This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്‍ദുല്‍ റഹ്‍മാന്‍, തുങ്കു (1903 - 90)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: = അബ്‍ദുല്‍ റഹ്‍മാന്‍, തുങ്കു (1903 - 90) = Abdul Rahman,Tunku മലേഷ്യയുടെ ആദ്യത്ത...) |
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: = അബ്‍ദുല്‍ റഹ്‍മാന്‍, തുങ്കു (1903 - 90) = Abdul Rahman,Tunku മലേഷ്യയുടെ ആദ്യത്ത...) |
Current revision as of 05:05, 28 നവംബര്‍ 2014
അബ്‍ദുല്‍ റഹ്‍മാന്‍, തുങ്കു (1903 - 90)
Abdul Rahman,Tunku
മലേഷ്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. 1903 ഫെ. 8-ന് കെഡാസുല്‍ത്താനായ അബ്ദുല്‍ ഹമീദ് ഹലീംഷായുടെ ഏഴാമത്തെ പുത്രനായി ജനിച്ചു. തുങ്കു (രാജകുമാരന്‍) എന്നത് ഇദ്ദേഹത്തിന്റെ സ്ഥാനപ്പേരാണ്. ഇദ്ദേഹത്തിന്റെ മാതാവ് തായ്‍ലണ്ടുകാരി ആയിരുന്നു. മലയായിലും ഇംഗ്ളണ്ടിലും (1919-25) വിദ്യാഭ്യാസം നടത്തിയതിനുശേഷം 1931-ല്‍ കെഡാ സിവില്‍ സര്‍വീസില്‍ ഉദ്യോഗം സ്വീകരിച്ചു. ജപ്പാന്‍ കൈയേറ്റകാലത്ത് (1941-45) അബ്ദുല്‍ റഹ്‍മാന്‍ കെഡായില്‍ തന്നെ കഴിഞ്ഞുകൂടി. 1947-ല്‍ ഇദ്ദേഹം വീണ്ടും ഇംഗ്ളണ്ടില്‍ പോയി നിയമപഠനം തുടരുകയും 1949-ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസ്സാവുകയും ചെയ്തു. തുടര്‍ന്ന് കെഡാസ്റ്റേറ്റില്‍ ഡെപ്യൂട്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ആയി നിയമിതനായ അബ്ദുല്‍ റഹ്‍മാന്‍ രണ്ടു കൊല്ലത്തിനുശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍വേണ്ടി ജോലി രാജിവച്ചു. 'യുണൈറ്റഡ് മലേയ് നാഷണല്‍ ഓര്‍ഗനൈസേഷന്‍' (UMNO) രൂപവത്കരണത്തിലും പ്രവര്‍ത്തനത്തിലും ഇദ്ദേഹം പ്രധാനമായ പങ്കു വഹിച്ചു. 1952-ല്‍ ആ സംഘടനയുടെ പ്രസിഡന്റായും മലയന്‍ ഫെഡറല്‍ ഭരണനിര്‍വഹണസമിതിയിലും നിയമസഭയിലും അംഗമായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
1955-ല്‍ അബ്ദുല്‍ റഹ്‍മാന്‍ മലയന്‍ ഫെഡറേഷന്റെ പ്രധാനമന്ത്രിയായി. മലയയുടെ സ്വാതന്ത്ര്യസമ്പാദനത്തിന് മലയന്‍ പാര്‍ട്ടികളുടെ ഏകീകരണം അത്യാവശ്യമാണെന്നു ബോധ്യംവന്ന ഇദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട്, 'മലയന്‍ ചൈനീസ് അസോസിയേഷനു'മായും (1951) 'മലയന്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സു'മായും (1955) യോജിപ്പുണ്ടാക്കി. അക്കൊല്ലം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 'അലയന്‍സ് പാര്‍ട്ടി' വിജയം കരസ്ഥമാക്കി. അബ്ദുല്‍ റഹ്‍മാന്‍ വീണ്ടും പ്രധാനമന്ത്രിയായി. 1956-ല്‍ അലയന്‍സ്പാര്‍ട്ടി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബ്രിട്ടിഷ് ഗവണ്‍മെന്റുമായി മലയന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി കൂടിയാലോചന നടത്തി. മലയയ്ക്കു ഉടന്‍തന്നെ സ്വയംഭരണം നല്കാനും 1957 ആഗ.-ല്‍ പൂര്‍ണ സ്വാതന്ത്ര്യമനുവദിക്കാനും ബ്രിട്ടിഷ് ഗവണ്‍മെന്റ് സമ്മതിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിന്റെയും സംഘടനാപാടവത്തിന്റെയും ഫലമായിട്ടാണ് മലയ സ്വതന്ത്രമായത്. 1957 ആഗ. 31-ന് മലയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ അബ്ദുല്‍ റഹ്‍മാന്‍ സ്വതന്ത്രമലയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി. വിവിധവര്‍ഗക്കാര്‍ അധിവസിക്കുന്ന മലയയുടെ സ്വാതന്ത്ര്യം ഇത്രവേഗം കൈവന്നതും, സ്വതന്ത്രമലയയ്ക്ക് പൊതുവില്‍ സ്വീകാര്യമായ ഒരു ഭരണഘടന നിര്‍മിക്കാന്‍ സാധിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വവും വ്യക്തിമഹത്വവും മൂലമാണ്.
1959 ആഗ. 9-ലെ തെരഞ്ഞെടുപ്പുകളെ തുടര്‍ന്നു അബ്ദുല്‍ റഹ്‍മാന്‍ രണ്ടാം പ്രാവശ്യവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വിദേശസര്‍വകലാശാലകള്‍ ഡോക്ടറേറ്റ് ബിരുദങ്ങള്‍ നല്കി ഇദ്ദേഹത്തെ ബഹുമാനിച്ചു. 1963 സെപ്.-ല്‍ മലേഷ്യന്‍ ഫെഡറേഷന്‍ നിലവില്‍ വന്നപ്പോള്‍ അതിന്റെ പ്രധാനമന്ത്രി ആയതും അബ്ദുല്‍ റഹ്‍മാന്‍തന്നെയായിരുന്നു. 1964 ഏ.-ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലും വിജയിച്ച് മൂന്നാം പ്രാവശ്യവും ഇദ്ദേഹം പ്രധാനമന്ത്രിയായി. 1965 ആഗ.-ല്‍ സിംഗപ്പൂര്‍ മലേഷ്യയില്‍നിന്നു വിട്ടുപോകുന്ന അവസരത്തില്‍ അബ്ദുല്‍ റഹ്‍മാന്‍ കാണിച്ച നയതന്ത്രജ്ഞതയുടെ ഫലമായി സിംഗപ്പൂര്‍ ഇന്നും മലേഷ്യയുമായി ഉറ്റ ബന്ധത്തില്‍ കഴിയുന്നു. 1966-ല്‍ ഇന്തോനേഷ്യയുമായി രക്തരൂഷിതമായൊരു സമരം ഉണ്ടാവുന്നത് ഒഴിവാക്കാനും അബ്ദുല്‍ റഹ്‍മാന്‍ മുന്‍കൈയെടുത്തു. 1969-ല്‍ നാലാം പ്രാവശ്യവും ഇദ്ദേഹം മലേഷ്യന്‍ പ്രധാനമന്ത്രിയായി; 1970 സെപ്.-ല്‍ തത്‍സ്ഥാനം രാജിവച്ചു.
രാജ്യകാര്യങ്ങള്‍ക്കുപുറമേ, സ്പോര്‍ട്സില്‍ ഇദ്ദേഹം അതീവതത്പരനായിരുന്നു. മലായ് ഭാഷയില്‍ സ്മരണീയനായ ഒരെഴുത്തുകാരനുമാണ് ഇദ്ദേഹം. മലയയെപ്പറ്റി അബ്ദുല്‍ റഹ്‍മാനെഴുതിയ മഹ്സൂരി എന്ന നാടകം പ്രസിദ്ധമാണ്. ഇദ്ദേഹത്തിന്റെ രാജാ ബെര്‍സിങ് എന്ന നാടകം ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന് മാഗ്സെസെ അവാര്‍ഡ് (1970) ലഭിച്ചിരുന്നു. 1990 ഡി. 6-ന് അബ്ദുല്‍ റഹ്‍മാന്‍ തുങ്കു അന്തരിച്ചു.
(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)