This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോര്‍ട്ടസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോര്‍ട്ടസ് == == Cortes == സ്‌പെയിനിലെ കാര്യവിചാരസഭ. 12-ാം ശതകത്തില...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോര്‍ട്ടസ് == == Cortes == സ്‌പെയിനിലെ കാര്യവിചാരസഭ. 12-ാം ശതകത്തില...) |
Current revision as of 11:34, 13 ജനുവരി 2015
കോര്‍ട്ടസ്
Cortes
സ്‌പെയിനിലെ കാര്യവിചാരസഭ. 12-ാം ശതകത്തിലാണ് കോര്‍ട്ടസ് ആരംഭിച്ചത്. ലിയോണിലെ അല്‍ഫോണ്‍സോ ഢ പ്രഭുക്കളുടെയും പുരോഹിതന്മാരുടെയും ഒരു സമ്മേളനം 1020-ല്‍ വിളിച്ചുകൂട്ടി. കസ്റ്റീലിലെ ഫെര്‍ഡിനന്‍ഡ് I 1050-ലും, 58-ലും റെയ്‌മണ്ട് ബെറന്‍ഗാ I 1068-ലും ഇപ്രകാരമുള്ള സമ്മേളനം വിളിച്ചുകൂട്ടി എന്നാല്‍ ജനപ്രാതിനിധ്യസ്വഭാവമുള്ള ഒരു സമ്മേളനം വിളിച്ചുകൂട്ടിയത് 1169-ല്‍ മാത്രമാണ്. 1188-ലാണ് നഗരങ്ങളെ പ്രതിനിധാനം ചെയ്‌ത് ഭരണപരമായ അധികാരമുള്ള ഒരാള്‍ ഇദംപ്രഥമമായി പങ്കെടുത്തത്. ജയിംസ് I (1213-76) ഇടയ്‌ക്കിടെ ജനറല്‍മാരുടെ കാര്യവിചാരണ സമിതി വിളിച്ചു കൂട്ടിയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ പീറ്റര്‍ III(1276-85) താനും തന്റെ പിന്തുടര്‍ച്ചക്കാരും (പുരോഹിതരും പ്രഭുക്കന്മാരും സാധാരണക്കാരും) അടങ്ങിയ സഭ വിളിച്ചുകൂട്ടുന്ന സംവിധാനം ഏര്‍പ്പെടുത്തി. ക്രമേണ, സമ്മേളനങ്ങളുടെ ഇടവേള കൂടിക്കൂടിവന്നു.
രാഷ്‌ട്രങ്ങളുടെ സംയോജനങ്ങള്‍ക്ക് തൊട്ടുമുമ്പും പിമ്പും ആണ് രാജാക്കന്മാര്‍ കാര്യവിചാരസഭ വിളിച്ചു കൂട്ടിയിരുന്നത്. അവരുടെ ഭരണപരമായ കാര്യങ്ങള്‍ക്കു തുണയും സാമ്പത്തിക കാര്യങ്ങളില്‍ അംഗീകാരവും കിട്ടുന്നതിനായിരുന്നു ഇത്. അതിനു പകരമായി സമിതിയിലെ പ്രതിനിധികള്‍ സാധാരണ ജനങ്ങളുടെ പീഡനങ്ങള്‍ക്കു പരിഹാരവും തേടിയിരുന്നു. ബോര്‍ബോണിന്റെ ആദ്യകാലങ്ങളില്‍ ഇപ്രകാരമുള്ള സമ്മേളനങ്ങള്‍ കുറവാണ്. ഫിലിപ്പ് ഢ തന്റെ 44 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആറു പ്രാവശ്യവും, ഫെര്‍ഡിനന്‍ഡ് VIരണ്ടു പ്രാവശ്യവും, ചാള്‍സ് IIIഒരു തവണയും, ചാള്‍സ് IV രണ്ടുതവണയും മാത്രമേ കാര്യവിചാര സഭ വിളിച്ചു കൂട്ടിയിരുന്നുള്ളൂ. 1810-നു ശേഷം രാഷ്‌ട്രീയ കലാപം, ആഭ്യന്തര യുദ്ധം, ഏകാധിപത്യം മുതലായ അസാധാരണ പരിതഃസ്ഥിതികളില്‍ ഒഴികെ മറ്റെല്ലായ്‌പോഴും കോര്‍ട്ടസ് സമ്മേളിച്ചിരുന്നു. 1810-ലെ കാര്യവിചാരസഭയ്‌ക്ക് ഒരു സമ്മേളനസ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഗരങ്ങള്‍, പ്രാദേശിക രഹസ്യസമിതികള്‍, സ്‌പാനിഷ്-അമേരിക്ക എന്നിവിടങ്ങളില്‍നിന്നു തിരഞ്ഞെടുത്ത പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരുന്നു ആ സഭ. 1812-ല്‍ ഭരണഘടന ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു നിയമനിര്‍മാണത്തിനുള്ള അധികാരവും ഭരണാധിപന്മാരില്‍ ഗണ്യമായ നിയന്ത്രണ സ്വാതന്ത്ര്യവും നല്‌കി. പിന്നീട് ഉപരിസഭ (സെനറ്റ്) രൂപവത്‌കൃതമാവുകയും അത് രണ്ടാമത്തെ റിപ്പബ്ലിക്കന്‍ ഭരണകാലത്തു (1931-36) നിര്‍ത്തലാക്കുകയും ചെയ്‌തു. 1942-ല്‍ ജനറല്‍ ഫ്രാങ്കോ താന്‍ നാമനിര്‍ദേശം ചെയ്‌തവരും പ്രവിശ്യകള്‍, സര്‍വകലാശാലകള്‍ എന്നിവകളില്‍നിന്നുള്ള പ്രതിനിധികളും ചേര്‍ന്ന ഒരു കാര്യവിചാരസഭസ്ഥാപിച്ചു. എന്നാല്‍, ആ സഭയ്‌ക്കു നിയമങ്ങള്‍ തയ്യാറാക്കുന്നതിനും വിപുലമാക്കുന്നതിനും മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഏകാധിപതിയായ ഫ്രാങ്കോയ്‌ക്കു അതു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമായിരുന്നു.
(ജെ. ഷീല ഐറീന്‍ ജയന്തി)