This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: = അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും = പ്രവര്‍ത്തിക്കാന...)
(പുതിയ താള്‍: = അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും = പ്രവര്‍ത്തിക്കാന...)
 

Current revision as of 09:06, 14 ഏപ്രില്‍ 2015

അധികാര കേന്ദ്രീകരണവും വികേന്ദ്രീകരണവും

പ്രവര്‍ത്തിക്കാനുള്ള കഴിവിലും അവകാശത്തിലും അധിഷ്ഠിതമാണ് അധികാരം. സ്വാധീനത, അധികാരിത, പ്രേരകശക്തി, ബലം പ്രയോഗിക്കല്‍, നിയന്ത്രണാധികാരം, ശക്തി, നിര്‍ബന്ധം ചെലുത്തല്‍ ആദിയായവയും അധികാരമെന്ന വാക്കിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു. അധികാരം വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമാവാം; പക്ഷേ, അത് സമൂഹത്തില്‍നിന്ന് ലഭിച്ചതായിരിക്കും. അധികാരം പല വിധത്തിലുണ്ടെങ്കിലും രാഷ്ട്രീയാധികാരമാണ് സാധാരണയായി ഈ പദംകൊണ്ടു അര്‍ഥമാക്കുന്നത്.


ഓരോ രാജ്യത്തിലും ആഭ്യന്തരകലഹം, വിദേശീയാക്രമണം മുതലായ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാനോ, തരണം ചെയ്യുവാനോ വേണ്ടി വിശാലവും നിഷ്കൃഷ്ടവുമായ ചില പൊതുധാരണകള്‍ ഉണ്ടാക്കുവാന്‍ അവിടത്തെ ജനങ്ങള്‍ നിര്‍ബദ്ധിതരായിത്തീരുന്നു. അത്തരം അവസ്ഥാവിശേഷത്തില്‍ നിന്നും സംജാതമാവുന്നതാണ് രാഷ്ട്രീയാധികാരം. ഭരണകൂടവും നിയമവ്യവസ്ഥകളും രാഷ്ട്രീയാധികാരത്തിന് ഒരു സ്ഥിരത കല്പിക്കുകയും അതിനെ വേണ്ടത്ര ഫലപ്രദമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. രാഷ്ട്രീയാധികാരത്തിന്റെ കാതലായ ലക്ഷ്യം തന്നെ നിയമനിര്‍മാണവും നിയന്ത്രണവുമാണ്. അധികാരം കൈകാര്യം ചെയ്യുന്നത് കേന്ദ്രീകൃതമായോ വികേന്ദ്രീകൃതമായോ ആകാം.


കേന്ദ്രീകരണം. ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരം മുഴുവന്‍, കേന്ദ്ര ഗവ.-ന്റെ കൈയിലമരുകയും കീഴ്ഘടകങ്ങള്‍ക്ക് കാര്യമായ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആ രാഷ്ട്രത്തില്‍ അധികാരകേന്ദ്രീകരണം ഉണ്ടാകുന്നു.


അധികാരകേന്ദ്രീകരണം എക്കാലവും (ഫ്യൂഡലിസത്തിന്റെ കാലം ഒഴികെ) നിലവിലിരുന്നു. എന്നാല്‍ വികേന്ദ്രീകൃത സ്വഭാവിയായ ഫ്യൂഡല്‍ വ്യവസ്ഥിതി സൃഷ്ടിച്ച സംഘര്‍ഷാവസ്ഥയിലും കുഴപ്പത്തിലും നിന്നുടലെടുത്ത ദേശരാഷ്ട്രങ്ങളുടെ (National States) കൂടപ്പിറവി ആയിട്ടാണ്, അധികാരകേന്ദ്രീകരണം ആധുനികയുഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍പാപ്പാ, ചക്രവര്‍ത്തി, പ്രഭുക്കന്‍മാര്‍ തുടങ്ങിയവരില്‍ വിഭജിക്കപ്പെട്ടു കിടന്നിരുന്ന രാഷ്ട്രീയാധികാരം അതതു രാജ്യങ്ങളില്‍ അവിടത്തെ രാജാവില്‍ ചെന്നുചേരുകയും, തദ്വാരാ ഒരു കേന്ദ്രീകൃത സംവിധാനം ദേശരാഷ്ട്രങ്ങളില്‍ ഉടലെടുക്കുകയും ചെയ്തു. ഇതു പ്രായേണ ഫ്യൂഡലിസത്തിന്റെ തളര്‍ച്ചയ്ക്കും ദേശരാഷ്ട്രങ്ങളുടെയും ഭരണകേന്ദ്രീകരണത്തിന്റെയും വളര്‍ച്ചയ്ക്കും കാരണമായി. എങ്കിലും വ്യാവസായിക വിപ്ളവത്തിനുശേഷമാണ് കേന്ദ്രീകരണം പ്രബലമായത്.


വ്യാവസായിക വിപ്ളവത്തിന്റെ പുരോഗതിയെത്തുടര്‍ന്ന്, ആധുനിക വാര്‍ത്താവിനിമയസൌകര്യങ്ങള്‍ വര്‍ധിച്ചു. തന്മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും പ്രാദേശിക ഘടകങ്ങളുടെമേല്‍ കൂടുതല്‍ നിയന്ത്രണം ചെലുത്തുവാനും കേന്ദ്രഭരണാധികാരികള്‍ക്കു സാധിച്ചു. ഭക്ഷ്യകാര്യങ്ങളിലും മറ്റും പ്രാദേശിക ഗവ.-കള്‍ക്കുണ്ടായിരുന്ന സ്വയംപര്യാപ്തതയ്ക്ക് കോട്ടം തട്ടുകയും പല കീഴ്ഘടകങ്ങളും കേന്ദ്രത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തതാണ് വ്യാവസായിക വിപ്ളവത്തിന്റെ മറ്റൊരു ഫലം. ശാസ്ത്രസാങ്കേതിക വിഷയങ്ങളുടെ പുരോഗതി, കേന്ദ്രീകരണത്തിന് ഗണ്യമായി സഹായിച്ചിട്ടുണ്ട്.


രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ അനുഭവപ്പെട്ട സാമ്പത്തികത്തകര്‍ച്ച, വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധസന്നാഹങ്ങള്‍, ദേശീയ ആസൂത്രണപരിപാടികള്‍, കാര്യനിര്‍വഹണ പ്രശ്നങ്ങളിലെ വളര്‍ന്നുവരുന്ന സങ്കീര്‍ണത ഏകീകൃത കമ്പോളത്തില്‍ അധിഷ്ഠിതമായ ആഗോളവല്‍ക്കരണം മുതലായവ അധികാരകേന്ദ്രീകരണത്തിന് വഴിതെളിച്ചു.


പ്രയോജനങ്ങള്‍. ഫലപ്രദമായ മേല്‍നോട്ടത്തിലൂടെയും നിയന്ത്രണത്തിലൂടെയും കീഴ്ഘടകങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, പാഴ്ച്ചെലവുകള്‍ ഒഴിവാക്കുക, നിയമ-കാര്യനിര്‍വഹണ പരിപാടികള്‍ക്ക് ഒരു എകീകൃത സ്വഭാവം കൈവരുത്തുക, അമിതമായ പ്രാദേശികത്വത്തില്‍ നിന്നും ഉളവാകുന്ന കുഴപ്പങ്ങള്‍ ദൂരീകരിക്കുക, ദേശീയമായ ഐക്യവും ദാര്‍ഢ്യവും വളര്‍ത്തുക, പ്രാദേശിക നിയമനങ്ങള്‍, ക്രയവിക്രയം തുടങ്ങിയ കാര്യങ്ങളിലലെ അഴിമതികള്‍ കഴിവതും തുടച്ചു മാറ്റുക, ഭരണനിര്‍വഹണകാര്യത്തില്‍ ചുമതലാബോധം വളര്‍ത്തിയെടുത്ത്, കാര്യക്ഷമതയില്‍ ഉന്നത നിലവാരം പുലര്‍ത്തുക തുടങ്ങി നിരവധി ഗുണങ്ങള്‍ കേന്ദ്രീകരണ സംവിധാനത്തില്‍ തെളിഞ്ഞു കാണാം.


ന്യൂനതകള്‍. അമിതമായ അധികാര കേന്ദ്രീകരണം വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യതത്ത്വത്തിനും വിരുദ്ധമാണ്. പ്രാദേശികമായ ഉണര്‍വിനേയും രചനാത്മക ശക്തിയേയും നിരുത്സാഹപ്പെടുത്തുക, തീരുമാനങ്ങള്‍ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും കാലവിളംബം വരുത്തുക, പ്രാദേശിക വൈവിധ്യങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതെ അമിതമായ ഏകീകരണ നടപടികള്‍ സ്വീകരിക്കുക, പ്രാദേശിക താത്പര്യങ്ങള്‍ പലതും നിറവേറ്റാതെപോവുക, പൌരബോധം വളര്‍ത്തിയെടുക്കുവാനോ പൌരധര്‍മം ഫലപ്രദമാക്കുവാനോ സൌകര്യമില്ലാതാക്കുക, പ്രാദേശികഘടകങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തില്‍ ഒരുതരം അപകര്‍ഷതാബോധം - അവരുടെ നില കേന്ദ്രഭരണോദ്യോഗസ്ഥന്മാരുടേതായി തുലനം ചെയ്യുമ്പോള്‍ - സൃഷ്ടിക്കുക, ആവശ്യത്തിലേറെ പരിശോധനയും നിയന്ത്രണവും നടപ്പാക്കുക എന്നിവയാണ് കേന്ദ്രീകൃതസമ്പ്രദായത്തിലെ പ്രധാന ന്യൂനതകള്‍.


വികേന്ദ്രീകരണം. മുകള്‍ത്തട്ടിലുള്ള ഭരണഘടകങ്ങളില്‍ നിന്നും കീഴ്ത്തട്ടുകളിലേക്ക് അധികാരം കൂടുതലായി പകര്‍ന്നുകൊടുക്കുന്ന വ്യവസ്ഥിതിയാണ് വികേന്ദ്രീകരണം. മധ്യകാലഘട്ടങ്ങളില്‍, വാര്‍ത്താവിനിമയ രംഗത്തുള്ള വൈഷമ്യങ്ങളും ഭരണനിര്‍വഹണത്തിന്റെ ലാളിത്യവും മറ്റും കേന്ദ്രീകരണത്തെക്കാള്‍ വികേന്ദ്രീകരണത്തിനാണ് വഴി തെളിച്ചത്. മിക്കവാറും എല്ലാ രാജ്യങ്ങളിലും, അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാനുള്ള പ്രവണത അന്നു ദൃശ്യമായിരുന്നു. വ്യാവസായിക വിപ്ളവത്തിനുശേഷം കേന്ദ്രീകരണ പ്രവണത ശക്തിപ്പെട്ടുവന്നുവെങ്കിലും ഏറെത്താമസിയാതെതന്നെ ജനപ്പെരുപ്പം, രാജ്യാതിര്‍ത്തിവിപുലീകരണം, ഭരണച്ചുമതലാവികസനം, ജനാധിപത്യതത്ത്വത്തിലുള്ള വിശ്വാസം മുതലായവ കൊണ്ട് അധികാരം വികേന്ദ്രീകരിക്കേണ്ടതായി വന്നു. ഇന്ന് കേന്ദ്രീകരണ പ്രവണതയോടൊപ്പംതന്നെ വികേന്ദ്രീകരണവും നടന്നുകൊണ്ടിരിക്കുകയാണ്. സ്വിറ്റ്സര്‍ലണ്ട്, ഇംഗ്ളണ്ട് ആദിയായ രാഷ്ട്രങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സുപ്രധാനമായ സ്ഥാനമാണുള്ളത്.


ഇന്ത്യയില്‍. ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങളില്‍ 'പഞ്ചായത്തു'കള്‍ എന്ന ഭരണഘടകങ്ങള്‍ പുരാതനകാലം മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി 1957 ജനു.-യില്‍ ബല്‍വന്ത്റായ്മേത്ത കമ്മിറ്റി നിയമിതമായി. അധികാരം വികേന്ദ്രീകരിച്ച് ജനപ്രതിനിധികളെ ഏല്‍പ്പിച്ചെങ്കില്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാനാവു എന്ന നിഗമനത്തിലാണ് മേത്താ കമ്മിറ്റി എത്തിച്ചേര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാന ഗവണ്‍മെന്റിനു താഴെ, ആസൂത്രണവും വികസനവും ഉള്‍പ്പടെ, വ്യാപകമായ അധികാരങ്ങളുള്ള ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം സ്ഥാപിക്കണമെന്ന് ശിപാര്‍ശയും ചെയ്തു. താഴെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തും അതിനുമുകളില്‍ (ബ്ളോക്ക് തലത്തില്‍) പഞ്ചായത്ത് സമിതിയും ഏറ്റവും മുകളില്‍ ജില്ലാപരിഷത്തുമാണ് കമ്മിറ്റി വിഭാവന ചെയ്തത്.


ഇതനുസരിച്ച്, 1957-ല്‍ മദ്രാസ് ഗവണ്‍മെന്റ് സംസ്ഥാനത്തെ ഒരു ബ്ളോക്കിലും, തുടര്‍ന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇരുപത് ബ്ളോക്കിലും പരീക്ഷണാര്‍ഥം ഇത് നടപ്പിലാക്കി. എന്നാല്‍ സംസ്ഥാനത്തുടനീളം ആദ്യമായി വികേന്ദ്രീകരണം പ്രാവര്‍ത്തികമാക്കിയത് രാജസ്ഥാനിലാണ് - 1959, ഒ. 2-ന്. ഇതിന്റെ ചുവടുപിടിച്ച് പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കിയെങ്കിലും അറുപതുകളുടെ അന്ത്യത്തോടെ പഞ്ചായത്ത് സംവിധാനം തകര്‍ന്നടിഞ്ഞു.


എഴുപതുകളുടെ അന്ത്യത്തിലും എണ്‍പതുകളിലും പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ നാശത്തില്‍നിന്ന് കരകയറ്റാന്‍ ഗൌരവമായ പല നീക്കങ്ങളും ദേശീയ-സംസ്ഥാന തലങ്ങളില്‍ അരങ്ങേറുകയുണ്ടായി. ഈ കാലയളവില്‍ അനേകം പഠന സംഘങ്ങളെ നിയമിക്കുകയും, പ്രധാനപ്പെട്ട ചില നിയമ നിര്‍മാണങ്ങള്‍ നടത്തുകയും ചെയ്തു. അശോക് മേത്താ കമ്മിറ്റി (1977), ജി.വി.കെ. റാവു കമ്മിറ്റി (1985), എന്‍.എം. സിങ്ക്വി കമ്മിറ്റി (1986) തുടങ്ങിയ പഠന സംഘങ്ങളുടെ ശിപാര്‍ശകളും, കര്‍ണാടകം, ആന്ധ്രാ, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ പാസ്സാക്കിയ വികേന്ദ്രീകരണ നിയമങ്ങളും ഇതിലെ ശ്രദ്ധേയമായ ചുവടുവയ്പുകളാണ്. എന്നാല്‍ അധികാര വികേന്ദ്രീകരണം സാര്‍ഥകമാക്കാന്‍ ഏറെ സഹായിച്ച രണ്ട് സുപ്രധാന നിയമനിര്‍മാണങ്ങളാണ് 1992-ല്‍ പാസ്സാക്കിയ 73-74 ഭരണഘടനാ ഭേദഗതികള്‍. ഇവ യഥാക്രമം ഗ്രാമപഞ്ചായത്ത് നഗരപാലികാ സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. കൃത്യമായ തിരഞ്ഞെടുപ്പ്, പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും സംവരണം, പ്രാദേശിക ഭരണത്തെ ജനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടി ഗ്രാമസഭാ/ വാര്‍ഡ്സഭാ സംവിധാനങ്ങള്‍, ഗ്രാമീണ മേഖലയില്‍ ത്രിതല (ഗ്രാമം, ബ്ളോക്ക്, ജില്ല) ഭരണ സംവിധാനം, തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനുവേണ്ടി സംസ്ഥാനതല ധനകാര്യകമ്മീഷന്‍ - ഇവയാണ് 73, 74 ഭരണഘടനാ ഭേദഗതികളുടെ സവിശേഷതകള്‍.


കേരളത്തില്‍. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും ചില പഴമകളൊക്കെ അവകാശപ്പെടാനുണ്ട്. വളരെ മുന്‍പ് തന്നെ, ഭരണ സൌകര്യത്തിനായി, രാജ്യത്തെ തറ, കഴകം, ഗ്രാമം, ദേശം, നാട് തുടങ്ങിയ ഘടകങ്ങളായി വേര്‍തിരിച്ച് അവയുടെ ഭരണം പ്രാദേശിക ശക്തികളെ ഏല്‍പ്പിക്കുന്ന സമ്പ്രദായം ഇവിടെ പ്രചരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമേ സൈനികാവശ്യങ്ങള്‍ക്കായും ചില പ്രാദേശിക ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറ്റുവര്‍, അഞ്ഞൂറ്റുവര്‍, അറുനൂറ്റുവര്‍ തുടങ്ങിയവയെ ഈ ഗണത്തില്‍പ്പെടുത്താം. 20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ മറ്റു ചില നീക്കങ്ങളും ഈ ദിശയില്‍ നടക്കുകയുണ്ടായി. 1914-ല്‍ കൊച്ചിയില്‍ നിലവില്‍ വന്ന കൊച്ചി പഞ്ചായത്ത് ആക്ട്, 1925-ലെ തിരുവിതാംകൂര്‍ വില്ലേജ് പഞ്ചായത്ത് ആക്ട്, 1884-ലെ മദ്രാസ് ലോക്കല്‍ ബോഡീസ് ആക്ട് പ്രകാരം മലബാറില്‍ നിലവില്‍വന്ന പഞ്ചായത്ത് യൂണിയനുകള്‍, 1920-ലെ മദ്രാസ് വില്ലേജ് ആക്ട് പ്രകാരം നിലവില്‍ വന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡുകള്‍, 1950-ലെ തിരു-കൊച്ചി പഞ്ചായത്ത് ആക്ട് തുടങ്ങിയവ ഇത്തരുണത്തില്‍ പരാമര്‍ശമര്‍ഹിക്കുന്നു.


കേരളപിറവിക്കുശേഷം അധികാരം വികേന്ദ്രീകരിച്ച് ജില്ലാതലത്തിലും അതിനു താഴെയുള്ള ജനായത്ത ഘടകങ്ങള്‍ക്കും നല്‍കാന്‍ പലവുരു ശ്രമിക്കുകയുണ്ടായി. 1957 ആഗ. 15-ന് നിയമിക്കപ്പെട്ട ഭരണപരിഷ്കാരകമ്മിറ്റിയും അതിന്റെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കേരളാ പഞ്ചായത്ത് ബില്ലും (1958, ഡി. 9) കേരള ജില്ലാ സമിതിബില്ലും (1959 ഏ. 16); 1960-ലെ കേരള പഞ്ചായത്ത് ആക്ടും, കേരളാ മുനിസിപ്പാലിറ്റീസ് ആക്ടും, 1961-ലെ കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍സ് ആക്ടും, 1964-ലെ കേരള പഞ്ചായത്ത് യൂണിയന്‍ കൌണ്‍സില്‍ ജില്ലാ പരിഷത്ത് ബില്ലും; 1967-ലെ കേരള പഞ്ചായത്ത് രാജ് ബില്ലും; 1980-ലെ ജില്ലാഭരണ നിയമവും 1988-ലെ വി. രാമചന്ദ്രന്‍ കമ്മിറ്റിയും 1990-ല്‍ നിലവില്‍വന്ന ജില്ലാ കൌണ്‍സിലുകളും ഈ ദിശയിലെ സുപ്രധാന നീക്കങ്ങളാണ്. പക്ഷേ, ഇതര സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 73-74 ഭരണഘടനാ ഭേദഗതികളാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 1994-ല്‍ കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുനിസിപ്പാലിറ്റീസ് ആക്ടും പാസ്സാക്കുകയും ഒരു ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വരുകയും ചെയ്തു. നഗരപ്രദേശങ്ങളില്‍ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും സജീവമായി.


എന്നാല്‍ അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കേരളം നല്‍കിയ ഏറ്റവും വലിയ സംഭാവന വികേന്ദ്രീകൃതാസൂത്രണം അഥവാ ജനകീയാസൂത്രണമായിരുന്നു (1999). ഒരു പക്ഷേ കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗണനീയമായൊരു ജനാധിപത്യവികസന പരീക്ഷണമായിരുന്നു ഇതിലൂടെ ഉരുത്തിരിഞ്ഞുവന്നത്. സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി തുകയുടെ 30-40 ശ.മാ. പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് വീതിച്ച് നല്‍കുകയും അത് വിനിയോഗിക്കുന്നതിന് വിശദമായ മാര്‍ഗരേഖകള്‍ തയ്യാറാക്കുകയും ജനങ്ങളെ പ്രാദേശിക ഭരണത്തിലെന്നതുപോലെ നാടിന്റെ വികസനത്തിലും പങ്കാളികളാക്കുകയും ചെയ്ത ഒന്നായിരുന്നു ജനകീയാസൂത്രണം. സ്വാഭാവികമായും അതിന് പല പോരായ്മകളുടെയും നടുവിലും സംസ്ഥാനത്തിന്റെ വികസനത്തിലും വികേന്ദ്രീകരണത്തിലും അര്‍ഥവത്തായ സംഭാവനകള്‍ നല്‍കാനായി.


പ്രയോജനങ്ങള്‍. കേന്ദ്രഭരണത്തിന്റെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്വഭാരം കുറയ്ക്കുവാന്‍ വികേന്ദ്രീകരണം സഹായകമാണ്. കേന്ദ്രതലത്തില്‍ കെട്ടിക്കിടക്കേണ്ടിവരുന്ന ഫയലുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും വികേന്ദ്രീകരണത്തിലൂടെ സാധിക്കുന്നു. ജനങ്ങളെ ഭരണകാര്യങ്ങളില്‍ സഹകരിപ്പിക്കുകയും അവര്‍ക്ക് പങ്കാളിത്തം നല്കുകയും ചെയ്യുന്നതിലൂടെ ജനതാത്പര്യം മുന്‍നിര്‍ത്തി പല നല്ല കാര്യങ്ങളും നടപ്പിലാക്കുന്നതിന് കഴിയുന്നു. വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജനഹിതാനുസരണം ഭരണം നടത്തുവാനും വികേന്ദ്രീകരണം ആവശ്യമാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ കാര്യങ്ങളില്‍ പരിശീലനം നേടുവാനും പങ്കെടുക്കുവാനും വികേന്ദ്രീകരണം മൂലം അവസരം ലഭിക്കുന്നു. സാങ്കേതികവും ശാസ്ത്രീയവുമായ അറിവ് പ്രത്യേകിച്ച് ഭരണനിര്‍വഹണപരമായ വിവിധ തുറകളിലേക്കു വ്യാപിപ്പിക്കുവാനും വികേന്ദ്രീകരണം സഹായിക്കുന്നുണ്ട്. ഭരണത്തില്‍ വേണ്ടത്ര അയവു (Flexibility) വരുത്തുവാനും ഇതുപകരിക്കുന്നു.


ന്യൂനതകള്‍. അമിതമായ വികേന്ദ്രീകരണം ദേശീയൈക്യത്തെയും ഭദ്രതയെയും തുരങ്കം വയ്ക്കുകയും പ്രാദേശിക വൈരുധ്യങ്ങള്‍ക്കും മത്സരങ്ങള്‍ക്കും വഴി തെളിയിക്കുകയും ചെയ്യുന്നു. ഭരണനിര്‍വഹണത്തിലുള്ള കാര്യക്ഷമതയ്ക്കും അധികാരവികേന്ദ്രീകരണംകൊണ്ട് ചിലപ്പോള്‍ കോട്ടംവരാറുണ്ട്. പൊതുവേ പറഞ്ഞാല്‍ കേന്ദ്രീകരണത്തിന്റെ മേന്മകള്‍ എല്ലാംതന്നെ വികേന്ദ്രീകരണത്തിന്റെ വൈകല്യങ്ങളാകാം. ലോകത്തില്‍ ഒരൊറ്റ ഭരണസംവിധാനത്തിലെങ്കിലും പരിപൂര്‍ണമായ കേന്ദ്രീകരണമോ വികേന്ദ്രീകരണമോ കാണുക സാധ്യമല്ല. ചില രാജ്യങ്ങളില്‍ കേന്ദ്രീകരണ പ്രവണത കൂടുതലായി അനുഭവപ്പെടുമ്പോള്‍ മറ്റു പല രാജ്യങ്ങളിലും സ്ഥിതി നേരെ മറിച്ചാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്, ഒരു രാജ്യത്ത് അധികാരം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും മറ്റൊരിടത്ത് അത് വികേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേരുന്നത്.

(ഡോ. എന്‍.ആര്‍. വിശാലാക്ഷി, ഡോ. ജെ. പ്രഭാഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍