This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: ==ചാര്== അനാകാര്‍ഡിയേസി സസ്യകുലത്തിലെ ഒരു വൃക്ഷം. ശാ.നാ.: ഹോളിഗാ...) |
(പുതിയ താള്: ==ചാര്== അനാകാര്‍ഡിയേസി സസ്യകുലത്തിലെ ഒരു വൃക്ഷം. ശാ.നാ.: ഹോളിഗാ...) |
Current revision as of 07:58, 18 ജനുവരി 2016
ചാര്
അനാകാര്‍ഡിയേസി സസ്യകുലത്തിലെ ഒരു വൃക്ഷം. ശാ.നാ.: ഹോളിഗാര്‍ന ആര്നോറ്റിയാനാ (Holigarna arnottiana). കുര്‍ഗിലെയും നീലഗിരിയിലെയും നിത്യഹരിതവനത്തിലും കേരളത്തിന്റെ മിക്കഭാഗങ്ങളിലും ധാരാളമായി വളരുന്നു. നദീതീരങ്ങളിലും നന്നായി വളരും. 15-30 സെ.മീ. നീളവും 5-10 സെ.മീ. വീതിയുമുള്ള, അഗ്രം ഉരുണ്ട, തിളക്കമുള്ള ഇലകളുടെ അടിഭാഗത്തിന് ഇളം പച്ചനിറമാണ്. ഇലകള്‍ക്ക് വളരെ വ്യക്തമായി കാണാവുന്ന 12-20 ജോടി സിരകളുണ്ട്. ഇലഞെടുപ്പ് ചെറുതാണ്. ഏകാന്തരക്രമത്തില്‍ കാണപ്പെടുന്ന ഇലകളുടെ ഞെടുപ്പിനിരുവശത്തും കൊഴിഞ്ഞുപോവുന്ന രണ്ടോ നാലോ ചെറിയ മുള്ളുകള്‍പോലുള്ള അവയവങ്ങളുണ്ട്. വളരെ ചെറിയ ധാരാളം പുഷ്പങ്ങളുള്ള പാനിക്കിളാണ് പുഷ്പമഞ്ജരി. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പാനിക്കിളുകളുണ്ടാകുന്നത്. പുഷ്പങ്ങള്‍ ഏകലിംഗികളാണ്. ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ദളങ്ങള്‍ക്ക് മൂന്നു മി.മീ. നീളമേയുള്ളൂ. ഫലങ്ങള്‍ നീണ്ടുരുണ്ട് അണ്ഡാകൃതിയുള്ളവയാണ്. കറുത്തനിറവും തിളക്കവുമുള്ള കായ്കള്‍ക്ക് നീണ്ട ഞെടുപ്പാണുള്ളത്. കായ്കളുടെ ഏകദേശം പകുതിയിലധികം ഭാഗവും ടോറസിനകത്തായിരിക്കും.
ചാരുമരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ചിലര്‍ക്ക് ശരീരത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാവാറുണ്ട്. എല്ലാവര്ക്കും ഇത് അനുഭവപ്പെടുന്നുമില്ല. തടി ഉണക്കി നടത്തിയ പഠനങ്ങളില്‍ പ്രത്യേക വിഷവസ്തുവൊന്നും കണ്ടെത്തിയിട്ടുമില്ല.
കാട്ടുചേര് എന്ന പരക്കെ അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ തടി കെട്ടിടനിര്‍മാണത്തിനും, വീഞ്ഞപ്പെട്ടി, തീപ്പെട്ടി എന്നിവയുണ്ടാക്കാനും ഉപയോഗിക്കുന്നു. ഇല പച്ചിലവളമാണ്. ഇലയുടെയും കായുടെയും കറ ത്വക്കിന് തടിപ്പുണ്ടാക്കുന്നു. തൊലിയും കായ്കളും ഔഷധനിര്മാണത്തിനുപയോഗിക്കുന്നു. കറ വാര്ണിഷായും വഞ്ചികളില്‍ പുരട്ടി ജലനിബദ്ധമാക്കാനും ഉപയോഗിക്കുന്നു.