This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെറ്റിസ്ബര്‍ഗ് യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗെറ്റിസ്ബര്‍ഗ് യുദ്ധം== ==Gettysburg Battle== അമേരിക്കന്‍ ആഭ്യന്തരയുദ്ധ...)
(പുതിയ താള്‍: ==ഗെറ്റിസ്ബര്‍ഗ് യുദ്ധം== ==Gettysburg Battle== അമേരിക്കന്‍ ആഭ്യന്തരയുദ്ധ...)
 

Current revision as of 05:54, 28 ഒക്ടോബര്‍ 2015

ഗെറ്റിസ്ബര്‍ഗ് യുദ്ധം

Gettysburg Battle

അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് 1863 ജൂല. 1 മുതല്‍ 3 വരെ പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗില്‍ വച്ചുനടന്ന യുദ്ധം. സൗത്ത് കരോലിന, മിസിസിപ്പി, ഫ്ളോറിഡ, അലബാമ, ജോര്‍ജിയ, ലൂയിസിയാന, ടെക്സാസ്, വെര്‍ജിനിയ, ടെനിസി, അര്‍ക്കന്‍സാസ്, നോര്‍ത്ത് കരോലിന എന്നീ പതിനൊന്ന് ദക്ഷിണ സംസ്ഥാനങ്ങള്‍ ഒരു വശത്തും മറ്റുള്ള ഇരുപത്തിയൊന്ന് സംസ്ഥാനങ്ങള്‍ എതിര്‍വശത്തുമായിട്ടാണ് അമേരിക്കന്‍ ആഭ്യന്തരയുദ്ധം നടന്നത്. 1861 ഏ. 12-ന് ആരംഭിച്ച ആഭ്യന്തരയുദ്ധം നാലുവര്‍ഷം (1865 ഏ. 9 വരെ) നീണ്ടു നിന്നു. ആദ്യത്തെ രണ്ടുവര്‍ഷം വിജയം ദക്ഷിണ സംസ്ഥാനങ്ങള്‍ക്കായിരുന്നു. 1862 സെപ്. 17-ന് അന്റീറ്റം യുദ്ധത്തോടുകൂടിയാണ് ഗതി മാറിയത്. ജനറല്‍ ലീയുടെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേറ്റ് സൈന്യവും മക്ളല്ലന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ഫലമായി ലീയുടെ സൈന്യത്തിന് പിന്‍മാറേണ്ടി വന്നു. എന്നാല്‍ ഇത് വേണ്ടപോലെ പ്രയോജനപ്പെടുത്താന്‍ മക്ളല്ലനു കഴിഞ്ഞില്ല. അതിനാല്‍ ലിങ്കണ്‍ അദ്ദേഹത്തെ സൈനികനേതൃത്വത്തില്‍ നിന്നൊഴിവാക്കി. തല്‍സ്ഥാനത്ത് ജനറല്‍ ബേണ്‍സൈഡിനെ നിയമിച്ചു. എന്നാല്‍ 1862 ഡി. 13-നു ഫ്രഡറിക് ബര്‍ഗില്‍വച്ച് ജനറല്‍ ലീ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബേണ്‍സൈഡിന്റെ പിന്‍ഗാമിയായി ജനറല്‍ ജോസഫ്ഹ്യൂക്കറെ 1863 മേയില്‍ ചാന്‍സലേഴ്സ് വില്ലില്‍വച്ച് ജനറല്‍ ലീ തോല്പിച്ചു. അതിനെത്തുടര്‍ന്ന് ഉത്തരസ്റ്റേറ്റുകള്‍ ആക്രമിക്കാന്‍ ജനറല്‍ ലീ പദ്ധതി തയ്യാറാക്കി. എന്നാല്‍ 1863 ജൂല. 1 മുതല്‍ 3 വരെ പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗില്‍ വച്ചു നടന്ന യുദ്ധത്തില്‍ ലീയുടെ സൈന്യത്തിന് പരാജയം നേരിട്ട് പിന്‍വാങ്ങേണ്ടിവന്നു. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിലെ നിര്‍ണായകമായ സമരമായിരുന്നു ഗെറ്റിസ്ബര്‍ഗ് യുദ്ധം. ഇത് കോണ്‍ഫെഡറേറ്റ് സൈന്യത്തിന്റെ തുടര്‍ച്ചയായ പരാജയത്തിന്റെ പ്രാരംഭമായിരുന്നു. ഇതിനിടയില്‍ 1863 ജനു. 1-ന് അടിമത്തത്തിനെതിരായ ലിങ്കന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനമുണ്ടായി.

ഗെറ്റിസ്ബര്‍ഗിലെ യൂണിയന്‍ പോരാളികള്‍ 85,000 പേരായിരുന്നു. കോണ്‍ഫെഡറേറ്റ് സൈന്യത്തിന്റെ ഭാഗത്ത് 70,000 മുതല്‍ 75,000 വരെ ഭടന്മാരുണ്ടായിരുന്നു. മരിച്ചവരും മുറിവേറ്റവരും പിടിക്കപ്പെട്ടവരും കാണാതായവരുമായി 23,049-ല്‍ അധികം പേര്‍ യൂണിയന്‍ ഭാഗത്തും 28,063-ല്‍ അധികം പേര്‍ കോണ്‍ഫെഡറേറ്റുപക്ഷത്തും നഷ്ടമായി. അമേരിക്കയുടെ 87-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ (ജൂല. 4, 1863) കോണ്‍ഫെഡറേറ്റ് സൈന്യം, യൂണിയന്‍ സൈന്യത്തിന് കീഴടങ്ങി. നോ. അമേരിക്കന്‍ ആഭ്യന്തരയുദ്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍