This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇറ്റലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→സമ്പദ്‌വ്യവസ്ഥ) |
Mksol (സംവാദം | സംഭാവനകള്‍) (→വാണിജ്യം) |
||
വരി 191: | വരി 191: | ||
ഇറ്റലിയുടെ സമ്പദ്‌ഘടനയില്‍ വിദേശവാണിജ്യത്തിന് വലുതായ പങ്കുണ്ട്. അസംസ്‌കൃതവസ്‌തുക്കളില്‍ സ്വയംപര്യാപ്‌തമല്ലെങ്കില്‍ കൂടിയും ഇറ്റലിയുടെ കയറ്റുമതികളില്‍ ഉത്‌പാദിതവസ്‌തുക്കള്‍ക്കാണ് പ്രാമുഖ്യം. യന്ത്രസാമഗ്രികള്‍, മോട്ടോര്‍വാഹനങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതികള്‍. ഇറ്റലിയിലെ ഫിയറ്റ്, ആല്‍ഫാ റോമിയോ, ഫെറാറി എന്നീയിനം കാറുകള്‍ വിശ്വോത്തരങ്ങളായി മാറിയിട്ടുണ്ട്. വീഞ്ഞ്, ടിന്നിലാക്കിയ ഫലവര്‍ഗങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍സാധനങ്ങള്‍, മാര്‍ബിള്‍ വസ്‌തുക്കള്‍ തുടങ്ങിയവയും രാസദ്രവ്യങ്ങളും കയറ്റുമതികളില്‍പ്പെടുന്നു. | ഇറ്റലിയുടെ സമ്പദ്‌ഘടനയില്‍ വിദേശവാണിജ്യത്തിന് വലുതായ പങ്കുണ്ട്. അസംസ്‌കൃതവസ്‌തുക്കളില്‍ സ്വയംപര്യാപ്‌തമല്ലെങ്കില്‍ കൂടിയും ഇറ്റലിയുടെ കയറ്റുമതികളില്‍ ഉത്‌പാദിതവസ്‌തുക്കള്‍ക്കാണ് പ്രാമുഖ്യം. യന്ത്രസാമഗ്രികള്‍, മോട്ടോര്‍വാഹനങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതികള്‍. ഇറ്റലിയിലെ ഫിയറ്റ്, ആല്‍ഫാ റോമിയോ, ഫെറാറി എന്നീയിനം കാറുകള്‍ വിശ്വോത്തരങ്ങളായി മാറിയിട്ടുണ്ട്. വീഞ്ഞ്, ടിന്നിലാക്കിയ ഫലവര്‍ഗങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍സാധനങ്ങള്‍, മാര്‍ബിള്‍ വസ്‌തുക്കള്‍ തുടങ്ങിയവയും രാസദ്രവ്യങ്ങളും കയറ്റുമതികളില്‍പ്പെടുന്നു. | ||
- | ഇറക്കുമതികളില്‍ ഏറിയ കൂറും വ്യവസായാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ഥങ്ങളാണ്. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, ചെമ്പ് തുടങ്ങിയവയും ഭക്ഷ്യധാന്യങ്ങള്‍, ഗവ്യവസ്‌തുക്കള്‍ എന്നിവയുമാണ് പ്രധാന ഇറക്കുമതികള്‍. 1960-നുശേഷം ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇറക്കുമതിയുടെ മൂല്യം | + | ഇറക്കുമതികളില്‍ ഏറിയ കൂറും വ്യവസായാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ഥങ്ങളാണ്. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, ചെമ്പ് തുടങ്ങിയവയും ഭക്ഷ്യധാന്യങ്ങള്‍, ഗവ്യവസ്‌തുക്കള്‍ എന്നിവയുമാണ് പ്രധാന ഇറക്കുമതികള്‍. 1960-നുശേഷം ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇറക്കുമതിയുടെ മൂല്യം കയറ്റുമതിയുടെതിനേക്കാള്‍ ഏറിനില്‌ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. |
== ഭരണവ്യവസ്ഥ== | == ഭരണവ്യവസ്ഥ== |
10:44, 11 സെപ്റ്റംബര്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം[മറയ്ക്കുക] |
ഇറ്റലി
Italy
പശ്ചിമയൂറോപ്പിലെ ഒരു ജനകീയപരമാധികാര രാഷ്‌ട്രം. ഔദ്യോഗികനാമം റിപ്പബ്ലിക്ക ഇറ്റാലിയാനാ. ആല്‍പ്‌സ് പര്‍വതശ്രേണിയിലെ ഉത്തുംഗനിരകളില്‍നിന്ന് മധ്യ ധരണ്യാഴിയിലേക്കു ചാഞ്ഞിറങ്ങുന്നമട്ടില്‍ പാദുക(boot)ത്തിന്റെ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഉപദ്വീപാണ് ഈ രാജ്യത്തിലെ പ്രധാന ഭൂവിഭാഗം. മധ്യ ധരണ്യാഴിയിലെ സിസിലി, സാര്‍ഡീനിയ, എല്‍ബ എന്നീ ദ്വീപുകള്‍ ഇറ്റലിയുടെ അധികാരപരിധിയില്‍പ്പെട്ടവയാണ്. വിസ്‌തീര്‍ണം: 3,01,263 ച.കി.മീ.; ജനസംഖ്യ: 60,813,326 (2011); തലസ്ഥാനനഗരം; റോം.
യൂറോപ്പ് വന്‍കരയിലെ പ്രാചീനസംസ്‌കാരങ്ങളിലൊന്നിന്റെ ഈറ്റില്ലമായ ഇറ്റലി, രാഷ്‌ട്രങ്ങള്‍ക്കിടയില്‍ നന്നേ പ്രായംകുറഞ്ഞവയില്‍പ്പെടുന്നു. ഒരു രാഷ്‌ട്രമെന്ന നിലയില്‍ ഇറ്റലിയുടെ ഏകീകരണം പൂര്‍ത്തിയായത് 1870-ല്‍ മാത്രമാണ്. ഭരണസൗകര്യാര്‍ഥം രാജ്യത്തെ 20 സ്വയംഭരണ മേഖലകളായി വിഭജിച്ചിരിക്കുന്നു; വെവ്വേറെ മേഖലകള്‍ക്ക് വ്യത്യസ്‌ത സ്വഭാവത്തിലുള്ള സ്വയംഭരണാവകാശവും പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യവും നിലവിലുള്ള യൂണിറ്ററി ഭരണവ്യവസ്ഥയാണ് ഇറ്റലിയില്‍ നിലവിലുള്ളത്.
ഇറ്റലിയുടെ തലസ്ഥാനമായ റോമിന് ഭൂമുഖത്തെ ഏറ്റവും ചെറിയ രാജ്യത്തെ ഉള്‍ക്കൊള്ളുന്നുവെന്ന സവിശേഷത കൂടിയുണ്ട്; കേവലം 0.44 ച.കി.മീ. മാത്രം വിസ്‌തീര്‍ണമുള്ള വത്തിക്കാന്‍ ഈ നഗരത്തിലെ അന്തര്‍സ്ഥിതമേഖല (Enclave) ആണ്. ഇറ്റലിയുടെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു രാജ്യമാണ് സാന്‍മറിനോ.
ഭൗതിക ഭൂമിശാസ്‌ത്രം
ഭൂപ്രകൃതി
മൊത്തം വിസ്‌തൃതിയുടെ 23 ശതമാനം മാത്രമാണ് നിരപ്പുള്ള പ്രദേശം; 35 ശതമാനത്താളം 700 മീറ്ററിലേറെ ഉയരമുള്ള മലനിരകളാണ്. ശേഷിച്ച 42 ശതമാനം ഭാഗം കുന്നുകള്‍ നിറഞ്ഞ നിമ്‌നോന്നത മേഖലകളുമാണ്. പ്രധാനമായും ആല്‍പ്‌സ്, ആപ്പിനൈന്‍ എന്നീ രണ്ടു പര്‍വതപംക്‌തികളാണ് ഇറ്റലിയിലുള്ളത്. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട്, ആസ്‌ട്രിയ എന്നീ അയല്‍രാജ്യങ്ങളിലും കൂടി വ്യാപിച്ചു കിടക്കുന്ന ആല്‍പ്‌സ് ആണ് ആദ്യത്തേത്. ഉപദ്വീപിന്റെ നട്ടെല്ലായി വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഉടനീളം കിടക്കുന്ന ആപ്പിനൈന്‍ പര്‍വതമാണ് രണ്ടാമത്തേത്; സങ്കീര്‍ണപ്രകൃതിയുള്ള ആല്‍പ്‌സ്‌നിരകള്‍ ഇറ്റലിയുടെ വടക്കേ അതിര്‍ത്തിയോട് അടുക്കുന്തോറും 3,900 മീറ്ററിനുമേല്‍ ഉയരമുള്ള ഗിരിശൃങ്‌ഗങ്ങളായി മാറുന്നു. 3,450 ലക്ഷം വര്‍ഷം മുമ്പു മുതല്‍ 2,250 ലക്ഷം വര്‍ഷത്തിനു മുമ്പുവരെയുള്ള കാലയളവില്‍ രൂപംപൂണ്ട്, പില്‌ക്കാലത്ത് പര്‍വതനപ്രക്രിയകളിലൂടെ മടക്കുപര്‍വതങ്ങളായി മാറിയ ശിലാസ്‌തരങ്ങളെയാണ് ആല്‍പ്‌സ്‌നിരകള്‍ ഉള്‍ക്കൊള്ളുന്നത്. സ്ഥിരമായി മഞ്ഞണിഞ്ഞു കിടക്കുന്ന ഇവിടത്തെ കൊടുമുടികള്‍ പിരമിഡ്, സൂചീഖാതം തുടങ്ങിയ പരിചിതരൂപങ്ങളുള്ള സുന്ദരദൃശ്യങ്ങളാണ്. ആയിരിത്തിലേറെ ഹിമാനികള്‍ ഈ ഗിരിശൃങ്‌ഗങ്ങളില്‍ അടിഞ്ഞുകിടക്കുന്നു. പൊതുവെ ഹിമാനീഭവ (glaclated) രൂപങ്ങളാണ് ആല്‍പ്‌സ് മേഖലയിലുള്ളത്.
പര്‍വതപ്രദേശങ്ങള്‍
ഇറ്റാലിയന്‍ ആല്‍പ്‌സ് പശ്ചിമ ആല്‍പ്‌സ്, മധ്യ ആല്‍പ്‌സ്, പൂര്‍വ ആല്‍പ്‌സ് എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആല്‍പ്‌സ് പര്‍വതത്തിലെ മൂന്നു പ്രധാന ശൃംഖലകളില്‍ ഓരോന്നും ഇറ്റലിയിലും തുടര്‍ന്നു കാണുന്നു. അയോസ്റ്റ മുതല്‍ കാഡിബോണാപാത വരെ തെക്കുവടക്ക് ആയി കിടക്കുന്ന മലനിരകള്‍ പശ്ചിമ ആല്‍പ്‌സിന്റെ ഭാഗമാണ്; ഗ്രാന്‍ പാരഡൈസോ (4,061 മീ.), മോണ്ടെവൈസോ (3,841 മീ.) എന്നിവയാണ് ഈ ഭാഗത്തെ പ്രധാന കൊടുമുടികള്‍. കിഴക്കോട്ട് ബ്രന്നര്‍പാത വരെ നീണ്ട് ആസ്‌ട്രിയയിലേക്കു തുടരുന്ന മലനിരകള്‍ മധ്യ ആല്‍പ്‌സിന്റെ ഭാഗമാണ്; മോണ്ടെബിയാന്‍കോ (4,807 മീ.), മാറ്റര്‍ഹോണ്‍ (4,478 മീ.), മോണ്ടെറോസ (4,634 മീ.), ഓര്‍ട്ട്‌ലര്‍ (3,899 മീ.) എന്നിവ ഈ ഭാഗത്തുള്ള കൊടുമുടികളാണ്. ബ്രന്നര്‍പാത മുതല്‍ കിഴക്ക് ട്രീയെസ്റ്റ് വരെ നീണ്ടുകിടക്കുന്ന പര്‍വതനിര പൂര്‍വ ആല്‍പ്‌സില്‍പ്പെടുന്നു. ആല്‍പി ഡോളമൈറ്റിഷ്‌നിരകളും പൂര്‍വ ആല്‍പ്‌സിന്റെ ഭാഗമാണ്. മോണ്ടെമാര്‍മലഡ (3,342 മീ.) ആണ് പൂര്‍വ ആല്‍പ്‌സ് നിരകളിലെ പ്രധാന കൊടുമുടി.
കാഡിബോണാ മുതല്‍ ഉപദ്വീപിന്റെ മധ്യത്തുകൂടി കലാബ്രിയാ മുനമ്പു വരെയും തുടര്‍ന്ന് സിസിലിയിലും കിടക്കുന്ന ആപ്പിനൈന്‍ പര്‍വതനിരയുടെ നീളം 1192 കിലോമീറ്ററും ശരാശരി വീതി 32 കിലോ മീറ്ററും ആണ്. റോമിനു കിഴക്ക് മധ്യ ആപ്പിനൈന്‍ പര്‍വതങ്ങള്‍ 192 കി.മീ. വീതിയില്‍ കാണപ്പെടുന്നു. ഇവിടെയുള്ള ഗ്രാന്‍സാസോദ ഇറ്റാലിയ എന്നു വിളിക്കപ്പെടുന്ന പര്‍വതവ്യൂഹത്തിലാണ് ഉപദ്വീപിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ കാല്‍ഡറോണ്‍ (2,914 മീ); ഇത് ഒരു മഞ്ഞുമലയാണ്; യൂറോപ്പില്‍ ഏറ്റവും താണ അക്ഷാംശത്തിലെ ഹിമാനിയും ഇതുതന്നെ.
സാര്‍ഡീനിയാദ്വീപില്‍ രണ്ടു മലനിരകളുണ്ട്. ഇവ മധ്യത്തുള്ള കാംപിദാനോ സമതലംമൂലം വ്യതിരിക്തങ്ങളായിരിക്കുന്നു. ദ്വീപിന്റെ തെക്കുപടിഞ്ഞാറുള്ള ഉയരം കുറഞ്ഞ മലനിരകള്‍ പാലിയോസോയിക് കല്‌പത്തില്‍ ഉണ്ടായവയാണ്. ധാതുസമ്പന്നമാണ് ഈ പ്രദേശം. വടക്കുകിഴക്കുള്ള മലനിരകളിലെ ഉപരിഭാഗത്ത് മീസോസോയിക് കല്‌പത്തിലെ ചുണ്ണാമ്പുകല്ലട്ടികളാണുള്ളത്.
ഇറ്റലിയിലെ മിക്കഭാഗങ്ങളും ഭൂകമ്പമേഖലയില്‍പ്പെടുന്നു. ആല്‍പ്‌സ്, പോ സമതലം എന്നിവിടങ്ങള്‍ ഏറെക്കുറെ സുരക്ഷിതങ്ങളാണ്. ആല്‍പ്‌സിന്റെ സാനുപ്രദേശങ്ങളില്‍ വല്ലപ്പോഴും, ആല്‍പൈന്‍ ശൃംഖലയുടെ മധ്യ-ദക്ഷിണ ഭാഗങ്ങളിലും സിസിലിയിലും നിരന്തരമായും ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു. കഴിഞ്ഞ 70 ലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഇറ്റലിയില്‍ അഗ്നിപര്‍വത പ്രക്രിയ സജീവമായി തുടര്‍ന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. കോളിയൂഗാനിയിലെ ചൂടുറവകളും, വിതെര്‍ബോയിലെ പങ്കോദ്‌ഗാരങ്ങളും (mud volcanoes), പോട് സ്വോലിയിലെ ബാഷ്‌പസ്രാേതസ്സുകളും ഇന്നും തുടര്‍ന്നുപോരുന്ന അഗ്നിപര്‍വതപ്രക്രിയകളാണ്. കാംപീഫ്‌ളെഗ്രൈ, വെസൂവിയസ്, ഈസ്‌കിയ, ഐലോ ഈയോലി, എറ്റ്‌ന എന്നിവ നിദ്രിതങ്ങളെങ്കിലും പുനഃസ്‌ഫോടനത്തിനു സാധ്യതയുള്ള അഗ്നിപര്‍വതങ്ങളാണ്. സിസിലിതീരങ്ങളില്‍ സമുദ്രാന്തരിതഭാഗങ്ങളില്‍ ഭൂകമ്പങ്ങളുണ്ടാകുന്നത് സാധാരണമാണ്.
സമതലങ്ങള്‍
ഇറ്റലിയിലെ പ്രധാന സമതലങ്ങളില്‍ പലതും പൂര്‍വകാലത്തെ സമുദ്രാന്തരിതനിക്ഷേപങ്ങള്‍ പില്‌ക്കാലത്ത് ഉയര്‍ത്തപ്പെട്ടുണ്ടായ എക്കല്‍ മൈതാനങ്ങളാണ്; പോ, പ്യൂലിയാ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവയില്‍ പോ സമതലം 44,000 ച.കി.മീ. വിസ്‌തീര്‍ണമുള്ളതാണ്; ഇറ്റലിയില്‍ നിരപ്പുള്ള പ്രദേശങ്ങളുടെ മൊത്തം വിസ്‌തീര്‍ണം 69,900 ച.കി.മീ. ആണ്. പോസമതലത്തില്‍ 550 മീ. വരെ ഉയരമുള്ള അപൂര്‍വം സ്ഥാനങ്ങളുണ്ടെങ്കിലും ഏറിയ ഭാഗത്തെയും ഉയരം 100 മീറ്ററില്‍ താഴെയാണ്. പോനദീവ്യൂഹവും റിനോ, ആഡീജ്, പ്യാവ്, ടാഗ്ലിയാമെന്റ് എന്നീ നദികളും ഈ സമതലത്തിലൂടെയാണ് ഒഴുകുന്നത്.
മേല്‌പറഞ്ഞവ കൂടാതെ വിസ്‌തൃതികുറഞ്ഞ പല സമതലങ്ങളും ഇറ്റലിയിലുണ്ട്. ടസ്‌കനി, ലാസിയോ എന്നിവിടങ്ങള്‍ സമുദ്രതീര ചതുപ്പുകള്‍ നികന്നുണ്ടായ സമതലങ്ങളാണ്. റോമിനു സമീപത്തായുള്ള അഗ്രാപോണ്ടിനോയും ഈ രീതിയില്‍ ഉണ്ടായതാണ്. പ്യൂലിയ താരതമ്യേന വരണ്ട സമതലമാണ്. വെസൂവിയസിനു ചുറ്റുമുള്ള നിരന്ന പ്രദേശങ്ങളും അത്യന്തം ഫലഭൂയിഷ്‌ഠമാണ്.
തീരപ്രദേശം
ഇറ്റലിയുടെ പശ്ചിമതീരം ഉടവുകളും വളവുകളും നിറഞ്ഞു സങ്കീര്‍ണമാണ്. സമുദ്രത്തിലേക്കു കയറിക്കിടക്കുന്ന പാറക്കെട്ടുകളും മുനമ്പുകളും അവയ്‌ക്കിടയിലായി നന്നേ വിസ്‌തൃതികുറഞ്ഞ നിരന്ന പ്രദേശങ്ങളും പൂര്‍വതീരത്തെ സാധാരണ പ്രകൃതിയാണ്. പടിഞ്ഞാറ് പ്യൂലിയാതീരവും ഏഡ്രിയാറ്റിക് തീരവും പൊതുവേ നിരന്ന ഭൂമിയാണ്. പോനദിയുടെ ഡെല്‍റ്റാപ്രദേശത്ത് തടാകങ്ങളും ചതുപ്പുനിലങ്ങളും ധാരാളമുണ്ട്. ട്രീയെസ്റ്റിനും ഇസ്‌ട്രീയയ്‌ക്കും ഇടയ്‌ക്കുള്ള കടലോരം പാറക്കെട്ടുകള്‍ നിറഞ്ഞതാണ്.
അപവാഹം
നദികള്‍
ഇറ്റലിയിലെ നദികള്‍ പൊതുവേ നീളം കുറഞ്ഞവയാണ്; ഏറ്റവും നീളം കൂടിയത് പോ (640 കി.മീ.) ആണ്. പ്രധാന നദികളെല്ലാംതന്നെ സമാന്തരങ്ങളായി ഒഴുകി ഏഡ്രിയാറ്റിക് കടലില്‍ പതിക്കുന്നു. അയോണിയന്‍ കടലില്‍ വീഴുന്ന മൂന്നു നദികളും പ്യൂലിയാ ഉള്‍ക്കടലില്‍ പതിക്കുന്ന രണ്ടു നദികളും പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ടൈറീനിയന്‍ കടലിലേക്കൊഴുകുന്ന നദികള്‍ താരതമ്യേന നീളം കൂടിയവയാണ്; ദുര്‍ഗമ മാര്‍ഗങ്ങളിലൂടെ ഒഴുകുന്ന ഇവ കൂടുതല്‍ ജലം വഹിക്കുന്നവയുമാണ്. ആര്‍ണോ, ടൈബര്‍, വോള്‍ട്ടൂര്‍ണോ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖങ്ങള്‍. വടക്കു പടിഞ്ഞാറ് ഭാഗത്തെ ലിഗ്യൂരിയന്‍ നദികള്‍ പ്രായേണ ചെറുതെങ്കിലും പ്രാധാന്യമര്‍ഹിക്കുന്നവയാണ്; ജനോവാ തുടങ്ങിയ വന്‍നഗരങ്ങളും റാപാല്ലോ തുടങ്ങിയ ഉല്ലാസകേന്ദ്രങ്ങളും ഈ നദീമുഖങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.
ഇറ്റലിയിലെ നദികളില്‍ പരമപ്രാധാന്യം വഹിക്കുന്നത് പോ ആണ്. മോണ്‍വീസോ പ്രദേശത്തുനിന്ന് ഉദ്‌ഭവിച്ച് ലൊംബാര്‍ഡി സമതലത്തിലൂടെ ഒഴുകി വെനീസിനു തെക്കായി ഏഡ്രിയന്‍ കടലിലേക്കു പതിക്കുന്ന ഈ നദിക്ക് പ്രധാനപ്പെട്ട പല പോഷകനദികളും വിസ്‌തൃതമായ ഡെല്‍റ്റയും ഉണ്ട്. ടൂറിന്‍, ക്രിമോണ തുടങ്ങിയ വന്‍നഗരങ്ങള്‍ ഈ നദീതീരത്താണ് സ്ഥിതിചെയ്യുന്നത്. നീളംകൊണ്ട് ഇറ്റലിയിലെ രണ്ടാമത്തെ നദിയായ ആഡീജ് (406 കി.മീ.) പോയുടെ പോഷകനദിയല്ലെങ്കിലും പോ ഡെല്‍റ്റയിലുള്‍പ്പെട്ട ഏഡ്രിയയ്‌ക്കു സമീപത്താണ് അതിന്റെ പതനസ്ഥാനം. തെക്കന്‍ ഇറ്റലിയിലെ നദികള്‍ ശൈത്യകാലത്ത് ജലസമൃദ്ധമായിരിക്കും; എന്നാല്‍ വേനല്‍ക്കാലത്ത് മിക്കവയും പൂര്‍ണമായും വറ്റിപ്പോകുന്നു. നേരേമറിച്ച്, മധ്യ ഉത്തരഭാഗങ്ങളിലെ നദികള്‍ ശീതകാലത്ത് വറ്റിപ്പോകുന്നവയാണ്; ആവാഹമേഖലകളില്‍ ശൈത്യക്കൂടുതല്‍നിമിത്തം ജലം ഉറഞ്ഞുപോകുന്നതാണ് ഇതിനു കാരണം. വേനല്‍ക്കാലത്ത് മഞ്ഞുരുകുന്നതുമൂലം ഇവയില്‍ വെള്ളപ്പൊക്കമുണ്ടാകുന്നു.
തടാകങ്ങള്‍
ഇറ്റലിയില്‍ 1,500-ല്‍പ്പരം തടാകങ്ങളുണ്ട്. ഇവയില്‍ ഏറിയകൂറും ക്വാര്‍ട്ടെനറി യുഗത്തിലെ ഹിമാതിക്രമണത്തില്‍ ഭൂമി കാര്‍ന്നെടുക്കപ്പെട്ട്, പില്‌ക്കാലത്ത് ഹിമാനികള്‍ പിന്‍വാങ്ങിയതോടെ ജലമഗ്നമായിത്തീര്‍ന്ന ഗര്‍ത്തങ്ങളാണ്. ഇത്തരത്തിലുള്ള ഹിമാനീഭവ തടാകങ്ങളില്‍ ഭൂരിഭാഗവും ആല്‍പ്‌സ് മേഖലയിലും പര്‍വതസാനുക്കളിലുള്ള ഉന്നതതടങ്ങളിലുമാണ് സ്ഥിതിചെയ്യുന്നത്. ഇക്കാരണത്താല്‍ വൈദ്യുതോത്‌പാദന രംഗത്ത് അവ വളരെ പ്രാധാന്യം നേടിയിരിക്കുന്നു. ലുപ്‌തങ്ങളായ അഗ്നിപര്‍വതങ്ങളുടെ സ്‌ഫോടനഗര്‍ത്തങ്ങള്‍ രൂപാന്തരപ്പെട്ടുണ്ടായ ക്രേറ്റര്‍തടാകങ്ങളാണ് രണ്ടാമത്തെ ഇനം. ഏഡ്രിയാറ്റിക് തീരത്തെ തടാകങ്ങളാണ് മൂന്നാമത്തെ വിഭാഗം. ആല്‍പ്‌സിന്റെ അടിവാരത്തുള്ള താരതമ്യേന വലുപ്പംകൂടിയ ഹിമാനീഭവതടാകങ്ങള്‍ നൈസര്‍ഗിക സൗന്ദര്യത്തില്‍ മികച്ചുനില്‌ക്കുന്നു. കാര്‍സ്റ്റ് പ്രദേശത്ത് അപൂര്‍വമായി തടാകങ്ങള്‍ കാണപ്പെടുന്നു.
കാലാവസ്ഥ
ഇറ്റലി മിതശീതോഷ്‌ണമേഖലയിലാണു സ്ഥിതിചെയ്യുന്നത്. എന്നിരിക്കിലും ഉത്തര ദക്ഷിണഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥകളില്‍ വലുതായ അന്തരം ഉണ്ട്. ഉത്തരാര്‍ധം ഏറെക്കുറെ വന്‍കരകളാലും ദക്ഷിണാര്‍ധം മെഡിറ്ററേനിയന്‍ കടലിനാലും ചുറ്റപ്പെട്ടിരിക്കുന്നു. പര്‍വതങ്ങളുടെ കിടപ്പ് കാലാവസ്ഥയെ ബാധിക്കുന്ന രീതിയിലാണ്. ആല്‍പ്‌സ് നിരകള്‍ വടക്കുനിന്നുള്ള കാറ്റുകളെയും പശ്ചിമവാതങ്ങളെയും ഭാഗികമായി തടഞ്ഞുനിര്‍ത്തുന്നു; ഉപദ്വീപിലെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ തികച്ചും വ്യത്യസ്‌തമായ കാലാവസ്ഥ സൃഷ്‌ടിക്കുന്നതിന് മധ്യത്ത് ഉടനീളം കിടക്കുന്ന ആപ്പിനൈന്‍നിരകള്‍ ഹേതുവാകുന്നു. സാര്‍ഡീനിയ അത്‌ലാന്തിക്കില്‍നിന്നുള്ള കാറ്റുകളുടെ പാതയിലാണു സ്ഥിതിചെയ്യുന്നത്. ആഫ്രിക്കയില്‍നിന്നു മെഡിറ്ററേനിയനിലേക്കു വീശുന്ന കാറ്റുകള്‍ സിസിലിയില്‍ സ്വാധീനത ചെലുത്തുന്നു.
സ്ഥിരവാതങ്ങളെ അടിസ്ഥാനമാക്കി ഇറ്റലിയെ നാലു കാലാവസ്ഥാവിഭാഗങ്ങളായി തിരിക്കാം: (1) ശൈത്യകാലത്ത് മെഡിറ്ററേനിയനില്‍നിന്നുള്ള ചക്രവാതങ്ങളും ഗ്രീഷ്‌മകാലത്ത് പ്രതിചക്രവാതങ്ങളും വീശുന്ന മേഖല; (2) ഗ്രീഷ്‌മത്തില്‍ ആല്‍പ്‌സ് പ്രദേശത്തുനിന്നുള്ള ചക്രവാതങ്ങളും ശൈത്യകാലത്ത് പ്രതിചക്രവാതങ്ങളും അനുഭവപ്പെടുന്ന മേഖല; (3) ഗ്രീഷ്‌മകാലത്തിനുശേഷവും ശൈത്യകാലത്തിനു മുമ്പുമുള്ള ഘട്ടത്തില്‍ അത്‌ലാന്തിക്കില്‍നിന്നുള്ള ചക്രവാതങ്ങള്‍ വീശുന്ന മേഖല; (4) ഇതേകാലത്ത് കിഴക്ക് സൈബീരിയയില്‍നിന്നുള്ള പ്രതിചക്രവാതങ്ങള്‍ വീശുന്ന മേഖല. അത്‌ലാന്തിക്കില്‍നിന്നുള്ള ചക്രവാതങ്ങളും സൈബീരിയന്‍ പ്രതിചക്രവാതങ്ങളും കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന കനത്ത മഴ വളരെയേറെ നാശനഷ്‌ടങ്ങള്‍ക്കു കാരണമാകാറുണ്ട്.
സസ്യജാലം
നൈസര്‍ഗിക സസ്യവിതരണത്തിന്റെ അടിസ്ഥാനത്തില്‍ ഇറ്റലിയെ ആല്‍പ്‌സ്, പോസമതലം, മെഡിറ്ററേനിയന്‍-ആപ്പിനൈന്‍ പ്രദേശം എന്നിങ്ങനെ മൂന്നു മേഖലകളായി തിരിക്കാവുന്നതാണ്. ഇവയില്‍ ആല്‍പ്‌സ്‌മേഖലയിലെ സസ്യപ്രകൃതി ഉയരത്തിനനുസരിച്ച് വ്യത്യാസപ്പെട്ടു കാണുന്നു. താഴ്‌വാരങ്ങളില്‍ ഓക്, ഒലിവ്, സൈപ്രസ്, ചെറി ലാറല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ക്കു പ്രാമുഖ്യമുള്ള നിത്യഹരിത വനങ്ങളാണുള്ളത്. ഉന്നതതടങ്ങളില്‍ ബീച്ച് മരങ്ങള്‍ സമൃദ്ധമായി വളരുന്നു. കൂടുതല്‍ ഉയരത്തിലേക്കു പോകുന്തോറും ലാര്‍ച്ച്, സ്‌പ്രൂസ് തുടങ്ങിയ പത്രപാതി വൃക്ഷങ്ങളുടെ ആധിക്യം കാണാം. വീണ്ടും ഉയരത്തിലേക്കു നീങ്ങുമ്പോള്‍ മുരടിച്ചു വളരുന്ന വൃക്ഷങ്ങളും, തുടര്‍ന്ന് കുറ്റിച്ചെടികളും ക്രമേണ പുല്‍മേടുകളും പ്രത്യക്ഷപ്പെടുന്നു. ഹിമരേഖയോടടുത്ത് പന്നല്‍ച്ചെടികളും വിവിധയിനം പായലുകളും മാത്രമാണുള്ളത്.
പോ സമതലത്തിലെ നൈസര്‍ഗിക പ്രകൃതി മിക്കവാറും നഷ്‌ടപ്രായമായിട്ടുണ്ട്. ജലസമൃദ്ധമായ ഭാഗങ്ങളില്‍ പോപ്ലാര്‍ മരങ്ങള്‍ ധാരാളമായുണ്ട്. ഉയര്‍ന്ന തിട്ടുകളില്‍ പൊതുവേ പുല്‍ക്കാടുകളും പൈന്‍മരങ്ങളുമാണുള്ളത്. ചതുപ്പുനിലങ്ങളിലും പുല്‍വര്‍ഗങ്ങള്‍ക്കാണ് പ്രാമുഖ്യം.
മെഡിറ്ററേനിയന്‍-ആപ്പിനൈന്‍ മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ കോര്‍ക്ക്, ഓക്, പൈന്‍ തുടങ്ങിയ വൃക്ഷങ്ങള്‍ തഴച്ചുവളരുന്നു. തെക്കന്‍ ഇറ്റലിയിലെ ഉന്നതതടങ്ങളില്‍ ഓക്, ചെസ്റ്റ്‌നട്ട്, ആഷ്, പോപ്ലാര്‍ തുടങ്ങിയ മരങ്ങള്‍ സമൃദ്ധമായുള്ള വിസ്‌തൃതവനങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. കലാബ്രിയ പ്രദേശത്ത് ബീച്ച് വൃക്ഷങ്ങള്‍ക്കാണ് പ്രാമുഖ്യം. ആപ്പിനൈനിലെ ഉന്നതതടങ്ങള്‍ പുല്‍മേടുകളാണ്. മെഡിറ്ററേനിയന്‍ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ആല്‍പൈന്‍സാനുക്കളില്‍ അമിതമായ വൃക്ഷനശീകരണത്തെത്തുടര്‍ന്ന് സ്‌റ്റെപ്പ് മാതൃകയിലുള്ള പുല്‍പ്രദേശങ്ങള്‍ രൂപംകൊണ്ടു കാണുന്നു; സാര്‍ഡീനിയ ദ്വീപിലെ സ്ഥിതിയും ഏതാണ്ട് ഇപ്രകാരം തന്നെയാണ്. സിസിലിയില്‍ ശുദ്ധജലസസ്യം എന്ന നിലയില്‍ പാപ്പിറസ് സമൃദ്ധമായി വളരുന്നു.
ജന്തുജാലം
ജനപ്പെരുപ്പത്തെത്തുടര്‍ന്ന് ഇറ്റലിയിലെ മിക്ക ജന്തുക്കള്‍ക്കും വംശനാശം നേരിട്ടിരിക്കുന്നു. ആല്‍പ്‌സ് മേഖലയില്‍ മാര്‍മത്, എര്‍മിന്‍, പാര്‍ട്രിജ്, പ്രത്യേകയിനം മുയലുകള്‍ എന്നിവയും ഐബെക്‌സും ഷാമീ, റോ തുടങ്ങിയ ഹരിണവര്‍ഗങ്ങളും ധാരാളമുണ്ട്. സ്വര്‍ണനിറമുള്ള ഒരിനം കഴുകനും കാട്ടുകോഴികളുമാണ് പ്രധാനപ്പെട്ട പക്ഷികള്‍. പല്ലിവര്‍ഗത്തില്‍പ്പെട്ട ചില സവിശേഷ ജന്തുക്കളും അണലിപ്പാമ്പുകളും സാധാരണമായുണ്ട്. മേല്‌പറഞ്ഞവ ആല്‍പ്‌സ് മേഖലയിലെന്നപോലെ മറ്റ് ഉന്നതപ്രദേശങ്ങളിലും സുലഭമാണ്; എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ സാധാരണമായുള്ള ചെന്നായ്, കുറുനരി തുടങ്ങിയ ജന്തുക്കള്‍ ആല്‍പ്‌സ്‌പ്രദേശത്ത് കാണപ്പെടുന്നില്ല. ആബ്‌റൂട്ട്‌സിലെ വനങ്ങളില്‍ തവിട്ടുനിറത്തിലുള്ള ഒരിനം കരടി വംശനാശഭീഷണി നേരിടുന്നു. സാര്‍ഡീനിയയിലെ കാടുകളില്‍ കാട്ടുപന്നി, കാട്ടാട്, മാന്‍ എന്നിവയും ധാരാളമുണ്ട്. ഇറ്റലിയിലെ നദികളിലും, തടാകങ്ങളിലും തീരസമുദ്രങ്ങളിലും സമൃദ്ധമായ ഒരു മത്സ്യശേഖരവും ഉണ്ട്.
ധാതുവിഭവങ്ങള്‍
ധാതുസമ്പത്തിന്റെ കാര്യത്തില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇറ്റലി പിന്നാക്കാവസ്ഥയിലാണ്. നേരത്തേ അവസ്ഥിതങ്ങളായിരുന്ന ധാതുനിക്ഷേപങ്ങള്‍ നിരന്തരമായ ഉപഭോഗം നിമിത്തം ലുപ്‌തമായിത്തീര്‍ന്നിരിക്കുന്നു. സിസിലിയിലെ ഗന്ധക-കല്‍ക്കരിനിക്ഷേപങ്ങള്‍ ഇതിനുദാഹരണമാണ്; ഇവിടത്തെ മിക്ക ഖനികളും രണ്ടാം ലോകയുദ്ധത്തിനുശേഷം പ്രവര്‍ത്തനരഹിതമായി. ഇപ്പോള്‍ സമ്പന്നനിക്ഷേപങ്ങള്‍ ശേഷിച്ചിട്ടുള്ള ധാതുക്കള്‍ മെര്‍ക്കുറി (രസം), ഗന്ധകം, കല്ലുപ്പ്, മാര്‍ബിള്‍ എന്നിവ മാത്രമാണ്. ഇരുമ്പ്, കല്‍ക്കരി, പെട്രാേളിയം, നാകം, കറുത്തീയം, ബോക്‌സൈറ്റ്, പൈറൈറ്റ് തുടങ്ങിയവയും നന്നേ കുറഞ്ഞതോതില്‍ ഖനനം ചെയ്‌തുവരുന്നു. സമുദ്രതടങ്ങളില്‍ എണ്ണനിക്ഷേപങ്ങള്‍ കണ്ടെത്തുവാനുള്ള തീവ്രശ്രമങ്ങള്‍ തുടരുന്നുണ്ട്. ലോകത്ത് മൊത്തം ഉത്‌പാദിപ്പിക്കുന്ന മെര്‍ക്കുറിയുടെ 15 ശതമാനം ഇറ്റലിയില്‍നിന്നാണു ലഭ്യമാകുന്നത്. ഇരുമ്പ്, പെട്രാേളിയം തുടങ്ങിയവ ദേശീയോപഭോഗത്തിനുപോലും മതിയാവുന്നില്ല.
ജനങ്ങള്‍
ജനവിതരണം
98 ശതമാനം വരുന്ന ഇറ്റാലിയന്‍ഭാഷാജനവിഭാഗത്തെക്കൂടാതെ, ഫ്രഞ്ച്, ജര്‍മന്‍, അല്‍ബേനിയന്‍, സ്ലോവീനിയന്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളും ഇവിടെയുണ്ട്. മൊത്തം വിസ്‌തീര്‍ണത്തിന്റെ 35.2 ശതമാനം ഭാഗവും സങ്കീര്‍ണങ്ങളായ പര്‍വതങ്ങളും മേടുകളും നിറഞ്ഞതായിരുന്നിട്ടും ഇറ്റലിയിലെ ശരാശരി ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന് 200 ആണ്.
ഇറ്റലിയിലെ ജനങ്ങളില്‍ 78 ശതമാനവും നഗരങ്ങളില്‍ വസിക്കുന്നു. ഗ്രാമങ്ങളില്‍ ഒട്ടുമുക്കാലും നിബിഡ-അധിവാസങ്ങളാണുള്ളത്.
ഭാഷകള്‍
ഭാഷാപരമായ ഐക്യം ആധുനിക ഇറ്റലിയുടെ സവിശേഷതയാണ്. രാജ്യത്തിന്റെ വടക്കരികിലെ ഒരു ന്യൂനപക്ഷം മാത്രമാണ് ദേശീയഭാഷയായ ഇറ്റാലിയന്‍ രണ്ടാം ഭാഷയായി സ്വീകരിച്ചിട്ടുള്ളത്. ഭാഷാന്യൂനപക്ഷങ്ങളില്‍ പ്രധാനപ്പെട്ടത് ബോള്‍സാനോ പ്രവിശ്യയിലെ ജര്‍മന്‍ സംസാരിക്കുന്ന ജനവിഭാഗം ആണ്; ഫ്രഞ്ച്, സ്ലോവീന്‍, അല്‍ബേനീയന്‍, ഗ്രീക്ക് തുടങ്ങിയ ഭാഷ സംസാരിക്കുന്നവരുമുണ്ട്. ഇവരില്‍ത്തന്നെയുള്ള യുവജനങ്ങള്‍ ഏറിയകൂറും ഇറ്റാലിയന്‍ സംസാരിക്കുന്നവരാണുതാനും.
മതം
ജനങ്ങളില്‍ ഭൂരിഭാഗവും റോമന്‍കത്തോലിക്കരാണ്. ജൂതര്‍, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, എവാന്‍ജലിക്കല്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന ക്രിസ്‌ത്യാനികള്‍, മുസ്‌ലിങ്ങള്‍ എന്നിവരാണ് മതന്യൂനപക്ഷങ്ങള്‍.
ചരിത്രം
കന്നിന്റെ നാട് (Calf Land) എന്ന് അര്‍ഥം വരുന്ന വിറ്റേലിയ (Vitelia) എന്ന ഇറ്റാലിയന്‍ പദത്തിന്റെ ഗ്രീക്കുരൂപമാണ് "ഇറ്റാലിയ' അഥവാ ഇറ്റലി. 2500-ലേറെ വര്‍ഷത്തെ അവിച്ഛിന്നമായ ചരിത്രത്തോടുകൂടിയ ഇറ്റലി, ഗ്രീസ് കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും പ്രാചീനമായ രാജ്യമാണ്. പക്ഷേ ആധുനിക രാഷ്‌ട്രമെന്ന നിലയ്‌ക്ക് ഇറ്റലിക്ക് 1861 മുതല്‌ക്കുള്ള ചരിത്രമേയുള്ളൂ. റോമന്‍ സാമ്രാജ്യത്തിന്റെ പതനം (എ.ഡി. 476) മുതല്‍ ആധുനികകാലം വരെ രാഷ്‌ട്രീയമായ ഐക്യമോ സ്വാതന്ത്ര്യമോ ഇറ്റലിക്കുണ്ടായിരുന്നില്ല; ഇറ്റലിയുടെ ആദ്യകാല ചരിത്രം റോമിന്റെ ചരിത്രമാണ്. എ.ഡി. 476-നു ശേഷമാണ് ഇറ്റലിയുടെ തനതായ ചരിത്രം ആരംഭിക്കുന്നത്.
ബി.സി. 753-ല്‍ സ്ഥാപിതമായ റോം രണ്ടര ശതാബ്‌ദങ്ങളോളം അയല്‍പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്. ബി.സി. 510-ല്‍ രാജവാഴ്‌ച അവസാനിച്ചതോടെ റോം ഒരു റിപ്പബ്ലിക്കായിത്തീര്‍ന്നു. ഒരു നഗരരാഷ്‌ട്രത്തിനുവേണ്ടി ഉണ്ടാക്കിയ റിപ്പബ്ലിക്കന്‍ ഭരണവ്യവസ്ഥ, മൗലികമായ മാറ്റങ്ങളൊന്നും വരുത്താതെതന്നെ ആദ്യം ആയിരക്കണക്കിന് ച.കി.മീ. വിസ്‌താരമുള്ള ഇറ്റലിയുടെയും പിന്നീട് ഒരു വലിയ സാമ്രാജ്യത്തിന്റെയും മേല്‍ക്കോയ്‌മ നടത്തുവാന്‍ ഉപകരിച്ചു. നോ. റോമാചരിത്രം
കത്തോലിക്കാമതം
എ.ഡി. 4-ാം ശതകത്തില്‍ റോമാക്കാരുടെ പ്രാഭവം പ്രധാനമായും ക്രിസ്‌തുമതത്തിലാണ് ദൃശ്യമായത്. കോണ്‍സ്റ്റന്റീനാണ് (324-37) ക്രിസ്‌തുമതം സ്വീകരിച്ച ആദ്യത്തെ റോമന്‍ ചക്രവര്‍ത്തി. ഇദ്ദേഹം സാമ്രാജ്യത്തിന്റെ തലസ്ഥാനം റോമില്‍ നിന്നും ഹെമിസ്‌പോണ്ടിന്റെ തീരത്തുള്ള ബൈസാന്തിയത്തിലേക്കു മാറ്റി സ്ഥാപിച്ചു. ചക്രവര്‍ത്തി തിയോഡോഷ്യസിന്റെ കാലത്താണ് ക്രിസ്‌തുമതം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത്. പൗരോഹിത്യം രാജ്യഭരണകാര്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയത് തിയോഡോഷ്യസിന്റെ കാലത്താണ്. തിയോഡോഷ്യസ് മരിക്കുന്നതിനുമുമ്പ് സാമ്രാജ്യം രണ്ടായി പുത്രന്മാര്‍ക്കു വിഭജിച്ചു നല്‍കി. അങ്ങനെ റോമാസാമ്രാജ്യം പശ്ചിമം, പൗരസ്‌ത്യം (ബൈസാന്തിയം) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടങ്കിലും ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്‌മയെ പാശ്ചാത്യ റോമന്‍ ചക്രവര്‍ത്തിയും പോപ്പും അംഗീകരിച്ചിരുന്നു. സാമ്രാജ്യത്തിന്റെ രാഷ്‌ട്രീയസിരാകേന്ദ്രമെന്ന പ്രാധാന്യം റോമിന് നഷ്‌ടമായെങ്കിലും സെന്റ് പീറ്ററുടെ പിന്‍ഗാമിയെന്ന നിലയ്‌ക്ക് റോമിലെ ബിഷപ്പായ പോപ്പ് ക്രൈസ്‌തവലോകത്തിന്റെ പരമമായ നേതൃത്വം അവകാശപ്പെട്ടത് രാഷ്‌ട്രീയ പ്രാമാണ്യം നഷ്‌ടപ്പെട്ടിരുന്ന റോമിന് മതപരമായ പ്രാമുഖ്യം നേടിക്കൊടുത്തു. അഞ്ചാം ശതകത്തില്‍ ഇറ്റലിക്ക് നിരവധി ബാര്‍ബേറിയന്‍ വര്‍ഗക്കാരുടെ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. ഹൂണരാജാവായ ആറ്റില 452-ല്‍ ഉത്തര ഇറ്റലി ആക്രമിച്ച് വമ്പിച്ച നാശനഷ്‌ടങ്ങള്‍ വരുത്തി. മറ്റൊരു പ്രാകൃത ജനവര്‍ഗമായ വാന്‍ഡലുകള്‍ 455-ല്‍ റോം ആക്രമിച്ചു നശിപ്പിച്ചു. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ അന്ത്യദശകങ്ങളില്‍ ചില ദുര്‍ബലരായ ചക്രവര്‍ത്തിമാരുടെ ഭരണമാണ് ഇറ്റലിയിലുണ്ടായിരുന്നത്. യഥാര്‍ഥ ഭരണം കൈയടക്കി വച്ചിരുന്നത് ബാര്‍ബേറിയന്‍ സേനാ നായകന്മാരായിരുന്നു. അവരിലൊരാളായ ഒഡോവാകര്‍ 476-ല്‍ അവസാന പാശ്ചാത്യ റോമാചക്രവര്‍ത്തിയായ റോമുലസ് അഗസ്‌തുലസിനെ പരാജയപ്പെടുത്തിയതോടെ ഇറ്റലിയിലെ റോമാസാമ്രാജ്യത്തിന് വിരാമമായി.
മധ്യകാലം
ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടെ മേല്‍ക്കോയ്‌മയ്‌ക്കു വിധേയനായി അദ്ദേഹത്തിന്റെ വൈസ്രാേയിയായി ഇറ്റലി ഭരിച്ച ഒഡോവാകറുടെ (434-493) ഭരണകാലം ഇറ്റലിയുടെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടമാണ്. "ഡാല്‍മേഷ്യ' ഇവര്‍ക്കിടയില്‍ ഒരു തര്‍ക്ക പ്രദേശമായതോടെ ഒഡോവാക്കറിനെ പുറത്താക്കാന്‍ ചക്രവര്‍ത്തി ഓസ്‌ട്രാേഗോത്തുകളുടെ (മറ്റൊരു ബാര്‍ബേറിയന്‍ ജനവര്‍ഗം) രാജാവായ തിയോഡറിക്കിനെ ചുമതലപ്പെടുത്തി. തിയോഡറിക് ഒഡോവാക്കറെ വധിച്ച് ഇറ്റലിയിലെ രാജാവാകുന്നത് 493-ലാണ്. തിയോഡറിക്കിന്റെ മരണശേഷം ഇറ്റലി തിരിച്ചുപിടിക്കുന്നതില്‍ ബൈസാന്തിയന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ വിജയിച്ചെങ്കിലും മറ്റൊരു ജര്‍മാനിക് വര്‍ഗമായ ലൊംബാര്‍ഡുകള്‍ ഉയര്‍ത്തിയ ഭീഷണിയെ അതിജീവിക്കാന്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കു കഴിഞ്ഞില്ല. 560-ഓടെ പോ നദിക്കു വടക്കുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ലൊംബാര്‍ഡുകളുടെ അധീനതയിലായി. സിസിലി, സാര്‍ഡീനിയ, റാവന്ന എന്നിവയും ഏതാനും തീരദേശപട്ടണങ്ങളും മാത്രമാണ് ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടേതായി അവശേഷിച്ചത്. സൈനിക/സിവിലിയന്‍ അധികാരങ്ങളുള്ള ഗവര്‍ണറാണ് ബൈസാന്തിയന്‍ ചക്രവര്‍ത്തിയുടെ പ്രതിനിധിയായി ഈ മേഖലയില്‍ ഭരണംനടത്തിയത്.
മാര്‍പ്പാപ്പയുടെ ആവിര്‍ഭാവം
എട്ടാം ശതകത്തിന്റെ മധ്യംവരെ ഇറ്റലിയുടെ ആധിപത്യത്തിനുവേണ്ടി ലൊംബാര്‍ഡുകളും ബൈസാന്തിയന്‍ ചക്രവര്‍ത്തിയും തമ്മില്‍ മത്സരിച്ചുകൊണ്ടിരുന്നു. അക്കാലത്താണ് മാര്‍പ്പാപ്പ/പോപ്പ് ഒരു നിര്‍ണായക ശക്തിയായി മാറുന്നത്. വിദൂര ബൈസാന്തിയന്‍ ചക്രവര്‍ത്തിയെക്കാള്‍ ഇറ്റാലിയന്‍ ജനത തങ്ങളുടെ സംരക്ഷകനായി പോപ്പിനെ കണ്ടത് അദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിക്കുന്നതിന് ഇടയാക്കി. റാവന്നയും തീരദേശപട്ടണങ്ങളടക്കം ഇറ്റലിയുടെ ഭൂരിഭാഗവും പിടിച്ചെടുത്ത ലൊംബാര്‍ഡുകള്‍ റോം ആക്രമിക്കുവാന്‍ ഒരുമ്പട്ടതിനെത്തുടര്‍ന്ന് സ്റ്റീഫന്‍ മാര്‍പ്പാപ്പാ ഫ്രാങ്ക് രാജാവായ പെപ്പിന്റെ സഹായം തേടി; ലൊംബാര്‍ഡുകളില്‍ നിന്ന് പിടിച്ചെടുത്ത മധ്യ ഇറ്റലിയിലെ പ്രദേശങ്ങള്‍ അവയുടെ യഥാര്‍ഥ അവകാശിയായ ബൈസാന്തിയന്‍ ചക്രവര്‍ത്തിക്കു നല്‌കാതെ പകരം പോപ്പിനാണ് ഫ്രാങ്ക് രാജാവ് നല്‌കിയത്. ഈ ഭൂപ്രദേശമാണ് പില്‌ക്കാലത്ത് പാപ്പല്‍ സ്റ്റേറ്റുകള്‍ എന്നറിയപ്പെട്ടത്. ഇവിടം മുതല്‌ക്കാണ് മാര്‍പ്പാപ്പയുടെ മതേതരാധികാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 773-ല്‍ ലൊംബാര്‍ഡുകളില്‍ നിന്നുമുണ്ടായ മറ്റൊരു ഭീഷണിയെ ചെറുക്കുവാനായി പോപ്പ് ചാര്‍ലിമാന്റെ (പെപ്പിന്റെ പുത്രന്‍) സഹായം തേടി. ലൊംബാര്‍ഡുകളെ പരാജയപ്പെടുത്തിയതോടെ അവരുടെ രാജ്യത്തിന് അവകാശിയായ ചാര്‍ലിമാന്‍ ലൊംബാര്‍ഡുകളുടെ രാജാവ് എന്ന് സ്ഥാനപ്പേര് സ്വീകരിച്ചു. അങ്ങനെ വടക്കന്‍ ഇറ്റലി ചാര്‍ലിമാന്റെ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി.
പോപ്പിനെ സ്ഥാനഭ്രഷ്‌ടനാക്കാന്‍ ശ്രമിച്ച റോമന്‍ പ്രഭുക്കളില്‍നിന്നും രക്ഷിച്ചതിന് പ്രത്യുപകാരമായി ചാര്‍ലിമാനെ റോമാക്കാരുടെ ചക്രവര്‍ത്തിയായി പോപ്പ് വാഴിച്ചത് (800) പാശ്ചാത്യറോമാ സാമ്രാജ്യം എന്ന ആശയത്തിന്റെ പുനരുദ്ധരാണത്തിന് വഴിയൊരുക്കി (അങ്ങനെ ഇറ്റലി ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധികാരസീമയില്‍നിന്ന് വിമുക്തമായി). ഈ സ്ഥാനലബ്‌ധി കൊണ്ട് ചാര്‍ലിമാന് പുതിയ അധികാരങ്ങള്‍ ലഭിച്ചില്ലെങ്കിലും ഇറ്റാലിയന്‍ പ്രദേശങ്ങള്‍ക്കുമേലുള്ള ആധിപത്യം കൂടുതല്‍ ദൃഢമാകുന്നതിന് ഇത് കാരണമായി. ചാര്‍ലിമാന്റെ മരണശേഷം ഏതാണ്ട് 150 വര്‍ഷത്തോളം ഇറ്റലിയെ സംബന്ധിച്ച് വിദേശാക്രമണങ്ങളുടെയും ആഭ്യന്തരയുദ്ധങ്ങളുടെയും കാലഘട്ടമായിരുന്നു. ഈ സാഹചര്യത്തിലാണ് ജര്‍മന്‍ രാജാവായ ഓട്ടോ I, പോപ്പിന്റെ അഭ്യര്‍ഥന പ്രകാരം, അദ്ദേഹത്തെ സംരക്ഷിക്കുന്നതിനായി സൈന്യസമേതം ഇറ്റലിയില്‍ എത്തുന്നത്. ആക്രമണകാരികളെ അടിച്ചമര്‍ത്തിയ ഓട്ടോയെ പോപ്പ് ജോണ്‍ II റോമാചക്രവര്‍ത്തിയായി കിരീടധാരണം ചെയ്‌തു. ജര്‍മന്‍ രാജാക്കന്മാരെ സംബന്ധിച്ച് പോപ്പിനെ നിയന്ത്രിക്കാനും, ഇറ്റലിയില്‍ ആധിപത്യം സ്ഥാപിക്കാനുമുള്ള സുവര്‍ണ അവസരം ഇതിലൂടെ സംജാതമായി. റോമാചക്രവര്‍ത്തി എന്ന സ്ഥാനപ്പേര് ചാര്‍ലിമാനുശേഷം ആദ്യമായി ഉപയോഗിച്ചത് ഓട്ടോ I-നാണ്. വടക്കന്‍ ഇറ്റലിയും ജര്‍മനിയും ഉള്‍പ്പെട്ട ഭൂപ്രദേശം വിശുദ്ധ റോമാസാമ്രാജ്യം എന്നറിയപ്പെട്ടു. ജര്‍മനിയേയും ഇറ്റലിയേയും തമ്മിലിണക്കിയ ഈ രാഷ്‌ട്രീയ വ്യവഹാരത്തിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഗുണത്തെക്കാളോറെ ദോഷമാണുണ്ടായത്.
ഓട്ടോ I-ന്റെയോ പുത്രന്റെയോ സമ്മതമില്ലാതെ പോപ്പിനെ തെരഞ്ഞെടുക്കാനോ പ്രതിഷ്‌ഠാപനം ചെയ്യാനോ റോമാക്കാര്‍ക്ക് അധികാരമില്ല എന്ന സത്യവാങ്‌മൂലം അവരില്‍നിന്നും ഓട്ടോ I നേടുന്നത് സെന്റ് പീറ്റേഴ്‌സില്‍ കൂടിയ ഒരു സമ്മേളനത്തില്‍ വച്ചാണ്. പോപ്പും വിശുദ്ധ റോമാചക്രവര്‍ത്തിയും തമ്മിലുള്ള സംഘര്‍ഷം തുടങ്ങുന്നത് ഇവിടം മുതല്‌ക്കാണ്. ഇറ്റലിയെ വിശുദ്ധ റോമാചക്രവര്‍ത്തിമാര്‍ ഒരു ജര്‍മന്‍ നിയന്ത്രണമേഖലയായി (fief) കണ്ടതിനുപുറമേ അവരുടെ മതപരമായ ഇടപെടലുകളായിരുന്നു സംഘര്‍ഷത്തിനു കാരണമായത്. ഇതിനാല്‍ ഇറ്റലിയില്‍ ആധിപത്യം വിപുലപ്പെടുത്താന്‍ ചക്രവര്‍ത്തി നടത്തിയ ശ്രമങ്ങളെ പോപ്പ് എതിര്‍ത്തിരുന്നു. ജര്‍മന്‍ ചക്രവര്‍ത്തിമാരും മാര്‍പ്പാപ്പയും തമ്മില്‍ നടന്ന അധികാര മത്സരം 14-ാം ശ. വരെ നീണ്ടുനിന്നു. ഈ വടംവലിയില്‍ മാര്‍പ്പാപ്പയാണ് വിജയിയായത്. ചക്രവര്‍ത്തിയുടെ അധികാരശക്തി ഒട്ടുംതന്നെ ഇറ്റലിയിലില്ലാതെയായി. 14-ാം ശതകത്തിനുശേഷം വിശുദ്ധ റോമാചക്രവര്‍ത്തിമാര്‍ പ്രധാനമായും ജര്‍മനിയിലെ ആഭ്യന്തരകാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയത്. രാഷ്‌ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുവാന്‍ തുടങ്ങിയ മാര്‍പ്പാപ്പമാരുടെ ധാര്‍മികനിലവാരം ക്രമേണ ഇടിയുവാനിടയായത് 16-ാം ശതകത്തിലെ മതനവീകരണ പ്രസ്ഥാനത്തിനു വഴിതെളിച്ചു.
കമ്യൂണുകള്‍
മധ്യയൂറോപ്പിനെയും പൗരസ്‌ത്യ രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മികച്ച വ്യാപാരമേഖലയായി വടക്കന്‍ ഇറ്റലി വളര്‍ന്നതോടെ (11, 12 ശ.) ഇറ്റലിയില്‍ കെട്ടിപ്പടുത്തിരുന്ന ഫ്യൂഡലിസം തകര്‍ന്നുതുടങ്ങി. ജന്മി-പൗരോഹിത്യ വര്‍ഗത്തിന്റെ സ്വാധീനവും ഇതോടെ ഇടിഞ്ഞു. വെനീസ്, ഫ്‌ളോറന്‍സ്, ലൂക്ക, പീസാ, ജെനോവ എന്നീ നഗരങ്ങളായിരുന്നു വടക്കന്‍ ഇറ്റലിയിലെ പ്രധാന വാണിജ്യവ്യവസായ കേന്ദ്രങ്ങള്‍. സ്വന്തമായി ഭൂമിയുണ്ടായിരുന്ന ഈ പട്ടണങ്ങള്‍ സ്വതന്ത്ര നഗരരാഷ്‌ട്രങ്ങളായി (കമ്യൂണുകള്‍) രൂപാന്തരപ്പെട്ടു. സമ്പന്നവണിക്കുകളും ഭൂവുടമകളുമായിരുന്നു ഈ നഗരരാഷ്‌ട്രങ്ങളുടെ ഭരണം നിര്‍വഹിച്ചത്. മാര്‍പ്പാപ്പയും ചക്രവര്‍ത്തിയും തമ്മിലുള്ള അധികാരമത്സരങ്ങളില്‍ കമ്യൂണുകള്‍ പലപ്പോഴും പക്ഷം ചേര്‍ന്നിരുന്നു. ഒന്നുകില്‍ ചക്രവര്‍ത്തിയുടെയോ അല്ലെങ്കില്‍ പോപ്പിന്റെയോ മേല്‍ക്കോയ്‌മ കമ്യൂണുകള്‍ അംഗീകരിച്ചിരുന്നു. മാര്‍പ്പാപ്പയും ചക്രവര്‍ത്തിയും തമ്മിലുള്ള ഉരസലിനിടയില്‍ മാര്‍പ്പാപ്പാകക്ഷി, രാജകീയകക്ഷി എന്നിങ്ങനെ രണ്ടു പാര്‍ട്ടികള്‍ രാജ്യത്തുണ്ടായി. ഈ കക്ഷികള്‍ ഗ്വല്‍ഫ് (guelphs പോപ്പിനെ അനുകൂലിക്കുന്നവര്‍); ഗിബലിന്‍ (ghibellines ചക്രവര്‍ത്തിയെ അനുകൂലിക്കുന്നവര്‍) എന്നീ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. ഗ്വല്‍ഫ് പ്രഭുക്കന്മാര്‍ രൂപീകരിച്ച സഖ്യം ലൊംബാര്‍ഡ് ലീഗ് എന്നാണ് അറിയപ്പെട്ടത്. കമ്യൂണുകളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള വിശുദ്ധ റോമാചക്രവര്‍ത്തി ഫ്രെഡറിക് ബാര്‍ബറോസയുടെ ശ്രമമായിരുന്നു കമ്യൂണുകളെ താത്‌കാലികമായി ഒന്നിപ്പിച്ചത്. ഭിന്നതകള്‍ മറന്നുകൊണ്ട് പോരാടിയ ഇവര്‍ക്ക് ബാര്‍ബറോസയെ പരാജയപ്പെടുത്താനും തങ്ങളുടെ രാഷ്‌ട്രീയാവകാശങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞു.
സീനിയോറികളുടെ ആവിര്‍ഭാവം
ഇതിനിടെ മിക്ക കമ്യൂണുകളിലെയും ഭരണം സീനിയോറി എന്ന പേരില്‍ അറിയപ്പെട്ട സ്വേച്ഛാധിപതികളുടെ കൈവശംവന്നു. ഇവര്‍ക്ക് പിന്തുടര്‍ച്ചാവകാശം കൂടി ലഭിച്ചപ്പോള്‍ രാജവാഴ്‌ചയുമായി യാതൊരു വ്യത്യാസവുമില്ലാതായി. ഉദാഹരണത്തിന് മിലാനില്‍ വിസ്‌കോണ്ടി കുടുംബവും വെറോണയില്‍ സ്‌കാലിഗേറി കുടുംബവുമാണ് അധികാരത്തിലിരുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ ഭരണത്തിന് മാതൃകയായിരുന്നു വെനീസ്, ഫ്‌ളോറന്‍സ് തുടങ്ങിയ കമ്യൂണുകള്‍. ഈ നഗരങ്ങളിലെ അന്തരീക്ഷം നവോത്ഥാനത്തിന് അനുകൂലമായ പശ്ചാത്തലമൊരുക്കി. യൂറോപ്പിന്റെ കലാ-സാംസ്‌കാരിക ധൈഷണിക ശാസ്‌ത്രമണ്ഡലങ്ങളെ അഗാധമായി നവീകരിച്ച പ്രതിഭാസമായിരുന്നു നവോത്ഥാനം. ഇറ്റലിയില്‍ ആരംഭിച്ച നവോത്ഥാനം പഴയ മതാധികാരത്തെയും പ്രപഞ്ചവീക്ഷണത്തെയും ചോദ്യം ചെയ്യുകയും ആധുനിക മതേതരമാനവികതയ്‌ക്ക് അടിത്തറ പാകുകയും ചെയ്‌തു. നോ. നവോത്ഥാനം
നവോത്ഥാനം
ലിയാനാര്‍ഡൊ ഡാവിഞ്ചി (1452-1519), റാഫേല്‍ (1483-1520), മൈക്കല്‍ ആഞ്‌ജലോ (1475-1564) തുടങ്ങിയ വിശ്വകലാകാരന്മാര്‍ ഇറ്റലിയിലെ നവോത്ഥാനത്തിനു പൊതുവായും കലകളുടെ അഭിവൃദ്ധിക്ക് പ്രത്യേകമായും നല്‌കിയിട്ടുള്ള സംഭാവനകള്‍ നിസ്‌തുലങ്ങളാണ്. ആധുനിക ശാസ്‌ത്രബോധത്തിന്റെ അങ്കുരങ്ങളുണ്ടായതും രാഷ്‌ട്രീയ ചരിത്രരചന ആരംഭിച്ചതും ഇക്കാലത്താണ്. ഇറ്റാലിയന്‍ രാജ്യതന്ത്രജ്ഞനും രാഷ്‌ട്രമീമാംസാചിന്തകനും ആയ മാക്കിയവെല്ലി (1469-1527) ഈ കാലഘട്ടത്തിന്റെ സന്തതിയാണ്.
14-ാം ശതകത്തില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ ഏകീകൃത ദേശരാഷ്‌ട്രങ്ങളായി രൂപാന്തരപ്പെട്ടപ്പോള്‍ ഇറ്റലി വെവ്വേറെ മേല്‍ക്കോയ്‌മകളുടെ കീഴില്‍ അസംഘടിതമായി നിലകൊണ്ടു; ആ രാജ്യങ്ങളിലെന്നപോലെ ഒരു കേന്ദ്രീകൃത അധികാരം ഇറ്റലിയില്‍ രൂപംകൊണ്ടില്ല എന്നത് ശ്രദ്ധേയമാണ്.
മിലാന്‍, ഫ്‌ളോറന്‍സ്, വെനീസ് എന്നീ നഗരങ്ങള്‍, കിങ്‌ഡം ഒഫ് നേപ്പിള്‍സ്, പാപ്പല്‍ സ്റ്റേറ്റുകള്‍ എന്നിവയായിരുന്നു 15-ാം ശതകത്തിലെ ഇറ്റലിയിലെ പ്രധാന ശക്തികള്‍. ഇവ തമ്മിലുള്ള കിടമത്സരം ഇറ്റലിയെ ദുര്‍ബലമാക്കുകയും ഒടുവില്‍ വിദേശ ശക്തികളുടെ അധിനിവേശത്തിന് പശ്ചാത്തലമൊരുക്കുകയും ചെയ്‌തു. ഇറ്റലിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഫ്രാന്‍സും സ്‌പെയിനും നടത്തിയ അധികാരമത്സരങ്ങളുടെ കാലഘട്ടമായിട്ടാണ് 15-ാം ശ. ഇറ്റാലിയന്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത്. നേപ്പിള്‍സ് പിടിച്ചെടുക്കാനുള്ള ഫ്രഞ്ച് രാജാവായ ചാള്‍സ് VIII-ാമന്റെ ശ്രമത്തെ സ്‌പെയിന്‍ എതിര്‍ത്തതോടെയാണ് ഇറ്റലി യുദ്ധഭൂമിയായി മാറുന്നത്. ഇറ്റലിയിലെ സിസിലിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന സ്‌പെയിന്‍ ഫ്രാന്‍സിന്റെ ഇടപെടലുകളെ അസഹിഷ്‌ണുതയോടെ കണ്ടത് യുദ്ധത്തിന് കളമൊരുക്കി. 1494-ലെ ഫ്രഞ്ചാക്രമണം മുതല്‍ 1559-ല്‍ ഉപദ്വീപില്‍ സ്‌പെയിനിന്റെ മേധാവിത്വം സ്ഥാപിതമാകുന്നതുവരെയുള്ള കാലം ഇറ്റലിയുടെ ചരിത്രത്തിലെ നിര്‍ണായകഘട്ടമാണ്.
ഫ്രാന്‍സിസ് I-ാമനെ സ്‌പാനിഷ് രാജാവ് ചാള്‍സ് V-ാമന്‍ പരാജയപ്പെടുത്തിയതോടെയാണ് 1494-ല്‍ തുടങ്ങിയ പോരാട്ടം ഭാഗികമായി അവസാനിക്കുന്നത്. യുദ്ധം അവസാനിപ്പിച്ച കാംബ്രകരാര്‍ പ്രകാരം (1529) ഇറ്റലിക്കുമേലുള്ള സ്‌പെയിനിന്റെ ആധിപത്യം ഫ്രാന്‍സ് അംഗീകരിക്കുകയുണ്ടായി. ഫ്രാന്‍സിസ് I-നെ പരാജയപ്പെടുത്തിയ ചാള്‍സ് V-ാമന്‍ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു (ഹാബ്‌സ് ബര്‍ഗ് വംശജനായ മാക്‌സ്‌മില്യന്റെ പൗത്രന്‍). ചാള്‍സിനെ വിശുദ്ധ റോമാ ചക്രവര്‍ത്തിയായി കിരീടധാരണം നടത്തിയത് പോപ്പ് ക്ലെമന്റാണ്. നീണ്ട കാലയളവിനുശേഷം പോപ്പും വിശുദ്ധ റോമാ സാമ്രാജ്യവും തമ്മിലുള്ള ബന്ധം ഊഷ്‌മളമായ തലത്തിലേക്ക് ഉയരുന്നത് ചാള്‍സ് V-ന്റെ കാലത്താണ്. ഇറ്റലിയില്‍ രാഷ്‌ട്രീയ ആധിപത്യം സ്ഥാപിക്കാനുള്ള മത്സരത്തിനു വിരാമമിട്ട പോപ്പ് പാപ്പന്‍ സ്റ്റേറ്റുകള്‍ കൊണ്ട് തൃപ്‌തിപ്പെട്ടത് ഇക്കാലത്തെ സുപ്രധാന സംഭവവികാസമാണ്. വിശുദ്ധ റോമാചക്രവര്‍ത്തി മുന്‍പത്തെ പോലെ നേരിട്ട് ഇറ്റലിയില്‍ ഇടപെട്ടില്ലെങ്കിലും ഇറ്റലിയുടെ മേലധികാരിയായി അംഗീകരിക്കപ്പെട്ടു. അതേസമയം വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും സ്വതന്ത്രമായി വികസിച്ച ചരിത്രമായിരുന്നു ഇറ്റലിയുടേത്. ചാള്‍സ് V-ാമന്റെ മരണത്തെത്തുടര്‍ന്ന് സ്‌പെയിന്‍, വടക്കന്‍ ഇറ്റലി എന്നിവ അദ്ദേഹത്തിന്റെ പുത്രനായ ഫിലിപ്പ് II-ാമന്റെ അധീനതയില്‍വന്നു. ആസ്‌ട്രിയ ഉള്‍പ്പെടെയുള്ള പ്രദേശം ലഭിച്ച ഫര്‍ഡിനാന്റ് (ചാള്‍സിന്റെ സഹോദരന്‍) വിശുദ്ധ റോമാചക്രവര്‍ത്തിയായി. ഇറ്റലി പിടിച്ചെടുക്കാന്‍ ഫ്രഞ്ച് രാജാവ് ഹെന്‌റി II നടത്തിയ ശ്രമം വിഫലമായ സാഹചര്യത്തില്‍ 1559-ലെ കാറ്റിയന്‍ കാംബ്രസിസ് കരാര്‍ പ്രകാരം ഇറ്റലിക്കുവേണ്ടിയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി. സ്‌പെയിനുമായി ഒപ്പുവച്ച ഈ കരാര്‍പ്രകാരം സ്‌പെയിന്‍ ഇറ്റലിയിലെ നിര്‍ണായക ശക്തിയായിത്തീര്‍ന്നു. നിയമരാഹിത്യവും അധികാരപ്രയോഗവും അതിന്റെ പാരമ്യത്തിലെത്തിയ സ്‌പാനിഷ് ഭരണകാലത്ത് ഇറ്റലി ഭൂമിശാസ്‌ത്രപരമായ ഒരു സംജ്ഞയായി മാറി. സ്‌പാനിഷ് വൈസ്രാേയികളായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. ഇറ്റാലിയന്‍ പട്ടണങ്ങള്‍ ജീര്‍ണതയിലേക്ക് നിപതിക്കുന്നത് ഇക്കാലത്താണ്.
നവോത്ഥാനത്തോടുകൂടിയുണ്ടായ സ്വതന്ത്രചിന്താപ്രവണതയുടെ ഫലമായി റോമന്‍ കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണങ്ങള്‍ക്കെതിരായി ഒരു നവീകരണപ്രസ്ഥാനം ഉടലെടുക്കുകയുണ്ടായി (16-ാം ശതകം). പ്രാെട്ടസ്റ്റന്റ് ക്രൈസ്‌തവ സഭകള്‍ക്ക് ജന്മം നല്‌കിയ ഈ പ്രസ്ഥാനം മതനവീകരണം (Reformation) എന്ന പേരില്‍ അറിയപ്പെട്ടു.
പ്രാെട്ടസ്റ്റന്റ് മതവിഭാഗത്തിന് ആദ്യകാലത്ത് ഇറ്റലിയില്‍ വലിയ സ്വാധീനം ലഭിച്ചെങ്കിലും വിവിധ ഭരണകൂടങ്ങളുടെ സഹകരണത്തോടെ അവരെ അടിച്ചമര്‍ത്തുന്നതിന് മാര്‍പ്പാപ്പയ്‌ക്കു കഴിഞ്ഞു. നവോത്ഥാന പ്രസ്ഥാനത്തിന്റെ അവസാനത്തോടെ ഇറ്റലിയുടെ സാംസ്‌കാരികൗന്നത്യം നഷ്‌ടമായി എന്നു മാത്രമല്ല പുരോഗമനപ്രസ്ഥാനങ്ങള്‍ ഇറ്റലിക്കു വെളിയില്‍ വളര്‍ച്ച പ്രാപിക്കാനും തുടങ്ങി. കൊളംബസിന്റെ അമേരിക്ക കണ്ടെത്തലും വാസ്‌കോ ദ ഗാമയുടെ സഞ്ചാരവുംമൂലം ലോകവാണിജ്യത്തിന്റെ കേന്ദ്രം മെഡിറ്ററേനിയനില്‍നിന്ന് അത്‌ലാന്തിക് സമുദ്രത്തിലേക്കു മാറിയതോടെ ഇറ്റലിയില്‍ 15-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലുണ്ടായിരുന്ന സാമ്പത്തികാഭിവൃദ്ധിക്ക് കോട്ടം തട്ടി.
18-ാം ശതകത്തിലെ ചലനങ്ങള്‍
സ്‌പാനിഷ് പിന്തുടര്‍ച്ചാവകാശ യുദ്ധ(1701-14)ത്തോടെ ഇറ്റലിയില്‍ സ്‌പെയിനിനുണ്ടായിരുന്ന ആധിപത്യം അവസാനിച്ചു. യുദ്ധം അവസാനിപ്പിച്ച യൂട്രക്‌റ്റ്‌സന്ധി(1713)വഴി സ്‌പെയിനിന് ഇറ്റലിയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ആസ്‌ട്രിയയുടെ അധീനതയിലായി. ആസ്‌ട്രിയന്‍ ഭരണാധികാരികള്‍ വിശുദ്ധ റോമാചക്രവര്‍ത്തിമാരുമായതിനാല്‍ ഇറ്റലി വീണ്ടും വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭാഗമായി. സാര്‍ഡീനിയയും പേപ്പല്‍ സ്റ്റേറ്റുകളും മാത്രമാണ് ആസ്‌ട്രിയയുടെ പരിധിയില്‍പ്പെടാതെ സ്വതന്ത്രമായി നിലനിന്നത്. ടസ്‌കനി, ലൊംബാര്‍ഡി, നേപ്പിള്‍സ് മുതലായവ വെവ്വേറെ മേല്‍ക്കോയ്‌മകളുടെ കീഴില്‍ ചെന്നുചേര്‍ന്നു. ചുരുക്കത്തില്‍ ഇറ്റലി പഴയതുപോലെ അസംഘടിതമായ രീതിയില്‍ വിദേശമേധാവിത്വത്തിനു വിധേയമായി കഴിഞ്ഞുകൂടി.
ഏകീകരണം
ഫ്രഞ്ച് വിപ്ലവത്തിന്റെ ദൂരവ്യാപകമായ ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് ഇറ്റലിയിലാണ്. വിപ്ലവത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കിയ ഇറ്റലിയിലെ പ്രാദേശിക ഭരണാധികാരികള്‍ ഫ്രാന്‍സിനെ എതിര്‍ത്ത യൂറോപ്യന്‍ രാജാക്കന്മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 1796-ല്‍ നെപ്പോളിയന്റെ കീഴിലുള്ള ഫ്രഞ്ച്‌സേന ആസ്‌ട്രിയക്കാരെ പുറത്താക്കിക്കൊണ്ട് ഇറ്റലി കീഴടക്കി. ഫ്രഞ്ച് സേനയുടെ സംരക്ഷണത്തില്‍, നിരവധി റിപ്പബ്ലിക്കുകള്‍ ഇറ്റലിയില്‍ സ്ഥാപിക്കപ്പെട്ടത് ഇക്കാലത്താണ്. 1799-ല്‍ ആസ്‌ട്രാേ-റഷ്യന്‍ സൈന്യം ഇറ്റലിയില്‍നിന്നും ഫ്രഞ്ചുകാരെ പുറത്താക്കിയെങ്കിലും 1802-ല്‍ ഇറ്റലിയില്‍ അധികാരം പുനഃസ്ഥാപിക്കുന്നതില്‍ വിജയിച്ച നെപ്പോളിയന്‍ 1805-ല്‍ ഇറ്റലിയുടെ രാജാവായി. ഇതോടെ അദ്ദേഹം ഇറ്റലിയില്‍ തുടങ്ങിവച്ച റിപ്പബ്ലിക്കന്‍ പാരമ്പര്യത്തിന് വിരാമമായി. ഫ്രഞ്ച് ഭരണം 20 വര്‍ഷം നീണ്ടുനിന്നു. നെപ്പോളിയന്റെ ഭരണം ഇറ്റലിയെ നവീകരിക്കുന്നതിലും പുതിയ ഒരു ഇറ്റാലിയന്‍ സ്വത്വം നിര്‍മിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുകയുണ്ടായി. ഒരു ഏകീകൃത ഭരണസംവിധാനം ആവിഷ്‌കരിച്ചതിലൂടെ ആധുനിക ഇറ്റലിക്ക് ഇദ്ദേഹം അടിത്തറപാകി. ഇറ്റലി എമ്പാടും ഒരേ നിയമവും നാണയവും പ്രാബല്യത്തില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണ്. സ്‌പാനിഷ്, ആസ്‌ട്രിയന്‍ അധിനിവേശത്തിന്‍ കീഴില്‍ വിവിധ പ്രാദേശികതകള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞ ഇറ്റലിക്കാരില്‍ ദേശീയബോധം ഉണര്‍ത്തിവിടാന്‍ നെപ്പോളിയനു കഴിഞ്ഞു. അതേസമയം കര്‍ക്കശമായ ഭരണവും അമിതനികുതിയും ഭരണത്തിന്റെ പോരായ്‌മയായിരുന്നു. നെപ്പോളിയന്റെ പതനത്തിനുശേഷം വിയന്നയില്‍ സമ്മേളിച്ച യൂറോപ്യന്‍ രാജ്യതന്ത്രജ്ഞര്‍ (ബ്രിട്ടന്‍, പ്രഷ്യ, റഷ്യ, ആസ്‌ട്രിയ) പഴയ രാജാക്കന്മാരെയും പഴയ വ്യവസ്ഥയെയും പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതു പ്രകാരം ഇറ്റലിയില്‍ ആസ്‌ട്രിയയുടെ ആധിപത്യം വീണ്ടും പ്രതിഷ്‌ഠിക്കപ്പെട്ടു; വിശുദ്ധ റോമാസാമ്രാജ്യത്തെ നെപ്പോളിയന്‍ പിരിച്ചുവിട്ടതോടെ, ഹാപസ്‌ബര്‍ഗ് ഭരണാധികാരി ആസ്‌ട്രിയന്‍ ചക്രവര്‍ത്തി എന്ന സ്വത്വത്തിലേക്ക് ചുരുങ്ങിയെങ്കിലും തെക്ക് കിഴക്കന്‍ യൂറോപ്പ് ആധാരമായി ഒരു വിപുല സാമ്രാജ്യം ആസ്‌ട്രിയ പടുത്തിരുന്നു. ഇറ്റലിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഈ സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. ഇറ്റലിയില്‍ ആസ്‌ട്രിയ നടപ്പിലാക്കിയ സ്വേച്ഛാധിപത്യഭരണം ദേശീയവികാരം പ്രാേജ്ജ്വലമാകുന്നതിനു കാരണമായി. ആസ്‌ട്രിയയുടെ മേധാവിത്വത്തില്‍ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാനും ഇറ്റലിയെ ഏകീകരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ചില രഹസ്യസംഘടനകള്‍ ഇക്കാലത്ത് ഉടലെടുത്തു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് കാര്‍ബോണാരി (Carbonari) എന്ന സംഘടനയായിരുന്നു. റിപ്പബ്ലിക്കന്‍ ചിന്താഗതികളില്‍ വിശ്വസിച്ചിരുന്ന ഈ സംഘടനയ്‌ക്ക് അധികകാലം പ്രബലമായി നിലനില്‌ക്കാന്‍ കഴിഞ്ഞില്ല. ഇക്കാലത്ത് "യുവ ഇറ്റലി' (giovane Italia) എന്ന പേരില്‍ ജൂസെപ്പെ മാസീനി 1831-ല്‍ രഹസ്യ സംഘടന ഉണ്ടാക്കി.
യുവ ഇറ്റലി
ഒരു ഐക്യ ഇറ്റാലിയന്‍ റിപ്പബ്ലിക്കിന്റെ സംസ്ഥാപനമായിരുന്നു യുവഇറ്റലിയുടെ ലക്ഷ്യം. 1848 ഇറ്റലിയില്‍ വിപ്ലവങ്ങളുടെ വര്‍ഷമായിരുന്നു. ഫ്രാന്‍സിലെ ഫെബ്രുവരി വിപ്ലവത്തില്‍നിന്നും ആവേശം കൊണ്ട മിലാനിലെ ജനങ്ങള്‍ ആസ്‌ട്രിയന്‍ സേനയെ പുറത്താക്കിക്കൊണ്ട് റിപ്പബ്ലിക് സ്ഥാപിച്ചു. സമാനമായ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച വെനീസിലും ഒരു റിപ്പബ്ലിക് സ്ഥാപിതമായി. സാര്‍ഡീനിയ-പീഡ്‌മണ്ട് രാജാവായ ചാള്‍സ് ആല്‍ബര്‍ട്ട് ലൊംബാര്‍ഡില്‍വച്ച് ആസ്‌ട്രിയന്‍ സേനയുമായി ഏറ്റുമുട്ടിയെങ്കിലും പരാജയപ്പെട്ടു.
1848-ല്‍ മാസീനി, ഗാരിബാള്‍ഡി എന്നിവരുടെ നേതൃത്വത്തില്‍ റോമിലെ ജനങ്ങള്‍ പോപ്പിനെ പുറത്താക്കിക്കൊണ്ട് റിപ്പബ്ലിക്ക് സ്ഥാപിച്ചെങ്കിലും പോപ്പിനെ പുനഃസ്ഥാപിക്കുന്നതില്‍ കത്തോലിക്കന്‍ ശക്തികള്‍ വിജയിച്ചു. ഇതിനോടകം തന്നെ വെനീസ്, മിലാന്‍ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കുകളെ അടിച്ചമര്‍ത്തിയതിലൂടെ ആസ്‌ട്രിയന്‍ സ്വാധീനതയും ആധിപത്യവും ഇറ്റലിയില്‍ വീണ്ടും സ്ഥാപിതമായി. ഈ സാഹചര്യത്തിലാണ് ഇറ്റാലിയന്‍ മണ്ണില്‍നിന്നും ആസ്‌ട്രിയക്കാരെ തുരത്താനുള്ള വിമോചന സമരത്തിന്റെ നേതൃത്വം സാര്‍ഡീനിയ-പീഡ്‌മണ്ട് രാജാവായ വിക്‌ടര്‍ ഇമ്മാനുവല്‍ II (ചാള്‍സ് ആല്‍ബര്‍ട്ടിന്റെ പുത്രന്‍) ഏറ്റെടുക്കുന്നത്. വിക്‌ടര്‍ ഇമ്മാനുവല്‍ II-ാമന്‍ കൗണ്ട് കവിയറിനെ സാര്‍ഡീനിയന്‍ പ്രധാനമന്ത്രിയായി നിയമിച്ചു.
സാര്‍ഡീനിയന്‍ പ്രധാനമന്ത്രിയായ കവിയറിന്റെ ദീര്‍ഘവീക്ഷണവും നയതന്ത്രജ്ഞതയുമാണ് ഇറ്റാലിയന്‍ ഏകീകരണം സാധ്യമാക്കിയത്. വിദേശ സഹായമില്ലാതെ ആസ്‌ട്രിയയെ തോല്‍പ്പിക്കുവാനോ ഇറ്റലിയെ ഏകീകരിക്കുവാനോ കഴിയുകയില്ല എന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം വിദേശസഹായത്തിനായി ഫ്രാന്‍സിനെ ആശ്രയിച്ചു. 1858-ല്‍ നെപ്പോളിയന്‍ III-ാമനുമായി എത്തിച്ചേര്‍ന്ന ഒരു രഹസ്യക്കരാര്‍ പ്രകാരം ഇറ്റലിയില്‍ നിന്നും ആസ്‌ട്രിയയെ പുറത്താക്കാന്‍ ഫ്രാന്‍സ് സാര്‍ഡീനിയയെ സഹായിക്കുന്നപക്ഷം, പ്രതിഫലമായി നൈസ്, സാവോയി എന്നീ പ്രദേശങ്ങള്‍ ഫ്രാന്‍സിനു നല്‍കാമെന്ന് തീരുമാനമായി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം 1859-ല്‍ ആസ്‌ട്രിയയുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഫ്രാങ്കോ സാര്‍ഡീനിയന്‍സേന മാഗെടയിലും സോള്‍ഫെറിങ്ങിലും ആസ്‌ട്രിയന്‍ സേനയെ പരാജയപ്പെടുത്തി. ഈ വിജയക്കുതിപ്പിനിടെ നെപ്പോളിയന്‍ ഇറ്റലിക്കാരെ കൈവിട്ടുകൊണ്ട്, ഏകപക്ഷീയമായി ആസ്‌ട്രിയയുമായി സന്ധി ചെയ്‌തത് വിമോചന പ്രസ്ഥാനത്തെ തളര്‍ത്തിയെങ്കിലും തങ്ങളുടെ ഭരണാധികാരികളെ പുറത്താക്കിയ മൊഡേണ, പര്‍മ എന്നിവിടങ്ങളിലെ ജനങ്ങള്‍ സാര്‍ഡീനിയയുമായി തങ്ങളുടെ രാജ്യത്തെ ലയിപ്പിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് ദേശീയ ഐക്യശ്രമങ്ങളെ ത്വരിതപ്പെടുത്തി. നേപ്പിള്‍സ്, സിസിലി എന്നിവയെ ബൂര്‍ബാണ്‍ രാജാക്കന്മാരില്‍നിന്നും മോചിപ്പിച്ച ഗാരിബാള്‍ഡി അവയെ വിക്‌ടര്‍ ഇമ്മാനുവല്‍ II-ന് കൈമാറി.
എന്നാല്‍ അപ്പോഴും രണ്ടു പ്രദേശങ്ങള്‍ (റോമും വെനീസും) ഏകീകൃത ഇറ്റലിക്ക് പുറത്തായിരുന്നു. നേപ്പിള്‍സ്, സിസിലി, മാര്‍ഷ് എന്നിവിടങ്ങളില്‍ ജനഹിത പരിശോധന നടത്തിയതിന്റെ ഫലമായി വിക്‌ടര്‍ ഇമ്മാനുവല്‍ II 1861 മാ. 17-ന് കിങ്‌ഡം ഒഫ് ഇറ്റലിയുടെ രാജാവായി. ടൂറിനില്‍ ഫെബ്രുവരി 18-ന് ചേര്‍ന്ന പ്രഥമ ഇറ്റാലിയന്‍ പാര്‍ലമെന്റ് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഭരണഘടനാധിഷ്‌ഠിതമായ രാജവാഴ്‌ചയാണ് ഇറ്റലിയില്‍ സ്വീകരിക്കപ്പെട്ടത്. 1866-ല്‍ ഇറ്റലിക്കാര്‍ വെനീസും റോമും പിടിച്ചെടുത്തതോടെ ഇറ്റലിയുടെ ഏകീകരണം പൂര്‍ത്തിയായി. എന്നാല്‍ കിങ്‌ഡം ഒഫ് ഇറ്റലിയെ അംഗീകരിക്കാന്‍ പോപ്പ് വിസമ്മതിച്ചു.
ആധുനിക ഇറ്റലി
ഇറ്റലിയുടെ ഏകീകരണത്തിനും ജനാധിപത്യപരമായ സദ്‌ഭരണത്തിനുംവേണ്ടി നിലവില്‍വന്ന പ്രസ്ഥാനത്തെയും അതിനുള്ള യത്‌നത്തിന്റേതായ കാലഘട്ട(1750-1870)ത്തെയും റീസോര്‍ജിമെന്റോ (Resorgimento) എന്ന് വിശേഷിപ്പിക്കുന്നു.
1878-ല്‍ വിക്‌ടര്‍ ഇമ്മാനുവേല്‍ II-ന്റെ മരണത്തെത്തുടര്‍ന്ന് ഹംബര്‍ട് I രാജാവായി.
1876 മുതല്‍ 1901 വരെ മാറിമാറിവന്ന ഇടതു-വലതുപക്ഷ ഗവണ്‍മെന്റുകള്‍ക്ക് രാജ്യശ്രയസ്സിനായി കാര്യമായ യാതൊരു സംഭാവനയും നല്‌കാനായില്ല. രാഷ്‌ട്രീയചേരിതിരിവുകളും ഉപജാപങ്ങളുംമൂലം തികച്ചും അസ്ഥിരമായ ഒരു ഭരണപരമ്പരയാണ് ഇറ്റലിയില്‍ അരങ്ങേറിയത്. നിരക്ഷരത, ദാരിദ്ര്യം, കടബാധ്യത എന്നിവ പുതിയ രാഷ്‌ട്രത്തെ ബാധിച്ച രൂക്ഷമായ പ്രശ്‌നങ്ങളായിരുന്നു. ഇതിനിടെ രാജ്യാന്തരവേദിയില്‍ ഇറ്റലിയെ ബാധിച്ച പല സംഭവങ്ങളും ഉണ്ടായി. ജര്‍മനി, ആസ്‌ട്രിയ എന്നീ രാജ്യങ്ങളുമായി ഇറ്റലി ഒരു ത്രികക്ഷി ഉടമ്പടിയിലേര്‍പ്പെട്ടു; ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും പിന്തുടര്‍ന്ന് ആഫ്രിക്കയില്‍ സാമ്രാജ്യത്വഅധിനിവേശത്തിന് ഇറ്റലി മുതിര്‍ന്നത് ഇക്കാലത്തെ ഒരു പ്രധാന സംഭവവികാസമായിരുന്നു. 1889-ല്‍ എത്യോപ്യന്‍ ചക്രവര്‍ത്തിയുമായി ഇറ്റാലിയന്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്ന കരാറിന്റെ അടിസ്ഥാനത്തില്‍ എത്യോപ്യയ്‌ക്കു മേല്‍ ഇറ്റലി അധീശത്വം ഉന്നയിച്ചത് യുദ്ധത്തിലാണ് കലാശിച്ചത്. എഡുവായില്‍ ഇറ്റാലിയന്‍ സേന (1896) പരാജയപ്പെട്ടതോടെ ഇറ്റലി തങ്ങളുടെ അധീശത്വം പിന്‍വലിച്ചു.
1900 ജൂല. 21-ന് ഹംബര്‍ട്ട് I രാജാവ് ഒരു അരാജകവാദിയാല്‍ വധിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹംബര്‍ട്ടിന്റെ പുത്രന്‍ വിക്‌ടര്‍ ഇമ്മാനുവല്‍ III രാജാവായി അവരോധിക്കപ്പെട്ടു.
തുര്‍ക്കിയും ഇറ്റലിയും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് 1911-ലാണ്. പരാജയപ്പെട്ട തുര്‍ക്കി ട്രിപ്പോളി ഇറ്റലിക്ക് കൈമാറി.
ആസ്‌ട്രിയ, ജര്‍മനി എന്നിവരുള്‍പ്പെട്ട ത്രികക്ഷി സഖ്യത്തില്‍ ഇറ്റലി അംഗമായിരുന്നെങ്കിലും, ആസ്‌ട്രിയ സെര്‍ബിയയെ ആക്രമിച്ചതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കത്തില്‍ ഇറ്റലി നിഷ്‌പക്ഷ നിലപാടാണ് കൈക്കൊണ്ടത്; എന്നാല്‍ സഖ്യകക്ഷികളുമായി ലണ്ടന്‍ കരാറില്‍ രഹസ്യമായി ഒപ്പുവച്ചതിനെത്തുടര്‍ന്ന് ത്രികക്ഷി സഖ്യത്തില്‍നിന്നും പിന്മാറിയ ഇറ്റലി ആസ്‌ട്രിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
സഖ്യകക്ഷികള്‍ക്കൊപ്പം നില്‌ക്കുന്നപക്ഷം ഇറ്റലിക്ക് (ട്രന്റിനോ, ട്രിയസ്റ്റ്, ഇസ്‌ട്രിയ എന്നീ പ്രദേശങ്ങള്‍ക്കു പുറമേ) ആഫ്രിക്ക, ഡാല്‍മേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രവിശ്യകള്‍ നല്‌കാമെന്ന രഹസ്യധാരണ ലണ്ടന്‍ കരാറില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
യുദ്ധം ജയിച്ചെങ്കിലും ഇറ്റലിക്ക് സമാധാനം നഷ്‌ടമായി എന്ന വിലയിരുത്തലിനെ സാധൂകരിക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങളാണ് യുദ്ധാനന്തരം ആ രാജ്യത്ത് നടന്നത്. 1918-ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും സാമൂഹ്യഘടന താറുമാറാകുകയും റഷ്യയിലെ ബോല്‍ഷെവിക് വിപ്ലവത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അങ്ങിങ്ങായി കമ്യൂണിസ്റ്റ് കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്‌തു. സമാധാനം പുനഃസ്ഥാപിക്കുന്നതിലും സ്ഥിരത ഉറപ്പാക്കുന്നതിലും വന്‍വീഴ്‌ച ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. ഈ സാഹചര്യത്തിലാണ് മുന്‍ സോഷ്യലിസ്റ്റുകാരനായ മുസ്സോളിനിയുടെ ഫാഷിസ്റ്റ് പാര്‍ട്ടി ശക്തിയാര്‍ജിക്കുന്നത്.
ഫാഷിസം (1921-44). മുസ്സോളിനിയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് കക്ഷി ഇടത്തരക്കാരുടെ ദേശീയ വികാരങ്ങളെയും പണക്കാരുടെ ബൊല്‍ഷെവിക് ഭീതിയെയും ചൂഷണം ചെയ്‌ത് രാഷ്‌ട്രീയ രംഗത്ത് നിലയുറപ്പിച്ചു.
ഇറ്റലിക്കുവേണ്ടി എന്നതായിരുന്നു ഫാഷിസ്റ്റുപാര്‍ട്ടിയുടെ മുദ്രാവാക്യം. 1922 ഒക്‌ടോബറില്‍ ഏകദേശം 40,000 ഫാഷിസ്റ്റുകളുമായി റോമിലേക്ക് മാര്‍ച്ച്‌ചെയ്‌ത മുസ്സോളിനി ഭരണം ഫാഷിസ്റ്റുപാര്‍ട്ടിക്കു കൈമാറാത്ത പക്ഷം അധികാരം ബലംപ്രയോഗിച്ച് പിടിച്ചെടുക്കുമെന്ന ഭീഷണി ഉയര്‍ത്തി; ഈ സാഹചര്യത്തിലാണ് ഫാഷിസ്റ്റുകളെ ഗവണ്‍മെന്റ് രൂപീകരിക്കുവാന്‍ രാജാവ് ക്ഷണിക്കുന്നത്.
തന്റെ വീക്ഷണമനുസരിച്ചുള്ള ഭരണവും രാജ്യവികസനവും സുഗമമാക്കുന്നതിന് ഏകാധിപത്യഭരണമാണ് മുസ്സോളിനി സ്വീകരിച്ചത്. 1923-ല്‍ അദ്ദേഹത്തിന് ഏകശാസനാധികാരം നല്‌കപ്പെട്ടു. പാര്‍ലമെന്റില്‍ ഫാഷിസ്റ്റുകക്ഷിക്ക് ഭൂരിപക്ഷം ലഭിക്കത്തക്കവിധത്തില്‍ തിരഞ്ഞെടുപ്പു നിയമത്തില്‍ത്തന്നെ ഭേദഗതികള്‍ വരുത്തിയും ബലപ്രയോഗമുപയോഗിച്ചും മുസ്സോളിനി പ്രതിയോഗികളെ അടിച്ചമര്‍ത്തി.
അതേസമയം രാഷ്‌ട്രത്തിന്റെ സാമ്പത്തിക പുനര്‍നിര്‍മാണത്തില്‍ ഫാഷിസ്റ്റ് ഭരണകൂടം ക്രിയാത്മകമായ പങ്കാണ് വഹിച്ചത്. ദേശീയതലത്തില്‍ ആസൂത്രണം ചെയ്‌ത സാമ്പത്തിക പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ലോകത്തില്‍ ആദ്യം ശ്രമിച്ചത് ഫാഷിസ്റ്റ് ഇറ്റലിയാണ്. വത്തിക്കാനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള ഒരു കരാറില്‍ പോപ്പുമായി ഒപ്പുവച്ചത് മുസ്സോളിനിയുടെ ഒരു മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു.
ഈ കക്ഷിയുടെ വിദേശനയം സാമ്രാജ്യപരമായ താത്‌പര്യങ്ങളെ സഹായിക്കുന്നതരത്തിലായിരുന്നു.
ഇറ്റലിയുടെ ബഹുമാന്യതയും മേല്‍ക്കോയ്‌മയും ഇതര രാജ്യങ്ങളെക്കൊണ്ട് നിര്‍ബന്ധപൂര്‍വം അംഗീകരിപ്പിക്കുന്ന വിദേശനയം കൈക്കൊണ്ടതിലൂടെ മുസ്സോളിനിയും ഫാഷിസ്റ്റ് ഭരണകൂടവും യൂറോപ്യന്‍ രാജ്യങ്ങളുടെ അപ്രീതിക്കു പാത്രമായി. ഗ്രീക്ക് ദ്വീപായ കോര്‍ഫുവില്‍ ഇറ്റലിക്കാര്‍ വധിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഒടുവില്‍ ദ്വീപ് കൈവശപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവസാനിച്ചത്.
സര്‍വരാഷ്‌ട്രസഖ്യത്തെ (League of nations) ധിക്കരിച്ചുകൊണ്ട് ഇറ്റലി 1935-ല്‍ എത്യോപ്യ ആക്രമിച്ചതോടെ സര്‍വരാഷ്‌ട്രസഖ്യം ഇറ്റലിക്കുമേല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. അന്താരാഷ്‌ട്ര രംഗത്ത് ഒറ്റപ്പെടുമെന്ന സാഹചര്യം സംജാതമായപ്പോള്‍ മുസ്സോളിനി ഹിറ്റ്‌ലറുമായി സൗഹൃദത്തിലായി.
1938-ല്‍ സ്‌പെയിനിലെ ആഭ്യന്തരയുദ്ധത്തില്‍ ജനറല്‍ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റുകള്‍ക്ക് ഇറ്റലി, ജര്‍മനിക്കൊപ്പം പിന്തുണനല്‌കിയതോടെ ഈ സൗഹൃദബന്ധം കൂടുതല്‍ ദൃഢമായി.
1939-ല്‍ ഹിറ്റ്‌ലര്‍ ചെക്ക്‌സ്ലോവാക്യ പിടിച്ചതിനു തൊട്ടുപുറകേ മുസ്സോളിനി അല്‍ബേനിയ കൈയടക്കി. 1939 മേയ് 22-ന് ജര്‍മനിയും ഇറ്റലിയും ചേര്‍ന്ന് ഒരു പൂര്‍ണ സൈനിക ഉടമ്പടി-റോം-ബര്‍ലിന്‍ അച്ചുതണ്ട്-രൂപീകരിച്ചു. (ഇതര രാജ്യങ്ങള്‍ ആക്രമിക്കുന്ന പക്ഷം ജര്‍മനിയും ഇറ്റലിയും പരസ്‌പരം സഹായിക്കേണ്ടതാണ് എന്ന് ഉടമ്പടി വ്യവസ്ഥ ചെയ്‌തിരുന്നു.)
1939 സെപ്. 1-ന് ജര്‍മനിയുടെ പോളണ്ട് ആക്രമണത്തോടെ രണ്ടാം ലോകയുദ്ധം ആരംഭിച്ചെങ്കിലും, ഏതാണ്ട് 9 മാസത്തോളം ഇറ്റലി യുദ്ധത്തില്‍ നിന്നും വിട്ടുനിന്നു. യൂറോപ്പിലെ ജര്‍മന്‍ മുന്നേറ്റത്തിനുശേഷമാണ് ഇറ്റലി യുദ്ധത്തില്‍ പങ്കുചേര്‍ന്നത്. ജര്‍മനി യുദ്ധത്തില്‍ ജയിക്കുമെന്നും, അനന്തരം വിജയത്തിന്റെ ഗുണഭോക്താവാകാമെന്നുമുള്ള കണക്കുകൂട്ടലുകളാണ് പങ്കാളിത്തത്തിലേക്ക് നയിച്ചത്. മുസ്സോളിനി ഗ്രീസ് ആക്രമിച്ചെങ്കിലും, ബ്രിട്ടീഷ് പിന്തുണയോടെ പൊരുതിയ ഗ്രീസിനോട് പരാജയപ്പെട്ട് അല്‍ബേനിയയിലേക്കു പിന്‍വാങ്ങി. വടക്കുകിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ ചില വിജയങ്ങള്‍ ആദ്യം നേടിയെങ്കിലും പരാജയങ്ങളുടെ ഒരു പരമ്പരയെത്തന്നെ ഇറ്റലിക്ക് അഭിമുഖീകരിക്കേണ്ടിവന്നു. 1943-ല്‍ സഖ്യകക്ഷികള്‍ സിസിലി കൈവശപ്പെടുത്തി. ഈ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഫാഷിസ്റ്റ് ട്രാന്‍സ് കൗണ്‍സിലില്‍പ്പോലും മുസ്സോളിനിയെ അധികാരഭ്രഷ്‌ടനാക്കണമെന്ന അഭിപ്രായം ശക്തമായി.
കൗണ്‍സില്‍ മുസ്സോളിനിയെ സ്ഥാനഭ്രഷ്‌ടനാക്കിയതോടെ ഫാഷിസ്റ്റ് ഭരണത്തിന് വിരാമമായി. ഇതിനിടയില്‍ ഫാഷിസ്റ്റു വിരുദ്ധരായ ഇറ്റാലിയന്‍ സൈനികര്‍ മുസ്സോളിനിയെ തടവുകാരനാക്കിയിരുന്നു. സഖ്യകക്ഷികളുമായി യുദ്ധവിരാമക്കരാറില്‍ (1943 സെപ്. 3) ഒപ്പുവച്ച രാജാവ് ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെങ്കിലും, നാസിസേന ഇതിനോടകം വടക്കേ ഇറ്റലി പിടിച്ചെടുക്കുകയുണ്ടായി. നാസിഭടന്മാര്‍ തടവറയില്‍നിന്നും രക്ഷിച്ച മുസ്സോളിനിയെ വടക്കേ ഇറ്റലിയുടെ ഭരണാധികാരിയായി ഹിറ്റ്‌ലര്‍ വാഴിച്ചു. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള കിങ്‌ഡം ഒഫ് ഇറ്റലി, മുസ്സോളിനിയുടെ കീഴിലുള്ള ഇറ്റാലിയന്‍ സോഷ്യല്‍ റിപ്പബ്ലിക്ക് (വടക്കേ ഇറ്റലി) എന്നിങ്ങനെ ഇറ്റലി രണ്ടായി വിഭജിക്കപ്പെട്ടു. ജര്‍മന്‍-സഖ്യകക്ഷി സേനകള്‍ തമ്മിലുള്ള അതിരൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് ഒടുവില്‍ സഖ്യകക്ഷികള്‍ വടക്കന്‍ ഇറ്റലി മോചിപ്പിച്ചു (1945 മേയ്).
1946-ലെ ജനഹിതപരിശോധനയെത്തുടര്‍ന്ന് ഇറ്റലി ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഗാസ്‌പെരി ആയിരുന്നു റിപ്പബ്ലിക്കിന്റെ ആദ്യത്തെ പ്രധാനമന്ത്രി.
മൂന്ന് പതിറ്റാണ്ടോളം ഇറ്റലിയിലെ ഏറ്റവും പ്രമുഖ രാഷ്‌ട്രീയ കക്ഷിയായി തുടര്‍ന്നത് ക്രിസ്‌ത്യന്‍ ഡെമോക്രാറ്റുകളാണ്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് കക്ഷികളായിരുന്നു മറ്റ് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികള്‍. കാര്‍ഷിക പരിഷ്‌കരണത്തിന്റെയും വ്യാവസായികവത്‌കരണത്തിന്റെയും ഫലമായി 1950-കളില്‍ ഇറ്റലിയുടെ സമ്പദ്‌ഘടന ശക്തവും ചലനാത്മകവുമായി മാറി; മാര്‍ഷല്‍ പദ്ധതി, നാറ്റോ, യൂറോപ്യന്‍ കൗണ്‍സില്‍ എന്നിവയില്‍ ഇറ്റലി അംഗമായി ചേര്‍ന്നു. 1970-കളുടെ തുടക്കത്തില്‍ പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവയാണ് ഇറ്റലി നേരിട്ട പ്രധാന പ്രശ്‌നങ്ങള്‍. സാമൂഹിക അസ്വസ്ഥതകള്‍ ജനങ്ങളെ കലാപങ്ങളിലേക്ക് നയിച്ച ഈ കാലഘട്ടത്തിലാണ് റെഡ് ബ്രിഗേഡ്, നിയോഫാഷിസ്റ്റ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കു പുറമേ ക്രിമിനല്‍ സംഘങ്ങളായ മാഫിയകളും ഇറ്റലിയില്‍ പിടിമുറുക്കുന്നത്. 1978 റെഡ് ബ്രിഗേഡ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയായ ആള്‍ഡോ മോറയെ തട്ടിക്കൊണ്ടുപോയി വധിച്ച സംഭവത്തിനുശേഷം തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ഭരണകൂടം ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടായെങ്കിലും മാഫിയ ഗ്രൂപ്പുകള്‍ ഇന്നും സജീവമാണ്.
റിപ്പബ്ലിക്കിന്റെ ആദ്യത്തെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായ ബെറ്റിനോ ക്രാക്‌സി അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 1987-ല്‍ രാജിവച്ചു. മാഫിയാ ബന്ധം ആരോപിക്കപ്പെട്ട പ്രധാനമന്ത്രി ഗ്വിലിപ് ആന്‍ഡ്രിറ്റി വിചാരണ ചെയ്യപ്പെട്ടത് 1995-ലാണ്. അഴിമതിയും ക്രിമിനല്‍വത്‌കരണവും ഇറ്റാലിയന്‍ രാഷ്‌ട്രീയത്തിന്റെ സമസ്‌ത മേഖലകളെയും ഗ്രസിച്ചതിനുള്ള തെളിവായിരുന്നു ഇത്. 1994-ലെ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത പാര്‍ട്ടികളെ തിരസ്‌കരിച്ചുകൊണ്ട് ഇറ്റാലിയന്‍ ജനത ഭരിക്കാനുള്ള അധികാരം ബെര്‍ലുസ്‌കോണിയുടെ നേതൃത്വത്തിലുള്ള ഫ്രീഡം അലയന്‍സിനു നല്‌കി. ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന് 1995-ല്‍ ഇദ്ദേഹം രാജിവച്ചെങ്കിലും 2001-ല്‍ വീണ്ടും അധികാരത്തിലെത്തി.
പരമ്പരാഗത സുഹൃത്തുക്കളായ ഫ്രാന്‍സ്, ജര്‍മനി എന്നിവരില്‍നിന്നും അകന്നുകൊണ്ട് യു.എസ്സിന് അനുഗുണമായ രീതിയില്‍ വിദേശനയം രൂപീകരിച്ച ഇദ്ദേഹം 2003-ലെ ഇറാഖ് യുദ്ധത്തില്‍ ഇറാഖിലേക്ക് സേനയെ അയച്ചിരുന്നു. ബര്‍ലുസ്‌കോണിക്കുശേഷം പ്രധാനമന്ത്രിയായ റോമാ പ്രാേദി (2006-2008). യൂറോ കേന്ദ്രീകൃത നയമാണ് സ്വീകരിച്ചത്.
ഇറാഖില്‍ നിന്നും ഇറ്റാലിയന്‍ സേനയെ പിന്‍വലിച്ച ഇദ്ദേഹം യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനാണ് പ്രാമുഖ്യം നല്കിയത്.
ദീര്‍ഘകാലം യൂറോപ്യന്‍ രാജ്യങ്ങളിലെ 4 പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഇറ്റലി. ആഗോളവത്‌കരണത്തിന്റെ ഫലമായി രാജ്യത്തിന്റെ പരമ്പരാഗത വ്യവസായങ്ങളായ തുണിവ്യവസായവും കാര്‍ ഉത്‌പാദനവും കുറഞ്ഞെങ്കിലും യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഇറ്റലിക്ക് സ്വന്തമായിരുന്നു. എന്നാല്‍ 2008-ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇറ്റലി അതിന്റെ ആദ്യത്തെ ഇരയായിത്തീര്‍ന്നു. 2011-ഓടെ യൂറോ സോണിലെ ഏറ്റവും കടബാധ്യതയുള്ള രാജ്യങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
ഇറ്റലിയെ പിടിച്ചുലച്ച സാമ്പത്തിക പ്രതിസന്ധിയാണ് പ്രാേദിക്കുശേഷം വീണ്ടും പ്രധാനമന്ത്രിയായ ബര്‍ലുസ്‌കോണിയുടെ രാജിക്കു കാരണമായത് (16 ന. 2011). ഇറ്റാലിയന്‍ സമ്പദ്‌ഘടനയെ പുനരുദ്ധരിക്കാനുള്ള ദൗത്യമാണ് തുടര്‍ന്ന് വന്ന മരിയോ മോണ്ടി ഗവണ്‍മെന്റ് ഏറ്റെടുത്തത്.
ബര്‍ലുസ്‌കോണിയുടെ പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മോണ്ടി പ്രധാനമന്ത്രിപദം രാജിവച്ചു (ഡിസംബര്‍ 2012). തുടര്‍ന്ന് മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ നേതാവായ എന്‍റിക്കോ ലെറ്റ പ്രധാനമന്ത്രിയായി അധികാരമേറ്റു (2013 ഏ. 28).
സമ്പദ്‌വ്യവസ്ഥ
കൃഷി
ആകെ ദേശീയ ഉത്‌പാദനത്തിന്റെ 2.6 ശതമാനമാണ് കാര്‍ഷിക മേഖലയില്‍നിന്നും ലഭിക്കുന്നത്. ധാന്യവിളകളില്‍ ഏറ്റവും പ്രധാനം ഗോതമ്പാണ്. റൈ, ബാര്‍ലി, ഓട്ട്‌സ്, ചോളം, നെല്ല് എന്നിവയും കൃഷി ചെയ്‌തുവരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ നെല്‍ക്കൃഷിക്ക് ഒന്നാംസ്ഥാനം ഇറ്റലിക്കാണ്; ലൊംബാര്‍ഡി സമതലത്തിലാണ് നെല്ല് ഏറ്റവും കൂടുതല്‍ കൃഷി ചെയ്‌തുവരുന്നത്. ഭക്ഷ്യോത്‌പാദനത്തില്‍ ഇറ്റലി സ്വയംപര്യാപ്‌തമല്ല.
കാര്‍ഷികോത്‌പന്നങ്ങളില്‍ മുഖ്യമായവ വീഞ്ഞും ഒലീവെണ്ണയുമാണ്. വീഞ്ഞുത്‌പാദനത്തില്‍ ലോകത്തെ രണ്ടാം സ്ഥാനം ഇറ്റലിക്കാണ്. ഒലീവ്‌കൃഷി ദക്ഷിണ ഇറ്റലിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വീഞ്ഞ് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യപ്പെടുന്നു; തക്കാളിയും തക്കാളിച്ചാറും ടിന്നുകളിലാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നു. പീച്ച്, പീയര്‍, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ ഫലവര്‍ഗങ്ങള്‍ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.
കന്നുകാലിവളര്‍ത്തല്‍ താരതമ്യേന അവികസിതമായ അവസ്ഥയിലാണ്. വടക്കന്‍ ഇറ്റലിയില്‍ മാത്രമാണ് കാര്യമായ അളവില്‍ ക്ഷീരോത്‌പാദനം നടക്കുന്നത്.
ഖനനം
ഇറ്റലിയുടെ സമ്പദ്‌ഘടനയില്‍ ഖനനത്തിന് സാരമായ പങ്കില്ല. രാജ്യത്തെ തൊഴിലാളികളില്‍ കേവലം 0.6 ശതമാനം മാത്രമാണ് ഖനനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. കല്‍ക്കരി, പെട്രാേളിയം, ഗന്ധകം, ഇരുമ്പയിര് തുടങ്ങി ഖനനവിധേയമായിരുന്ന ധാതുക്കളുടെ ലഭ്യതയില്‍ ഗണ്യമായ കുറവ് ഏര്‍പ്പെട്ടിട്ടുണ്ട്. മെര്‍ക്കുറി, പൊട്ടാസ്യം, പ്രകൃതി വാതകം, മാര്‍ബിള്‍ എന്നിവ മാത്രമാണ് ലാഭകരമായി ഖനനം ചെയ്‌തുപോരുന്നത്.
വ്യവസായം
രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്ന് ഇറ്റലിയില്‍ വ്യാവസായികരംഗത്ത് അഭൂതപൂര്‍വമായ പുരോഗതി ഉണ്ടായിട്ടുള്ളതായി കാണാം. മാര്‍ഷല്‍ പദ്ധതി അനുസരിച്ചുള്ള വിദേശസഹായം ഇറ്റലിയുടെ വ്യവസായവത്‌കരണം ത്വരിതപ്പെടുത്തി. എണ്ണ ഉത്‌പാദകരാഷ്‌ട്രങ്ങള്‍ക്ക് ഏറെക്കുറെ അഭിമുഖമായുള്ള സ്ഥിതിയും വൈദ്യുതോത്‌പാദനസാധ്യതകളും വൈയവസായികാഭിവൃദ്ധിക്ക് ആക്കംകൂട്ടിയ ഘടകങ്ങളാണ്. അസംസ്‌കൃതവിഭവങ്ങളിലെ അപര്യാപ്‌തത അതിജീവിച്ച് ഇരുമ്പുരുക്കു വ്യവസായം അഭിവൃദ്ധിപ്പെടുത്തിയതാണ് 70-കളിലെ വ്യവസായ പുരോഗതിയുടെ അടിത്തറ പാകിയത്. 90-കള്‍ വരെ ഏറെ താണ തൊഴിലില്ലായ്‌മ നിരക്കുമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇറ്റലി. എന്നാല്‍ 2008-നുശേഷം ഇറ്റലി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മോട്ടോര്‍ വാഹനങ്ങള്‍, കെമിക്കല്‍സ്, യന്ത്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വ്യവസായ മേഖലകള്‍. ടൂറിസത്തോടൊപ്പം ഫാഷന്‍ വ്യവസായവും വികസിച്ചിട്ടുണ്ട്.
ഗതാഗതം
ഇറ്റലിയില്‍ 4,87,700 കി.മീ. റോഡുകളാണുള്ളത്. ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ ഇതര യൂറോപ്യന്‍ രാജ്യങ്ങളുമായി റോഡുഗതാഗതം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. റെയില്‍വേ. ഇറ്റാലിയില്‍ മൊത്തം 20,000 കി.മീ. റെയില്‍പാതകളാണുള്ളത്; രാജ്യത്തെ വന്‍നഗരങ്ങള്‍ റെയില്‍പ്പാതകളിലൂടെ പരസ്‌പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായും റെയില്‍ സമ്പര്‍ക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജലഗതാഗതം. റാവന്ന, ജനോവ, നേപ്പിള്‍സ്, വെനീസ്, ആഗസ്റ്റ്, ട്രീസ്റ്റ് എന്നീ തുറമുഖങ്ങള്‍ മുഖ്യമായും പെട്രാേളിയം ഉത്‌പന്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഗിലാരി, സിവിറ്റാവേഷ്യ, പീയംബീനോ, സാവൊണാ എന്നിവയാണ് രാജ്യത്തെ വന്‍തുറമുഖങ്ങള്‍. ഇവ കൂടാതെ വ്യവസായകേന്ദ്രങ്ങളോടും ഉല്ലാസകേന്ദ്രങ്ങളോടും അനുബന്ധിച്ച് നിരവധി ചെറുകിട തുറമുഖങ്ങളും ഉണ്ട്.
ഉള്‍നാടന്‍ ജലഗതാഗതവും വികസിപ്പിച്ചിട്ടുണ്ട്. ഇറ്റലിയില്‍ 1088 കി.മീ. ദൂരംവരുന്ന നദീമാര്‍ഗങ്ങളും 832 കി.മീ. തോടുകളും ഗതാഗതക്ഷമമായിട്ടുണ്ട്; പോ സമതലത്തിലെ ടൂറിന്‍, മിലാന്‍ എന്നീ വ്യവസായകേന്ദ്രങ്ങളെ വെനീസ് തുറമുഖവുമായി ജലമാര്‍ഗം ബന്ധിപ്പിച്ചിരിക്കുന്നു.
വ്യോമഗതാഗതം. റോം, മിലാന്‍, നേപ്പിള്‍സ്, ജെനോവ, പാലെര്‍മോ, വെനീസ്, കാറ്റാന്യ, ടൂറിന്‍ എന്നീ നഗരങ്ങളിലുള്ള അന്താരാഷ്‌ട്രവിമാനത്താവളങ്ങളില്‍ ഓരോന്നും കൊല്ലന്തോറും പതിനായിരത്തിലധികം വിമാനങ്ങള്‍ എത്തിച്ചേരുന്നവയാണ്. റോംനഗരത്തിലുള്ള അന്താരാഷ്‌ട്രവിമാനത്താവളങ്ങളാണ് മൊത്തം വ്യോമഗതാഗതത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നത്.
വാണിജ്യം
ഇറ്റലിയുടെ സമ്പദ്‌ഘടനയില്‍ വിദേശവാണിജ്യത്തിന് വലുതായ പങ്കുണ്ട്. അസംസ്‌കൃതവസ്‌തുക്കളില്‍ സ്വയംപര്യാപ്‌തമല്ലെങ്കില്‍ കൂടിയും ഇറ്റലിയുടെ കയറ്റുമതികളില്‍ ഉത്‌പാദിതവസ്‌തുക്കള്‍ക്കാണ് പ്രാമുഖ്യം. യന്ത്രസാമഗ്രികള്‍, മോട്ടോര്‍വാഹനങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍ എന്നിവയാണ് പ്രധാന കയറ്റുമതികള്‍. ഇറ്റലിയിലെ ഫിയറ്റ്, ആല്‍ഫാ റോമിയോ, ഫെറാറി എന്നീയിനം കാറുകള്‍ വിശ്വോത്തരങ്ങളായി മാറിയിട്ടുണ്ട്. വീഞ്ഞ്, ടിന്നിലാക്കിയ ഫലവര്‍ഗങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍സാധനങ്ങള്‍, മാര്‍ബിള്‍ വസ്‌തുക്കള്‍ തുടങ്ങിയവയും രാസദ്രവ്യങ്ങളും കയറ്റുമതികളില്‍പ്പെടുന്നു.
ഇറക്കുമതികളില്‍ ഏറിയ കൂറും വ്യവസായാവശ്യങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ഥങ്ങളാണ്. എണ്ണ, ഇരുമ്പയിര്, കല്‍ക്കരി, ചെമ്പ് തുടങ്ങിയവയും ഭക്ഷ്യധാന്യങ്ങള്‍, ഗവ്യവസ്‌തുക്കള്‍ എന്നിവയുമാണ് പ്രധാന ഇറക്കുമതികള്‍. 1960-നുശേഷം ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി ഗണ്യമായ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇറക്കുമതിയുടെ മൂല്യം കയറ്റുമതിയുടെതിനേക്കാള്‍ ഏറിനില്‌ക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ഭരണവ്യവസ്ഥ
ഭരണസമ്പ്രദായം
1946 ജൂണ്‍ 2-ന് നടത്തിയ ജനഹിതപരിശോധനയുടെ ഫലമായി രാജഭരണം അവസാനിപ്പിച്ച് ഇറ്റലി ഒരു റിപ്പബ്ലിക്കായി. തുടർന്ന് രൂപവത്‌കരിക്കപ്പെട്ട കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി തയ്യാറാക്കിയ ഭരണഘടന 1948 ജനു. 1-ന് പ്രാബല്യത്തിൽവന്നു. ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായാണോ ഭരണം നടക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനുവേണ്ടി 15 ജഡ്‌ജിമാരടങ്ങിയ ഒരു ഭരണഘടനാകോടതി പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട്. ഭരണഘടനയനുസരിച്ച് ഇറ്റലി ഒരു യൂണിറ്ററി റിപ്പബ്ലിക്കാണ്. 15 സാധാരണ പ്രദേശങ്ങളും 5 പ്രത്യേക പ്രദേശങ്ങളുമാണുള്ളത്. പ്രത്യേക പ്രദേശങ്ങള്‍ക്ക് സ്വയംഭരണാധികാരം അനുവദിച്ചിട്ടുണ്ട്. ചേംബർ ഒഫ് ഡെപ്യൂട്ടീസ്, സെനറ്റ് എന്നീ രണ്ടു സഭകള്‍കൂടിയതാണ് പാർലമെന്റ്. ഈ രണ്ടു നിയമനിർമാണസഭകള്‍ക്കും തുല്യമായ അധികാരങ്ങളാണുള്ളത്. ഈ രണ്ട് സഭകളും പ്രദേശങ്ങളിലെ പ്രതിനിധികളും ചേർന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഏഴുവർഷക്കാലത്തേക്കാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പാർലമെന്റ് വിളിച്ചുകൂട്ടാനും പിരിച്ചുവിടാനും പ്രസിഡന്റിന് അധികാരം ഉണ്ട്. നയതന്ത്രപ്രതിനിധികള്‍ക്ക് അംഗീകാരം നല്‌കുകയും ഉടമ്പടികള്‍ ശരിവയ്‌ക്കുകയും ചെയ്യുന്നതും അദ്ദേഹംതന്നെയാണ്. സെനറ്റിലെ ആയുഷ്‌കാലമെമ്പർമാരെ നാമനിർദേശം ചെയ്യുന്നതും ഭരണഘടനാകോടതിയിലെ അഞ്ചംഗങ്ങളെ നിയമിക്കുന്നതും പ്രസിഡന്റാണ്. സർക്കാരിന്റെ തലവനാണ് പ്രധാനമന്ത്രി. പ്രസിഡന്റാണ് ഇദ്ദേഹത്തെ നിയമിക്കുന്നത്.
നിയമസംവിധാനം
ഇറ്റലിയിലെ ഉന്നതന്യായപീഠം "കോർട്ട് ഒഫ് കാസേഷന്‍' ആണ്. അപ്പീൽ അധികാരിതയും നിയമപ്രശ്‌നങ്ങളെ സംബന്ധിച്ച അധികാരിതയും മാത്രമേ ഈ കോടതിക്കുള്ളൂ. ഈ ന്യായപീഠത്തിനു കീഴിൽ അനവധി കോടതികളുണ്ട്. ഇതിനു പുറമേയാണ് ഭരണഘടനാ കോടതി പ്രവർത്തിക്കുന്നത്. റോമന്‍ നിയമത്തെ ആധാരമാക്കിയാണ് ഇറ്റാലിയന്‍ നിയമസംഹിത ആസൂത്രണം ചെയ്‌തിട്ടുള്ളത്. നിയമസഭയുടെയും എക്‌സിക്യൂട്ടിവിന്റെയും കൈകടത്തലുകളിൽനിന്നു മുക്തമാണ് ന്യായപീഠം. പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുപ്രീം കൗണ്‍സിൽ ഒഫ് ഡിഫന്‍സ് ആണ് സൈനിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്.
സാംസ്‌കാരിക രംഗം
സംഗീതം-നൃത്തം-സിനിമ
പാശ്ചാത്യസംഗീതത്തിൽ ഇറ്റാലിയന്‍ സംഗീതത്തിന് ഉന്നതമായ സ്ഥാനമുണ്ട്. ഗ്രഗോറിയന്‍ ഗാനങ്ങള്‍, ടൂബഡോർ സംഗീതം, മാഡ്രഗൽ എന്നിവയും പാലെസ്റ്റ്രിനാ, മോണ്ടെവെർഡി, വിവാള്‍ഡി, അലെസാന്റോ, ഡൊമെനിക്കോസ്‌കാർലാറ്റി, സിമാറോസാ എന്നിവരുടെ രചനകളും റോസിനി, ഡൊനിസെറ്റി, ബെല്ലിനി, ഗുസെപ്പെ വെർഡി, പുസീനി എന്നിവരുടെ ഓപ്പറകളും പ്രത്യേകം ശ്രദ്ധാർഹമാണ്. ലുയിഗിദല്ലാപിക്കോള, ലുയിഗിനോനോ എന്നിവരുടെ സംഭാവനകള്‍ മികച്ചതാണ്.
ഗ്രാന്റ് ഓപ്പറ മുതൽ പാവകളിവരെ, വൈവിധ്യമുള്ള പല നൃത്തരൂപങ്ങളും ഇറ്റലിയിൽ പ്രചാരം നേടിയിട്ടുണ്ട്. മിലാനിലെ ലാസ്‌കാല ഓപ്പറാഹൗസ്, നേപ്പിള്‍സിലെ സാന്‍കാർലോ, വെനീസിലെ ടെയാട്രാലാഫെനിസെ എന്നിവ ലോകപ്രശസ്‌തങ്ങളാണ്. വെറോണയിലെ റോമന്‍ ആംഫി തിയെറ്റർ വിദേശടൂറിസ്റ്റുകളെയും ആകർഷിക്കുന്നുണ്ട്. കാസെല്ലായുടെ "ഇൽ കോണ്‍വന്റോ വെനീസിയാനോ', ഫ്രാന്‍സെസ്‌കോ മാലിപീറോയുടെ "സെറ്റെ കന്‍സോനി' എന്നിവ പ്രമുഖ ഇറ്റാലിയന്‍ ഓപ്പറകളാണ്. ബാലെയുടെ കാര്യത്തിലും ഇറ്റലി മുന്‍പന്തിയിൽ നില്‌ക്കുന്നു. ഫോർട്ടുനാറ്റോ ഡെപേറയുടെ "ബാലെപ്‌ളാസ്റ്റിക്', ഗോഫ്‌റെഡോ പെട്രാസ്സിയുടെ "കോറോ ഡി മോർട്ടി', "ലാഫോളിയാ ഡി ഓർലാന്റോ', ലുയി ഗിദല്ലാപിക്കോളയുടെ "മാർസിയ' എന്നിവ ഉന്നത നിലവാരം പുലർത്തുന്ന ബാലെകളാണ്. ഇറ്റാലിയന്‍ നാടകങ്ങള്‍ക്കും അപ്രധാനമല്ലാത്ത ഒരു സ്ഥാനമുണ്ട്. 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളിൽ ലുയിഗി പിരാന്‍ഡെല്ലൊ രചിച്ച നാടകങ്ങളും ജെനോവയിലെ ടെയാട്രാസ്റ്റബിലെ ദെല്ലാസെറ്റായും മിലാനിലെ പിക്കോളോ ടെയാട്രായുടെ നാടകങ്ങളും പ്രത്യേകം പ്രസ്‌താവ്യങ്ങളാണ്. മൊറേവിയയുടെ ദ് കണ്‍ഫോമിസ്റ്റ് എന്ന നോവൽ ഗിയോർഗി അൽബെർടാസി ചലച്ചിത്രമാക്കി കോളിളക്കം സൃഷ്‌ടിച്ചു. ചലച്ചിത്രരംഗത്ത് നിയോറിയലിസം കാഴ്‌ചവച്ച സംവിധായകരാണ് റോബർട്ടോ റോസെലിനി, വിറ്റോറിയോ ദെ സിക്ക, ലൂച്ചിനൊ വിസ്‌കോണ്‍തി എന്നിവർ. ഇറ്റാലിയന്‍ ചലച്ചിത്രരംഗത്തെ അതികായന്മാരാണ് അന്റോണിയോണി, ഫെഡറിക്കോ ഫെല്ലിനി, സെസാറെ സവാറ്റിനി, പീർപനളോ പസോലിനി, ഫ്രാന്‍സിസ്‌കൊ റോസി എന്നിവർ.
അക്കാദമികള്‍, മ്യൂസിയങ്ങള്‍
അക്കാദമികളുടെയും വിദഗ്‌ധസമിതികളുടെയും കാര്യത്തിലും ഇറ്റലി സമ്പന്നമാണ്. ലളിതകലാ അക്കാദമികളിൽ പ്രമുഖങ്ങളാണ് ഫ്‌ളോറന്‍സിൽ സ്ഥാപിതമായ അക്കാദമി ദെ ബെല്ലെ ആർട്ടി, 1573-ൽ പെറുഗിയയിൽ സ്ഥാപിച്ച അക്കാദമി എന്നിവ. 1582-ൽ ഫ്‌ളോറന്‍സിൽ ആരംഭിച്ച അക്കാദമി ദെല്ലാ ക്രൂസ്‌ക സാഹിത്യകാരന്മാരുടെ കേന്ദ്രമാണ്. അമൂല്യങ്ങളായ ശില്‌പശേഖരങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി സ്ഥാപിതമായ സംഘടനയാണ് ഇറ്റലിയാ നോസ്റ്റ്രാ, ഫ്‌ളോറന്‍സിലെ നാഷണൽ ഗാലറി, ബോളോഞ്ഞയിലെ നാഷണൽ ഗാലറി, റോമിലെ കാപ്പിറ്റോളിയന്‍ മ്യൂസിയം, മിലാനിലെ പിനാകോടേകാ ഡിബ്രറാ, വെനീസിലെ അക്കാദമി, പെറുഗിയയിലെ ഗാലറി നാഷണൽ ഡെൽ ഉബ്രിയന്‍ എന്നിവ അന്താരാഷ്‌ട്രപ്രശസ്‌തങ്ങളായ മ്യൂസിയങ്ങളാണ്.
ടൂറിസം
രാജ്യത്തെ എണ്ണമറ്റ സ്‌മാരകശില്‌പങ്ങളും റോമിലെ "അനശ്വരനഗര'വും റോമന്‍ കത്തോലിക്കാമതത്തിന്റെ ആസ്ഥാനവും വളരെക്കൂടുതൽ വിദേശടൂറിസ്റ്റുകളെ ഇറ്റലിയിലേക്ക് ആകർഷിക്കുന്നുണ്ട്. ടൂറിസത്തിൽ ഇതിൽനിന്നുള്ള വരുമാനം പ്രതിവർഷം 160 കോടി ഡോളറിൽ അധികമാണ്. ആൽപൈന്‍ കുന്നുകള്‍, വടക്കന്‍ ഏഡ്രിയാറ്റിക് തീരം, ടിറേനിയന്‍ കടലിലെ ചെറുദ്വീപുകള്‍, സാർഡീനിയയിലെ എമറാള്‍ഡ് കോസ്റ്റ്, ടവോർമിനയിലെ സുഖവാസകേന്ദ്രങ്ങള്‍, അബ്രൂസിയിലെ നാഷണൽ പാർക്ക് എന്നിവയാണ് ടൂറിസ്റ്റുകളെ ധാരാളമായി ആകർഷിക്കുന്നത്.
പത്രപ്രവർത്തനം
പ്രാദേശികാടിസ്ഥാനത്തിലുള്ള വർത്തമാനപത്രങ്ങളാണ് ഭൂരിപക്ഷവും. അന്താരാഷ്‌ട്രപ്രശസ്‌തിയുള്ള പത്രങ്ങളിൽപ്പെട്ടതാണ് മിലാനിൽനിന്നു പുറപ്പെടുന്ന കൊറിയർ ദെല്ലാസെറാ, ഇൽഗിയോർണോ, മെട്രാ, സിറ്റി, ഫോർസാ മിലന്‍ ടൂറിനിൽനിന്നു പ്രസിദ്ധീകരിക്കുന്ന ലാ സ്റ്റാമ്പാ, ഇ പോളിസ് ടോറിനോ റോമിൽനിന്നു പ്രകാശനം ചെയ്യുന്ന ഇൽമെസ്സാജെറോ, ഇൽടെംപേ, ഇൽഫാറ്റൊവ്, ലാ റിപ്പബ്ലിക്ക എന്നിവ.