This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജലവിതരണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ജലവിതരണം) |
(→ജലവിതരണം) |
||
വരി 21: | വരി 21: | ||
'''ജലോപഭോഗം''' ഗാര്‍ഹികാവശ്യങ്ങള്‍ക്കു പുറമെ അഗ്നിശമനം, നഗരശുചീകരണം; പാര്‍ക്കുകള്‍, പുല്‍ത്തകിടികള്‍ എന്നിവയുടെ സംരക്ഷണം; വ്യവസായം എന്നിവയ്ക്കും ജലം വിതരണം ചെയ്യപ്പെടുന്നു. ഒരു പ്രദേശത്തെ ജനസംഖ്യ, കാലാവസ്ഥ, ജീവിതനിലവാരം എന്നിവ കണക്കിലെടുത്താണ് പ്രതിശീര്‍ഷ ഉപഭോഗം നിര്‍ണയിക്കുന്നത്. | '''ജലോപഭോഗം''' ഗാര്‍ഹികാവശ്യങ്ങള്‍ക്കു പുറമെ അഗ്നിശമനം, നഗരശുചീകരണം; പാര്‍ക്കുകള്‍, പുല്‍ത്തകിടികള്‍ എന്നിവയുടെ സംരക്ഷണം; വ്യവസായം എന്നിവയ്ക്കും ജലം വിതരണം ചെയ്യപ്പെടുന്നു. ഒരു പ്രദേശത്തെ ജനസംഖ്യ, കാലാവസ്ഥ, ജീവിതനിലവാരം എന്നിവ കണക്കിലെടുത്താണ് പ്രതിശീര്‍ഷ ഉപഭോഗം നിര്‍ണയിക്കുന്നത്. | ||
- | [[ചിത്രം: | + | [[ചിത്രം:Waterentrance.png|400px]] |
'''ജലസ്രോതസ്സുകള്‍.''' ഭൂഗര്‍ഭജലവും ഭൗമോപരിതല സ്രോതസ്സുകളില്‍ നിന്നുള്ള ജലവുമാണ് വിതരണത്തിനുപയോഗിക്കുന്നത്. നദികള്‍, അരുവികള്‍ തുടങ്ങിയ ഉപരിതല സ്രോതസ്സുകളില്‍ നിന്ന് ജലം ചൂഷണം ചെയ്യുന്നതിനുള്ള സംവിധാനമാണ് പ്രവേശങ്ങള്‍ (സ്രോതസ്സുകളില്‍ നിന്ന് സംസ്കരണസ്ഥലത്തേക്ക് ജലം കൊണ്ടുപോകാനുള്ള സംവിധാനമാണ് പ്രവേശം). ജലത്തിന്റെ ഗുണനിലവാരം, ആഴം, ലഭ്യത, ജലം ഉറഞ്ഞുകട്ടിയാകാനും വെള്ളപ്പൊക്കമുണ്ടാകാനുമുള്ള സാധ്യത, ജലവഹനത്തിനുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പ്രവേശങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. | '''ജലസ്രോതസ്സുകള്‍.''' ഭൂഗര്‍ഭജലവും ഭൗമോപരിതല സ്രോതസ്സുകളില്‍ നിന്നുള്ള ജലവുമാണ് വിതരണത്തിനുപയോഗിക്കുന്നത്. നദികള്‍, അരുവികള്‍ തുടങ്ങിയ ഉപരിതല സ്രോതസ്സുകളില്‍ നിന്ന് ജലം ചൂഷണം ചെയ്യുന്നതിനുള്ള സംവിധാനമാണ് പ്രവേശങ്ങള്‍ (സ്രോതസ്സുകളില്‍ നിന്ന് സംസ്കരണസ്ഥലത്തേക്ക് ജലം കൊണ്ടുപോകാനുള്ള സംവിധാനമാണ് പ്രവേശം). ജലത്തിന്റെ ഗുണനിലവാരം, ആഴം, ലഭ്യത, ജലം ഉറഞ്ഞുകട്ടിയാകാനും വെള്ളപ്പൊക്കമുണ്ടാകാനുമുള്ള സാധ്യത, ജലവഹനത്തിനുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പ്രവേശങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്. |
15:50, 19 ഏപ്രില്‍ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജലവിതരണം
ജലവിതരണസ്രോതസ്സുകളില്‍ നിന്നും പൈപ്പുകള്‍ വഴി സംഭരണികളില്‍ ശേഖരിച്ച്, സംസ്കരിക്കപ്പെടുന്ന ജലം ഉപഭോക്താക്കളുടെ ആവശ്യാര്‍ഥം വിതരണം ചെയ്യുന്ന സംവിധാനം.
ജലവിതരണം എന്ന പൊതുസംജ്ഞ കൊണ്ട് സാധാരണ അര്‍ഥമാക്കുന്നത് ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള ജലവിതരണമാണെങ്കിലും വ്യവസായം, ജലസേചനം, അഗ്നിശമനം, നഗരശുചീകരണം എന്നിവയ്ക്ക് ആവശ്യമായ ജലവിതരണവും ആധുനിക ജലവിതരണപദ്ധതികളുടെ ഭാഗമാണ്.
ചരിത്രം. അതിപുരാതനകാലം മുതല്ക്കേ ജനങ്ങള്‍ ജലസ്രോതസ്സുകളില്‍ നിന്ന് മരയോട്, മൃഗചര്‍മം, മണ്‍പാത്രം എന്നിവയില്‍ ജലം ശേഖരിച്ച് ദൂരസ്ഥലങ്ങളിലേക്കു കൊണ്ടുപോയിരുന്നു. ജലവിതരണത്തിനു വേണ്ടി കിണറുകള്‍, കുളങ്ങള്‍, കനാലുകള്‍, അക്വിഡക്റ്റുകള്‍, ജലസംഭരണികള്‍, പൈപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ജലവിതരണസംവിധാനം പ്രാചീന നാഗരികതകളില്‍ കാണാന്‍ കഴിയും. സൈന്ധവ നാഗരികത(ബി.സി.)യില്‍ ജലവിതരണ സംവിധാനം വളറെ വികസിതമായിരുന്നുവെന്ന് ഉത്ഖനനങ്ങള്‍ തെളിവുനല്കുന്നു. പൊതുജലവിതരണത്തെക്കുറിച്ച് ബൈബിളിലും പരാമര്‍ശമുണ്ട്. ബി.സി. 1700-ല്‍ ഗരാര്‍ താഴ്വരയില്‍ അബ്രഹാം കുഴിച്ച കിണറിനെക്കുറിച്ച് ഉത്പത്തി പുസ്തകത്തില്‍ പ്രസ്താവമുണ്ട് (26). ബി.സി. 8-ാം ശതകത്തില്‍ യൂദായിലെ ഹെസെക്കിയാ രാജാവ് ഗീഹോന്‍ അരുവിയുടെ മുകളിലെ കൈവഴി തടഞ്ഞ് ഒരു തടാകവും അതില്‍നിന്ന് ജറുസലേം നഗരത്തില്‍ ജലം എത്തിക്കുന്ന ഒരു ചാലും പണി കഴിപ്പിച്ചിരുന്നു (2 രാജാക്കന്മാര്‍ 20-20; ദിനവൃത്താന്തം 32.4). സിക്കാര്‍ എന്ന പട്ടണത്തിലെ യാക്കോബിന്റെ കിണറില്‍നിന്ന് സമരിയാക്കാരികള്‍ വെള്ളം കോരിയിരുന്നു (യോഹന്നാന്‍: 4). ഈജിപ്ത് (ബി.സി. 1290-25), ഫിനീഷ്യ (ബി.സി. 1000-900), മെസപൊട്ടേമിയ (ബി.സി. 750-700), ഗ്രീസ് (ബി.സി. 600-500), ബാബിലോണിയ എന്നിവിടങ്ങളില്‍ ജലവിതരണ സംവിധാനം വികസിതമായിരുന്നു.
ആഴമില്ലാത്ത കിണറുകള്‍ കുഴിക്കാനാരംഭിച്ചതാണ് ഈ രംഗത്തെ ആദ്യത്തെ കാല്‍വയ്പ്. ജനസംഖ്യാ വര്‍ധനയും നഗരവികസനവും ജലത്തിന്‍ ആവശ്യകത വര്‍ധിപ്പിച്ചതോടെ കിണറിന്റെ ആഴം വര്‍ധിപ്പിക്കാന്‍ തുടങ്ങി. സു. 45 മീ. ആഴമുള്ള കിണറുകള്‍ ആദ്യമായി കുഴിച്ചത് ചൈനക്കാരാണ്. ഉപരിതല ജലസംഭരണികള്‍, കനാലുകള്‍, ഉപയോഗസ്ഥലത്തെ ജലസംഭരണികള്‍ എന്നിവയും പ്രാചീനസമൂഹങ്ങളില്‍ ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ജലത്തിന്റെ ഗുണനിലവാരം, ശുദ്ധീകരണപ്രക്രിയ എന്നിവയെക്കുറിച്ചുള്ള അറിവും പ്രാചീന ജനസമൂഹങ്ങള്‍ക്കുണ്ടായിരുന്നു.
ഇഷ്ടികകൊണ്ടു പണിത കിണറുകളും ദീര്‍ഘകാലോപയോഗത്തിനു സാധ്യമായ ജലവിതരണ പദ്ധതികളും ആരംഭിച്ചത് ഗ്രീക്കുകാരാണ്. അരുവികളില്‍ നിന്നു നഗരങ്ങളില്‍ ജലമെത്തിക്കാന്‍ ഗ്രീക്കുകാര്‍ ടണലുകളും കല്പാത്തികളും കളിമണ്‍പൈപ്പുകളും വ്യാപകമായി ഉപയോഗിച്ചിരുന്നു. ആദ്യത്തെ ഉയര്‍ന്ന മര്‍ദ, ദീര്‍ഘദൂര ജലവിതരണ പൈപ്പുകള്‍ ഉപയോഗിച്ചത് ഗ്രീസിലാണ്. മര്‍ദിത ജലപ്രണാളിയുടെ പ്രഥമോദാഹരണമാണ് ബി.സി. 200-ല്‍ ഏഷ്യാമൈനറിലെ പെര്‍ഗാമയില്‍ സ്ഥാപിതമായത്. സിമന്റു ചേര്‍പ്പുകളുള്ള കളിമണ്‍ പൈപ്പുകള്‍ ഉപയോഗിച്ച് ഗ്രീക്ക് നഗരങ്ങളിലെ നീര്‍ത്തൊട്ടികളില്‍ ജലം എത്തിച്ചിരുന്നു.
ഏറ്റവും വികസിതമായ ജലവിതരണ സംവിധാനമായിരുന്നു പ്രാചീന റോമക്കാരുടേത്. ജലോപഭോഗം വര്‍ധിച്ചതോടെ ടൈബര്‍ നദിയില്‍ നിന്നും സമീപസ്ഥ അരുവികളില്‍ നിന്നും ലഭ്യമായിരുന്ന ജലം അപര്യാപ്തമായതോടെ ദീര്‍ഘദൂര ജലപ്രണാളികള്‍ (അക്വിഡക്റ്റുകള്‍) പണികഴിപ്പേണ്ടതാവശ്യമായി വന്നു. ഇതില്‍ പ്രമുഖം ബി.സി. 312-ല്‍ പണിത അക്വ അപ്പിയ (Aqua Appia) ആണ്. എ.ഡി. 305 ആയപ്പോഴേക്കും സു. 575 കി.മീ. ദൈര്‍ഘ്യം വരുന്ന 14 ജലപ്രണാളികള്‍ ഉള്‍ക്കൊള്ളുന്ന ജലവിതരണ സംവിധാനം വികസിതമായി.
ബി.സി. 312 മുതല്‍ എ.ഡി. 455 വരെയുള്ള കാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി റോമക്കാര്‍ പണിത 200 അക്വിഡക്റ്റുകളില്‍ പതിനൊന്നെണ്ണം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഇവയില്‍ 4 എണ്ണം പുതിക്കിപ്പണിത് ഉപയോഗക്ഷമമാക്കിയിട്ടുണ്ട്. റോമക്കാര്‍ നിര്‍മിച്ച അക്വിഡക്റ്റുകളുടെ അവശിഷ്ടങ്ങള്‍ അള്‍ജീറിയ, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലുമുണ്ട്. നദീജലമോ മറ്റു സ്രോതസ്സുകളിലെ ജലമോ സംഭരണികളില്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ആധുനിക ജലവിതരണ സംവിധാനത്തിന്റെ സ്ഥാനത്ത് അക്വിഡക്റ്റുകളിലൂടെയോ കനാലുകളിലൂടെയോ പുഴകളോ അരുവികളോ ഗതിമാറ്റിവിട്ടാണ് റോമക്കാര്‍ ജലവിതരണം നടത്തിയിരുന്നത്. ഈ ജലം ചെറിയ സംഭരണികളിലും കുളങ്ങളിലും ശേഖരിക്കുന്നു. ചുറ്റുവട്ടത്തുള്ള ജനങ്ങള്‍ ഇവയില്‍ നിന്നും ജലം കോരിയെടുത്തുകൊണ്ടുപോയിരുന്നു. അക്വിഡക്റ്റുകള്‍ക്കും കനാലുകള്‍ക്കും പുറമെ റോമക്കാരും ഗ്രീക്കുകാരും ഈയംകൊണ്ടും കളിമണ്ണുകൊണ്ടുമുള്ള പൈപ്പുകളും ജലവിതരണത്തിനുപയോഗിച്ചിരുന്നു. രണ്ടരമീറ്റര്‍ വ്യാസമുള്ള ഈയപൈപ്പുകളെക്കുറിച്ച് പ്ളിനി(23-79)യുടെ ഗ്രന്ഥത്തില്‍ സൂചനകളുണ്ട്. റോമാസാമ്രാജ്യത്തിന്റെ പതനം ജലവിതരണസംവിധാനത്തിന്റെ പുരോഗതിയുടെ ഒരു കാലഘട്ടത്തിന്റെ അന്ത്യം കുറിച്ചു. ഒറ്റപ്പെട്ട ചില സംരംഭങ്ങള്‍ ഒഴിവാക്കിയാല്‍ മധ്യകാലഘട്ടത്തില്‍ ജലവിതരണരംഗത്ത് കാര്യമായ പുരോഗതിയുണ്ടായില്ല. ലണ്ടനിലെ ജലവിതരണാര്‍ഥം തെംസ് നദിയില്‍ നിന്ന് സംഭരണിയിലേക്ക് ജലം എത്തിക്കാന്‍ പീറ്റര്‍ മോറിസ് എന്ന ഡച്ച് എന്‍ജിനീയര്‍ 1582-ല്‍ ഒരു പമ്പ് സ്ഥാപിക്കുകയുണ്ടായി. 17-ഉം 18-ഉം ശ.-ങ്ങളില്‍ ലണ്ടനിലും പാരിസിലും ജലവിതരണരംഗത്ത് കാര്യമായ പുരോഗതി ദൃശ്യമായി. വീടുകള്‍തോറുമുള്ള ശുദ്ധജലവിതരണത്തിനു തുടക്കം കുറിച്ചത് ലണ്ടനിലാണ് (1619). ആവിശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന പമ്പിങ് യന്ത്രങ്ങളുടെ ആവിര്‍ഭാവം (1761) ജലവിതരണരംഗത്തെ പുരോഗതിയുടെ ആക്കം വര്‍ധിപ്പിച്ചു. ഇത്തരത്തിലുള്ള ഒരു പമ്പിങ് യന്ത്രം ആദ്യമായി സ്ഥാപിക്കപ്പെട്ടത് ലണ്ടനിലാണ് (1787). യു.എസ്സിലെ ആദ്യത്തെ ആവി പമ്പിങ് യന്ത്രം ഫിലഡെല്‍ഫിയയില്‍ സ്ഥാപിക്കപ്പെട്ടു (1804). ഫിലഡെല്‍ഫിയയിലും (1804) ഇംഗ്ളണ്ടിലും (1807) വാര്‍പ്പിരുമ്പുപൈപ്പുകളും ഉപയോഗത്തില്‍ വന്നു. ഇന്ന് ജലവിതരണപദ്ധതികളില്‍ ജലം പമ്പു ചെയ്യുന്നതിന് വൈദ്യുത പമ്പുകളും ടര്‍ബൈനുകളും ഉപയോഗിക്കപ്പെടുന്നുണ്ട്. 455.4 സെ.മീ. വരെ പ്രബലിത കോണ്‍ക്രീറ്റ് പൈപ്പുകളും 121.44 സെ.മീ.-ല്‍ കൂടുതല്‍ വ്യാസമുള്ള വാര്‍പ്പിരുമ്പു പൈപ്പുകളും പ്രി സ്ട്രെസ്ഡ് ഉരുക്കു കുഴലുകളുമാണ് ജലസ്രോതസ്സുകളില്‍ നിന്ന് സംഭരണികളിലേക്ക് ജലമെത്തിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ആധുനിക രീതിയില്‍ ശുദ്ധജലവിതരണ പദ്ധതി നടപ്പിലാക്കിയത് കല്‍ക്കത്താ നഗരത്തിലായിരുന്നു (1870). കൂറ്റന്‍ സംഭരണികളില്‍ നിന്ന് വിതരണ സംഭരണികളിലേക്കും അവിടെ നിന്ന് കുഴലുകള്‍ വഴി ഉപഭോക്താവിനും ജലം എത്തിക്കുന്നു. തടി, കോണ്‍ക്രീറ്റ്, ആസ്ബസ്റ്റോസ് എന്നിവകൊണ്ട് നിര്‍മിച്ചിരുന്ന വ്യാസം കുറഞ്ഞ പൈപ്പുകളെ പിന്‍തള്ളിക്കൊണ്ട് വാര്‍പ്പിരുമ്പു പൈപ്പുകള്‍ പ്രചാരത്തില്‍വന്നു. ഇപ്പോള്‍ പോളിവിനൈല്‍ ക്ളോറൈഡ് പോലുള്ള പ്ലാസ്റ്റിക്കുകള്‍ കൊണ്ടുണ്ടാക്കിയ പൈപ്പുകളും ഉപയോഗിക്കുന്നുണ്ട്. പൊട്ടിപ്പോകാനും എലി കരളാനും മറ്റുമുള്ള സാധ്യതകള്‍ ഉണ്ടെങ്കിലും കുറഞ്ഞവില, തുരുമ്പിക്കാതിരിക്കല്‍, പൈപ്പിടാനുള്ള കുറഞ്ഞ ചെലവ് എന്നിവ പിവിസി പൈപ്പുകള്‍ക്കുള്ള അനുകൂല ഘടകങ്ങളാണ്.
ജലവിതരണപദ്ധതികള്‍. ഒരു ശുദ്ധജലവിതരണ പദ്ധതി രൂപകല്പന ചെയ്യുമ്പോള്‍ വിതരണം ചെയ്യേണ്ട ജലത്തിന്റെ അളവ് തിട്ടപ്പെടുത്തേണ്ടതുണ്ട്. ഇതിനെ ആശ്രയിച്ചാണ് പദ്ധതിയുടെ വിവിധഘടകങ്ങളുടെ വലുപ്പം നിശ്ചയിക്കുന്നത്. ജനസംഖ്യാവര്‍ധന, ജലോപഭോഗവര്‍ധന എന്നിവ കണക്കിലെടുത്താണ് പദ്ധതിയുടെ കാലം നിര്‍ണയിക്കുന്നത്. സാധാരണയായി 20-30 വര്‍ഷത്തേക്കാണ് ജലവിതരണപദ്ധതി രൂപകല്പന ചെയ്യുക. അനുയോജ്യമായ ജലസ്രോതസ്സുകള്‍ കണ്ടെത്തി അണകെട്ടി ജലം സംഭരിച്ച് വലിയ പൈപ്പുകള്‍ വഴി സംസ്കരണസ്ഥലത്തെത്തിക്കുന്നു. രാസപദാര്‍ഥങ്ങളുപയോഗിച്ച് തെളിയിച്ചെടുക്കുന്ന ജലം മണലരിപ്പകളിലൂടെ അരിച്ച് അണുനാശിനികളുപയോഗിച്ച് രോഗാണുവിമുക്തമാക്കുന്നു. ഇങ്ങനെ ശുദ്ധീകരിച്ച ജലം പമ്പുചെയ്ത് സംഭരണികളില്‍ നിറച്ച് ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നു
ജലോപഭോഗം ഗാര്‍ഹികാവശ്യങ്ങള്‍ക്കു പുറമെ അഗ്നിശമനം, നഗരശുചീകരണം; പാര്‍ക്കുകള്‍, പുല്‍ത്തകിടികള്‍ എന്നിവയുടെ സംരക്ഷണം; വ്യവസായം എന്നിവയ്ക്കും ജലം വിതരണം ചെയ്യപ്പെടുന്നു. ഒരു പ്രദേശത്തെ ജനസംഖ്യ, കാലാവസ്ഥ, ജീവിതനിലവാരം എന്നിവ കണക്കിലെടുത്താണ് പ്രതിശീര്‍ഷ ഉപഭോഗം നിര്‍ണയിക്കുന്നത്.
ജലസ്രോതസ്സുകള്‍. ഭൂഗര്‍ഭജലവും ഭൗമോപരിതല സ്രോതസ്സുകളില്‍ നിന്നുള്ള ജലവുമാണ് വിതരണത്തിനുപയോഗിക്കുന്നത്. നദികള്‍, അരുവികള്‍ തുടങ്ങിയ ഉപരിതല സ്രോതസ്സുകളില്‍ നിന്ന് ജലം ചൂഷണം ചെയ്യുന്നതിനുള്ള സംവിധാനമാണ് പ്രവേശങ്ങള്‍ (സ്രോതസ്സുകളില്‍ നിന്ന് സംസ്കരണസ്ഥലത്തേക്ക് ജലം കൊണ്ടുപോകാനുള്ള സംവിധാനമാണ് പ്രവേശം). ജലത്തിന്റെ ഗുണനിലവാരം, ആഴം, ലഭ്യത, ജലം ഉറഞ്ഞുകട്ടിയാകാനും വെള്ളപ്പൊക്കമുണ്ടാകാനുമുള്ള സാധ്യത, ജലവഹനത്തിനുണ്ടാകുന്ന തടസ്സങ്ങള്‍ എന്നിവ കണക്കിലെടുത്താണ് പ്രവേശങ്ങളുടെ സ്ഥാനം നിര്‍ണയിക്കുന്നത്.
ഒഴുക്കു കുറവും പ്രദൂഷണ സാധ്യത കുറവും ഉള്ളയിടത്തായിരിക്കണം പ്രവേശം സ്ഥാപിക്കേണ്ടത്. ജലാശയത്തിന്റെ ഏറ്റവും താഴ്ന്ന വിതാനത്തിനും താഴെയായിരിക്കണം പ്രവേശത്തിന്റെ തറവിതാനം. ഇടിഞ്ഞുവീഴാന്‍ സാധ്യതയില്ലാത്ത ഉറപ്പുള്ള കരയിലായിരിക്കണം പ്രവേശം പണിയേണ്ടത്.
ഭൂഗര്‍ഭജലം ചൂഷണം ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല ഉപാധിയാണ് കിണര്‍. ഗാര്‍ഹികാവശ്യങ്ങള്‍ക്കും ചെറിയ തോതിലുള്ള ജലസേചനത്തിനും ആഴംകുറഞ്ഞ കിണറുകള്‍ മതിയാകും. അപ്രവേശ്യസ്തരത്തിനു താഴെയുള്ള ഭൗമഉറകളെ ആശ്രയിക്കേണ്ടിവരുമ്പോഴും പൊതു ആവശ്യങ്ങള്‍ക്കു വേണ്ടിവരുമ്പോഴും കിണറുകള്‍ ആഴത്തിലുള്ളതായിരിക്കണം. പാറകള്‍ക്കിടയിലല്ലാതെ മണ്ണിലോ ചരലിലോ കുഴിക്കുന്ന കിണറുകളുടെ അകവശം കോണ്‍ക്രീറ്റ് കല്ല്, ഉരുക്ക് എന്നിവകൊണ്ടു ബലപ്പെടുത്താറുണ്ട്. വക്ക് ഇടിയല്‍, വെള്ളം ചുറ്റുമുള്ള വരണ്ട സ്ഥരങ്ങളിലേക്കു നഷ്ടപ്പെട്ടുപോകുന്നത്, പ്രദൂഷണം എന്നിവ തടയാന്‍ ഇതുപകരിക്കും. വലിയ ജലവിതരണ പദ്ധതികള്‍ക്ക് ഭൂഗര്‍ഭജലത്തെ ആശ്രയിക്കാനാവില്ല.
ജലസംഭരണം ജലസ്രോതസ്സുകളില്‍ തന്നെയോ അതിനടുത്തോ സംഭരണികള്‍ പണിയുന്നു. വരള്‍ച്ചയിലും നീരൊഴുക്കു കുറവായ സന്ദര്‍ഭങ്ങളിലും വളരെക്കാലത്തേക്കാവശ്യമായ ജലം ശേഖരിക്കുന്നതിനു ശേഷിയുള്ള അണക്കെട്ടുകളാണ് സാധാരണ നിര്‍മിക്കുക. ആവശ്യത്തിലധികമായ ജലം തിരിച്ചുവിടുന്നതിനുള്ള ഒരു ഉല്‍പ്ലാവകം, സംഭരണികളില്‍ നിന്നു പുറത്തേക്കു വിടുന്നതു നിയന്ത്രിക്കാനാവശ്യമായ വാല്‍വുകളുമുള്ള ഒരു ഗേറ്റ് ചേംബര്‍ എന്നിവയാണ് ജലസംഭരണിയുടെ പ്രധാനഭാഗങ്ങള്‍.
വിതരണം. പ്രാദേശിക സാഹചര്യങ്ങളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും കണക്കിലെടുത്താണ് വിതരണം സംവിധാനം ചെയ്യുന്നത്. പൈപ്പുകള്‍, വാല്‍വുകള്‍, ഹൈഡ്രന്റുകളും അവയുടെ അനുബന്ധങ്ങളും, സംഭരണികള്‍, സര്‍വീസ് പൈപ്പുകള്‍, മീറ്ററുകള്‍ എന്നിവയുള്‍ക്കൊള്ളുന്നതാണ് വിതരണവ്യൂഹം.
ഉരുക്ക്, കോണ്‍ക്രീറ്റ്, ആസ്ബസ്റ്റോസ്, സിമന്റ് എന്നിവകൊണ്ടുണ്ടാക്കിയതാണ് വിതരണപൈപ്പുകള്‍. ചെമ്പോ പ്ലാസ്റ്റിക്കോ കൊണ്ട് ചെറിയ സര്‍വീസ് പൈപ്പുകള്‍ നിര്‍മിക്കുന്നു. ഈയം നിറച്ച ബെല്‍ ആന്‍ഡ് സ്പിഗോട്ട് ജോയിന്റുകളാണ് ഭൂഗര്‍ഭ പൈപ്പുകള്‍ക്ക് ഉപയോഗിക്കുന്നത്; മറ്റിടങ്ങളില്‍ ഫ്ളാനിങ്ഡ് ബോള്‍ട്ടഡ് ജോയിന്റുകളും. ജലം മലിനമാകാതിരിക്കാന്‍ നല്ല മര്‍ദത്തില്‍ പൈപ്പുകളിലൂടെ ജലം ഒഴുക്കുന്നു. ഏതെങ്കിലും കാരണവശാല്‍ പൈപ്പില്‍ ചോര്‍ച്ചയുണ്ടായാല്‍ ജലം പുറത്തേക്കു മാത്രമേ ഒഴുകുകയുള്ളു. പുറത്തേക്കുള്ള മാലിന്യങ്ങള്‍ പൈപ്പിനകത്തേക്കു പ്രവേശിക്കുന്നതു തടയാന്‍ ഇതുപകരിക്കും.
ജലവിതരണത്തിനു മൂന്നു രീതികള്‍ അവലംബിക്കുന്നു: (i) ഗ്രാവിറ്റി സിസ്റ്റം, (ii) ഡിസ്റ്റ്രിബ്യൂട്ടിങ് റിസര്‍വോയര്‍ സിസ്റ്റം, (iii) ഡയറക്റ്റ് പ്രഷര്‍ സിസ്റ്റം. ജലസ്രോതസ് ഉയര്‍ന്ന വിതാനത്തിലും വിതരണം ചെയ്യേണ്ട പ്രദേശം താഴ്ന്ന വിതാനത്തിലുമാണെങ്കില്‍ സംഭരണികളോ പമ്പുകളോ ഉപയോഗിക്കാതെ തന്നെ ജലം ഗുരുത്വാകര്‍ഷണവിധേയമായി ഒഴുകുന്നു. ഇതിന് ഗ്രാവിറ്റിസിസ്റ്റം എന്നു പറയുന്നു. പമ്പിങ്, ഉയരത്തിലുള്ള സംഭരണികള്‍ എന്നിവ ആവശ്യമില്ലാത്തതിനാല്‍ ഇത് ലാഭകരമാണ്. അനുയോജ്യമായ വിതാനവ്യത്യാസവും വിതരണമര്‍ദവും ലഭ്യമാകുന്നില്ലെങ്കില്‍ ഡിസ്റ്റ്രിബ്യൂട്ടിങ് റിസര്‍വോയര്‍ സിസ്റ്റം വേണ്ടിവരും. ഇതില്‍ ഉയര്‍ന്ന സംഭരണിയില്‍ ജലം പമ്പുചെയ്തു കയറ്റിയ ശേഷം ഗുരുത്വാകര്‍ണം പ്രയോജനപ്പെടുത്തി വിതരണം ചെയ്യുന്നു. ചെലവ് താരതമ്യേന കൂടുതലാണെങ്കിലും ക്രമമായ വിതരണത്തിനും മര്‍ദം ക്രമീകരിക്കുന്നതിനും അനുയോജ്യമാണെന്ന മെച്ചമുണ്ട്.
വിതരണവ്യൂഹത്തിലേക്ക് നേരിട്ട് ജലം പമ്പു ചെയ്യുന്ന രീതിയാണ് ഡയറക്റ്റ് പ്രഷര്‍ സിസ്റ്റം. വിതരണം ചെയ്യപ്പെടുന്ന ജലത്തിന്റെ അളവും മര്‍ദവും ക്രമീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഈ രീതിയുടെ പോരായ്മ. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ട മര്‍ദം താഴെ ചേര്‍ത്തിരിക്കുന്നു.
i. ഡെഡ് എന്‍ഡ് (ട്രീ) സിസ്റ്റം. ഒരു വൃക്ഷത്തിന്റെ ശാഖകളും ഉപശാഖകളും പോലെയുള്ള സംവിധാനമായതിനാലാണ് ട്രീ സിസ്റ്റം എന്നു പറയുന്നത്. ജനസാന്ദ്രത സമീകൃതമായ നഗരങ്ങളിലാണ് ഇത് അനുയോജ്യം. സംഭരണിയില്‍ നിന്ന് നഗരമധ്യത്തില്‍ നെടുകെ സ്ഥാപിച്ച വിതരണ മെയിനിലൂടെ (feeder main) ജലം ഒഴുകും. ഇതില്‍ നിന്നും ഇരുവശങ്ങളിലേക്കും നിരവധി ഉപമെയിനുകള്‍ (submain) ഘടിപ്പിക്കും. ഈ ഉപമെയിനില്‍ നിന്ന് വിതരണകുഴലുകളും അവയില്‍ നിന്ന് സര്‍വീസ് കണക്ഷനുകളും ഘടിപ്പിക്കുന്നു. ഒഴുക്ക് അവസാനിക്കുന്ന വിധത്തിലുള്ള നിരവധി ഡെഡ് എന്‍ഡുകളും ഉണ്ട്. പൈപ്പുകളുടെ വ്യാസം തിട്ടപ്പെടുത്താനും സ്ഥാപിക്കാനും ഈ സംവിധാനം പ്രയോജനപ്രദമാണ്. വാല്‍വുകളുടെ എണ്ണം കുറച്ചു മതിയാകും എന്ന മെച്ചവുമുണ്ട്. ഡെഡ് എന്‍ഡുകളില്‍ ജലം കെട്ടിക്കിടന്ന് മലിനമാകാനിടയുണ്ടെന്നതും ഏതെങ്കിലും പൈപ്പിന് അറ്റകുറ്റപ്പണി ആവശ്യമായാല്‍ ആ പൈപ്പു മുതല്‍ സര്‍വീസ് കണക്ഷന്‍ വരെയുള്ള എല്ലാ വിതരണപൈപ്പുകളിലെയും ജലപ്രവാഹം നിര്‍ത്തേണ്ടി വരുമെന്നതും സര്‍വീസ് കണക്ഷനിലെത്തുമ്പോള്‍ മര്‍ദം ഗണ്യമായി കുറയുമെന്നതുമാണ് ഈ സംവിധാനത്തിന്റെ പോരായ്മകള്‍.
ii. ഗ്രിഡ് അയണ്‍ സിസ്റ്റം. ഡെഡ് എന്‍ഡ് രീതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചശേഷം ഡെഡ് എന്‍ഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഇത്. ഡെഡ് എന്‍ഡ് സിസ്റ്റത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്ന ഈ സംവിധാനം ദീര്‍ഘചതുരാകൃതിയിലുള്ള പ്രദേശങ്ങള്‍ക്കാണ് അനുയോജ്യം. ചെലവ് കൂടുതലാണെന്നതും വാല്‍വുകളും പൈപ്പുകളും അധികം വേണമെന്നതും പൈപ്പുകളുടെ വ്യാസം തിട്ടപ്പെടുത്താന്‍ പ്രയാസമാണെന്നതുമാണ് ഈ സംവിധാനത്തിന്റെ പോരായ്മകള്‍.
iii. സര്‍ക്കുലര്‍/റിങ് സിസ്റ്റം. നഗരപ്രാന്തത്തില്‍ ഒരു വളയം പോലെ വിതരണമെയിന്‍ സ്ഥാപിക്കുന്നു. ഈ വളയത്തില്‍നിന്ന് കുറുകെ ഉപമെയിനുകളും ഘടിപ്പിക്കുന്നു. എല്ലാ ഭാഗത്തും ഒരുപോലെ മര്‍ദം ലഭിക്കുമെന്നതാണ് ഈ രീതിയുടെ മെച്ചം.
iv. റേഡിയല്‍ സിസ്റ്റം. നഗരമധ്യത്തില്‍ സംഭരണി സ്ഥാപിച്ച് നഗരപരിധിവരെ വിവിധഭാഗങ്ങളിലേക്ക് വിതരണമെയിനുകള്‍ സ്ഥാപിക്കുന്നു. നഗരമധ്യത്തില്‍ നിന്നു വൃത്താകൃതിയില്‍ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍ ഈ സംവിധാനം ഗുണകരമാണ്.
വന്‍നഗരങ്ങളിലെ വര്‍ധിച്ച ജലോപഭോഗം കണക്കിലെടുത്ത് ഒരു കുഴല്‍ വഴി ശുദ്ധജലവും മറ്റൊന്നുവഴി ശുദ്ധീകരിക്കാത്ത ജലവും വിതരണം ചെയ്യാറുണ്ട് (dual distribution system). ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും ജലം ലഭ്യമാക്കുന്ന അവിരാമ വിതരണരീതിയും ഇടയ്ക്കിടെ മാത്രം ജലം ലഭ്യമാക്കുന്ന രീതിയും നിലവിലുണ്ട്. ജലക്ഷാമം മൂലമോ സ്ഥിരമായി ജലം ലഭിക്കാത്തതുമൂലമോ ശുദ്ധീകരണപ്രക്രിയയ്ക്കു തടസ്സം നേരിടുന്ന സാഹചര്യങ്ങളില്‍ ദിവസത്തില്‍ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ ജലവിതരണം ഉണ്ടാകൂ. ജലോപഭോഗം നിയന്ത്രിക്കാനു ദുരുപയോഗം കുറയ്ക്കാനും ഈ നിയന്ത്രിതവിതരണരീതി സഹായകമാണ്.
ഭാവി വികസനങ്ങള്‍. ജനസംഖ്യാ വര്‍ധനവോടെ ജലോപഭോഗം നിയന്ത്രണാതീതമായി വര്‍ധിച്ചിട്ടുണ്ട്. വികസ്വര രാഷ്ട്രങ്ങള്‍ നിലവിലുള്ള ജലവിതരണ പദ്ധതികള്‍ പരിഷ്കരിക്കുകയും നവീകരിക്കുകയും ചെയ്തുവരുന്നു. വികസിത രാഷ്ട്രങ്ങളില്‍ ജലസ്രോതസ്സുകള്‍ മുഴുവന്‍ ചൂഷണം ചെയ്തു കഴിഞ്ഞിരിക്കുന്നതിനാല്‍ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതായിരിക്കുന്നു. ദീര്‍ഘദൂര ഉറവിടങ്ങള്‍ കണ്ടെത്തുക (trans basin diversion works), ഭൂഗര്‍ഭ ഉറവിടങ്ങളിലേക്കുള്ള നീരൊഴുക്ക് കൃത്രിമമായി വര്‍ധിപ്പിക്കുക, സമുദ്രജലത്തിന്റെ വിലവണന (desalting)ത്തിന് ചെലവുകുറഞ്ഞ സങ്കേതങ്ങള്‍ വികസിപ്പിക്കുക, പാഴ്ജല സംസ്കരണം എന്നിവയാണ് ഈ രംഗത്ത് ഗവേഷക ശ്രദ്ധ ഏറെ ആകര്‍ഷിച്ചുവരുന്നത്.
ജലവിതരണം-കേരളത്തില്‍. കേരളത്തില്‍ പൈപ്പുകള്‍ വഴി ജലവിതരണം 1914-ല്‍ ആരംഭിച്ചു. എന്നാല്‍ 85 വര്‍ഷങ്ങള്‍ക്കുശേഷവും നഗരജനസംഖ്യയുടെ 75 ശ.മാനത്തിനും ഗ്രാമ ജനസംഖ്യയുടെ 46 ശ.മാനത്തിനും മാത്രമാണ് ശുദ്ധീകരിച്ച ജലം പൈപ്പുകള്‍ മുഖാന്തിരം ലഭ്യമാക്കാന്‍ സാധിച്ചിട്ടുള്ളത്.
സംസ്ഥാന ജലനയപ്രകാരം കേരള ജല അതോറിറ്റി, സംസ്ഥാന ഭൂഗര്‍ഭജലവകുപ്പ്, കൃഷിവകുപ്പ്, കേരള സംസ്ഥാന വൈദ്യുതിബോര്‍ഡ് തുടങ്ങിയവയാണ് ജലവിതരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍. ഈ വകുപ്പുകള്‍ക്ക് വേണ്ട ശാസ്ത്ര സാങ്കേതിക നിര്‍ദേശങ്ങള്‍ നല്കുന്നത് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് മാനേജ്മെന്റ് (CWRDM) എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. കേരളത്തില്‍ മറ്റു ചില ഗവേഷണ സ്ഥാപനങ്ങളും ജലത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (CDS) കുടിവെള്ളത്തിന്റെ വില നിര്‍ണയിക്കുവാന്‍ നടത്തിയ പഠനങ്ങള്‍; സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് നടത്തിയ ജിയോളജിക്കല്‍ പഠനങ്ങള്‍; സൗരോര്‍ജ പമ്പുകള്‍ പ്രചരിപ്പിക്കുവാന്‍ അനര്‍ട്ട് (ANERT) പ്രാവര്‍ത്തികമാക്കിയ ക്രമീകരണങ്ങള്‍, ഐ എസ് ആര്‍ ഒ (ISRO) യുടെ റിമോട്ട് സെന്‍സിങ് പഠനങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്. നോ: ജലശുദ്ധീകരണം; ജലസംഭരണി; ജലം