This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ വാദിദ്‍വംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: = അബ്ദുല്‍ വാദിദ്‍വംശം = Abdul-el-Wadites വ.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ട...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: = അബ്ദുല്‍ വാദിദ്‍വംശം = Abdul-el-Wadites വ.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ട...) |
Current revision as of 05:43, 28 നവംബര്‍ 2014
അബ്ദുല്‍ വാദിദ്‍വംശം
Abdul-el-Wadites
വ.പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ടിലിംസാന്‍ (Tlemcen) കേന്ദ്രമാക്കി 1239 മുതല്‍ 1554 വരെ ഭരണം നടത്തിയ മുസ്ളിം ബെര്‍ബര്‍ രാജവംശം. ഈ വംശത്തെ 'ബനു അബ്ദുല്‍ വാദ്' അഥവാ 'സെയ്യാനിദുകര്‍' എന്നും പറഞ്ഞുവരുന്നു. ഈ രാജവംശത്തിന്റെ ഉത്പത്തിയെക്കുറിച്ചു വ്യക്തമായ ചരിത്രരേഖകളില്ല. 1239-ല്‍ അല്‍മൊഹാദുകളുടെ (അല്‍മുഹ്ഹിദുകള്‍) സാമ്രാജ്യം തകര്‍ച്ചയിലെത്തിയപ്പോള്‍ മറ്റു ബെര്‍ബര്‍ വിഭാഗങ്ങളുടേയും ആഫ്രിക്കയിലെ അറബികുടിയേറ്റക്കാരുടേയും സഹായത്തോടെ ബെര്‍ബര്‍ സെനാത്ത (Zenata) വംശത്തിലെ അബ്ദുല്‍ വാദിദ് വിഭാഗത്തില്‍പ്പെട്ട അബ്ദുല്‍ വാദ്യഹ് മറാസാന്‍ ഇബ്നുസെയ്യാന്‍ (ഭ.കാ. 1236-83) ടിലിംസാന്‍ തലസ്ഥാനമാക്കി ഈ രാജവംശം സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ സ്ഥാപിക്കപ്പെട്ട രാജ്യത്തിന് ഭൂമിശാസ്ത്രപരമായ ഐക്യമോ നിശ്ചിതമായ അതിരുകളോ ഉണ്ടായിരുന്നില്ല. ബെര്‍ബര്‍ സെനാത്ത വംശജരും അറബിനാടോടികളും അധിവസിച്ചിരുന്ന ഈ പ്രദേശത്ത് അഭ്യന്തരകലഹങ്ങള്‍ സാധാരണമായിരുന്നു. സൈന്യത്തിലേക്ക് വേണ്ടത്ര ബെര്‍ബര്‍ വംശജരെ കിട്ടാതെ വന്നപ്പോള്‍ ഈ രാജ്യത്തെ അമീര്‍മാര്‍ അറബികുടിയേറ്റക്കാരെ സൈന്യത്തില്‍ ചേര്‍ക്കുകയുണ്ടായി. ഇങ്ങനെ രൂപവത്കരിക്കപ്പെട്ട സൈന്യത്തിന് ഐകരൂപ്യമോ ഐക്യബോധമോ ഉണ്ടായിരുന്നില്ല. സൈന്യത്തിലെ വിശ്വസ്തമായ വിഭാഗത്തെ ആഭ്യന്തര കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുവേണ്ടി പലപ്പോഴും വിനിയോഗിക്കേണ്ടിവന്നു. അതുകൊണ്ട് കി.-ഉം പടിഞ്ഞാറുംഭാഗത്ത് തങ്ങളുടെ അധികാരം വ്യാപിപ്പിക്കാന്‍ ഈ വംശത്തിലെ അമീര്‍മാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. ഫെസിലെ മാരിനിദ്വംശക്കാര്‍ 14-ാം ശ.-ത്തില്‍ രണ്ടു പ്രാവശ്യം അബ്ദുല്‍വാദിദ് വംശക്കാരുടെ പ്രദേശം ആക്രമിക്കുകയുണ്ടായി. ഒന്നിലധികം പ്രാവശ്യം ടൂണിസിലെ ഹാഫ്‍സിദ് വംശക്കാരുടെ മേല്ക്കോയ്മയും ഇവര്‍ക്ക് അംഗീകരിക്കേണ്ടിവന്നു.
അബ്ദുല്‍വാദിദ് ഭരണകാലത്ത് ടിലിംസാന്‍ ഒരു വ്യാപാരകേന്ദ്രമെന്നനിലയില്‍ വളരെ പ്രസിദ്ധി ആര്‍ജിച്ചിരുന്നു. അബ്ദുല്‍ വാദിദ് അമീര്‍മാര്‍ ഈ നഗരത്തെ അഭിവൃദ്ധിപ്പെടുത്തുകയും സ്പാനിഷ് സംസ്കാരം ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ നഗരത്തിന്റെ മുന്‍കാല മഹിമയെ തെളിയിക്കുന്ന പല അവശിഷ്ടങ്ങളും ഇന്നും കാണാന്‍ കഴിയും. അബ്ദുല്‍ വാദിദ് അമീര്‍മാര്‍ ബുദ്ധിപരവും കലാപരവുമായ പ്രവര്‍ത്തനങ്ങളേയും പ്രോത്സാഹിപ്പിച്ചിരുന്നു. 15-ാം ശ.-ത്തോടുകൂടി തളര്‍ച്ചബാധിച്ച അബ്ദുല്‍വാദിദ് രാജ്യത്തെ അല്‍ജിയേഴ്സില്‍ നിന്നും വന്ന ഒട്ടോമന്‍ തുര്‍ക്കികള്‍ 1554-ല്‍ കീഴടക്കുകയുണ്ടായി. അതോടെ അബ്ദുല്‍വാദിദ് വംശക്കാരുടെ ഭരണം അവസാനിച്ചു.
(പ്രൊഫ. കെ. കുഞ്ഞിപ്പക്കി)