This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടയം രാജവംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോട്ടയം രാജവംശം == മലബാറില്‍ കോലത്തുനാടിന്റെ ഭാഗമായ കോട്ടയ...)
(പുതിയ താള്‍: == കോട്ടയം രാജവംശം == മലബാറില്‍ കോലത്തുനാടിന്റെ ഭാഗമായ കോട്ടയ...)
 

Current revision as of 05:20, 25 ഡിസംബര്‍ 2014

കോട്ടയം രാജവംശം

മലബാറില്‍ കോലത്തുനാടിന്റെ ഭാഗമായ കോട്ടയം ഭരിച്ചിരുന്ന രാജവംശം. മധ്യകാലഘട്ടത്തില്‍ കോലത്തുനാടിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളായ കോട്ടയം, ഇരിവനാട്‌, വയനാട്‌, കുറുമ്പ്രനാട്‌, താമരശ്ശേരി എന്നീ പ്രദേശങ്ങള്‍ കോട്ടയം രാജവംശത്തിന്റെ അധീനതയിലായിരുന്നു. ഇക്കാലത്ത്‌ പുറനാട്‌ (പുറകിഴനാട്‌) എന്നും കോട്ടയം അറിയപ്പെട്ടിരുന്നു. ഉണ്ണിയച്ചീചരിതത്തില്‍ കോട്ടയം രാജവംശത്തെ "പുറൈകിഴാര്‍ തങ്ങള്‍' എന്നും കോകിലസന്ദേശത്തില്‍ "പുരളിക്ഷമാഭൃത്‌' എന്നുമാണ്‌ വിശേഷിപ്പിച്ചിട്ടുള്ളത്‌. കിഴക്കുപടിഞ്ഞാറ്‌ 9.6 കി.മീ. നീളത്തില്‍ സ്ഥിതി ചെയ്യുന്ന പുരളിമലയില്‍ കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഇന്നും കാണാനാകും. ഭാസ്‌കര രവിവര്‍മന്റെ തിരുനെല്ലി ചെപ്പേടില്‍ പുറകിഴനാടും ഭരണാധിപനായ ശങ്കരന്‍ കോതവര്‍മനും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌. കോട്ടയം രാജവംശത്തിന്റെ ആദ്യകേന്ദ്രം മുഴക്കുന്നില്‍ ആയിരുന്നത്‌ ചാവശ്ശേരിയിലേക്കും പിന്നീട്‌ തലശ്ശേരിയിലേക്കും സ്ഥാനം മാറ്റുകയുണ്ടായി. മുഴക്കുന്നിലെ ശ്രീ പോര്‍ക്കലീ ഭഗവതിയാണ്‌ കോട്ടയം രാജവംശത്തിന്റെ കുലദേവത. പരശുരാമന്‍ പ്രതിഷ്‌ഠിച്ചെന്നു പറയപ്പെടുന്ന 64 കളരികളിലൊന്നായ മുഴക്കുന്നു കളരിയിലാണ്‌ രാജവംശം ആയുധാഭ്യാസം നടത്തിയിരുന്നത്‌. പിണ്ഡാലിനമ്പീശന്മാരായിരുന്നു കളരിഗുരുക്കന്മാര്‍. അവസാനത്തെ ചേരരാജാവില്‍ നിന്നാണ്‌ തങ്ങള്‍ക്ക്‌ ഭരണം ലഭിച്ചതെന്നു മറ്റു രാജവംശങ്ങളെപ്പോലെ കോട്ടയം രാജവംശം വിശ്വസിക്കുന്നില്ല. ചാവശ്ശേരിയില്‍ എലിപ്പറ്റയിലെ മാളികത്താഴത്ത്‌ എന്നറിയപ്പെടുന്ന ആദ്യത്തെ കോവിലകം പിന്നീട്‌ തെക്കെത്‌, പടിഞ്ഞാറെത്‌, കിഴക്കെത്‌ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടപ്പോള്‍ മാളികത്താഴത്തുകുടുംബം പഴശ്ശിയിലെ പടിഞ്ഞാറേ കോവിലകത്തില്‍ ലയിച്ചു. ഇവിടെയാണ്‌ ബ്രിട്ടീഷാധിപത്യത്തിനെതിരെ പടപൊരുതിയ കേരളവര്‍മ പഴശ്ശിരാജാവ്‌ ജനിച്ചത്‌. കോലത്തിരിയും കോട്ടയം രാജാവുമായി നിരന്തരം യുദ്ധങ്ങള്‍ നടന്നിരുന്നു. മലബാര്‍ സന്ദര്‍ശിച്ച ടോംപൈറസ്‌ (1512-15), കേരളത്തെക്കുറിച്ചുള്ള വിവരണത്തില്‍ കോട്ടയം രാജവംശത്തെക്കുറിച്ച്‌ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌.

ഏലം, കുരുമുളക്‌, ചന്ദനം എന്നിവ കൃഷിചെയ്‌തിരുന്ന പ്രദേശമാണ്‌ കോട്ടയം. അതിനാല്‍ ഡച്ച്‌, ബ്രിട്ടീഷ്‌, ഫ്രഞ്ച്‌ എന്നീ കൊളോണിയല്‍ ശക്തികള്‍ രാഷ്‌ട്രീയാധിപത്യത്തിനും വാണിജ്യത്തിനും വേണ്ടി കോട്ടയത്തേയും അധീനപ്പെടുത്താന്‍ ശ്രമിച്ചു. 1766-ല്‍ ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍ കോട്ടയവും കീഴടങ്ങി. പിന്നീട്‌ 25 വര്‍ഷത്തോളം മൈസൂറാധിപത്യത്തെ ചെറുത്തുനിന്ന കോട്ടയം രാജവംശം ടിപ്പുസുല്‍ത്താന്റെ ആക്രമണത്തെത്തുടര്‍ന്ന്‌ നാടുവിട്ടെങ്കിലും ടിപ്പുവിനുമുന്നില്‍ കീഴടങ്ങിയില്ല. ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനിക്കു കീഴടങ്ങിയപ്പോള്‍ മലബാറിലെ രാജാക്കന്മാരെയെല്ലാം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കി. ഇതോടെ, രാജാക്കന്മാര്‍ സ്വതന്ത്രഭരണാധികാരികള്‍ അല്ലാതെയായി. അതേസമയം ബ്രിട്ടീഷ്‌ ഈസ്റ്റിന്ത്യാ കമ്പനി കോട്ടയം രാജാവിന്‌ ഭാഗികമായ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിനു(1790-92)ശേഷം നടന്ന ശ്രീരംഗപട്ടണം സന്ധിപ്രകാരം 1792-ല്‍ മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക്‌ വിട്ടുകൊടുത്തതോടുകൂടി കോട്ടയം വംശത്തിന്റെ സ്വതന്ത്രമായ രാജ്യഭരണം അവസാനിച്ചു. സംസ്‌കൃതസാഹിത്യത്തിനും മലയാളസാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകള്‍ ഈ രാജവംശം നല്‌കിയിട്ടുണ്ട്‌. വടക്കന്‍ കഥകളെന്നും കോട്ടയം കഥകളെന്നും അറിയപ്പെടുന്ന ബകവധം, കല്യാണസൗഗന്ധികം, കിര്‍മീരവധം, കാലകേയവധം എന്നീ ആട്ടക്കഥകള്‍, ആട്ടക്കഥാകൃത്തും കഥകളി പരിഷ്‌കര്‍ത്താവുമായ രവിവര്‍മ എന്ന നാമധേയമുള്ള (17 ശ.) കോട്ടയത്തു തമ്പുരാന്റെ കൃതികളാണ്‌. കഥകളി എന്ന കലാരൂപത്തെ സാഹിത്യപ്രധാനമായ നാട്യകലയായി ഉയര്‍ത്തിയത്‌ രവിവര്‍മയാണ്‌. രചനാഗുണംകൊണ്ട്‌ മികച്ച കൃതിയായ ഭാഷാവാല്‌മീകിരാമായണം (കേരളവര്‍മ രാമായണം) പരിഭാഷ, വീരകേരളവര്‍മ (1645-96) എന്ന നാമധേയമുള്ള മറ്റൊരു കോട്ടയത്തുതമ്പുരാന്റെ കൃതിയാണ്‌. നോ. കോട്ടയത്തുതമ്പുരാന്‍

(കെ.കെ.എന്‍. കുറുപ്പ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍