This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗസ്ത്യവനം, ബയോളജിക്കല്‍ പാര്‍ക്ക്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 31: | വരി 31: | ||
(ഡോ. ജി.എം. നായര്‍) | (ഡോ. ജി.എം. നായര്‍) | ||
- | [[Category: | + | [[Category:ജീവശാസ്ത്രം]] |
06:26, 9 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്
പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ജൈവവൈവിധ്യം നിറഞ്ഞ ഭൂപ്രദേശം. പ്രകൃതിജന്യമായ അതിരുകളാല്‍ ഈ പ്രദേശത്തിന്റെ നാലു ഭാഗവും സംരക്ഷിതമാണ്. പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ പര്‍വതപ്രദേശത്താണ് അഗസ്ത്യമുടി അഥവാ അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്നും സു. 1,869 മീ. ഉയരമുള്ള ഈ പ്രദേശമാണ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ ഏറ്റവും ഉയരംകൂടിയ സ്ഥലം. സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്ന അഗസ്ത്യമുനി ഈ പര്‍വതപ്രദേശത്ത് തപസ്സുചെയ്തിരുന്നതായാണ് ഐതിഹ്യം. ആയുര്‍വേദത്തിലും ആധുനിക ചികിത്സയിലും ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങള്‍ ഈ പ്രദേശത്തുനിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി അപൂര്‍വയിനം ജന്തുക്കളുടെ ആവാസകേന്ദ്രവുമാണ് ഈ പ്രദേശം. ഈ പ്രദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഇവിടെയുള്ള ജൈവവൈവിധ്യത്തിന്റെ സമുദ്ധാരണവും അവയുടെ സംരക്ഷണവും ലക്ഷ്യമാക്കി ഭാരതസര്‍ക്കാര്‍ ഈ അടുത്തകാലത്തായി അഗസ്ത്യമലയേയും പരിസരപ്രദേശത്തേയും ഉള്‍പ്പെടുത്തി അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കായി പ്രഖ്യാപിക്കുകയുണ്ടായി.
ഏകദേശം 3500 ച.കി.മീ. ആണ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്റെ വിസ്തീര്‍ണം. അനേകം കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും ചോലവനങ്ങളും ചേര്‍ന്ന ഈ പ്രദേശം രേഖാ. 77°5' നും 77° 4' നും അക്ഷാ. 8° 20' നും 8°50' നും ഇടയിലായി സ്ഥിതിചെയ്യുന്നു. ആര്യങ്കാവ് ചുരത്തിന് തെ. ഭാഗത്തായുള്ള ഈ പ്രദേശം കേരളത്തിലെ തിരുവനന്തപുരം ജില്ലയും തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളുടെ ചില ഭാഗങ്ങളും ചേര്‍ന്നതാണ്. ഇതില്‍ത്തന്നെ കേരളത്തിലെയും തമിഴ്നാട്ടിലേതുമായ അഞ്ച് സംരക്ഷിതവനപ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. കേരളത്തിലുള്ള ചെന്തുരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്നാട്ടിലെ മുണ്ടന്‍തുറൈ, കളക്കാട് ഇവയാണ് ഈ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍. ഈ അഞ്ച് സംരക്ഷിത കേന്ദ്രങ്ങളും കൂടി അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം വരും.
പശ്ചിമഘട്ടത്തിലുള്ള മിക്കതരം വനപ്രദേശങ്ങളും അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സസ്യഗവേഷണ സ്ഥാപനമായ ബൊട്ടാണിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ ഈ പ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ മാത്രം കാണുന്ന ഏകദേശം 300 പ്രാദേശികജാതി (endemic) സസ്യഇനങ്ങള്‍ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ അന്‍പതോളം സസ്യഇനങ്ങള്‍ അഗസ്ത്യമലയിലും ചുറ്റുപാടും മാത്രമായി കാണപ്പെടുന്നവയാണ്. ഔഷധസസ്യങ്ങളുടെ കലവറയായ ഈ പ്രദേശത്തുകാണുന്ന മിക്ക സസ്യയിനങ്ങളും അപൂര്‍വങ്ങളോ അഥവാ വംശനാശഭീഷണി നേരിടുന്നവയോ ആണ്. ഏകദേശം 150-ഓളം വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യങ്ങള്‍ ഇവിടെയുണ്ട്. തെ. പടിഞ്ഞാറന്‍, വ. കിഴക്കന്‍ മണ്‍സൂണ്‍ മഴക്കാലങ്ങളില്‍ മഴ നന്നായി ലഭിക്കുന്ന ഈ പ്രദേശത്തു വര്‍ഷത്തില്‍ 90 സെ.മീ. മുതല്‍ ഏകദേശം 625 സെ.മീ. വരെ മഴ ലഭിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് 21°C നും 38°Cനും ഇടയിലാണ്. വര്‍ഷം മുഴുവന്‍ ലഭിക്കുന്ന സൂര്യപ്രകാശവും ഉയര്‍ന്ന വര്‍ഷപാതവും, അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രത(humidity)യുമാണ് ഈ പ്രദേശത്തെ ലോകത്തിലെ തന്നെ ജൈവസമ്പന്നമേഖലകളുടെ മുന്‍നിരയില്‍ നിര്‍ത്തുന്ന ഘടകങ്ങള്‍. പശ്ചിമഘട്ടത്തിലേതു പോലെയുള്ള ഉഷ്ണമേഖലാവനങ്ങള്‍, ഇലപൊഴിയും കാടുകള്‍, മഴക്കാടുകള്‍, ചോലവനങ്ങള്‍, പുല്‍മേടുകള്‍ എന്നിവയെല്ലാം ഈ പ്രദേശത്തും കാണുന്നു.
അഗസ്ത്യകൂടമലയും ചുറ്റുമുള്ള മഴക്കാടുകളും പുല്‍മേടുകളും ചേര്‍ന്ന, മനുഷ്യര്‍ക്ക് അത്ര പെട്ടെന്ന് ചെന്നെത്താന്‍ പറ്റാത്ത പ്രദേശമാണ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്റെ 'കോര്‍' അഥവാ 'നാച്ചുറല്‍ സോണ്‍' എന്നറിയപ്പെടുന്നത്.
അഗസ്ത്യമലയില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നുമായി അനേകം ചെറിയ അരുവികള്‍ ഉദ്ഭവിക്കുകുയം അവയെല്ലാം കൂടിച്ചേര്‍ന്ന് പ്രധാനപ്പെട്ട നാലു നദികളായി മാറുകയും ചെയ്യുന്നു. ഇതില്‍ താമ്രപര്‍ണിയും കോതായാറും തമിഴ്നാട്ടിലൂടെയും നെയ്യാര്‍, കരമനയാര്‍ തുടങ്ങിയവ കേരളത്തിലൂടെയും ഒഴുകുന്നു.
കൃഷിയ്ക്കും ഗാര്‍ഹികാവശ്യങ്ങള്‍ക്കുമുള്ള ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നെയ്യാറിന്റേയും കരമനയാറിന്റേയും ആധാരഭാഗത്തായി ഓരോ അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. തന്മൂലം നല്ലൊരു ശതമാനം സസ്യങ്ങള്‍ ജലത്തിനടിയില്‍പെട്ട് നശിച്ചുപോയി. അനധികൃതമായ ഔഷധസസ്യശേഖരണവും ഈ പ്രദേശത്തെ അമൂല്യ സസ്യശേഖരത്തെ നഷ്ടമാക്കുന്നുണ്ട്.
അഗസ്ത്യമലയിലെ സസ്യസമ്പത്തിനെക്കുറിച്ച് ഒരേകദേശ രൂപം നമുക്ക് നല്‍കിയിട്ടുള്ളത് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സര്‍വേയിലെയും ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും (പാലോട്) ശാസ്ത്രജ്ഞരാണ്. ടി.ബി.ജി.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞനായ ഡോ. എന്‍. മോഹനന്റെ ഫ്ളോറ ഒഫ് അഗസ്ത്യമല എന്ന ഗ്രന്ഥത്തില്‍ അഗസ്ത്യമലയിലും അതിനുചുറ്റിലുമായുള്ള ഏകദേശം 200 ച.കി.മീ. പ്രദേശത്തെ സപുഷ്പിസസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 585 ജീനസുകളിലായി ഏകദേശം 1117 സ്പീഷീസ് ഇവിടെ നിന്ന് മാത്രമായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 30-ഓളം സ്പീഷീസ് ഇന്ത്യന്‍ റെഡ് ഡേറ്റ ബുക്കില്‍ (വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം) സ്ഥാനം പിടിച്ചിട്ടുള്ളവയാണ്.
അഗസ്ത്യമലയിലേയും പരിസര പ്രദേശത്തേയും സസ്യജന്തുജാലങ്ങളുടെ സര്‍വേ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്നു വേണം കരുതാന്‍. പുതിയ ഇനം സസ്യങ്ങളെ ഓരോ വര്‍ഷവും ഈ ഭാഗത്തുനിന്നും ഗവേഷകര്‍ കണ്ടെത്തുന്നത് ഇതിനൊരു തെളിവാണ്.
മനുഷ്യര്‍ ഭക്ഷ്യാവശ്യത്തിനും മറ്റുമായി കൃഷി ചെയ്യുന്ന നിരവധി സസ്യങ്ങളുടെ വന്യജാതികള്‍ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 92-ലധികം സ്പീഷിസ് ഇതില്‍പ്പെടുന്നു. ഇതില്‍ ധാന്യവര്‍ഗങ്ങള്‍ പയറുവര്‍ഗങ്ങള്‍ മറ്റ് സുഗന്ധവര്‍ഗസസ്യങ്ങള്‍ എന്നിവയുടെയെല്ലാം വന്യ ഇനങ്ങള്‍ കാണപ്പെടുന്നുണ്ട്. പഴവര്‍ഗങ്ങളുടെയും കിഴങ്ങ് വര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും നല്ലൊരു ശേഖരം തന്നെയുണ്ട് ഈ പ്രദേശങ്ങളില്‍. കൂവരക്, നെല്ല്, പ്ളാവ്, കുടമ്പുളി, മാവ്, വാഴ, അമ്പഴം, ഞാവല്‍, വയണ, മഞ്ഞള്‍, കുരുമുളക്, ഇഞ്ചി, ചീര, വഴുതന, ചുണ്ട, കാച്ചില്‍, ചേന തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്.
മറ്റു വനപ്രദേശങ്ങളെപ്പോലെ തന്നെ അഗസ്ത്യമലയും പരിസര പ്രദേശവും മനുഷ്യനിര്‍മിത പ്രവര്‍ത്തനങ്ങളാലും മറ്റു കാരണത്താലും നശീകരണ ഭീഷണി നേരിടുന്നുണ്ട്. ഇതിനാല്‍ ജൈവവൈവിധ്യത്തിനും അതുവഴി കോട്ടം തട്ടുന്നുണ്ട്. അമിതമായ ഔഷധ സസ്യശേഖരണം ഇന്ന് പല സസ്യങ്ങളെയും അത്യപൂര്‍വങ്ങളോ വംശനാശഭീഷണി നേരിടുന്നവയോ ആയി മാറ്റിയിട്ടുണ്ട്. മരമഞ്ഞള്‍, അടപതിയന്‍, ആരോഗ്യപച്ച, അമൃതപാല, സര്‍പ്പഗന്ധി തുടങ്ങിയ ഔഷധസസ്യങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.
അലങ്കാര സസ്യങ്ങളുടെ വന്‍ശേഖരവും ഈ പ്രദേശത്തുണ്ട്. പല പുതിയ സങ്കരയിനങ്ങളും വികസിപ്പിച്ചെടുക്കാന്‍ പ്രാപ്തമായവയാണ് ഇവയില്‍ പലതും. ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഓര്‍ക്കിഡുകള്‍. പശ്ചിമഘട്ടത്തില്‍ കാണുന്ന ഏകദേശം 300-ഓളം ഓര്‍ക്കിഡ് ഇനങ്ങളില്‍ 80-ലധികം സ്പീഷീസ് ഈ പ്രദേശത്ത് കാണപ്പെടുന്നു. ഇവയില്‍ പലതും മനോഹരങ്ങളായ പുഷ്പങ്ങളോടുകൂടിയവയും മുന്തിയതരം സങ്കരയിനങ്ങള്‍ ഉത്പാദിപ്പിക്കുവാനുതകുന്നവയുമാണ്. വിലയേറിയ ലേഡീസ് സ്ളിപ്പര്‍ എന്ന പാഫിയോപെഡിലം ഡ്രൂറി അഗസ്ത്യമലയില്‍ മാത്രം കാണപ്പെടുന്നവയാണ്. ഐ.യു.സി.എന്നിന്റെ റെഡ് ഡേറ്റ ബുക്കില്‍ സ്ഥനംപിടിച്ചിട്ടുള്ള ഈ ഓര്‍ക്കിഡ് സാധാരണ ഓര്‍ക്കിഡുകളില്‍നിന്നും വ്യത്യസ്തമായി മണ്ണില്‍ വളരുന്ന ഒന്നാണ്. സ്വര്‍ണവര്‍ണ നിറമുള്ള പുഷ്പങ്ങളോടുകൂടിയ ഇവ മുന്തിയതരം സങ്കരയിനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ പറ്റുന്നവയാണ്. ഇവിടെനിന്നും അടുത്തകാലത്തായി കണ്ടെത്തിയ ഒരു പുതിയ ഓര്‍ക്കിഡ് ജീനസ്സാണ് ഏല്‍ഹെല്‍ഡ്രിയ. ഏല്‍ഹെല്‍ഡ്രിയ റൊട്ടന്റിഫോളിയ എന്ന് നാമകരണം ചെയ്ത ഈ ഓര്‍ക്കിഡ് അഗസ്ത്യമലയില്‍ മാത്രം കാണുന്നവയാണ്.
സസ്യസമ്പത്തുപോലെതന്നെ ജന്തുവര്‍ഗങ്ങളാലും സമൃദ്ധമാണ് അഗസ്ത്യവനവും പരിസര പ്രദേശവും. അകശേരുകികള്‍, വിവിധതരം പക്ഷികള്‍, ഉരഗങ്ങള്‍ വിവിധയിനം സസ്തനികള്‍ ഇവയെല്ലാം ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്നു.
ഇന്ത്യാ ഗവണ്‍മെന്റ് ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം കണക്കിലെടുത്ത് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കായി പ്രഖ്യാപിച്ചതുവഴി (1997-ല്‍) ഇവിടെയുള്ള സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്. ബയോളജിക്കല്‍ പാര്‍ക്ക് ആയതിനുശേഷമുള്ള വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ ഇവിടത്തെ ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു.
(ഡോ. ജി.എം. നായര്‍)