This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോമണ്‍സ് സഭ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോമണ്‍സ് സഭ == == House of Commons == ബ്രിട്ടീഷ് പാര്‍ലമെന്റിലെ രണ്ടു സ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോമണ്‍സ് സഭ == == House of Commons == ബ്രിട്ടീഷ് പാര്‍ലമെന്റിലെ രണ്ടു സ...) |
Current revision as of 09:00, 13 ജനുവരി 2015
കോമണ്‍സ് സഭ
House of Commons
ബ്രിട്ടീഷ് പാര്‍ലമെന്റിലെ രണ്ടു സഭകളില്‍ ഒന്ന്. പ്രഭുസഭയും (House of Lords) കോമണ്‍സ് സഭയും (House of Commons) ചേര്‍ന്നതാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്. കോമണ്‍സ് സഭയുടെ കാലാവധി അഞ്ചുവര്‍ഷമാണ്. പാര്‍ലമെന്ററി ബൗണ്ടറി കമ്മിഷന്‍ നിശ്ചയിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഇതിലെ അംഗങ്ങള്‍. 18 വയസ്സു തികഞ്ഞ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കോമണ്‍സ് സഭയില്‍ അംഗമാകാം. (2006 വരെ 21 വയസ്സു തികയണമായിരുന്നു). എന്നാല്‍ ചര്‍ച്ച് ഒഫ് ഇംഗ്ലീഷ്, സ്‌കോട്ടിഷ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്, ചര്‍ച്ച് ഒഫ് സ്‌കോട്ട്‌ലന്‍ഡ് എന്നിവയിലെ പുരോഹിതന്മാര്‍ക്കും റോമന്‍ കത്തോലിക്കാ പുരോഹിതന്മാര്‍ക്കും സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്മാര്‍ക്കും പോലീസുകാര്‍ക്കും നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ക്കും ഹൗസ് ഒഫ് കോമണ്‍സ് (ഡിസ്‌ക്വാളിഫിക്കേഷന്‍) ആക്‌റ്റില്‍ പറഞ്ഞിട്ടുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും കോമണ്‍സ് സഭയില്‍ അംഗമാകാന്‍ പാടില്ല. നിലവില്‍ (2012) ആകെ 650 അംഗങ്ങളാണ് കോമണ്‍സഭയിലുള്ളത്.
കോമണ്‍സ് സഭയിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന സ്‌പീക്കറാണ് സഭയുടെ അധ്യക്ഷന്‍. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ കക്ഷിബന്ധങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സ്‌പീക്കര്‍ ബാധ്യസ്ഥനാണ്.
നിയമനിര്‍മാണരംഗത്തു കോമണ്‍സ് സഭയ്‌ക്കു നിര്‍ണായകമായ പങ്കുവഹിക്കാനുണ്ട്. കോമണ്‍സ് സഭയുടെ പ്രവര്‍ത്തനത്തിന്റെ മുക്കാല്‍ പന്നും ഗവണ്‍മെന്റ് ബില്ലുകള്‍ക്കും ഉപക്ഷേപങ്ങള്‍ക്കും സാമ്പത്തിക കാര്യങ്ങള്‍ക്കും ചെലവഴിക്കുന്നു. രാജ്യത്തെ മുഴുവനായും ബാധിക്കുന്ന നിയമമുണ്ടാക്കുന്നതിനാവശ്യമായ ബില്ലുകള്‍ ഇരുസഭകളിലും തയ്യാറാക്കാമെങ്കിലും കോമണ്‍സ് സഭയിലാണ് സാധാരണയായി അവ അവതരിപ്പിക്കാറുള്ളത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലുകളില്‍ ഏതാണ്ട് മുക്കാല്‍ഭാഗവും കോമണ്‍സ് സഭയിലാണ് അവതരിപ്പിക്കുക. ബില്ലിന്റെ പേരു വായന, ബില്ല് അച്ചടിക്കുന്നതിനുള്ള കല്‌പന എന്നിവയടങ്ങുന്ന ഒന്നാം വായന ഒരു ഔപചാരികഘട്ടം മാത്രമാണ്. രണ്ടാം വായനയില്‍ ബില്ലിലെ പ്രധാനതത്ത്വങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. രണ്ടാം വായനയ്‌ക്കുശേഷം ധനേതരബില്ലുകള്‍ കമ്മിറ്റിയുടെ പര്യാലോചനയ്‌ക്കു വിടുന്നു. മുഴുവന്‍ സഭയടങ്ങിയ കമ്മിറ്റിയോ 20 അംഗങ്ങള്‍ അടങ്ങുന്ന ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിയോ ആണ് ഈ ഘട്ടത്തില്‍ ബില്‍ പരിശോധിക്കുന്നത്. 2006 മുതല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ സ്ഥാനത്ത് പുതിയ "പബ്ലിക് ബില്‍ കമ്മിറ്റി, നിലവില്‍വന്നു. പബ്ലിക് ബില്‍ കമ്മിറ്റിയുടെ പരിശോധനയ്‌ക്കു ശേഷം ബില്‍ പിന്നീട് സഭയ്‌ക്കു തിരിച്ചുനല്‌കും. ഭേദഗതി ചെയ്യപ്പെട്ട ബില്ലിന്റെ അവസാനവിശകലനമാണ് മൂന്നാം വായന. വോട്ടെടുപ്പിനുശേഷം കോമണ്‍സ് സഭ പാസാക്കുന്ന ബില്‍ പ്രഭുസഭയിലേക്കുപോകുന്നു. സാമ്പത്തികകാര്യങ്ങള്‍ അടങ്ങുന്ന ബില്‍ കോമണ്‍സ് സഭയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തികകാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മുഴുവന്‍ സഭയും ഒരു കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. കോമണ്‍സ് സഭ പാസാക്കുന്ന ധനബില്ലുകളില്‍ ഭേദഗതി വരുത്തുന്നതിന് പ്രഭുസഭയ്‌ക്ക് അധികാരമില്ല. 1911-ലെ പാര്‍ലമെന്റ് ആക്‌റ്റ് അനുസരിച്ച് ധനബില്ലാണെന്നു സ്‌പീക്കര്‍ സാക്ഷ്യപ്പെടുത്തിയ ബില്ലുകള്‍ പ്രഭുസഭ തിരസ്‌കരിച്ചാല്‍പോലും നിയമമാകും.
സാമ്പത്തികകാര്യങ്ങള്‍ക്കു കോമണ്‍സ് സഭയില്‍ രണ്ടു സമിതികളുണ്ട്; ഗവണ്‍മെന്റിന് ആവശ്യമായ പണം കണ്ടെത്തുന്നതിനു ശ്രമിക്കുന്ന "കമ്മിറ്റി ഒഫ് വേയ്‌സ് ആന്‍ഡ് മീന്‍സ്'; വിവിധ വകുപ്പുകള്‍ക്കാവശ്യമായ പണം നല്‌കുന്നതിന് ഉത്തരവാദപ്പെട്ട "കമ്മിറ്റി ഒഫ് സപ്ലൈ'. ഗവണ്‍മെന്റിന്റെ നടത്തിപ്പിന് ആവശ്യമായ പണം കണ്ടെത്താനുള്ള ബഡ്‌ജറ്റ് നിര്‍ദേശങ്ങള്‍ ഒരുകൂട്ടം പ്രമേയങ്ങളുടെ രൂപത്തിലാണ് ധനകാര്യമന്ത്രി കമ്മിറ്റി ഒഫ് വേയ്‌സ് ആന്‍ഡ് മീന്‍സിന്റെ പരിഗണനയ്‌ക്കായി സമര്‍പ്പിക്കുന്നത്. ബജറ്റ് നിര്‍ദേശങ്ങളുടെ കാര്യത്തില്‍ പൊതുവേ യോജിപ്പുണ്ടായാല്‍ അവ ധനകാര്യബില്ലായി മാറുന്നു.
സാമ്പത്തികവര്‍ഷാരംഭത്തിനുമുമ്പ് കോമണ്‍സ് സഭ സംയുക്ത നിധിബില്‍ പാസാക്കാറുണ്ട്. ബജറ്റ് അവതരണത്തിനും വിനിയോഗബില്‍ (Appropriation Act) പാസാക്കുന്നതിനും ഇടയ്‌ക്കുള്ള കാലത്തേക്ക് (ഏകദേശം നാലു മാസം) വിവിധ വകുപ്പുകള്‍ക്കു പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ തുക ഖജനാവില്‍ നിന്ന് എടുക്കാന്‍ വേണ്ടിയാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ നാലു മാസത്തിനിടയ്‌ക്ക് "കമ്മിറ്റി ഒഫ് സപ്ലൈ' എസ്റ്റിമേറ്റുകള്‍ പരിഗണിക്കും. ഓരോ വകുപ്പിന്റെയും എസ്റ്റിമേറ്റുകളുടെ വിശദമായ പരിശോധനയും പണം ചെലവഴിച്ച മാര്‍ഗത്തെക്കുറിച്ചുള്ള പരിചിന്തനവും നടത്തുന്നതിനുള്ള ചുമതല എസ്റ്റിമേറ്റ്‌സ് കമ്മിറ്റിക്കും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കുമാണ്. കമ്മിറ്റിക്ക് അനുയോജ്യമായി തോന്നുന്ന ഏതെങ്കിലും എസ്റ്റിമേറ്റുകളില്‍ ഉള്‍ക്കൊള്ളുന്ന നയങ്ങള്‍ ചെലവു കുറച്ചു നടപ്പിലാക്കാന്‍ കഴിയുമായിരുന്നോ എന്ന് പരിശോധിക്കുകയാണ് എസ്റ്റിമേറ്റ്‌സ് കമ്മിറ്റിയുടെ ചുമതല. സഭ ചുമതലപ്പെടുത്തിയതില്‍ നിന്നു വ്യത്യസ്‌തമായി പണം ചെലവഴിക്കുന്നില്ല എന്നുറപ്പ് വരുത്തുകയാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചുമതല.
1918 വരെ കോമണ്‍സ് സഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് സ്‌ത്രീകള്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ 18 വയസ്സു തികഞ്ഞ ഏതൊരു ബ്രിട്ടീഷ് പൗരനും വോട്ടവകാശമുണ്ട്. കോമണ്‍സ് സഭയിലെ ഭൂരിപക്ഷ കക്ഷിയുടെ നേതാവിനെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്.