This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോമിന്‍ഫോം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോമിന്‍ഫോം == == Cominform == കിഴക്കന്‍ യൂറോപ്പില്‍ 1947 മുതല്‍ 56 വരെ നില...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോമിന്‍ഫോം == == Cominform == കിഴക്കന്‍ യൂറോപ്പില്‍ 1947 മുതല്‍ 56 വരെ നില...) |
Current revision as of 11:06, 13 ജനുവരി 2015
കോമിന്‍ഫോം
Cominform
കിഴക്കന്‍ യൂറോപ്പില്‍ 1947 മുതല്‍ 56 വരെ നിലവിലുണ്ടായിരുന്ന കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ അന്താരാഷ്‌ട്ര സംഘടന. ബ്യൂറോ ഒഫ് ഇന്‍ഫര്‍മേഷന്‍ ഒഫ് ദ കമ്യൂണിസ്റ്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി എന്നാണ് ഈ സംഘടനയുടെ പൂര്‍ണനാമം. വിവിധ രാഷ്‌ട്രങ്ങളിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ പരസ്‌പരസമ്പര്‍ക്കത്തിനും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കാനുമുള്ള വേദിയെന്ന നിലയിലാണ് ഈ കേന്ദ്രം സംഘടിപ്പിക്കപ്പെട്ടത്. നയരൂപവത്‌കരണസ്വഭാവമോ നിര്‍ബന്ധിത അംഗത്വമോ ഇല്ലാതിരുന്ന സംഘടനയായിരുന്നു ഇത്.
ഇറ്റലി, ചെക്കോസ്ലോവാക്യ, പോളണ്ട്, ഫ്രാന്‍സ്, ബള്‍ഗേറിയ, യൂഗോസ്‌ളാവിയ, റുമേനിയ, മുന്‍ സോവിയറ്റ് യൂണിയന്‍, ഹംഗറി എന്നീ രാഷ്‌ട്രങ്ങളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളാണ് ഇതില്‍ അംഗങ്ങളായുണ്ടായിരുന്നത്. ഓരോ പാര്‍ട്ടിയെയും പ്രതിനിധീകരിച്ച് രണ്ടു സെന്‍ട്രല്‍ക്കമ്മിറ്റി അംഗങ്ങള്‍വീതമുള്ള ആദ്യസമ്മേളനം 1947 സെപ്‌തംബറില്‍ ഹോളണ്ടിലെ വാഴ്‌സായില്‍ നടന്നു. തുടര്‍ന്ന് 1948 ജനുവരിയിലും ജൂണിലും റുമേനിയയില്‍ വച്ചും സമ്മേളിക്കുകയുണ്ടായി. കോമിന്‍ഫോമിന്റെ ആദ്യകാല ആസ്ഥാനം (1947-48) യൂഗോസ്ലാവ്യയിലെ ബെല്‍ഗ്രഡായിരുന്നു. തുടര്‍ന്ന് (1948-56) ആസ്ഥാനം റുമേനിയയിലെ ബുക്കാറസ്റ്റിലേക്കു മാറ്റി. ഫോര്‍ എ ലാസ്റ്റിങ് പീസ്, ഫോര്‍ എ പീപ്പിള്‍സ് ഡെമോക്രസി എന്നിങ്ങനെ റഷ്യന്‍ ഭാഷയിലും ഫ്രഞ്ചുഭാഷയിലുമായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ 1947 ന. 1 മുതല്‍ കോമിന്‍ഫോം പുറത്തിറക്കി.
കോമിന്റേണ്‍ സംഘടന (1919-43) പിരിച്ചുവിട്ടശേഷം യൂറോപ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കു പരസ്‌പരം ആശയക്കൈമാറ്റത്തിനുമുള്ള സംഘടനയെന്ന നിലയിലാണ് കോമിന്‍ഫോം രൂപവത്‌കരിക്കപ്പെട്ടത്. 1947 ഒ. 5-നു കോമിന്‍ഫോം അതിന്റെ ആദ്യപ്രമേയം അംഗീകരിച്ചു. യു.എസ്. സാമ്രാജ്യത്വത്തെ എതിര്‍ക്കുന്ന പ്രമേയമായിരുന്നു ഇത്. സാമ്രാജ്യത്വശക്തികള്‍ക്കെതിരായി സംഘടിക്കാന്‍ ഈ പ്രമേയം സോഷ്യലിസ്റ്റു ജനാധിപത്യ രാഷ്‌ട്രങ്ങളെ ആഹ്വാനം ചെയ്‌തു. യു.എസ്സിന് ആഗോള മേല്‍ക്കോയ്‌മ സ്ഥാപിക്കാനുള്ള ആദ്യപടിയായിട്ടാണ് മാര്‍ഷല്‍ പ്‌ളാന്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് കോമിന്‍ഫോം ആരോപിച്ചു. വീണ്ടും ഒരു ലോകയുദ്ധത്തിനുള്ള സാമ്രാജ്യത്വശക്തികളുടെ നീക്കത്തെ തകര്‍ക്കാന്‍ കോമിന്‍ഫോമിനു കഴിയുമെന്നു റഷ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു പോളിറ്റ്‌ബ്യൂറോ മെമ്പര്‍ അക്കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി.
1948 ഫെബ്രുവരിയില്‍ ചെക്കോസ്ലോവാക്യയില്‍ നടന്ന സമ്മേളനം സോവിയറ്റ് കമ്യൂണിസത്തിനനുകൂലമായ നിലപാട് സ്വീകരിച്ചു. സ്റ്റാലിനിസത്തിനും റഷ്യന്‍ വിദേശനയത്തിനും ഈ സമ്മേളനം അംഗീകാരം നല്‍കി. എന്നാല്‍ ഈ കാലഘട്ടത്തില്‍ത്തന്നെയാണു കോമിന്‍ഫോമിലെ മറ്റൊരംഗമായ യുഗോസ്ലോവിയ അതിന്റെ സ്വതന്ത്രമായ സോഷ്യലിസ്റ്റു വികസന നയത്തിനു രൂപം കൊടുത്തത്. അതിനുശേഷം 1948 ജൂണില്‍ ബുക്കാറസ്റ്റില്‍ നടന്ന കോമിന്‍ ഫോം സമ്മേളനത്തില്‍ യുഗോസ്ലോവ്യ പങ്കെടുത്തില്ല. യുഗോസ്ലോവ് നേതൃത്വം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റു സിദ്ധാന്തങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചുകൊണ്ടുള്ള പ്രമേയം ഈ സമ്മേളനം പാസാക്കുകയും യുഗോസ്ലോവ്യയെ കോമിന്‍ഫോമില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. തുടര്‍ന്നുള്ള കോമിന്‍ഫോം യുഗോസ്ലോവ് വിരുദ്ധപ്രചാരണവും നടത്തി. 1948 ന. 29-നു ഹംഗറിയില്‍ നടന്ന സമ്മേളനവും 1949 ആഗസ്റ്റില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ നടന്ന സമ്മേളനവും യുഗോസ്ലോവ്യയിലെ ടിറ്റോ (Tito) ഭരണകൂടത്തെ അധികാര ഭ്രഷ്‌ടമാക്കാന്‍ ലോക കമ്യൂണിസ്റ്റുപാര്‍ട്ടികളോടും യൂഗോസ്ലോവികന്‍ ജനതയോടും ആഹ്വാനം ചെയ്‌തു. 1953-ല്‍ സ്റ്റാലിന്റെ മരണം വരെ ടിറ്റോവിരുദ്ധ സമീപനം കോമിന്‍ഫോം നിലനിര്‍ത്തി. അതിനുശേഷം ക്രൂഷ്‌ചേവിന്റെ നേതൃത്വത്തില്‍ റഷ്യ ഉള്‍പ്പെടെയുള്ള കോമിന്‍ഫോം അംഗരാഷ്‌ട്രങ്ങള്‍ യുഗോസ്ലോവ്യയുമായി സൗഹൃദം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്ന് 1956 വരെ ഈ സൗഹൃദം പ്രബലമായിക്കൊണ്ടിരുന്നു. 1956-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് കോമിന്‍ഫോം ഔദ്യോഗികമായി പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടു.