This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപകര്‍ഷതാബോധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 9: | വരി 9: | ||
(ഡോ. ജോര്‍ജ് മാത്യു) | (ഡോ. ജോര്‍ജ് മാത്യു) | ||
- | [[Category: | + | [[Category:മന:ശാസ്ത്രം]] |
10:40, 8 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അപകര്‍ഷതാബോധം
Inferiority Complex
സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധം. ഇതു ഭാഗികമായോ പൂര്‍ണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നത്. സ്വന്തം കുറവുകളില്‍ അപകര്‍ഷത തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ അപകര്‍ഷത ഈഗോ(ego)യ്ക്കു (നോ: അബോധമനസ്സ്.) നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോള്‍ അബോധമനസ്സിലേക്ക് തള്ളപ്പെടുകയും അത് അപകര്‍ഷതാബോധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ അര്‍ഥത്തിലാണ് മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും അപകര്‍ഷതാബോധത്തെ മനസ്സിലാക്കുന്നതും വ്യവഹരിക്കുന്നതും. എന്നാല്‍ സ്വാഭാവികമായി തോന്നുന്ന അപകര്‍ഷവിചാരത്തെയാണ് (Inferiority feeling) സാധാരണജനങ്ങള്‍ അപകര്‍ഷതാബോധമെന്ന് പറയാറുള്ളത്.
ആല്‍ഫ്രഡ് ആഡ്ലറാണ് അപകര്‍ഷതാബോധത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തിയ മനഃശാസ്ത്രജ്ഞന്. എല്ലാവരിലും അപകര്‍ഷതാബോധം ഉടലെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരസഹായം തേടേണ്ടിവരുന്ന ശിശുവിനു അപകര്‍ഷതാബോധം ഉണ്ടാകും. കഴിവുകള്‍ ക്രമേണ വികസിക്കുകയും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തിയുണ്ടാവുകയും ചെയ്യുമ്പോള്‍ ഇത് ഏറെക്കുറെ പരിഹൃതമാകുന്നു. ശാരീരികമാനസികവൈകല്യങ്ങള്, ജനനമുറ, താണ സാമൂഹ്യസ്ഥിതി, പരാജയങ്ങള്‍ തുടങ്ങി അനേകകാര്യങ്ങള്‍ ഒരുവനില്‍ അപകര്‍ഷതാബോധമുളവാക്കാന്‍ പര്യാപ്തമാകുന്നു. ഇവ പരിഹരിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുന്നു. ചിലര്‍ ലോകത്തെ ഒരു യുദ്ധക്കളമായി കാണുകയും മാത്സര്യമനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്നത് അപകര്‍ഷതാബോധത്തെ അനാരോഗ്യകരമായി പരിഹരിക്കാന്‍ ശ്രമിക്കുക മൂലമാണ്. ശരിയായ രീതിയില്‍ അപകര്‍ഷതാബോധം പരിഹരിക്കാന്‍ സാധിക്കാതെവരുമ്പോഴാണ് ശ്രേഷ്ഠതാബോധം (Superiority Complex) ഉണ്ടാകുന്നത്. ഇത് ഉള്ള വ്യക്തി ആത്മപ്രശംസ ഇഷ്ടപ്പെടുന്ന ആളായിരിക്കും. ലൈംഗികജീവിതത്തിലുള്ള തകരാറുകള്‍ പലപ്പോഴും അപകര്‍ഷതാബോധത്തില്‍നിന്നും ഉളവാകുന്നവയാണ്. അപകര്‍ഷതാബോധം ലഘുമനോരാഗങ്ങള്‍, വിഷാദരോഗം, ഉന്മാദം എന്നിവയ്ക്കെല്ലാം കാരണമാകാം. അഗാധമായ അപകര്‍ഷതാബോധം ചിലരെ ആത്മഹത്യയ്ക്കും പ്രേരിപ്പിക്കാറുണ്ട്.
അപകര്‍ഷതാബോധം പരിഹരിക്കാന്‍ പറ്റിയതരത്തിലുള്ള ജോലികളില്‍ പ്രവേശിക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇതിനെ നേരിടുന്നതിന് ഒരാള്‍ കൈക്കൊള്ളുന്ന രീതിയെ ആശ്രയിച്ചാണ് അയാളുടെ വ്യക്തിത്വം രൂപംകൊള്ളുന്നത്. അപകര്‍ഷതാബോധമാണ് ജീവിതത്തില്‍ മനുഷ്യനെ മുന്നേറാന്‍ മുഖ്യമായി പ്രേരിപ്പിക്കുന്നത് എന്നാണ് ആഡ്ലറുടെ അഭിപ്രായം. മനുഷ്യപുരോഗതിക്കുള്ള കാരണം തന്നെ ശ്രേഷ്ഠതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ ശ്രമമാണ്. ഈശ്വരന് എന്ന സങ്കല്പം മനുഷ്യന്റെ അപകര്‍ഷതാബോധത്തില്‍ നിന്നും ഉടലെടുക്കുന്നതാണെന്നും പക്ഷേ, അത് സമൂഹത്തിനു പ്രയോജനകരമാണെന്നും മറ്റും ആഡ്ലര് കരുതുന്നു. അപകര്‍ഷതാബോധത്തില്‍നിന്ന് ആരോഗ്യകരമായ രീതിയില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം സാമൂഹ്യമനഃസ്ഥിതിയിലും അന്യരെക്കൂടി മെച്ചപ്പെടുത്തിക്കൊണ്ടുവരാനുള്ള പ്രവണതയിലും ആണ് സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നോ: ആഡ്ലര് ആല്‍ഫ്രഡ്, വ്യക്തിഗത മനഃശാസ്ത്രം
(ഡോ. ജോര്‍ജ് മാത്യു)