This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്‍ദുല്‍ റഹ്‍മാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: = അബ്‍ദുല്‍ റഹ്‍മാന്‍ = Abdul Rahman 1. കൊര്‍ഡോവയിലെ അഞ്ചു സുല്‍ത്താന്...)
(പുതിയ താള്‍: = അബ്‍ദുല്‍ റഹ്‍മാന്‍ = Abdul Rahman 1. കൊര്‍ഡോവയിലെ അഞ്ചു സുല്‍ത്താന്...)
 

Current revision as of 04:59, 28 നവംബര്‍ 2014

അബ്‍ദുല്‍ റഹ്‍മാന്‍

Abdul Rahman

1. കൊര്‍ഡോവയിലെ അഞ്ചു സുല്‍ത്താന്‍മാര്‍ ഈ പേരില്‍ അറിയപ്പെടുന്നു.

അബ്ദുല്‍ റഹ്‍മാന്‍ I (731-88). ഉമയ്യാദ് വംശത്തിന്റെ ശാഖ കൊര്‍ഡോവയില്‍ സ്ഥാപിച്ച ഖലീഫ. ഡമാസ്കസിലെ പത്താമത്തെ ഉമയ്യാദ് ഖലീഫയായിരുന്ന ഹിഷാമിന്റെ പൌത്രനായി 731-ല്‍ ജനിച്ചു. അബ്ദുല്‍ റഹ്‍മാന്‍ ഇബ്‍നു മുആവിയ ഇബ്‍നു ഹിഷാം 756-ല്‍ കൊര്‍ഡോവയിലെ സുല്‍ത്താനായി. ഡമാസ്കസ് തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഉമയ്യാദ് വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കി അബ്ബാസിയ്യപക്ഷക്കാര്‍ ഭരണം സ്ഥാപിച്ചു (750). ആ കൂട്ടക്കൊലയില്‍നിന്നും അദ്ഭുതകരമാംവണ്ണം രക്ഷപ്പെട്ട അബ്ദുല്‍ റഹ്‍മാന്‍ സ്പെയിനില്‍ അഭയം പ്രാപിച്ചു. തമ്മില്‍ കലഹിച്ച് ഭരണകൂടത്തെ ബലഹീനമാക്കിയിരുന്ന സ്പെയിനിലെ മുസ്ലിങ്ങള്‍ അബ്ദുല്‍ റഹ്‍മാനെ സസന്തോഷം സുല്‍ത്താനായി അംഗീകരിച്ചു (756). സ്വന്തം മേധാശക്തികൊണ്ടും ശരിയായ നേതൃത്വംകൊണ്ടും ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന കലഹങ്ങള്‍ അവസാനിപ്പിക്കാനും കൊര്‍ഡോവ കേന്ദ്രമാക്കി ഒരു ഭരണകൂടം കെട്ടിപ്പടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ ഒരു സൈന്യത്തിന്റെ സഹായത്തോടുകൂടി അറബിപ്രഭുക്കന്‍മാരുടെ അധികാരമത്സരം അവസാനിപ്പിക്കുകയും, അബ്ബാസിയ്യ ഖലീഫമാര്‍ സ്പെയിന്‍ പിടിച്ചടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തു. അബ്ബാസിയ്യ വംശജനും അല്‍ ആന്തലൂസ് ഗവര്‍ണറുമായിരുന്ന യൂസുഫ് അല്‍ ഫിഹ്രി രാജ്യാവകാശം പുറപ്പെടുവിച്ചതു കാരണം രാജ്യത്തിന്റെ ഉത്തരഭാഗങ്ങള്‍ കീഴടക്കാന്‍ അബ്ദുല്‍ റഹ്‍മാന് കഴിഞ്ഞില്ല. ടെളിഡോയില്‍വച്ച് അല്‍ ഫിഹ്രി വധിക്കപ്പെട്ടതിനെ (758) തുടര്‍ന്ന് ഇദ്ദേഹം പൂര്‍ണ ഭരണാധികാരിയായി. 777-ല്‍ ബാര്‍സലോണയിലെ ഗവര്‍ണറുടെ നേതൃത്വത്തില്‍ അബ്ബാസിയ്യ പക്ഷക്കാര്‍ സുല്‍ത്താനെതിരായി ഒരു സഖ്യം ഉണ്ടാക്കുകയും ഷാര്‍ലെമെയ്ന്‍ (742-814) ചക്രവര്‍ത്തിയുടെ സഹായം തേടുകയും ചെയ്തു. ഷാര്‍ലെമെയ്ന്‍ 778-ല്‍ സ്പെയിന്‍ ആക്രമിച്ചുവെങ്കിലും പിന്‍വാങ്ങുകയുണ്ടായി. പിരണീസില്‍ക്കൂടി തിരിച്ചുവന്ന അദ്ദേഹത്തിന്റെ സൈന്യത്തെ റോണ്‍സെസ്വാലസ് ചുരത്തില്‍വച്ച് ബാസ്കുകള്‍ പതിയിരുന്നു വധിച്ചു.

കൊര്‍ഡോവയിലെ കൊട്ടാരവും പ്രസിദ്ധമായ പള്ളിയും അതിനോടനുബന്ധിച്ച സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചത് അബ്ദുല്‍ റഹ്‍മാന്‍ I ആയിരുന്നു. പട്ടണത്തിന് ആവശ്യമായ ശുദ്ധജലം കൊണ്ടുവരുന്നതിന് ഒരു ജലപ്രണാളിയും (Aqueduct), നഗരത്തിലാകെ മനോഹരങ്ങളായ പൂന്തോട്ടങ്ങളും നിര്‍മിച്ചു. തന്റെ യഹൂദ-ക്രിസ്ത്യന്‍ പ്രജകളോട് സമഭാവനയോടെ പെരുമാറാനും വിവിധ ദേശക്കാരായ മുസ്ലിം പ്രജകളുടെയിടയില്‍ സാംസ്കാരികൈക്യം വളര്‍ത്താനും ഇദ്ദേഹം പരിശ്രമിച്ചു. മുസ്ലിം സ്പെയിനില്‍ നാമ്പെടുത്തു വികസിച്ച യൂറോപ്യന്‍ നവോത്ഥാനത്തിന് അടിത്തറ പാകിയതും ഇദ്ദേഹമായിരുന്നു. 788 സെപ്.-ല്‍ കൊര്‍ഡോവയില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

അബ്ദുല്‍ റഹ്‍മാന്‍ II (ഭ.കാ. 822-52). കൊര്‍ഡോവയിലെ ഉമയ്യാദ് സുല്‍ത്താന്‍മാരില്‍ നാലാമനായിരുന്നു അബ്ദുല്‍ റഹ്‍മാന്‍ ഇബ്നു അല്‍ഹക്കം. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഹിസ്പാനോ-മുസ്ലിം സംസ്കാരത്തില്‍ ആകര്‍ഷിക്കപ്പെട്ട നഗരവാസികളായ ക്രിസ്ത്യാനികള്‍ ധാരാളമായി അറബിഭാഷ പഠിക്കാനും മുസ്ലിം ജീവിതരീതി അനുകരിക്കാനും തുടങ്ങി. ഇതില്‍ ഭീതിപൂണ്ട ക്രിസ്ത്യാനികള്‍ നാട്ടിന്റെ നാനാഭാഗത്തും അസ്വസ്ഥതകള്‍ ഇളക്കിവിട്ടു. ഈ അസ്വസ്ഥതകളും ഫ്രാങ്കുകളുമായുള്ള യുദ്ധാവസ്ഥയും നിലവിലിരിക്കെത്തന്നെ, കലകളും ശാസ്ത്രവും വികസിപ്പിക്കാനും മരാമത്തുപണികളും വ്യാപാരവുംകൊണ്ട് ജനങ്ങളുടെ സാമ്പത്തികനില അഭിവൃദ്ധിപ്പെടുത്താനും അബ്ദുല്‍ റഹ്‍മാന്‍ പരിശ്രമിച്ചു. സംഗീതാദി സുകുമാരകലകള്‍ വികസിച്ചുവളര്‍ന്നു. വൈദ്യശാസ്ത്രം, ജ്യോതിഃശാസ്ത്രം എന്നിവയില്‍ വളരെയേറെ പുരോഗതിയുണ്ടായി. ബാഗ്ദാദില്‍നിന്നും ഓടിപ്പോന്ന 'സിര്യാബ്' എന്ന സംഗീതജ്ഞനെ രാജസേവകരുടെയിടയില്‍ പ്രധാന സ്ഥാനം നല്കി ഇദ്ദേഹം ആദരിച്ചു. കൊര്‍ഡോവയില്‍വച്ച് 852 സെപ്. 22-ന് ഇദ്ദേഹം നിര്യാതനായി.

അബ്ദുല്‍ റഹ്‍മാന്‍ III (891-961). അബ്ദുല്‍ റഹ്‍മാന്‍ ഇബ്നു മുഹമ്മദ് ഇബ്നു അബ്ദുല്ല കൊര്‍ഡോവയിലെ ഉമയ്യാദ് സുല്‍ത്താന്‍മാരില്‍ എട്ടാമനും പ്രഗല്ഭനും ആയിരുന്നു. 22-ാമത്തെ വയസ്സില്‍ അധികാരമേറ്റ സുല്‍ത്താന്‍ കണ്ടത് ബലഹീനമായ അറബിഗോത്രങ്ങളെയും, ക്രിസ്ത്യന്‍ രാജാക്കന്‍മാരുടെ ആക്രമണഫലമായും മുസ്ലിം പ്രഭുക്കന്‍മാരുടെതന്നെ സ്വാതന്ത്യ്രപ്രഖ്യാപനംവഴിയായും ചുരുങ്ങിപ്പോയ ഒരു രാജ്യത്തെയും ആയിരുന്നു. അബ്ദുല്‍ റഹ്‍മാന്‍ തന്റെ അര നൂറ്റാണ്ടുകാലത്തെ ഭരണംകൊണ്ട് ഈ ദുഃസ്ഥിതികള്‍ക്ക് അറുതി വരുത്തുകയും കൊര്‍ഡോവയെ യൂറോപ്പിലെ ഏറ്റവും പരിഷ്കൃതനഗരമാക്കിത്തീര്‍ക്കുകയും ചെയ്തു. തന്റെ എതിരാളികളെ തോല്പിച്ചു കൊര്‍ഡോവയുടെ പഴയ വൈപുല്യം പുനഃസ്ഥാപിച്ചശേഷം ലിയോണിലെയും നവാറെയിലെയും ക്രിസ്ത്യന്‍രാജാക്കന്‍മാരെക്കൊണ്ട് കൊര്‍ഡോവയുടെ അധീശാധികാരം അംഗീകരിപ്പിച്ചു. ഇതിനിടയില്‍ സ്പെയിനില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ടൂണീഷ്യയിലെ ഫാത്തിമിയ്യ ഭരണകൂടത്തിന്റെ ശ്രമം വിഫലമാക്കി. ഫാത്തിമിയ്യ ഖലീഫമാരുടെ ഖിലാഫത്ത് അവകാശവാദത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ 'ഖലീഫ' സ്ഥാനം സ്വയം സ്വീകരിക്കുകയും ചെയ്തു (929). ഫാത്തിമിയ്യ ഭീഷണി അവസാനിപ്പിക്കാനായി മെഡിറ്ററേനിയനിലെ ഏറ്റവും വലിയ നാവികസേന രൂപവത്കരിച്ചു ടൂണീഷ്യയുടെ തീരപ്രദേശങ്ങള്‍ ആക്രമിച്ചു മൊറോക്കൊയും ക്യൂട്ടായും കൈയടക്കി. 939-ല്‍ നവാറെയ്ക്കെതിരായി നടത്തിയ യുദ്ധത്തില്‍ മാത്രമേ അബ്ദുല്‍ റഹ്‍മാന്‍ പരാജയപ്പെട്ടുള്ളൂ.

ശക്തമായ ഒരു ഭരണക്രമം സ്ഥാപിക്കാനാണ് അബ്ദുല്‍ റഹ്‍മാന്‍ തന്റെ ശേഷിച്ച ജീവിതകാലം വിനിയോഗിച്ചത്. സാമ്പത്തികമായും സാംസ്കാരികമായും അഭിവൃദ്ധി പ്രാപിച്ചിരുന്ന കൊര്‍ഡോവ യൂറോപ്യന്‍ നഗരങ്ങളുടെ റാണിയായി അക്കാലത്ത് കരുതപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് രാജകുമാരന്‍മാരും പ്രഭുക്കന്‍മാരും വൈദികരും കൊര്‍ഡോവയില്‍ എത്തിക്കൊണ്ടിരുന്നു.

936-ല്‍ ആരംഭിച്ച 'അല്‍സഹ്രാഉ്' എന്ന രാജസൌധത്തിന്റെ പണി രണ്ടു തലമുറക്കാലം നീണ്ടുനിന്നു. മാര്‍ബിള്‍ കൊണ്ട് നിര്‍മിതമായ ഈ സൌധം അക്കാലത്തെ മഹാദ്ഭുതങ്ങളില്‍ ഒന്നായിരുന്നു. അബ്ദുല്‍ റഹ്‍മാന്റെ രാജധാനിയില്‍ പണ്ഡിതന്‍മാരും കലാകാരന്‍മാരും ശില്പികളും വൈദ്യവിശാരദന്‍മാരും ഉണ്ടായിരുന്നു.

അബ്ദുല്‍ റഹ്‍മാന്‍ IV-ാമനും (ഭ.കാ. 1018-23) അബ്ദുല്‍ റഹ്‍മാന്‍ V-ാമനും (ഭ.കാ. 1023-24) സ്പെയിനിലെ ഉമയ്യാദ് രാജവംശത്തിന്റെ അധഃപതനകാലത്ത് ഭരിച്ചിരുന്ന രണ്ടു രാജാക്കന്‍മാര്‍ ആയിരുന്നു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

2. മൊറോക്കൊ ഭരിച്ച അലവിയ്യ രാജവംശത്തിലെ സുല്‍ത്താന്‍. ഇദ്ദേഹം 1789-ല്‍ ജനിച്ചു. 1822 ന.-ല്‍ പിതൃവ്യനായ മൌെലെ സുലൈമാനെ പിന്തുടര്‍ന്ന് അധികാരമേറ്റെടുത്ത അബ്ദുല്‍ റഹ്‍മാന്, ഗോത്രവര്‍ഗക്കാരുടെ കലാപം അടിച്ചമര്‍ത്താന്‍ വളരെക്കാലം വേണ്ടിവന്നു. യൂറോപ്യന്‍ ശക്തികളുടെ ഇടപെടല്‍മൂലം അയല്‍രാജ്യങ്ങളെ ആക്രമിച്ച് തന്റെ രാജ്യാതിര്‍ത്തി വിപുലീകരിക്കുന്നതിനുള്ള ശ്രമം ഇദ്ദേഹം പിന്നീട് ഉപേക്ഷിച്ചു. ഇംഗ്ളീഷുകാരുടെ ടാന്‍ജീര്‍ ഉപരോധത്തിന്റെയും (1828) ആസ്‍റ്റ്രിയക്കാരുടെ തീരദേശാക്രമണത്തിന്റെയും (1829) ഫലമായി ഇദ്ദേഹത്തിന്റെ നാവികസേനാരൂപവത്കരണയത്നവും പരാജയപ്പെട്ടു. ഫ്രാന്‍സിന്റെ ഇടപെടല്‍ നിമിത്തം, തന്റെ അധീനതയിലായിരുന്ന അല്‍ജീറിയയില്‍നിന്നു പോലും സുല്‍ത്താന്റെ അധികാരം ഒഴിവാക്കപ്പെട്ടു. അല്‍ജീറിയയില്‍ ഒളിപ്പോരു സംഘടിപ്പിച്ച അബ്ദുല്‍ ഖാദറിന് നല്കിയ സഹായംമൂലം ഫ്രാന്‍സ് മൊറോക്കൊയ്ക്ക് എതിരായി യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ സംഭവിച്ച പരാജയംകാരണം അബ്ദുല്‍ ഖാദറിന് നല്കിവന്ന സഹായം നിര്‍ത്തുകയും മൊറോക്കൊയില്‍ അഭയംപ്രാപിച്ച ഇദ്ദേഹത്തെ നാടുകടത്തുകയും ചെയ്തു. 1844 ആഗ. 14-ന് ഫ്രഞ്ചുകാര്‍ അബ്ദുല്‍ ഖാദറെ പരാജയപ്പെടുത്തി. അതോടെ അല്‍ജീറിയ പൂര്‍ണമായും ഫ്രഞ്ച് അധീനത്തിലായിത്തീര്‍ന്നു.

മൊറോക്കൊയുടെ സാമ്പത്തികാഭിവൃദ്ധിക്കായി അബ്ദുല്‍ റഹ്‍മാന്‍ പല പരിപാടികള്‍ ആസൂത്രണം ചെയ്തു. അവയിലൊന്നാണു യൂറോപ്യന്‍ രാജ്യങ്ങളുമായുണ്ടാക്കിയ കച്ചവട ഉടമ്പടികള്‍. ഇദ്ദേഹത്തിന്റെ കാലത്ത് മൊറോക്കൊയില്‍ പല സ്മാരകങ്ങള്‍ പണികഴിപ്പിക്കയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തു. ഫെസിലെ മൌെലെ ഇദ്രീസിന്റെ പള്ളി, ടാന്‍ജീയറിലെ തുറമുഖം, മറാക്കേഷിലെ ബൂഹസന്‍ പള്ളി, അഗ്ദാലിലെ ഗവണ്‍മെന്റ് ഉടമയിലുള്ള തോട്ടം തുടങ്ങിയവ ഇക്കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അബ്ദുല്‍ റഹ്‍മാന്‍ 1859 ആഗ. 28-ന് മെക്നസില്‍ (Meknes) വച്ച് നിര്യാതനായി.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍