This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോട്ടയത്തു കേരളവര്‍മത്തമ്പുരാന്‍ (1645-96)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോട്ടയത്തു കേരളവര്‍മത്തമ്പുരാന്‍ (1645-96) == തിരുവിതാംകൂര്‍ ഭരണ...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == കോട്ടയത്തു കേരളവര്‍മത്തമ്പുരാന്‍ (1645-96) == തിരുവിതാംകൂര്‍ ഭരണ...) |
Current revision as of 05:09, 25 ഡിസംബര്‍ 2014
കോട്ടയത്തു കേരളവര്‍മത്തമ്പുരാന്‍ (1645-96)
തിരുവിതാംകൂര്‍ ഭരണാധികാരിയും മലയാള കവിയും. വീരകേരളവര്‍മത്തമ്പുരാന്‍ എന്നാണ് പൂര്‍ണനാമധേയം. 17 വര്‍ഷം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന (1679-96) (ഇളയ) യുവരാജാവായിരുന്നു കേരളവര്‍മ .
പുറവഴിനാട്ടിലെ (കോട്ടയം) ഗോദവര്‍മ്മ രാജാവിന്റെ സോദരി, ഉമയമ്മറാണിയുടെ മകനായി 1645-ല്‍ (കന്നിമാസം 10-ന്) ജനിച്ചു. ബാല്യത്തില്‍ത്തന്നെ ആയുധാഭ്യാസത്തിലും അശ്വാരോഹണത്തിലും വൈദഗ്‌ധ്യം നേടി. തുടര്‍ന്ന് ഇളയരാജാവാകുന്നതിനു തടസ്സമായ മന്ത്രിയെ വധിച്ചു. പിന്നീട് ദേശാനടത്തിനിടയില്‍, മറവപ്രഭുവിനേയും തെലുന്നുപ്രഭുവിനേയും വധിച്ച് രാജ്യം കൈക്കലാക്കി. ശത്രു ശല്യമുണ്ടായപ്പോള്‍ നാട്ടിലേക്കു വന്ന് കോട്ടയത്തെ യുവരാജാവായി. തിരുവിതാംകൂറിനെ കൊള്ളയടിക്കുവാന്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ മുഗളപ്പടയെ തോല്‌പിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കാലത്താണ് തിരുവനന്തപുരത്ത് പുത്തന്‍കോട്ടയിലുണ്ടായിരുന്ന കോട്ട പൊളിച്ച് കോട്ടയ്‌ക്കകത്ത് വലിയകോയിക്കല്‍, കൊച്ചുകോയിക്കല്‍ എന്നീ 2 കോവിലകങ്ങള്‍ പണിയിച്ചത്. കൂടാതെ നാട്ടില്‍ നിലവിലുണ്ടായിരുന്ന പുലപ്പേടി, മണ്ണാപ്പേടി എന്നീ അനാചാരങ്ങള്‍ വിളംബരത്തിലൂടെ (1696) ഇല്ലാതാക്കുകയും ചെയ്‌തു. വേണാട്ടിലെ ആഭ്യന്തരവും ബാഹ്യവുമായ കലഹങ്ങളെ ഒരു പരിധിവരെ അടിച്ചമര്‍ത്താനും ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്.
മലയാള കവിയെന്ന നിലയില്‍ പ്രശസ്‌തിയാര്‍ജിച്ച ഇദ്ദേഹം കിളിപ്പാട്ടുരീതിയിലാണ് ഗ്രന്ഥരചന നിര്‍വഹിച്ചിട്ടുള്ളത്. ദ്രുതകാകളി വൃത്തത്തെ കിളിപ്പാട്ടുവൃത്തങ്ങളുടെ സ്ഥാനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ പ്രഥമഗണനീയനാണിദ്ദേഹം. ഏഴുഭാഷാഗാനങ്ങളും ഒരു ഭാഷാകീര്‍ത്തനവും രണ്ട് സംസകൃത കീര്‍ത്തനങ്ങളുമാണ് പ്രധാന സാഹിത്യരചനകള്‍. ഭാഷാവാല്‌മീകിരാമായണം, പാതാള രാമായണം, ബാണയുദ്ധം, വൈരാഗ്യചന്ദ്രാദയം, മോക്ഷദായകപ്രകരണം, മോക്ഷ സിദ്ധിപ്രകരണം, ഭീഷ്‌മോപദേശം (കര്‍മവിപാകം), പടസ്‌തുതി, രാഗമാലിക, പത്മനാഭ കീര്‍ത്തനം എന്നിവയാണീ കൃതികള്‍.
രചനാഗുണം കൊണ്ട് ശ്രദ്ധേയമായ കൃതിയാണ് ഭാഷാവാല്‌മീകി രാമായണം (കേരളവര്‍മ രാമായണം). സുന്ദരകാണ്ഡാവസാനം വരെയുള്ള അഞ്ച് കാണ്ഡങ്ങള്‍, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ ലളിതവും സുന്ദരവുമായി ചുരുക്കേണ്ടിടത്തു ചുരുക്കിയും വിവരിക്കേണ്ടിടത്തു വിവരിച്ചും ഉപേക്ഷിക്കേണ്ട ഭാഗങ്ങള്‍ ഉപേക്ഷിച്ചുമാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ബാലകാണ്ഡവും സുന്ദരകാണ്ഡവും കേകയിലും ആരണ്യകാണ്ഡവും യുദ്ധകാണ്ഡവും കാകളിയിലും അയോധ്യാകാണ്ഡം അന്നനടയിലും കിഷ്‌കിന്ധാകാണ്ഡം ദ്രുതകാകളിയിലും രചിച്ചിരിക്കുന്നു.
നാലുപാദങ്ങളുള്ള ചെറിയ കാവ്യമാണ് പാതാള രാമായണം. 1-ാം പാദം കളകാഞ്ചിയിലും രണ്ടാംപാദം അന്നനടയിലുമായി, 2 പാദങ്ങളുള്ള ഭാഷാഗാനമാണ് ബാണയുദ്ധം. തത്ത്വോപദേശ സമ്പൂര്‍ണമായ കവിതയാണ് വൈരാഗ്യചന്ദ്രാദയം. മോക്ഷദായകപ്രകരണം, മോക്ഷസിദ്ധിപ്രകരണം എന്നിവ അദ്വൈതവേദാന്ത പ്രതിപാദകങ്ങളായ 2 ഗാനങ്ങളാണ്. ജ്യോതിഷം, വൈദ്യം, വേദാന്തജ്ഞാനം എന്നിവയാണ് ഭീഷ്‌മോപദശത്തിലുള്ളത്.
ആഭ്യന്തരകലഹം ശമിപ്പിക്കുന്നതിനിടയില്‍, വലിയ കോയിക്കല്‍ കോവിലകത്തിന്റെ നടയില്‍വച്ച് 1696 കര്‍ക്കിടകം 22-ന് ശത്രുക്കളാല്‍ ഇദ്ദേഹം വധിക്കപ്പെട്ടു.
ഇദ്ദേഹത്തിന്റെ ജീവചരിത്രം ആധാരമാക്കി "പുതുവാതപ്പാട്ട്' (പുതുബാധപ്പാട്ട്) എന്ന പേരില്‍ ഒരു നാടോടിപ്പാട്ട് (വില്‍പ്പാട്ട്) തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു.