This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോത, കേരളവര്‍മ (ഭ.കാ. 1125 - 55)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോത, കേരളവര്‍മ (ഭ.കാ. 1125 - 55) == ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിന്...)
(പുതിയ താള്‍: == കോത, കേരളവര്‍മ (ഭ.കാ. 1125 - 55) == ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിന്...)
 

Current revision as of 06:20, 8 ജനുവരി 2015

കോത, കേരളവര്‍മ (ഭ.കാ. 1125 - 55)

ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം നിര്‍വഹിച്ച വേണാട്ടുരാജാവ്‌. "വീരകേരളവര്‍മ' എന്നും അറിയപ്പെടുന്നു. ആദ്യത്തെ വേണാട്ടുരാജാവായ കോതവര്‍മയുടെ മൂത്ത പുത്രനായിരുന്നു ഇദ്ദേഹമെന്നു കരുതപ്പെടുന്നു. "സ്യാനന്ദൂര പുരാണസമുച്ചയ'ത്തില്‍നിന്നു കിട്ടിയ തെളിവുകളാണ്‌ വീരകേരളവര്‍മയും കോതകേരളവര്‍മയും ഒന്നാണെന്ന നിഗമനത്തിനടിസ്ഥാനം. ഇദ്ദേഹം ശുചീന്ദ്രം ക്ഷേത്രത്തിനു ഭൂമി ദാനം ചെയ്യുകയും ശുചീന്ദ്രത്തിനു വീരകേരള ചതുര്‍വേദി മംഗലം എന്നു പേരിടുകയും ചെയ്‌തു. തെക്കന്‍ പുത്തൂരും കളക്കാട്ടും ഉള്ള ഭൂമികളും നാഞ്ചിനാട്ടിലെ ചില ഗ്രാമങ്ങളുമാണ്‌ ദാനമായി നല്‌കിയത്‌. ഇദ്ദേഹത്തിന്റെ, എ.ഡി. 1145-ലെ ഒരു ലിഖിതം ശുചീന്ദ്രത്തുണ്ട്‌. നാഞ്ചിനാട്ടിലെ ഒരു കൃഷിയിടത്തിലെ രാജഭോഗം ക്ഷേത്രത്തിനു കൈമാറുന്നതാണ്‌ ഇതിലെ ഉള്ളടക്കം. ശുചീന്ദ്രം ക്ഷേത്രത്തില്‍ രണ്ടുപേര്‍ക്ക്‌ ഊട്ടും മഹാദേവന്റെയും തിരുവെന്നിടനിലെ ആള്‍വാരുടെയും ക്ഷേത്രങ്ങളില്‍ കെടാവിളക്കും നടത്തുവാന്‍, നൃപ ശേഖരനല്ലൂര്‍ എന്ന സ്ഥലത്തു ഭൂമിയും നല്‌കുന്നു എന്നാണ്‌ സ്ഥാണുനാഥസ്വാമിക്ഷേത്രത്തിലെ വടക്കേ ചുമരില്‍ തമിഴക്ഷരത്തില്‍ ആലേഖനം ചെയ്‌തിട്ടുള്ള ആദ്യത്തെ പ്രാകാരത്തിന്റെ ലിഖിതത്തിലെ പ്രമേയം. നൈവേദ്യത്തിനു നെല്ലു കുത്തിക്കൊടുക്കുവാന്‍ ഒരു പള്ളി ആണ്ടിയെ പ്രതിഫലത്തിന്‌ ഏല്‌പിക്കുന്ന മറ്റൊരു രേഖയും ഇവിടെയുണ്ട്‌. തിരുനെല്‍വേലി ജില്ലയിലെ ശങ്കരന്‍കോയില്‍താലൂക്കില്‍പ്പെട്ട വൈകൈക്കുള ഗ്രാമത്തില്‍ നിന്ന്‌ 1944-ല്‍ കണ്ടെടുത്ത വീരകേരളന്‍ എന്നു പേരുള്ള 31 വെള്ളിനാണയങ്ങള്‍ ഇദ്ദേഹത്തിന്റേതാണെന്ന്‌ കരുതപ്പെടുന്നു. നാണയത്തിന്റെ ഒരു വശത്ത്‌ ആനത്തോട്ടിയുടെ ചിഹ്നവും മറുവശത്ത്‌ "ശ്രീഗണ്ഡീരാന്നുശസ്യ' (വീരന്മാര്‍ക്ക്‌ അന്നുശമായുള്ളവന്റെ) എന്ന വാക്യശകലവുമുണ്ട്‌. ചോളപുരം ശാസനത്തില്‍ പരാമര്‍ശിക്കപ്പെടുന്ന വീരകേരളന്‍ എന്ന വേണാട്ടുരാജാവാണ്‌ ഈ നാണയങ്ങളിലെ വീരകേരളന്‍. തൃശൂര്‍ കാഴ്‌ചബംഗ്ലാവില്‍ സൂക്ഷിച്ചിരിക്കുന്ന ചേരനാണയങ്ങളില്‍ ആനത്തോട്ടിയോടു സാമ്യമുള്ള ചിഹ്നങ്ങള്‍ കാണുന്നതും ഇതിന്‌ ഉപോദ്‌ബലകമാണ്‌.

(അടൂര്‍ രാമചന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍