This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാന്ധി, മോഹന്‍ദാസ് കരംചന്ദ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ക്യാബിനറ്റ് മിഷന്‍.)
(ഇന്ത്യയുടെ വിഭജനം.)
വരി 190: വരി 190:
മുസ്ലിംലീഗ് പിടിവാശി ഉപേക്ഷിച്ച് വൈസ്രോയിയുടെ പ്രേരണപ്രകാരം ഇടക്കാല ഗവണ്‍മെന്റില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ വിസമ്മതിച്ചു. ഈ നടപടി വൈസ്രോയി വേവലിനെ ഒരു മധ്യസ്ഥന്റെ നിലയിലേക്ക് ഉയര്‍ത്തി. വേവലിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹത്തിന് നിയമത്തില്‍ പാണ്ഡിത്യമുള്ള ഒരു ഉപദേഷ്ടാവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഗാന്ധിജി ബ്രിട്ടീഷ് ഗവണ്‍മെന്റിന് കത്തെഴുതി. ഇന്ത്യയിലെ പ്രതിസന്ധിയില്‍ സൃഷ്ടിപരമായ എന്തെങ്കിലും സംഭാവന ചെയ്യാന്‍ വേവല്‍ അപ്രാപ്തനാണെന്ന് പ്രധാനമന്ത്രി ആറ്റ്ലി മനസ്സിലാക്കി. ഇതിന്റെ ഫലമായി 1948 ജൂണിനകം അധികാരം ഇന്ത്യാക്കാര്‍ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പ്രഖ്യാപനമുണ്ടായി. മൗണ്ട് ബാറ്റന്‍ പ്രഭുവിനെ വൈസ്രോയി ആയി നിയമിച്ചു.
മുസ്ലിംലീഗ് പിടിവാശി ഉപേക്ഷിച്ച് വൈസ്രോയിയുടെ പ്രേരണപ്രകാരം ഇടക്കാല ഗവണ്‍മെന്റില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ വിസമ്മതിച്ചു. ഈ നടപടി വൈസ്രോയി വേവലിനെ ഒരു മധ്യസ്ഥന്റെ നിലയിലേക്ക് ഉയര്‍ത്തി. വേവലിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹത്തിന് നിയമത്തില്‍ പാണ്ഡിത്യമുള്ള ഒരു ഉപദേഷ്ടാവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഗാന്ധിജി ബ്രിട്ടീഷ് ഗവണ്‍മെന്റിന് കത്തെഴുതി. ഇന്ത്യയിലെ പ്രതിസന്ധിയില്‍ സൃഷ്ടിപരമായ എന്തെങ്കിലും സംഭാവന ചെയ്യാന്‍ വേവല്‍ അപ്രാപ്തനാണെന്ന് പ്രധാനമന്ത്രി ആറ്റ്ലി മനസ്സിലാക്കി. ഇതിന്റെ ഫലമായി 1948 ജൂണിനകം അധികാരം ഇന്ത്യാക്കാര്‍ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പ്രഖ്യാപനമുണ്ടായി. മൗണ്ട് ബാറ്റന്‍ പ്രഭുവിനെ വൈസ്രോയി ആയി നിയമിച്ചു.
-
=== ഇന്ത്യയുടെ വിഭജനം. ===
+
=== ഇന്ത്യയുടെ വിഭജനം===
 +
 
 +
മൗണ്ട് ബാറ്റന്‍ വന്നയുടനെ തന്നെ ഗാന്ധിജിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് ബീഹാറിലെ തന്റെ സമാധാന ദൗത്യത്തിനിടയില്‍ ഗാന്ധിജി ഡല്‍ഹിയിലെത്തി പുതിയ വൈസ്രോയിയെ സന്ദര്‍ശിച്ചു. കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ മുസ്ലിം ലീഗ് ചേരാന്‍ വിസമ്മതിച്ചതുകൊണ്ടും ക്യാബിനറ്റ് മിഷന്‍ പദ്ധതി അവര്‍ നിരസിച്ചതുകൊണ്ടും ഇന്ത്യയുടെ വിഭജനം മാത്രമാണ് പോംവഴിയായി കണ്ടെത്തിയത്. രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ ഗാന്ധിജി ഇടക്കാല ഗവണ്‍മെന്റിലെ മന്ത്രിമാര്‍ക്ക് വിട്ടുകൊടുത്തു. വിഭജനത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേലും അനുകൂലമായിരുന്നു. എങ്കിലും ഗാന്ധിജി വ്യക്തിപരമായി വിഭജനത്തിന് എതിരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗീകരിച്ച വിഭജനഫോര്‍മുലയെ എതിര്‍ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. എ.ഐ.സി.സി.യില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും വിഭജനപ്രമേയം പാസാക്കുന്നതിന് സഹായകമായ നിലപാട് എടുത്തു. വിഭജനം ഗാന്ധിജിക്കും, മൗലാനാ ആസാദിനും, ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാനും മറ്റനേകം പേര്‍ക്കും വേദനാജനകമായിരുന്നു. മഹത്തായ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിക്ക് ഇന്ത്യയുടെ വിഭജനം തടയുവാനുള്ള പ്രായോഗിക പരിപാടികളില്ലായിരുന്നു.
-
മൗണ്ട് ബാറ്റന്‍ വന്നയുടനെ തന്നെ ഗാന്ധിജിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് ബീഹാറിലെ തന്റെ സമാധാന ദൗത്യത്തിനിടയില്‍ ഗാന്ധിജി ഡല്‍ഹിയിലെത്തി പുതിയ വൈസ്രോയിയെ സന്ദര്‍ശിച്ചു. കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ മുസ്ലിം ലീഗ് ചേരാന്‍ വിസമ്മതിച്ചതുകൊണ്ടും ക്യാബിനറ്റ് മിഷന്‍ പദ്ധതി അവര്‍ നിരസിച്ചതുകൊണ്ടും ഇന്ത്യയുടെ വിഭജനം മാത്രമാണ് പോംവഴിയായി കണ്ടെത്തിയത്. രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ ഗാന്ധിജി ഇടക്കാല ഗവണ്‍മെന്റിലെ മന്ത്രിമാര്‍ക്ക് വിട്ടുകൊടുത്തു. വിഭജനത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേലും അനുകൂലമായിരുന്നു. എങ്കിലും ഗാന്ധിജി വ്യക്തിപരമായി വിഭജനത്തിന് എതിരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗീകരിച്ച വിഭജനഫോര്‍മുലയെ എതിര്‍ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. എ.ഐ.സി.സി.യില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും വിഭജനപ്രമേയം പാസാക്കുന്നതിന് സഹായകമായ നിലപാട് എടുത്തു. വിഭജനം ഗാന്ധിജിക്കും, മൗലാനാ ആസാദിനും, ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാനും മറ്റനേകം പേര്‍ക്കും വേദനാജനകമായിരുന്നു. മഹത്തായ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിക്ക് ഇന്ത്യയുടെ വിഭജനം തടയുവാനുള്ള പ്രായോഗിക പരിപാടികളില്ലായിരുന്നു.
 
-
   
 
=== ഗാന്ധിജിയും സ്വാതന്ത്ര്യദിനവും.===
=== ഗാന്ധിജിയും സ്വാതന്ത്ര്യദിനവും.===

14:44, 18 ഓഗസ്റ്റ്‌ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

ഗാന്ധി, മോഹന്‍ദാസ് കരംചന്ദ്

Gandhi, Mohandas Karamchand (1869 - 1948)

ഇന്ത്യയുടെ രാഷ്ട്രപിതാവ്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന് എതിരായും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും അക്രമരഹിതമാര്‍ഗത്തിലൂടെ സമരം ചെയ്ത മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1869 ഒ. 2-ന് കരംചന്ദ് ഗാന്ധിയുടെയും പുട്ലി ബായിയുടെയും ഇളയപുത്രനായി ഗുജറാത്തിലെ സൗരാഷ്ട്രയില്‍പ്പെട്ട പോര്‍ബന്തര്‍ നഗരത്തില്‍ ജനിച്ചു.

കുടുംബപശ്ചാത്തലം

പൂര്‍വികന്മാര്‍

ഗാന്ധിജിയുടെ ആറു മുന്‍തലമുറകളെപ്പറ്റിയുള്ള വിവരം മാത്രമേ ഇപ്പോഴുള്ളൂ. ലഭ്യമായ വിവരങ്ങള്‍ ലാല്‍ജി ഗാന്ധിവരെ ചെന്നെത്തിനില്‍ക്കുന്നു. ജുനാഗാദിലെ ഒരു മുസ്ലിം പ്രഭുകുടുംബത്തിലെ ഭൂസ്വത്തുക്കളുടെ മാനേജരായിരുന്നു ലാല്‍ജി. പോര്‍ബന്തറിലെ ദഫ്താരി (ഡെപ്യൂട്ടിദിവാന്‍) എന്ന ഉദ്യോഗത്തില്‍ നിയമിതനായി. ലാല്‍ജി ഗാന്ധിയുടെ പുത്രനും പൗത്രനായ രഹിദാസു ഇതേ ഉദ്യോഗത്തിലുണ്ടായിരുന്നു. പോര്‍ബന്തറില്‍ മഹാത്മാഗാന്ധി ജനിച്ച മൂന്നുനില കെട്ടിടം 1777-ല്‍ രഹിദാസിന്റെ പുത്രനായ ഹര്‍ജീവന്‍ ഗാന്ധിയാണ് വിലയ്ക്കു വാങ്ങിയത്. ഹര്‍ജീവന്‍ ഗാന്ധിയുടെ പുത്രനായ ഉത്തംചന്ദ് ഗാന്ധി 25-ാമത്തെ വയസ്സില്‍ പോര്‍ബന്തറിലെ ദിവാനായി. പ്രഗല്ഭനായ ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം പ്രശസ്തിനേടി. റാണായുടെ നിര്യാണശേഷം റീജന്റ് ആയി വന്ന രൂപലിബാ റാണിയുമായി സ്വരച്ചേര്‍ച്ച ഇല്ലാതായതിനെ തുടര്‍ന്ന് ഉത്തംചന്ദും കുടുംബവും ജുനാഗാദിലെ തറവാട്ടു വീട്ടിലേക്കു താമസം മാറ്റി. ജുനാഗാദിലെ നവാബിനെ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രിപദം സ്വീകരിക്കാന്‍ നവാബ് ആവശ്യപ്പെട്ടു. അതിനു സന്നദ്ധനല്ലാത്ത ഉത്തംചന്ദിന് വേറൊരു പദവിയും ചില നികുതിസൗജന്യങ്ങളും നവാബ് നല്കുകയുണ്ടായി.

പിതാവ്

റീജന്റ് അന്തരിച്ചപ്പോള്‍ ഉത്തംചന്ദിനെ പോര്‍ബന്തറിലെ ദിവാനായി നിയമിക്കുവാന്‍ നീക്കമുണ്ടായെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. ഉത്തംചന്ദിന്റെ പുത്രനായ കരംചന്ദ് ആയിരുന്നു പകരം നിയമിതനായത് (1847) അദ്ദേഹം 28 കൊല്ലം ഈ പദവിയിലിരുന്നു. ഇക്കാലത്താണ് മോഹന്‍ദാസ് പോര്‍ബന്തറിലെ തറവാട്ടു ഭവനത്തില്‍ ജനിക്കുന്നത്. ദിവാനായിരുന്ന കാലത്തും ഇവിടെത്തന്നെ താമസിച്ചിരുന്ന കരംചന്ദും കുടുംബവും ഏതാനും മുറികള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. മറ്റു മുറികള്‍ കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ് ഉപയോഗിച്ചിരുന്നത്. 'മോഹ്നിയ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന മോഹന്‍ദാസിന് അഞ്ചുവയസ്സ് പ്രായമുള്ളപ്പോള്‍ (1874) പോര്‍ബന്തറിലെ ദിവാന്‍പദം കരംചന്ദ് തന്റെ സഹോദരനായ തുളസിദാസിനെ ഏല്പിച്ചശേഷം രാജ്കോട്ടില്‍ ഉദ്യോഗം സ്വീകരിക്കുകയും 1876-ല്‍ അവിടെ ദിവാനാകുകയും ചെയ്തു. തന്റെ പിതാവിനെപ്പോലെ കരംചന്ദും നിര്‍ഭയനും സത്യസന്ധനുമായ ഭരണാധികാരിയായിരുന്നു. രാജ്കോട്ടിലെ രാജാവിനെപ്പറ്റി മോശമായ രീതിയില്‍ സംസാരിച്ച അസിസ്റ്റന്റ് പൊളിറ്റിക്കല്‍ ഏജന്റിനെ താക്കീതു ചെയ്തതിന് കരംചന്ദ് അറസ്റ്റുചെയ്യപ്പെട്ടു. എന്നാല്‍ തന്റെ നിലപാടില്‍നിന്ന് മാറുകയില്ല എന്നു മനസ്സിലായപ്പോള്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് വിമുക്തനാക്കി. മറ്റൊരവസരത്തില്‍ കൃത്യസമയത്ത് സന്ദര്‍ശിക്കാന്‍ ചെന്ന കരംചന്ദിനോട് വെളിയില്‍ കാത്തിരിക്കാന്‍ പൊളിറ്റിക്കല്‍ ഏജന്റ് ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് കരംചന്ദ് തിരികെ പോകുകയും എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ അത് ഏഴുതി അയയ്ക്കാന്‍ ആവശ്യപ്പെട്ടു കത്തയ്ക്കുകയും ചെയ്തു. ഈ കാര്യത്തില്‍ രാജാവ് കരംചന്ദിനെ ശക്തിയായി പിന്താങ്ങിയതുകൊണ്ട് ഒന്നും സംഭവിച്ചില്ല. പോര്‍ബന്തറിനെക്കാള്‍ ചെറുതായിരുന്നെങ്കിലും കത്തിയവാറിലെ പ്രധാന നഗരമായിരുന്ന രാജ്കോട്ട് ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാജ്കോട്ട് സൗരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനമായി. ഇന്ന് അത് ഒരു സര്‍വകലാശാലാ കേന്ദ്രം കൂടിയാണ്. ഗാന്ധിജി ഹൈസ്കൂള്‍ വിദ്യാഭ്യാസം രാജ്കോട്ടിലാണ് നിര്‍വഹിച്ചത്. വാങ്കാനെര്‍ എന്ന സംസ്ഥാനത്തിലെ ദിവാനായി അഞ്ചുവര്‍ഷത്തേക്ക് കരംചന്ദ് നിയമിതനായെങ്കിലും ഏതാനും മാസക്കാലത്തെ ഭരണത്തിനുശേഷം രാജാവുമായുള്ള അഭിപ്രായവ്യത്യാസം മൂലം ഉദ്യോഗം രാജിവയ്ക്കുകയുണ്ടായി. വീണ്ടും രാജ്കോട്ട് ദിവാനായ കരംചന്ദ് ആരോഗ്യം ശിഥിലമായതിനെത്തുടര്‍ന്ന് ഉദ്യോഗത്തില്‍നിന്ന് വിരമിക്കുകയും 1886-ല്‍ അന്തരിക്കുകയും ചെയ്തു. ധീരനും, സത്യസന്ധനും, ഉദാരശീലനുമായ കരംചന്ദ് 'കാബാഗാന്ധി' എന്നാണ് അറിയപ്പെട്ടിരുന്നത്.

ഗാന്ധിജി തന്റെ പിതാവിനെ സ്നേഹബഹുമാനങ്ങളോടെ ആദരിച്ചിരുന്നു. അച്ഛന്റെ പ്രതീക്ഷയ്ക്കൊത്ത് ജീവിതത്തില്‍ ഉയരണമെന്ന് യൗവനകാലംമുതല്‍ മോഹന്‍ദാസ് മനസ്സിലുറപ്പിച്ചു. തന്റെ മകനെ ബാരിസ്റ്റര്‍ പഠനത്തിന് അയയ്ക്കണമെന്ന് ആഗ്രഹിച്ച കരംചന്ദ് ഇക്കാര്യം ജ്യേഷ്ഠനായ ലക്ഷ്മിദാസിനോട് പറയുകയും ചെയ്തിരുന്നു.

മാതാവും സഹോദരങ്ങളും

കാബാഗാന്ധി നാലുപ്രാവശ്യം വിവാഹം ചെയ്യുകയുണ്ടായി. 14-ാമത്തെ വയസ്സില്‍ വിവാഹം ചെയ്ത ആദ്യത്തെ ഭാര്യ അന്തരിച്ചശേഷം 25-ാം വയസ്സില്‍ ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ഈ രണ്ടു വിവാഹങ്ങളില്‍നിന്ന് രണ്ടു പുത്രിമാര്‍ ജനിച്ചു. മൂന്നാമത്തെ ഭാര്യയില്‍ കുട്ടികളില്ലാത്തതുകൊണ്ട് അവരുടെ സമ്മതത്തോടെ കാബാഗാന്ധി നാലാമതും വിവാഹം ചെയ്തു. നാലാമത്തെ പത്നിയായ പുട്ലി ബായിയാണ് ഗാന്ധിജിയുടെ മാതാവ്. പുട്ലി ബായിയില്‍ കാബാഗാന്ധിക്ക് മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തി മാതാവായ പുട്ലി ബായിയായിരുന്നു. നിത്യവും ക്ഷേത്രദര്‍ശനവും വ്രതങ്ങളും നിഷ്കര്‍ഷയോടെ ഇവര്‍ അനുഷ്ഠിച്ചിരുന്നു. വ്രതം അനുഷ്ഠിക്കുന്ന അവസരങ്ങളില്‍ ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാറുണ്ടായിരുന്നുള്ളു. സമ്പൂര്‍ണ ഉപവാസം അനുഷ്ഠിക്കുന്ന ദിവസങ്ങളും ഉണ്ടായിരുന്നു. പുട്ലി ബായിക്കു ഔപചാരികവിദ്യാഭ്യാസം താരതമ്യേന കുറവായിരുന്നുവെങ്കിലും ഹിന്ദു പുരോഹിതന്മാരും ജൈനസന്ന്യാസികളും അവരെ സന്ദര്‍ശിച്ചു ആത്മീയസംവാദങ്ങളിലേര്‍പ്പെടുമായിരുന്നു. ഹിന്ദുമതത്തിന്റെയും ഇസ്ലാമിന്റെയും തത്ത്വസംഹിതകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള 'പ്രണാമി' എന്ന വിഭാഗത്തില്‍പ്പെട്ടവരായിരുന്നു പുട്ലി ബായിയുടെ മാതാപിതാക്കന്മാര്‍. തന്റെ വിവാഹത്തിനുശേഷം വിഗ്രഹങ്ങള്‍ ഇല്ലാത്ത പോര്‍ബന്തറിലെ പ്രണാമി ക്ഷേത്രത്തില്‍ അമ്മയോടൊപ്പം പോയതായി ഗാന്ധിജി രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ ആനും ഹിന്ദുമതഗ്രന്ഥങ്ങളും പ്രണാമി ക്ഷേത്രങ്ങളില്‍ വച്ചിരുന്നു. മതാനുഷ്ഠാനങ്ങളിലുള്ള നിഷ്ഠ മത്രമല്ല, രാജ്യകാര്യങ്ങളിലും വേണ്ടത്ര അറിവും പുട്ലി ബായിക്ക് ഉണ്ടായിരുന്നു.

തന്റെ അമ്മയെ ഭക്ത്യാദരപൂര്‍വം മാത്രം കണ്ടിരുന്ന ഗാന്ധിജി അവരെ വിമര്‍ശനവിധേയമാക്കിയിട്ടേയില്ല. മദ്യമാംസാദികള്‍ വര്‍ജിക്കുമെന്ന് അമ്മയ്ക്കു കൊടുത്ത വാഗ്ദാനം ഇംഗ്ലീണ്ടിലെ ജീവിതകാലം മുഴുവനും ഗാന്ധിജി പാലിക്കുകയുണ്ടായി. ഈശ്വരനോടുള്ള അര്‍പ്പണബോധം, അഹിംസാമാര്‍ഗം, നിരാഹാരവ്രതം, മൗനവ്രതം എന്നിവയില്‍ പുട്ലി ബായിയുടെ സ്വാധീനം പുത്രനില്‍ കാണാവുന്നതാണ്. ഗാന്ധിജിയെ പ്രഗല്ഭനായ രാഷ്ട്രീയ നേതാവാക്കിയതില്‍ പിതാവിന്റെ സ്വാധീനം കാണാം. എന്നാല്‍ മഹാത്മാ എന്ന വിശേഷണത്തിന് ഇദ്ദേഹത്തെ അര്‍ഹനാക്കിയതില്‍ അമ്മയ്ക്കാണ് പ്രമുഖ പങ്കുള്ളത്.

വിവാഹവും കൗമാരവും

പതിമൂന്നാമത്തെവയസ്സില്‍ ഗാന്ധിജി ഏകദേശം സമപ്രായക്കാരിയായ കസ്തൂര്‍ബായെ വിവാഹം ചെയ്തു. അതിനുമുമ്പ് രണ്ടു പ്രാവശ്യം വിവാഹനിശ്ചയം നടന്നുവെങ്കിലും ആ ബാലികമാര്‍ അന്തരിക്കുകയാണ് ഉണ്ടായത്. പോര്‍ബന്തറിലെ സമ്പന്നനായ ഒരു വ്യാപാരിയുടെ മകളായിരുന്ന കസ്തൂര്‍ബാ.

ഭര്‍ത്താവെന്ന നിലയില്‍ ഭാര്യയുടെ മേല്‍ അധികാരം ചെലുത്താന്‍ ശ്രമിച്ചതിനെപ്പറ്റി ഗാന്ധിജി ആത്മകഥയില്‍ പറയുന്നുണ്ട്. തന്റെ സമ്മതം കൂടാതെ ഒരിടത്തും പോകാന്‍ പാടില്ല എന്ന് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ഇതിനു വഴിപ്പെടാന്‍ കസ്തൂര്‍ബാ തയ്യാറായിരുന്നില്ല. നിരക്ഷരയായ കസ്തൂര്‍ബായെ പഠിപ്പിക്കുവാനുള്ള ശ്രമവും വിഫലമായി. പലപ്പോഴും പരസ്പരം കലഹിച്ചെങ്കിലും കസ്തൂര്‍ബായോട് മോഹന്‍ദാസിനുള്ള കലശലായ പ്രേമം പിണക്കങ്ങളെ ഇണക്കങ്ങളാക്കിമാറ്റി. ദക്ഷിണാഫ്രിക്കയിലെ ആദ്യകാലജീവിതത്തിനിടയ്ക്കും കസ്തൂര്‍ബായുമായി പലപ്പോഴും അഭിപ്രായഭിന്നതകളുണ്ടായിട്ടുണ്ട്. ബ്രഹ്മചര്യം അനുഷ്ഠിക്കാനുള്ള തീരുമാനം കസ്തൂര്‍ബായുടെ അനുവാദത്തോടെയാണ് എടുത്തത്. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കസ്തൂര്‍ബാ ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. ആഗാഖാന്‍ കൊട്ടാരത്തില്‍ ഗാന്ധിജിയോടൊന്നിച്ച് ജയിലില്‍ പാര്‍ക്കുന്ന വേളയില്‍ കസ്തൂര്‍ബാ അന്തരിച്ചു (1944).

അനുസരണാശീലവും സത്യനിഷ്ഠയും കുട്ടിക്കാലം മുതലേ മോഹന്‍ദാസ് പരിപാലിച്ചുപോന്നു. ശ്രാവണ പിതൃഭക്തി, ഹരിശ്ചന്ദ്രന്‍ എന്നീ നാടകങ്ങള്‍ കണ്ടതോടെ ഈ മൂല്യങ്ങളിലുള്ള മോഹന്‍ദാസിന്റെ വിശ്വാസം ദൃഢതരമാകുന്നതിന് സഹായകമായി. എന്നാല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ആ കാലഘട്ടത്തിലെ ചില ചാപല്യങ്ങളില്‍ കുടുങ്ങി. ഒരു മുസ്ലിം സഹപാഠിയായ ഷേക്ക് വെഹ്താബിന്റെ പ്രേരണമൂലം രഹസ്യമായി മാംസവിഭവങ്ങള്‍ ഭക്ഷിച്ചു തുടങ്ങി. ഇന്ത്യാക്കാരെ അടക്കിഭരിക്കാനുള്ള ഉരുക്കുമുഷ്ഠി ഇംഗ്ലീഷുകാര്‍ക്കുണ്ടായത് മാംസം ഭക്ഷിക്കുന്നതുകൊണ്ടാണെന്നുള്ള കേട്ടറിവ് ഇക്കാലത്ത് ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു. പുകവലിയും രഹസ്യമായി ശീലിച്ചു. അച്ഛനമ്മമാര്‍ അറിയാതെ പണം എടുത്താണ് ഇതൊക്കെ ചെയ്തത്. ഇത്തരം ദുഃശീലങ്ങളില്‍ പശ്ചാത്താപം തോന്നിയപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തു. മാപ്പു ചോദിച്ചുകൊണ്ടുള്ള ഒരു കത്ത് അച്ഛന് കൊടുക്കുകയുണ്ടായി.

ഇംഗ്ലണ്ടിലേക്ക്

ഗാന്ധിജിക്കു പതിനാറു വയസ്സുള്ളപ്പോള്‍ അച്ഛന്‍ അന്തരിച്ചു. അടുത്തവര്‍ഷം മെട്രിക്കുലേഷന്‍ പാസായ ഗാന്ധിജി ഭവനഗറിലുള്ള സമല്‍ദാസ് കോളജില്‍ ഇന്റര്‍മീഡിയറ്റ് ക്ലാസ്സില്‍ ചേര്‍ന്നു. ഇംഗ്ലീഷില്‍ വേണ്ടത്ര പ്രാവീണ്യം ഗാന്ധിജിക്ക് ഇല്ലായിരുന്നു. വെക്കേഷന്‍ കാലത്ത് രാജ്കോട്ടിലെത്തിയ ഗാന്ധിജി കുടുംബസുഹൃത്തായ മാവ്ജിദാവേയോട് തന്റെ പരാജയം മുന്‍കൂട്ടി അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് മോഹന്‍ദാസിനെ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാന്‍ ഇംഗ്ലീണ്ടിലയയ്ക്കാന്‍ പാടില്ല എന്ന് മൂത്തസഹോദരനായ ലക്ഷ്മിദാസിനോട് മാവ്ജി ചോദിച്ചു. മൂന്നു വര്‍ഷത്തെ പഠനത്തിന് പതിനായിരം രൂപ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. മെഡിക്കല്‍ വിദ്യാഭ്യാസമാണ് ഗാന്ധിജി ആഗ്രഹിച്ചത്. എന്നാല്‍ നിയമവിദ്യാഭ്യാസമാണ് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നത് എന്നു ലക്ഷ്മിദാസ് തറപ്പിച്ചു പറഞ്ഞു. അച്ഛനും മുത്തച്ഛനും വഹിച്ച ദിവാന്‍ പദം ലഭിക്കണമെങ്കില്‍ ഒരു ബാരിസ്റ്ററായാല്‍ മാത്രമേ സാധിക്കുകയുള്ളൂ എന്നു ലക്ഷ്മിദാസിന് അറിയാമായിരുന്നു. പോര്‍ബന്തര്‍, രാജ്കോട്ട് സര്‍ക്കാരുകളില്‍ നിന്ന് ഒരു സ്കോളര്‍ഷിപ്പ് വാങ്ങിക്കുവാനുള്ള ശ്രമം വിജയിച്ചില്ല. ഒടുവില്‍ ആവശ്യമായ പണം ലക്ഷ്മിദാസ് കടം വാങ്ങിക്കൊടുത്തു.

പ്രഗല്ഭനായ അച്ഛന്‍, അതിപ്രഗല്ഭനായ മുത്തച്ഛന്‍ ഇവരുടെ ഭരണപരമായ പാരമ്പര്യം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് 19 വയസ് തികയുന്നതിനുമുമ്പ് ഗാന്ധിജി ഇംഗ്ലീണ്ടിലേക്ക് കപ്പല്‍ കയറിയത്. അവസാന നിമിഷത്തില്‍പ്പോലും സ്വജാതിയില്‍പ്പെട്ട പ്രമാണിമാര്‍ വിദേശയാത്ര (കടല്‍കടന്നുള്ള യാത്ര നിഷിദ്ധമായിരുന്നു) മുടക്കാന്‍ നോക്കി. കപ്പല്‍ യാത്രയ്ക്കുള്ള പണം ഒരു ബന്ധുവിനെ ഏല്പിച്ചാണ് ഗാന്ധിജിയുടെ ജ്യേഷ്ഠന്‍ ബോംബെ വിട്ടത്. എന്നാല്‍ സമുദായഭ്രഷ്ട് പേടിച്ച് അയാള്‍ പണം കൊടുക്കാന്‍ വിസമ്മതിച്ചു. അവസാനം കുറേ പണം കടം വാങ്ങിയാണ് 1888 സെപ്. 4-ന് ഗാന്ധിജി കപ്പല്‍ കയറിയത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള പരിചയക്കുറവ്, കത്തിയും മുള്ളും ഉപയോഗിക്കാനുള്ള പരിശീലനമില്ലായ്മ, സഹജമായ ലജ്ജ ഇതെല്ലാംകൊണ്ട് ഗാന്ധിജി കപ്പലിലെ ക്യാബിനിലൊതുങ്ങിക്കഴിഞ്ഞു. ശരത്കാലത്ത് വെളുത്ത സൂട്ടും ധരിച്ച് സതാംപ്റ്റണിലെത്തിയ ഗാന്ധിജിയെ പലരും പരിഹാസപൂര്‍വമാണ് വീക്ഷിച്ചത്.

ലണ്ടനിലെ ജീവിതം

ലണ്ടനിലെ ജീവിതകാലത്ത് സസ്യാഹാരം തുടരണമെന്നുളള നിര്‍ബന്ധംമൂലം ആദ്യദിവസങ്ങള്‍ അര്‍ധപട്ടിണിയിലാണ് ഗാന്ധിജി കഴിഞ്ഞത്. ലണ്ടനില്‍ ഒരു സസ്യഭോജനശാല കണ്ടെത്തിയത് വലിയ ആശ്വാസമായി. സസ്യാഹാരത്തിന്റെ മേന്മയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിച്ചതോടെ അമ്മയോടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ മാത്രമല്ല, ഒരു ആദര്‍ശമെന്നനിലയിലും സസ്യാഹാരം ശീലിക്കേണ്ടത് ആവശ്യമാണെന്ന് ഗാന്ധിജിക്കു ബോധ്യമായി. സസ്യാഹാര സംഘടനകളിലെ സജീവാംഗമായി. പലരും പറഞ്ഞതനുസരിച്ചു ഒന്നരമാസക്കാലം മുട്ട ഉപയോഗിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ അമ്മയുടെ ദൃഷ്ടിയിലുള്ള സസ്യഭക്ഷണക്രമത്തില്‍ മുട്ട ഉള്‍പ്പെടുന്നില്ലെന്നു കരുതി അത് ഉപേക്ഷിച്ചു. പാശ്ചാത്യസംസ്കാരവുമായി അലിഞ്ഞുചേരുന്നതിന് ആദ്യകാലത്ത് ഗാന്ധിജി ഒരു ശ്രമം നടത്തി. വേഷത്തില്‍ വേണ്ട പരിഷ്കാരം വരുത്തുകയും, ഡാന്‍സ് പഠിക്കുകയും, ഫ്രഞ്ച്ഭാഷ പഠിക്കുവാന്‍ ശ്രമിക്കുകയും, വയലിന്‍ പരിശീലനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞപ്പോള്‍ താന്‍ ചെയ്യുന്നത് മഠയത്തരമാണെന്നും ബുദ്ധിമുട്ടി പണം അയച്ചു തരുന്ന ജ്യേഷ്ഠനെ മറക്കുകയാണെന്നും ഗാന്ധിജിക്ക് തോന്നിയതിനാല്‍ ആ ശ്രമം ഉപേഷിച്ചു. ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കുകയും സ്വയം പാകം ചെയ്ത ആഹാരം കഴിക്കുകയും ബസ് യാത്ര കുറയ്ക്കുകയും ചെയ്തു.

സസ്യഭോജനം പ്രചരിക്കുന്നതിനുവേണ്ടിയുള്ള പല യോഗങ്ങളിലും ഗാന്ധിജി പങ്കെടുത്തെങ്കിലും പ്രസംഗം ചെയ്യാന്‍ ലജ്ജകൊണ്ട് സാധിച്ചിരുന്നില്ല. ഇന്ത്യയിലേക്കു തിരിച്ചപ്പോള്‍ ഭാവുകമാശംസിച്ചുനടത്തിയ വിരുന്നു സത്കാരത്തില്‍ ഒരു വാചകം മാത്രമേ മറുപടി പറയാന്‍ കഴിഞ്ഞുള്ളൂ. സസ്യഭുക്കുകളുടെ സമാജമല്ലാതെ ഗാന്ധിജി പങ്കെടുത്ത ഒരേ ഒരു സംഘടന ഇന്ത്യന്‍ മുസ്ലിങ്ങളുടെ 'അല്‍ജുമാന്‍ ഇസ്ലാമിയ' ആയിരുന്നു. ഇവിടെ അമുസ്ലിങ്ങള്‍ക്കും സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഗാന്ധിജിയെ കൂടാതെ ഈ സംഘടനയുടെ യോഗങ്ങളില്‍ സംബന്ധിച്ചവര്‍ കേന്ദ്ര അസംബ്ലി പ്രസിഡന്റായിരുന്ന സര്‍ അബ്ദുര്‍ റഹിം, ബിഹാറിലെ കോണ്‍ഗ്രസ് നേതാവായിരുന്ന മസ്സാദുള്‍ ഹക്ക്, സര്‍ മഹബദ് ഷാഫി, ലിബറല്‍ നേതാവും കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ ആദ്യത്തെ പ്രസിഡന്റുമായിരുന്ന സച്ചിദാനന്ദ സിന്‍ഹ, പഞ്ചാബിലെ നേതാവായ ഹര്‍കിഷന്‍ലാല്‍ ഗൌബ എന്നിവരായിരുന്നു. മിതഭാഷിയായിരുന്ന ഗാന്ധിജി, ദേശീയ പ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തിയിരുന്നു. എന്നാല്‍ ബ്രിട്ടനിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവണതകളില്‍ ഗാന്ധിജിയ്ക്ക് താത്പര്യമൊന്നുമുണ്ടായിരുന്നില്ല. തിയോസഫിസ്റ്റുകളായ ആനി ബസന്റ്, മാഡം ബ്ളവാറ്റ്സ്കി എന്നിവരുമായി ഗാന്ധിജി പരിചയപ്പെടുകയും ബ്ളവാറ്റ്സ്കി ലോഡ്ജിലെ അസോസിയേറ്റ് മെമ്പറായി ചേരുകയും ചെയ്തു. എന്നാല്‍ പിന്നീട് മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. തിയോസഫി പ്രചരിപ്പിച്ച ലോകസാഹോദര്യം എന്ന ആശയം ഗാന്ധിജിയെ വശീകരിച്ചുവെങ്കിലും ആ പ്രസ്ഥാനത്തിന്റെ മറ്റു പല വശങ്ങളുമായി ഗാന്ധിജിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ഗീത, ബൈബിള്‍ എന്നീ ഗ്രന്ഥങ്ങള്‍ ഗാന്ധിജി വായിക്കുകയുണ്ടായി. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് പലരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ബാരിസ്റ്റര്‍ പഠനത്തിന് ഗാന്ധിജി ചേര്‍ന്നത് 'ഇന്നര്‍ ടെമ്പിളി'ലായിരുന്നു. ഓരോ ടേമിലും ആറു ദിവസമെങ്കിലും ഡിന്നറിന് ഹാജരാകണമെന്ന നിബന്ധനയല്ലാതെ ക്ലാസുകളില്‍ ഹാജരാകണമെന്ന് അവിടെ നിര്‍ബന്ധമില്ലായിരുന്നു. ലണ്ടന്‍ മെട്രിക്കുലേഷന്‍ പാസായെങ്കിലും സര്‍വകലാശാലാ പഠനത്തിന് ഗാന്ധിജി ഉദ്യമിച്ചില്ല. 1891 ജൂണ്‍ 12-ന് ബാരിസ്റ്റര്‍ പരീക്ഷ പാസായശേഷം ഗാന്ധിജി ഇന്ത്യയിലേക്കു പുറപ്പെട്ടു. അപ്പോഴാണ് അമ്മയുടെ മരണത്തെപ്പറ്റി അറിഞ്ഞത്. ഗാന്ധിജിക്ക് ഇതൊരു വലിയ ആഘാതമായി. സഹോദരന്റെ ഉപദേശപ്രകാരം നാസിക്കില്‍ പോയി പഞ്ചവടിയില്‍ കുളിച്ച് പ്രായശ്ചിത്തം ചെയ്തെങ്കിലും സ്വജാതിയില്‍പ്പെട്ട ചിലര്‍ ഗാന്ധിജിയെയും കുടുംബത്തെയും സാമൂഹികമായി ബഹിഷ്കരിക്കുന്ന 'ഊരുവിലക്ക്' തുടര്‍ന്നു.

ബാരിസ്റ്റര്‍ ഗാന്ധി

ബോംബെയില്‍ പോയി ബാരിസ്റ്ററായി പ്രാക്റ്റീസ് ചെയ്യാന്‍ ആരംഭിച്ച ഗാന്ധിജിക്ക് കോടതിയില്‍ കേസ് വാദിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇദ്ദേഹം രാജ്കോട്ടില്‍ തിരികെവരികയും ഹര്‍ജികള്‍ തയ്യാറാക്കുന്ന ജോലിമാത്രം ചെയ്യുകയും അതില്‍ നിന്ന് പ്രതിമാസം മുന്നൂറുരൂപ ആദായം ഉണ്ടാക്കുകയും ചെയ്തു. പോര്‍ബന്തറിലെ ഉദ്യോഗസ്ഥനായ സഹോദരനുവേണ്ടി ലണ്ടനില്‍വച്ച് ഗാന്ധിജി പരിചയപ്പെട്ടിരുന്ന പൊളിറ്റിക്കല്‍ ഏജന്റിനെ കാണാന്‍ ഗാന്ധിജി നിര്‍ബന്ധിതനായി. 'വെള്ളക്കാരനായ' ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റം ധിക്കാരപരമായിരുന്നു. ഗാന്ധിജി പറയുന്നതു കേള്‍ക്കണ്ട എന്നു പറഞ്ഞ് അയാള്‍ ഇദ്ദേഹത്തെ പുറത്താക്കി. വെള്ളക്കാരന് എതിരായി കേസ് കൊടുക്കാന്‍ ആഗ്രഹിച്ച ഗാന്ധിജിയെ ആ ഉദ്യമത്തില്‍ നിന്ന് പ്രസിദ്ധ ബാരിസ്റ്ററായ ഫിറോസ് ഷാ മേത്ത പിന്തിരിപ്പിച്ചു. ഇന്ത്യയില്‍ ഇത്തരം അനുഭവങ്ങള്‍ സാധാരണമാണ് എന്നാണ് ഫിറോസ് ഷാ മേത്ത പറഞ്ഞത്. പൊളിറ്റിക്കല്‍ ഏജന്റായ ഒലിവന്റുമായി (പില്ക്കാലത്ത് സര്‍ ചാള്‍സ് ഒലിവന്റ്) ശത്രുതയില്‍ വര്‍ത്തിച്ചുകൊണ്ട് പ്രാക്റ്റീസ് ചെയ്യാനോ അല്ലെങ്കില്‍ പ്രധാനപ്പെട്ട ഒരു ഉദ്യോഗം സമ്പാദിക്കാനോ സാധ്യമായിരുന്നില്ല എന്ന് ഗാന്ധിജിക്ക് ബോധ്യമായി. അപ്രതീക്ഷിതമായിട്ടാണ് പോര്‍ബന്തര്‍കാരനായ ഒരു മെമന്‍ മുസ്ലിം കച്ചവടസ്ഥാപനത്തിന് ദക്ഷിണാഫ്രിക്കയില്‍ കേസ് നടത്താനായി ഒരു ബാരിസ്റ്ററെ ആവശ്യമുണ്ടെന്ന് ഗാന്ധിജിയുടെ സഹോദരനു കത്ത് കിട്ടിയത്. യാത്രാച്ചെലവ് ഉള്‍പ്പെടെ എല്ലാ ചെലവുകളും കഴിച്ച് 105 പവന്‍ പ്രതിഫലം കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ ചെയ്യേണ്ട ജോലി ഒരു ഗുമസ്തന്റെ പണിമാത്രമാണെന്ന് ഗാന്ധിജിക്ക് തോന്നിയെങ്കിലും ജോലി സ്വീകരിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. ഒരു പക്ഷേ പൊളിറ്റിക്കല്‍ ഏജന്റിന്റെ ധിക്കാരപരമായ പെരുമാറ്റമായിരിക്കാം ഗാന്ധിജിയെ രാജ്കോട്ട് വിടാന്‍ പ്രേരിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയിലേക്ക്

1893 ഏപ്രില്‍ മാസത്തില്‍ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് കപ്പല്‍ കയറി. ഒന്നാം ക്ലാസ്സില്‍ സ്ഥലമില്ലാത്തതുകൊണ്ട് ക്യാപ്റ്റന്റെ ക്യാബിനില്‍ ഗാന്ധിജിക്ക് സ്ഥലം ഒരുക്കി. വെള്ളക്കാരനായ ക്യാപ്റ്റനുമായി സുഹൃദ്ബന്ധം സ്ഥാപിച്ചു. ഡര്‍ബന്‍ തുറമുഖത്ത് ദാദാ അബ്ദുള്ളാ സേട്ട് ഗാന്ധിജിയെ സ്വീകരിച്ചു. കേസ് പഠിച്ചശേഷം അതിന്റെ നടത്തിപ്പിന് ഉപദേശം കൊടുക്കുവാനായി പ്രിറ്റോറിയയിലേക്ക് ട്രെയിന്‍മാര്‍ഗം തിരിച്ചു. മാരിറ്റ്സ്ബര്‍ഗില്‍ രാത്രി ഒമ്പതുമണിക്ക് ട്രെയിന്‍ എത്തിയപ്പോള്‍ ഗാന്ധിജി സഞ്ചരിച്ചിരുന്ന ഒന്നാംക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ ഒരു വെള്ളക്കാരന്‍ വരികയും വേറെ മുറിയില്‍ പോകാന്‍ ഗാന്ധിജിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ച ഗാന്ധിജിയെ റെയില്‍വേ ഉദ്യോഗസ്ഥന്മാരും ഒരു പോലീസുകാരനും ചേര്‍ന്ന് പുറത്താക്കി. രാത്രി മുഴുവന്‍ ശൈത്യമേറിയ വെയിറ്റിങ്റൂമില്‍ ഗാന്ധിജി കഴിച്ചുകൂട്ടി. രാവിലെ റെയില്‍വേ കമ്പനി ജനറല്‍ മാനേജര്‍ക്കും അബ്ദുള്ളാ സേട്ടിനും ഇതുസംബന്ധമായി കമ്പി അടിച്ചു. പിറ്റേ ദിവസം വൈകുന്നേരം ഒരു റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റില്‍ പ്രിറ്റോറിയയ്ക്ക് തിരിച്ചു. അടുത്തദിവസം രാവിലെ ചാള്‍സ് ടൌണില്‍ വണ്ടി എത്തുകയും ജൊഹാനസ്ബര്‍ഗിലേക്കു കുതിരപൂട്ടിയ കോച്ചില്‍ യാത്ര ആരംഭിക്കുകയും ചെയ്തു. നേരത്തെ ടിക്കറ്റ് വാങ്ങിയിരുന്നെങ്കിലും ഇന്ത്യാക്കാരനാണ് എന്നുകണ്ട് കോച്ചിനകത്തു സ്ഥലം നല്‍കാതെ കോച്ച് ഡ്രൈവറുടെ സമീപത്ത് സ്ഥലം കൊടുത്തു. കുറേ കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ കോച്ചിനകത്തുനിന്ന് പുകവലിക്കുന്നതിനുവേണ്ടി പുറത്തുവരികയും ഗാന്ധിജിയോട് നിലത്തിരിക്കാന്‍ പറയുകയും ചെയ്തു. ഇതിനു വിസമ്മതിച്ച ഗാന്ധിജിയെ അയാള്‍ ചെകിട്ടത്തടിച്ചു. ഇതെല്ലാം കണ്ട യാത്രക്കാര്‍ ഗാന്ധിജിയെ അകത്ത് ഇരിക്കാന്‍ അനുവദിച്ചു. ഒടുവില്‍ അതേ സ്ഥലത്തിരുന്നുതന്നെ ഗാന്ധിജി യാത്ര തുടര്‍ന്നു. പട്ടണത്തിലെത്തിയപ്പോള്‍ കാത്തുനിന്ന ഇന്ത്യാക്കാര്‍ ഗാന്ധിജിയെ സ്വീകരിച്ച് താമസത്തിന് ഏര്‍പ്പാടു ചെയ്തു. ജൊഹാനെസ്ബര്‍ഗില്‍ എത്തിയ ഗാന്ധിജി തന്നെ കാത്തുനിന്ന ആളിനെ കാണാത്തതുകൊണ്ട് ഒരു ഹോട്ടലില്‍ പോയെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു. ഒടുവില്‍ തന്റെ കക്ഷിയുടെ ഭവനം കണ്ടുപിടിച്ചു. അവിടെയുള്ളവര്‍ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ച് ഗാന്ധിജിയെ പറഞ്ഞു മനസ്സിലാക്കി. തിരിച്ച് പ്രിറ്റോറിയയിലേക്ക് പോകേണ്ടിവന്ന ഗാന്ധിജി ഒന്നാംക്ലാസിലേ സഞ്ചരിക്കുകയുള്ളൂ എന്നു ശഠിച്ചു. ഈ യാത്രയിലും ഗാര്‍ഡുവന്ന് ഗാന്ധിജിയെ ഇറക്കിവിടാന്‍ ശ്രമിച്ചു. എന്നാല്‍ കൂടെയുള്ള യാത്രക്കാരന്‍ ഗാന്ധിജിയോടൊന്നിച്ച് യാത്ര ചെയ്യാന്‍ വിരോധമില്ലെന്നു പറഞ്ഞതുകൊണ്ട് യാത്ര തുടര്‍ന്നു. ഡര്‍ബനില്‍ നിന്ന് പ്രിറ്റോറിയയിലേക്കുള്ള യാത്ര ഗാന്ധിജിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലേക്കു മടങ്ങിയാലോ എന്നുവരെ ഇദ്ദേഹം ആലോചിച്ചു. ഒടുവില്‍ അനീതിക്ക് എതിരായി സമരം ചെയ്യാനാണു തീരുമാനിച്ചത്.

നേതൃത്വത്തിന്റെ ആദ്യപടികള്‍

പ്രിറ്റോറിയയില്‍ താമസമുറപ്പിച്ച ഗാന്ധിജി ആഴ്ചയില്‍ 35 ഷില്ലിങ് വാടകയ്ക്ക് ഒരു യൂറോപ്യന്‍ കുടുംബത്തില്‍ അതിഥിയായി കൂടി. ഗൃഹസ്ഥനായ ബാരിസ്റ്റര്‍ ബേക്കര്‍ അവിടത്തെ പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനായോഗങ്ങളിലും മറ്റു സാമൂഹിക പരിപാടികളിലും ഇദ്ദേഹത്തെ പങ്കെടുപ്പിച്ചു. ക്രിസ്തുമതത്തെക്കുറിച്ചു ഗാന്ധിജി കൂടുതല്‍ അറിവു സമ്പാദിച്ചു. ഇദ്ദേഹം അവിടെയുള്ള ഇന്ത്യാക്കാരുടെ ഒരു യോഗം വിളിച്ചുകൂട്ടി. കോടതിയില്‍പ്പോലും സംസാരിക്കാന്‍ സാധിക്കാതിരുന്ന ഗാന്ധിജി സ്വന്തം നാട്ടുകാരോട് അവരുടെ പ്രശ്നങ്ങളെപ്പറ്റി ദീര്‍ഘമായി സംസാരിച്ചു. അവരുടെ നിവേദനങ്ങള്‍ അധികാരികളെ അറിയിക്കുന്നതിന് ഒരു സമാജം സ്ഥാപിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ നിര്‍ദേശം ബഹുഭൂരിപക്ഷം മുസ്ലിം കച്ചവടക്കാരടങ്ങിയ ആ സദസ് ഉത്സാഹപൂര്‍വം അംഗീകരിച്ചു. 'ശരിയായ രീതിയില്‍' വസ്ത്രധാരണം ചെയ്ത ഇന്ത്യാക്കാര്‍ക്ക് റെയില്‍വേയില്‍ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സും ടിക്കറ്റ് നല്കാമെന്ന് റെയില്‍വേയെക്കൊണ്ടു സമ്മതിപ്പിച്ചത് ഗാന്ധിജിയുടെ ഒരു വിജയമായിരുന്നു. ത്യാബ് മഹമ്മദ് എന്ന ഇന്ത്യാക്കാരനെ ട്രെയിനില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ അയാള്‍ 100 പവന്‍ നഷ്ടപരിഹാരം വേണമെന്ന് കോടതിയില്‍ വാദിക്കുകയും കേസ് അയാള്‍ക്ക് അനുകൂലമായിത്തീരുകയും ചെയ്തത് ഗാന്ധിജിയുടെ വിജയത്തിന്റെ ഭാഗമായിരുന്നു. ആഫ്രിക്കക്കാരും ഇന്ത്യാക്കാരും പുറത്തിറങ്ങുമ്പോള്‍ ഓരോ ഷില്ലിങ് വിലയുള്ള പാസ് ഓരോ യാത്രയ്ക്കും കൊണ്ടുനടക്കണമെന്ന് നിയമമുണ്ടായിരുന്നു. പാസ്സില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഒരു സര്‍ട്ടിഫിക്കറ്റ് ഗവര്‍ണറില്‍നിന്നു നേടാന്‍ വെള്ളക്കാരായ സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാന്ധിജിക്കു സാധ്യമായി. എന്നാല്‍ പ്രസിഡന്റ് ക്രൂഗറുടെ ഔദ്യോഗിക വസതിയുടെ അടുത്തുള്ള പാതയിലൂടെ നടക്കുമ്പോള്‍ ഒരു പട്ടാളക്കാരന്‍ ഗാന്ധിജിയെ തൊഴിച്ചുമാറ്റി. സംഭവത്തിനു സാക്ഷിയായ ഒരു യൂറോപ്യന്‍ ആ സൈനികനെ ശാസിക്കുകയും അയാള്‍ മാപ്പുപറയുവാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. തന്റെ കക്ഷിയായ ദാദാ അബ്ദുള്ളയുടെ കേസ് ഒത്തുതീര്‍പ്പിലാക്കുന്നതില്‍ ഗാന്ധിജി പ്രധാന പങ്കുവഹിച്ചു. 1894 ജൂണില്‍ കേസ് തീര്‍ന്നതോടെ ഗാന്ധിജി ഇന്ത്യയിലേക്കു പോകാന്‍ തീരുമാനിക്കുകയും ദാദാ അബ്ദുള്ള ഡര്‍ബനില്‍ വച്ച് ഒരു യാത്രയയപ്പ് സത്കാരം സംഘടിപ്പിക്കുകയും ചെയ്തു. അവിടെ കൂടിയിരുന്ന ഇന്ത്യാക്കാരുമായി സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യന്‍ വംശജര്‍ക്ക് അതുവരെയുണ്ടായിരുന്ന വോട്ടവകാശം നിഷേധിക്കുന്നതിനുള്ള ബില്‍ പാസാക്കാന്‍ പോകുന്നതായി കേട്ടത്. ഈ സാഹചര്യത്തില്‍ ഗാന്ധിജി ദക്ഷിണാഫ്രിക്ക വിടാന്‍ പാടില്ല എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഗാന്ധിജി ഒരു മാസം കൂടി യാത്ര നീട്ടിവച്ച് ബില്ലിനെതിരായി പ്രവര്‍ത്തനം ആരംഭിച്ചു. അങ്ങനെ 25 വയസ് തികയുന്നതിനുമുമ്പുതന്നെ ഗാന്ധിജി ബഹുജനനേതൃത്വത്തിനു തുടക്കം കുറിച്ചു.

അഞ്ഞൂറ് ഇന്ത്യാക്കാര്‍ ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വോട്ടവകാശ ബില്ലിന്റെ ചര്‍ച്ച നേറ്റാള്‍ നിയമസഭ രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചെങ്കിലും അവസാനം ബില്‍ പാസാക്കുക തന്നെ ചെയ്തു. ഈ തീരുമാനത്തിനെതിരായി അന്നു കൊളോണിയല്‍ സെക്രട്ടറിയായ റിപ്പണ്‍പ്രഭുവിന് (മുന്‍ഇന്ത്യാ വൈസ്രോയി) 10,000 ഇന്ത്യാക്കാര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു. ഈ പ്രക്ഷോഭണം നയിക്കാന്‍ തന്റെ സേവനം അനിവാര്യമാണെന്നു കണ്ട ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ സ്ഥിരമായി താമസിക്കാന്‍ തീരുമാനിച്ചു. ഇന്ത്യാക്കാരുടെ 20-ഓളം കേസുകള്‍ ഗാന്ധിജിക്കു ലഭിച്ചു. ഗാന്ധിജി സെക്രട്ടറിയായും ദാദാ അബ്ദുള്ള അധ്യക്ഷനായും നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെട്ടു. ഭാര്യയെയും കുട്ടികളെയും കൂട്ടിക്കൊണ്ടുവരുന്നതിനും ഇന്ത്യയിലെ നേതാക്കളെയും ജനങ്ങളെയും ദക്ഷിണാഫ്രിക്കന്‍ സ്ഥിതിഗതികള്‍ മനസ്സിലാക്കിക്കുന്നതിനുംവേണ്ടി 1896-ല്‍ ഗാന്ധിജി ഇന്ത്യയിലേക്ക് തിരിച്ചു. ഇന്ത്യയിലെ പ്രമുഖ നേതാക്കന്മാരായ ഫിറോസ് ഷാ മേത്ത, ഗോപാല്‍ കൃഷ്ണ ഗോഖലെ, ലോകമാന്യ തിലക്, എന്നിവരെ ഗാന്ധിജി സന്ദര്‍ശിച്ചു. ചില യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. മദ്രാസ് സ്റ്റാന്‍ഡേര്‍ഡിന്റെ പത്രാധിപരായ ജി. പരമേശ്വരന്‍ പിള്ളയുമായി ഗാന്ധിജി പരിചയപ്പെടുകയും പത്രത്തിന്റെ പംക്തികള്‍ ദക്ഷിണാഫ്രിക്കന്‍ പ്രശ്നത്തെപ്പറ്റിയുള്ള ലേഖനങ്ങള്‍ക്കായി ഒഴിച്ചിടാന്‍ പരമേശ്വരന്‍ പിള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഹിന്ദു പത്രാധിപരായ ജി. സുബ്രഹ്മണ്യയ്യരും ഗാന്ധിജിയോട് സൗഹാര്‍ദം പുലര്‍ത്തി. എന്നാല്‍ കൊല്‍ക്കത്തയില്‍ ചെന്നപ്പോള്‍ ദേശീയപത്രങ്ങളായ അമൃതബസാര്‍ പത്രികയും ബംഗാളിയും ഗാന്ധിജിയെ അവഗണിക്കുകയാണുണ്ടായത്. എങ്കിലും ഇംഗ്ലീഷുകാരുടെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ്സ്മാന്‍ പത്രം മമതയോടെ സ്വീകരിച്ചു. അന്ന് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയില്‍ ഒരു പൊതുയോഗം കൂടുന്നതിനെപ്പറ്റി സുരേന്ദ്രനാഥ ബാനര്‍ജി മുതലായവരുമായി ചര്‍ച്ച ചെയ്തെങ്കിലും പ്രതികരണം പ്രതികൂലമായിരുന്നു. എങ്കിലും അതിനുവേണ്ടിയുള്ള ശ്രമം തുടര്‍ന്നു. ഇതിനിടയിലാണ് ഉടന്‍ മടങ്ങിയെത്തണമെന്ന കമ്പി ദക്ഷിണാഫ്രിക്കയില്‍ നിന്നു കിട്ടുന്നത്. പത്നി കസ്തൂര്‍ബാ, പുത്രന്മാരായ ഹരിലാല്‍, മണിലാല്‍ എന്നിവരൊന്നിച്ച് ഗാന്ധിജി ദാദാ അബ്ദുള്ളയുടെ കപ്പലില്‍ ദക്ഷിണാഫ്രിക്കയിലേക്കു തിരിച്ചു.

ഇന്ത്യയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രശ്നത്തെപ്പറ്റി ഗാന്ധിജി പ്രചരിപ്പിച്ച ലഘുലേഖയും ചെയ്ത പ്രസംഗങ്ങളും അവിടെ വെള്ളക്കാരുടെ രോഷം ഗാന്ധിജിക്ക് എതിരായി തിരിയാനിടയാക്കി. കപ്പലില്‍ നിന്ന് ഇറങ്ങിയ ഗാന്ധിജിയെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. ഗാന്ധിജിക്ക് അടിയും ചവിട്ടും കിട്ടി. എന്നാല്‍ അവിടെയെത്തിച്ചേര്‍ന്ന പൊലീസ് സൂപ്രണ്ടിന്റെ ഭാര്യ ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ഇന്ത്യാക്കാരനായ റസ്റ്റംജിയുടെ വീട്ടില്‍ ഗാന്ധിജി എത്തി എന്നറിഞ്ഞ് വെള്ളക്കാര്‍ വീടു വളഞ്ഞു. പൊലീസ് സൂപ്രണ്ടിന്റെ ഉപദേശപ്രകാരം ഒരു പോലീസുകാരന്റെ വേഷത്തില്‍ ഗാന്ധിജി രക്ഷപ്പെട്ടു. ഗാന്ധിജിയെ ഉപദ്രവിച്ചവര്‍ക്കെതിരെ കേസ് നടത്താന്‍ ബ്രിട്ടനിലെ കൊളോണിയല്‍ സെക്രട്ടറി ജോസഫ് ചേമ്പര്‍ലെയിന്‍ ഉത്തരവിട്ടു. എന്നാല്‍ തന്നെ ഉപദ്രവിച്ചവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗാന്ധിജി തയ്യാറായില്ല. ഗാന്ധിജിയുടെ ഈ തീരുമാനം വെള്ളക്കാരില്‍ വലിയ മനംമാറ്റമുണ്ടാക്കി.

1899-ല്‍ പൊട്ടിപ്പുറപ്പെട്ട ബുവര്‍ (Boer) യുദ്ധത്തില്‍ ഒരു ബ്രിട്ടീഷ് പ്രജയെന്ന നിലയില്‍ ബ്രിട്ടീഷുകാരെ സഹായിക്കണമെന്ന് ഗാന്ധിജിക്കു തോന്നി. മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ ഇന്ത്യാക്കാരുടെ ഒരു വോളണ്ടിയര്‍ കോര്‍ സംഘടിപ്പിക്കപ്പെടുകയും യുദ്ധം അവസാനിച്ചപ്പോള്‍ ഗാന്ധിജി ഉള്‍പ്പെടെ പലര്‍ക്കും കീര്‍ത്തിമുദ്രകള്‍ ലഭിക്കുകയും ചെയ്തു. 1901 ഒടുവില്‍ ഗാന്ധിജി കുടുംബസമേതം ഇന്ത്യയിലേക്കു തിരിച്ചു. യാത്രയയപ്പ് സമ്മേളനത്തില്‍ കസ്തൂര്‍ബായ്ക്കു ലഭിച്ച 60 പവന്‍ വരുന്ന മാല ഉള്‍പ്പെടെയുള്ള വിലപിടിച്ച സമ്മാനങ്ങള്‍ തിരികെ കൊടുക്കാന്‍ ഗാന്ധി തീരുമാനിച്ചു.

ഇന്ത്യയില്‍ സ്ഥിരമായി താമസിക്കണമെന്ന് ഗാന്ധിജി നിശ്ചയിച്ചു. കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ പതിനേഴാം സമ്മേളനത്തില്‍ പങ്കുകൊണ്ടു. സമ്മേളനത്തില്‍ ഒരു പ്രമേയം അവതരിപ്പിക്കുവാന്‍ ഗാന്ധിജിക്ക് അനുവാദം ലഭിച്ചെങ്കിലും സമയക്കുറവും പരിഭ്രമവുംമൂലം രണ്ടു മിനിട്ടുമാത്രമേ സംസാരിച്ചുള്ളൂ. ഏതായാലും പ്രമേയം പാസായി. ബോംബെയില്‍ പ്രാക്റ്റീസ് തുടങ്ങിയ ഗാന്ധിജിക്ക് ധാരാളം കേസുകള്‍ ലഭിച്ചുതുടങ്ങി. എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്കു ചെല്ലണമെന്ന കമ്പിസന്ദേശത്തെത്തുടര്‍ന്ന് ഗാന്ധിജി ഏകനായി യാത്രതിരിച്ചു. കൊളോണിയല്‍ സെക്രട്ടറിയായ ചേമ്പര്‍ലെയിന്റെ വരവു പ്രമാണിച്ചാണ് ഗാന്ധിജി പെട്ടെന്നു വിളിക്കപ്പെട്ടത്. ഏതായാലും ദീര്‍ഘകാലം ദക്ഷിണാഫ്രിക്കയില്‍ തങ്ങുന്നതിന് ഗാന്ധിജി നിര്‍ബന്ധിതനായി.

1906-ല്‍ പൊട്ടിപ്പുറപ്പെട്ട സുളു ലഹളക്കാലത്ത് 24 ഇന്ത്യാക്കാരടങ്ങിയ സന്നദ്ധസേനയുടെ സാര്‍ജന്റ് മേജര്‍ എന്ന നിലയില്‍ ഗാന്ധിജി ലഹളയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. ഈ സേവനങ്ങള്‍ക്കും ഗാന്ധിജിക്ക് മെഡല്‍ ലഭിച്ചു.

സത്യഗ്രഹം

ദക്ഷിണാഫ്രിക്കയിലുള്ള എല്ലാ ഇന്ത്യാക്കാരും രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമത്തിനെതിരായി നിവേദനം സമര്‍പ്പിക്കുവാന്‍ ഗാന്ധിജി ഇംഗ്ലീണ്ടിലേക്കു തിരിച്ചു. എങ്കിലും ലക്ഷ്യം നേടാനായില്ല. അതുകൊണ്ട് ഈ നിയമത്തിന് എതിരെ സഹനസമരം നടത്താന്‍ ഗാന്ധിജി തീരുമാനിച്ചു. ബഹുഭൂരിപക്ഷം ഇന്ത്യാക്കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. സത്യഗ്രഹം എന്ന പുതിയ വാക്ക് ഗാന്ധിജി ഉപയോഗിച്ചുതുടങ്ങിയത് ഈ ഘട്ടത്തിലാണ്. 1907-ല്‍ ഗാന്ധിജിയെയും 24 സഹപ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു. ജയിലില്‍ കിടക്കുമ്പോള്‍ പൊലീസ് സൂപ്രണ്ട് വന്ന്, ജനറല്‍ സ്മട്സിനെ (Smuts)കാണാന്‍ ഗാന്ധിജിയെ പ്രിറ്റോറിയയിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇന്ത്യാക്കാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ നിയമം ഭേദഗതി ചെയ്യാമെന്ന് സ്മട്സ് ഉറപ്പുകൊടുത്തു. തുടര്‍ന്ന് ഗാന്ധിജി ജയില്‍മോചിതനായി. ജൊഹാനസ്ബര്‍ഗിലേക്കു പോകാന്‍ കൈയില്‍ പണം ഇല്ലാതിരുന്നതിനാല്‍ സ്മട്സിന്റെ സെക്രട്ടറിയില്‍ നിന്നു കടം വാങ്ങിയാണ് ഗാന്ധിജി റെയില്‍വേ സ്റ്റേഷനിലേക്കു പോയത്. എന്നാല്‍ ഗാന്ധിജി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ഇന്ത്യാക്കാരെ വഞ്ചിക്കുകയാണ് എന്നു വിശ്വസിച്ച് ഇദ്ദേഹത്തിന്റെ ഒരു പഴയകക്ഷിയായ മീര്‍ ആലം അനുചരന്മാരുമൊത്ത് വഴിയില്‍വച്ച് ഗാന്ധിജിയെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് മീര്‍ ആലത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗാന്ധിജി വിസമ്മതിച്ചെങ്കിലും ഗവണ്‍മെന്റ് അയാളെ ജയിലിലാക്കി. എന്നാല്‍ ഇന്ത്യാക്കാര്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്തുവെങ്കിലും നിയമം ഭേദഗതി ചെയ്യാമെന്നുള്ള കരാര്‍ സ്മട്സ് പാലിച്ചില്ല. ഈ ചതിക്കു മറുപടിയായി ഇന്ത്യാക്കാര്‍ അവരുടെ രജിസ്റ്റ്രേഷന്‍ പുസ്തകങ്ങള്‍ പരസ്യമായി കത്തിക്കണമെന്നു ഗാന്ധിജി ആവശ്യപ്പെട്ടു. ഗാന്ധിജിയും കൂട്ടരും വീണ്ടും ജയിലിലായി. ഇത്തവണ വെറുംതടവിനു പകരം കഠിനതടവായിരുന്നു. ക്രിമിനല്‍പ്പുള്ളികളായ കറുത്ത വര്‍ഗക്കാരായിരുന്നു കൂടെയുണ്ടായിരുന്ന തടവുകാര്‍.

ജയില്‍ വിമുക്തനായശേഷം 1909-ല്‍ ദക്ഷിണാഫ്രിക്കന്‍ യൂണിയന്‍ രൂപവത്കരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് ഗാന്ധിജി വീണ്ടും ഇംഗ്ലീണ്ട് സന്ദര്‍ശിക്കുകയും ക്യാബിനറ്റ് അംഗങ്ങളെ കാണുകയും ചെയ്തു. 1911-ലെ ഒത്തുതീര്‍പ്പിന്റെ ഫലമായി സത്യഗ്രഹം പിന്‍വലിച്ചു. 1912-ല്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ഗോഖെലയെ ഗവണ്‍മെന്റ് അതിഥിയായി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ വാഗ്ദാനങ്ങള്‍ വീണ്ടും ലംഘിക്കപ്പെട്ടു. ഇന്ത്യാക്കാരുടെ വിവാഹങ്ങള്‍ക്കുപോലും നിയമസാധുതയില്ലെന്നു വന്നു. സമരം പുനരാരംഭിക്കുകയും പണിമുടക്കിയ കല്‍ക്കരിത്തൊഴിലാളികളുടെ ദീര്‍ഘമായ ഒരു പദയാത്ര ഗാന്ധിജി സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജി വീണ്ടും ജയിലിലായി. ഇദ്ദേഹത്തോട് പാറ പൊട്ടിക്കാനും മുറ്റം അടിക്കാനും ജയില്‍ അധികാരികള്‍ ആവശ്യപ്പെട്ടു. ഈ സമരം ഇന്ത്യയിലും ഇംഗ്ലീണ്ടിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ഒടുവില്‍ സ്മട്സും ഗാന്ധിജിയും തമ്മില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കി. പക്ഷേ ഗാന്ധിജി നേടിക്കൊടുത്ത പല അവകാശങ്ങളും ഇന്ത്യാക്കാര്‍ക്ക് കാലാന്തരത്തില്‍ നഷ്ടപ്പെട്ടു.

എങ്കിലും ഇടക്കാല ഗവണ്‍മെന്റ് ഇന്ത്യയില്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വിജയലക്ഷ്മി പണ്ഡിറ്റിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഡെലിഗേഷന്‍ ഐക്യരാഷ്ട്ര സംഘടനയില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിന് എതിരായി പ്രമേയം അവതരിപ്പിക്കുകയും ജനറല്‍ സ്മട്സിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെ സഭ അതു പാസാക്കുകയും ചെയ്തു. 'അപ്പാര്‍ത്തീഡ്' (Appartheid) എന്ന ക്രൂരമായ വര്‍ണവിവേചനത്തിന് എതിരായി കറുത്ത വര്‍ഗക്കാര്‍ മുന്‍കൈ എടുക്കുകയും ഇന്ത്യാക്കാര്‍ സഹകരിക്കുകയും ചെയ്തു. പില്‍ക്കാലത്ത് നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന സമരങ്ങളും സമരവിജയങ്ങളും ഒരുകാലത്ത് ഗാന്ധിജി അവിടെ പ്രസരിപ്പിച്ച സ്വാതന്ത്ര്യവാഞ്ഛയുടെ പരിണിതഫലങ്ങളാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

'മഹാത്മാ' - വേറിട്ട വ്യക്തിത്വം

ചെലവുകഴിഞ്ഞ് പ്രതിവര്‍ഷം ആറു പവന്‍ വേതനമെന്ന വ്യവസ്ഥയില്‍ 23-ാമത്തെ വയസ്സില്‍ ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്ററായി പോയ ഗാന്ധിജി കുറേക്കാലം പ്രതിവര്‍ഷം 5,000 പവന്‍ ആദായം പറ്റിയശേഷമാണ് അഭിഭാഷകവൃത്തിയില്‍ നിന്ന് വിരമിച്ചത്. ബാരിസ്റ്ററെന്ന നിലയില്‍ മാത്രമല്ല, ജനങ്ങളുടെ നേതാവെന്ന നിലയിലും ഗാന്ധിജി ഉയര്‍ന്നു. എന്നാല്‍ ഇതിലെല്ലാം ഉപരിയായിരുന്നു ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ വളര്‍ച്ച. ദക്ഷിണാഫ്രിക്കയില്‍ വച്ച് രവീന്ദ്രനാഥ് ടാഗോറാണ് ഗാന്ധിജിയെ ആദ്യമായി 'മഹാത്മാ' എന്ന് അഭിസംബോധന ചെയ്യുന്നത്. ആ പേരുകൊണ്ട് ഗാന്ധിജി അറിയപ്പെടുന്നത്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നയിച്ചുതുടങ്ങിയതുമുതല്‍ മാത്രവും. ലണ്ടനില്‍ പഠിച്ചിരുന്ന കാലത്തും ഗാന്ധിജിക്ക് ധാര്‍മികവും മതപരവുമായ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. 1906-ല്‍ ഭാര്യയുമായി ആലോചിച്ചശേഷം ബ്രഹ്മചര്യം വ്രതമായി സ്വീകരിച്ചത് ഗാന്ധിജിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. മാനസികമായും ശാരീരികമായും ശക്തി സംഭരിക്കുന്നതിന് ബ്രഹ്മചര്യം ആവശ്യമാണെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് ഈ വ്രതം സ്വീകരിച്ചത്. ആശ്രമജീവിതത്തിലേക്കു ഗാന്ധിജി പ്രവേശിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ വച്ചാണ്. ആദ്യത്തെ പരീക്ഷണം 'ഫിനിക്സ്' (Phoenix) സെറ്റില്‍മെന്റിലായിരുന്നു. ഡര്‍ബന്‍ റെയില്‍വേ സ്റ്റേഷനു സമീപം ആയിരം പവന്‍ കൊടുത്തുവാങ്ങിയ സ്ഥലത്തായിരുന്നു സെറ്റില്‍മെന്റ്. ആദ്യം ഇന്ത്യാക്കാര്‍ മാത്രം അടങ്ങിയ സെറ്റില്‍മെന്റില്‍ ഗാന്ധിജിയുടെ സുഹൃത്തായ പൊള്ളക്ക് (Pollock) എന്ന ജര്‍മന്‍ വംശജനായ വെള്ളക്കാരന്‍ കൂടി സകുടുംബം താമസമാക്കി. പ്രകൃതിചികിത്സയില്‍ ഗാന്ധിജി വിശ്വാസമര്‍പ്പിച്ചു തുടങ്ങി. ഇക്കാലം മുതല്‍ക്കാണ് ഗാന്ധിജിയില്‍ വിദ്യാഭ്യാസ ചിന്തകള്‍ രൂപംകൊള്ളാനാരംഭിച്ചത്.

ജൊഹാനെസ്ബര്‍ഗില്‍ നിന്ന് 21 മൈല്‍ അകലെ പൊള്ളാക്ക് സൗജന്യമായി കൊടുത്ത സ്ഥലത്താണ് 1910-ല്‍ ടോള്‍സ്റ്റോയി ഫാം (Tolstoy Farm) എന്ന സെറ്റില്‍മെന്റ് രൂപം പ്രാപിച്ചത്. ലളിതജീവിതമാണ് എല്ലാവരും അവിടെ നയിച്ചിരുന്നത്. വിദ്യാലയത്തില്‍ കാലത്ത് കൈവേലയും ഉച്ചയ്ക്ക് ക്ലാസ്സുകളുമായിരുന്നു. വിവിധമതങ്ങളെപ്പറ്റി ഗാന്ധിജി ക്ലാസുകള്‍ എടുത്തിരുന്നു. ഒടുവില്‍ ബാരിസ്റ്റര്‍ പണി ഉപേക്ഷിച്ച് ഫാമിലെ അന്തേവാസിയായി. ബാരിസ്റ്ററെന്ന നിലയില്‍ കള്ളക്കേസുകള്‍ സ്വീകരിക്കുകയോ കോടതിയില്‍ കള്ളം പറയുകയോ സാക്ഷികളെക്കൊണ്ട് പറയിക്കുകയോ ഗാന്ധിജി ചെയ്തിരുന്നില്ല.

ഹിംസയെ എതിര്‍ക്കുകയും കായികാധ്വാനത്തില്‍ അധിഷ്ഠിതമായ ലളിതജീവിതം ലക്ഷ്യമാക്കുകയും ചെയ്ത ടോള്‍സ്റ്റോയി ഗാന്ധിജിയെ സ്വാധീനിച്ചിട്ടുണ്ട്. ടോള്‍സ്റ്റോയിയുമായി ഗാന്ധിജി കത്തിടപാടുകള്‍ നടത്തിയിരുന്നു. ലണ്ടനില്‍വച്ച് പരിചയപ്പെട്ട ജൈനമതക്കാരനായ രാജചന്ദ്രന്‍ (റായ്ചന്ദ്ഭായി) ഗാന്ധിജിയുടെ ചിന്തയെ സ്വാധീനിച്ച മറ്റൊരു വ്യക്തിയാണ്. ഓരോ മതവും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആത്മീയ സാക്ഷാത്കാരത്തിനുള്ള മാര്‍ഗമാണെന്നും അതുകൊണ്ട് മതപരിവര്‍ത്തനം ആവശ്യമില്ലെന്നും ഗൃഹസ്ഥാശ്രമികള്‍ക്കും ബ്രഹ്മചര്യം അനുഷ്ഠിക്കാവുന്നതാണെന്നുമുള്ള ആശയങ്ങള്‍ രാജചന്ദ്രനില്‍ നിന്നാണ് ഗാന്ധിജിക്കു ലഭിച്ചത്. 1908-ല്‍ തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം രചിക്കുകയുണ്ടായി. ഹിന്ദ് സ്വരാജില്‍ ബ്രിട്ടീഷ് രീതിയിലുള്ള പാര്‍ലമെന്ററി സമ്പ്രദായത്തെയും യന്ത്രവത്കരണത്തെയും ഗാന്ധിജി ശക്തിയായി വിമര്‍ശിച്ചിരുന്നു. യന്ത്രവത്കരണംകൊണ്ട് ലോകത്തെ പരിഷ്കരിക്കാം എന്ന വിശ്വാസം മിഥ്യയാണെന്ന് ഗാന്ധിജി വാദിച്ചു. റെയില്‍വേ, കമ്പി, ആശുപത്രി എന്നിവയും അഭിഭാഷകന്മാര്‍, ഡോക്ടര്‍മാര്‍ എന്നിവരും ഇല്ലാത്ത ഇന്ത്യയെയാണ് ഗാന്ധിജി വിഭാവന ചെയ്തത്. മൂന്നു ദശകങ്ങള്‍ക്കുശേഷവും (1938) ഹിന്ദ് സ്വരാജിലെ ആശയങ്ങള്‍ പ്രസക്തമാണെന്നുതന്നെ ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗോഖലെ ഈ ഗ്രന്ഥത്തിലെ ആശയങ്ങളെ എതിര്‍ത്തപ്പോള്‍ ടോള്‍സ്റ്റോയിയാകട്ടെ, ഇതിലെ ആശയങ്ങള്‍ ഇന്ത്യയ്ക്കു മാത്രമല്ല, മനുഷ്യസമുദായത്തിനൊട്ടാകെ സംഗതമാണെന്ന് അഭിപ്രായപ്പെട്ടു.

ജോണ്‍ റസ്കിന്‍ എന്ന ഇംഗ്ലീഷ് ചിന്തകന്റെ അണ്‍ ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥവും ഗാന്ധിജിയെ വളരെ ആകര്‍ഷിക്കുകയുണ്ടായി. എല്ലാ തൊഴിലിന്റെയും അന്തസ് ഒരുപോലെയാണെന്നും അധ്വാനിച്ചു ജീവിക്കുന്നതാണ് അഭികാമ്യമെന്നും റസ്കിന്‍ പറഞ്ഞിരുന്നു. ഇതും ഗാന്ധിജി തന്റെ ആദര്‍ശസംഹിതയുടെ ഭാഗമാക്കി.

ഗാന്ധിജി ഇന്ത്യയില്‍ സ്ഥിരതാമസമാക്കുന്നു

ഗാന്ധിജി 1914 ജൂലായില്‍ ദക്ഷിണാഫ്രിക്ക വിട്ടപ്പോള്‍ ഇദ്ദേഹത്തിന് വലിയ യാത്രയയപ്പ് നല്കി. ജനറല്‍ ബോത്ത(Botha)യും ജനറല്‍ സ്മട്സും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. ഗോഖെലെ ആവശ്യപ്പെട്ടതനുസരിച്ച് യാത്ര ഇംഗ്ലീണ്ടുവഴിയാക്കി. എന്നാല്‍ കപ്പല്‍ ഇംഗ്ലീണ്ടില്‍ എത്തുന്നതിനുമുമ്പുതന്നെ ആഗസ്റ്റില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗാന്ധിജിയുടെ ബഹുമാനാര്‍ഥം നടത്തിയ 'ഡിന്നറില്‍' ലാലാ ലജ്പത്റോയ്, സരോജിനി നായിഡു, മുഹമ്മദാലി ജിന്ന എന്നിവര്‍ സംബന്ധിച്ചിരുന്നു. പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദിച്ചുകൊണ്ട് പ്രധാനമന്ത്രി (ആസ്ക്വിത്ത്) റാംസെ മാക് ഡൊണാള്‍ഡ്, ഇന്ത്യാ വൈസ്രോയിയായിരുന്ന കഴ്സണ്‍ പ്രഭു തുടങ്ങിയവര്‍ സന്ദേശങ്ങള്‍ അയച്ചു. യുദ്ധരംഗത്ത് ആതുരശുശ്രൂഷ നടത്തുന്നതിന് ഇന്ത്യാക്കാരുടെ ഒരു വോളണ്ടിയര്‍ സംഘം ഗാന്ധിജി സംഘടിപ്പിച്ചു. ആരോഗ്യം മോശമായിത്തീര്‍ന്നതുകൊണ്ട് ഗോഖലെയുടെ ഉപദേശപ്രകാരം ഗാന്ധിജി ഇന്ത്യയിലേക്കു തിരിച്ചു. 1915 ജനുവരിയില്‍ കപ്പല്‍മാര്‍ഗം മുംബൈയില്‍ എത്തിച്ചേര്‍ന്നു. അവിടെ ഗുജറാത്തികള്‍ നല്കിയ സ്വീകരണത്തില്‍ മുഹമ്മദാലി ജിന്ന സംബന്ധിച്ചിരുന്നു. ഗാന്ധിജി ഗുജറാത്തിയിലാണ് മറുപടി പറഞ്ഞത്. ഗോഖലെയുടെ നേതൃത്വത്തിലുള്ള 'സര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റി'യില്‍ അംഗമാകണമെന്ന് ഗാന്ധിജി അഭിലഷിച്ചു. ഗോഖലെ, ശ്രീനിവാസ ശാസ്ത്രി തുടങ്ങിയ മിതവാദികള്‍ ഗാന്ധിജിയുടെ ആശയങ്ങളോട് യോജിക്കാതിരുന്നതുകൊണ്ട് അംഗത്വം ലഭിച്ചില്ല. ഗോഖെലെയുടെ നിര്‍ദേശാനുസരണം ഒരു വര്‍ഷം നീണ്ടുനിന്ന അഖിലേന്ത്യാ പര്യടനത്തിനു ഗാന്ധിജി പുറപ്പെട്ടു. മൂന്നാം ക്ലാസിലാണ് ഗാന്ധിജി സഞ്ചരിച്ചത്. യാത്രയ്ക്കിടയിലാണ് ഗോഖെലെയുടെ നിര്യാണവാര്‍ത്ത ഗാന്ധിജി അറിഞ്ഞത്. ദുഃഖിതനായ ഗാന്ധിജി ഒരു വര്‍ഷം ചെരുപ്പില്ലാതെ നടക്കാന്‍ തീരുമാനിച്ചു. സര്‍വന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയില്‍ ഗാന്ധിജിയെ അംഗമാക്കുന്നതിനെ സംബന്ധിച്ച് അഭിപ്രായഭിന്നത തുടര്‍ന്നും നിലവിലിരുന്നതുകൊണ്ട്, ഒരു വര്‍ഷത്തിനുശേഷം ഗാന്ധിജി തന്റെ അംഗത്വത്തിനുള്ള അപേക്ഷ പിന്‍വലിച്ചു.

1915 മുതല്‍ 18 വരെ ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിന്റെ കാലഘട്ടമായിരുന്നു. അഹമ്മദാബാദില്‍ സബര്‍മതി ആശ്രമം സ്ഥാപിച്ചു. തന്റെ ആശയങ്ങള്‍ പിന്തുടരുന്നവരെ ആശ്രമത്തില്‍ അന്തേവാസികളാക്കി. പട്ടികജാതിയില്‍പ്പെട്ട ഒരു കുടുംബത്തെയും ആശ്രമത്തില്‍ ചേര്‍ത്തു. ഇതിനെ യാഥാസ്ഥിതികര്‍ എതിര്‍ത്തു. പക്ഷേ ഗാന്ധിജി ഉറച്ചുനിന്നു. പലരും സംഭാവന നിര്‍ത്തി. എങ്കിലും അഹമ്മദാബാദിലെ മില്ലുടമയായ അംബലാല്‍ സാരാഭായി പേരു വെളിപ്പെടുത്താതെ 13,000 രൂപ സംഭാവന ചെയ്തു.

1917 മുതല്‍ ഖാദിപ്രസ്ഥാനത്തില്‍ ഗാന്ധിജി ശ്രദ്ധിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ് മിതവാദികളുടെ ഭരണത്തിലായിരുന്നതുകൊണ്ട് രാഷ്ട്രീയരംഗത്ത് പ്രത്യേകമായ സംഭാവനയൊന്നും നല്കാന്‍ ഗാന്ധിജിക്കു കഴിഞ്ഞില്ല. ആനി ബസന്റിന്റെ ഹോംറൂള്‍ ലീഗില്‍ ചേരാന്‍ ഗാന്ധിജി വിസമ്മതിച്ചു. 1916-ല്‍ ബനാറസ് സര്‍വകലാശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാന്ധിജി ചെയ്ത പ്രസംഗത്തില്‍ വൈസ്രോയിയുടെ രക്ഷയ്ക്കുള്ള നടപടികളെയും, അരാജകവാദികളുടെ പ്രവര്‍ത്തനങ്ങളെയും, രാജാക്കന്മാരുടെ ആഡംബരശീലത്തെയും ശക്തിയായി വിമര്‍ശിക്കുകയുണ്ടായി. ആനി ബസന്റിനും അധ്യക്ഷനായ ദര്‍ഭംഗ രാജാവിനും ഇത് ഇഷ്ടപ്പെട്ടില്ല. അതിനാല്‍ പ്രസംഗം നിര്‍ത്താന്‍ നിര്‍ബന്ധിതനായി. 1917-ല്‍ ബീഹാറിലെ ചമ്പാരന്‍ പ്രദേശത്ത് നീലം കൃഷി (Indigo Plantation) നടത്തുന്നവരുടെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ഗാന്ധിജി രംഗത്തുവന്നത് വെള്ളക്കാരായ തോട്ടം ഉടമകള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഇഷ്ടമായില്ല. ചമ്പാരന്‍ ജില്ല വിടാനുള്ള മജിസ്ട്രേറ്റിന്റെ ഉത്തരവ് ഗാന്ധിജി നിരസിച്ചു. എന്നാല്‍ വൈസ്രോയി ഇടപെട്ട് ഉത്തരവ് പിന്‍വലിപ്പിക്കുകയും ഗാന്ധിജി ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് നിയോഗിക്കുകയും ചെയ്തു. ഇന്ത്യയില്‍ സത്യഗ്രഹ പ്രസ്ഥാനത്തിനു ലഭിച്ച ആദ്യവിജയമായിരുന്നു ചമ്പാരന്‍ ഒത്തുതീര്‍പ്പ്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായ രാജേന്ദ്രപ്രസാദ് ഗാന്ധിജിയുടെ അനുയായിയായത് ചമ്പാരനില്‍ വച്ചാണ്. അഹമ്മദാബാദിലെ മില്‍ത്തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ ന്യായമായ ഒത്തുതീര്‍പ്പ് ഉണ്ടാകുന്നതുവരെ നിരാഹാരമിരിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. മില്‍ ഉടമകള്‍ ഉടനെ ഒത്തുതീര്‍പ്പിനു തയ്യാറായി. ഗുജറാത്തിലെ ഖേദയില്‍ വമ്പിച്ച വിളനാശം സംഭവിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ നികുതിനിഷേധ പ്രസ്ഥാനം തുടങ്ങി. ഗാന്ധിജിയും വല്ലഭായി പട്ടേലും നേതൃത്വം നല്കിയ ഈ സമരത്തില്‍ നിരവധി പേര്‍ ജയിലിലായി. ഒടുവില്‍ ഗവണ്‍മെന്റ് കീഴടങ്ങി.

അഖിലേന്ത്യാ നേതൃത്വത്തിലേക്ക്

ഗാന്ധിജി നയിച്ച ആദ്യകാല സമരങ്ങള്‍ പ്രാദേശിക സ്വഭാവമുള്ളതായിരുന്നു. എന്നാല്‍ യുദ്ധാവസാനം വരെ ഇദ്ദേഹം മിതവാദി രാഷ്ട്രീയത്തില്‍നിന്ന് വ്യതിചലിച്ചില്ല. സൈന്യത്തില്‍ ആളുകളെ ചേര്‍ക്കുന്നതിനും മറ്റും ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കുകയായിരുന്നു. മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍ (1919) മിതവാദികള്‍ക്ക് ഏറെക്കുറെ സ്വീകാര്യമായിരുന്നു. പ്രവിശ്യകളില്‍ ദ്വിഭരണസമ്പ്രദായവും കേന്ദ്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭയും, വൈസ്രോയിയും സര്‍വസൈന്യാധിപനും മൂന്ന് വെള്ളക്കാര്‍ക്കും പുറമേ പത്ത് ഇന്ത്യാക്കാരും ഉള്‍പ്പെട്ട എക്സിക്യൂട്ടീവ് കൗണ്‍സിലും ആണ് മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍ വാഗ്ദാനം ചെയ്തത്. കേന്ദ്രനിയമസഭ അംഗീകരിച്ചില്ലെങ്കിലും ഏതു നിയമവും പാസാക്കാന്‍ വൈസ്രോയിക്ക് പ്രത്യേകാധികാരമുണ്ടായിരുന്നു. ആഭ്യന്തരം, ധനകാര്യം, റെയില്‍വേ മുതലായ മര്‍മപ്രധാനമായ വകുപ്പുകള്‍ വെള്ളക്കാരായ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ കൈകാര്യം ചെയ്യണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. പ്രവിശ്യകളിലും ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകള്‍ തുടര്‍ന്നും വെള്ളക്കാര്‍ കൈകാര്യം ചെയ്യുന്ന സംവിധാനമായിരുന്നു ദ്വിഭരണം. എന്നാല്‍ ഗാന്ധിജിയെ ചൊടിപ്പിച്ചത് പൊതുജനാഭിപ്രായത്തെ വിഗണിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രവര്‍ത്തനമായിരുന്നു.

ജസ്റ്റിസ് റൌലത്തിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ മൗലികാവകാശങ്ങളില്‍ കൈവയ്ക്കുന്ന നിയമനിര്‍മാണത്തിന് ഗവണ്‍മെന്റ് ഒരുമ്പെട്ടു. പഴയ ഇമ്പീരിയല്‍ ലെജിസ്ലേറ്റിവ് കൗണ്‍സിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് എല്ലാ ഇന്ത്യന്‍ നേതാക്കന്മാരുടെയും എതിര്‍പ്പിനെ വിഗണിച്ച് ബില്‍ പാസാക്കി നിയമമാക്കി. ബില്ലിനെ എതിര്‍ക്കുന്നതിനായി ഗാന്ധിജി ഒരു സത്യഗ്രഹസഭ രൂപവത്കരിച്ചു. ഗാന്ധിജി മദ്രാസ് സന്ദര്‍ശിച്ച് സി. രാജഗോപാലാചാരിയുടെ ആതിഥ്യം സ്വീകരിച്ചു. അവിടെവച്ച്, ദേശവ്യാപകമായി ഹര്‍ത്താല്‍ നടത്തി ബില്ലിനെതിരെ പ്രതിഷേധിക്കണമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. തുടര്‍ന്ന് 1919 ഏ. 6-ന് ഇന്ത്യ ഒട്ടാകെ ഹര്‍ത്താല്‍ ആചരിച്ചു. ആദ്യമായിട്ടാണ് ഇതുപോലെ ദേശവ്യാപകമായ ഹര്‍ത്താല്‍ ഇന്ത്യയില്‍ നടന്നത്.

പഞ്ചാബിലും മറ്റു ചില പ്രദേശങ്ങളിലും ജനങ്ങള്‍ അക്രമാസക്തരായി. ഏ. 13-ന് വൈശാഖി ദിനത്തില്‍ അമൃത്സറിലെ ജാലിയന്‍വാലാബാഗില്‍നടന്ന യോഗത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കെതിരെ ജനറല്‍ ഡയറുടെ (Dyer) നേതൃത്വത്തിലുള്ള സൈന്യം വെടിവച്ചു. 400 പേര്‍ മരിച്ചു. 1200 പേര്‍ക്ക് പരിക്കേറ്റു. ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് എതിരായി രാജ്യമൊട്ടാകെ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സിലിലെ ഏക ഇന്ത്യാക്കാരനായ സര്‍ സി. ശങ്കരന്‍ നായര്‍ അംഗത്വം രാജിവച്ചു. ഈ ഘട്ടത്തില്‍ പ്പോലും ഗാന്ധിജി മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍ (1919-ലെ ആക്റ്റ്) സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്.

ജാലിയന്‍വാലാബാഗിലെ കൂട്ടക്കൊലയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് പ്രതികരണം ഗാന്ധിജിയെ അദ്ഭുതപ്പെടുത്തി. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും ബ്രിട്ടനിലെ ശക്തരായ ഒരു വിഭാഗവും ജനറല്‍ ഡയറിന്റെ നടപടിയെ ശരിവച്ചു. സൈന്യത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ ഡയര്‍ നിര്‍ബന്ധിതനായി. ഒരു ബ്രിട്ടീഷ് പത്രം 9,000 പവന്‍ ഡയര്‍ക്കുവേണ്ടി സംഭാവന പിരിച്ചു. ജനറല്‍ ഡയറിന്റെ നടപടിയുടെ പുറകിലുണ്ടായിരുന്ന പഞ്ചാബ് ഗവര്‍ണര്‍ മൈക്കേല്‍ ഓഡയററെ തിരിയെ വിളിക്കാന്‍ അധികാരികള്‍ കൂട്ടാക്കിയില്ല.

യുദ്ധത്തില്‍ തോറ്റ തുര്‍ക്കി സുല്‍ത്താനെ ഖാലിഫ് പദവിയില്‍നിന്നു മാറ്റാനുള്ള സഖ്യകക്ഷികളുടെ നിലപാടില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ അസംതൃപ്തരായിരുന്നു. 'ഖിലാഫത്ത്' പ്രസ്ഥാനത്തെ ഗാന്ധിജി അനുകൂലിച്ചു. ബ്രിട്ടീഷ് ഗവര്‍ണര്‍മാരോടു നിസ്സഹകരിക്കണമെന്നുള്ള ഗാന്ധിജിയുടെ നിര്‍ദേശം ഖിലാഫത്ത് കോണ്‍ഫറന്‍സ് അംഗീകരിച്ചു. 1919-ല്‍ അമൃത്സറില്‍ മോത്തിലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ കൂടിയ 1919-ലെ അമൃത്സര്‍ കോണ്‍ഗ്രസ്, മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍ പരിഗണിക്കാവുന്നതാണ് എന്ന ഗാന്ധിജിയുടെ അഭിപ്രായം അംഗീകരിച്ചു. എന്നാല്‍ 1920-ലെ കൊല്‍ക്കത്താ കോണ്‍ഗ്രസ്സില്‍ ഗാന്ധിജി നിസ്സഹകരണ പരിപാടിയാണു മുന്നോട്ടുവച്ചത്. നിയമസഭകളും കോടതികളും ബഹിഷ്കരിക്കുക, ഗവണ്‍മെന്റ് സഹായത്തോടുകൂടിയുള്ള വിദ്യാലയങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ പിന്‍വലിക്കുക, ബ്രിട്ടീഷ് ബഹുമതികള്‍ നിരസിക്കുക തുടങ്ങിയവയായിരുന്നു നിസ്സഹകരണ സമരപരിപാടികള്‍. സി.ആര്‍. ദാസ്, ലജ്പത് റായ്, മാളവ്യ, ബിപിന്‍ ചന്ദ്രപാല്‍ തുടങ്ങിയവര്‍ നിസ്സഹകരണ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ മോത്തിലാല്‍ നെഹ്റു അനുകൂലിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന് അനുകൂലികളായി വന്ന മുസ്ലിം പ്രതിനിധികളുടെ വോട്ട് നിര്‍ണായകമായിരുന്നു. 1855 പ്രതിനിധികള്‍ അനുകൂലിച്ചപ്പോള്‍ 873 പേര്‍ എതിരായി വോട്ടുചെയ്തു. നാഗ്പൂരില്‍ നടന്ന സ്പെഷ്യല്‍ സമ്മേളനത്തില്‍ സി.ആര്‍.ദാസും ലജ്പത്റായിയും തങ്ങളുടെ നിലപാട് മാറ്റുകയും നിസ്സഹകരണ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. 1920-ല്‍ ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിത്തീര്‍ന്നു. അതോടൊപ്പം ഖിലാഫത്ത് സമരത്തിന്റെയും നേതാവായി.

വര്‍ഷന്തോറും കൂടുന്ന ഒരു സമ്മേളനം എന്നതില്‍ നിന്ന് കോണ്‍ഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കിയത് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണസമരമാണ്. കോണ്‍ഗ്രസ്സിലെ പ്രധാനപ്പെട്ട മിതവാദി നേതാക്കന്മാരായ ഗോഖെലെയും ഫിറോസ്ഷാ മേത്തയും ഈ പ്രമേയം പാസാക്കുന്നതിന് ഏതാനും വര്‍ഷംമുമ്പ് അന്തരിച്ചു. കൊല്‍ക്കത്താ കോണ്‍ഗ്രസ്സിനുമുമ്പ് ലോകമാന്യ തിലകനും അന്തരിച്ചു (1920). നേതാക്കന്മാരായ സുരേന്ദ്രനാഥ ബാനര്‍ജി, മുഹമ്മദാലി ജിന്ന എന്നിവരുള്‍പ്പെടെ നിരവധി മിതവാദി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു. എന്നാല്‍ മോത്തിലാല്‍ നെഹ്റു, സി.ആര്‍. ദാസ്, ലജ്പത് റോയി, മദന്‍ മോഹന്‍ മാളവ്യ എന്നിവരുള്‍പ്പെടെ പല നേതാക്കന്മാരെയും തന്റെ കൂടെ നിര്‍ത്തുന്നതിനു ഗാന്ധിജിക്കു കഴിഞ്ഞു. ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍, സി. രാജഗോപാലാചാരി, രാജേന്ദ്രപ്രസാദ് എന്നിവരടങ്ങിയ പുതിയ നേതൃനിരയും ഗാന്ധിജിയുടെ വിശ്വസ്താനുയായികളായി രംഗപ്രവേശം ചെയ്തു.

ദക്ഷിണാഫ്രിക്കയില്‍ മുസ്ലിങ്ങളുമായി ഇടപഴകി ജീവിച്ചതുകൊണ്ട് അവരുടെ മതപരമായ വികാരങ്ങളെപ്പറ്റി ഗാന്ധിജി ബോധവാനായിരുന്നു. ഖലീഫാ പദവി നിലനിര്‍ത്തുന്നതിനെപ്പറ്റിയുള്ള ഇന്ത്യന്‍ മുസ്ലിങ്ങളുടെ തീവ്രമായ വികാരങ്ങളാണ് ഗാന്ധിജിയെ ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ മുസ്തഫാ കമാലിന്റെ നേതൃത്വത്തിലുള്ള പുതിയ ടര്‍ക്കി ഖലീഫാപദം അവസാനിപ്പിച്ചപ്പോള്‍ ഖിലാഫത്ത് പ്രസ്ഥാനം അപ്രസക്തമായി. എങ്കിലും മൗലാനാ ആസാദ് തുടങ്ങിയവരടങ്ങിയ പുതിയ ദേശീയ നേതൃത്വത്തെ സൃഷ്ടിക്കുവാന്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് കഴിഞ്ഞു. മൊണ്‍ടേഗു-ചെംസ്ഫോഡ് പരിഷ്കാരങ്ങള്‍ ബ്രിട്ടീഷുകാരില്‍ വൈകാരികമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ ഇന്ത്യയെ ഒരു കോളനിയായി തുടര്‍ന്നു ഭരിക്കുവാന്‍ തീരുമാനിച്ചിരുന്നുവെന്നും ഗാന്ധിജിക്ക് ബോധ്യമാകാന്‍ ഒരു വര്‍ഷമെടുത്തു. മിതവാദിയായ ഗാന്ധിജി കോണ്‍ഗ്രസ്സിലെ തീവ്രവാദികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് നിസ്സഹകരണപ്രസ്ഥാനത്തിന്റെ നേതാവായി ഉയരുന്നത് 1919-20 കാലഘട്ടത്തിലാണ്. മൗലാനാ ഷൗക്കത്തലിയുമൊന്നിച്ച് ഖിലാഫത്ത് പ്രസ്ഥാനത്തിനുവേണ്ടി ഗാന്ധിജി ഇന്ത്യയൊട്ടാകെ പര്യടനം നടത്തിയ കാലത്തുണ്ടായ ജനങ്ങളുടെ സഹകരണമാണ് 'ഒരു വര്‍ഷത്തിനകം സ്വരാജ്' എന്ന ആശയം മുന്നോട്ടുവയ്ക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. 1920 ആഗ. 18-ന് ഷൗക്കത്തലിയുമൊന്നിച്ച് ഗാന്ധിജി കോഴിക്കോട്ട് ഒരു വമ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തു. അത് ഗാന്ധിജിയുടെ പ്രഥമ കേരളസന്ദര്‍ശനമായിരുന്നു.

അറസ്റ്റും ശിക്ഷയും

'ഒരു വര്‍ഷത്തിനകം സ്വരാജ്' എന്ന മുദ്രാവാക്യത്തോടെയാണ് ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചത്. തനിക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്കിയ 'കൈസര്‍ ഇ ഹിന്ദ്' മെഡല്‍ മുതലായ ബഹുമതികളും കീര്‍ത്തിമുദ്രകളും ഗാന്ധിജി വൈസ്രോയിക്കു തിരിച്ചയച്ചുകൊണ്ട് എഴുതിയ കത്തില്‍ ഖിലാഫത്ത് കാര്യത്തിലുള്ള ബ്രിട്ടീഷ് നിലപാടും പഞ്ചാബിലെ അക്രമങ്ങളും ബ്രിട്ടീഷ് സര്‍ക്കാരില്‍ ഉണ്ടായിരുന്ന വിശ്വാസം നശിപ്പിച്ചുവെന്ന് രേഖപ്പെടുത്തിയിരുന്നു.

1921 മുതല്‍ വസ്ത്രധാരണത്തിലും ഗാന്ധിജി മാറ്റംവരുത്തി. മുട്ടുവരെയുള്ള മുണ്ടു മതിയെന്നു തീരുമാനിച്ചു. നഗ്നത മറയ്ക്കാന്‍ ക്ലേശിക്കുന്ന കോടിക്കണക്കിനു ജനങ്ങളോടുള്ള അനുഭാവസൂചകമായാണ് ഗാന്ധിജി വിപ്ലവകരമായ ഈ നടപടി കൈക്കൊണ്ടത്.

1921 ഡിസംബറില്‍ വെയില്‍സ് രാജകുമാരനായ എഡ്വേഡ് ഇന്ത്യ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. വൈസ്രോയിയായിരുന്ന റെഡിങ് പ്രഭുവിന് രാജകുമാരന്റെ സന്ദര്‍ശനാവസരത്തില്‍ ഹര്‍ത്താലും പ്രകടനങ്ങളും ഒഴിവാക്കണമെന്നുണ്ടായിരുന്നു. മാളവ്യ, വൈസ്രോയിയുടെ അനുവാദത്തോടെ, ഒരു വട്ടമേശസമ്മേളനം നടത്താന്‍ ചില നിര്‍ദേശങ്ങള്‍ അന്നു ജയിലിലായിരുന്ന സി.ആര്‍.ദാസ്, അബ്ദുള്‍ കലാം ആസാദ് മുതലായവരുടെ മുന്നില്‍വച്ചു. അലി സഹോദരന്മാരുടെ വിടുതല്‍ ഒരു മുന്‍ ഉപാധിയായി ഗാന്ധിജി നിര്‍ദേശിച്ചു. നിസ്സഹകരണപ്രസ്ഥാനമാരംഭിച്ച ഗാന്ധിജിക്ക് അലിസഹോദരന്മാരെ ജയിലില്‍വച്ചുകൊണ്ട് വൈസ്രോയിയുമായി ചര്‍ച്ച നടത്തുവാന്‍ കഴിയുമായിരുന്നില്ല. ഇത് വൈസ്രോയി അംഗീകരിക്കുകയില്ല എന്ന് അറിയാമായിരുന്നതുകൊണ്ട് മാളവ്യ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. ഗാന്ധിജിയുടെ മുന്‍ ഉപാധി ശരിയായില്ല എന്നായിരുന്നു സി.ആര്‍. ദാസിന്റെ അഭിപ്രായം. എം.ആര്‍. ജയ്ക്കറും തന്റെ ആത്മകഥയില്‍ ഗാന്ധിജിയുടെ നടപടി ബുദ്ധിശൂന്യമായിപ്പോയി എന്ന് ആരോപിച്ചിട്ടുണ്ട്. 1919-ലെ ആക്റ്റില്‍ വ്യവസ്ഥചെയ്തതില്‍ കൂടുതല്‍ രാഷ്ട്രീയാധികാരം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയ്ക്ക് നല്കുമെന്ന് ധരിച്ചവര്‍ക്ക് വലിയ തെറ്റുപറ്റി. യാഥാസ്ഥിതികര്‍ക്ക് ഭൂരിപക്ഷമുള്ള ഗവണ്‍മെന്റാണ് ലിബറല്‍ കക്ഷിക്കാരനായ ലോയ്ഡ് ജോര്‍ജ് നയിച്ചിരുന്നത്. യുദ്ധം ജയിച്ച ലോയ്ഡ് ജോര്‍ജിനെ 1922-ല്‍ യാഥാസ്ഥിതിക കക്ഷിക്കാര്‍ പുറത്താക്കുകയും ഗവണ്‍മെന്റ് രൂപവത്കരിക്കുകയും ചെയ്തു.

രാജകുമാരന്റെ വരവു സംബന്ധിച്ചു നടന്ന പ്രതിഷേധപ്രകടനങ്ങളും അറസ്റ്റുകളും സിവില്‍ നിയമലംഘനപ്രസ്ഥാനം തുടങ്ങാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചു. രാജ്യമൊട്ടാകെയുള്ള നിയമലംഘനത്തിനുപകരം ഗുജറാത്തിലെ ബര്‍ദോളി താലൂക്കാണ് ഇതിന് ഗാന്ധിജി തെരഞ്ഞെടുത്തത്. ഈ തീരുമാനം വൈസ്രോയിക്കുള്ള തുറന്ന കത്തില്‍ ഗാന്ധിജി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉത്തര്‍പ്രദേശിലെ ചൌരിചൌരാഗ്രാമത്തില്‍ ഗാന്ധിജിയെ ഞെട്ടിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഒരു ഘോഷയാത്രയുടെ നേരെ പൊലീസ് വെടിവച്ചു. തുടര്‍ന്ന് ജനങ്ങള്‍ പൊലീസ് സ്റ്റേഷനു തീവച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസുകാരെ വധിച്ചുകൊണ്ട് ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് ഗാന്ധിജിയുടെ നിര്‍ബന്ധപ്രകാരം ഫെ. 24-ന് കൂടിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സിവില്‍ നിയമലംഘനം നിര്‍ത്തിവച്ചു. കോണ്‍ഗ്രസ്സുകാര്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകണമെന്ന് ഗാന്ധിജി നിര്‍ദേശിച്ചു. ജയിലിലായിരുന്ന ഗാന്ധിജിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഈ തീരുമാനം ഒട്ടും ബോധ്യപ്പെട്ടില്ല.

ഗാന്ധിജിയെ അറസ്റ്റു ചെയ്യാന്‍ ഗവണ്‍മെന്റ് തക്കം പാര്‍ത്തിരിക്കുകയായിരുന്നു. 1922 മാ. 10-ന് സബര്‍മതി ആശ്രമത്തിലെത്തിയ ഗാന്ധിജി, തന്നെ അറസ്റ്റുചെയ്യാന്‍ ഇടയുണ്ടെന്ന് പ്രാര്‍ഥനായോഗത്തില്‍ പ്രസ്താവിച്ചു. രാത്രി പത്തുമണിക്ക് പോലീസ് ഗാന്ധിജിയെ അറസ്റ്റുചെയ്ത് സബര്‍മതി ജയിലിലേക്കു കൊണ്ടുപോയി. കസ്തൂര്‍ബാ, ജയില്‍ കവാടത്തില്‍വച്ച് യാത്രപറഞ്ഞു തിരിച്ചുപോയി. ഗീത, രാമായണം, ഖുര്‍ ആന്‍, ആശ്രമഭജനാവലി, ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം എന്നീ പുസ്തകങ്ങള്‍ ഗാന്ധിജി എടുത്തിരുന്നു. കേസ് അഹമ്മദാബാദിലെ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായ സി.എന്‍. ബ്രൂം ഫീല്‍ഡിന്റെ കോടതിയിലായിരുന്നു. യങ് ഇന്ത്യ എന്ന പത്രത്തില്‍ എഴുതിയ മൂന്നു ലേഖനങ്ങള്‍ രാജ്യദ്രോഹപരമാണ് എന്നായിരുന്നു കുറ്റം. യങ് ഇന്ത്യയുടെ പ്രസാധകന്‍ ശങ്കര്‍ലാല്‍ ബാങ്കറും പ്രതിയായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിചാരണകളില്‍ ഒന്നായ ഈ കേസില്‍ ജഡ്ജിയും പ്രതിയും പരസ്പര ബഹുമാനത്തോടുകൂടിയാണ് പെരുമാറിയത്. ഗാന്ധിജിയും ശങ്കര്‍ലാല്‍ ബാങ്കറും കുറ്റം സമ്മതിച്ചു. അവര്‍ക്ക് അഭിഭാഷകരും ഇല്ലായിരുന്നു. തന്റെ പേരില്‍ ചുമത്തിയ കുറ്റത്തിന് ഏറ്റവും വലിയ ശിക്ഷ തരുവാന്‍ കോടതിയോടു ഗാന്ധിജി ആവശ്യപ്പെട്ടു. ഗാന്ധിജി കോടതിയില്‍ വായിച്ച സ്റ്റേറ്റ്മെന്റ് ലോകത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാനമായ ഒരു പ്രമാണമാണ്. വെള്ളക്കാരന്റെ സര്‍ക്കാരിനു നേരെ അതൃപ്തി ജനിപ്പിക്കുന്നത് തന്റെ ധര്‍മമാണ് എന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. താന്‍ ഇതുവരെ വിചാരണ ചെയ്തവരില്‍നിന്നു വ്യത്യസ്തനാണ് ഗാന്ധിജിയെന്നു ജഡ്ജി ബ്രൂം ഫീല്‍ഡ് ജഡ്ജ്മെന്റില്‍ പറയുകയുണ്ടായി.

കോടിക്കണക്കിനു ഇന്ത്യാക്കാര്‍ ഗാന്ധിജിയെ ഒരു വലിയ നേതാവായും ദേശാഭിമാനിയായും കരുതിവരുന്നുവെന്നും രാഷ്ട്രീയകാര്യത്തില്‍ അഭിപ്രായഭിന്നതയുള്ളവര്‍പോലും ഉത്കൃഷ്ടനായ ഒരു ആദര്‍ശശാലിയായും ഋഷിതുല്യനായ ഒരു മഹാപുരുഷനായും ഇദ്ദേഹത്തെ ഗണിച്ചുവരുന്നുവെന്നും ജഡ്ജി അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഗാന്ധിജി നിയമലംഘനം നടത്തിയതുകൊണ്ട് ആറുവര്‍ഷത്തെ വെറുംതടവിന് വിധിച്ചു. അപ്പോള്‍ കോടതിമുറിയില്‍ സന്നിഹിതരായിരുന്നവരില്‍ സരോജിനി നായിഡു, രാജേന്ദ്രപ്രസാദ്, കെ.പി.കേശവമേനോന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

യെര്‍വാദ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഗാന്ധിജിയോട് അധികൃതര്‍ വേണ്ടത്ര മര്യാദയോടെയല്ല പെരുമാറിയിരുന്നത്. തുറസ്സായ സ്ഥലത്ത് ഉറങ്ങാനോ ചര്‍ക്ക ഉപയോഗിക്കുവാനോ അനുവാദമില്ലായിരുന്നു. ചര്‍ക്ക ജയിലില്‍ ഉപേക്ഷിക്കുന്നതാണെന്ന് തന്നെ കാണാന്‍ വന്ന തടവുകാരനായ ശങ്കര്‍ലാല്‍ ബാങ്കറോട് ഗാന്ധിജി പറഞ്ഞു. എന്നാല്‍ ഇതിനുശേഷം ജയില്‍ അധികാരികളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായി. കൊല്ലത്തില്‍ നാല് എഴുത്ത് അയയ്ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. ആദ്യം അയച്ച രണ്ടു കത്തുകള്‍ കസ്തൂര്‍ബായ്ക്കും ഹാക്കിം അജ്മന്‍ ഖാനുമായിരുന്നു. ഈ എഴുത്തുകള്‍ മുംബൈ ഗവര്‍ണര്‍ പരിശോധിക്കുകയും ചില ഭാഗങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗാന്ധിജി അതിനു വിസമ്മതിച്ചു. ഇനിമേല്‍ ഒരെഴുത്തും അയയ്ക്കുന്നില്ല എന്ന് തീരുമാനിക്കുകയുണ്ടായി. സന്ദര്‍ശകര്‍ വരുമ്പോള്‍ ജയിലറുടെ സാന്നിധ്യം എപ്പോഴുമുണ്ടായിരുന്നു. തലയണ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനെപ്പറ്റി സി. രാജഗോപാലാചാരി പത്രങ്ങളില്‍ എഴുതിയപ്പോഴാണ് അത് ഉപയോഗിക്കാന്‍ അനുവദിച്ചത്. 1924 ജനുവരിയില്‍ ഗാന്ധിജിക്ക് അപ്പെന്‍ഡിസിറ്റിസ് നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ വേണ്ടിവന്നു. അടുത്തമാസം ഗാന്ധിജിയെ ജയില്‍ വിമുക്തനാക്കി.

കോണ്‍ഗ്രസ്സിലെ അഭിപ്രായഭിന്നതകള്‍

ഗാന്ധിജി ജയിലിലായിരുന്നപ്പോള്‍ നേതാക്കന്മാരില്‍ ചേരിതിരിവുണ്ടായി. നിയമസഭകളില്‍ പ്രവേശിക്കുന്നതിനെ മോത്തിലാല്‍ നെഹ്റു, സി.ആര്‍. ദാസ് എന്നിവര്‍ അനുകൂലിച്ചു. സി. രാജഗോപാലാചാരി, വല്ലഭായി പട്ടേല്‍ എന്നിവര്‍ ഗാന്ധിജിയുടെ പരിപാടിയില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് വാദിച്ചു. മാറ്റത്തിനെതിരായ രാജഗോപാലാചാരിയുടെ പ്രമേയം 1922 ഡിസംബറില്‍ ഗയയില്‍ കൂടിയ കോണ്‍ഗ്രസ് ബഹുഭൂരിപക്ഷത്തോടെ പാസാക്കി. എന്നാല്‍ മോത്തിലാല്‍ നെഹ്റുവും സി.ആര്‍. ദാസും 1923 ജനുവരിയില്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ അനുകൂലിച്ചവരുടെ സംഘടനയായ സ്വരാജ് പാര്‍ട്ടി രൂപവത്കരിച്ചു. എന്നാല്‍ അവര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവയ്ക്കാത്തതുകൊണ്ട് പല പ്രശ്നങ്ങളും ഉദിച്ചു. 1923 സെപ്തംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ കൂടിയ കോണ്‍ഗ്രസ്സിന്റെ പ്രത്യേകസമ്മേളനത്തില്‍ ചിത്തരഞ്ജന്‍ ദാസും മോത്തിലാല്‍ നെഹ്റുവും ഇല്ലാത്ത കോണ്‍ഗ്രസ്സിനെപ്പറ്റി തനിക്ക് ചിന്തിക്കുകപോലും സാധ്യമല്ലെന്ന് ഐക്യം സ്ഥാപിക്കാന്‍ ശ്രമിച്ച ലജ്പത് റായി പറഞ്ഞു. മൗലാനാ മുഹമ്മദാലിയും ഇതേ അഭിപ്രായക്കാരനായിരുന്നു. നിയമസഭാപ്രവേശനത്തിന് എതിരായ പ്രചാരവേല നിര്‍ത്തണമെന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കിയത് സ്വരാജ് കക്ഷിയുടെ വിജയമായിരുന്നു. 1923-ല്‍ 'കാകിനാദ'യില്‍ കൂടിയ കോണ്‍ഗ്രസ്സില്‍ ഒത്തുതീര്‍പ്പുണ്ടാക്കി സ്വരാജ് കക്ഷിക്ക് നിയമസഭാപ്രവേശനത്തിന് അനുമതി നല്കി. ഭരണഘടനാപരമായ മാര്‍ഗങ്ങളിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടുകയായിരുന്നു സ്വരാജ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ ഗാന്ധിജിയുടെ പരിപാടി അക്രമരഹിതമായ നിസ്സഹകരണത്തിലൂടെയും സിവില്‍ നിയമലംഘനത്തിലൂടെയും ഭരണയന്ത്രം സ്തംഭിപ്പിക്കുക എന്നുള്ളതായിരുന്നു. ഇതിന് നെഹ്റുവിനെപ്പോലുള്ള യുവ നേതാക്കന്മാരുടെ പിന്തുണയുണ്ടായിരുന്നു. എങ്കിലും ജയില്‍ വിമുക്തനായ ഗാന്ധിജി സ്വരാജ് പാര്‍ട്ടിയുമായി ഒരു സംഘട്ടനത്തിന് തയ്യാറായില്ല. സ്വരാജ് പാര്‍ട്ടി അവരുടെ പ്രവര്‍ത്തനം തുടരണമെന്നും എന്നാല്‍ കോണ്‍ഗ്രസുകാര്‍ നിര്‍മാണ പരിപാടികളില്‍ പങ്കെടുക്കണമെന്നും ഗാന്ധിജി നിര്‍ദേശിച്ചു. ഇക്കാലത്തു പൊട്ടിപ്പുറപ്പെട്ട ഹിന്ദു-മുസ്ലിം ലഹളയെത്തുടര്‍ന്ന് ഗാന്ധിജി 21 ദിവസം ഉപവസിക്കുകയുണ്ടായി. ഇത് വര്‍ഗീയാന്തരീക്ഷത്തില്‍ വലിയ മാറ്റമുണ്ടാക്കി. 1924 ഡിസംബറില്‍ ബെല്‍ഗാമില്‍ കൂടിയ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി ആധ്യക്ഷ്യം വഹിച്ചു. ആ വര്‍ഷംതന്നെയാണ് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ വൈക്കം സത്യഗ്രഹം ആരംഭിച്ചത്. 1925 മാര്‍ച്ചില്‍ ഗാന്ധിജി വൈക്കത്തെത്തുകയും മഹാറാണി റീജന്റിനെ സന്ദര്‍ശിക്കുകയും നിരവധി യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു.

അടുത്ത മൂന്നുവര്‍ഷത്തേക്ക് ഗാന്ധിജി രാഷ്ട്രീയരംഗത്തു സജീവമായിരുന്നില്ല. എന്നാല്‍ യങ് ഇന്ത്യയില്‍ തുടരെ ലേഖനങ്ങള്‍ എഴുതുകയും രാജ്യമൊട്ടാകെ സഞ്ചരിക്കുകയും ചെയ്തു. ചര്‍ക്കയുടെ സന്ദേശപ്രചരണത്തിലും അയിത്തോച്ചാടനത്തിലുമാണ് ഗാന്ധിജി ശ്രദ്ധ പതിപ്പിച്ചത്. അഖിലേന്ത്യാ നൂല്‍നൂല്‍പ്പുസംഘം ഗാന്ധിജി സംഘടിപ്പിക്കുകയും അതില്‍ അംഗങ്ങളായി 50,000-ല്‍പ്പരം പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. സി.ആര്‍. ദാസ് 1925-ല്‍ അന്തരിച്ചത് സ്വരാജ് പാര്‍ട്ടിക്ക് വലിയ ആഘാതമായിരുന്നു. രോഗശയ്യയിലായിരുന്ന ദാസിനെ ഗാന്ധിജി സന്ദര്‍ശിക്കുകയും ദാസിന്റെ മരണശേഷം നടന്ന വിലാപയാത്രയില്‍ പങ്കെടുക്കുകയും ചെയ്തു. രാഷ്ട്രീയനേതൃത്വം സ്വരാജ് പാര്‍ട്ടിനേതാവായ മോത്തിലാല്‍ നെഹ്റുവിന്റെ ശക്തമായ കരങ്ങളിലായിരുന്നു. കേന്ദ്ര അസംബ്ലിയില്‍ സ്വരാജ് പാര്‍ട്ടി വൈസ്രോയിക്കും ട്രഷറിബഞ്ചിനും തലവേദന സൃഷ്ടിച്ചെങ്കിലും പ്രവിശ്യകളില്‍ അച്ചടക്കം പാലിക്കാന്‍ സാധിച്ചിരുന്നില്ല. 1928-ലെ ബര്‍ദോളി സത്യഗ്രഹം ഇന്ത്യാചരിത്രത്തില്‍ സുപ്രധാനമാണ്. 22 ശതമാനം നികുതി വര്‍ധിപ്പിച്ചതിനെതിരായി ബര്‍ദോളിലെ കര്‍ഷകര്‍ നികുതിനിഷേധത്തിനെതിരായി പോരാടുകയും വല്ലഭായി പട്ടേല്‍ ഗാന്ധിജിയുടെ ആശിസ്സുകളോടെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഒടുവില്‍ ഗവണ്‍മെന്റ് അഞ്ചു ശതമാനം വര്‍ധനവ് മാത്രം ചുമത്തി. വല്ലഭായി പട്ടേലിനെ 'സര്‍ദാര്‍' എന്നു വിളിച്ചുതുടങ്ങിയത് ഈ സത്യഗ്രഹം മുതലാണ്.

1927 നവംബറില്‍ ജോണ്‍ സൈമണ്‍ അധ്യക്ഷനായ ഒരു റോയല്‍ കമ്മിഷന്‍ ഇന്ത്യയുടെ ഭരണത്തില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെപ്പറ്റി ആലോചിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ കമ്മിഷന്റെ ഘടനയെ എതിര്‍ത്തു. കമ്മിഷനെ ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിഷേധപ്രകടനങ്ങള്‍ക്ക് എതിരായി ലാത്തിച്ചാര്‍ജ് നടന്നു. ജവഹര്‍ലാല്‍ നെഹ്റുവും അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവ് സ്വരൂപ്റാണിയും ലാത്തിയടി ഏറ്റവരില്‍ ഉള്‍പ്പെടുന്നു. പ്രമുഖ നേതാവായ ലജ്പത്റായിക്ക് ഏറ്റ ലാത്തിയടിയുടെ ഫലമായി അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കകം അന്തരിച്ചു. ഇന്ത്യയില്‍ ദേശീയ പ്രസ്ഥാനത്തോടു വെറുപ്പും പുച്ഛവുമുണ്ടായിരുന്ന ആളായിരുന്നു അന്നത്തെ ഇന്ത്യാ സെക്രട്ടറിയായ ബിര്‍ക്കന്‍ ഹെഡ് പ്രഭൂ. 'ഇന്ത്യാക്കാര്‍ യോജിച്ച ഒരു ഭരണഘടന തയ്യാറാക്കട്ടെ' എന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇതിന്റെ ഫലമായിരുന്നു മോത്തിലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയിലുള്ള അഖിലകക്ഷി സമ്മേളനം തയ്യാറാക്കിയ 'നെഹ്റു റിപ്പോര്‍ട്ട്'. ജിന്ന റിപ്പോര്‍ട്ടില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചു.

കോണ്‍ഗ്രസ,് നെഹ്റു റിപ്പോര്‍ട്ടിനെ അംഗീകരിച്ചെങ്കിലും നെഹ്റുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും നേതൃത്വത്തിലുള്ള യുവജനവിഭാഗം പുത്രികാരാജ്യപദവി പോരാ, പൂര്‍ണസ്വാതന്ത്ര്യം വേണം എന്ന അഭിപ്രായക്കാരായിരുന്നു. രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുനിന്ന ഗാന്ധിജിയെ മോത്തിലാല്‍ നെഹ്റു രംഗത്തേക്കു കൊണ്ടുവരികയും അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് ഒരു വര്‍ഷത്തിനകം പുത്രികാരാജ്യപദവി നല്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് പൂര്‍ണസ്വാതന്ത്ര്യപ്രമേയം അംഗീകരിക്കുമെന്ന ഒത്തുതീര്‍പ്പ് അംഗീകരിക്കുകയുമുണ്ടായി. ഇതിനിടയ്ക്കു 1929-ല്‍ തൊഴിലാളി കക്ഷി (Labour Party) ബ്രിട്ടനില്‍ അധികാരത്തില്‍ വരികയും അവരുടെ സമ്മതത്തോടെ വൈസ്രോയി ഇര്‍വിന്‍ പ്രഭു (പില്ക്കാലത്ത് ഹാലിഫാക്സ് പ്രഭു) ഇന്ത്യയുടെ ഭരണഘടനാപുരോഗതിയുടെ അന്തിമമായ ലക്ഷ്യം പുത്രികാരാജ്യപദവിയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പുതുതായി ഒന്നുമില്ല എന്നു തോന്നിക്കത്തക്കവണ്ണമാണ് ബ്രിട്ടീഷ് രാഷ്ട്രീയകക്ഷികള്‍ പാര്‍ലമെന്റില്‍ ഇതിനെപ്പറ്റി ചര്‍ച്ച ചെയ്തത്. ഗാന്ധിജി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ വൈസ്രോയിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും വട്ടമേശ സമ്മേളനത്തില്‍ പുത്രികാരാജ്യപദവിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തുമെന്നു വൈസ്രോയിക്ക് ഉറപ്പു പറയാന്‍ നിവൃത്തിയില്ലായിരുന്നു.

ഉപ്പുസത്യഗ്രഹം

1929-ലെ ലാഹോര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ജവഹര്‍ലാല്‍ നെഹ്റുവിനെ തിരഞ്ഞെടുത്തത് ഗാന്ധിജി ഒരു സമരത്തിനു തയ്യാറെടുക്കുകയായിരുന്നു എന്നുള്ളതിനു സൂചനയാണ്. ഭൂരിപക്ഷം പ്രവിശ്യാ കമ്മിറ്റികളും 'ബര്‍ദോളി'യിലെ നായകനായ സര്‍ദാര്‍ പട്ടേലിനെ പ്രസിഡന്റാക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ യുവജന നേതാവായ നെഹ്റുവിനെയാണ് ഗാന്ധിജി അനുകൂലിച്ചത്. യൂറോപ്പില്‍ നിന്നു തിരിച്ചുവന്ന ജവഹര്‍ലാല്‍ ഒരു സോഷ്യലിസ്റ്റായിക്കഴിഞ്ഞിരുന്നു. ഗാന്ധിജിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു നെഹ്റുവിന്. എന്നാല്‍ അദ്ദേഹത്തെ പ്രസിഡന്റാക്കുക വഴി തന്റെ പിന്‍ഗാമിയെ കണ്ടെത്തുകയാണ് ഗാന്ധിജി ചെയ്തത്. നിയമസഭകളില്‍നിന്ന് കോണ്‍ഗ്രസ്സുകാര്‍ രാജിവയ്ക്കാന്‍ ലാഹോര്‍ കോണ്‍ഗ്രസ് നിര്‍ദേശിക്കുകയും സിവില്‍ നിയമലംഘനം നടത്താന്‍ എ.ഐ.സി.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തു. പൂര്‍ണസ്വാതന്ത്ര്യത്തിനുള്ള പ്രമേയം ലാഹോര്‍ കോണ്‍ഗ്രസ് പാസാക്കി. എന്നാല്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടല്ല ഗാന്ധിജി സമരം പ്രഖ്യാപിച്ചത്. ഇദ്ദേഹം വൈസ്രോയിക്ക് 11 ആവശ്യങ്ങള്‍ സമര്‍പ്പിച്ചു. ഇതില്‍ ഭൂനികുതി കുറയ്ക്കുക, ഉപ്പു നികുതി റദ്ദാക്കുക, സൈനികവും സിവിലുമായ ചെലവ് വെട്ടിക്കുറയ്ക്കുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, വിദേശ സാധനങ്ങള്‍ക്കു തീരുവ ചുമത്തുക മുതലായ കാര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇത് ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരെയും നിരാശരാക്കി. എന്നാല്‍ ഗാന്ധിജിയുടെ അഭിപ്രായം ഈ 11 ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യപടിയായിരിക്കും എന്നായിരുന്നു.

സബര്‍മതി ആശ്രമത്തില്‍ നിന്നു സത്യഗ്രഹികള്‍ 1930 മാ. 12-ന് 39 കി.മീ. ദൂരത്തുള്ള ദണ്ഡി കടല്‍ത്തീരത്തേക്ക് ഗാന്ധിജിയുടെ നേതൃത്വത്തില്‍ മാര്‍ച്ചുചെയ്തു. ഇതാണ് ഉപ്പുസത്യഗ്രഹം എന്ന് ചരിത്രത്തില്‍ പ്രശസ്തി നേടിയ സംഭവം. ഇതേത്തുടര്‍ന്ന് ഗാന്ധിജിയെ അറസ്റ്റു ചെയ്തു.

1930 ജനു. 25-ന് ഗാന്ധിജിയെയും വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെയും ജയില്‍ വിമുക്തരാക്കി. ഫെ. 17-ന് ഗാന്ധിജി വൈസ്രോയിയെ സന്ദര്‍ശിച്ചു. എട്ടുദിവസത്തെ ചര്‍ച്ചകള്‍ക്കുശേഷം ഗാന്ധി-ഇര്‍വിന്‍ സന്ധി ഒപ്പുവച്ചു. കോണ്‍ഗ്രസ് സിവില്‍ നിയമലംഘനം നിര്‍ത്തിവയ്ക്കുകയും രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാന്‍ ഗവണ്‍മെന്റ് സമ്മതിക്കുകയുംചെയ്തു. കടല്‍ത്തീരത്തുള്ള പാവപ്പെട്ട ആളുകള്‍ക്ക് ഉപ്പുണ്ടാക്കാന്‍ അനുവാദം കൊടുത്തു. വിദേശവസ്ത്ര ബഹിഷ്കരണത്തിനു പിക്കറ്റിങ് നടത്താനുള്ള അവകാശം അംഗീകരിക്കപ്പെട്ടു. എന്നാല്‍ പൂര്‍ണസ്വാതന്ത്ര്യത്തെപ്പറ്റിയോ പുത്രികാരാജ്യപദവിയെപ്പറ്റിയോ സന്ധി ചര്‍ച്ച ചെയ്തില്ല. എങ്കിലും ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് ഗാന്ധി-ഇര്‍വിന്‍ സന്ധി ഉപകരിച്ചു. ഇന്ത്യയ്ക്ക് പരിമിതമായ സ്വയംഭരണംപോലും നല്കുന്നതിനെ എതിര്‍ത്ത വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഗാന്ധിജിയുമായി കൂടിയാലോചന നടത്തുന്നതിനെ ശക്തിയായി വിമര്‍ശിച്ചു. ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി ഗാന്ധിജി ലണ്ടനിലെ വട്ടമേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന്റെ ഏകപ്രതിനിധിയായി സംബന്ധിക്കാന്‍ തീരുമാനിച്ചു.

ഗാന്ധിജി ലണ്ടനില്‍

ആഗസ്റ്റ് 29-ന് ഗാന്ധിജി ഇംഗ്ലീണ്ടിലേക്ക് തിരിച്ചു. സരോജിനി നായിഡു, മാളവ്യ, മഹാദേവ് ദേശായി, പ്യാരിലാല്‍, ദേവദാസ്, മീരാ ബെന്‍ എന്നിവര്‍ ഗാന്ധിജിയോടൊപ്പം ഉണ്ടായിരുന്നു. ഗവണ്‍മെന്റു മന്ദിരം ഉപയോഗിക്കുന്നതിനുപകരം ലണ്ടനിലെ പാവപ്പെട്ടവര്‍ താമസിക്കുന്ന ഈസ്റ്റ് എന്‍ഡിലെ (East End) കിംഗ്സ്ളി ഹാള്‍ സെഗ്മെന്റിലാണ് താമസിച്ചത്. കോണ്‍ഫറന്‍സ് നടക്കുന്ന അവസരത്തില്‍ മാക് ഡൊണാള്‍ഡിന്റെ തൊഴിലാളി ഗവണ്‍മെന്റ് രാജിവച്ചു. യാഥാസ്ഥിതികരെയും ലിബറല്‍ കക്ഷിയിലെ ഒരു വിഭാഗത്തെയും ഉള്‍പ്പെടുത്തി നാഷണല്‍ ഗവണ്‍മെന്റ് മാക് ഡൊണാള്‍ഡ് തന്നെ രൂപവത്കരിച്ചു. ഈ ഗവണ്‍മെന്റില്‍ ഇന്ത്യാ സെക്രട്ടറിയായി വന്ന യാഥാസ്ഥിതിക (Conservative Party)കക്ഷിയിലെ സര്‍ സാമുവല്‍ ഗോര്‍ ഇന്ത്യാക്കാര്‍ സ്വയംഭരണത്തിന് പ്രാപ്തരല്ല എന്ന് ഗാന്ധിജിയോട് തുറന്നു പറഞ്ഞു. ഗാന്ധിജിക്ക് വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഗാന്ധിജി മുംബൈയില്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം ജയിലിലായി. ജവഹര്‍ലാല്‍ നെഹ്റുവും മറ്റും നേരത്തേതന്നെ അറസ്റ്റുചെയ്യപ്പെട്ടിരുന്നു. ഇര്‍വിന് പകരംവന്ന വൈസ്രോയി വെല്ലിങ്ടണ്‍ മര്‍ദനനയമാണ് സ്വീകരിച്ചത്.

ഹരിജനോദ്ധാരണം

ഹിന്ദു സമുദായത്തില്‍ 'തൊട്ടുകൂടാത്തവര്‍' എന്ന് കണക്കാക്കപ്പെട്ടിരുന്ന ജാതിക്കാരുടെ പ്രശ്നത്തെപ്പറ്റി ഗാന്ധിജി ബോധവാനായിരുന്നു. ഗാന്ധിജിയോട് ആലോചിച്ചശേഷമാണ് വൈക്കം സത്യഗ്രഹം തുടങ്ങിയത്. പക്ഷേ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഹിന്ദുക്കളില്‍ ഒരു വിഭാഗത്തെ മറ്റു വിഭാഗങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന സംവിധാനത്തെ ഗാന്ധിജി എതിര്‍ത്തിരുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തന്ത്രമനുസരിച്ച് മുസ്ലിങ്ങള്‍ക്ക് ബ്രിട്ടീഷുകാര്‍ പ്രത്യേക നിയോജകമണ്ഡലങ്ങള്‍ അനുവദിച്ചുകൊടുത്തു. ഇതിന്റെ ഫലമായി മുസ്ലിം അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് മുസ്ലിങ്ങള്‍ മാത്രമായിരിക്കും. ഈ സമ്പ്രദായം ഹിന്ദുമതത്തില്‍പ്പെട്ട 'അധഃസ്ഥിത' ജാതിക്കാര്‍ക്കുകൂടി ഏര്‍പ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി മാക് ഡൊണാള്‍ഡ് 'കമ്യൂണല്‍ അവാര്‍ഡ്' പ്രഖ്യാപിച്ചു. ജയിലില്‍ കിടന്ന ഗാന്ധിജി ഇതിനെതിരായി മരണംവരെ ഉപവാസം തുടങ്ങി. ഹിന്ദുനേതാക്കന്മാരുടെ ഒരു കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടിയെങ്കിലും ഡോക്ടര്‍ അംബേദ്കറുടെ സമ്മതം കൂടാതെ ഒരു തീരുമാനവും സാധ്യമായിരുന്നില്ല. പട്ടികജാതിക്കാരുടെ പ്രാതിനിധ്യം ഇരട്ടിപ്പിക്കാമെന്നുള്ള വ്യവസ്ഥയില്‍ അംബേദ്കര്‍ ഒത്തുതീര്‍പ്പിനെ അനുകൂലിക്കുകയും ഗാന്ധിജി ഉപവാസം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ജയിലില്‍ കിടന്നു ഗാന്ധിജി ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗാന്ധിജി പുതിയ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ആത്മശക്തി നേടാന്‍ 1933 മേയ് 8 മുതല്‍ 21 ദിവസത്തെ ഉപവാസയജ്ഞം നടത്തി. പിന്നീട് ഗാന്ധിജിയെ ജയില്‍ വിമുക്തനാക്കിയെങ്കിലും പൂണെ വിടാന്‍ പാടില്ല എന്ന നിരോധനം ലംഘിച്ചതിന് വീണ്ടും ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എന്നാല്‍ ഇതിനെതിരായി ഗാന്ധിജി വീണ്ടും ഉപവസിക്കുകയും ഗവണ്‍മെന്റ് ഇദ്ദേഹത്തെ വിടുതല്‍ ചെയ്യുകയുമുണ്ടായി.

1932-ല്‍ ഗുരുവായൂര്‍ ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കാന്‍ കോണ്‍ഗ്രസ് നേതാവായ കേളപ്പന്‍ നടത്തിയ നിരാഹാരസത്യഗ്രഹം ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം പിന്‍വലിക്കുകയുണ്ടായി. ജയിലില്‍ വച്ചുതന്നെ ജി.ഡി. ബിര്‍ള അധ്യക്ഷനായും എ.വി. താക്കര്‍ കാര്യദര്‍ശിയായും അഖിലേന്ത്യാ ഹരിജന്‍ സേവകസംഘം രൂപീകരിച്ചു. ജയില്‍ വിമുക്തനായി ഒരു വര്‍ഷം ഹരിജനോദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിജി ഇന്ത്യയൊട്ടാകെ പര്യടനം നടത്തി. കേരളത്തിലും ഇദ്ദേഹം നിരവധി പ്രസംഗങ്ങള്‍ ചെയ്യുകയുണ്ടായി. 'ഹരിജന്‍' എന്ന വാക്ക് ഗാന്ധിജിയാണ് ആദ്യമായി ഉപയോഗിച്ചത്. ഇദ്ദേഹത്തിന്റെ പത്രത്തിന്റെ പേരും ഹരിജന്‍ എന്നാക്കി. 1934-ല്‍ കോണ്‍ഗ്രസ് നിയമസഭകളിലേക്ക് മത്സരിക്കണമെന്ന പ്രമേയം ഗാന്ധിജിയാണ് അവതരിപ്പിച്ചത്. ആ വര്‍ഷംതന്നെ കോണ്‍ഗ്രസ്സിലെ അംഗത്വം ഇദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോല്‍ ഉപദേശം നല്കാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞില്ല.

ഗ്രാമോദ്ധാരണവും പ്രാധാന്യമുള്ളതായി ഗാന്ധിജി ഗണിച്ചു. 1934-ല്‍ ഗാന്ധിജി വാര്‍ധായ്ക്കടുത്ത് സേഗാണ്‍ എന്ന ഗ്രാമത്തില്‍ താമസം തുടങ്ങി. ആ ഗ്രാമം പിന്നീട് 'സേവാഗ്രാമം' ആയി. അഖിലേന്ത്യാ ഗ്രാമവ്യവസായസംഘം ഗാന്ധിജി സ്ഥാപിക്കുകയുണ്ടായി.

1934 ജനു. 20-ന് തിരുവനന്തപുരത്ത് വമ്പിച്ച പൊതുയോഗത്തില്‍ ഗാന്ധിജി പറഞ്ഞു: 'തിരുവിതാംകൂറും കൊച്ചിയും ഉള്‍പ്പെട്ട കേരളമാണ് ഇന്ത്യയുടെ ഭൂപടത്തില്‍ അയിത്തം കുറിക്കുന്ന ഏറ്റവും കറുത്തഭാഗം എന്നു പറയാനുള്ള ധിക്കാരം-നിങ്ങളുടെ ഭാഷയില്‍ ധിക്കാരം, എന്റെ ഭാഷയാണെങ്കില്‍ ധൈര്യം-ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്'. എന്നാല്‍ 1936 നവംബറില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ വിളംബരപ്രകാരം തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തു. ഗാന്ധിജി പിന്നീട് തിരുവിതാംകൂര്‍ സന്ദര്‍ശിക്കുകയും നിരവധി ക്ഷേത്രങ്ങളില്‍ അയിത്തജാതിക്കാരോടൊന്നിച്ച് ആരാധന നടത്തുകയും ചെയ്തു.

ഗാന്ധിജിയും കോണ്‍ഗ്രസ് മന്ത്രിസഭകളും

1935-ലെ ഇന്ത്യാ ആക്റ്റ് അനുസരിച്ചുള്ള തിരഞ്ഞെടുപ്പുകള്‍ 1937-ല്‍ നടക്കുകയും ആകെയുള്ള പതിനൊന്നു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ വലിയ കക്ഷിയെന്ന നിലയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശമുണ്ടാകുകയും ചെയ്തു. മന്ത്രിസഭാരൂപീകരണത്തെപ്പറ്റി കോണ്‍ഗ്രസ്സില്‍ രണ്ട് അഭിപ്രായഗതികളുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റായ ജവഹര്‍ലാല്‍ നെഹ്റുവും പുതുതായി രൂപമെടുത്ത സോഷ്യലിസ്റ്റ് വിഭാഗവും മന്ത്രിസഭാ രൂപീകരണത്തെ എതിര്‍ത്തു. എന്നാല്‍ അതുവരെ നിയമസഭയില്‍ പ്രവേശിക്കുന്നതിനെപ്പോലും എതിര്‍ത്തിരുന്ന വല്ലഭായി പട്ടേല്‍, രാജഗോപാലാചാരി മുതലായവര്‍ മന്ത്രിസഭാരൂപീകരണത്തെ അനുകൂലിച്ചു. രണ്ട് അഭിപ്രായങ്ങളെയും സമന്വയിപ്പിക്കുന്നതിന് ഗാന്ധിജി ഒത്തുതീര്‍പ്പ് നിര്‍ദേശിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാക്കന്മാര്‍, ഗവര്‍ണര്‍മാര്‍ തങ്ങളുടെ പ്രത്യേകാധികാരങ്ങള്‍ ഉപയോഗിക്കുകില്ല എന്ന ഉറപ്പു ലഭിച്ചശേഷം മാത്രം അധികാരമേറ്റാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഇതിന് ഗവര്‍ണര്‍മാര്‍ക്ക് സമ്മതമായിരുന്നില്ല. ഉറപ്പു കൊടുക്കുന്നതിനെ വൈസ്രോയിയും എതിര്‍ത്തു. കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ള ആറ് പ്രവിശ്യകളില്‍ ഗവര്‍ണര്‍മാര്‍ താത്കാലികമായി ന്യൂനപക്ഷ മന്ത്രിസഭകള്‍ രൂപീകരിച്ചു. പിന്നീടു പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ തെളിയിക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ നെവില്‍ ചേമ്പര്‍ലെയിന്‍ ഗവര്‍ണര്‍മാര്‍ ഉറപ്പുകൊടുക്കുന്നതിന് അനുകൂലമായിരുന്നു എന്നാണ്. ബ്രിട്ടീഷ് ക്യാബിനറ്റ് നിര്‍ദേശമനുസരിച്ച് വൈസ്രോയി ഒരു പ്രസ്താവന ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭകള്‍ രൂപീകരിക്കുകയും ചെയ്തു. ഇന്ന് പാകിസ്താന്റെ ഭാഗമായ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്ത് ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്റെ സഹോദരനായ ഖാന്‍ സാഹിബിന്റെ നേതൃത്വത്തിലും മന്ത്രിസഭകള്‍ രൂപീകരിക്കപ്പെട്ടു. സിന്‍ഡില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടുകൂടി അള്ളാ ബക്സ് മന്ത്രിസഭ രൂപീകരിച്ചു. അങ്ങനെ പഞ്ചാബും ബംഗാളും ഒഴിച്ചുള്ള സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസോ കോണ്‍ഗ്രസ് സ്വാധീനത്തിലുള്ള മന്ത്രിസഭകളോ ഭരിച്ചുതുടങ്ങി. ഈ മന്ത്രിസഭ പഞ്ചായത്ത് നിയമങ്ങള്‍, ഹരിജനോദ്ധാരണം, മദ്യനിരോധനം, ഹിന്ദിയുടെ പ്രചാരം, അടിസ്ഥാനവിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ഗാന്ധിയന്‍ ചിന്താഗതിക്ക് അനുസൃതമായ പരിപാടികളുമായി മുന്നോട്ടുപോയി. തന്റെ വിദ്യാഭ്യാസപരമായ ആദര്‍ശങ്ങള്‍ ഗാന്ധിജി വാര്‍ധായില്‍ കൂടിയ ഒരു വിദ്യാഭ്യാസ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. പില്ക്കാലത്ത് ഇന്ത്യയുടെ പ്രസിഡന്റായ ഡോ. സക്കീര്‍ ഹുസൈയിന്റെ അധ്യക്ഷതയില്‍ പ്രാഥമിക വിദ്യാഭ്യാസവും കൈത്തൊഴിലുകളുമായി ബന്ധപ്പെടുത്തുന്ന അടിസ്ഥാന വിദ്യാഭ്യാസ പദ്ധതി ആവിഷ്കരിച്ചു.

പ്രവിശ്യകളില്‍ ഉത്തരവാദഭരണം വന്നത് നാട്ടുരാജ്യങ്ങളിലെ ജനകീയ പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിച്ചു. ഈ പ്രസ്ഥാനങ്ങളെ നേരിട്ട് കോണ്‍ഗ്രസ് നിയന്ത്രിച്ചില്ലെങ്കിലും മഹാത്മാഗാന്ധി പല നാട്ടുരാജ്യങ്ങളിലെയും ജനകീയ പ്രസ്ഥാനങ്ങളുടെ ഉപദേഷ്ടാവായി മാറി. സ്വന്തം നാടായ രാജ്കോട്ടിലെ പ്രശ്നത്തെ സംബന്ധിച്ച് ഗാന്ധിജി ഉപവാസം ആരംഭിക്കുകയും വൈസ്രോയി ഇടപെട്ട് ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും അവിടത്തെ പ്രശ്നം തീര്‍ന്നില്ല. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭണത്തില്‍ ഗാന്ധിജി ഉപദേശകസ്ഥാനം വഹിച്ചു. 1938 ആഗ. 15-ന് ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ക്ക് അയച്ച കത്തില്‍ രാജകുമാരി അമൃതകൗറിനെ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ അയയ്ക്കുന്നതായി പറഞ്ഞിരുന്നു. ദിവാന് എതിരെ സ്റ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിനു സമര്‍പ്പിച്ച മെമ്മോറിയല്‍ പിന്‍വലിക്കണമെന്ന് ഗാന്ധിജി ശഠിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗം എതിര്‍ത്തെങ്കിലും മെമ്മോറിയല്‍ പിന്‍വലിക്കപ്പെട്ടു. വ്യക്തിപരമായ ആരോപണങ്ങളുടെ മേലുള്ള ഒരു സത്യഗ്രഹസമരം ഗാന്ധിജി ഇഷ്ടപ്പെട്ടിരുന്നില്ല. ഇദ്ദേഹം പല പ്രാവശ്യവും സി.പി. രാമസ്വാമി അയ്യരുടെ മര്‍ദന നടപടികളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി.

1938-ല്‍ ഹരിപുര കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി സുഭാഷ് ചന്ദ്രബോസ് തിരഞ്ഞെടുക്കപ്പെട്ടു. 1939-ലെ ത്രിപുര കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദത്തെ സംബന്ധിച്ചിടത്തോളം സുഭാഷ് ചന്ദ്രബോസും പട്ടാഭി സീതാരാമയ്യയും തമ്മില്‍ ഒരു മത്സരം നടന്നു. പട്ടാഭി സീതാരാമയ്യ ഗാന്ധിജിയുടെ ആശിസുകളോടെ സ്ഥാനാര്‍ഥിയായി. തിരഞ്ഞെടുപ്പില്‍ സുഭാഷ് വിജയിച്ചു. ഗാന്ധിജി പട്ടാഭിയുടെ പരാജയം തന്റെ പരാജയമായാണ് ഗണിച്ചത്.

ഗാന്ധിജിയും രണ്ടാംലോകയുദ്ധവും

1939 സെപ്. 3-ന് യുദ്ധം പൊട്ടിപ്പുറപ്പെടുകയും വൈസ്രോയിയുടെ ഒരു വിജ്ഞാപനമനുസരിച്ച് ഇന്ത്യ യുദ്ധത്തില്‍ പങ്കാളിയാകുയും ചെയ്തു. ഫാസിസ്റ്റ് ശക്തികള്‍ക്ക് കോണ്‍ഗ്രസ് എതിരായിരുന്നെങ്കിലും ഈ നടപടി കോണ്‍ഗ്രസ്സുകാരെ ക്രുദ്ധരാക്കി. നാല്പതുകോടി ജനങ്ങളെ ഒരു മഹായുദ്ധത്തില്‍ പങ്കാളികളാക്കുന്ന നയം സ്വേച്ഛാപരമാണ് എന്ന് കോണ്‍ഗ്രസ് കരുതി. കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചു. ഗാന്ധിജിയുടെ നിലപാട് വ്യത്യസ്തമായിരുന്നു. ഇദ്ദേഹം യുദ്ധത്തിനുതന്നെ എതിരായിരുന്നു. ബോവര്‍ യുദ്ധത്തിലും ഒന്നാം ലോകയുദ്ധത്തിലും സൈനികസേവനത്തിന് ജനങ്ങളെ ആഹ്വാനം ചെയ്ത ഗാന്ധിജിയുടെ നിലപാട് രണ്ടാംലോകയുദ്ധമായപ്പോള്‍ പാടേ മാറിയിരുന്നു. യുദ്ധകാലത്ത് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തി ഒരു ഇടക്കാല ഗവണ്‍മെന്റ് കേന്ദ്രത്തില്‍ രൂപീകരിക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ തന്ത്രം. എന്നാല്‍ യുദ്ധം പ്രഖ്യാപിച്ചതോടെ ചര്‍ച്ചില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. 1940 ആഗസ്റ്റിലെ ബ്രിട്ടീഷ് നിര്‍ദേശങ്ങളില്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വികസിപ്പിക്കാനല്ലാതെ കൂടുതലായൊന്നും ഇല്ലാത്തതുകൊണ്ട് കോണ്‍ഗ്രസ് ആ നിര്‍ദേശങ്ങള്‍ നിരാകരിച്ചു.

ജവഹര്‍ലാല്‍ നെഹ്റുവും കൂട്ടരും രാജ്യമൊട്ടാകെയുള്ള സിവില്‍ നിയമലംഘനംകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ നേരിടണമെന്ന അഭിപ്രായക്കാരായിരുന്നു. എന്നാല്‍ ഇതിന് എതിരായിരുന്നു ഗാന്ധിജി. യുദ്ധയത്നങ്ങളെ തടയാത്തവിധത്തില്‍ വ്യക്തിഗതമായ സിവില്‍ നിയമലംഘനത്തെയാണ് ഗാന്ധിജി അനുകൂലിച്ചത്. ആദ്യത്തെ സത്യഗ്രഹി ആചാര്യ വിനോബാ ഭാവെയും രണ്ടാമത്തെയാള്‍ ജവഹര്‍ലാല്‍ നെഹ്റുവുമായിരുന്നു. രാജഗോപാലാചാരി തുടങ്ങിയ നേതാക്കന്മാരെല്ലാം ജയിലിലായി. 25,000-ത്തോളം കോണ്‍ഗ്രസ്സുകാര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ജപ്പാന്‍ യുദ്ധത്തില്‍ ചേരുമെന്നു തീര്‍ച്ചയായപ്പോള്‍ ജയിലില്‍ അടയ്ക്കപ്പെട്ടവരെ വിമുക്തരാക്കി. 1942 ഫെബ്രുവരിയില്‍ സിംഗപ്പൂര്‍ കീഴടക്കിയ ജപ്പാന് വേണമെങ്കില്‍ ശ്രീലങ്കയും ദക്ഷിണേന്ത്യയും ആക്രമിച്ച് കീഴടക്കാമെന്ന നിലയിലായി. ഈ ഘട്ടത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ബ്രിട്ടീഷ് ക്യാബിനറ്റ് അംഗമായ സര്‍ സ്റ്റാഫോഡ് ക്രിപ്സിനെ ദൗത്യവുമായി ചര്‍ച്ചില്‍ ഇന്ത്യയിലേക്കയച്ചു. യുദ്ധാനന്തരം ഒരു കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലി വിളിച്ചുകൂട്ടാമെന്നും പുത്രികാരാജ്യപദവി നല്കാമെന്നും മുന്‍കാലത്തെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഒരു ഇടക്കാലഗവണ്‍മെന്റായി വികസിപ്പിക്കാമെന്നും ക്രിപ്സിന്റെ നിര്‍ദേശങ്ങളില്‍ അടങ്ങിയിരുന്നു. പുതിയ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍നിന്ന് വിട്ടുനില്ക്കുന്നതിന് പ്രവിശ്യകള്‍ക്ക് നല്കിയ അവകാശം പാകിസ്താന്‍ വാദത്തെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ക്രിപ്സ് നിര്‍ദേശങ്ങള്‍ ഒരു 'പോസ്റ്റ് ഡേറ്റഡ് ചെക്ക്' ആണെന്ന് ഗാന്ധിജി പറയുകയുണ്ടായി. ക്രിപ്സ് ദൗത്യം പരാജയപ്പെട്ടു.

'ക്വിറ്റിന്ത്യാ' സമരം

ബ്രിട്ടീഷുകാര്‍ ഉടനടി ഇന്ത്യ വിടണമെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു. 'ക്വിറ്റ് ഇന്ത്യ' (Quit India) 'ഇന്ത്യ വിടുക' എന്ന ആശയം നാടൊട്ടുക്ക് പ്രചരിച്ചു. ആഗ. 8-ന് കൂടിയ എ.ഐ.സി.സി. ക്വിറ്റിന്ത്യാ പ്രമേയം വമ്പിച്ച ഭൂരിപക്ഷത്തോടെ പാസ്സാക്കി. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക (Do or Die) എന്ന് ഗാന്ധിജി ജനങ്ങളെ ആഹ്വാനം ചെയ്തു. ആഗ. 9-ന് ഗാന്ധിജിയും മറ്റു നേതാക്കന്മാരും അറസ്റ്റുചെയ്യപ്പെട്ടു. ശരിയായി ആസൂത്രണം ചെയ്ത സത്യഗ്രഹസമരമാണ് ഗാന്ധിജി ഉദ്ദേശിച്ചിരുന്നത്. അത് അക്രമരഹിതമായിരിക്കണമെന്നും ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ജനരോഷം ആളിക്കത്തി. സമരം നിരവധി മാസങ്ങള്‍ നീണ്ടുനിന്നു. സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് ഗവണ്‍മെന്റ് സമരത്തെ അടിച്ചമര്‍ത്തി. 1943 ഫെ. 10-ന് ഗാന്ധിജി 21 ദിവസത്തെ ഉപവാസം പ്രഖ്യാപിച്ചു. ഉപവാസത്തെ ഇദ്ദേഹം അതിജീവിക്കുകയില്ലെന്നായിരുന്നു വൈസ്രോയിയുടെയും കൂട്ടരുടെയും കണക്കുകൂട്ടല്‍. ഗാന്ധിജിയുടെ മൃതദേഹം ദഹിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍വരെ നേരത്തേ ചെയ്തിരുന്നു. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് മൂന്ന് അംഗങ്ങള്‍ രാജിവച്ചു. ഗാന്ധിജി ഉപവാസം പൂര്‍ത്തിയാക്കുകതന്നെ ചെയ്തു. ഗാന്ധിജി പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവുകാരനായി. 1917 മുതല്‍ ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായി പെട്ടെന്ന് അന്തരിച്ചത് ഇദ്ദേഹത്തിന് വലിയ ആഘാതമായി. ഗുജറാത്തിയില്‍ എഴുതിയ ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തത് ദേശായിയാണ്. 1944 ഫെബ്രുവരിയില്‍ കസ്തൂര്‍ബാ ഗാന്ധിയും ആഗാഖാന്‍ കൊട്ടാരത്തില്‍ വച്ച് അന്തരിച്ചു. 62 വര്‍ഷം തന്റെ സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ട് സഹധര്‍മിണിയുടെ നിര്യാണം ഗാന്ധിജിയുടെ ആരോഗ്യത്തെ ബാധിച്ചു. ഇദ്ദേഹത്തിന്റെ ജീവിതം കുറേ ആഴ്ചകള്‍ മാത്രമേ ശേഷിച്ചിട്ടുള്ളു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പോവുകയും ചെയ്തു. വൈസ്രോയി വേവലിന്റെ നിര്‍ദേശപ്രകാരം ചര്‍ച്ചില്‍ ഗാന്ധിജിയെ ജയില്‍ വിമുക്തനാക്കി. ബോംബെയില്‍ ജൂഹു കടല്‍പ്പുറത്ത് താമസമാക്കിയ ഗാന്ധിജി ഏതാനും ആഴ്ചകള്‍ക്കകം ആരോഗ്യം വീണ്ടെടുത്തു. ഗാന്ധിജിയുടെ ആരോഗ്യനിലയെപ്പറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചതില്‍ ചര്‍ച്ചില്‍ വൈസ്രോയിയോടു വിശദീകരണം ആവശ്യപ്പെട്ടു.

സി. രാജഗോപാലാചാരി ജിന്നയുമായി സംഭാഷണം നടത്തി. ഇന്ത്യയുടെ വടക്കുപടിഞ്ഞാറും കിഴക്കുമുള്ള മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ജനഹിതപരിശോധന വഴി പ്രത്യേക രാഷ്ട്രങ്ങളായി നിലകൊള്ളാന്‍ അനുവദിക്കാമെന്ന രാജാജി ഫോര്‍മുലയായിരുന്നു ചര്‍ച്ചാവിഷയം. ഈ ഫോര്‍മുല അനുസരിച്ച് രാജ്യരക്ഷ, ഗതാഗതം തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക കരാറുകള്‍ ചെയ്യാവുന്നതാണെന്നും വിഭാവന ചെയ്തിരുന്നു. മുസ്ലിംലീഗ് ഒരു ഇടക്കാല ഗവണ്‍മെന്റിനുവേണ്ടി നില്ക്കുകയും കോണ്‍ഗ്രസ് വിഭാവന ചെയ്യുന്ന സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയും ചെയ്യണം എന്ന് ഫോര്‍മുലയില്‍ ഉണ്ടായിരുന്നു. രാജാജി ഫോര്‍മുല ജിന്ന തിരസ്കരിച്ചെങ്കിലും ഗാന്ധിജി ജിന്നയെ സന്ദര്‍ശിച്ച് ഫോര്‍മുല ചര്‍ച്ചചെയ്തു. മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജനഹിതപരിശോധനയില്‍ പങ്കെടുക്കാന്‍ അവകാശമില്ല എന്ന് ജിന്ന നിര്‍ദേശിച്ചു. പാകിസ്താന്റെ അതിര്‍ത്തികളെ നിര്‍വചിക്കാനും ജിന്ന തയ്യാറായില്ല. ജിന്ന കോണ്‍ഗ്രസ്സുമായി ഏതെങ്കിലും തരത്തിലുള്ള കരാറിനും തയ്യാറായിരുന്നില്ല.

സിംലാ കോണ്‍ഫറന്‍സ്

1945 മേയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗങ്ങളെ വിട്ടയയ്ക്കുകയും നേതാക്കന്മാരെ വൈസ്രോയി സിംലയില്‍ ഒരു കോണ്‍ഫറന്‍സിന് ക്ഷണിക്കുകയും ചെയ്തു. സിംല കോണ്‍ഫറന്‍സ് ഇടക്കാല ഗവണ്‍മെന്റ് രൂപീകരണത്തെപ്പറ്റി ചര്‍ച്ചചെയ്തു.

സംസ്ഥാനനിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മുസ്ലിംലീഗും പ്രധാന കക്ഷികളായി വന്നു. അതിര്‍ത്തി സംസ്ഥാനത്തിലൊഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും പാകിസ്താന്‍ വാദം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം സീറ്റുകള്‍ കരസ്ഥമാക്കാന്‍ ജിന്നയ്ക്ക് സാധിച്ചു. ജപ്പാന്റെ കീഴടങ്ങലും ഐ.എന്‍.എ. തടവുകാരുടെ കാര്യവും പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു: കൂടാതെ ഇന്ത്യന്‍ നേവിയിലെ ഭടന്മാര്‍ ലഹള ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് ലഹള അവസാനിപ്പിച്ചെങ്കിലും ഏതു സമയവും ഒരു സൈനികവിപ്ലവം ഉണ്ടാകുമെന്ന പരിതഃസ്ഥിതി ഇന്ത്യയില്‍ സംജാതമായി. തൊഴിലാളി ഗവണ്‍മെന്റിലും കക്ഷിയിലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്കണമെന്ന് വിചാരിക്കുന്നവര്‍ പലരുമുണ്ടായിരുന്നു. പുതിയ ഇന്ത്യാ സെക്രട്ടറിയായ പെത്തിക് ലാറന്‍സ് (Pethic Lawrence) പ്രഭുവും അദ്ദേഹത്തിന്റെ പത്നിയും ഗാന്ധിജിയുടെ പഴയ സുഹൃത്തുക്കളായിരുന്നു. വി.കെ. കൃഷ്ണമേനോന്റെ ശ്രമഫലമായി തൊഴിലാളി കക്ഷി(Labour Party)യില്‍ ശക്തമായ ഒരു ഇന്ത്യന്‍ 'ലോബി' ഉണ്ടായിരുന്നു. പ്രധാനമന്ത്രി ആറ്റ്ലി സൈമണ്‍ കമ്മിഷനിലെ അംഗമെന്ന നിലയില്‍ ഇന്ത്യന്‍ പ്രശ്നം പഠിച്ചിട്ടുള്ള വ്യക്തിയായിരുന്നു. 1942-ല്‍ ക്രിപ്സിനെ ഇന്ത്യയിലേക്ക് അയച്ചതില്‍ ആറ്റ്ലിക്ക് പ്രധാനപങ്കുണ്ടായിരുന്നു. പെത്തിക്ക് ലാറന്‍സ്, സ്റ്റാഫോഡ് ക്രിപ്സ്, എ.ഡി. അലക്സാണ്ടര്‍ (Alexander) എന്നിവരടങ്ങിയ ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ ആറ്റ്ലി ഗവണ്‍മെന്റ് തീരുമാനിച്ചത് ഗാന്ധിജിയുടെ വിജയമായിരുന്നു.

ക്യാബിനറ്റ് മിഷന്‍

1946 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ ക്യാബിനറ്റ് മിഷന്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കുശേഷം ഭരണഘടന നിര്‍മിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു.

ആറ്റ്ലി ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ 1946 സെപ്തംബറില്‍ ഇടക്കാല ഗവണ്‍മെന്റ് രൂപവത്കരിച്ചു. ഇതില്‍ മുസ്ലിം ലീഗ് ഉണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച പ്രതിഷേധദിനത്തില്‍ (ആഗസ്റ്റ് 16-ന്) കല്‍ക്കത്തയില്‍ വമ്പിച്ച വര്‍ഗീയ ലഹള നടന്നു. ചുരുക്കം ചില അനുയായികളോടൊപ്പം ഗാന്ധിജി നൗഖാലിയില്‍ പര്യടനം നടത്തി. നൗഖാലിയിലെ പദയാത്ര വളരെ ദീര്‍ഘവും അപകടകരവുമായിരുന്നു. എങ്കിലും സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞു. നൗഖാലിയിലെ യാത്ര അവസാനിക്കുന്നതിനുമുമ്പ് ബീഹാറിലെ ഹിന്ദുക്കള്‍ മുസ്ലിങ്ങളെ ആക്രമിച്ചു. ഗാന്ധിജി ബീഹാറിലും പര്യടനം നടത്തി.

മുസ്ലിംലീഗ് പിടിവാശി ഉപേക്ഷിച്ച് വൈസ്രോയിയുടെ പ്രേരണപ്രകാരം ഇടക്കാല ഗവണ്‍മെന്റില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ വിസമ്മതിച്ചു. ഈ നടപടി വൈസ്രോയി വേവലിനെ ഒരു മധ്യസ്ഥന്റെ നിലയിലേക്ക് ഉയര്‍ത്തി. വേവലിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹത്തിന് നിയമത്തില്‍ പാണ്ഡിത്യമുള്ള ഒരു ഉപദേഷ്ടാവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഗാന്ധിജി ബ്രിട്ടീഷ് ഗവണ്‍മെന്റിന് കത്തെഴുതി. ഇന്ത്യയിലെ പ്രതിസന്ധിയില്‍ സൃഷ്ടിപരമായ എന്തെങ്കിലും സംഭാവന ചെയ്യാന്‍ വേവല്‍ അപ്രാപ്തനാണെന്ന് പ്രധാനമന്ത്രി ആറ്റ്ലി മനസ്സിലാക്കി. ഇതിന്റെ ഫലമായി 1948 ജൂണിനകം അധികാരം ഇന്ത്യാക്കാര്‍ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പ്രഖ്യാപനമുണ്ടായി. മൗണ്ട് ബാറ്റന്‍ പ്രഭുവിനെ വൈസ്രോയി ആയി നിയമിച്ചു.

ഇന്ത്യയുടെ വിഭജനം

മൗണ്ട് ബാറ്റന്‍ വന്നയുടനെ തന്നെ ഗാന്ധിജിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് ബീഹാറിലെ തന്റെ സമാധാന ദൗത്യത്തിനിടയില്‍ ഗാന്ധിജി ഡല്‍ഹിയിലെത്തി പുതിയ വൈസ്രോയിയെ സന്ദര്‍ശിച്ചു. കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ മുസ്ലിം ലീഗ് ചേരാന്‍ വിസമ്മതിച്ചതുകൊണ്ടും ക്യാബിനറ്റ് മിഷന്‍ പദ്ധതി അവര്‍ നിരസിച്ചതുകൊണ്ടും ഇന്ത്യയുടെ വിഭജനം മാത്രമാണ് പോംവഴിയായി കണ്ടെത്തിയത്. രാഷ്ട്രീയവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ ഗാന്ധിജി ഇടക്കാല ഗവണ്‍മെന്റിലെ മന്ത്രിമാര്‍ക്ക് വിട്ടുകൊടുത്തു. വിഭജനത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേലും അനുകൂലമായിരുന്നു. എങ്കിലും ഗാന്ധിജി വ്യക്തിപരമായി വിഭജനത്തിന് എതിരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗീകരിച്ച വിഭജനഫോര്‍മുലയെ എതിര്‍ക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. എ.ഐ.സി.സി.യില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും വിഭജനപ്രമേയം പാസാക്കുന്നതിന് സഹായകമായ നിലപാട് എടുത്തു. വിഭജനം ഗാന്ധിജിക്കും, മൗലാനാ ആസാദിനും, ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാനും മറ്റനേകം പേര്‍ക്കും വേദനാജനകമായിരുന്നു. മഹത്തായ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന ഗാന്ധിജിക്ക് ഇന്ത്യയുടെ വിഭജനം തടയുവാനുള്ള പ്രായോഗിക പരിപാടികളില്ലായിരുന്നു.

ഗാന്ധിജിയും സ്വാതന്ത്ര്യദിനവും.

സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് പഞ്ചാബിലും ബംഗാളിലും വര്‍ഗീയലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഗാന്ധിജി പങ്കുകൊണ്ടില്ല. ഇദ്ദേഹം കൊല്‍ക്കത്തയില്‍ മുസ്ലിങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി ശ്രമിക്കുകയായിരുന്നു. സ്വാതന്ത്ര്യദിനം കൊല്‍ക്കത്തയില്‍ ശാന്തമായി നടന്നു. എന്നാല്‍ ആഗ. 31-ന് ഹിന്ദുക്കളുടെ ഒരു സംഘം ഗാന്ധിജി താമസിച്ച വീട് ആക്രമിച്ചു. സമാധാനം സ്ഥാപിക്കുന്നതുവരെ ഗാന്ധിജി ഉപവസിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി കൊല്‍ക്കത്ത പെട്ടെന്നു ശാന്തമായി. കൊല്‍ക്കത്തയില്‍നിന്ന് ഗാന്ധിജി ഡല്‍ഹിക്കു തിരിച്ചു. പഞ്ചാബില്‍ നിന്നുള്ള അഭയാര്‍ഥിപ്രവാഹം നിമിത്തം ഡല്‍ഹി കലങ്ങിമറിയുകയായിരുന്നു. മുസ്ലിങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാത്ത സ്ഥിതിയാണ് ഇദ്ദേഹം ഡല്‍ഹിയില്‍ കണ്ടത്. ഡല്‍ഹി ശാന്തമാകുന്നതുവരെ ഉപവസിക്കാമെന്ന് 1948 ജനു. 13-ന് ഗാന്ധിജി പ്രഖ്യാപിച്ചു. ഇത് ഇദ്ദേഹത്തിന്റെ അവസാനത്തെ ഉപവാസമായിരുന്നു. ഈ ഉപവാസം പാകിസ്താനിലും അനുകൂലപ്രതികരണങ്ങള്‍ സൃഷ്ടിച്ചു. ഡല്‍ഹിയില്‍ സമാധാനം സ്ഥാപിക്കുമെന്ന് എല്ലാ വിഭാഗക്കാരും ഉറപ്പുനല്കിയതോടെ ജനു. 18-ന് ഗാന്ധിജി ഉപവാസം പിന്‍വലിച്ചു.

ഗാന്ധിജിയുടെ അന്ത്യം.

ഗാന്ധിജിയുടെ ജീവന്‍ അപകടത്തിലാണ് എന്നുള്ളതിനു സൂചനകളുണ്ടായിരുന്നു. ജനു. 20-ന് ബിര്‍ളാഭവനില്‍ ഒരു പ്രാര്‍ഥനായോഗത്തില്‍ ഗാന്ധിജി പ്രസംഗിക്കവേ ബോംബ് സ്ഫോടനമുണ്ടായി. ഗാന്ധിജി ഇക്കാര്യത്തില്‍ ശ്രദ്ധിച്ചതേയില്ല. ഇതോടനുബന്ധിച്ച് മദന്‍ലാല്‍ എന്ന പഞ്ചാബി അഭയാര്‍ഥിയെ അറസ്റ്റുചെയ്തു. എന്നാല്‍ മദന്‍ലാലിനൊപ്പം നാഥുറാം വിനായക ഗോദ്സെ എന്ന ഹിന്ദു തീവ്രവാദി ഉണ്ടായിരുന്നത് ആരും ശ്രദ്ധിച്ചില്ല. പ്രാര്‍ഥനായോഗത്തിനു വരുന്നവരെ പൊലീസ് പരിശോധിക്കുന്നതിന് ഗാന്ധിജി എതിരായിരുന്നു. പ്രാര്‍ഥനായോഗത്തില്‍വച്ചു മരിക്കാനാണ് വിധിയെങ്കില്‍ അതു തടയാനാവില്ലെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. 1948 ജനു. 30-ന് പട്ടേലും നെഹ്റുവുമായുള്ള ഭിന്നതകളെക്കുറിച്ച് പട്ടേലുമായി ഗാന്ധിജി ദീര്‍ഘമായ സംഭാഷണം നടത്തിയതുമൂലം പ്രാര്‍ഥനായോഗത്തിനു പോകാന്‍ ഏതാനും മിനിട്ടുകള്‍ വൈകി. തന്റെ സഹോദരന്റെ പൗത്രിമാരായ ആഭയുടെയും മനുവിന്റെയും തോളില്‍ കൈവച്ച് ഗാന്ധിജി തിടുക്കത്തില്‍ പ്രാര്‍ഥനായോഗസ്ഥലത്തേക്കു നടന്നു. അഞ്ഞൂറോളം പേര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ പലരും എഴുന്നേറ്റ് ഗാന്ധിജിയെ അഭിവാദനം ചെയ്തു. ഗാന്ധിജി കൂപ്പുകൈകളോടെ പ്രത്യഭിവാദനം ചെയ്തു. ആ അവസരത്തില്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഗോദ്സെ മുമ്പോട്ടുവന്നു. ഗാന്ധിജിയെ നമസ്കരിക്കുന്നതുപോലെ കൈകൂപ്പി കുനിഞ്ഞ് ആട്ടോമാറ്റിക് പിസ്റ്റല്‍കൊണ്ട് തുരുതുരെ മൂന്നുവെടിവച്ചു. 'ഹരേ റാം' എന്നുച്ചരിച്ചുകൊണ്ട് ഗാന്ധിജി എന്നെന്നേക്കുമായി കണ്ണടച്ചു. പിറ്റേദിവസം യമുനയുടെ തീരത്ത് ഗാന്ധിജിയുടെ ഭൗതികശരീരം സംസ്കരിച്ചു. ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ അന്ത്യരംഗത്തിനു സാക്ഷ്യം വഹിച്ചു. വിഭജനത്തെത്തുടര്‍ന്നുള്ള വര്‍ഗീയ ലഹളകള്‍ രണ്ടു രാജ്യങ്ങളിലും നിലച്ചു. ഐക്യരാഷ്ട്രസഭ ദുഃഖസൂചകമായി കൊടി പകുതി താഴ്ത്തിക്കെട്ടി. ഇത് ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ ആദ്യസംഭവമായിരുന്നു. നോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്; ഇന്ത്യന്‍ സ്വാതന്ത്ര്യസമരം; എന്റെ സത്യാന്വേഷണ പരീക്ഷകള്‍; ഉപ്പുസത്യഗ്രഹം; ക്യാബിനറ്റ് മിഷന്‍; ക്വിറ്റ് ഇന്ത്യ സമരം; ഗാന്ധി-ഇര്‍വിന്‍ സന്ധി; ഗാന്ധി ദര്‍ശനം; ഗാന്ധി പീസ് ഫൗണ്ടേഷന്‍; ഗാന്ധിയന്‍ സാമ്പത്തിക വ്യവസ്ഥിതി; ഗാന്ധിസ്മാരകനിധി; ഗാന്ധി സിനിമ; ദണ്ഡിയാത്ര.

(ഡോ. വി.കെ. സുകുമാരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍