമ്മിലുള്ള കിടമത്സരങ്ങളുടെ കഥകളും അന്നത്തെ സൈനികവ്യവസ്ഥയുടെ സിദ്ധാന്തങ്ങളും ഈ ചരിത്ര ലിഖിതങ്ങളില്‍ നിറഞ്ഞുകിടക്കുന്നു. ഇതു കൂടാതെ തെ. പടിഞ്ഞാറന്‍ ഏഷ്യയുടെയും ഈജിപ്തിന്റെയും ബി.സി. 9 മുതല്‍ 7 വരെയുള്ള ശ.-ങ്ങളിലെ ചരിത്രവസ്തുതകളിലേക്ക് ഈ അക്കേദിയന്‍ ലിഖിതങ്ങള്‍ വെളിച്ചം വീശുന്നുണ്ട്.
അക്കേദിയന്‍ മതസാഹിത്യരചനകള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പുരാണേതിഹാസങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാകാവ്യങ്ങളും സ്വതന്ത്രരചനകളായ കീര്‍ത്തനങ്ങളും മതപരമായ ചടങ്ങുകള്‍ക്കുവേണ്ടി രചിക്കപ്പെട്ട കാവ്യഖണ്ഡങ്ങളും പ്രത്യേകം പ്രസ്താവാര്‍ഹമാണ്. നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഇത്തരം സാഹിത്യ രചനകള്‍ ഒട്ടുമുക്കാലും ബാബിലോണിയ ഭരിച്ചിരുന്ന കസൈറ്റ് രാജവംശത്തിന്റെ കാലത്ത് ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയുണ്ടായി. മന്ത്രവാദം, ഇന്ദ്രജാലം, ചികിത്സാശാസ്ത്രം, നിയമശാസ്ത്രം, ശകുനശാസ്ത്രം, മതസിദ്ധാന്തങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരവധി ഗ്രന്ഥങ്ങള്‍ അക്കേദിയന്‍ ഭാഷയില്‍ രചിച്ചിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പക്ഷേ അവയില്‍ പലതും കണ്ടുകിട്ടിയിട്ടില്ല. എങ്കിലും പില്ക്കാലത്ത് അസീറിയന്‍-ബാബിലോണിയന്‍ സാഹിത്യങ്ങളില്‍ പല ഉത്കൃഷ്ട ഗ്രന്ഥങ്ങളും രചിക്കുന്നതിന് മാതൃകയായി വര്‍ത്തിച്ചിരുന്നത് അക്കേദിയന്‍ ഭാഷയിലെ ഗ്രന്ഥങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല.